Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

മദീനത്തുല്‍ ഉലൂം സലഫിസത്തില്‍ വളര്‍ന്ന ജമാഅത്ത് മനസ്

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

വിദ്യാര്‍ഥികളില്‍ പൊതുവെ കാണപ്പെടുന്ന പ്രവണതയാണ് അക്കരപ്പച്ച മനോഭാവം. ഒരു സ്ഥാപനത്തില്‍ പഠിച്ചുകൊണ്ടിരിക്കെ, മെച്ചപ്പെട്ട മറ്റൊരു സ്ഥാപനത്തെക്കുറിച്ച് കേള്‍ക്കും. അപ്പോള്‍, അങ്ങോട്ട് മാറണം എന്ന തോന്നലുണ്ടാകും. ഇതാണ് അക്കരപ്പച്ചമനോഭാവം കൊണ്ടുദ്ദേശിക്കുന്നത്. പുതിയ സ്ഥാപനത്തില്‍ ചെന്നാലും കാര്യങ്ങളില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകണമെന്നില്ല. എന്നാലും ഒരു മാറ്റം ആഗ്രഹിക്കും. ഈയൊരവസ്ഥ ഞങ്ങളില്‍ ചിലരെയും ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആലിയയില്‍ പഠിച്ചുകൊണ്ടിരിക്കെ പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലേക്ക് പോയിനോക്കാം എന്ന തോന്നലുണ്ടായി. അങ്ങനെയാണ് ഞാന്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായി എത്തുന്നത്.
വാഴക്കാട് ദാറുല്‍ ഉലൂമിന്റെ തുടര്‍ച്ചയായിരുന്നു ഒരര്‍ഥത്തില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം. ദാറുല്‍ ഉലൂമില്‍ ഒരു ഘട്ടത്തില്‍ മുജാഹിദുകളുടെ സ്വാധീനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപിച്ചതാണ് പുളിക്കല്‍ മദീനത്തുല്‍ ഉലൂം. എം.സി.സി അബ്ദുര്‍റഹ്മാന്‍ മൌലവി തന്നെ പ്രിന്‍സിപ്പല്‍. അധ്യാപക പ്രമുഖരില്‍ എം.സി.സി ഹസന്‍ മൌലവിയുടെ പേര് എക്കാലത്തും ഓര്‍മിക്കപ്പെടും. അധ്യാപനകലയില്‍ അതി നിപുണനായ ഹസന്‍ മൌലവി വിദ്യാര്‍ഥികള്‍ക്ക് നൂറ് ശതമാനം സംതൃപ്തി നല്‍കിയ അധ്യാപകനായിരുന്നു. പില്‍ക്കാലത്ത് നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറിയായി വന്ന കെ.പി മുഹമ്മദ് മൌലവിയും മദീനത്തില്‍ അധ്യാപകനായിരുന്നു. സ്ഥാപനത്തിലെ ജീവിതം ആലിയയിലെ പോലെത്തന്നെ സന്തോഷകരവും ഊഷ്മളവുമായിരുന്നു. വടകരയില്‍നിന്ന് ട്രെയിന്‍ കയറി ഫറോക്കില്‍ ഇറങ്ങി, പുളിക്കലേക്ക് നടക്കലാണ് പതിവ്. നാട്ടില്‍നിന്ന്, അവധിക്ക് ശേഷം പോകുമ്പോള്‍ കിതാബുകളുടെ ഒരുകെട്ട് തുണിയില്‍ പൊതിഞ്ഞ് തലയിലെടുത്ത് നടക്കേണ്ടിവരും. അപ്പോള്‍ തോന്നാറുള്ള ഏറ്റവും വലിയ ജീവിതാഭിലാഷം ഒരു ലതര്‍ ബാഗ് വാങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്നതായിരുന്നു. തുണിക്കെട്ടിന് പകരം, ബാഗില്‍ പുസ്തകങ്ങള്‍ കൊണ്ടു പോകുന്നതിന്റെ സന്തോഷം സ്വപ്നം കാണാനേ അന്ന് കഴിഞ്ഞിരുന്നുള്ളൂ.
നേരത്തെ പറഞ്ഞ ഭക്ഷണ ക്ഷാമവും സാമ്പത്തിക ഞെരുക്കവും ആലിയയിലെ പോലെ മദീനത്തുല്‍ ഉലൂമിനെയും പിന്തുടര്‍ന്നിരുന്നു. ഒരു നേരം പോലും വിശപ്പടങ്ങുന്ന, തൃപ്തിയുള്ള ഭക്ഷണം നല്‍കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിരുന്നില്ല. ജമാഅത്ത് നമസ്കാരത്തിന് ശേഷം സുന്നത്തു നമസ്കാരം കഴിഞ്ഞേ കുട്ടികള്‍ ഭക്ഷണത്തിന് പോകാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. എന്നാല്‍, എങ്ങനെയും സുന്നത്ത് നമസ്കാരം ചൊല്ലിക്കഴിച്ച് കുട്ടികള്‍ ഭക്ഷണ ഹാളിലേക്ക് ഒരു ഓട്ടമാണ്. ഭക്ഷണം വിളമ്പുന്നതില്‍ ചില്ലറ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. കൂടുതലുള്ള പ്ളെയ്റ്റാണ് ഓട്ടത്തിന്റെ പ്രേരകം. എന്നാല്‍, ചുരുക്കം കുട്ടികള്‍ ഇതേ സംഭവത്തെ നല്ലൊരു ദീനീ തര്‍ബിയത്തായി സ്വീകരിച്ചു പോന്നിട്ടുണ്ട്. യാതൊരു ധൃതിയും കാണിക്കാതെ, സുന്നത്ത് നമസ്കാരം ദൈര്‍ഘ്യത്തോടെ നിര്‍വഹിച്ച്, ഏതാണ്ടെല്ലാ കുട്ടികളും പോയശേഷമേ അവര്‍ പള്ളി വിടൂ. എല്ലാവരും തെരഞ്ഞെടുത്തതിന് ശേഷം ബാക്കിയായ പ്ളെയ്റ്റേ അവര്‍ക്ക് കിട്ടൂ. പക്ഷേ, അതില്‍ ഒരു ആത്മീയ നിര്‍വൃതി അവര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കിട്ടുന്നത് ഒന്നിനും തികയാത്ത ഭക്ഷണമായിരുന്നതിനാല്‍ എന്നെ പോലെ ചിലര്‍ അടുത്തുള്ള ഹോട്ടലിലേക്ക് പോകുമായിരുന്നു. പലപ്പോഴും കോളേജില്‍നിന്ന് ഭക്ഷണം കഴിച്ച കൈ കഴുകാതെയായിരിക്കും ഹോട്ടലിലേക്ക് പോകുക. അന്നത്തെ മുക്കാല്‍ പൈസക്ക് വേണ്ടുവോളം കപ്പയും കറിയും കിട്ടുമായിരുന്നു. പക്ഷേ, അധിക കുട്ടികളുടെ കൈയിലും ആ മുക്കാല്‍ പൈസയും ഉണ്ടായിരുന്നില്ല(മുക്കാല്‍ പൈസ = ഒരു രൂപയുടെ 64ല്‍ ഒന്ന്).  നേരത്തെ പറഞ്ഞപോലെ ഭക്ഷണ ദൌര്‍ലഭ്യതയില്‍ കുട്ടികള്‍ക്ക് ആരോടും പരാതിയുണ്ടായിരുന്നില്ല. കാരണം, വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്നത് തന്നെയായിരുന്നു അധ്യാപകരുടെയും ഭക്ഷണം.
മദീനത്തുല്‍ ഉലൂമിലെ അന്തരീക്ഷം പൊതുവെ സലഫി-മുജാഹിദ് മയമായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ജമാഅത്തിനെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള വര്‍ത്തമാനങ്ങള്‍ നടന്നുകൊണ്ടിരിക്കും. ജമാഅത്ത് അനുഭാവം പ്രകടിപ്പിച്ചിരുന്നത് ഞങ്ങള്‍ മൂന്ന് വിദ്യാര്‍ഥികളായിരുന്നു- എനിക്ക് പുറമെ പി.കെ അബ്ദുല്ല മൌലവി, ടി. ഇസ്ഹാഖലി മൌലവി. ഉള്ളില്‍ ജമാഅത്തിനോട് സ്നേഹമുള്ള വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ജമാഅത്തിനെ പരിഹസിക്കുന്ന കൂട്ടത്തില്‍, സീനിയര്‍ വിദ്യാര്‍ഥിയും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൌലവിയുടെ ശിഷ്യോത്തമനും എന്റെ ഒരു അമ്മാവന്റെ മകനുമായ കെ.എന്‍ ഇബ്റാഹീം മൌലവിയും പെടുമായിരുന്നു. അദ്ദേഹം മൌദൂദിയെ വിമര്‍ശിച്ച് രചിച്ച രണ്ടുവരി അറബിക്കവിത ഏതാണ്ടിങ്ങനെ ഓര്‍ക്കുന്നു:
ലാലാ ദവാഅ ലിമന്‍ തഖര്‍റഫ വര്‍അവാ
അന്‍ മന്‍ഹജില്‍ഇസ്ലാമി കല്‍ മൌദൂദി
ലാ തഖ്ദഅന്‍ ബിമഖാലിഹി വ കിതാബിഹി
ഇദ് ഫാഖ ഫില്‍ ഇഫ്സാദി കുല്ലദ്ദൂദി.
(ഖുറാഫി ആയവര്‍ക്കും ഇസ്ലാമിന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് പോയവര്‍ക്കും ചികിത്സയില്ല - മൌദൂദിയെപ്പോലെ. അയാളുടെ വാക്കും രചനയും കൊണ്ട് വഞ്ചിതനാകണ്ട. കാരണം, എല്ലാ കീടങ്ങളെക്കാളും അപകടകാരിയാണ് അയാള്‍).
പില്‍ക്കാലത്ത്, മൌദൂദിയെ പ്രശംസിച്ചുകൊണ്ടുള്ള ഒരു പേര്‍ഷ്യന്‍ കവിത  മാഹീറുല്‍ ഖാദിരി എഡിറ്ററായ ഫാറാന്‍ ഉര്‍ദു മാസികയില്‍ കാണാനിടയായി. അത് വായിച്ചപ്പോഴാണ് കെ.എന്നിന്റെ കവിത ഒരിക്കല്‍ കൂടി ഓര്‍മ വന്നത്. ആ പാരസിക കവിത ഇങ്ങനെ വായിക്കാം:
ഹക്സനാസ അന്ദറേന്‍ ദൌറെ ജദീദ്
ഹംസറെ സയ്യിദ് അബുല്‍ അഅ്ലാ ന ദീദ്
(ആധുനിക കാലഘട്ടത്തില്‍ സത്യത്തെ തൊട്ടറിഞ്ഞ മറ്റൊരാള്‍ സയ്യിദ് മൌദൂദിക്ക് സമശീര്‍ഷനായി ഇല്ലതന്നെ). ഇങ്ങനെ, ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കാനുള്ള കഴിവാണല്ലോ ഒരു യുഗപുരുഷന്റെ സവിശേഷത.
നമുക്ക് മദീനത്തുല്‍ ഉലൂമിലേക്ക് മടങ്ങാം. ക്ളാസ് കഴിഞ്ഞ്, വൈകുന്നേരങ്ങളില്‍ ജമാഅത്ത് സുന്നി വിമര്‍ശനങ്ങളുമായി നല്ല വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഉണ്ടാകും. ചിലപ്പോള്‍ നാട്ടുകാരായ ചിലരും കൂട്ടിനുണ്ടാകും. ഒരിക്കല്‍ നാട്ടുകാരനായ അബ്ദുല്ലയുമായി ചെറിയ ഒരു സംവാദം നടന്നു. മുജാഹിദിന് വേണ്ടി നൂറ് നാവുള്ള ആളായിരുന്നു അബ്ദുല്ല. പുളിക്കല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പരിപാടി നിശ്ചയിക്കാന്‍ പോകുന്നു എന്നതാണ് വിഷയം. 'അങ്ങനെ ഒരു പരിപാടി ഇവിടെ നടത്താന്‍ തുനിഞ്ഞാല്‍ പുറത്ത് പാളകെട്ടി തിരിച്ചയക്കും' എന്നായിരുന്നു അബ്ദുല്ലയുടെ വീരവാദം. ഇതിന് മറുപടിയായി ഞാന്‍ ചോദിച്ചു: "അങ്ങനെയല്ലല്ലോ നമ്മള്‍ പറയാറുള്ളത്. ആര് പറയുന്നതും ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ നല്ലത് പിന്തുടരുകയും ചെയ്യുന്നതാണ് സത്യവിശ്വാസികളുടെ സ്വഭാവം  എന്നല്ലേ ഖുര്‍ആന്‍ ഉദ്ധരിച്ച് നമ്മള്‍ പറയാറുള്ളത്?'' എന്റെ ചോദ്യത്തിന് അബ്ദുല്ലയുടെ മറുപടി 'വായടപ്പനാ'യിരുന്നു: "അപ്പറഞ്ഞത് നമ്മള്‍ ന്യൂനപക്ഷവും സുന്നികള്‍ ഭൂരിപക്ഷവുമുള്ള പ്രദേശങ്ങളില്‍ ഓതാനുള്ളതാണ്. ഈ ആയത്തുമായി മൌദൂദികള്‍ പുളിക്കല്‍ വന്നാല്‍ കിട്ടേണ്ടത് കിട്ടും. ആയത്ത് ഓതുന്നതിന് സമയവും സന്ദര്‍ഭവും നോക്കണം'' - വാദത്തില്‍ അബ്ദുല്ല ജയിച്ചതായി ഞാന്‍ സമ്മതിച്ചു കൊടുത്തു.
ഇത്തരം നേരമ്പോക്കുകള്‍ക്കിടയില്‍, വൈകാരികമല്ലാത്ത, ആശയ സംവാദത്തിലൂടെ കെട്ടുറപ്പ് നേടിയ ഒരു പ്രസ്ഥാനം മനസില്‍ ക്രമത്തില്‍ വളരുന്നുണ്ടായിരുന്നു. സ്വയം മറുപടി പറയാന്‍ കഴിയാത്ത വിഷയങ്ങള്‍ എടയൂരില്‍ എഴുതി ചോദിക്കാറുമുണ്ടായിരുന്നു. യൂസുഫ് നബിയുടെ ഭരണാധിപത്യം ചര്‍ച്ചാ വിഷയമായപ്പോള്‍ അത്തരമൊരു കത്തെഴുതുകയുണ്ടായി. ആയത്തുകളും ഹദീസുകളുമൊക്കെ ഉദ്ധരിച്ചുകൊണ്ട് അതിന് സുദീര്‍ഘമായ ഒരു മറുപടി കെ.സി അബ്ദുല്ല മൌലവി എഴുതി അയച്ചതും ഓര്‍ക്കുന്നു.
ഒരിക്കല്‍ ഞങ്ങളുടെ ക്ളാസില്‍ ചെറിയ ഒരു ബഹിഷ്കരണം വിദ്യാര്‍ഥികള്‍ കൂട്ടായി തീരുമാനിക്കുകയുണ്ടായി. ഒരു പാഠപുസ്തകവുമായി ബന്ധപ്പെട്ടതായിരുന്നു പ്രശ്നം. പണ്ടേതോ കാലത്ത് രചിച്ച, കാലഹരണപ്പെട്ട ഗോളശാസ്ത്രവും ഭൂമിശാസ്ത്രവുമൊക്കെ പഠിപ്പിക്കുന്ന കിതാബായിരുന്നു അത്. ഭൂമി ഇളകാതെ, നിന്നേടത്തു തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു ആ കിതാബില്‍. നാം ഒരു കല്ലെടുത്ത് നേരെ മുകളിലേക്കെറിഞ്ഞാല്‍ അത് തല്‍സ്ഥാനത്ത് തന്നെ വന്ന് വീഴുമല്ലോ; ഭൂമി ചലിക്കുന്നുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കുകയില്ലല്ലോ- എന്ന തരത്തിലുള്ളതായിരുന്നു അതിലെ ന്യായങ്ങള്‍. ഈ പുസ്തകം വേണ്ട എന്നതായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. പരീക്ഷാപരമായ എന്തൊക്കെയോ കാരണങ്ങളാലാകണം, അത് പിന്‍വലിക്കാന്‍ സ്ഥാപനത്തിന് പ്രയാസം ഉണ്ടായി. ഇതാണ് ക്ളാസ് ബഹിഷ്കരണ തീരുമാനത്തിന് കാരണമായത്. എന്നാല്‍, അധ്യാപകന്‍ കുട്ടികളുടെ കൂട്ടായ്മ പൊളിക്കുന്നതില്‍ വിജയിച്ചു. സമര്‍ഥനായ അദ്ദേഹം ഒരോ കുട്ടിയുടെയും റൂമില്‍ ചെന്ന് നേരിട്ട് ക്ളാസിലേക്ക് വരാന്‍ കല്‍പിച്ചു. ഇത് നിരസിക്കാന്‍ കുട്ടികള്‍ക്കാകുമായിരുന്നില്ല. മൂന്ന് കുട്ടികള്‍ മാത്രമാണ് ക്ളാസില്‍ എത്താതിരുന്നത്. തികച്ചും യാദൃച്ഛികമായി, ആ മൂന്ന് പേരും ജമാഅത്ത് അനുഭാവം ഉള്ളവരായിരുന്നു. പ്രിന്‍സിപ്പലുടെ മുമ്പില്‍ ഈ തരത്തില്‍ കേസ് എത്തിയപ്പോള്‍ പ്രശ്നത്തിന്റെ സ്വഭാവമേ മാറി. കിതാബോ ഭൂമിശാസ്ത്രമോ ഒന്നുമല്ല പിന്നീട് ചര്‍ച്ചാ വിഷയമായത്. ക്ളാസ് ബഹിഷ്കരണത്തിന്റെ പിന്നില്‍ എന്തോ ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. പുറത്തുനിന്നുള്ള ഏതോ ഒരു ദുര്‍ബോധനം മൂലമാണ് ക്ളാസ് ബഹിഷ്കരണവും മറ്റും നടന്നത്. അതുകൊണ്ട് വിഷയത്തെപറ്റിയുള്ള സംസാരമൊക്കെ വേറെ. ക്ളാസില്‍ കയറണമെങ്കില്‍ നിരുപാധികം മാപ്പുപറയണം. തുടര്‍ന്നു പഠിക്കണമെങ്കില്‍ മറ്റൊരു നിര്‍വാഹവുമില്ല. ഗൂഢാലോചനാ വ്യാഖ്യാനത്തിന് അവലംബമായി യാതൊരു സംഭവവും തെളിവും ഇല്ലെങ്കിലും അതംഗീകരിച്ചു എന്ന മട്ടില്‍ മാപ്പ് പറഞ്ഞ് ക്ളാസില്‍ കയറാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അങ്ങനെ ആ വ്യാജ ഗൂഢാലോചനാ കഥ അവസാനിക്കുകയും ചെയ്തു. 'ശാസ്ത്രം' അച്ചടക്കത്തിന് വഴിമാറി.
ഇത്തരത്തിലുള്ള ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പൊതുവില്‍ ബന്ധം വളരെ ഊഷ്മളമായിരുന്നു. സാധാരണ പെരുമാറ്റത്തിലോ സമീപനത്തിലോ ജമാഅത്ത് വിരോധം എന്ന സ്ഥിതി ഉണ്ടായിരുന്നില്ല. ജമാഅത്ത് മനസ്ഥിതി ഉള്ളവര്‍ക്കും അന്ന് മുജാഹിദ് സ്ഥാപനങ്ങളില്‍ പഠിക്കാം എന്നത് ഇന്നത്തെ സ്ഥിതിവെച്ച് നോക്കിയാല്‍ വലിയൊരു വിശാല മനസ്കതയാണെന്ന് സമ്മതിക്കണം. ഈ നിലയില്‍, കൊണ്ടും കൊടുത്തുമുള്ള പഠനത്തോടൊപ്പം, പ്രസ്ഥാന ചര്‍ച്ചകളും മുന്നേറിക്കൊണ്ടിരിക്കെ ഞങ്ങള്‍ പ്രസ്ഥാനത്തിലേക്ക് അടുക്കുകയായിരുന്നു.
പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലെ പഠനശേഷം തിരൂരങ്ങാടി തറമ്മലെ പള്ളിയില്‍, ബഹുമാനപ്പെട്ട കെ.എം മൌലവി അവര്‍കളുടെ കീഴില്‍ പഠിക്കാനിടയായതും വലിയ നേട്ടമായി കരുതുന്നു. അതിനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്ന് ഇപ്പോള്‍ കൃത്യമായി നിശ്ചയമില്ല. കെ.എം മൌലവിക്കു പുറമെ കടവത്തൂരിലെ ഇ.കെ മൌലവി സാഹിബും അവിടെ അധ്യാപകനായിരുന്നു. പഴയ തലമുറയിലെ പ്രഗത്ഭനായ മുജാഹിദ് പണ്ഡിതനായിരുന്നു ഇല്ലത്ത് കുഞ്ഞഹമ്മദ് മൌലവി എന്ന ഇ.കെ മൌലവി. ഒരിക്കല്‍ ഇ.കെ മൌലവി ചന്ദ്രികയിലേക്ക് എഴുതിയ ഒരു കുറിപ്പ് പോസ്റ് ചെയ്യാന്‍ എന്റെ സഹപാഠിയെ ഏല്‍പിച്ചു. ഇടക്കുവെച്ച് അതൊന്ന് പരിശോധിച്ചുകളയാം എന്ന് അവന് തോന്നി. ജമാഅത്തിനെതിരായ വിമര്‍ശനക്കുറിപ്പായിരുന്നു അത്. പോസ്റ് ചെയ്യുന്നതിന് മുമ്പ് അത് എന്നെ കാണിച്ചു. ഞാന്‍ അപ്പോള്‍ തന്നെ അതിന് മറുപടി തയാറാക്കുന്നതില്‍ ശ്രദ്ധിച്ചു. പ്രതീക്ഷിച്ച പോലെ ഇ.കെ മൌലവിയുടെ കുറിപ്പ് 'ഒരു മുസ്ലിം' എന്ന പേരില്‍ ചന്ദ്രികയില്‍ അച്ചടിച്ചുവന്നു. നേരത്തെ തയാറാക്കി വെച്ചിരുന്നതിനാല്‍ വൈകാതെ എന്റെ മറുപടിയും 'മറ്റൊരു മുസ്ലിം' എന്ന പേരില്‍ ചന്ദ്രികയില്‍ വന്നു. രണ്ടോ മൂന്നോ തവണ ഇതു തുടര്‍ന്നു. പിന്നീട് എന്തുകൊണ്ടോ മൌലവി മുന്നോട്ട് പോയില്ല. സ്വയം തന്നെ അത് അവസാനിപ്പിച്ചു. അന്ന് ഒരു നേരമ്പോക്കായി തോന്നിയ ഈ വിഷയം പില്‍ക്കാലത്ത് ഓര്‍മവരുമ്പോഴെല്ലാം ഒരല്‍പം മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാറുണ്ട്. വിദ്യാര്‍ഥിജീവിതത്തിലെ തമാശയാണെങ്കിലും, കത്ത് പൊട്ടിച്ച് വായിച്ചത് ധാര്‍മികമായി ശരിയായില്ല എന്നാണ് തോന്നിയത്. അധ്യാപകന്‍ പോസ്റ് ചെയ്യാന്‍ കൊടുത്തയച്ച കത്ത് സഹപാഠി പൊളിച്ച് വായിച്ചതും ഞാന്‍ അതുപയോഗിച്ചതും നല്ല കാര്യമായി തോന്നിയില്ല.
കെ.എം മൌലവിയെയും ഇ.കെ മൌലവിയെയും പോലുള്ള വയോവൃദ്ധരും ജ്ഞാനവൃദ്ധരുമായ പണ്ഡിത വരേണ്യരുടെ സാന്നിധ്യവും സാരോപദേശവും എത്രയും വിലപ്പെട്ടതായിരുന്നു. ചില കാര്യങ്ങളില്‍ വിയോജിപ്പ് തോന്നുമ്പോഴും, അവരോടുള്ള ആദരവിന് ഒരു കുറവും ഉണ്ടായില്ല. ഉസ്താദുമാര്‍ എന്ന നിലയില്‍ അതിപ്പോഴും നിലനില്‍ക്കുന്നു.
ഹാജിസാഹിബിന്റെ വിളി
പുളിക്കല്‍-തിരൂരങ്ങാടി പഠനത്തിന് ശേഷം വീണ്ടുമൊരിക്കല്‍ കാസര്‍കോട് ആലിയയില്‍ തിരിച്ചെത്തി. പഠനം തുടരുന്നതിനിടയിലാണ് ഹാജിസാഹിബിന്റെ 'വിളി'വരുന്നത്. 'പ്രബോധനത്തില്‍ ആളില്ല. ഉടനെ ഓഫീസില്‍ എത്തണം.' അന്ന് എടയൂരിലെ പ്രബോധനം ഓഫീസും ജമാഅത്ത് ഓഫീസും ഒന്നുതന്നെ. പത്രാധിപര്‍ ടി. മുഹമ്മദ് സാഹിബ് സുഖമില്ലാതെ നാട്ടിലായിരുന്നു. സി.പി.എം അബ്ദുല്‍ഖാദിര്‍ സാഹിബാണ് ഓഫീസ് കാര്യങ്ങള്‍ നടത്തിയിരുന്നത്. അദ്ദേഹവും സുഖമില്ലാതെ ചികിത്സയിലായിരുന്നു. ഈ നിര്‍ബന്ധിതാവസ്ഥയിലാണ് ഹാജിസാഹിബ് എന്നെ ക്ഷണിച്ചത്.
അതിന് മുമ്പ് എന്റെ ചില ലേഖനങ്ങളും കുറിപ്പുകളും പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ജേര്‍ണലിസത്തില്‍ എന്റെ 'യോഗ്യത.' ഇതിന്റെ ബലത്തിലാണ് ഞാന്‍ ക്ഷണിക്കപ്പെട്ടത്. ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. വ്യവസ്ഥാപിത വിദ്യാഭ്യാസം അതോടെ എന്നേക്കുമായി അവസാനിക്കുകയായിരുന്നു. അന്ന് അത്രത്തോളം അതെക്കുറിച്ച് ചിന്തിച്ചില്ല. മറുവശത്ത് പ്രസ്ഥാനലോകത്തേക്കുള്ള കവാടം അതോടെ തുറക്കുകയുമായിരുന്നു. അന്ന് ആലിയയിലെ പഠനം അവസാനിപ്പിച്ചത് പ്രസ്ഥാനപരമായി വലിയൊരു ആവശ്യമായിരുന്നു. പുതിയ വിജ്ഞാന മണ്ഡലങ്ങളിലേക്കും പ്രസ്ഥാന വളര്‍ച്ചയിലേക്കും അത് അളവറ്റ വഴികള്‍ തുറന്നുതന്നു. അറിവിന്റെ ഒരു ലോകം വെട്ടിപ്പിടിക്കാന്‍ അത് സഹായകമായി. അക്കാര്യത്തില്‍ സംതൃപ്തി തോന്നുന്നതോടൊപ്പം വ്യവസ്ഥാപിത പഠനം മുടങ്ങിയതിലുള്ള നഷ്ടബോധം ജീവിതത്തിലുടനീളം പിന്തുടരുകയും ചെയ്യുന്നു. പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നത് നികത്താനാവാത്ത നഷ്ടമായി എന്നുതന്നെയാണ് ഇപ്പോഴും ചിന്തിക്കാറുള്ളത്. അതുകൂടി കൈയിലുണ്ടായിരുന്നെങ്കില്‍ ദീനിനും സമൂഹത്തിനും കൂടുതല്‍ സേവനം ചെയ്യാന്‍ കഴിയുമായിരുന്നു. പക്ഷേ, ഒരേ സമയത്ത് ഭിന്നമായ രണ്ട് കാര്യം സാധിക്കുക അസാധാരണമാണല്ലോ. ഞാന്‍ പിന്നീട് ശാന്തപുരത്തും മറ്റും മുതിര്‍ന്ന വിദ്യാര്‍ഥികളോട് ഉപദേശിക്കാറുള്ള കാര്യം, എന്തെല്ലാം പ്രേരണകളുണ്ടായാലും പ്രയാസങ്ങള്‍ നേരിട്ടാലും പഠനം പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ നിര്‍ത്തരുത് എന്നാണ്. സ്ഥാപനങ്ങളില്‍ നഷ്ടപ്പെടുന്നത് വഴിയമ്പലങ്ങളില്‍ തിരിച്ചുപിടിക്കുക എളുപ്പമല്ല. നിശ്ചിത ഗ്രന്ഥങ്ങളില്‍നിന്ന് ഗുരുമുഖത്തുകൂടി പഠിച്ചെടുക്കാനുള്ള വിജ്ഞാനശാഖകള്‍ വിശാലമായ ബാഹ്യലോകത്ത്, പ്രശ്ന ബഹളമായ സങ്കീര്‍ണ സാഹചര്യങ്ങളില്‍ തിരിച്ചുപിടിക്കുക മിക്കപ്പോഴും അസാധ്യമാണ്. അതുകൊണ്ട് പഠിക്കുന്ന കാലത്ത് നന്നായി പഠിക്കണം, ക്ഷമയോടെ പഠിക്കണം. പ്രയാസങ്ങളെ മധുരമുള്ള അനുഭവമാക്കി മാറ്റണം. ആലിയയിലെയും വാഴക്കാട്ടെയും പുളിക്കലെയും ജീവിതം വെച്ചുകൊണ്ട് ഇതു പറയാന്‍ അക്കാലത്തെ വിദ്യാര്‍ഥികള്‍ക്ക് ആത്മാര്‍ഥമായ ബോധ്യം ഉണ്ടായിരുന്നു. അന്നത്തെ പ്രയാസങ്ങളുടെ ചെറിയൊരംശം മാത്രമേ ഇന്ന് ഏത് മോശമായ സ്ഥാപനത്തിലും വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടി വരുന്നുള്ളൂ. ക്ളേശത്തോടുകൂടിയ പഠനത്തിലാണ് മാധുര്യമുള്ളത്. ഓരോ കാലഘട്ടത്തിലും മാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും പ്രയാസത്തോടുകൂടിയേ പഠിത്തം സാധ്യമാവുകയുള്ളൂ എന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയേണ്ടതാണ്. ഒരിക്കല്‍ കൂടി എനിക്കവരോട് പറയാനുള്ളത്, പഠനം പാതിവഴിയില്‍ നിര്‍ത്തി പോകരുത് എന്നു തന്നെയാണ്. അക്കരെപ്പച്ച മനസ്ഥിതിയും മിക്കപ്പോഴും മിഥ്യതന്നെ. ഒരിടം വിട്ട് മറ്റൊരിടത്ത് പോയാല്‍ പലപ്പോഴും അനുഭവത്തിന്റെ രൂപങ്ങളിലേ വ്യത്യാസമുണ്ടാകൂ. എല്ലാ അധ്യാപകരെയും തൃപ്തിപ്പെടുന്ന, എല്ലാ സാഹചര്യങ്ങളും ഒത്തുവരുന്ന ഒരു സ്ഥാപനം കണ്ടെത്തുക അനുഭവത്തില്‍ പ്രയാസമാണ്. ഇത്രയും കാര്യങ്ങള്‍ വിദ്യാര്‍ഥി ജീവിതമാണ് എന്നെ പഠിപ്പിച്ചത്.
കുറിപ്പ്: പുളിക്കല്‍ മദീനത്തുല്‍ ഉലൂം, ഇടക്കെപ്പോഴോ, സാമ്പത്തിക പ്രതിസന്ധിയില്‍ പൂട്ടേണ്ടി വന്നതായി, ഇരിക്കൂറിലെ പി.സി മുഹമ്മദ് ഹാജി എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു. സ്ഥാപനത്തിന്റെ മുഖ്യഭാരവാഹികളിലൊരാളെ കോഴിക്കോട്ട് വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഹാജി സ്ഥാപനകാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് സംഗതി അറിയുന്നത്. ഉടനെ, വലിയങ്ങാടിയില്‍നിന്ന് ഏതാനും ചാക്ക് അരി വാങ്ങിച്ച് ഭാരവാഹി വശം സ്ഥാപനത്തിലേക്ക് കൊടുത്തയക്കുകയുണ്ടായി. ഉദാരമതിയായ പി.സി ഹാജി സ്ഥാപനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ വളരെ വിശാല മനസ്കനായിരുന്നു. കക്ഷിവ്യത്യാസം അതിനു തടസ്സമായിരുന്നില്ല.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം