സകാത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ രാജമാര്‍ഗം
ധനം അല്ലാഹുവിന്റേതാണ്. ധനത്തിന്റെ മേല്‍ അല്ലാഹുവിന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിക്കലാണ് തൌഹീദീ ദര്‍ശനത്തിന്റെ സാമ്പത്തിക ഉള്ളടക്കം. ശുഐബ് നബി(അ) കച്ചവടത്തിലെ അഴിമതിയെ ചോദ്യം ചെയ്തത് തൌഹീദീ പ്രബോധനത്തിന്റെ ഭാഗമായിരുന്നു. ജനതയുടെ പ്രാര്‍ഥനാരീതിയും പണമിടപാട് രീതിയും ശുഐബ്(അ) വിമര്‍ശനവിധേയമാക്കിയത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (യഥാര്‍ഥ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല) എന്ന തൌഹീദിയന്‍ അടിസ്ഥാന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തിയാണ്. മതത്തെക്കുറിച്ച അവരുടെ സെക്യുലര്‍ കാഴ്ചപ്പാട് കാരണം അവരതിനെ ഒരു കൌതുകമായി നോക്കിക്കാണുകയും ഇതെന്തൊരു പുതുമ എന്ന മട്ടില്‍ പ്രതികരിക്കുകയും ചെയ്തു. ആരാധനയില്‍ അവര്‍ക്കൊരു മതമുണ്ടായിരുന്നു; സാമ്പത്തിക സമാഹരണത്തില്‍ അവര്‍ക്കൊരു രാഷ്ട്രീയവും. അഴിമതി രാഷ്ട്രീയം എന്നു വേണമെങ്കില്‍ അതിനെ വിളിക്കാം. രണ്ടിനെയും ഒരു മതപ്രബോധകന്‍ ഒരേ വേദിയില്‍ വിമര്‍ശിക്കുകയും വിഷയമാക്കുകയും ചെയ്യുന്നതെന്തേ? ഇതായിരുന്നു അവരുടെ ഉള്ളിലെ ചോദ്യം. അവരിങ്ങനെ ചോദിച്ചു: "ശുഐബേ, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിനക്ക് കല്‍പന നല്‍കുന്നത് നിന്റെയീ നമസ്കാരമാണോ?'' (ഹൂദ് 87).
'സ്വത്തുക്കളില്‍ താന്താങ്ങളുടെ ഇഷ്ടം' എന്നതായിരുന്നു അവരുടെ ധനനിലപാട്. വേണമെങ്കില്‍ നമുക്കതിനെ പ്രാചീന മുതലാളിത്തം എന്നു വിളിക്കാം. ധനമിടപാടിലുള്ള തന്നിഷ്ടം 'ശിര്‍ക്ക്' ആണ്. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് പോലുള്ള 'ശിര്‍ക്ക്'. അതുകൊണ്ടാണല്ലോ തൌഹീദീ ആരാധനാ രൂപത്തിന്റെ രാജഗുരുവായ നമസ്കാരത്തിന്റെ പ്രതിപക്ഷ രൂപമായി രണ്ടും മാറുന്നത്.
ധനവിഷയത്തില്‍ തന്നിഷ്ടം നടപ്പിലാക്കുന്നതില്‍ നിന്ന് അല്ലാഹുവിന്റെ ഇഷ്ടം നടപ്പാക്കുന്നേടത്തേക്ക് മനുഷ്യനെ വളര്‍ത്തിയെടുക്കുകയാണ് 'തൌഹീദ്' ചെയ്യുന്നത്.
നിര്‍മാണ പ്രവര്‍ത്തനത്തിലെ ധനധൂര്‍ത്ത് സ്വാലിഹും (അ) ഹൂദും (അ) ചോദ്യം ചെയ്തതും പ്രസ്തുത അടിത്തറയില്‍ നിന്നുകൊണ്ടാണ്. ശിര്‍ക്കിന്റെ രാഷ്ട്രീയ രൂപമായ ഫിര്‍ഔന്‍-ഹാമാന്‍ ഭരണകൂടത്തെ ചോദ്യം ചെയ്ത മൂസാ(അ), ശിര്‍ക്കിന്റെ ധന മുതലാളിത്ത പ്രതീകമായ ഖാറൂനിന്റെ മുഖ്യ ശത്രുവായതും നാം ഖുര്‍ആനില്‍ വായിക്കുന്നുണ്ട്. ധനമുതലാളിത്തത്തിന്റെ പ്രാചീന ദര്‍ശനത്തിലൊന്നായി ഖാറൂനിസത്തെയും (ഖസ്വസ് 76-79) നമുക്ക് വായിക്കാവുന്നതാണ്. ധനകേന്ദ്രീകരണം, സ്വാര്‍ഥത, ഇഹലോകമാണ് പരമ പ്രധാനമെന്ന കാഴ്ചപ്പാട്, ധനം തന്റെ ശാസ്ത്ര സിദ്ധിയുടെ ഉല്‍പന്നമാണെന്ന വാദം, ആഡംബര പ്രൌഢിയുടെ പ്രദര്‍ശനം ഇതൊക്കെയായിരുന്നു ഖാറൂനിസത്തിന്റെ ഉള്ളടക്കമെന്ന് പ്രസ്തുത സൂക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നു. മൂസാ നബി(അ)യുടെ തൌഹീദീ പ്രബോധനം ഖാറൂനിസത്തെ നേരിട്ടതില്‍ നിന്ന് സാമ്പത്തിക രംഗത്തെ 'ശിര്‍ക്ക്' നാം അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്ന പാഠമാണ് ലഭിക്കുന്നത്.
മക്കയിലെ ബഹുദൈവ പൂജകരുടെ ലക്ഷണങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നേടത്ത് 'ആളും അര്‍ഥവുമുള്ളവര്‍' (അല്‍ഖലം 14), 'സാധുവിന് ഭക്ഷണം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവര്‍' (അല്‍ഹാഖ 34), 'അഗതിക്ക് ആഹാരം നല്‍കാത്തവര്‍' (അല്‍മുദസ്സിര്‍ 44), 'അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍' (അല്‍മുതഫ്ഫിഫീന്‍ 1-3), 'ധനത്തെ അമിതമായി സ്നേഹിക്കുന്നവര്‍' (അല്‍ഫജ്ര്‍ 20), 'ധനത്തോട് അമിത സ്നേഹമുള്ളവര്‍' (അല്‍ആദിയാത്ത് 8), 'ധനം ശേഖരിക്കുകയും എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍' (അല്‍ഹുമസ 2) എന്നിങ്ങനെയുള്ള ധാരാളം മുതലാളിത്ത ലക്ഷണങ്ങള്‍ എടുത്തു പറഞ്ഞതായി കാണാം.
വിശ്വാസികളെ ഇതിന്റെ എതിര്‍ദിശയില്‍ നടത്താനും പ്രസ്തുത ദുര്‍ഗുണങ്ങളുടെ എതിരാളികളാക്കി മാറ്റാനുമാണ് ഖുര്‍ആന്‍ പാടുപെട്ടത്. 'പാതിരാവിലെ നമസ്കാരക്കാര്‍'എന്നും 'സ്വത്തില്‍ ചോദിച്ചുവരുന്നവന്റെയും ഉപജീവനം തടയപ്പെട്ടവന്റെയും അവകാശം അംഗീകരിച്ചുകൊടുക്കുന്നവര്‍' എന്നും ബഹുദൈവപൂജകരുടെ മറുവശത്ത് മുസ്ലിംകളെ പരിചയപ്പെടുത്തിയത് ശ്രദ്ധേയമാണ്. നമസ്കാരം വഴി പ്രാര്‍ഥനാ തൌഹീദാണ് അവര്‍ സാക്ഷാത്കരിക്കുന്നത്. ദാരിദ്യ്ര നിര്‍മാര്‍ജനത്തിന് യത്നിക്കുക വഴി പണത്തിലെ തൌഹീദും (അദ്ദാരിയാത്ത് 17-19). 'ആഹാരത്തോട് പ്രിയം ഉള്ളതോടൊപ്പം തന്നെ അഗതിയെയും അനാഥരെയും തടവുകാരെയും ദൈവപ്രീതി മാത്രം ആധാരമാക്കി ആഹരിപ്പിക്കുന്നവര്‍' എന്നതും ആദ്യകാല ഏകദൈവവിശ്വാസികളുടെ ലക്ഷണമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട് (അല്‍ഇന്‍സാന്‍ 8,9).
ത്യാഗപൂര്‍ണവും പ്രയാസകരവുമായ ദൈവിക പ്രവര്‍ത്തനമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ്. "അടിമമോചനം, പട്ടിണി നാളില്‍ അഗതിയെയും അനാഥരെയും ആഹരിപ്പിക്കല്‍'' എന്നിവയെ ഖുര്‍ആന്‍ 'മലമ്പാത താണ്ടിക്കടക്കല്‍' ആയാണ് വിശേഷിപ്പിച്ചിരിക്കുന്നത് (അല്‍ബലദ് 11-16).
ചുരുക്കത്തില്‍, തൌഹീദും ശിര്‍ക്കും തമ്മിലുള്ള സംഘര്‍ഷം തന്നെയാണ് ഇസ്ലാമും മുതലാളിത്തവും തമ്മിലുള്ള സംഘര്‍ഷവും. അത് നേരത്തെ തുടങ്ങിയതാണ്. ഇപ്പോഴും തുടരുന്നതാണ്.
തൌഹീദിന്റെ രാജകീയ പ്രാര്‍ഥനാരൂപം നമസ്കാരമാണെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തന രൂപം സകാത്താണ്. വിശുദ്ധ ഖുര്‍ആനില്‍ 27 ഇടങ്ങളില്‍ ഇവ രണ്ടും ചേര്‍ന്നുവന്നത് ഈ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തുന്നുണ്ട്.
തൌഹീദും ശിര്‍ക്കും വേര്‍തിരിയുന്നതില്‍ വിശ്വാസം, നമസ്കാരം, സകാത്ത് എന്നീ മൂന്ന് ഘടകങ്ങളെ ഖുര്‍ആന്‍ ഒന്നിലധികം തവണ എടുത്തു പറഞ്ഞതും ശ്രദ്ധേയമാണ് (അത്തൌബ 5,11). നാശമടയുന്ന ബഹുദൈവ വിശ്വാസികളുടെ ലക്ഷണങ്ങളിലൊന്നായി 'സകാത്ത് നല്‍കാതിരിക്കുന്നു' എന്ന ഖുര്‍ആനിക പരാമര്‍ശവും ശ്രദ്ധേയമാണ് (ഫുസ്സിലത്ത് 6,7).
സകാത്തിനെക്കുറിച്ച ഈ അടിസ്ഥാന ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് മുസ്ലിം സമൂഹത്തില്‍ അതിന് ഇന്ന് മുഖ്യാധാര പരിഗണന ലഭിക്കാത്തത്. അനേകം പള്ളികള്‍ ഉയര്‍ന്നുവരുന്നു. നമസ്കാരത്തിനും സുന്നത്ത് നമസ്കാരത്തിനും വന്‍ പ്രാധാന്യം ലഭിക്കുന്നു. സംഘടിതമായി അത് നിര്‍വഹിക്കപ്പെടുന്നു. ധാരാളം മതകലാലയങ്ങള്‍ പൊങ്ങിവരുന്നു. പക്ഷേ, സകാത്ത് ഇപ്പോഴും പാര്‍ശ്വവത്കരിക്കപ്പെട്ടുതന്നെ കിടക്കുകയാണ്. തജ്ദീദീ-ഇസ്വ്ലാഹീ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഭാഗികമായിട്ട് മാത്രമാണ് സകാത്ത് സംവിധാനം നിലനില്‍ക്കുന്നത്. പലയിടത്തുമത് ഒരു റിലീഫ് കമ്മിറ്റിയുടെ നിലവാരമേ പ്രാപിച്ചിട്ടുള്ളൂ.
ഒന്നുകില്‍ ഞാന്‍ സകാത്ത് നല്‍കേണ്ടവനാണ്, അല്ലെങ്കില്‍ എനിക്ക് ആ ബാധ്യതയില്ല എന്ന് ഉറപ്പുവരുത്താന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്. രണ്ട് റക്അത്ത് സുബ്ഹ് ഞാന്‍ നമസ്കരിച്ചിരിക്കുന്നു എന്ന് ആശ്വസിക്കുംപോലെ, സകാത്ത് ഞാന്‍ കൊടുത്തു വീട്ടിയിരിക്കുന്നു എന്ന് ഉറപ്പു വരുത്താനും അത് നല്‍കാന്‍ ബാധ്യതപ്പെട്ടവന്‍ കടപ്പെട്ടിരിക്കുന്നു. ഒരുതരം അഴകൊഴമ്പന്‍ നിലപാടും അവ്യക്തതയുമാണ് സകാത്ത് വിഷയത്തില്‍ പൊതുവേ നിലനില്‍ക്കുന്നത്. വ്യക്തതയുണ്ടാക്കുന്നതില്‍ പണ്ഡിതന്മാരും ഗുരുതരമായ വീഴ്ചയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
തജ്ദീദിന്റെയും ഇജ്തിഹാദിന്റെയും മനസ്സോടെ സകാത്ത് വിഷയത്തില്‍ ഇടപെടാനും സകാത്തിനെ കരുത്തുറ്റ ഒരു സാമൂഹിക സാമ്പത്തിക പ്രസ്ഥാനമായി വളര്‍ത്തിയെടുക്കാനും തജ്ദീദീ -ഇസ്ലാഹി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നില്ലെങ്കില്‍ അത് ഇസ്ലാമിനോട് ചെയ്യുന്ന ക്രൂരതയായിരിക്കും.
സകാത്ത് വിഷയത്തില്‍ ആദ്യ തജ്ദീദീ സംരംഭത്തിന് നേതൃത്വം കൊടുത്തത് അബൂബക്കര്‍ സ്വിദ്ദീഖ്(റ) ആണ്. നമസ്കാരത്തിന്റെ വിഷയങ്ങള്‍ അബൂബക്കറി(റ)ന്റെ നേതൃത്വം അംഗീകരിച്ച ഒരു സംഘം സകാത്ത് വിഷയത്തില്‍ അത് തള്ളിക്കളഞ്ഞതായിരുന്നു അതിന് കാരണം. രണ്ട് വിഷയത്തിലും എന്റെ നേതൃത്വം അംഗീകരിക്കുംവരെ ഞാന്‍ അവരോട് പടവെട്ടും എന്നദ്ദേഹം പ്രഖ്യാപിക്കുകയും പ്രഖ്യാപനം പ്രയോഗവത്കരിക്കുകയും ചെയ്തു. നമസ്കാരത്തിന്റെ ഇമാമത്തിന്, സകാത്ത് വിട്ടുകൊടുക്കാന്‍ സന്നദ്ധമല്ലെന്നതാണ് ഇപ്പോഴും തുടരുന്ന ഭാഗിക മതപരിത്യാഗം. ഒരുപക്ഷേ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ മഹല്ലുകളില്‍ പോലും തുടരുന്ന ഒരു പ്രതിഭാസവുമാണ്. പല മഹല്ല് കമ്മിറ്റികളും സകാത്ത് സമാഹരിക്കുന്നില്ല. സമാഹരിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, ജമാഅത്തിനും ജുമുഅക്കും പെരുന്നാളിനും വരുന്നവര്‍ തങ്ങള്‍ ആവശ്യപ്പെട്ടാല്‍ സകാത്ത് തരുമെന്ന് ഉറപ്പില്ല. തരണമെന്ന് ആഹ്വാനം ചെയ്യാനുള്ള ധൈര്യം നമസ്കാരത്തിന്റെ ഇമാമിനും ഇല്ല. ഈ രംഗത്താണ് ഒരു ആഭ്യന്തര കലാപവും വിപ്ളവവും നടക്കേണ്ടത്.
സകാത്ത് തന്നിഷ്ടപ്രകാരമാണ് പലരും കൊടുക്കുന്നത്. തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക്, തങ്ങള്‍ക്കിഷ്ടപ്പെട്ട അളവില്‍ അത് കൊടുത്തുവരികയാണ്. ആരും അറിയുന്നില്ല. ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. പണം കണക്കൂട്ടുന്നതും, ചെലവ് കണക്കുകൂട്ടുന്നതും മിച്ചം നിര്‍ണയിക്കുന്നതും നിസ്വാബ് കണ്ടെത്തുന്നതും സകാത്ത് വിതരണം ചെയ്യുന്നതും മുതലാളിമാരാണ്. ഇങ്ങനെ ഒരു സകാത്ത് ഇസ്ലാമിലുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാന്‍ ഒട്ടും സംശയിക്കേണ്ടതില്ല. ഒരുതരം അനിസ്ലാമിക സകാത്ത് വിതരണ രീതിയുടെ ഫിഖ്ഹ് പഠിപ്പിക്കലാണ് പണ്ഡിതന്മാരുടെയും സംഘടനാ നേതാക്കളുടെയും ജോലി. സകാത്തിന്റെ ഫിഖ്ഹ് പഠിക്കാനും പഠിപ്പിക്കാനും ഒരു പ്രയാസവും ഇല്ല. അതിന്റെ ഇസ്ലാമിക രീതി നടപ്പിലാക്കാനാണ് പ്രയാസം. നികാഹ് ഖുത്വ്ബ, ജുമുഅ ഖുത്വ്ബ, സ്ത്രീ പള്ളിപ്രവേശം, മൌലിദ്-റാത്തീബ് വിരോധം ഇവയിലൊക്കെ കാണിച്ച സുന്നത്തിനോടുള്ള പ്രതിബദ്ധത സകാത്തിനോടും കാണിക്കണം. അതിന് ആരാണ് ഒരുക്കം എന്നതാണ് പ്രധാനം.
ചെലവ് കഴിച്ച് മിച്ചമോ?
ചെലവ് കഴിച്ച് മിച്ചം വരുന്ന സ്വത്തില്‍ നിസ്വാബ് പരിശോധിച്ച് നബി(സ) ഒരിക്കലും സകാത്ത് സ്വീകരിച്ചിട്ടില്ല. നബി(സ) സകാത്ത് സ്വീകരിച്ചത് കച്ചവട സംഘങ്ങളെ തടഞ്ഞിട്ട് കണക്കെടുത്തിട്ടാണ്. അപ്പോള്‍ അവരോട് നിന്റെ പുരച്ചെലവും കഴിച്ച് എത്ര ബാക്കിവരുന്നു എന്നല്ല റസൂല്‍ ചോദിച്ചത്. കണക്കെടുപ്പില്‍ നിസ്വാബുണ്ടെങ്കില്‍ സകാത്ത് ചുമത്തുകയാണ് ചെയ്തത്. അഥവാ മൊത്ത വരുമാനത്തില്‍ നിസ്വാബുണ്ടെങ്കില്‍ സകാത്ത് ചുമത്തും. നബി(സ)യും നബിയുടെ ഉദ്യോഗസ്ഥന്മാരും കൃഷിയിടങ്ങളില്‍ പര്യടനം നടത്തി സകാത്ത് ചുമത്തുകയാണ് ചെയ്തത്. വിളവെടുപ്പ് കഴിഞ്ഞാല്‍ പുരച്ചെലവ് കഴിച്ച് ബാക്കി വരുന്ന സംഖ്യ നിസ്വാബുണ്ടെങ്കില്‍ തരണം എന്നതല്ല വ്യവസ്ഥ. മറിച്ച് മൊത്തം കൃഷിയിടത്തിലെ ഉല്‍പന്നമതിപ്പ് നിസ്വാബുണ്ടെങ്കില്‍ നബി(സ)യും സ്വഹാബത്തും ഖലീഫമാരും സകാത്ത് ചുമത്തുകയായിരുന്നു ചെയ്തുവന്നത്. മൃഗങ്ങളെ വളര്‍ത്തുന്ന ഫാമുകള്‍ സന്ദര്‍ശിക്കുകയും നിസ്വാബ് നിര്‍ണയിച്ച് സകാത്ത് പിരിക്കുകയും ചെയ്യുന്ന രീതിയാണ് നബിയുടെയും ഖലീഫമാരുടെയും കാലത്തുണ്ടായിരുന്നത്. മൊത്തം വരുമാനത്തിന് സകാത്ത് ബാധകമാണ് എന്ന് പഠിപ്പിക്കാത്ത കാലത്തോളം സകാത്ത് പ്രായോഗികമാക്കാന്‍ തന്നെ സാധ്യമല്ല.
"തന്റെ പിതാവ് പറഞ്ഞതായി അബൂ അംറിബ്നു ഹിമാസ് ഇങ്ങനെ പ്രസ്താവിക്കുന്നു: ഞാന്‍ തോലും ആവനാഴിയും വില്‍ക്കുകയായിരുന്നു. അപ്പോള്‍ ഉമര്‍(റ) എന്റെ അരികിലൂടെ കടന്നുപോയി. അദ്ദേഹം പറഞ്ഞു: മുതലിന്റെ സ്വദഖ നല്‍കുക. ഞാന്‍ ചോദിച്ചു: അമീറുല്‍ മുഅ്മിനീന്‍, ഇത് വെറും തോല്‍ മാത്രമാണല്ലോ? അമീറുല്‍ മുഅ്മിനീന്‍ പറഞ്ഞു: അതിന് വില കെട്ടുക. എന്നിട്ട് അതിന്റെ സ്വദഖ നല്‍കുക'' (ശാഫിഈ, അഹ്മദ്, അബൂ ഉബൈദ്, ദാറുഖുത്നി, ബൈഹഖി, അബ്ദുര്‍റസാഖ് എന്നിവര്‍ ഉദ്ധരിച്ചത്).
അബൂ ഹുമൈദുസ്സാഇദി പ്രഖ്യാപിക്കുന്നു: "നബി(സ)യോടൊപ്പം ഞങ്ങള്‍ തബൂക്ക് യുദ്ധത്തിനു പോയി. അങ്ങനെ വാദില്‍ ഖുറാഇല്‍ എത്തിയപ്പോള്‍ ഒരു സ്ത്രീയുണ്ട് അവരുടെ തോട്ടത്തില്‍. അവരോട് നബി(സ) 'നിങ്ങള്‍ മതിപ്പ് കണക്കാക്കുക' എന്ന് ആവശ്യപ്പെടുകയും 10 വസ്ഖ് ഉണ്ടെന്ന് നബി മതിക്കുകയും ചെയ്തു'' (ബുഖാരി റിപ്പോര്‍ട്ട് ചെയ്തത്).
റസൂല്‍(സ) ഇങ്ങനെ ഉപദേശിച്ചതായി സഹ്ലുബ്നു അബീ ഹഥ്മ(റ) നിവേദനം ചെയ്യുന്നു: "നിങ്ങള്‍ മതിപ്പു കണക്കാക്കിയാല്‍ തദനുസാരം സകാത്ത് വസൂല്‍ ചെയ്യുക. മൂന്നിലൊന്ന് ഒഴിവാക്കി കൊടുക്കുക. മൂന്നില്‍ ഒന്ന് ഒഴിവാക്കുന്നില്ലെങ്കില്‍ നാലില്‍ ഒന്നെങ്കിലും ഒഴിവാക്കുക'' (ഹാകിം, ഇബ്നു ഹിബ്ബാന്‍).
ഈ സംഭവങ്ങളിലെല്ലാം സകാത്ത് നിര്‍ണയിക്കുന്നതും നിസ്വാബ് കണക്കാക്കുന്നതും മുതലാളിയല്ല; റസൂലോ റസൂലിന്റെ പ്രതിനിധിയോ ആണ്. ഈ നിലവാരം സകാത്തിന് ലഭിക്കാത്ത കാലത്തോളം സകാത്ത് ഫലപ്രദമാവുകയില്ല.
പ്രതിമാസം 25000 രൂപ വരുമാനുള്ളവര്‍ പ്രതിവര്‍ഷം സകാത്ത് നല്‍കേണ്ടത് മൂന്ന് ലക്ഷം രൂപക്കാണ്. മൂന്ന് ലക്ഷം രൂപയുടെ രണ്ടര ശതമാനമാനം 7500 രൂപ സകാത്ത് നല്‍കുന്നതോടെയാണ് അദ്ദേഹത്തിന്റെ ബാധ്യത പൂര്‍ത്തിയാവുന്നത്. 7500 രൂപ സകാത്ത് ഇനത്തില്‍ നീക്കിവെച്ചതിനു ശേഷമാണ് അദ്ദേഹം തന്റെ ആവശ്യത്തിന് ആ സംഖ്യ ചെലവഴിക്കേണ്ടത്. അപ്പോഴാണ് സ്വന്തം ആവശ്യത്തിന് ശുദ്ധ ധനം ചെലവഴിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നത്.
ഒരു വര്‍ഷം പതിനായിരം തേങ്ങ വിളവെടുത്ത വ്യക്തി സ്വന്തം നിലക്ക് നന ഇല്ലാത്ത ഭൂമിയിലെ വിളവെടുപ്പാണെങ്കില്‍ ആയിരം തേങ്ങ സകാത്തായി നല്‍കുമ്പോഴാണ് സകാത്ത് ബാധ്യതയില്‍ നിന്ന് അദ്ദേഹം വിമുക്തനാവുന്നത്. അപ്പോഴാണ് ബാക്കി തേങ്ങ ശുദ്ധ വിളവായി മാറുന്നതും അദ്ദേഹത്തിന് ഉപയോഗിക്കാന്‍ ഹലാലായിത്തീരുന്നതും. നൂറ് പവന്‍ സ്വര്‍ണം ഉടമപ്പെടുത്തിയ വ്യക്തി പ്രതിവര്‍ഷം രണ്ടര പവന്‍ സകാത്തായി നല്‍കുകയാണ് വേണ്ടത്. ഈ സ്വഭാവത്തില്‍ വാര്‍ഷിക വരുമാനവും വിളവെടുപ്പും നിര്‍ണയിച്ച് രണ്ടര ശതമാനം മുതല്‍ 10 ശതമാനം വരെ സകാത്ത് നല്‍കുകയും അതെല്ലാം തന്നെ മഹല്ലിന്റെ നിയന്ത്രണത്തിലുള്ള സകാത്ത് ഫണ്ടില്‍ സമാഹരിക്കുകയും ചെയ്താല്‍ യാചന, തെണ്ടിപ്പിരിവ് എന്നിവ അവസാനിപ്പിക്കാനും സമൂഹത്തിന്റെ സാമ്പത്തിക വികസനത്തില്‍ മഹല്ലുകള്‍ക്ക് ഇടപെടാനും ദാരിദ്യ്ര നിര്‍മാര്‍ജന രംഗത്ത് ഉജ്വലമായ പങ്ക് നിര്‍വഹിക്കാനും സാധിക്കുന്നതാണ്.
20 ദീനാറും അഞ്ച് വസ്ഖുമാണ് പ്രവാചകന്റെ കാലഘട്ടത്തിന്റെ അടിസ്ഥാന നിസ്വാബ്. പുതിയ കാലത്ത് അത് പത്തര പവന്‍ സ്വര്‍ണമായും ആറര ക്വിന്റല്‍ അരിയായും നിര്‍ണയിക്കാവുന്നതാണ്. രണ്ടര ശതമാനം ബാധമാകുന്നതെല്ലാം പത്തര പവന്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ അടിസ്ഥാന മൂലധനവും മാര്‍ജിനും കൂട്ടിച്ചേര്‍ത്ത് സകാത്ത് നിര്‍ണയിക്കണം. ശമ്പളം, കച്ചവടം, റിയല്‍ എസ്റേറ്റ് തുടങ്ങിയവക്കെല്ലാം ഈ നിസ്വാബും വിഹിതവുമാണ് ബാധകമാവുക. കാരണം അവയുടെ മൂലധനത്തിനും മാര്‍ജിനും സകാത്തുണ്ട്.
ആറര ക്വിന്റല്‍ അരി നമ്മുടെ മുഖ്യ ഭക്ഷ്യ ഉല്‍പന്നമെന്ന നിലക്കാണ് പരിഗണനീയമാവുന്നത്. എല്ലാ കാര്‍ഷിക വിളകളെയും മൂലധനത്തിന് സകാത്ത് ബാധകമല്ലാത്ത വാഹന, വാടക, വ്യവസായ വരുമാനങ്ങളെയും അഞ്ചു ശതമാനം അല്ലെങ്കില്‍ പത്തു ശതമാനം ബാധകമാവുന്ന ഇനത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്.
'ആകാശ നന' എന്ന സാങ്കേതിക പ്രയോഗത്തെ 'നടത്തിപ്പ് ചെലവുകള്‍, കൃഷിച്ചെലവുകള്‍' എന്നായി പുനര്‍ വായിക്കാവുന്നതാണ്. അതുപ്രകാരം നടത്തിപ്പ് ചെലവുള്ള വ്യവസായ വരുമാനത്തിന് അഞ്ചു ശതമാനം സകാത്ത് നല്‍കണം. അഥവാ ഒരു വ്യവസായ യൂനിറ്റിന്റെ വാര്‍ഷിക വരുമാനം ഒരു കോടി രൂപയാണെങ്കില്‍ അഞ്ചു ലക്ഷം രൂപ സകാത്ത് ഇനത്തില്‍ നീക്കിവെക്കണമെന്ന് ചുരുക്കം.
സകാത്തിനെ മലയാളീകരിക്കാനും സകാത്തിന്റെ ഫിഖ്ഹിനെ ലഘൂകരിക്കാനും സകാത്ത് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങള്‍ക്ക് നിയമങ്ങള്‍ പറഞ്ഞുകൊടുക്കാനും പണ്ഡിതന്മാരും നേതാക്കളും സന്നദ്ധമാവാത്ത കാലത്തോളം സകാത്ത് പ്രയോഗത്തില്‍ വരികയില്ല. പൂച്ചക്ക് ആര് മണികെട്ടും?
ഫിത്വ്ര്‍ സകാത്ത്
നോമ്പില്‍ നിന്ന് വിരമിക്കുന്നത് വഴി നിര്‍ബന്ധമാവുന്ന ദാനമാണിത്. വ്യക്തിക്കാണ് ഈ സകാത്ത് ബാധകമാവുന്നത്, സ്വത്തിനല്ല. ഒരാള്‍ക്ക് ഒരു സ്വാഅ് മുഖ്യ ധാന്യമാണ് നല്‍കേണ്ടത്. ഇക്കാലത്ത് അത് 2200 ഗ്രാം അരിയാണ്. ഓരോരുത്തരും വിലമതിക്കുകയും പ്രാധാന്യം നല്‍കുകയും സാധാരണ ഉപയോഗിക്കുകയും ചെയ്യുന്ന അരിയാണ് നല്‍കേണ്ടത്. പച്ചരി, കുറുവ, കയമ, പൊന്നി ഏതുമാവാം. മുന്തിയ ഇനം അരിയുടെ ചോറു വെച്ചു തിന്നുന്നവന്‍ താണ ഇനം അരി ഫിത്വ്ര്‍ സകാത്തായി നല്‍കിയാല്‍ സ്വീകാര്യമാവുകയില്ല.
നോമ്പുകാരന്റെ ശുദ്ധീകരണവും ദരിദ്രരുടെ ഭക്ഷണവുമാണ് ഫിത്വ്ര്‍ സകാത്തെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരും തനിക്ക് വേണ്ടിയും തന്റെ ആശ്രിതര്‍ക്ക് വേണ്ടിയും ഫിത്വ്ര്‍ സകാത്ത് നല്‍കണം. തന്റെ കുടുംബത്തില്‍ താനടക്കം ആശ്രിതര്‍ ഉള്‍പ്പെടെ പത്ത് പേരുണ്ടെങ്കില്‍ ഒരാള്‍ 22 കിലോ അരിയാണ് ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടത്.
ആളുകള്‍ ചുറ്റിത്തിരിഞ്ഞ് യാചകവേഷത്തില്‍ സഞ്ചരിക്കുന്നത് പെരുന്നാളിന് ചേര്‍ന്നതല്ല. എല്ലാവരുടെയും വീട്ടില്‍ അന്തസ്സോടെ ഭക്ഷണം ഉണ്ടാക്കാനുള്ള അവസരം ഉണ്ടാവണമെന്നതാണ് ഫിത്വ്ര്‍ സകാത്തിന്റെ ലക്ഷ്യം. പക്ഷേ, പിന്നീട് ഫിത്വ്ര്‍ സകാത്ത് ശേഖരണം തന്നെ ഒരു യാചനയായി മാറിയിരിക്കുകയാണ്. ഓരോ മഹല്ലിലെയും ഫിത്വ്ര്‍ പള്ളിയില്‍ ശേഖരിക്കണം. മഹല്ല് പരിധിയിലെ 'മിസ്കീനു'കള്‍ക്ക് മാത്രം വിതരണം ചെയ്യണം.
മിസ്കീന്‍ അല്ലാത്തവര്‍ക്കും ബര്‍ക്കത്തിന്റെ അരിയായി ഫിത്വ്ര്‍ സകാത്ത് നല്‍കിവരുന്ന രീതി ഇന്ന് സമ്പന്ന മഹല്ലുകളില്‍ നിലനില്‍ക്കുന്നുണ്ട്. വിതരണത്തിലെ അനിസ്ലാമികത പരിഹരിക്കുന്നതില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ശേഖരിക്കപ്പെടുന്ന ഫിത്വ്ര്‍ സകാത്ത് മഹല്ല് പരിധിയില്‍ അനര്‍ഹര്‍ക്ക് പോലും നല്‍കി കാര്യം തീര്‍ക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. പിന്നാക്ക പ്രദേശങ്ങളും ദരിദ്ര കോളനികളും പട്ടിണിക്കാരുടെ കേന്ദ്രങ്ങളും കണ്ടെത്തി മഹല്ല് പരിധി ലംഘിച്ച് ഫിത്വ്ര്‍ സകാത്ത് വിതരണം ഫലപ്രദമാക്കാന്‍ നവോത്ഥാന സംഘടനകള്‍ സന്നദ്ധമാവണം.
ഒരു സമ്പന്നന്‍ ഫിത്വ്ര്‍ സകാത്ത് വിഹിതം ഭക്ഷിക്കുന്നത് ഹറാമാണ്. അവന്‍ കഴിക്കുന്നത് ബാത്വിലാണ്. മിസ്കീനിന്റെ അവകാശം കവരലാണ്. അതുകൊണ്ട് കരുതിയിരിക്കണം. സമ്പന്ന മഹല്ലുകള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ശേഖരണ - വിതരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഭാരവാഹികളും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, റസൂലിന്റെ നിര്‍ദേശവും ശര്‍ഇന്റെ ലക്ഷ്യവും വിതരണത്തില്‍ പാലിക്കാതിരുന്നാല്‍ ഭാരവാഹികള്‍ കുറ്റക്കാരാവും; ശിക്ഷിക്കപ്പെടും.
Comments