Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

റമദാന്‍ അനുഭൂതികള്‍, ആത്മഹര്‍ഷങ്ങള്‍

സമീര്‍ വടുതല

''ഐഹികജീവിതത്തില്‍ നീന്തിത്തുടിക്കുന്നവന് ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെ ഓര്‍ക്കുന്നതിന്റെ മാധുര്യം നുകരനാവില്ല. വിനോദങ്ങളില്‍ മുഴുകുന്നവന്‍ ദൈവിക വചനങ്ങളുമായി സംവദിക്കുന്നതിന്റെ മാധുര്യം നുണയുന്നില്ല. അഹങ്കാരത്തിനടിപ്പെട്ടവന് ദൈവസന്നിധിയില്‍ വിനയാന്വിതനാവുന്നതിന്റെ പൊരുള്‍ മനസ്സിലാവുകയില്ല. പണത്തിനടിപ്പെട്ടവന് ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുന്നതിന്റെ സുഖാനുഭൂതി അറിയാനാവില്ല. ദുര്‍വികാരങ്ങള്‍ക്ക് വഴിപ്പെടുന്നവന്‍ ദൈവാജ്ഞകള്‍ പാലിക്കുന്നതിന്റെ മാധുര്യം ആസ്വദിക്കുന്നില്ല. ഭാര്യാസന്താനങ്ങളുടെ കെണിയില്‍ കുടുങ്ങിയവന് ദൈവമാര്‍ഗത്തിലുള്ള സമരത്തിന്റെ മധുരം അനുഭവിച്ചറിയാനാവില്ല. വ്യാമോഹങ്ങള്‍ക്കടിപ്പെട്ടവന്റെ മനസ്സില്‍ സ്വര്‍ഗത്തോട് അഭിനിവേശം ജനിക്കുകയില്ല'' (മുസ്ത്വഫസ്സ്വിബാഈ)
ആരാധനകളെ അനുഭൂതിയാക്കുന്ന കല വിശ്വാസികള്‍ക്ക് കൈമോശം വന്നിരിക്കുന്നു. യാന്ത്രികമായി ചെയ്യുന്ന 'പതിവ് ശീലങ്ങളാണ്' ഇന്ന് ആരാധനകളും അനുഷ്ഠാനങ്ങളും. വിശ്വാസികളുടെ കര്‍മങ്ങളില്‍ ആത്മീയ സായൂജ്യത്തിന്റെ വര്‍ണരാജികള്‍ വിരിഞ്ഞ് വിടരുന്നില്ല. പഴയ സൂര്യന്‍ പുതിയ പ്രഭാതങ്ങളെ സൃഷ്ടിക്കുന്നപോലെ, ആരാധനകള്‍ അവരെ നവീകരിക്കുന്നില്ല. ജീര്‍ണമായ അവരുടെ ജീവിതങ്ങളിലേക്ക് ആത്മീയമായ നവോന്മേഷങ്ങള്‍ പകരുന്നില്ല. നിര്‍ബന്ധിതമായി ചുമലിലേറ്റുന്ന ചുമടുകള്‍ പോലെ 'ഭാരങ്ങളായി' തീര്‍ന്നിരിക്കുന്നു അവ (ആരാധനകള്‍ ഭാരമാകുന്ന നിര്‍ഭാഗ്യത്തെ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്- ഉദാ: 2:45). മനസ്സിന്റെ പങ്കാളിത്തം തീരെയില്ലാത്ത ശരീര വ്യായാമങ്ങളായി പലപ്പോഴും അവ അധഃപതിക്കുന്നു. എന്നാല്‍ സസ്‌നേഹം, സബോധം, ഹൃദയസാന്നിധ്യത്തോടെ കടന്നുപോകാനായാല്‍, ആരാധനകളുടെ ആത്മീയാനുഭൂതികളില്‍ വിശ്വാസികള്‍ക്ക് സ്വന്തത്തെ സ്ഫുടം ചെയ്‌തെടുക്കാം. സ്ഫടിക തുല്യമായ ഒരു സത്യസാക്ഷ്യജീവിതത്തെ സ്വായത്തമാക്കാനുള്ള വഴിയും വെളിച്ചവുമാണവ.
ചുട്ടുപഴുത്ത മരുഭൂവില്‍ വിസ്മയമായി പെയ്തിറങ്ങുന്ന മഴയാണ് 'റമദ്'. റമദാനാകട്ടെ, ആത്മീയാനുഭൂതികളുടെ പെരുമഴക്കാലവും. ഭൗതികതയുടെ കൊടുംചൂടില്‍ വരണ്ടുണങ്ങിപ്പോയ നമ്മുടെ വര്‍ത്തമാനത്തിലേക്കാണ് നന്മയുടെ ഈ മഴക്കാലം വിരുന്നെത്തുന്നത്. പക്ഷേ, കിട്ടുന്ന മഴയെല്ലാം പാഴാക്കുന്ന പതിവില്‍ നിന്ന് വിശ്വാസികള്‍ മുക്തരാവണമെന്ന് മാത്രം. വിശുദ്ധിയുടെ ഈ അനുഭൂതിവൃഷ്ടിയിലേക്ക് ഹൃദയപാത്രങ്ങളെ കമിഴ്ത്തിവെക്കാതെ തുറന്നുവെക്കുമെങ്കില്‍ റമദാന്‍ അതുല്യമായ ആത്മഹര്‍ഷങ്ങളുടെ സ്വര്‍ഗവാതിലുകളാകും നമുക്ക്  മുമ്പില്‍ തുറന്നിടുക. അപ്പോള്‍ വ്രതം യാന്ത്രികമാവില്ല, അനുഭൂതി സാന്ദ്രമായി മാറും.
നോമ്പുകാരന്റെ ചില അനുഭൂതിവിശേഷങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.

സംയമനാനുഭൂതി
സംയമനമത്രെ 'സൗമി'ന്റെ കാതല്‍. ജീവിതത്തെ സുന്ദരമായ കലയാക്കുന്നതും മറ്റൊന്നല്ല. കെട്ടഴിച്ച് വിടുന്നതിലല്ല, പിടിച്ചു നിര്‍ത്തുന്നതിലാണ് കല. സൈക്കിള്‍ താഴേക്ക് പായുമ്പോള്‍ വീട്ടുകൊടുക്കുകയല്ല, പിടിച്ചു നിര്‍ത്തുകയാണ് വിവേകം. പിടിച്ചാല്‍ കിട്ടാതെ പായുന്ന നമ്മുടെ മോഹങ്ങളെ,  വികാരവിക്ഷുബ്ധതകളെ, സ്വഭാവശീലങ്ങളെ പിടിച്ചുകെട്ടാനുള്ള പരിശീലനമാണ് നോമ്പില്‍. മോഹങ്ങളെ വരുതിയില്‍ നിര്‍ത്താനാവാത്ത മനുഷ്യന്‍, വോള്‍ട്ടയര്‍ നിരീക്ഷിച്ചപോലെ, നദികള്‍ സമുദ്രത്തിലേക്ക് കുതിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തെറ്റുകളിലേക്ക് കുതിക്കും. രാഷ്ട്രീയത്തിലെ അഴിമതികള്‍, പെരുകുന്ന പണത്തട്ടിപ്പുകള്‍, പെണ്‍വാണിഭങ്ങള്‍, വിദ്യാഭ്യാസ കച്ചവടം, കൊലപാതകങ്ങള്‍, സൈബര്‍ ക്രൈമുകള്‍... എല്ലാം സംയമനം കൈമോശം വന്നതിന്റെ സമകാലിക സാക്ഷ്യങ്ങളാകുന്നു. ആറ്റിങ്ങലില്‍ സുഹൃത്തിനെ വെട്ടിനുറുക്കി ചെറുകഷ്ണങ്ങളാക്കി പോളിത്തീന്‍ കവറിലിട്ട് വീട്ടുവളപ്പില്‍ കുഴിച്ചിടുമ്പോഴും, പേരമക്കളുടെ പ്രായക്കാരായ കുരുന്നുകളെ ദുരുപയോഗപ്പെടുത്തുമ്പോഴും, ആത്മനിയന്ത്രണം നഷ്ടപ്പെട്ടവര്‍ പാര്‍ക്കുന്ന ഒരിടമായി-ഭ്രാന്താലയമായി- കേരളത്തെ അടയാളപ്പെടുത്തുകയാണ് മലയാളി. പാപങ്ങളുടെ ഈ മലവെള്ളപ്പാച്ചിലില്‍ നോമ്പ് ഒരു 'പരിച'യാകുന്നു.
അപകടങ്ങളിലേക്ക് വലിച്ചിഴക്കുന്ന മോഹങ്ങളുടെ രണ്ട് വന്‍ വാതിലുകള്‍, ആഹാരത്തിന്റെയും രതിയുടെയും വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ടാണ് നോമ്പുകാരന്‍ തന്നിലെ താന്തോന്നിയെ അച്ചടക്കമുള്ളവനാക്കുന്നത്. കണ്ണും നാവുമുള്‍പ്പെടെ അവയവങ്ങളെ മുഴുവന്‍ ദൈവഹിതാനുസാരം മാത്രം ചലിപ്പിക്കുന്നു. കാലപ്പഴക്കത്താല്‍ ശിലാരൂപമാര്‍ന്ന ശീലങ്ങളുടെ തടവറപ്പൂട്ടുകള്‍ പൊട്ടിച്ചെറിയുന്നു. തന്നില്‍ ജ്വലിക്കുന്ന കോപത്തിന്റെയും പാപത്തിന്റെയും പ്രതികാരത്തിന്റെയും തീനാളങ്ങളെ, ആഴമാര്‍ന്ന ദൈവചിന്തയും പരലോകബോധവും കൊണ്ട് അണച്ചുകളയുന്നു. ആത്മസംയമനം കൈവരിക്കുന്നവന്റെ അനുഭൂതി വിശേഷമാണിത്! എന്നാല്‍, നിയന്ത്രണത്തിന്റെ നിയമങ്ങളെ അവഗണിക്കുന്നവന്‍ സംയമനത്തിന്റെ ആനന്ദമെന്തന്നറിയുന്നില്ല. അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി അഭിപ്രായപ്പെട്ടതുപോലെ 'പരിച'യെ അയാള്‍ വാളാക്കുന്നു! നിരാഹാരത്തേക്കാള്‍ ആഹാരത്തിലും ആരാധനകളേക്കാള്‍ വിനോദങ്ങളിലും ലാളിത്യത്തേക്കാള്‍ ധാരാളിത്തത്തിലുമായിരിക്കും അയാളുടെ കമ്പം. പ്രവാചക ശൈലിയില്‍ പറഞ്ഞാല്‍, റമദാനില്‍ പോലും 'ഏഴു വയറു നിറക്കുന്നവന്‍.' 'ധാരാളം തിന്നുന്നവന്‍ ധാരാളം ഉറങ്ങുമെന്നും ധാരാളമുറങ്ങുന്നവന് ധാരാളം നന്മകള്‍ നഷ്ടമാകു'മെന്നുമുള്ള അലിയ്യുബ്‌നു അബീത്വാലിബിന്റെ വാക്കുകള്‍ അയാളോര്‍ക്കുന്നില്ല.

സമരാനുഭൂതി
ബദ്‌റിലെ പോരാട്ടം റമദാനിലായത് യാദൃഛികമായിരുന്നില്ല. ആത്മസമരത്തിന്റെ തുടര്‍ച്ചയായ ബാഹ്യസമരമായിരുന്നു അത്. ആത്മസംയമനം നേടിയെടുക്കലാണ് ബാഹ്യസമരത്തിന്റെ മുന്നുപാധി. എന്തെന്നാല്‍, ഈ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പട്ടവര്‍ യുദ്ധമുഖത്തെത്തിയാല്‍ പതറും. കാലിടറി വീഴും. ഹുങ്കാരത്തോടെ ഇരച്ചുവരുന്ന സാമ്രാജ്യത്വത്തെ കാണുമ്പോള്‍ പേടിച്ച് നിലവിളിക്കും. ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനാവണം ബദ്‌റിന് തൊട്ടുമുമ്പായി ത്വാലൂത്ത്-ജാലൂത്ത് പോരാട്ട ചരിത്രം ഖുര്‍ആന്‍ വിശ്വാസികളെ കേള്‍പ്പിച്ചത് (2:246-252). അല്ലെങ്കിലും വിശ്വാസിയുടെ ചോരയില്‍ സമരമുണ്ട്. തിന്മ ഉലകം ഭരിക്കുമ്പോള്‍ ഉള്ളില്‍ സമരബോധത്തിന്റെ കനലെരിയാത്തവന്‍ വിശ്വാസിയല്ല. പിശാചിനോട് യുദ്ധം പ്രഖ്യാപിച്ച നോമ്പുകാരനാകട്ടെ, അധികാരത്തിന്റെ അച്ചാരം പറ്റി അധര്‍മത്തിന്റെ മുമ്പില്‍ നിശ്ശബ്ദനാകാനാവില്ല. ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയില്‍ പോലും അയാളുടെ ഉള്ളില്‍ അധര്‍മത്തിനെതിരിലുള്ള അമര്‍ഷം ജ്വലിച്ചുകൊണ്ടേയിരിക്കും. ശഹീദ് ബന്നായുടെ സാക്ഷ്യത്തില്‍, പോരാട്ടവീഥിയിലെ രക്തസാക്ഷ്യമത്രെ വിശ്വാസിയുടെ മധുരോദാരമായ മോഹം. ഈ സമരബോധവും രക്തസാക്ഷ്യവികാരവും നോമ്പുകാരനില്‍ ശതഗുണീഭവിക്കുന്നു. ഇതാ ഒരനുഭവം: ബദ്‌റിലേക്കുള്ള പടയൊരുക്കമുമ്പുള്ള സന്ദിഗ്ധാവസ്ഥയില്‍ പ്രവാചകന്‍ ഒരു യോഗം വിളിക്കുന്നു. അന്‍സ്വാറുകളും മുഹാജിറുകളും നിറഞ്ഞ ആ സദസ്സില്‍ മിഖ്ദാദുബ്‌നു അംറ് എഴുന്നേറ്റുനിന്നു. അദ്ദേഹത്തില്‍നിന്ന് പുറപ്പെട്ട വാക്കുകള്‍ സദസ്സിന്റെ സിരകളില്‍ ഉത്തേജനത്തിന്റെ തീ കോരിയിട്ടു. ''ദൈവദൂതരേ, അങ്ങയോട് നാഥന്‍ നിര്‍ദേശിച്ച വഴിയില്‍ നീങ്ങിയാലും. ഞങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്. 'നീയും നിന്റെ നാഥനും പോയി യുദ്ധം ചെയ്യൂ. ഞങ്ങളിവിടെ ഇരിക്കാം'എന്ന് ഇസ്രാഈല്യര്‍ മൂസായോട് പറഞ്ഞതുപോലെ ഞങ്ങള്‍, അല്ലാഹു സത്യം, അങ്ങയോട് പറയുകയില്ല. താങ്കളും താങ്കളുടെ നാഥനും യുദ്ധം ചെയ്യൂ. ഞങ്ങളും കൂടെ യുദ്ധം ചെയ്യാം എന്നാണ് ഞങ്ങളുടെ വാക്ക്. അങ്ങയെ സത്യവുമായി അയച്ചവന്‍ സാക്ഷി, ഞങ്ങളെയും കൊണ്ട് അങ്ങ് പര്‍വതം കയറിയാല്‍, ഞങ്ങള്‍ ക്ഷമയോടെ താങ്കളുടെ പിന്നാലെ വരും. അല്ലാഹു വിജയം തരുന്നതുവരെ അങ്ങയുടെ ഇടത്തും വലത്തും മുന്നിലും പിന്നിലും നിന്ന് ഞങ്ങള്‍ യുദ്ധം ചെയ്യും.'' ഇത് കേട്ട് പ്രവാചകവദനം പ്രശോഭിതമാവുകയും മിഖ്ദാദിന് വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. നബിശിഷ്യരാകട്ടെ, ആത്മധൈര്യം വീണ്ടെടുത്ത് യുദ്ധസജ്ജരായി. ഇസ്‌ലാമിന് വേണ്ടി ചരിത്രത്തിലാദ്യം കുതിരയെ പായിച്ച മിഖ്ദാദിന്റെ മനസ്സില്‍, വാക്കുകളില്‍ നോമ്പുകാരന്റെ സമരാവേശമായിരുന്നു.

പ്രാര്‍ഥനാനുഭൂതി
പ്രാര്‍ഥനയുടെ പ്രശാന്തിയും അനുഭൂതിയും നുകരാത്തവന്‍ സൗഭാഗ്യമെന്തെന്നറിയുന്നില്ല. അത്താണിയായി ദൈവത്തെ കിട്ടിയവന്‍, ഉദ്യാനത്തിലെ നടത്തം പോലെ ജീവിതമാസ്വദിക്കുന്നു. ''പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാകുന്നു. ദീനിന്റെ സ്തംഭമാകുന്നു. ആകാശഭൂമികളിലെ വെളിച്ചമാകുന്നു'' (ഹാകിം). പ്രാര്‍ഥനയുടെ വിശുദ്ധ പാശത്താലത്രെ വിശ്വാസികള്‍ നാഥനുമായി ബന്ധിക്കപ്പെട്ടിരിക്കുന്നത്.
നോമ്പിന്റെ നിയമങ്ങള്‍ പറയുന്നതിനിടയിലും സ്‌നേഹം വഴിഞ്ഞൊഴുകുന്ന ശൈലിയില്‍ നാഥന്‍ ചാരത്ത് തന്നെയുണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (2:186). നോമ്പുകാരനാകട്ടെ, തിരസ്‌കരിക്കപ്പെടാത്ത പ്രാര്‍ഥനയുടെ അവകാശിയാണെന്നാണ് നബിമൊഴി. പതുക്കെ, ഹൃദയപൂര്‍വം പ്രത്യാശയോടെ സവിനയം അയാള്‍ നാഥനെ വിളിക്കണമെന്നേയുള്ളൂ. അശ്രദ്ധമായ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്കുത്തരമില്ലെന്ന് പ്രവാചകന്‍ സൂചിപ്പിച്ചിട്ടുണ്ട്. രത്‌നവ്യാപാരിയുടെ കരുതലോടെ വേണം നാഥന്റെ മുമ്പില്‍ വാക്കുകളെടുത്ത് വെക്കാനെന്നാണ് പണ്ഡിതമതം.
നമസ്‌കാരം നാഥനുമായുള്ള സംഭാഷണമാണെന്ന് നബി അറിയിച്ചിരിക്കുന്നു. പ്രാര്‍ഥനാവേളകള്‍ ദൈവസംവാദത്തിന്റെ അനര്‍ഘാനുഭൂതികളാണ് നോമ്പുകാരന് സമ്മാനിക്കുന്നത്. വിശിഷ്യാ, റമദാനിലെ രാവുകളില്‍. കരയില്‍ പിടിച്ചിട്ട മത്സ്യം വെള്ളത്തിലെത്തിയാലെന്ന പോലെ പ്രവാചകന്‍ നമസ്‌കാരത്തില്‍ വിലയിക്കുമായിരുന്നു. നാഥനോടുള്ള നന്ദിവാക്കായി, കാലില്‍ നീര് കെട്ടുവോളം നിശാവേളകളില്‍ നിന്ന് നമസ്‌കരിക്കുമായിരുന്നു. നബിശിഷ്യരാകട്ടെ, നമസ്‌കാരത്തിന്റെ അലൗകികാനന്ദത്തില്‍ പരിസരം മറന്നുപോകുമായിരുന്നു. ത്വൂര്‍മലയുടെ പ്രാന്തത്തില്‍, ഒത്തുകിട്ടിയ അവസരത്തില്‍ തന്റെ സ്‌നേഹഭാജനമായ നാഥനോടുള്ള സംഭാഷണം നീട്ടി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂസായെപ്പോലെ, നോമ്പുകാരന്‍ തന്റെ നിശാനമസ്‌കാരങ്ങള്‍ ദീര്‍ഘിപ്പിക്കുന്നു. അങ്ങനെ അയാള്‍ പുലര്‍കാലയാമങ്ങളെ തന്റെ 'പാപനാശിനി'യാക്കി മാറ്റുന്നു.
എന്നാല്‍, നമസ്‌കാരത്തിന്റെ ഘടനയിലും റക്അത്തുകളുടെ എണ്ണത്തിലും മാത്രം അഭിരമിക്കുന്നവന്‍ ആരാധനയുടെ അനുഭൂതിയറിയുന്നില്ല. റുകൂഉം സുജൂദും അവധാനതയോടെ പൂര്‍ത്തിയാക്കാത്തവന്‍ തന്റെ നമസ്‌കാരത്തെ ആകാശത്തേക്കുയര്‍ത്തുന്നില്ല. 'പഴന്തുണിക്കെട്ട്' പോലെ അവ ആരാധകന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിയപ്പെടും. നമസ്‌കാരത്തിന്റെ ഷഷ്ടിപൂര്‍ത്തി കടന്നിട്ടും അതിലൊന്നു പോലും സ്വീകരിക്കപ്പെടാത്ത ഹതഭാഗ്യനെക്കുറിച്ച് നബി പരിതപിച്ചിട്ടുണ്ട്. ഭക്താനുഭൂതിയില്ലാത്ത ആരാധനയെ 'ജഡം' എന്നാണ് മനീഷികള്‍ വിശേഷിപ്പിച്ചത്.

വായനാനുഭൂതി
പരമദുഷ്ടനായിരുന്നുവെങ്കിലും ജോസഫ് സ്റ്റാലിന്‍ പറഞ്ഞ ഒരു പരമാര്‍ഥമിതായിരുന്നു: ''വായിക്കാന്‍ നേരമില്ലെന്ന് പറയുന്നവന്‍ ജീവിക്കാന്‍ നേരമില്ലെന്ന് പറയുന്നവനെപ്പോലെയാണ്.'' മനുഷ്യന് സിദ്ധിച്ച ഉദാത്തമായ അനുഭൂതികളിലൊന്നാണ് വായനാനുഭൂതി. വായനയുടെ ആനന്ദമറിയാത്തവന്റെ മുമ്പില്‍ അടഞ്ഞുകിടക്കുന്നത് മോഹനമായ സ്വര്‍ഗലോകം തന്നെയാണ്. വേദവായനയുടെ സ്ഥാനം ഇതിനും മീതെയത്രെ. മനുഷ്യ ഭാവനകളും ദൈവികരചനയും തമ്മിലുള്ള അന്തരം കൊണ്ടാണിത്. ഇരുട്ടുകളെ നീക്കി വെളിച്ചത്തിലേക്ക് ജനത്തെ നയിക്കലാണല്ലോ വേദനിയോഗം (ഖുര്‍ആന്‍ 14:1). ഈ പ്രക്രിയ സര്‍ഗാത്മകമായി സംഭവിക്കുമ്പോള്‍ അനുവാചകന്‍ അനുഭൂതിയുടെ സ്വര്‍ഗീയാരാമങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
റമദാന്‍ ഖുര്‍ആന്റെ വാര്‍ഷികോത്സവമത്രെ. പ്രവാചകന്റെ മുമ്പില്‍ ജിബ്‌രീല്‍ വന്ന് ഖുര്‍ആന്‍ പാഠം കേള്‍ക്കുന്ന മാസം. 'നിര്‍ണയരാവി'ന്റെ ദിവ്യശാന്തി ഭൂമിയെ പൊതിയുന്ന നാളുകള്‍. അതിനാല്‍ നോമ്പുകാരന്‍ കഴിയുന്നത്ര ഖുര്‍ആനുമായി ബന്ധപ്പെടുന്നു. ഖുര്‍ആനെ 'വായിച്ചെടുക്കാ'നും ഖുര്‍ആനിലൂടെ ലോകത്തെ വായിക്കാനുമാണയാളുടെ ഉദ്യമം.
സ്വന്തം പേര് കൊണ്ട് തന്നെ 'വായന'യുടെ മഹത്വത്തെ അടയാളപ്പെടുത്തിയിട്ടുണ്ട് ഖുര്‍ആന്‍. വായിക്കേണ്ടതെങ്ങനെയെന്നും തിരുമൊഴികളിലും നബിമൊഴികളിലും വ്യക്തമാക്കിയിട്ടുണ്ട്. ശരിവായന അഥവാ അര്‍ഹിക്കുന്ന വായന വേണമെന്നത്രെ ഖുര്‍ആന്റെ മതം (ഹഖ്ഖത്തിലാവത്തിഹി). ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ പഠന സംരംഭങ്ങളില്‍ ശരിവായനകള്‍ ശക്തിപ്പെടുന്നുണ്ടോ എന്നത് ആലോചനാര്‍ഹമാണ്. ഖുര്‍ആന്റെ മുമ്പില്‍ വിനയാന്വിതം സ്വന്തത്തെ നിര്‍ത്തി, നിര്‍ദാക്ഷിണ്യം വിചാരണ ചെയ്യുമായിരുന്ന ഉമറിന്റെ ആര്‍ജവമോ, നബിയുടെ പള്ളിയിലിരുന്ന് ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഏടുകള്‍ കണ്ണുകളില്‍ തൊടുവിച്ച് 'ഇതെന്റെ നാഥന്റെ വേദം, നാഥന്റെ സംസാരം...' എന്ന് കണ്ണീര്‍ പൊഴിക്കുമായിരുന്ന ഇക്‌രിമയുടെ വൈകാരികതയോ ഇന്നത്തെ ഖുര്‍ആന്‍ വായനക്കാരില്‍ പൊതുവെ കാണപ്പെടുന്നില്ല.
സയ്യിദ് മൗദൂദി മൂന്ന് ദശകത്തിലധികം നീണ്ട  പഠനതപസ്യയിലൂടെയത്രെ വിഖ്യാതമായ തന്റെ ഖുര്‍ആന്‍ ഭാഷ്യം പൂര്‍ത്തീകരിച്ചത്. അതിനെഴുതിയ മുഖവുരയില്‍ ഖുര്‍ആന്‍ സ്വാധ്യായത്തിന്റെ അനുഭൂതി എങ്ങനെ സ്വായത്തമാക്കാമെന്ന് വിവരിച്ചിട്ടുണ്ട്. ഖുര്‍ആനെ മറ്റു പുസ്തകങ്ങളെപ്പോലെ 'പഠിച്ച് കളയരുത്' എന്നത് തന്നെ മുഖ്യം. മുസ്വ്ഹഫ് മടക്കി വെച്ച് അത് വിരല്‍ ചൂണ്ടിയ വഴിയിലേക്ക് വായനക്കാരന്‍ ഇറങ്ങിനടക്കാതെ ഖുര്‍ആന്റെ ധന്യത അയാളെ ആശ്ലേഷിക്കുകയില്ല. ഖുര്‍ആന്റെ പാതയില്‍ സഞ്ചരിച്ച് തുടങ്ങുമ്പോള്‍ പഠിതാവ് തനിക്ക് കൈവന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയുന്നു. വെറും പഠനമാണ് പുണ്യമെങ്കില്‍ ഖുര്‍ആന്റെ പ്രതിയോഗികളത്രെ നല്ല പഠിതാക്കള്‍. അവര്‍ കഴിഞ്ഞ പതിനാല് ശതകങ്ങളായി ഖുര്‍ആനില്‍ ഗവേഷണം നടത്തിവരുന്നുണ്ട്. പ്രവാചക പാഠശാലയിലെ ഒരുത്തമ വിദ്യാര്‍ഥിയുടെ നിരീക്ഷണം നോക്കൂ: ''ഞങ്ങള്‍ പ്രവാചകനില്‍ നിന്ന് പത്ത് വചനങ്ങള്‍ ഗ്രഹിച്ചാല്‍ അതിലടങ്ങിയ കര്‍മത്തെ അറിയാതെ അടുത്ത പാഠഭാഗം നോക്കാറുണ്ടായിരുന്നില്ല... ഇന്നിതാ, ചിലര്‍ പഠനം തന്നെ ഒരു 'പണി'യാക്കി മാറ്റിയിരിക്കുന്നു'' (അബ്ദുല്ലാഹിബ്‌നു മസ്ഊദ്).

സഹാനുഭൂതി
അപകടത്തില്‍ പെട്ട ഒരാളെ കണ്ടാല്‍ ഉള്ളിലൊരു  'പിടച്ചില്‍' ഉണ്ടാകുന്നുണ്ടെങ്കില്‍ അതാണ് മനുഷ്യത്വമെന്ന് സയ്യിദ് മൗദൂദി നിരീക്ഷിച്ചിട്ടുണ്ട്. ഈ പിടച്ചിലും പരോപകാര തൃഷ്ണയുമാണ് ഇന്ന് നാടുനീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകാനുഗ്രഹിയായ പ്രവാചകന്‍, ഉറുമ്പുകളോട് പോലും അനുകമ്പ കിനിയുന്ന ഒരു സമുദായത്തെയാണ് വാര്‍ത്തെടുത്തത്. ഹിജ്‌റ അഞ്ചാമാണ്ടില്‍ പട്ടിണിയനുഭവിക്കുന്ന ശത്രുപാളയത്തിലേക്ക് പോലും പ്രവാചകന്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച് കൊടുത്തയച്ചപ്പോള്‍, ലോകം വിശ്വവിശാലമായ മനുഷ്യത്വത്തെ തൊട്ടറിയുകയായിരുന്നു.
റമദാനെ 'സഹാനുഭൂതിയുടെ വസന്ത'മെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അപരന്റെ വേദനകളില്‍ അലിവിന്റെ ഉറവുകളുണരുന്ന വിശ്വാസി മനസ്സാണ് നോമ്പുകാരനില്‍ വളര്‍ന്നു വിളയുന്നത്. പട്ടിണിയുടെ രുചിയും ദാനത്തിന്റെ അനുഭൂതിയും കാരുണ്യത്തിന്റെ പ്രാര്‍ഥനകളും അയാള്‍ സ്വന്തമാക്കുന്നു. റമദാനില്‍ എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറണമെന്നാണ് പ്രവാചകന്റെ ഉപദേശം. കീഴിലുള്ളവര്‍ക്ക് ജോലിഭാരം ലഘൂകരിച്ച് ആശ്വാസമേകണമെന്നും നിര്‍ദേശമുണ്ട്. റമദാനില്‍ പ്രവാചകന്‍ 'അടിച്ചുവീശുന്ന കാറ്റ്' പോലെ ഉദാരനാകുമായിരുന്നത്രെ. ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു പുല്‍നാമ്പിനെപ്പോലും തഴുകി കടന്നുപോകുന്നകാറ്റ്. ഭൂപടത്തില്‍ പുതിയ പട്ടിണിനാടുകള്‍ പിറവിയെടുക്കുമ്പോള്‍ ഇത്തരം കാറ്റുകള്‍ക്ക് വേണ്ടിയത്രെ കാലം കൊതിക്കുന്നത്.

ദൈവദര്‍ശനാനുഭൂതി
വിശ്വാസികളുടെ ദൈവസ്‌നേഹം ഉദാത്തവും തീവ്രവും മറ്റെല്ലാറ്റിനെയും അതിജയിക്കുന്നതുമത്രെ (ഖുര്‍ആന്‍ 2:165). മനസ്സ് ദൈവസ്‌നേഹത്താല്‍ പ്രചോദിതമാകുമ്പോള്‍ ജീവിതം സുകൃതങ്ങളാല്‍ നിറയുന്നു (ഖുര്‍ആന്‍ 18:110). തങ്ങളുടെ സ്‌നേഹഭാജനമായ നാഥനെ കണ്ടുമുട്ടുകയെന്നതത്രെ അവരുടെ ആത്യന്തികമായ ലക്ഷ്യസാഫല്യം. ഈ പരമാനന്ദത്തിലേക്കും നിത്യാനുഭൂതിയിലേക്കുമുള്ള നിരന്തര സഞ്ചാരമാകുന്നു അവരുടെ ജീവിതം. 'പൗര്‍ണമി നാളിലെ ചന്ദ്രനെയെന്ന പോലെ നിങ്ങളുടെ നാഥനെ സ്വനയനങ്ങളാല്‍ നിങ്ങള്‍ കണ്ടുമുട്ടു'മെന്നാണ് നബിമൊഴി. നോമ്പുകാരന്റെ രണ്ടാമത്തെ ആനന്ദവേളയാണതെന്നും നബി അരുളിയിട്ടുണ്ട്.ഒരിക്കല്‍ അവിടുന്ന് സ്വര്‍ഗത്തിലെ ഒരു സംഭാഷണശകലം കേള്‍പ്പിച്ചതിങ്ങനെ: നാഥന്‍ സ്വര്‍ഗസ്ഥരോട് ചോദിക്കുന്നു: ''ഇനിയും നിങ്ങള്‍ക്ക് വല്ല മോഹവുമുണ്ടോ?'' അവരുടെ മറുപടി ഇങ്ങനെ: ''നാഥാ, നീ ഞങ്ങളുടെ വദനങ്ങള്‍ പ്രശോഭിതമാക്കി. സ്വര്‍ഗീയാരാമത്തില്‍ പ്രവേശിപ്പിച്ചു. നരകത്തീയില്‍ നിന്ന് രക്ഷിച്ചു. ഇനിയുമെന്ത് ചോദിക്കാന്‍?'' അപ്പോള്‍ മറ നീക്കപ്പെടുകയും രാജാധിരാജന്റെ ദര്‍ശനസൗഭാഗ്യം അവരെ ആശ്ലേഷിക്കുകയും ചെയ്യും. അതിനേക്കാള്‍ പ്രിയങ്കരമായ യാതൊന്നും അവര്‍ മുമ്പനുഭവിച്ചിട്ടുണ്ടാവുകയില്ല... (മുസ്‌ലിം). ഭൂമിയില്‍ നയിച്ച സഹനജീവിതത്തിന്റെ സഫലത ദൈവദാസന്‍ പൂര്‍ണതയിലറിയുന്ന അനുഭൂതി മുഹൂര്‍ത്തമാണത്. അക്ഷരാര്‍ഥത്തില്‍ ആത്മഹര്‍ഷത്തിന്റെ അനര്‍ഘനിമിഷം!! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം