ഇഅ്തികാഫ്
ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫിന്റെ അര്‍ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴിഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന് പറയുന്നു. 'ഈ പള്ളിയില്‍ ഞാന്‍ ഇഅ്തികാഫിനിരിക്കുന്നു' എന്ന് നിയ്യത്ത് ചെയ്തുകൊണ്ട് പള്ളിയില്‍ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമര്‍ഹിക്കുന്ന കാര്യമാണ്. അത് നബിചര്യയില്‍ പെട്ടതാണ്.
നിയ്യത്ത്, അല്‍പമെങ്കിലും താമസിക്കല്‍, പള്ളിയിലായിരിക്കല്‍, വലിയ അശുദ്ധിയില്ലാതിരിക്കല്‍ എന്നീ ഫര്‍ളുകളാണ് ഇഅ്തികാഫിനുള്ളത്. എല്ലാ സമയങ്ങളിലും അത് ശ്രേഷ്ഠതയുള്ളതാണെങ്കിലും റമദാനില്‍ പ്രത്യേകം സുന്നത്തുള്ള ഒരു കര്‍മമാണത്. അല്‍പനേരം ഇരിക്കുകയോ കിടക്കുകയോ ആണെങ്കിലും ഇഅ്തികാഫിന്റെ കൂലി ലഭിക്കുന്നതാണ്. റമദാനിന്റെ അവസാനത്തെ പത്തില്‍ നബി(സ) ഇഅ്തികാഫിരിക്കല്‍ പതിവാക്കിയിരുന്നു. നബി(സ) വഫാത്താകുന്ന കൊല്ലം 20 ദിവസമാണ് ഇഅ്തികാഫ് ഇരുന്നത്.
ഇഅ്തികാഫ് രണ്ട് വിധമാണ്- സുന്നത്തും(ഐഛികം) വാജിബും(നിര്‍ബന്ധം). അല്ലാഹുവില്‍നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്. ഇഅ്തികാഫ് നേര്‍ച്ചയാക്കിയാല്‍ അതാണ് നിര്‍ബന്ധമായ ഇഅ്തികാഫ്. ഇഅ്തികാഫ് നേര്‍ച്ചയാക്കിയാല്‍ എത്രകാലം ഇഅ്തികാഫ് അനുഷ്ഠിക്കാനാണോ നേര്‍ച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍, സുന്നത്തായ ഇഅ്തികാഫിന് നിശ്ചിത സമയമില്ല. ജനാബത്ത്, ആര്‍ത്തവം, പ്രസവരക്തം എന്നിവയില്‍ നിന്നെല്ലാം ശുദ്ധിയായ, വിവേക പ്രായമെത്തിയ മുസ്ലിമായ ഏതൊരു പുരുഷനും സ്ത്രീക്കും ഇഅ്തികാഫ് അനുഷ്ഠിക്കാം.
Comments