അല്ലാഹു ആവശ്യപ്പെടുന്ന ഈമാന്‍
ബദുക്കളുടെ വിശ്വാസ പ്രഖ്യാപനത്തെ നിഷേധിച്ചുകൊണ്ട് 'ഞങ്ങള്‍ മുസ്‌ലിംകളായിരിക്കുന്നു' എന്നേ നിങ്ങള്‍ അവകാശപ്പെടേണ്ടതുള്ളൂ എന്നുണര്‍ത്തിയ ഖുര്‍ആന്‍ തൊട്ടു താഴെയുള്ള സൂക്തത്തില്‍ യഥാര്‍ഥസത്യവിശ്വാസികള്‍ ആരാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. ''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീടതില്‍ അശേഷം സന്ദേഹിക്കാതിരിക്കുകയും സ്വന്തം ദേഹം കൊണ്ടും ധനം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങളര്‍പ്പിക്കുകയും ചെയ്യുന്നവരത്രെ യഥാര്‍ഥ സത്യവിശ്വാസികള്‍'' (49:15). ബദുക്കള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചിരുന്നതുകൊണ്ടോ അതില്‍ സംശയം പ്രകടിപ്പിച്ചിരുന്നതുകൊണ്ടോ അല്ല അവരോടിത് പറയുന്നത്. നമ്മളെയൊക്കെപ്പോലെ അവരും ഇതെല്ലാം സമ്മതിച്ചിരുന്നു. പക്ഷേ, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസം അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ശക്തിയായിട്ടുണ്ടായിരുന്നില്ല. നിര്‍ണായക ഘട്ടങ്ങളില്‍ അവര്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. ഭൗതിക താല്‍പര്യങ്ങളും അഭിവാഞ്ഛകളും ഈമാനിക താല്‍പര്യങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ അവര്‍ ഭൗതിക താല്‍പര്യങ്ങളെ പിന്തുണച്ചു. ദീനീ താല്‍പര്യങ്ങള്‍ സ്വാര്‍ഥങ്ങള്‍ക്ക് ഹാനികരമല്ലാതിരിക്കുകയോ അനുഗുണമാവുകയോ ചെയ്യുമ്പോള്‍ വിശ്വാസികളും ദീനിന്റെ വാഹകരുമായി പ്രവര്‍ത്തിച്ചു. മറിച്ചാകുമ്പോള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ അവര്‍ക്ക് വലിയ ഭാരായി തോന്നി. എന്നല്ല, ദീനിനെ ജീവിതത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും പ്രതിബന്ധമായി കണ്ടു. ഇത് അപ്രായോഗികമാണെന്നും ചില മാറ്റങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. ''ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്നവകാശപ്പെടുന്ന ചില ആളുകളുണ്ട്. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ല പീഡനവും നേരിടേണ്ടിവന്നാല്‍, ജനങ്ങളില്‍ നിന്നുണ്ടാകുന്ന പരീക്ഷണങ്ങളെ അല്ലാഹുവിന്റെ ശിക്ഷ പോലെ അവര്‍ കരുതിക്കളയും. നിങ്ങളുടെ നാഥങ്കല്‍ നിന്ന് സഹായവും വിജയവും ലഭിക്കുകയാണെങ്കില്‍ അവര്‍ പറയും: ഞങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ തന്നെയാണല്ലോ'' (29:10).
ഈ നിലപാടിന്റെ അടിസ്ഥാന കാരണം ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്: ''പക്ഷേ, നിങ്ങള്‍ ഭൗതിക ജീവിതത്തിന് മുന്‍ഗണന നല്‍കുകയാകുന്നു. എന്നാല്‍ പരലോകമാകുന്നു വിശിഷ്ടവും ശാശ്വതവുമായിട്ടുള്ളത്'' (87:16,17). പരലോകത്തെ ഒരു വിദൂര സാധ്യതയോ സങ്കല്‍പമോ ആയിട്ടല്ലാതെ ഇഹലോകത്തെപ്പോലെ, അല്ല അതിലധികം ഗുരുതരമായ യാഥാര്‍ഥ്യമായി കണ്ട് ജീവിതത്തെ അതിനനുസരിച്ച് പാകപ്പെടുത്തുക ഈമാനിന്റെ മൗലിക ഘടകമാണ്. ഇഹലോകം പരലോകത്തെക്കാള്‍ പ്രാമുഖ്യം നേടുകയും പരലോകം പിന്നണിയിലേക്ക് തള്ളപ്പെടുകയും ചെയ്യുമ്പോള്‍ ഈമാനിന്റെ അടിത്തറയിളകുന്നു. പരലോകത്തെ അവഗണിച്ചുകൊണ്ട് എത്ര ഉച്ചത്തില്‍ കലിമ മുഴക്കിയാലും നമ്മുടെ ഈമാന്‍ ഉറക്കാന്‍ പോകുന്നില്ല.
ഈമാന്‍ എന്നത് ചില ആദര്‍ശങ്ങളും ആശയങ്ങളും സമ്മതിക്കുക മാത്രമല്ല; പ്രത്യുത സ്വാംശീകരിക്കുക കൂടിയാണ്. നാം സമ്മതിക്കുന്ന കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കണമെന്നില്ല. എന്നാല്‍ നാം സ്വാംശീകരിച്ച യാഥാര്‍ഥ്യങ്ങള്‍ ജീവിതത്തെ സ്വാധീനിക്കാതിരിക്കുകയുമില്ല. നമ്മില്‍ പലരുടെയും ഈമാന്‍ സമ്മതദശയില്‍ നിന്ന് സ്വാംശീകരണ ദശയിലേക്ക് കടക്കുന്നില്ല. ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു: ''അല്ലയോ സത്യവിശ്വാസികളായവരേ, അല്ലാഹുവിലും അവന്റെ ദൂതനിലും ദൂതന് അവതരിപ്പിച്ച വേദത്തിലും പൂര്‍വ വേദത്തിലും വിശ്വസിക്കുവിന്‍'' (4:136). ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും വിശ്വസിക്കാത്തവരെയല്ല അല്ലാഹു 'വിശ്വാസികളായവരേ' എന്ന് സംബോധന ചെയ്യുന്നത്; മറിച്ച് ആ വിശ്വാസങ്ങളെ സ്വാംശീകരിച്ച് ജീവിതത്തിന്റെ വര്‍ണമാക്കാത്തവരെയാണ്. ഖുര്‍ആന്‍ ഒരിടത്ത് ഇങ്ങനെയും പറയുന്നുണ്ട്: ''സത്യവിശ്വാസിയാവുകയും പിന്നെ നിഷേധിക്കുകയും പിന്നെയും വിശ്വസിക്കുകയും വീണ്ടും നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ തന്നെ മുന്നോട്ടു പോവുകയും ചെയ്യുന്നവരുണ്ടല്ലോ, അല്ലാഹു ഒരിക്കലും അവര്‍ക്ക് മാപ്പു കൊടുക്കുകയില്ല. അവരെ മാര്‍ഗദര്‍ശനം ചെയ്യുകയുമില്ല'' (4:137). പ്രത്യക്ഷത്തില്‍ വിശ്വാസവും നിഷേധവും സ്ഥിരം പരിപാടിയാക്കിയ ഇങ്ങനെയൊരു വിഭാഗം പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണപ്പെടുന്നില്ല. ഭൗതിക താല്‍പര്യങ്ങളും ദീനീ താല്‍പര്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുമ്പോഴൊക്കെ ഭൗതിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ദീനീ താല്‍പര്യങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നവരുണ്ടായിരുന്നു. ഈ ആത്മവഞ്ചനയെയാണ് അല്ലാഹു കുഫ്‌റ്- സത്യനിഷേധം- എന്ന് വ്യവഹരിക്കുന്നത്.
സ്വാംശീകരിക്കപ്പെട്ട ഈമാന്‍ മുഅ്മിനിന്റെ ക്യാരക്ടറും വ്യക്തിത്വവും സ്വത്വവുമൊക്കെ ആയിത്തീരുന്നു. ഈമാന്‍ നമ്മുടെ വ്യക്തിത്വത്തിലലിഞ്ഞു ചേര്‍ന്നുവോ എന്നറിയാന്‍ ഏറെയൊന്നും പ്രയാസപ്പെടേണ്ടതില്ല. നബി(സ) പ്രസ്താവിച്ചു: ''തന്റെ ഇഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്തുടരുന്നതാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാകുന്നില്ല.'' അതായത് നാം അഭിലഷിക്കുന്നതും ദീന്‍ അനുശാസിക്കുന്നതും ഒന്നുതന്നെ ആയി അനുഭവപ്പെടുമ്പോഴാണ് നമ്മുടെ ഈമാന്‍ പൂര്‍ണമാകുന്നത്. ഈ സമരസം സാധിക്കുമ്പോഴാണ് ആത്മാവ് പ്രശാന്തം (മുത്വ്മഇന്ന) ആകുന്നത്. ഈ അവസ്ഥ പ്രാപിക്കാനുള്ള പരിശ്രമമാണ് ആത്മസംസ്‌കരണം.
ഈമാനും തസ്‌കിയത്തും തര്‍ബിയത്തുമൊക്കെ വ്യത്യസ്ത കാര്യങ്ങളല്ല. ഒരേ യാഥാര്‍ഥ്യത്തിന്റെ പല മുഖങ്ങളാണ്. മനസ്സിനെ സംബന്ധിച്ചേടത്തോളം ഈമാന്‍ സംശയാതീതമായ ജ്ഞാനവും അതുളവാക്കുന്ന മനശ്ശാന്തിയുമാണ്. ബാഹ്യജീവിതത്തെ സംബന്ധിച്ചേടത്തോളം സംശുദ്ധവും സമുജ്ജ്വലവുമായ സംസ്‌കാരമാണ് ഈമാന്‍. പ്രവാചകന്‍ ഇക്കാര്യം പലവിധത്തില്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍: ''ഈമാനിന് എഴുപതില്‍ പരം ശാഖകളുണ്ട്. അതില്‍ ഏറ്റം ഉയരത്തിലുള്ളത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനം. ഏറ്റം അടുത്തത് വഴിയില്‍നിന്ന് ശല്യങ്ങളൊഴിവാക്കുക.'' ''ശുചിത്വം ഈമാനിന്റെ ഭാഗമാണ്.'' ''ക്ഷമ ഈമാനിന്റെ പകുതിയാണ്.'' ''അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ അതിഥിയെ ആദരിച്ചുകൊള്ളട്ടെ-അയല്‍ക്കാരനെ മാനിച്ചുകൊള്ളട്ടെ.....'', ''മുഅ്മിന്‍, മുഅ്മിനായി കൊണ്ട് മോഷ്ടിക്കുകയില്ല, വ്യഭിചരിക്കുകയില്ല.'' ഇത്തരം വചനങ്ങള്‍ ഈമാനിന് കര്‍മജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട സ്വാധീനം വ്യക്തമാക്കിത്തരുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ മൊഴി മുതല്‍ മനുഷ്യന്‍ നടക്കുന്ന വഴി വൃത്തിയാക്കല്‍ വരെയുള്ള സത്യവചനങ്ങളും ധര്‍മകര്‍മങ്ങളുമാണ് ഈമാന്റെ പ്രത്യക്ഷരൂപം. അത്തരം കാര്യങ്ങളില്‍ വരുന്ന വീഴ്ചകള്‍ അകത്തളത്തില്‍ ഈമാന്റെ വെളിച്ചം മങ്ങുന്നതിന്റെയും ശക്തി ക്ഷയിക്കുന്നതിന്റെയും സൂചനയാണ്.
Comments