തെലങ്കാനയിലെ ആത്മാഹുതികള്‍
അറുനൂറിലേറെ പേര്‍ പുതിയ സംസ്ഥാനത്തിനു വേണ്ടി ആത്മഹത്യ ചെയ്തിട്ടും, എം.പിമാര്‍ തൊട്ട് പഞ്ചായത്തംഗങ്ങള്‍ വരെയുള്ള മുഴുവന്‍ ജനപ്രതിനിധികളും രാജിവെച്ചിട്ടും, സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങള്‍ ആഴ്ചകളോളം അടഞ്ഞു കിടന്നിട്ടും തെലങ്കാനയില്‍ ഒരു ചുക്കും സംഭവിക്കാത്തതെന്ത്? ആത്മഹത്യകളാണ് ഈ സമരത്തെ ഒരുപക്ഷേ ഏറ്റവുമധികം വ്യത്യസ്തമാക്കുന്ന ഘടകം. പത്താം ക്ലാസ്സുകാരനായ രമോജി സ്വാമിയും ആദിവാസി പെണ്‍കൊടി ജനാഭായിയും എം.ടെക് വിദ്യാര്‍ഥി ആര്‍. ശ്രീകാന്തും എം.ബി.എ വിദ്യാര്‍ഥി അഭിനാഷും ജീവനൊടുക്കാനായി ന്യൂദല്‍ഹിയിലേക്കു തീവണ്ടി കയറിപ്പോയ യാദി റെഡ്ഡിയുമൊക്കെ, പോയ ഏതാനും ദിവസങ്ങളില്‍ തെലങ്കാനയിലെ പത്രങ്ങളിലെ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നവരാണ്. ജനാഭായി തെലങ്കാന രാഷ്ട്ര സമിതിയുടെ റാലിക്കിടയിലാണ് തീകൊളുത്തിയതെങ്കില്‍ അഭിനാഷ് സംയുക്തസമരസമിതിയുടെ പന്തലിനു സമീപത്താണ് സ്വയം അഗ്നി വിഴുങ്ങിയത്. അധികാരികള്‍ തങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് കുറ്റപ്പെടുത്തി പാര്‍ലമെന്റിന്റെ പരിസരത്ത് തൂങ്ങിമരിച്ച യാദിറെഡ്ഡിയാകട്ടെ ഇഛാശക്തിയുടെ അസാധാരണമായ പ്രതിരൂപമായിരുന്നു. റെഡ്ഡിയുടെ മരണമാണ് സമരത്തിന് നിലവിലുള്ള മൂര്‍ച്ച സമ്മാനിക്കുന്നത്. പാര്‍ലമെന്റില്‍ ചിദംബരം പ്രസ്താവന നടത്തേണ്ടിവന്നുവെങ്കിലും ആ പ്രസ്താവനയോടുള്ള പ്രതികരണമായി തൊട്ടു പിറ്റേദിവസം ശ്രീകാന്ത് പ്രാണന്‍ വെടിഞ്ഞു. ഒരേയൊരു രാജീവ് ഗോസ്വാമി ദല്‍ഹിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയപ്പോള്‍, അദ്ദേഹം മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടു പോലും, മണ്ഡല്‍വിരുദ്ധ സമരത്തെ രാജ്യത്തുടനീളം ആളിക്കത്തിച്ച നമ്മുടെ മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലേ? എന്തൊരു നാണംകെട്ട മൗനമാണിത്?
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് നൈസാമിന്റെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളാണ് ഇന്നത്തെ നിര്‍ദിഷ്ട തെലങ്കാന സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ യൂനിയനില്‍ ചേരുന്നതിന് മുന്നോടിയായി നൈസാം ഒപ്പുവെച്ച ‘മുല്‍ക്കി കരാറും പിന്നീടുണ്ടായ 'ജന്റില്‍മാന്‍' കരാറുമൊക്കെ നിരന്തരം ലംഘിക്കപ്പെടുകയും ജമ്മുവില്‍ പുറമെനിന്നുള്ള പണ്ഡിറ്റുകള്‍ കശ്മീരിലെ അവസരങ്ങള്‍ കൈയേറിയതിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ തെലങ്കാനയില്‍ ആന്ധ്രപ്രദേശുകാര്‍ സര്‍ക്കാര്‍ ജോലികള്‍ കൈയടക്കിയതുമാണ് തദ്ദേശീയരെ നാളിതുവരെ പ്രകോപിപ്പിച്ചത്. നൈസാമിന്റെ കാലം തൊട്ടേ വിദ്യാഭ്യാസത്തിന് അസാധാരണമായ പ്രാമുഖ്യമുണ്ടായിരുന്ന തെലങ്കാനയില്‍ ഇന്ന് അഭ്യസ്തവിദ്യരുടെ എണ്ണം ലക്ഷക്കണക്കിന് പെരുകുമ്പോഴും ആന്ധ്രയിലെ സവര്‍ണ റെഡ്ഡിമാര്‍ അധികാരസ്ഥാനങ്ങളിലെ ദുസ്സ്വാധീനം ഉപയോഗിച്ച് സംസ്ഥാനത്തെ ബ്യൂറോക്രസിയിലും എക്‌സിക്യുട്ടീവിലും ജുഡീഷ്യറിയിലും ആധിപത്യം നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആന്ധ്രാ റെഡ്ഡിമാരുടെ സ്വാധീനത്തെ കുറിച്ച് പുറത്തുവരുന്ന കഥകളെ അടിവരയിടുന്നതാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും. ജയ്പാല്‍ റെഡ്ഡിയും സുബ്ബിരാമി റെഡ്ഡിയുമാണ് ദല്‍ഹിയില്‍ ഈ സംഘത്തിന്റെ അറിയപ്പെടുന്ന മുഖങ്ങള്‍. 'ആന്ധ്രക്കാരെ നാടുകടത്തുക'’എന്ന് പരസ്യമായി തെലങ്കാനയില്‍ ഇന്ന് മുദ്രാവാക്യമുയരുന്നില്ലെങ്കിലും പ്രദേശത്തെ പൊതുവികാരം കടുത്ത ആന്ധ്രാവിരോധമായി മാറിയിരിക്കുന്നു. ഭാഗ്യവശാല്‍ 'സാമ്പാര്‍ വട'ക്കാരെ നാടുകടത്തുക എന്ന വ്യംഗ്യമായ വിഭാഗീയതയേ ഇപ്പോഴുള്ളൂ. പക്ഷേ, അതിവേഗം ചിത്രം മാറിവരികയാണ്.
ദേശീയ മാധ്യമങ്ങളെ ആന്ധ്രാ ലോബി വലിയൊരളവില്‍ സ്വാധീനിച്ചുകഴിഞ്ഞു. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനാണ് ഒരുപക്ഷേ നീക്കം നടക്കുന്നത്. ദല്‍ഹിയില്‍ പ്രചരിപ്പിക്കപ്പെടുന്ന കഥകളനുസരിച്ച് ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിക്കുന്നതിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന വിഭാഗം സംസ്ഥാനത്തെ മുസ്‌ലിംകളാണ്! കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തില്‍ സമാനമായ മനസ്സിലിരിപ്പാണ് കൊണ്ടുനടക്കുന്നത്. മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമൂന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ആണ് ഇരുകൂട്ടരുടെയും ഉപകരണം. പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ഹൈദരാബാദ് ആയിരിക്കണം എന്നതിലപ്പുറം തെലങ്കാന വേണമെന്നോ വേണ്ടെന്നോ പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്ന ഉവൈസിയുടെ നിലപാടാണ് പൊതുമുസ്‌ലിം സമൂഹത്തിന്റേതായി ചിത്രീകരിക്കപ്പെടുന്നത്. തെലങ്കാന രൂപീകരിക്കപ്പെടുമ്പോള്‍ സംഭവിക്കാനിടയുള്ള മണ്ഡല പുനര്‍നിര്‍ണയമാണ് ഇദ്ദേഹത്തിന്റെ വേവലാതിയുടെ അടിസ്ഥാനം. പക്ഷേ, കുഴപ്പം മുസ്‌ലിംകളുടേതായി ചിത്രീകരിക്കപ്പെടുന്നതോടെ അവരുടെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്ന് ആരും തിരിച്ചറിയുന്നില്ല. വിശിഷ്യ തൊഴിലവസരങ്ങളെയും വിഭവങ്ങളെയും ചൊല്ലി ജനങ്ങള്‍ തമ്മിലടിച്ച് രൂപവത്കരിക്കുന്ന ഒരു സംസ്ഥാനത്ത് ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം. ജമാഅത്തെ ഇസ്‌ലാമിയാണ് പരസ്യമായി തെലങ്കാനയെ പിന്തുണച്ച് സമരരംഗത്തുള്ള പ്രധാന മുസ്‌ലിം സംഘടന.
ആന്ധ്രപ്രദേശിനെ വിഭജിക്കുന്ന കാര്യത്തില്‍ എന്താണ് കേന്ദ്രസര്‍ക്കാറിന്റെ കാലവിളംബത്തിന്റെ കാരണമെന്ന് വ്യക്തമല്ല. ആന്ധ്രപ്രദേശിലെ ചെറിയൊരു ശതമാനം മാത്രമുള്ള ഒരു ധനികസമൂഹം ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും തെലുഗുദേശം പാര്‍ട്ടിയെയുമൊക്കെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നതിന്റെ രഹസ്യത്തിലേക്ക് ചില സൂചനകള്‍ കിട്ടാതെയുമല്ല. ആന്ധ്രലോബിയുടെ നിക്ഷേപം ഏറ്റവുമധികമുള്ളത് ഖനന, പൊതുമരാമത്ത്, സിനിമാ മേഖലയിലാണ് എന്നതാണ് കേന്ദ്രസര്‍ക്കാറിനെ, അതായത് കേന്ദ്രം നയിക്കുന്ന രാഷ്ട്രീയക്കാരെ വേവലാതിപ്പെടുത്തുന്നത്. കിട്ടിയേടത്തോളം അറിവുവെച്ച് കോണ്‍ഗ്രസ്സിന്റെ മിക്ക ദേശീയനേതാക്കളുടെയും കൂറുകച്ചവടമാണ് ഇന്ത്യയിലെ വന്‍കിട റോഡ്, പാലം, അണക്കെട്ട് നിര്‍മാണ പദ്ധതികള്‍. കേരളത്തിലടക്കം ഇത്തരം ബിനാമി നിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. അവയുടെ അടിസ്ഥാനദ്രവ്യങ്ങള്‍ ചുളുവിലയില്‍ ശേഖരിക്കുന്ന, അതിലുപരി ഈ ബിസിനസ്സുകളുടെ പിന്നണിക്കാരെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയ സ്വാധീനം ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. അതു കൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഈ ലോബിയെ പിണക്കാന്‍ കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടിയും അത്രയെളുപ്പത്തില്‍ തയാറായെന്നു വരില്ല.
നക്‌സലിസം ഒരു കാലത്ത് തകര്‍ത്താടിയ പ്രദേശങ്ങളിലൊന്നായിരുന്നു തെലങ്കാന. ആന്ധ്രക്കാരനും തെലങ്കാനക്കാരനും ചേരിതിരിഞ്ഞ് ഏറ്റുമുട്ടാനും കൂടി തുടങ്ങുന്നതോടെ ദക്ഷിണേന്ത്യയുടെ പ്രവേശനകവാടമെന്നു വിശേഷിപ്പിക്കാനാവുന്ന ഈ ഭൂപ്രദേശം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമെന്നത് നൂറുതരം. അതു മനസ്സിലാക്കാതെയാണ് കുരുട്ടുബുദ്ധി ഉപയോഗിച്ച് ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാന്‍ നോക്കിയും രാഷ്ട്രീയക്കാരന്‍ പരസ്പരധാരണയോടെ തമ്മിലടിച്ചും ഈ സമരത്തെ നക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്.
Comments