Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

ചരിത്രത്തെ രൂപപ്പെടുത്തിയ ദര്‍ശനം

പി.പി അബ്ദുര്‍റസ്സാഖ്


സൃഷ്ടിപ്രപഞ്ചത്തിലേക്ക് ആവര്‍ത്തിച്ചു ദൃഷ്ടി പായിക്കുന്ന മനുഷ്യന്‍ അവന്റെ പ്രപഞ്ച വായനയില്‍ ഒന്നാമതായി അറിയുന്നത് 'അത്യുദാരനായ നാഥന'ക്കുറിച്ചാണ്. ഇവിടെ നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഖുര്‍ആന്റെ മുമ്പേയുള്ള പുരോഹിത മതങ്ങളും ഇതര പാഗന്‍ ചിന്താധാരകളും ദൈവത്തെക്കുറിച്ച വളരെ വികൃതമായ ഒരു ചിത്രമാണ് സമൂഹത്തിന് നല്‍കിയിരുന്നത്. ഗ്രീക്കോ-റോമന്‍ മിത്തുകളില്‍ നാം കാണുന്നത്, മനുഷ്യന്‍ അറിഞ്ഞുപോകുന്നതില്‍ അസൂയപ്പെടുന്ന ദുരയുടെ മൂര്‍ത്തീഭാവമായ സ്യൂ(Zeus)വിനെയും ജുപിറ്ററെ(Jupiter)യുമൊക്കെയാണ്. ഈ ഗ്രീക്കോ റോമന്‍ മിത്തുകളാല്‍ സ്വാധീനിക്കപ്പെട്ട് ജൂത-ക്രിസ്തീയ മതവിശ്വാസികളില്‍ പോലും അത്യുദാരനായ ദൈവത്തെക്കുറിച്ച് ഇത്തരം വികല വിശ്വാസങ്ങള്‍ കടന്നുകൂടിയിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ആദാമിന് സ്വര്‍ഗത്തില്‍ ദൈവം വിലക്കിയ വൃക്ഷം, ബൈബിള്‍ ഉല്‍പത്തി പുസ്തകത്തില്‍ 'അറിവിന്റേ'(ഉല്‍പത്തി 2:16-17)തായത്. അതുകൊണ്ടാണ് നാഗരികമായി വളരുന്ന മനുഷ്യനോട് അസൂയപ്പെടുന്ന ദൈവത്തെ ബാബേല്‍ നഗരം നശിപ്പിക്കുന്ന പശ്ചാത്തലത്തില്‍ നാം ബൈബിളില്‍ കാണുന്നത് (ഉല്‍പത്തി 11:1-9).
വെറുതെയല്ല ഖുര്‍ആന്‍, 'അത്യുദാരനായ നാഥനെ സംബന്ധിച്ച് എന്താണ് മനുഷ്യാ, നിന്നെ വഞ്ചനയിലകപ്പെടുത്തിയതെന്ന്' ചോദിച്ചത് (ഖുര്‍ആന്‍ 82:6). ഭിന്ന സംസ്‌കാരങ്ങളെ പഠനവിധേയമാക്കിയാല്‍, മനുഷ്യന്റെ ജ്ഞാനവികാസത്തിലാണ് ദൈവത്തിന്റെ ഇല്ലാത്ത അസൂയയെയും ദുരയെയും ബന്ധപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. അതുകൊണ്ടുതന്നെയായിരിക്കും പ്രപഞ്ച വായനയെ അക്ഷരങ്ങളില്‍ തളച്ചിടാതിരിക്കാന്‍ ആവശ്യപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ വായിച്ചും നിരീക്ഷിച്ചും അറിയുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങള്‍ അക്ഷരങ്ങളില്‍ സൂക്ഷിക്കാനുള്ള സിദ്ധി മനുഷ്യന് നല്‍കിയ ദൈവാനുഗ്രഹത്തെ, അവന്‍ മനുഷ്യനോട് ചെയ്ത ഔദാര്യമായി പ്രത്യേകം പരാമര്‍ശിച്ചത്. എല്ലാ ജീവജാലങ്ങള്‍ക്കിടയിലും അതത് വര്‍ഗത്തിന്നിടയില്‍ ഒരു തരത്തിലുള്ള ആശയവിനിമയം നടക്കുന്നുണ്ട്. പക്ഷികള്‍ക്കും ഉറുമ്പുകള്‍ക്കുമിടയിലെ ആശയവിനിമയം ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട് (27:16,18). എന്നാല്‍, അത്തരം ആശയവിനിമയങ്ങളെ രേഖപ്പെടുത്തിവെക്കാനുള്ള സിദ്ധി മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കുമില്ല. ഇങ്ങനെ ഒരു സിദ്ധി മനുഷ്യനില്ലാതിരുന്നെങ്കില്‍ മനുഷ്യന്‍ നാഗരികമായും സാംസ്‌കാരികമായും വളരുക അസാധ്യമായിത്തീര്‍ന്നേനെ. മാത്രവുമല്ല, ഇന്നലെകളുടെ നേട്ടങ്ങളില്‍നിന്ന് ഇന്നിനെയും ഇന്നിന്റെ കണ്ടുപിടുത്തങ്ങളെ ഉപയോഗിച്ച് നാളെയും നിര്‍മിക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, ഓരോ പ്രാവശ്യവും സ്‌ക്രാച്ചില്‍ നിന്ന് തന്നെ തുടങ്ങേണ്ട അവസ്ഥയും സംജാതമായിരുന്നേനെ.
മനുഷ്യന്റെ കൈവിരലുകളെ പോലും അല്ലാഹു സംവിധാനിച്ചിരിക്കുന്നത് മനസ്സില്‍ വിഭാവന ചെയ്യപ്പെടുന്ന ആശയങ്ങള്‍ കൈവിരല്‍ കൊണ്ട് രേഖപ്പെടുത്താനും രൂപം നല്‍കാനും സാധിക്കുന്ന വിധത്തിലാണ്. അതുകൊണ്ട് തന്നെയാണ് മനുഷ്യ ചരിത്രം എന്ന് പറയുന്നത് മനസ്സിന്റെയും വലിയ വിരലിന്റെയും ഇടയിലെ സഹകരണാത്മക ബന്ധത്തിന്റെ കഥയാണെന്ന് പറയുന്നത്. കൈവിരലുകളില്‍ വലിയ വിരലിന്റെ സ്ഥാനം, വിശേഷബുദ്ധിയെ പോലെ തന്നെ മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വേര്‍തിരിക്കുന്ന വിശേഷഘടകമാണ്. അല്ലാഹുവിന് മനുഷ്യന്റെ വളര്‍ച്ചയിലും വികാസത്തിലും അസൂയയുടെ ഘടകം പോകട്ടെ, താല്‍പര്യം പോലും ഇല്ലാതിരുന്നെങ്കില്‍ അവന്റെ കൈവിരലുകളെ കാലിന്റെ വിരലുകളെ പോലെ തന്നെ സംവിധാനിച്ചാല്‍ മാത്രം മതിയായിരുന്നു. അതല്ലായിരുന്നെങ്കില്‍ അവന്‍ തന്നെ സൃഷ്ടിച്ച മറ്റനേകം ജീവികളുടെ വിരലുകളെ പോലെ തന്നെ സംവിധാനിച്ചാല്‍ മതിയായിരുന്നു. ദൈവത്തിന്റെ ഗുരുമുഖത്ത് നിന്നുള്ള മനുഷ്യന്റെ പഠനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ മറ്റു നിരവധി സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യനെ ഖുര്‍ആന്‍ പഠിപ്പിച്ചതും എങ്ങനെ പ്രകാശനം ചെയ്യണമെന്ന് പഠിപ്പിച്ചതുമൊക്കെ ദൈവത്തില്‍നിന്ന് മനുഷ്യനിലേക്ക് ഒഴുകുന്ന പരമ കരുണയുടെ പ്രവാഹമാണ് (ഖുര്‍ആന്‍ 55:1-4). ആ കാരുണ്യത്തോടുള്ള നന്ദിപ്രകാശനം കൂടിയാണല്ലോ റമദാന്‍ (ഖുര്‍ആന്‍ 2:185).
സൃഷ്ടിപ്രപഞ്ചം പദാര്‍ഥ ലോകമാണ്. വചനപ്രപഞ്ചമാകട്ടെ ആശയലോകവും. ആദമിനെ അല്ലാഹു എല്ലാ നാമങ്ങളും പഠിപ്പിച്ചിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. എന്നിട്ടും ആദമിന് പശ്ചാത്താപത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ അതെന്താണെന്ന് അറിയില്ലായിരുന്നു. അഥവാ പഠിപ്പിക്കപ്പെട്ട നാമങ്ങളില്‍ പെട്ടതായിരുന്നില്ല പശ്ചാത്താപം പോലുള്ള ആശയങ്ങള്‍ എന്നര്‍ഥം. നാമങ്ങള്‍ പദാര്‍ഥ ലോകത്തെ പ്രതീകവത്കരിക്കുമ്പോള്‍ 'കലിമാത്ത്' ആശയ ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടാണ്, പദാര്‍ഥ ലോകത്തെ സംബന്ധിച്ച് എല്ലാം പഠിച്ച ശേഷവും പദാര്‍ഥിതര പ്രശ്‌നമായ പശ്ചാത്താപം ആവശ്യമായപ്പോള്‍ ആദാമിന് എന്തോ മനസ്സിലാകായ്ക അനുഭവപ്പെട്ടത്. അങ്ങനെയാണ് ആദം അല്ലാഹുവില്‍നിന്ന് ആശയലോകത്തെ സംബന്ധിച്ച് ചിലത് പഠിച്ചത്. ഇത് നമ്മോട് പറയുന്നത് സൃഷ്ടിപ്രപഞ്ചത്തേക്കാള്‍ വലിയ ലോകമാണ് വചനപ്രപഞ്ചത്തിന്റെ ആശയലോകം എന്നതാണ്.
ഈ പഠിപ്പിക്കപ്പെട്ടതെല്ലാം ഒന്നുകില്‍ മനുഷ്യന്റെ മനസ്സില്‍ ചുരുളുകളായോ അല്ലെങ്കില്‍ അവന്റെ ഡി.എന്‍.എയില്‍ പിരിയാന്‍ ഗോവണിയായോ കിടക്കുന്നുണ്ട്. ഇതിന്റെ നിരന്തരമായ നിവര്‍ച്ച കൂടിയായിരിക്കണം നമ്മുടെ ചിന്താ പ്രക്രിയ. സൃഷ്ടിപ്രപഞ്ചത്തിന്റെ നിരന്തര വായനയിലൂടെയും അവയുടെ രേഖപ്പെടുത്തലുകളിലൂടെയും ആശയങ്ങളെയും ചിന്തകളെയും തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറി ആപേക്ഷികമായ അജ്ഞതയുടെ മറകളെ നിരന്തരമായി ഭേദിച്ച് മുന്നേറുന്ന മനുഷ്യനെ, അറിഞ്ഞും അറിയാതെയും അഹങ്കാരവും തന്‍പോരിമയും പിടികൂടുകയും, തനിക്ക് താന്‍ പോരുന്നവനാണെന്ന തെറ്റിദ്ധാരണക്ക് അവന്‍ അടിപ്പെടുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യന്‍ തന്റെ സാന്മാര്‍ഗിക ദര്‍ശനത്തിനു വചനപ്രപഞ്ചത്തിന്റെ ആവശ്യകതയെ നിഷേധിക്കാന്‍ ഒരുമ്പെടുന്നു. അഹങ്കാരം അവിവേകത്തില്‍ തുടങ്ങി ഖേദത്തില്‍ കലാശിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അറിവ് മനുഷ്യനെ വിനയാന്വിതനാക്കുകയായിരുന്നു വേണ്ടത്. കാരണം, മനുഷ്യന്‍ ഒരു കാര്യവും അറിയുന്നില്ല; അറിഞ്ഞതിനേക്കാള്‍ വളരെ കൂടുതലായി അറിയാത്തതിനെക്കുറിച്ച് അറിഞ്ഞിട്ടല്ലാതെ. സോക്രട്ടീസ് പറഞ്ഞത് പോലെ, ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നതാണ് ഞാന്‍ ഇതുവരെ അറിഞ്ഞത് എന്ന തിരിച്ചറിവ്.
ഇവിടെ ഖുര്‍ആന്‍ അസന്ദിഗ്ധമായും സംശയലേശമന്യേയും ഒരു കാര്യം മനുഷ്യനെ ബോധ്യപ്പെടുത്തുകയാണ്. ''വേണ്ട, മനുഷ്യന്‍ അവന്റെ പരിധി ലംഘിക്കുന്നു, തനിക്ക് താന്‍ പോരുന്നവനാണെന്ന് തെറ്റിദ്ധരിച്ചത് കാരണം. എന്നാല്‍ (സാന്മാര്‍ഗിക ദര്‍ശനത്തിന്) അവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങിയേ തീരൂ.'' മനുഷ്യന് സാന്മാര്‍ഗിക ദര്‍ശനം കാണിക്കുക എന്നതാകട്ടെ മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല, അതിന് മനുഷ്യന് അര്‍ഹതയില്ല, അവകാശമില്ല, ഉത്തരവാദിത്വമില്ല. കാരണം വളരെ ലളിതം. മനുഷ്യന്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്‍ ജീവിക്കുന്ന ഭൂമിയും അവന്‍ സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്‍ പലപ്പോഴും സാന്മാര്‍ഗിക ദര്‍ശനത്തിന്റെ വിഷയത്തില്‍ അനുഭവത്തെ ഉപേക്ഷിച്ചു നിഗമനങ്ങളുടെ പിന്നാലെ പോകുന്നു. ജീവിതത്തെ പലപ്പോഴും കേവലങ്ങളായ ഊഹങ്ങള്‍ക്ക് വേണ്ടി ഹോമിക്കുന്നു. ഊഹം അനുഭവത്തിന് തുല്യമാകില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (10:36). കേവല നിഗമനങ്ങളില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങളുടെ ശ്മശാനഭൂമി കൂടിയാണ് മനുഷ്യ ചരിത്രം. എന്നാല്‍, മുഹമ്മദ് നബി ഒരു ചരിത്രാനുഭവമാണ്. പ്രവാചകത്വം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെടുന്നതല്ല. അത് അദ്ദേഹം അവകാശപ്പെട്ടുവെന്നതും ഒരു ചരിത്രാനുഭവമാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയും ഒരു ചരിത്രാനുഭവമാണ്. അദ്ദേഹം പ്രവാചകത്വത്തിന്റെ തെളിവായി കൊണ്ടുവന്ന ഖുര്‍ആന്‍ അതിലെ വെല്ലുവിളിയോടുകൂടി തന്നെ ഒരു അനുഭവമാണ്.
പിന്നെ മനുഷ്യന് സാന്മാര്‍ഗിക ദര്‍ശനം നല്‍കാനുള്ള കഴിവും അര്‍ഹതയും അവകാശവും ഉത്തരവാദിത്വവും അല്ലാഹുവിനാണ്. കാരണം, അവനാണ് മനുഷ്യനെയും അവന്‍ ജീവിക്കുന്ന ഭൂമിയെയും അവന്‍ ഭാഗമായ പ്രപഞ്ചത്തെയും സൃഷ്ടിച്ചത്. മനുഷ്യന്റെ ധിഷണ സൃഷ്ടിപ്രപഞ്ചത്തില്‍ എങ്ങനെയാണോ അവന്‍ ജീവസന്ധാരണത്തിനു വേണ്ടി വ്യവഹരിക്കുന്നത് അതേപോലെ വചനപ്രപഞ്ചത്തിലും വ്യവഹരിക്കുക. അതിനുകൂടിയാണ് അവന്‍ ഖുര്‍ആന്‍ അവതരിപ്പിച്ചത്.
ഖുര്‍ആന്‍ അവതീര്‍ണമായത് റമദാന്റെ രാവിലാണ്. അതും അവസാനപത്തിലെ നിലാവ് പോലും ഇല്ലാത്ത കൂരിരുട്ടിന്റെ രാവില്‍. മൂസക്ക് തൂര്‍സീനാ പര്‍വതത്തിന് താഴ്‌വാരത്തുവെച്ച് കിട്ടിയ ആദ്യത്തെ ദിവ്യബോധനവും ഇതേപോലെ കൂരിരുട്ടിലെ ദിവ്യവെളിച്ചമായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. (10:36). ദിവ്യബോധനം എന്നത് അത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന മറ്റേതെങ്കിലും വെളിച്ചത്തിന്റെ മുകളിലെ വെളിച്ചമല്ല. മറിച്ച് ദിവ്യവെളിച്ചം ലഭിച്ചിട്ടില്ലാത്തവരൊക്കെ കൂരിരുട്ടില്‍ തന്നെയാണ് ഇന്നും അന്നും എന്നും (ഖുര്‍ആന്‍ 24:40). ഖുര്‍ആന്‍ അവതീര്‍ണമാകുന്നതിന് മുമ്പ് കൊടും തമസ്സായിരുന്നുവെന്നര്‍ഥം. അജ്ഞതയുടെ ഘനാന്ധകാരം. അവിടെയാണ് ദിവ്യബോധനത്തിന്റെ വെള്ളിവെളിച്ചം വിശ്വത്തെയാകെ പ്രകാശപൂരിതമാക്കിയത്.
ഈ ഖുര്‍ആന്‍ യുഗാന്തരങ്ങളായുള്ള മനുഷ്യ ചിന്തയില്‍ നിന്ന് കടഞ്ഞെടുത്തതല്ല. അങ്ങനെയുള്ള ചിന്തയുടെ തുടര്‍ച്ചയുമല്ല. മനുഷ്യ ചിന്തയുടെ ചരിത്ര വികാസത്തിന്റെ ഭാഗമായി ഉണ്ടായതുമല്ല. സാന്മാര്‍ഗിക രംഗത്ത് അവയൊക്കെ കൂരിരുട്ടിന്റെ അട്ടിപ്പേറുകള്‍ മാത്രമാണ് സംഭാവന ചെയ്തത്. ആ കൂരിരുട്ടില്‍ കോടിക്കണക്കിന് മനുഷ്യ ജീവിതങ്ങള്‍ ഹോമിക്കപ്പെട്ടുവെന്ന് മാത്രം. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനം ചരിത്രം രൂപപ്പെടുത്തിയതല്ല. യുഗാന്തരങ്ങളായി മനുഷ്യ ചിന്ത രൂപപ്പെടുത്തിയ ദര്‍ശനങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ മാത്രം നിരക്ഷരനായിരുന്നു ഖുര്‍ആന്‍ അവതീര്‍ണമായ പ്രവാചകന്‍. മറിച്ച്, ചരിത്രത്തെ രൂപപ്പെടുത്തിയ ദര്‍ശനമാണത്. മനുഷ്യ ചരിത്രം രൂപപ്പെടുത്തിയ ഏതു ദര്‍ശനത്തേക്കാളും ഉത്തമവും അജയ്യവും ശക്തവുമാണത്. ഒരു പുരുഷായുസ്സ് മുഴുവന്‍ മനുഷ്യ ധിഷണ മുഴുവന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാലും അതുണ്ടാക്കുന്ന ഫലം ഖുര്‍ആനിക സാന്മാര്‍ഗിക ദര്‍ശനവുമായി ഒരു താരതമ്യം പോലും അര്‍ഹിക്കുകയില്ല. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ അവതരണം എന്നത് മനുഷ്യരാശിയുടെ മേലുള്ള പരമ കാരുണികന്റെ കരുണാ പ്രവാഹമാണ്. മനുഷ്യ ചരിത്രം ദര്‍ശിച്ച, മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഏറ്റവും സുപ്രധാനമായ ഒറ്റ സംഭവമായിരുന്നു അത്. ആയതിനാല്‍, ഖുര്‍ആന്‍ മനുഷ്യനില്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്വഭാവങ്ങള്‍ ആര്‍ജിക്കാന്‍ സഹായിക്കുന്ന അനുഷ്ഠാനത്തിലൂടെ നന്ദി പ്രകാശിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമായ സംഭവം തന്നെ അത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം