Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

പ്രവാചകന്മാരും ഇസ്തിഗ്ഫാറും

എം.എസ്.എ റസാഖ്

പ്രവാചകന്മാരും അമ്പിയാക്കളും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരും ദൈവിക സന്ദേശവാഹകരുമാണ്. പാപസുരക്ഷിതരും അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തിലുള്ളവരുമാണ്. എന്നിട്ടും അവര്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും പാപമോചനമര്‍ഥിക്കുകയും ചെയ്തിരുന്നു. ആദം-ഹവ്വ ദമ്പതിമാര്‍ നടത്തിയ പാപമോചനാര്‍ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''ഇരുവരും കേണുതുടങ്ങി: നാഥാ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം ചെയ്തുപോയി. ഇനി നീ ഞങ്ങള്‍ക്ക് മാപ്പരുളുകയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നശിച്ചുപോകും'' (അല്‍അഅ്‌റാഫ് 23).നൂഹ് നബി(അ)യെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''നൂഹ് ബോധിപ്പിച്ചു: നാഥാ എനിക്ക് അറിഞ്ഞുകൂടാത്ത കാര്യം നിന്നോടാവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. എനിക്ക് പൊറുത്തു തരികയും കാരുണ്യമരുളുകയും ചെയ്തില്ലെങ്കില്‍ ഞാന്‍ നശിച്ചവനായിത്തീരും'' (ഹൂദ് 47). ''നാഥാ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളെന്ന നിലയില്‍ എന്റെ വീട്ടില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്കും സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കൊക്കെയും നീ പാപമുക്തിയരുളേണമേ, ധിക്കാരികള്‍ക്ക് നാശമല്ലാതൊന്നും ഏറ്റിക്കൊടുക്കരുതേ'' (നൂഹ് 28).
ഇബ്‌റാഹീം നബി(അ)യെക്കുറിച്ച് പറയുന്നു: ''പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷ പുലര്‍ത്തുന്നത് അവനിലാകുന്നു'' (അശ്ശുഅറാഅ് 82). ''അങ്ങനെ അദ്ദേഹം (ദാവൂദ് നബി) തന്റെ റബ്ബിനോട് പാപമോചനാര്‍ഥന നടത്തി. റുകൂഇല്‍ വീണു മടങ്ങി'' (സ്വാദ് 24). സുലൈമാന്‍ നബി പറഞ്ഞു: ''നാഥാ എന്നോട് പൊറുക്കേണമേ, എനിക്ക് എന്റെ ശേഷം മറ്റാര്‍ക്കും ഭൂഷണമാകാത്ത രാജത്വം നല്‍കേണമേ. നിസ്സംശയം യഥാര്‍ഥ ദാതാവ് നീ മാത്രമല്ലോ'' (സ്വാദ് 35). മൂസാ നബി പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, ഞാന്‍ എന്നോട് അതിക്രമം പ്രവര്‍ത്തിച്ചുകളഞ്ഞു. എനിക്ക് മാപ്പ് തരേണമേ. അങ്ങനെ അല്ലാഹു അദ്ദേഹത്തിന് മാപ്പ് കൊടുത്തു. അവന്‍ കരുണാവാരിധിയും ധാരാളം പൊറുത്തു കൊടുക്കുന്നവനുമാണല്ലോ'' (അല്‍ഖസ്വസ്വ് 16).

നബി(സ)യും ഇസ്തിഗ്ഫാറും
മുന്‍ പിന്‍ പാപങ്ങള്‍ പൊറുക്കപ്പെട്ട വ്യക്തിയാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ). അതോടൊപ്പം തന്നെ നബി(സ) അല്ലാഹുവോട് നിരന്തരം പാപമോചനാര്‍ഥന നടത്തുകയും തൗബ ചെയ്തു മടങ്ങുകയും വിനയാന്വിതനായി അല്ലാഹുവിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. അല്ലാഹു പ്രവാചകനോട് കല്‍പിക്കുന്നു: ''നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു'' (നസ്വ്ര്‍ 3). ''നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും പാപമോചനം തേടുക'' (മുഹമ്മദ് 19). പ്രവാചകന്‍ അരുളി: ''ദൈവസ്മരണയുടെ കാര്യത്തില്‍ എന്റെ ഹൃദയത്തില്‍ നേരിയ അശ്രദ്ധയുണ്ടാകാം. ഞാന്‍ തീര്‍ച്ചയായും ഒരു ദിവസം നൂറ് പ്രാവശ്യം അല്ലാഹുവില്‍ പൊറുക്കലിനെ തേടുന്നു'' (മുസ്‌ലിം). അവിടുന്ന് പറഞ്ഞു: ''അല്ലാഹുവില്‍ സത്യം, ഞാന്‍ ഒരു ദിവസം എഴുപതിലധികം പ്രാവശ്യം അല്ലാഹുവോട് പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു'' (ബുഖാരി). ''നിങ്ങള്‍ അല്ലാഹുവിനോട്  പശ്ചാത്തപിക്കുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുക. ഞാന്‍ ദിവസവും നൂറ് പ്രാവശ്യം പശ്ചാത്തപിച്ചു മടങ്ങുന്നു'' (മുസ്‌ലിം).
ഉമര്‍(റ) പറയുന്നു: ''ഒരു സദസ്സില്‍ പ്രവാചകന്‍(സ), 'നാഥാ എനിക്ക് പൊറുത്തു തരികയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണല്ലോ' എന്ന് നൂറ് പ്രാവശ്യം പറയുന്നത് ഞങ്ങള്‍ എണ്ണുകയുണ്ടായി'' (തിര്‍മിദി). പ്രവാചകന്റെ പ്രാര്‍ഥനകളില്‍ ഒന്ന് ഇപ്രകാരമായിരുന്നു: ''അല്ലാഹുവേ, എന്റെ കുറ്റങ്ങളും അവിവേകങ്ങളും സ്വന്തം കാര്യത്തിലുള്ള അതിരുകവിച്ചിലും എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാവുന്ന കുറ്റങ്ങളും നീ എനിക്ക് പൊറുത്തുതരണേ. അല്ലാഹുവേ, കാര്യമായും കളിയായും കരുതിക്കൂട്ടിയും എന്റെ പക്കല്‍ നിന്ന് വന്ന എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ. അതെല്ലാം എന്റെ പക്കല്‍ ഉണ്ട്. അല്ലാഹുവേ, ഞാന്‍ ചെയ്തുകൂടാത്തത് ചെയ്തതും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരുന്നതും ഒളിച്ചും തെളിച്ചും ചെയ്ത തെറ്റുകളും എന്നെക്കാള്‍ കൂടുതലായി നീ അറിയുന്ന തെറ്റുകളും നീ എനിക്ക് പൊറുത്തുതരേണമേ. നീയാണ് മുന്തിക്കുന്നവന്‍. നീ തന്നെയാണ് പിന്തിക്കുന്നവനും. നീ സര്‍വതിനും കഴിവുള്ളവനുമല്ലോ'' (ബുഖാരി, മുസ്‌ലിം).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍