സകാത്ത് പ്രവര്‍ത്തനത്തില്‍ മഹല്ലുകള്‍ക്ക് മാതൃകയായി ശാന്തപുരം
കെ. അബ്ദുസ്സലാം മൌലവി(മാള) മഹല്ലിലെ അസിസ്റന്റ് ഖാദിയായിരുന്ന എഴുപതുകളിലാണ് ശാന്തപുരം മഹല്ലിലെ സകാത്ത് സംവിധാനം സജീവവും കാര്യക്ഷമവുമാവുന്നത്. സകാത്തിനെ സംബന്ധിച്ച് ശരിയായ അവബോധം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ആളുകള്‍ സകാത്ത് ഫണ്ടിലേക്ക് ചെറുതായെന്തെങ്കിലും നല്‍കിത്തുടങ്ങി. സകാത്തിനെ സംബന്ധിച്ച കാര്യമായ വിവരമൊന്നും അക്കാലത്ത് അധികമാര്‍ക്കും ഉണ്ടായിരുന്നില്ല. 8500 രൂപയൊക്കെയാണ് അന്ന് പിരിഞ്ഞ് കിട്ടിയിരുന്നത്.
സി.ടി സാദിഖ് മൌലവിയുടെ കാലത്ത് പ്രവര്‍ത്തനങ്ങള്‍ കുറെ കൂടി മെച്ചപ്പെട്ടു. തേങ്ങ, നെല്ല് തുടങ്ങിയവയൊക്കെ സകാത്തായി ലഭിക്കാന്‍ തുടങ്ങി. അക്കാലത്തെ പ്രധാന വരുമാനം ഇതൊക്കെയായിരുന്നു. പണമായി കുറഞ്ഞ തുക മാത്രമാണ് ലഭിച്ചിരുന്നത്. ശേഷമാണ് കെ.ടി അബ്ദുര്‍റഹീം സാഹിബ് ഖാദിയായി എത്തുന്നത്. ദീര്‍ഘദൃഷ്ടിയോടെയുള്ള അദ്ദേഹത്തിന്റെ ചടുല നീക്കങ്ങള്‍ മഹല്ലിനെ ഇന്നത്തെ രീതിയിലാക്കാന്‍ വളരെ സഹായിച്ചിട്ടുണ്ട്. സകാത്ത് കൊണ്ട് സമ്പത്തിനെ ശുദ്ധീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സകാത്ത് സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. "ഇസ്ലാമിന്റെ ഓരോ പിരിയും അയഞ്ഞ് പോകും... ആദ്യം ഭരണം, പിന്നെ സകാത്ത്....'' അദ്ദേഹം നിരന്തരം ഓര്‍മപ്പെടുത്തി.
അദ്ദേഹം പറയുമായിരുന്നു.... "ഒരാള്‍ക്ക് ഒരു ചെറിയ സംഖ്യ കൊടുത്തിട്ട് എന്താകാനാണ്! സകാത്ത് കൊണ്ട് ഒരാളെ ഐശ്വര്യവാനാക്കാന്‍ പറ്റണം. വീണ്ടും അയാള്‍ക്ക് സകാത്ത് നല്‍കേണ്ടി വരരുത്. പത്തും ഇരുപതും സകാത്ത് കൊടുത്തുകൊണ്ടിരുന്നാല്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമോ?'' അങ്ങനെ അര്‍ഹതപ്പെട്ടവര്‍ക്ക് സകാത്തായി കുറച്ച് വലിയ സംഖ്യ നല്‍കിത്തുടങ്ങി. പലര്‍ക്കും അന്നത് അസ്വാഭാവികമായി തോന്നിയിരുന്നു.
സഹോദരസമുദായങ്ങള്‍ക്ക് സകാത്ത് നല്‍കിയത് വലിയ വിവാദവുമായി. യാഥാസ്ഥിതികര്‍ അന്നതിനെതിരെ വാളെടുത്തു. ഫകീര്‍, മിസ്കീന്‍ എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെന്നും അതില്‍ മുസ്ലിമാവുക എന്നത് മാനദണ്ഡമല്ലെന്നും പറഞ്ഞാണ് അന്നതിനെ പ്രതിരോധിച്ചത്. സംഘടിതമായി സകാത്ത് നല്‍കുന്നതിനെതിരെയും എതിര്‍പ്പുണ്ടായിരുന്നു.
സകാത്ത് സംവിധാനം വളരെ കാര്യക്ഷമമായി നടക്കുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം മഹല്ലുകളിലൊന്നാണ് ശാന്തപുരം. വലിയൊരു തുക ഇവിടെ സകാത്തായി ലഭിക്കുന്നു. റമദാനിലാണ് അധികപേരും നല്‍കുന്നത്. വാര്‍ഷിക വരുമാനം കണക്കാക്കി അതത് സമയത്ത് നല്‍കുന്നവരും ഉണ്ട്. ആഭരണത്തിന്റെ സകാത്തും ചെറുതായി ലഭിക്കുന്നുണ്ട്. ഇപ്പോള്‍ മഹല്ല് കമ്മിറ്റിയില്‍ വനിതാ അംഗങ്ങളും ഉള്ളതിനാല്‍ അവര്‍ ആഭരണങ്ങളുടെ സകാത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്.
റമദാനിന്റെ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച മഹല്ലിലെ നാല് വാര്‍ഡുകളിലുമുള്ള പള്ളികളിലും സകാത്തിനെക്കുറിച്ചായിരിക്കും ഖുത്വ്ബ. ഈ ദിവസങ്ങളില്‍ കാര്യമായ സ്ക്വാഡ് പ്രവര്‍ത്തനങ്ങളും ലഘുലേഖ വിതരണവും നടക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വീടുകളിലും സ്ക്വാഡ് നടത്തും. ലഘുലേഖയില്‍ കഴിഞ്ഞ തവണ ശേഖരിച്ച തുക എന്തിനെല്ലാം വിനിയോഗിച്ചു എന്നതിന്റെ കൃത്യമായ കണക്കും നല്‍കിയിരിക്കും.
സകാത്തായി ശേഖരിച്ച് കിട്ടുന്ന തുക വിവിധ രീതികളിലാണ് വിനിയോഗിക്കുന്നത്. ഒരാളെ സ്വയംപ്രാപ്തനാക്കുക എന്നതാണല്ലോ സകാത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തെ സാധൂകരിക്കുന്ന രീതിയിലാണ് സകാത്ത് ഫണ്ട് വിനിയോഗം. ഒരാള്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനറിയാം, എന്നാല്‍ കൈയിലുള്ള തുക അത് വാങ്ങാന്‍ മതിയായതല്ല. എങ്കില്‍ ബാക്കി തുക സകാത്ത് ഫണ്ടില്‍നിന്ന് നല്‍കും. മരം കടയാന്‍ അറിയുന്നയാള്‍ക്ക് അതിനുള്ള മെഷീന്‍ വാങ്ങിക്കൊടുക്കും. തയ്യലറിയുന്നവര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കും. അങ്ങനെ ഒരാള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നല്‍കുന്നു.
ആരും സഹായിക്കാനില്ലാത്ത കുടുംബങ്ങള്‍ക്ക് മാസാന്ത പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. വീട് റിപ്പയറിംഗിന് കാശില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് അതിന് വേണ്ട തുക നല്‍കും. രോഗികള്‍ക്കു ചികിത്സാ സഹായം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം തുടങ്ങിയവക്കും സകാത്ത് ഫണ്ടില്‍നിന്ന് തുക നീക്കി വെക്കുന്നുണ്ട്. ഭവന നിര്‍മാണ പദ്ധതി മഹല്ലിന്റെ പുതിയ പ്രൊജക്ടാണ്. ഇപ്പോള്‍ നാല് വീടുകളുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
സകാത്തിന് അപേക്ഷ സ്വീകരിക്കാറില്ല. ഓരോ വാര്‍ഡിലെയും കൌണ്‍സിലര്‍മാര്‍ അവരുടെ വാര്‍ഡുകളില്‍ സകാത്തിന് അര്‍ഹരായവരെ കണ്ടെത്തും. ലിസ്റ് സകാത്ത് കമ്മിറ്റിയില്‍ ചര്‍ച്ചക്ക് വെക്കും. ഒടുവില്‍ മഹല്ല് കമ്മിറ്റിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുക.
മഹല്ല് നിവാസികളില്‍നിന്ന് ശേഖരിക്കുന്ന സകാത്ത് തുക വര്‍ഷം തോറും വര്‍ധിച്ച് വരികയാണെന്ന് മഹല്ല് ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും ഇതിന് ഇടിവുണ്ടായിട്ടില്ല. ഖുലഫാഉര്‍റാശിദുകളുടെ കാലത്തുണ്ടായിരുന്ന ബൈത്തുല്‍മാല്‍ രീതിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കിയ ശാന്തപുരം മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് മഹല്ലുകള്‍ക്ക് മാതൃകയാണ്.
Comments