Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

അധികാരമാണാദ്യം, ശേഷം മാത്രം ജനങ്ങള്‍

എം.സി.എ നാസര്‍

മൂന്നു മാസം മുമ്പ് അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ദല്‍ഹിയിലെ അഴിമതിവിരുദ്ധ മൂവ്‌മെന്റ് വലിയൊരു സൂചനയായിരുന്നു. അതിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ച ആളുകളുടെ പിന്നാമ്പുറമായിരുന്നില്ല പ്രധാനം. സാധാരണ ജനതയുടെ വികാരം എത്ര ശക്തമാണെന്ന് ജന്തര്‍ മന്ദറിലെ ആ പ്രക്ഷുബ്ധ ദിനങ്ങള്‍ തെളിയിച്ചു. ഇത് ഭരിക്കുന്നവര്‍ക്കും അറിയുമായിരുന്നു.  ആഗസ്റ്റ് 15-നകം പൊതുസമൂഹ പ്രതിനിധികളുടെ കൂടി അഭിപ്രായം തേടി ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കുമെന്ന  ഉറപ്പ്  ഹസാരെക്ക് നല്‍കിയതും അതുകൊണ്ടുതന്നെ. അഴിമതി പരമ്പരകള്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ വിശ്വാസ്യത എത്രമാത്രം തകര്‍ത്തു എന്നറിയാന്‍ ശാസ്ത്രീയ സര്‍വേകളുടെ ആവശ്യമില്ല. സര്‍ക്കാറിനോട് മാത്രമല്ല, സംവിധാനത്തോടു തന്നെ ജനങ്ങള്‍ക്ക് മടുപ്പ് വന്നുകഴിഞ്ഞു. ജനവികാരം തളര്‍ത്താനുള്ള ഉപായം മാത്രമായിരുന്നു ഹസാരെയുമായുള്ള അനുരഞ്ജനമെന്ന് തെളിഞ്ഞു. ബാബ രാംദേവ് ദല്‍ഹിക്കു കാടിളക്കി വരുമെന്നു കേട്ടതോടെ അസ്ഥിര സര്‍ക്കാര്‍ വീണ്ടും ഞെട്ടുന്നതു കണ്ടു. മുതിര്‍ന്ന നാല് മന്ത്രിമാരെയാണ് രാംദേവിനെ എതിരേല്‍ക്കാന്‍ വിമാനത്താവളത്തിലേക്കയച്ചത്. എന്നാല്‍ അനുനയ തന്ത്രം പാളി. അതോടെ രാം ലീലാ മൈതാനിയില്‍ നിന്ന് രാംദേവിന്റെ അനുയായികളെ തുരത്തുകയും ചെയ്തു.
അണ്ണ ഹസാരെ ഉള്‍പ്പെടുന്ന പൗരസമൂഹത്തിന്റെ പ്രതിനിധികളുമായി നടന്ന ലോക്പാല്‍ ചര്‍ച്ചകളില്‍ മൂര്‍ത്തമായ യാതൊന്നും തെളിഞ്ഞില്ല. മുന്‍കൂട്ടി തയാറാക്കിയ അജണ്ട പ്രകാരം തന്നെയായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. പ്രധാനമന്ത്രിയെയും ഉന്നത കോടതി ജഡ്ജിമാരെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്രധാനമന്ത്രിയെന്ന നിലക്ക്, തന്നെ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞത്രെ. സാധ്യമല്ലെന്ന് ഭൂരിപക്ഷം മന്ത്രിമാരും വ്യക്തമാക്കിയെന്ന് സല്‍മാന്‍ ഖുര്‍ശിദ്.
ചോദ്യം ന്യായം. നാളെ ആരെങ്കിലും വല്ല ആരോപണവും ഉന്നയിച്ചാല്‍ പ്രധാനമന്ത്രിക്ക് രാജി വെക്കാന്‍ മാത്രമല്ലേ സമയം കാണൂ. അങ്ങനെ വന്നാല്‍ അത്  ഭരണകൂടത്തെ അസ്ഥിരപ്പെടുത്തില്ലേ?
പ്രധാനമന്ത്രിയെ മാറ്റിയിടത്തു മാത്രം നിന്നില്ല സര്‍ക്കാര്‍.  എം.പിമാരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവര്‍ത്തനങ്ങളും ബില്ലിന്റെ പരിധിയില്‍ വരുന്നില്ല. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരെ അന്വേഷണമാകാം. കേസിനാധാരമായ അഴിമതി നടന്ന് ഏഴു വര്‍ഷത്തിനു ശേഷമുള്ള എല്ലാ പരാതികളും അസാധു!
പൗരസമൂഹം മുന്നോട്ടു വെച്ച സക്രിയ നിര്‍ദേശങ്ങള്‍ ഭൂരിഭാഗവും തിരസ്‌കരിക്കപ്പെട്ടു. പുതിയ ബില്‍ പ്രകാരം സി.ബി.ഐ പോലും ലോക്പാലിന്റെ നിയന്ത്രണത്തില്‍ വരില്ല. സ്വന്തമായ അന്വേഷണ ഏജന്‍സി എന്ന ശ്രദ്ധേയ നിര്‍ദേശം പോലും സര്‍ക്കാര്‍ തള്ളി. സി.ബി.ഐ, സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ ആളെ വിട്ടു കൊടുക്കുമെന്ന് ബില്‍ പറയുന്നു.
 സന്നദ്ധ സംഘടനകളെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ വര്‍ധിച്ച താല്‍പര്യവും സര്‍ക്കാര്‍ കാണിച്ചു. നീതിപീഠത്തിന്റെ സ്വയംഭരണ സ്വാതന്ത്ര്യം നിലനില്‍ക്കണമെന്നതിനാലാണ് ജഡ്ജിമാരെ ലോക്പാലിനു കീഴില്‍ കൊണ്ടു വരേണ്ടതില്ലെന്നു തീരുമാനിച്ചതത്രെ. ഏതായാലും പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ വിശദ പഠനത്തിനായി സ്റ്റാന്റിംഗ് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്.
കോര്‍പറേറ്റുകളെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന, അതിന് രാജ്യസുരക്ഷയുടെയും കെട്ടുറപ്പിന്റെയും ഭാഷ്യം ചമക്കുന്ന ഒരു ബില്ലാണിതെന്ന് എളുപ്പം ബോധ്യപ്പെടും.  കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്  കുറ്റകരമായ പങ്കുണ്ടെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി) തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി നടത്തുന്ന വെട്ടിപ്പുകളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും ദല്‍ഹി സര്‍ക്കാറോ പ്രധാനമന്ത്രിയുടെ കാര്യാലയമോ ഒന്നും ചെയ്തില്ലെന്നും. ഇതുവഴി കോടികളാണ് പൊതുഖജനാവിന് നഷ്ടമായത്.
2 ജി സ്‌പെക്ട്രം കുംഭകോണത്തിന്റെ കാര്യത്തിലും കാണാം ഈ കൂട്ടുത്തരവാദിത്വം. അതിന്റെ പേരില്‍, തന്നെ മാത്രം വേട്ടയാടുന്നത് ശരിയല്ലെന്ന വാദമാണ് ജയിലില്‍ കഴിയുന്ന മുന്‍ടെലികോം മന്ത്രി എ. രാജ കോടതി മുമ്പാകെ ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം കൈക്കൊണ്ട തീരുമാനം നടപ്പാക്കുക മാത്രമായിരുന്നു താനെന്ന വിശദീകരണവും രാജ നല്‍കുന്നു. കേസിലുള്‍പ്പെട്ട മറ്റു ഉദ്യോഗസ്ഥരും കോര്‍പറ്റേറ്റ് പ്രതിനിധികളുമൊക്കെ പറയുന്നതും ഭിന്നമല്ല. ആദര്‍ശ് അഴിമതിയിലും കണ്ടല്ലോ ഭരണകൂടത്തിന്റെ പ്രത്യക്ഷ പങ്കാളിത്തം.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നിയമം തുല്യമാണെന്ന് പറയുന്നു. ഭരണഘടന അക്കാര്യം അടിവരയിട്ടു വ്യക്തമാക്കുന്നു. എന്നാല്‍ ഉന്നത പദവികള്‍ കൈയാളുന്നവര്‍ക്ക് ഇളവുകളുണ്ടെന്ന് ലോക്പാല്‍ ബില്‍ പറയുന്നു. അവര്‍ അഴിമതി നടത്തിയാല്‍, സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചാല്‍  തൊടാന്‍ പാടില്ലെന്ന്. തൊട്ടാല്‍ രാജ്യം അസ്ഥിരമാകുമെന്നും.
പാര്‍ലമെന്റാണ് പരമോന്നത വേദി. പുറമെയുള്ളവര്‍ക്ക് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നാണ്  സര്‍ക്കാറിന്റെ പുതിയ കണ്ടെത്തല്‍.  ലോക്‌സഭയില്‍ വിലക്കയറ്റ ചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അക്കാര്യം കൂടുതല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് തീരുമാനിക്കും എന്തു വേണമെന്ന്. ഈ അവകാശം പുറമെയുള്ള ആര്‍ക്കെങ്കിലും വകവെച്ചു കൊടുക്കാന്‍ നമുക്കു കഴിയുമോ?’ ഈ ചോദ്യത്തിന്  പറ്റില്ലെന്ന് ഒറ്റ സ്വരത്തില്‍ മറുപടി വന്നു.
ഭാഗ്യം, പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന അഭിപ്രായം ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ഉന്നയിച്ചു. ഇടതു പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. കോണ്‍ഗ്രസ്സിനു മാത്രം അതു പറ്റില്ല. എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന വെമ്പല്‍. 
2002-നു ശേഷം രണ്ടു കൊല്ലം കൂടി ഭരണത്തില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ലോക്പാല്‍ തയാറാക്കാന്‍ ബി.ജെ.പി ശ്രമിച്ചില്ലെന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. പതിറ്റാണ്ടുകളായി ബില്‍ കോള്‍ഡ് സ്റ്റോറിലാണ്. 2002 ഫെബ്രുവരി 16-നാണ് സ്റ്റാന്റിംഗ് കമ്മിറ്റി ബില്‍ സഭയില്‍ സമര്‍പ്പിച്ചത്. ആര്‍ക്കും താല്‍പര്യമില്ല.
അഴിമതി പ്രതിരോധിക്കാന്‍ കര്‍ക്കശ വ്യവസ്ഥകളില്ലെന്നു പറഞ്ഞ് ഹസാരെയും കൂട്ടരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബില്ലിന്റെ കോപ്പി അഗ്നിക്കിരയാക്കി. അതോടെ പാര്‍ലമെന്റിനെ അപമാനിച്ചുവെന്നായി കുറ്റം. ജന്തര്‍ മന്ദറില്‍ ഹസാരെയുടെ പ്രക്ഷോഭത്തിന് അനുമതി തടഞ്ഞിരിക്കെ, ബദല്‍ മാര്‍ഗങ്ങളിലൂടെ‘ ലോക്പാല്‍’ ബില്ലിനെ തുറന്നു കാണിക്കുമെന്നാണ് പൗരസമൂഹം പറയുന്നത്.
ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച രൂപത്തില്‍ തന്നെയാണ് ലോക്പാല്‍ പിറന്നത്. ഭരണഘടനാ പ്രകാരം പാര്‍ലമെന്റിനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി എതിര്‍ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യാനുള്ള തന്ത്രമാണ് നടക്കുന്നത്.
രാജ്യത്തിന്റെ പൊതു താല്‍പര്യം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയെന്ന നിലക്ക് മന്‍മോഹന്‍ സിംഗ് ഉറച്ച നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. ആ അവസരമാണ് നഷ്ടപ്പെടുത്തിയത്.  ഉപജാപക വൃന്ദത്തിന്റെ താല്‍പര്യങ്ങളാണ് പ്രധാനമെന്ന് സിംഗ് തെളിയിച്ചു.  ബോഫോഴ്‌സ് തോക്കിടപാടിലും ശവപ്പെട്ടി കുംഭകോണത്തിലുമൊക്കെ ഇടനിലക്കാരിലൂടെ മറിഞ്ഞ കോടികളുടെ കോഴ തന്നെയായിരുന്നു പൗരസമൂഹത്തിന്റെ പ്രശ്‌നം.  അഴിമതി തെളിഞ്ഞാലും ഒരു പ്രധാനമന്ത്രിക്ക് അതിന്റെ പേരില്‍ രാജി വെക്കേണ്ട അവസ്ഥ വരുന്നില്ല. അങ്ങനെ എല്ലാ നിലക്കും സൂപ്പര്‍ പൗരന്മാരെ സൃഷ്ടിക്കുകയാണ് ഭരണകൂടം.
പാര്‍ലമെന്റിനുള്ളിലും നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷിക്കപ്പെടേണ്ടതല്ലേ? അകത്തായാലും പുറത്തായാലും നിയമം ഒന്നുതന്നെയാകണം.  എം.പിമാരെ ലോക്പാലില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതോടെ സിസ്റ്റത്തെ കുറിച്ച സംശയം ജനങ്ങളില്‍ കൂടുതല്‍ ബലപ്പെടും.
അധികാര സുരക്ഷക്കു വേണ്ടിയുള്ള ചതുരുപായങ്ങള്‍ തകര്‍ത്താടുമ്പോള്‍  സാമൂഹിക മേഖലയില്‍ രൂപപ്പെടുന്ന ഭാവി സംഘര്‍ഷങ്ങളെ കുറിച്ച് നമുക്കിനിയെന്നാകും ബോധ്യമാവുക?
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം