Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

നമ്മുടെ പത്രമാപ്പീസുകളില്‍ എത്ര ബ്രെയ്‌വിക്മാരുണ്ട്

സി. ദാവൂദ്

മലയാളത്തിലെ ആദ്യത്തെ ദിനപത്രം, സാക്ഷര കേരളത്തിന്റെ ആദ്യാക്ഷരം എന്നിവയാണ് ദീപികയുടെ പരസ്യ വാചകങ്ങള്‍. മാധ്യമ വിദ്യാര്‍ഥികള്‍ അതിനാല്‍ തന്നെ ഏറെ ഗൗരവത്തിലെടുക്കേണ്ട പത്രം. പ്രസ്തുത പത്രത്തില്‍, 2011 ജനുവരി 13-ന് ഒന്നാം പേജില്‍ മുഖ്യതലക്കെട്ടായി വന്ന വാര്‍ത്തയാകട്ടെ, പുതിയ കാലത്ത് മാധ്യമ പഠനങ്ങള്‍ക്ക് ആമുഖമാകാവുന്ന ഒരു ഉരുപ്പടിയാണ്. വാര്‍ത്താ തലക്കെട്ട് ഇങ്ങനെ: 'റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചെന്ന് പ്രചാരണം'. കണ്ണൂര്‍ ഡേറ്റ്‌ലൈനില്‍ പി. ജയകൃഷ്ണന്‍ എന്നയാളാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്വാഭാവികമായും പാനൂരിലോ കൂത്തുപറമ്പിലോ കണ്ണൂരിലെ അതുപോലുള്ള മറ്റേതെങ്കിലും യുദ്ധമുന്നണിയിലോ ഒരാള്‍കൂടി കൊല്ലപ്പെട്ടുവെന്നേ വായനക്കാര്‍ ഒറ്റനോട്ടത്തില്‍ കരുതുകയുള്ളൂ. പക്ഷേ, വാര്‍ത്തയിലേക്കിറങ്ങുമ്പോള്‍ നാം ശരിക്കും അമ്പരന്നു പോവും. കാരണം, കണ്ണൂരിലല്ല, അങ്ങ് കറാച്ചിയിലാണ് കൊല നടന്നിരിക്കുന്നത്! കറാച്ചിയില്‍ നടന്ന കൊല കണ്ണൂരിലെ ബ്യൂറോവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ലേഖകന്റെ അതിമിടുക്കില്‍ നാം അന്തം വിട്ടു നില്‍ക്കെയാണ് വാര്‍ത്തയിലെ രണ്ടാം ഖണ്ഡം. അതിങ്ങനെ: 'അധോലോക നേതാവായ ഛോട്ടാരാജനാണ് കറാച്ചിയില്‍ റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചതായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ ഇന്ത്യയിലെ അന്വേഷണ വിഭാഗങ്ങളോ വാര്‍ത്താ ഏജന്‍സികളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല...'
കൊല നടന്നത് കറാച്ചിയില്‍, അക്കാര്യം സ്ഥിരീകരിച്ചത് മുംബൈയിലെ കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്‍, ഇന്ത്യയിലെ ഇന്റലിജന്‍സ് ബ്യൂറോവിനോ വാര്‍ത്താ ഏജന്‍സികള്‍ക്കോ സ്ഥിരീകരിക്കാന്‍ കഴിയാത്ത കൊലപാതകം, അങ്ങനെയുള്ളൊരു കാര്യമാണ് ഒരു മലയാള പത്രത്തിന്റെ ജില്ലാ ലേഖകന്‍ മാത്രമായ ആള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? നമ്മുടെ പത്രലേഖകര്‍, ജില്ലാ-പ്രാദേശിക ലേഖകര്‍ പോലും 'അന്താരാഷ്ട്ര തീവ്രവാദം' എന്ന ബൈറ്റ് ചെയ്യാന്‍ എന്തു മാത്രം മിടുക്കരാണ് എന്നതാണ് അതിലൊന്ന്. വിഷയം അന്താരാഷ്ട്ര തീവ്രവാദമാണെങ്കില്‍ ദേശാന്തരീയ ബ്യൂറോ സംവിധാനങ്ങളുള്ള വാര്‍ത്താ ഏജന്‍സികളെപ്പോലും മറികടന്നു കൊണ്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ശേഷിയുള്ള പ്രാദേശിക ലേഖകര്‍ നമ്മുടെ പത്രസ്ഥാപനങ്ങള്‍ക്കുണ്ട്. അത് മുഖ്യ തലക്കെട്ടായി നല്‍കാന്‍ മാത്രം പ്രഫഷനല്‍ എക്‌സലന്‍സുള്ള പത്രാധിപന്മാരും നമുക്കുണ്ട്. എന്നു മാത്രമല്ല, അത്തരം വാര്‍ത്തകളെ വെറുതെ കാറ്റില്‍ വിടാതെ പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള മിടുക്കും ഈ ലേഖകര്‍ക്ക് വേണ്ടതിലധികമുണ്ട്. മേല്‍പറഞ്ഞ കറാച്ചി/കണ്ണൂര്‍ വാര്‍ത്ത തന്നെ റിയാസ് ഭട്കലുമായി ബന്ധമുള്ള മലപ്പുറത്തെ ഒരു ബഷീറിനെക്കുറിച്ച് പറഞ്ഞ് കൊണ്ടാണ് അവസാനിക്കുന്നത്. നല്ലവരായ വായനക്കാര്‍ മലപ്പുറത്ത് പോവുമ്പോഴൊക്കെ ഒന്ന് 'കരുതാന്‍' ഇത്തരം വാര്‍ത്തകള്‍ ഏറെ ഉപകരിക്കും.
തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന അനിതര സാധാരണമായ ഈ വൈഭവം നാം ഏറെ കണ്ടതാണ്. തിരുവനന്തപുരത്ത് നടന്ന ലെറ്റര്‍ ബോംബ് സംഭവം, അതിലെ സൂത്രധാരനായ 'അന്താരാഷ്ട്ര തീവ്രവാദി' മുഹ്‌സിനെ പുറത്തു കൊണ്ടുവരുന്നതില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളും കാണിച്ച ഏകോപനം, പിന്നീട് മറ്റൊരു പ്രതി പിടിക്കപ്പെട്ടപ്പോള്‍ ആളെ മനോരോഗിയാക്കുന്നതില്‍ കാണിച്ച ക്ലിനിക്കല്‍ എക്‌സലന്‍സ്, തിരുവനന്തപുരത്ത് തന്നെ കിംഗ് ഫിഷര്‍ വിമാനത്തിലെ ബോംബും ഇന്ത്യന്‍ മുജാഹിദീനുമായുള്ള ബന്ധം അന്നേ ദിവസം തന്നെ പുറത്തുകൊണ്ടു വന്നത്, പിന്നീട് ബോംബ് വെച്ചയാള്‍ അവകാശവാദമുന്നയിച്ചപ്പോള്‍ ബോംബിനെ ഗുണ്ട് ആക്കി മാറ്റിയ കെമിക്കല്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യം, ശബരിമലയിലെ പുല്ലുമേട്ടില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായപ്പോള്‍ അവിടെ കിടന്നിരുന്ന ജീപ്പും അന്താരാഷ്ട്ര തീവ്രവാദികളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുന്നതില്‍ കാണിച്ച മിടുക്ക്.... അങ്ങനെ അന്താരാഷ്ട്ര തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും അസാധാരണ മിടുക്ക് നമ്മുടെ പത്രപ്രവര്‍ത്തകര്‍ കാണിച്ചിട്ടുണ്ട്. ആ മിടുക്കാണ് മലയാളത്തിന്റെ സുപ്രഭാതമായി, പത്രത്തോടൊപ്പം പ്രചരിക്കുന്ന സംസ്‌കാരമായി നാട്ടില്‍ പ്രചരിക്കുന്നത്.
അന്താരാഷ്ട്ര തീവ്രവാദത്തില്‍ വിദഗ്ധരായവര്‍ക്ക് ലഭിക്കാവുന്ന മികച്ചൊരു ഉരുപ്പടിയായിരുന്ന കഴിഞ്ഞയാഴ്ച നോര്‍വെയില്‍ നടന്ന കൂട്ടക്കൊല. പക്ഷേ, ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക് എന്നൊരു ചെറുപ്പക്കാരനാണ് കൊലയാളിയെന്നറഞ്ഞപ്പോള്‍ തന്നെ അതിന്റെ രസച്ചരട് പൊട്ടി. പ്രത്യേകിച്ച് ആസൂത്രണമോ അന്താരാഷ്ട്ര ബന്ധമോ ഒന്നുമില്ലാത്ത ഒരു പാവം. അദ്ദേഹത്തിന് ബാധിച്ച മനോരോഗമെന്തായിരിക്കും എന്നന്വേഷിക്കുന്നതിലായിരുന്നു പല ലേഖകരുടെയും താല്‍പര്യം. നോര്‍വെയില്‍ നടന്നതില്‍ നമുക്കെന്ത് കാര്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അയാളെ കുറ്റപ്പെടുത്താനും പറ്റില്ല. അതിനാല്‍, സ്വാഭാവികമായും, പ്രാദേശികമായ താല്‍പര്യങ്ങള്‍ ഇല്ലാത്തതിനാലാവണം നാട്ടിലെ പത്രങ്ങള്‍ വിഷയത്തിന് അത്രയങ്ങ് എരിവ് കൊടുക്കാന്‍ മെനക്കെട്ടതു കണ്ടില്ല. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കാര്യങ്ങളില്‍ പുതിയ വെളിച്ചം കിട്ടുന്നത്. ബ്രെവിക് ആള് നാം വിചാരിച്ച മാതിരി സാധുവല്ല. കക്ഷി സ്വന്തമായി ഒരു മാനിഫെസ്റ്റോ എഴുതിത്തയാറാക്കി ഒരു സംഘടന കൊണ്ടുനടക്കുന്ന ആളാണ്. 1518 പേജുള്ള പ്രസ്തുത മാനിഫെസ്റ്റോയുടെ ഉള്ളടക്കം, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളില്‍ പലതും പുറത്തു വിട്ടു. ഹൊ, മാനിഫെസ്റ്റോയൊക്കെ അങ്ങ് യൂറോപ്പില്‍, എന്ന മട്ടില്‍ നമ്മുടെ പത്രക്കാര്‍ക്ക് സ്വാഭാവികമായും അതും ഒഴിവാക്കാം. പക്ഷേ, മാനിഫെസ്റ്റോ ഓടിച്ച് വായിക്കുന്ന ആരുടെയും ശ്രദ്ധയില്‍ പെടുമാറ് 102 പേജുകളില്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഇന്ത്യയിലെ തന്റെ മഹാന്മാരായ സുഹൃത്തുക്കളെക്കുറിച്ച്, മഹത്തായ സംഘടനകളെക്കുറിച്ച്, അവരെ സഹായിക്കേണ്ടതിനെക്കുറിച്ചൊക്കെ വിശദമായ പരാമര്‍ശങ്ങളുണ്ട്. ബി.ജെ.പി, ആര്‍.എസ്.എസ്, എ.ബി.വി.പി, വി.എച്ച്.പി എന്നീ സംഘടനകള്‍ ഇന്ത്യയില്‍ നിര്‍വഹിക്കുന്ന മഹത്തായ ദൗത്യങ്ങളെക്കുറിച്ച് ബ്രെവിക് മാനിഫെസ്റ്റോയില്‍ വാചാലനാവുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി അവരുടെ വെബ്‌സൈറ്റ് വിലാസവുമുണ്ട്. 'മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള യുദ്ധ'ത്തില്‍ മേല്‍ സംഘടനകള്‍ക്ക് ബ്രെവിക് തന്റെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. സംഘപരിവാര്‍ ചരിത്രകാരന്മാരായ കെ.എസ് ലാല്‍, ശ്രീനന്ദന്‍ വ്യാസ് എന്നിവരെ പേരെടുത്ത് പ്രശംസിക്കുന്നുണ്ട്. അതായത്, നോര്‍വെ ഭീകരാക്രമണത്തെ 'ഫോളോ' ചെയ്യാന്‍ പ്രഫഷനല്‍ റീസണ്‍സ് വേണ്ടുവോളമുണ്ട്. പക്ഷേ, അന്താരാഷ്ട്ര തീവ്രവാദ വിദഗ്ധര്‍ പൊടുന്നനെ എവിടെയോ ഓടിയൊളിച്ച മട്ടായി. ആരും ഒരു സ്റ്റോറിയും ബ്രേക്ക് ചെയ്യുന്നില്ല. ആര്‍.എസ്.എസ്സുമായി ബ്രെവികിനുള്ള ബന്ധത്തെക്കുറിച്ച അന്വേഷണങ്ങളില്ല. സര്‍ സംഘ് ചാലകിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആരും പോയില്ല. നോര്‍വെ സംഭവത്തിന്റെ ക്ലിപ്പിംഗിനോടൊപ്പം ആര്‍.എസ്.എസ്സിന്റെ സായുധ മാര്‍ച്ചുകളുടെ വിഷ്വല്‍സ് ഒരു ടി.വിയും കാണിച്ചില്ല. അന്താരാഷ്ട്ര തീവ്രവാദമെല്ലാം ഒരു കണ്ണിമവെട്ടല്‍ നേരം കൊണ്ട് ആവിയായിപ്പോയ പോലെ. ഒന്നും ആരും എഴുതിയില്ല എന്ന് പറയുന്നത് പൂര്‍ണമായും ശരിയാവില്ല. ബ്രെവികിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച വാര്‍ത്തകള്‍ പല ഏജന്‍സികളും പുറത്തുവിട്ട ദിവസം മനോരമയും ആ വിഷയത്തില്‍ ഒരു വാര്‍ത്ത കൊടുത്തിരുന്നു; അതിങ്ങനെ: 'നോര്‍വെ കൊലയാളിക്ക് ബ്രിട്ടീഷ് തീവ്രവാദി ബന്ധം'. ബ്രിട്ടനിലെ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന വലതുപക്ഷ സംഘടനയുമായി ബ്രെയ്‌വികിനുള്ള ബന്ധമാണ് വാര്‍ത്തയില്‍ വിസ്തരിക്കുന്നത് (2011 ജൂലൈ 27). പക്ഷേ, അതില്‍പോലും ബ്രെവികിന്റെ ആര്‍.എസ്.എസ് പ്രകീര്‍ത്തനങ്ങളെക്കുറിച്ച് പത്രം ഒന്നും മിണ്ടിയതേയില്ല. കണ്ണൂരിലിരുന്ന് കറാച്ചിയിലെ തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വേറൊരു രീതിയാണിത്. ഇന്ത്യയിലിരുന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ബ്രെയ്‌വികും തമ്മിലുള്ള ബന്ധം റിപ്പോര്‍ട്ട് ചെയ്യുക; ആര്‍.എസ്.എസും ബ്രെവികും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിലുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യട്ടേ എന്നതായിരിക്കും പത്രാധിപരുടെ ആത്മഗതം!
ചില സുഹൃത്തുക്കള്‍ ഇങ്ങനെ ചോദിക്കാറുണ്ട്: സുഹൃത്തേ, ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ സ്ഥിരമായി എഴുതുന്നുവല്ലോ, എന്തിന് നിരന്തരം ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എഴുതുന്നു? ചോദ്യത്തില്‍ ചില ന്യായങ്ങളുണ്ട്. മാധ്യമങ്ങളുടെ പ്രകടവും അങ്ങേയറ്റം അശ്ലീലവുമായ ഇരട്ട സമീപനത്തെക്കുറിച്ച് നാമേറെ ചര്‍ച്ച ചെയ്തതാണ്. പക്ഷേ,  പിന്നെയും പിന്നെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമുക്ക് അതുതന്നെ പറയേണ്ടിവരുന്നു. ഇതൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക, ഡോക്യുമെന്റ് ചെയ്യുക എന്നത് തന്നെയാണ് അളിഞ്ഞ ഈ 'മാധ്യമ കാല'ത്തെ പ്രതിരോധ പ്രവര്‍ത്തനമെന്ന് നാം മനസ്സിലാക്കുക.
മുംബൈയില്‍ നിന്നിറങ്ങുന്ന ഡിഎന്‍എ പത്രത്തില്‍ ജൂലൈ 16-ന് സുബ്രഹ്മണ്യ സ്വാമി 'ഇസ്‌ലാമിക ഭീകരതയെ എങ്ങനെ തുടച്ചു നീക്കാം' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിരുന്നു. ബാല്‍താക്കറെയെപ്പോലും കടത്തിവെട്ടുന്ന വര്‍ഗീയ വിഷപ്രയോഗത്തിന്റെ മികച്ച മാതൃകയായിരുന്നു പ്രസ്തുത ലേഖനം. ഒരു പക്ഷേ, ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഇത്രയും വിഷലിപ്തവും മുരത്ത വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ ലേഖനം എഡിറ്റ് പേജില്‍ ഒരു പത്രത്തിലും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടാവില്ല. ഹലാല്‍ വധം അവസാനിച്ചുകിട്ടാന്‍ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സ്വാമി ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. ഹിന്ദുക്കള്‍ അതിക്രൂരമായ കൂട്ടക്കൊലകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളെ എണ്ണിയ കൂട്ടത്തില്‍ മലപ്പുറവും പ്രസ്തുത ലേഖനത്തില്‍ സ്വാമി ലിസ്റ്റ് ചെയ്തിട്ടുണ്ട്! മുംബൈയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ലേഖനത്തിനെതിരെ രംഗത്ത് വരികയും മതവൈരം പ്രചരിപ്പിച്ചതിന് 153 (എ) വകുപ്പ് പ്രകാരം സ്വാമിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ ന്യൂനപക്ഷ കമീഷനും ലേഖനത്തിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. എന്നാല്‍ പുരോഗമന കേരളത്തില്‍, സ്വാമിയുടെ ലേഖനം പ്രത്യക്ഷപ്പെട്ട് കൃത്യം 10 ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ 26-ന് പരിഭാഷ വന്നു. മലയാളത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്‍ എഡിറ്ററായുള്ള ജന്മഭൂമിയാണ് പ്രസ്തുത ലേഖനം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ലീലാ മോനോനെപ്പോലുള്ള ഒരാള്‍ ഇത്തരം ഭ്രാന്തന്‍ വിദ്വേഷ പ്രചാരണത്തിന് പത്രാധിപത്യം വഹിക്കുന്നുവെന്നത് മാത്രമല്ല, പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുണ്ടായ ശബ്ദങ്ങളൊന്നും ഇവിടെ പരിഭാഷ വന്നപ്പോളുണ്ടായില്ല എന്നതാണ് നമ്മെ ദുഃഖിപ്പിക്കേണ്ടത്. വിദ്വേഷ വിഷം ചീറ്റി നാടു ചുറ്റുന്ന സുബ്രഹ്മണ്യന്‍ സ്വാമിക്ക് എപ്പോഴും മലയാള മാധ്യമങ്ങള്‍ മികച്ച പരിചരണമാണ് നല്‍കിപ്പോന്നത്. എന്തിനേറെ, കഴിഞ്ഞ ഫെബ്രുവരി 24-ന്, മലയാളത്തിലെ സര്‍വാദരണീയനായ പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍ സത്യവ്രതനെ അനുസ്മരിക്കാന്‍, ഇന്റര്‍നാഷ്‌നല്‍ മീഡിയാ സെന്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് സ്വാമിയായിരുന്നു! ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക് പൊടുന്നനെ ഒരു ദിവസം തോക്കെടുത്ത് ആളുകളെ വെടിവെച്ചിട്ടതല്ല. ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ച നിരന്തര പ്രചാരണവും വാര്‍ത്തകളും കണ്ട് ഉന്മാദിയായിപ്പോയ ആളാണ് അയാള്‍. സുബ്രഹ്മണ്യ സ്വാമിയെപ്പോലുള്ള നോര്‍വീജിയന്‍ എഴുത്തുകാരും അത്തരം ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുമാണ് ബ്രെയ്‌വികിന്റെ യഥാര്‍ഥ ഉസ്താദുമാര്‍. അങ്ങനെയെങ്കില്‍ നമ്മുടെ പത്രമാപ്പീസുകളില്‍ ബ്രെയ്‌വികിന് എത്ര ഉസ്താദുമാരുണ്ട്? അവിടങ്ങളില്‍ എത്ര ബ്രെയ്‌വിക്മാരുണ്ട്? തോക്കെടുക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് അവരിപ്പോള്‍ തല്‍ക്കാലം പേന കൊണ്ട് കളിക്കുന്നുവെന്ന് മാത്രം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം