Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

ഇസ്‌ലാംപേടി ആര്‍ക്കൊക്കെയോ ഒരു വ്യവസായമാകുന്നു

യാസീന്‍ അശ്‌റഫ്

നോര്‍വേയിലെ സ്‌ഫോടനവും വെടിവെപ്പും ഒരിക്കല്‍ കൂടി ഇസ്‌ലാമോഫോബിയക്ക് തീക്കൊളുത്തി. കുറ്റവാളി വലതുപക്ഷ, ക്രൈസ്തവ, വെള്ളക്കാരനാണെന്ന് അറിഞ്ഞതിനു ശേഷവും ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ ബ്ലോഗുകളിലും മറ്റും യഥേഷ്ടം നടക്കുന്നു. പക്ഷേ, ഇതിനെല്ലാം ഒപ്പം മറ്റൊന്നുകൂടി നടക്കുന്നുണ്ട്-ഇസ്‌ലാമോഫോബിയ. അതിഭീകരമായ ഭീഷണിയായി അത് വളര്‍ന്നു എന്ന തിരിച്ചറിവും അതിനെ നേരിടാതെ ലോകത്ത് സമാധാനമുണ്ടാകില്ലെന്ന ഉദ്‌ബോധനവും ഉറക്കെ കേട്ടുതുടങ്ങുകയാണിപ്പോള്‍. 'മുസ്‌ലിം വിദ്വേഷം യൂറോപ്പിലും യു.എസ്സിലും വികസ്വരമായ ഒരു വ്യവസായമായിരിക്കുന്നു' എന്നാണ് റോബര്‍ട്ട് കോഹന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ കുറിക്കുന്നത്. ടൈം വാരികയില്‍ ശശിതരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ ശക്തമായ ലേഖനമെഴുതുന്നു. ഇസ്‌ലാമോഫോബിയ തുടച്ചുനീക്കാന്‍ യൂറോപ്പില്‍ അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ പ്രസ്ഥാനമുണ്ടാകണമെന്ന് ഗാര്‍ഡിയനില്‍ ഡോണള്‍ഡ് റീവ്‌സ് നിരീക്ഷിക്കുന്നു. വര്‍ഗീയതയുടെ സ്വരങ്ങള്‍ മാത്രം മുഴങ്ങുന്ന ബ്ലോഗ് ലോകത്ത് മറുപക്ഷം പറയാന്‍ ആളുകളുണ്ടാകുന്നു.
നോര്‍വേയില്‍ അക്രമം കാട്ടിയത് ആന്‍ഡേഴ്‌സ് ബ്രെയ്‌വിക് എന്ന ക്രിസ്ത്യന്‍ തീവ്രവാദിയാണ്. 'ഓസ്‌ലോ ഭീകരന്റെ പേര് അഹ്മദ് ബ്രെയ്‌വിക് എന്നായിരുന്നെങ്കിലോ?' ഫ്രീലാന്റ് ലേഖകന്‍ ജോസഫ് വാകിമിന്റേതാണ് ചോദ്യം.
അദ്ദേഹം തന്നെ മറുപടിയും പറയുന്നു: എങ്കില്‍, 'വിദ്വേഷം പ്രചരിപ്പിക്കുന്ന കൊറാനെ'പ്പറ്റി ഭീകരതാ വിരുദ്ധ ഇന്റലിജന്‍സുകാര്‍ വാചാലരായേനേ. തീപ്പൊരി 'ഇമാമു'മാരുടെ മതപ്രസംഗങ്ങളിലും പാശ്ചാത്യ കാഫിറുകളെ നശിപ്പിക്കണമെന്ന അധോലോക ജിഹാദി ആഹ്വാനങ്ങളിലും ആയുധങ്ങള്‍ കള്ളക്കടത്തു നടത്തുന്ന മതഭ്രാന്തരിലും ബോംബുണ്ടാക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളിലും നിഷ്‌കളങ്കരെ കൂട്ടക്കുരുതി നടത്തുന്ന തീവ്രവാദികളിലുമായി ചര്‍ച്ചകള്‍ കൃത്യമായി ഒതുങ്ങിനിന്നേനേ. അതായത്, കുറ്റവാളിയായ വ്യക്തിക്കോ ഗ്രൂപ്പിനോ അപ്പുറം അയാളുടെ മതം  പ്രതിക്കൂട്ടില്‍ കയറ്റപ്പെട്ടേനെ.
പക്ഷേ, അതുണ്ടായില്ല. ഭീകരന്‍ അഹ്മദല്ല, യൂറോപ്യന്‍ വെള്ളക്കാരനായ ആന്‍ഡേഴ്‌സാണ് എന്ന് കണ്ടപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം കാഴ്ച പതിഞ്ഞത് അയാളുടെ മതത്തിലോ വിദ്വേഷം പ്രചരിപ്പിക്കുന്ന കൂട്ടാളികളിലോ ഒന്നുമല്ല, മറിച്ച് അയാളുടെ തലക്കകത്തെ മാനസിക വൈകല്യത്തിലാണ്.
ഈ ഇരട്ടത്താപ്പിനെപ്പറ്റി എഴുതുന്ന ജോസഫ് വാകിം ഇസ്‌ലാമോഫോബിയ പാശ്ചാത്യരെ എത്രമാത്രം യുക്തിരഹിതമായി ചിന്തിപ്പിക്കുന്നുവെന്ന് കൂടി വിവരിക്കുന്നുണ്ട്.
വെള്ളക്കാരന്‍ ക്രിസ്ത്യാനി എന്നു കേട്ട ഉടനെ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു:''ഇതിലെ കുറ്റവാളി ആദര്‍ശമോ മതമോ അല്ല. ആ വ്യക്തിയാണ്.'' ബ്രിട്ടീഷ് പത്രലേഖകനായ സൈമണ്‍ ജെന്‍കിന്‍സ് പറഞ്ഞു: ''ഇതില്‍ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ല. തലക്ക് വെളിവില്ലായ്മ മാത്രം.''
ഇതുകൊണ്ടും മതിയാക്കാതെ പലരും ബ്രെയ്‌വിക്കിനെ ഇരയായി ചിത്രീകരിക്കാന്‍ തിടുക്കപ്പെട്ടു. മുസ്‌ലിം കൂടിയേറ്റക്കാര്‍ സൃഷ്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയുടെ ഇര!
പക്ഷേ, അയാള്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമായി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇസ്‌ലാമോഫോബിയയുടെ ഭയാനകത വെളിപ്പെടുമായിരുന്നു എന്നാണ് വാകിം എടുത്തുപറയുന്നത്. അയാള്‍ക്ക് പിന്നില്‍ ഭീകരവാദത്തിന്റെ വലിയ കൂട്ടായ്മകളുണ്ട്. അവരുടെ 'ഭീകരസെല്ലുകളു'ണ്ട്. കൂട്ടാളികളുണ്ട്. മതഭ്രാന്ത് പഠിപ്പിക്കുന്ന വിദ്യാലയങ്ങളുണ്ട്. നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, നെതര്‍ലന്റ്‌സ്, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളിലെ വംശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ വീക്ഷണങ്ങളാണ് ബ്രെയ്‌വിക്കിന്റെ 'പ്രകടനപത്രിക'യിലൂടെ മുഴങ്ങുന്നത്. അയാളെങ്ങനെ 'ഒറ്റയാനാ'കും?
യൂറോപ്പിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ മൂടുപടം വലിച്ചുനീക്കാനും ഇസ്‌ലാമോഫോബിയ എന്ന തല്‍സ്വരൂപം വെളിച്ചത്ത് കൊണ്ടുവരാനും ഓസ്‌ലോ സംഭവം പര്യാപ്തമായെന്ന് വാകിം സൂചിപ്പിക്കുന്നു. ഇസ്‌ലാമോഫോബിയയുടെ വേരുകള്‍ കണ്ടെത്താന്‍ കുറേക്കൂടി ആഴത്തില്‍ കിളക്കുന്നു മാക്‌സ് ബ്ലൂ മെന്താള്‍. അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയവും വര്‍ഗീയവാദികളും എങ്ങനെ ഇസ്‌ലാം വിരോധം പടര്‍ത്തിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ''മുസ്‌ലിംകളെയും ഫലസ്ത്വീനികളെയും അവരുടെ ഇടതുപക്ഷക്കാരായ പടിഞ്ഞാറന്‍ പിന്തുണക്കാരെയും കൂട്ടക്കൊല ചെയ്യാന്‍ വര്‍ഷങ്ങളായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നവരാണ് ബ്രെയ്‌വിക്കിനെ സ്വാധീനിച്ച അമേരിക്കന്‍ എഴുത്തുകാര്‍.'' അവര്‍ പക്ഷേ, അയാളെപ്പോലെ നിരത്തിലിറങ്ങി കൊല്ലുകയല്ല ചെയ്യുന്നതെന്നു മാത്രം. ''പടിഞ്ഞാറന്‍ സൈന്യങ്ങള്‍ മുസ്‌ലിം സമൂഹങ്ങള്‍ക്കുമേല്‍ നടത്തുന്ന പടയോട്ടങ്ങളിലാണ് അവര്‍ക്ക് ഭ്രമം. അവര്‍ വീട്ടിലിരുന്ന് ആസ്വദിക്കും- അമേരിക്കന്‍, ഇസ്രയേലീ പട്ടാളക്കാര്‍ വസീറിസ്താന്‍ മുതല്‍ ഗസ്സ സിറ്റി വരെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മാത്രം അവശേഷിപ്പിച്ച് മുന്നേറുമ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കും; അത്രമാത്രം.''
പടിഞ്ഞാറിനെ വെറുക്കാന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടുവോളം കാരണമുണ്ട്. മറിച്ചാകട്ടെ ഒട്ടുമില്ല. എന്നിട്ടും പുലരുന്നത് ഇസ്‌ലാമോഫോബിയയാണ്. ഫേസ്ബുക്കിലും ബ്ലോഗുകളിലും പാമില ജെല്ലറും റോബര്‍ട്ട് സ്‌പെന്‍സറും വിസര്‍ജിക്കുന്ന ഇസ്‌ലാംവിരോധം എല്ലാ ഭീകരതയോടും കൂടി ബ്ലൂമെന്താള്‍ അനാവരണം ചെയ്യുന്നു.
'മുസ്‌ലിംകളെ കുറ്റപ്പെടുത്താനുള്ള തിടുക്കവും ഭീകരവാദമെന്ന പദത്തിന്റെ നിരര്‍ഥകതയും' എന്ന ലേഖനത്തില്‍ ഗ്ലെന്‍ ഗ്രീന്‍വല്‍ഡ് ഓസ്‌ലോ ആക്രമണങ്ങള്‍ ഇസ്‌ലാമോഫോബിയയെ ശരിക്കും തുറന്നു കാണിച്ചതായി സമര്‍ഥിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ പത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് മുസ്‌ലിംകളില്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ചുമത്തയിത്. അങ്ങനെയല്ലെന്നും പാമിലാ ജെല്ലര്‍ (അറ്റ്‌ലസ് ഷ്‌റഗ്ഡ് എന്ന ബ്ലോഗ്), ഡാനിയല്‍ പൈപ്പ്‌സ്, റോബര്‍ട്ട് സ്‌പെന്‍സര്‍ (ജിഹാദ് വാച്ച്) തുടങ്ങിയ ഇസ്‌ലാമോഫോബുകളുടെ സ്വാധീനത്തില്‍ ഒരു നോര്‍വീജിയനാണ് കൃത്യം ചെയ്തതെന്നും തെളിഞ്ഞിട്ടും ടൈംസ് ഭീകരതയെ മുസ്‌ലിംകളോട് ചേര്‍ക്കാന്‍ ആവത് ശ്രമിച്ചു.
ഗ്രീന്‍വല്‍ഡ് തുടരുന്നു: ''പാശ്ചാത്യര്‍ക്ക് ഇഷ്ടമില്ലാത്ത മുസ്‌ലിംകളോട് ചേര്‍ത്തേ ടെററിസം എന്ന വാക്ക് പ്രയോഗിക്കൂ. ടെക്‌സസിലെ ഓസ്റ്റിനില്‍ ഐ.ആര്‍.എസ് കെട്ടിടത്തിലേക്ക് ആരോ വിമാനം പറത്തിയ സംഭവമറിഞ്ഞപ്പോഴേ അത് 'ടെററിസ'മാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, അക്രമി അമുസ്‌ലിമും യു.എസ് സര്‍ക്കാറിനോട് പ്രതിഷേധമുള്ള വെള്ളക്കാരനുമാണെന്നറിഞ്ഞപ്പോള്‍ ആ വാക്ക് കേള്‍ക്കാതായി. യു.എസ്സും സഖ്യരാജ്യങ്ങളും സിവിലിയന്‍ സമൂഹങ്ങളെ വിരട്ടാന്‍ വേണ്ടി ഭീകരമായ അക്രമങ്ങള്‍ നടത്തിയാല്‍ അത് ഭീകരതയല്ല. മറിച്ച് അധിനിവേശ സേനക്കെതിരെ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മുസ്‌ലിംകള്‍ ആക്രമണം നടത്തിയാല്‍ അത് ഭീകരതയാകുന്നു. ഏറ്റവും നിരര്‍ഥകവും അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കുന്നതുമായ പദമാണ് ടെററിസം എന്ന് റെമി ബ്രൂലിന്‍ പറഞ്ഞതത്രെ ശരി.''
ജെല്ലറും പൈപ്പ്‌സുമാണ് ബ്രെയ്‌വിക്കിനെ പ്രചോദിപ്പിച്ചതെന്ന് വ്യക്തമായിരിക്കെ അന്‍വര്‍ ഔലഖിയോട് ചെയ്തപോലെ വിചാരണ കൂടാതെ വധിക്കപ്പെടാനുള്ള ലിസ്റ്റില്‍ അവരെയും പാശ്ചാത്യര്‍ അതേപോലെ ഉള്‍പ്പെടുത്തുമോ? ബ്രെയ്‌വിക്കിന്റെ വംശത്തില്‍ പെട്ട പുരുഷന്മാരെ വിമാനത്താവളങ്ങളിലും മറ്റും കൂടുതല്‍ കര്‍ക്കശ പരിശോധനക്ക് ഇനി വിധേയരാക്കുമോ? ഇസ്‌ലാമോഫോബിയ പടര്‍ത്തുന്ന വംശീയവാദികളെ 'പറക്കല്‍ നിരോധ'ത്തിന് ഇനിയെങ്കിലും വിധേയരാക്കുമോ? അതല്ല ചട്ടങ്ങള്‍ നോക്കാതുള്ള അത്തരം നടപടികളും മുസ്‌ലിംകള്‍ക്കു മാത്രമുള്ളവയാണോ? ഗ്രീന്‍വല്‍ഡിന്റെ ചോദ്യം.
ഒരു വസ്തുത കൂടി അദ്ദേഹം എടുത്തുകാട്ടുന്നു: യൂറോപ്യന്‍ യൂനിയന്‍ 2009-ല്‍ നടന്ന 294 ഭീകരാക്രമണങ്ങളുടെ കണക്കെടുത്തിരുന്നു. ഈ 294-ല്‍ എത്രയെണ്ണമാണ് 'ഇസ്‌ലാമിസ്റ്റുകളുടെ' വകയായുള്ളതെന്നോ? വെറും ഒന്ന്.
ഭീകരതയെയും ഇസ്‌ലാമിനെയും ചേര്‍ത്തുകൊണ്ടുള്ള പ്രചാരണങ്ങള്‍ ബ്രിട്ടനിലെ രണ്ട് സ്ഥാപനങ്ങളെങ്കിലും വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടു. 'ബ്രിട്ടീഷ് മുസ്‌ലിംകളോടുള്ള ശീതയുദ്ധം' എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ട് ആഗസ്റ്റ് ആദ്യവാരമാണ് ഇറങ്ങിയത്. മാധ്യമങ്ങളിലെ പ്രചാരണയജ്ഞങ്ങളെപ്പറ്റി പഠിക്കുന്ന 'സ്പിന്‍വാച്ച്' അതില്‍ പറയുന്നത്, ബ്രിട്ടീഷ് സര്‍ക്കാറില്‍ സ്വാധീനമുള്ള രണ്ട് സ്ഥാപനങ്ങള്‍ (Centre for Social Cohesion, Policy Exchange എന്നിവ) ഭീകരതക്കെതിരെ മുമ്പ് പരീക്ഷിച്ച മുസ്‌ലിംവിരുദ്ധ നടപടികള്‍ പുനരാരംഭിക്കണമെന്ന് പ്രചരിപ്പിക്കുന്നുവെന്നാണ്. ഈ വാദം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ വീണ്ടും മുസ്‌ലിം വേട്ട ശക്തമാകും. ബ്രിട്ടീഷ് നാഷ്‌നല്‍ പാര്‍ട്ടി, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്നീ വര്‍ഗീയ സംഘങ്ങളാണ് വാസ്തവത്തില്‍ തീവ്രവാദം കൈക്കൊള്ളുന്നത്; എന്നിട്ട് മുസ്‌ലിംകളെ തീവ്രവാദികളെന്ന് വിളിക്കുന്നു- 'സ്പിന്‍ വാച്ച്' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ടിന് പ്രായോഗിക സ്ഥിരീകരണമെന്നോണമാണ് നോര്‍വേ ഭീകരാക്രമണങ്ങള്‍ നടന്നത്.
ജൂലിയന്‍ പെറ്റ്‌ലി, റോബിന്‍ റിച്ചഡ്‌സണ്‍ എന്നിവര്‍ എഡിറ്റ് ചെയ്ത പുസ്തകം (Pointing the Finger: Islam and Muslims in the British Media) മാധ്യമങ്ങളില്‍ ഇസ്‌ലാമോഫോബിയ എത്രമാത്രമുണ്ടെന്ന് ഒരു ഏകദേശ ചിത്രം നല്‍കുന്നു.
മുസ്‌ലിംകളെ ഭീകരരായി ചിത്രീകരിക്കുന്ന ഫോട്ടോകളും പദപ്രയോഗങ്ങളും ശൈലികളും മാധ്യമങ്ങളില്‍ നിറഞ്ഞതായി ലണ്ടനില്‍ ഈയിടെ നടന്ന സമ്മേളനം തെളിവുകളോടെ ചൂണ്ടിക്കാട്ടി. ഇസ്‌ലാമോഫോബിയക്കെതിരായ ഫോറം, സിറ്റി സര്‍ക്ക്ള്‍, അര്‍റൂം എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു കോണ്‍ഫറന്‍സ്. മുസ്‌ലിംകളെ പറ്റി 'തീവ്രവാദി', 'മതമൗലികവാദി', 'മതഭ്രാന്തന്‍', 'ഭീകരന്‍' തുടങ്ങിയ പദങ്ങള്‍ പ്രയോഗിക്കുന്നത് ഈയിടെ വല്ലാതെ വര്‍ധിച്ചിട്ടുണ്ടെന്ന് ക്രിസ്റ്റഫര്‍ അലന്‍ എഴുതുന്നു.
മീഡിയാ സിമിയോട്ടിക്‌സ് എന്ന ഗ്രന്ഥത്തില്‍ ജെയിംസ് ബിഗ്‌നല്‍ പറയുന്നത്, മാധ്യമങ്ങളില്‍ വരുന്നത് ആധികാരിക വസ്തുതകളാണെന്ന് ഇപ്പോഴും മഹാ ഭൂരിപക്ഷം ജനങ്ങള്‍ കരുതുന്നുവെന്നാണ്- അലന്‍ ഓര്‍മിപ്പിക്കുന്നു. റണ്ണി മീഡ് ട്രസ്റ്റ് 1997-ല്‍ ഇസ്‌ലാമോഫോബിയയെ പറ്റി ഒരു പഠന റിപ്പോര്‍ട്ട് ഇറക്കിയിരുന്നു. പടിഞ്ഞാറ് ഇസ്‌ലാമിനെ കാണുന്നത് 'അപരനാ'യിട്ടാണ്. ഇതിനൊപ്പിച്ചാണ് പത്രങ്ങളിലെ തലക്കെട്ടുകള്‍ വരെ ('മതഭ്രാന്തന്‍ പറയുന്നു:ഞാന്‍ ജനിച്ചത് ബ്രിട്ടനിലാണ്, പക്ഷേ ഞാന്‍ ആദ്യം മുസ്‌ലിമാണ്'-ഡെയ്‌ലി മെയില്‍) തയാറാക്കപ്പെടുന്നത്. മെയിന്‍കാംഫില്‍ ഹിറ്റ്‌ലര്‍ ജൂതന്മാര്‍ക്കെതിരെ അത്യുക്തിയും ഭാവനയും നിറഞ്ഞ കുപ്രചാരണങ്ങള്‍ നടത്തിയതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഗുന്തര്‍ ഗ്രസ് പറഞ്ഞു: ''ഇസ്‌ലാമിനെതിരെ ഇപ്പോള്‍ നടക്കുന്ന വിദ്വേഷ പ്രചാരണം 1938-ല്‍ ജര്‍മനിയിലുണ്ടായ 'ക്രിസ്റ്റല്‍ നഖ്ത്' (ജൂതരെ കൂട്ടക്കൊല ചെയ്തത്) പോലൊന്നിന് സാധ്യത തുറക്കുന്നുണ്ട്. 'ശത്രു'വിനെ മനുഷ്യപ്പറ്റില്ലാത്തവരാക്കിക്കഴിഞ്ഞാല്‍ പിന്നെ അവരെ ഒന്നാകെ നശിപ്പിക്കാന്‍ വേറെ ന്യായം വേണ്ടെന്നാണ് അന്ന് ഹിറ്റ്‌ലര്‍ തെളിയിച്ചത്-ഇന്ന് ഇസ്‌ലാമോഫോബുകള്‍ തെളിയിക്കുന്നതും.''
ചില മാധ്യമങ്ങളുടെ ദുഷ്ടലാക്ക് ക്രിസ്റ്റഫര്‍ അലന്‍ എടുത്തുകാട്ടുന്നു. മുസ്‌ലിംകളുടെ ഭാഗം അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൊടുക്കേണ്ടിവരുമ്പോള്‍ തൊട്ടടുത്ത് ഒരു എതിര്‍വാര്‍ത്ത ചേര്‍ക്കാതിരിക്കാന്‍ അവക്കാവുന്നില്ല. ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വം വേണമെന്ന ഡേവിഡ് ബ്ലങ്കറ്റിന്റെ പ്രസ്താവന ഉള്‍ക്കൊള്ളുന്ന ലേഖനം മിറര്‍  പ്രസിദ്ധപ്പെടുത്തി; പക്ഷേ, അതിന്റെ തൊട്ടടുത്ത് 'മറ്റു മുസ്‌ലിംകളോട് ചേര്‍ന്ന് ഞാന്‍ പടിഞ്ഞാറിനെതിരെ യുദ്ധം ചെയ്യും' എന്ന ഒരു തപാല്‍ ജീവനക്കാരന്റെ പ്രസ്താവനയെപ്പറ്റി മറ്റൊന്നു കൊടുത്തു. പാക് പ്രസിഡന്റ് മുശര്‍റഫിന്റെ 'ഭീകരവിരുദ്ധ' നിലപാടിനെ പ്രകീര്‍ത്തിക്കുന്ന ലേഖനത്തിന്റെ അടുത്ത് ഫിനാന്‍ഷ്യല്‍ ടൈംസ് വെച്ചത്, ഒരു റൈഫിളും ഖുര്‍ആനും കൈകളിലേന്തി പോര്‍വിളി നടത്തുന്ന അഫ്ഗാന്‍ വനിതയുടെ കൂറ്റന്‍ ഫോട്ടോ. 2001-ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തില്‍ ആഹ്ലാദ നൃത്തം നടത്തുന്ന ഫലസ്ത്വീന്‍ ബാലന്മാരുടെ ചിത്രം സി.എന്‍.എന്നില്‍ വന്നിരുന്നു. പക്ഷേ, ആ പടം 1991-ലേതാണെന്ന് പിന്നീട് വാര്‍ത്ത വന്നു.
ഇസ്‌ലാമോഫോബുകള്‍ ഇസ്‌ലാമിനെ എങ്ങനെയൊക്കെ ചീത്തയാക്കി കാണിക്കുന്നുവെന്ന് റണ്ണി മീഡ് ട്രസ്റ്റ് വിശകലനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ സമൂഹങ്ങളെക്കാള്‍ മോശമാണ് മുസ്‌ലിംകള്‍, അവര്‍ പടിഞ്ഞാറന്‍ മൂല്യങ്ങളെ യുക്തിരഹിതമായി എതിര്‍ക്കുന്നു, ഇസ്‌ലാം അപരിഷ്‌കൃതവും അക്രമാസക്തവും മറ്റും മറ്റുമാണ് തുടങ്ങിയ മുന്‍വിധികളുമായാണ് അവര്‍ പ്രചാരണം നടത്തുന്നത്.
പ്രഫസര്‍ ദീപാ കുമാര്‍ ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായി ലേഖനങ്ങള്‍ എഴുതിവരുന്നു. മുസ്‌ലിംകളെപ്പറ്റി അഞ്ച് തെറ്റായ ധാരണകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു: മുസ്‌ലിംകള്‍ എല്ലാവരും ഒരേപോലെ ചിന്തിക്കുന്നു, അത് സ്ത്രീവിരുദ്ധമാണ്, അത് അക്രമോത്സുകവും അസഹിഷ്ണുവുമാണ്, ശാസ്ത്രത്തോടും യുക്തിയോടും അതിന് പുഛമാണ്, പാശ്ചാത്യര്‍ ജനായത്തം പടര്‍ത്തുമ്പോള്‍ ഇസ്‌ലാം ഭീകരത പടര്‍ത്തുന്നു എന്നിവയാണ് ആ വ്യാജങ്ങള്‍.
ബ്രെയ്‌വിക്കിന്റെ 'മാനിഫെസ്റ്റോ'യും തീവ്രവാദ വിശ്വാസങ്ങളുമെല്ലാം '9/11-നു ശേഷമുണ്ടായ ഇസ്‌ലാം വിരുദ്ധത'യില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്നതില്‍ ജാക്ക് റോസിന് (rightweb.irc-online.org)സംശയമില്ല. വര്‍ത്തമാനകാല യു.എസ് രാഷ്ട്രീയത്തിലെ രോഗാതുരത ഇതിനൊരു കാരണമാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ഉണ്ടായിരുന്ന സ്ഥലത്തിന് അല്‍പമകലെയായി ഒരു മുസ്‌ലിം കേന്ദ്രം പണിയുന്നതിനോടുണ്ടായ കടുത്ത എതിര്‍പ്പ് ഈ രോഗാവസ്ഥയുടെ ലക്ഷണമായിരുന്നു. കുപ്രസിദ്ധമായ കു ക്ലക്‌സ് ക്ലാന്റെ രീതികള്‍ അമേരിക്കന്‍ വലതുപക്ഷ തീവ്രവാദികള്‍ സ്വാംശീകരിച്ചതായി റോസ് അഭിപ്രായപ്പെടുന്നു.
തീര്‍ത്തും സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുസ്‌ലിം ബ്രദര്‍ഹുഡിനെ അല്‍ഖാഇദയെക്കാള്‍ അപകടകാരിയായി കാണുന്നിടത്തോളം അമേരിക്കയുടെ ഇസ്‌ലാംവിരോധം വളര്‍ന്നു. അമേരിക്ക ചെയ്യുന്നതെല്ലാം ശരിയാണെന്നും ലോകത്തെ സ്വാതന്ത്ര്യത്തിനും ജനായത്ത രീതിക്കുമെതിരെ ആഗോളതലത്തില്‍ നടക്കുന്ന 'ഇസ്‌ലാമിസ്റ്റ് ഉപജാപ'ത്തെ തകര്‍ക്കേണ്ടത് യു.എസ്സിന്റെ കടമയാണെന്നും ലോകം തന്നെ ഇസ്‌ലാമിനോട് യുദ്ധത്തിലാണെന്നും വരുത്തിത്തീര്‍ക്കുന്നതില്‍ യു.എസ് മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ഉദ്ബുദ്ധ പാശ്ചാത്യലോകം 'ഇസ്‌ലാമോഫാഷിസ'ത്തിനെതിരെ പോരാട്ടത്തിലാണെന്ന് അവര്‍ പ്രചരിപ്പിച്ചിരിക്കുന്നു.
ഫ്രാന്‍സില്‍ 'ഇസ്‌ലാമോഫോബിയക്കെതിരായ കൂട്ടായ്മ' എന്നൊരു പ്രസ്ഥാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ ഡയറക്ടര്‍ മര്‍വാന്‍ മുഹമ്മദ് പറയുന്നു: ''ഞങ്ങള്‍ ബലിയാടുകളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യൂറോപ്പിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്‌ലിംകളാണെന്ന മുന്‍വിധി പോയേ തീരൂ. അപരന്മാരല്ല മുസ്‌ലിംകള്‍. നമ്മള്‍ 'ഞങ്ങളും' 'അവരു'മല്ല- നമ്മളാണ്.''
യൂറോപ്പിലെ വിവേചനങ്ങളില്‍ മടുപ്പുള്ള മുസ്‌ലിം സംഘങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഉണ്ടായി വന്നിട്ടുണ്ട്. ''മതി. നിര്‍ത്തണം ഈ വേട്ടയും ഇരപിടിത്തവും. ഞങ്ങളും രാജ്യത്തിന്റെ ഭാഗമാണ്.'' തീവ്രവാദത്തെ തള്ളിപ്പറയുമ്പോഴും സാമൂഹിക നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഇത്തരം കൂട്ടായ്മകളിലൊന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള യങ് മുസ്‌ലിം വോയ്‌സസ്. 'യൂറോപ്പിന്റെ ആത്മാവ്' (The Soul of Europe), ജര്‍മനിയിലെ മുസ്‌ലിം സ്ഥാപനമായ Soest Forum-മായി ചേര്‍ന്ന് ഇസ്‌ലാമോഫോബിയയെ ചെറുക്കാന്‍ പരിപാടികള്‍ തയാറാക്കിയിരിക്കുന്നു. നോര്‍വേ ഭീകരാക്രമണങ്ങള്‍ക്ക് മുമ്പേ തന്നെ തുടക്കം കുറിച്ചതാണീ സംരംഭം. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, സ്‌കാന്‍ഡിനേവിയ എന്നിവിടങ്ങളില്‍ മുസ്‌ലിം-മുസ്‌ലിമിതര സമൂഹങ്ങളില്‍ അത് സ്വാധീനമുണ്ടാക്കിവരുന്നു.
കണക്കും വസ്തുതകളുമായി ചാള്‍സ് കര്‍സ്മന്‍ (Charles Kurzman) അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ ('കാണാതായ രക്തസാക്ഷികള്‍'-The Missing Martyrs) സ്ഥാപിച്ചിരിക്കുന്നത് മുസ്‌ലിംകള്‍ക്ക് തീവ്രവാദവുമായി പ്രത്യേകമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിന് തെളിവില്ല എന്നാണ്. യു.എസ്സിലെ നോര്‍ത്ത് കാരലൈന-ചാപ്പല്‍ഹില്‍ യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജി പ്രഫസറായ അദ്ദേഹം ഒരു കാര്യം സമ്മതിക്കുന്നു- മുസ്‌ലിംകളില്‍ ഗണ്യമായ വിഭാഗം അമേരിക്കയോടും പാശ്ചാത്യലോകത്തോടും ശക്തമായ വിയോജിപ്പും എതിര്‍പ്പും വെച്ച് പുലര്‍ത്തുന്നു. പക്ഷേ, അമേരിക്കാ വിരുദ്ധതയും തീവ്രവാദവും രണ്ടാണ്; അമേരിക്കയോട് കടുത്ത വിരോധമുള്ളവര്‍ തന്നെ തീവ്രവാദത്തെ തിരസ്‌കരിക്കുന്നു. പലരും പ്രചരിപ്പിക്കുന്നതുപോലെ മുസ്‌ലിംകള്‍ ഭീകരവാദത്തിലേക്ക് ശരിക്കും തിരിഞ്ഞിരുന്നെങ്കില്‍ സ്ഥിതി ഇതാവില്ല. ലോകത്തെ 150 കോടി മുസ്‌ലിംകളില്‍ ലക്ഷത്തിലൊരാള്‍ ഭീകരവാദിയാണെന്ന് വന്നാല്‍ 15,000 ഭീകരവാദികളാവും. ഇത്രയും ഭീകരരുണ്ടായാല്‍ ഇത്രയൊന്നും വിനാശം കണ്ടാല്‍ പോരാ- കര്‍സ്മന്‍ വാദിക്കുന്നു.
ഇത്രയും പറഞ്ഞതിനര്‍ഥം ഇസ്‌ലാമിനെതിരെ വിഷം വമിക്കുന്നവര്‍ കുറഞ്ഞു എന്നല്ല. അവര്‍ ധാരാളം ഇപ്പോഴുമുണ്ട്; സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. പക്ഷേ, മുമ്പില്ലാത്തത്ര ഉച്ചത്തില്‍ ഇതിനെതിരെ പറയുന്ന വിവേകശാലികള്‍ രംഗത്തെത്തിത്തുടങ്ങിയത് നോര്‍വേ സംഭവത്തോടെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം