Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

മാണിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് മോഡിയുടെ ദുഷ്‌കര്‍മശേഷിക്ക്

മാണിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് മോഡിയുടെ ദുഷ്‌കര്‍മശേഷിക്ക്                 

      തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'ഇന്ത്യ എങ്ങോട്ട്?' സംവാദം ഉദ്ഘാടനം ചെയ്യവെ, നമ്മുടെ 'മഹാനായ' പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് 'ഗുജറാത്തില്‍ നല്ല ഭരണം' കാഴ്ചവെച്ചതിന് മാര്‍ക്കിട്ടു കൊടുത്തുകൊണ്ട് മന്ത്രി കെ.എം മാണി ആവേശപൂര്‍വം മൊഴിഞ്ഞു, ഗുജറാത്തില്‍ കൂട്ടക്കൊലകള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും നരേന്ദ്രമോഡി കര്‍മശേഷിയുള്ള നല്ലൊരു ഭരണകര്‍ത്താവാണെന്നതില്‍ സംശയമില്ലെന്ന്! മോഡിയുടെ ശിരസ്സില്‍ കര്‍മശേഷിപട്ടവും ഭരണശേഷിപട്ടവും ചാര്‍ത്തിക്കൊടുത്ത മാണി പക്ഷേ, അയാള്‍ കര്‍മശേഷിയും ഭരണശേഷിയും തെളിയിച്ചത് ഏതേതു രംഗങ്ങളിലാണെന്ന് വിശദീകരിച്ചുകണ്ടില്ല. ബി.ജെ.പി-ആര്‍.എസ്.എസ് പരിവാരങ്ങളും രാജ്യത്തെ കോര്‍പറേറ്റ് ഭീമന്മാരും ഒഴിച്ച് മറ്റാരും മോഡിയില്‍ കര്‍മശേഷിയും ഭരണശേഷിയും കാണുന്നവരല്ല.
എന്നാല്‍, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മുടെ പ്രിയ നാടിന്റെ യശസ്സിന് കളങ്കം ചാര്‍ത്തിയ മോഡിയുടെ പാപപങ്കിലമായ കര്‍മങ്ങള്‍ക്കുള്ള ശേഷി സര്‍വരും തിരിച്ചറിഞ്ഞതും അപലപിച്ചതുമാണ്. ഗോധ്രയില്‍ 2002 ഫെബ്രുവരി 27-ന് സബര്‍മതി എക്‌സ്പ്രസ് അഗ്നിക്കിരയായ സംഭവത്തോടനുബന്ധിച്ച്, മുഖ്യമന്ത്രി നരേന്ദ്രമോഡി വിളിച്ചുകൂട്ടിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ മോഡി നല്‍കിയ സുഗ്രീവാജ്ഞ ഇങ്ങനെ: ''ഹിന്ദുജനതയെ സംബന്ധിച്ചേടത്തോളം ഏറ്റവും ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ നിങ്ങള്‍ പോലീസുകാര്‍ ഒരു വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ തുല്യമായി ഹിന്ദുക്കളെയും മുസ്‌ലിംകളെയും അറസ്റ്റ് ചെയ്യും. അതിവിടെ പറ്റില്ല. മൂന്ന് ദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരാഗ്‌നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്. ഗോധ്രയില്‍ മരിച്ച 59 പേരുടെയും മൃതദേഹങ്ങളും കത്തിയ ബോഗിയും അതേപടി കൊണ്ടുവന്ന് ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശിപ്പിക്കണം എന്നും മോഡി ആവശ്യപ്പെടുകയുണ്ടായി'' (വംശഹത്യാ കാലത്ത് ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പിയായിരുന്ന ശ്രീകുമാര്‍ കേരള ശബ്ദം വാരിക, 2008 ഒക്‌ടോബര്‍ 19-ന് നല്‍കിയ അഭിമുഖം).
കൃഷ്ണ-ഗോദാവരി തടത്തിലെ വാതക ഖനനവുമായി ബന്ധപ്പെട്ട ഒരു വിദേശ കമ്പനിക്കും ഇന്ത്യന്‍ കമ്പനിക്കും സൗജന്യമായി മോഡി ഓഹരി നല്‍കിയിട്ടുണ്ടെന്നും, സ്വകാര്യ കമ്പനിക്ക് ഇരുപതിനായിരം കോടി രൂപയുടെ വാതക പാടങ്ങള്‍ സൗജന്യമായി നല്‍കിയത് ടുജി അഴിമതിയേക്കാള്‍ വലുതാണെന്നുമുള്ള ആരോപണവും മോഡിയുടെ കാര്യക്ഷമമായ സല്‍ഭരണത്തിന്റെയും കര്‍മശേഷിയുടെയും ജീവിക്കുന്ന ദൃഷ്ടാന്തങ്ങള്‍ തന്നെയോ?
റഹ്മാന്‍ മധുരക്കുഴി

ആഭ്യന്തര വകുപ്പിന്റെ ജമാഅത്ത് വിശകലനം

              മാഅത്തെ ഇസ്‌ലാമിയെ സാംസ്‌കാരികമായി എതിര്‍ക്കാനോ അഭിമുഖീകരിക്കാനോ കേരളത്തിലെ ഇടതു-സവര്‍ണ പൊതുബോധത്തിന് സാധ്യമായിട്ടില്ലെന്നത് ജമാഅത്തിനെ മനസ്സിലാക്കിയ എതിരാളികള്‍ പോലും രഹസ്യമായി സമ്മതിക്കുന്ന സത്യമാണ്. ഇസ്‌ലാമിനെ നേരിട്ടാക്രമിക്കാന്‍ ഇടതുപക്ഷത്തിനെന്ന പോലെ സവര്‍ണ വംശീയതക്കും ധൈര്യം പോരാ. അതിനാല്‍ ഇസ്‌ലാമിന്റെ വ്യക്തവും ലളിതവുമായ മൗലികാശയങ്ങളെ എതിര്‍ക്കാന്‍ ജമാഅത്തെന്ന കുറ്റി ലാക്കാക്കി അമ്പെയ്യുക എന്ന കുടില തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്.

ഐ.പി.എച്ചിന്റെ മിക്ക ഗ്രന്ഥങ്ങളിലും ഇസ്‌ലാം എന്ന ദൈവിക വ്യവസ്ഥയുടെ വിവിധ വശങ്ങളെയും കുറിച്ച പഠനങ്ങളാണ്. അതില്‍ 14 ഗ്രന്ഥങ്ങളില്‍ മാത്രം അപകടം കണ്ടതിന്റെ സത്യം ആഭ്യന്തര വകുപ്പിന്റെ വായനാ പിശകാവാനാണ് സാധ്യത. കഴിയുന്നതും വേഗം ആഭ്യന്തര വകുപ്പ് ഐ.പി.എച്ചിന്റെ എല്ലാ പുസ്തകങ്ങളും തുറന്ന പരിശോധനക്കും സാധ്യമെങ്കില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി തുറന്ന ചര്‍ച്ചക്കും വിധേയമാക്കണം. ആഭ്യന്തരവകുപ്പ് മുന്‍കൈയെടുത്ത് ഐ.പി.എച്ച് ഗ്രന്ഥങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കാനുള്ള അവസരവും സൃഷ്ടിക്കണം. അപകടകരമായ ഭീകരാശയങ്ങള്‍ കണ്ടെത്തുന്ന പക്ഷം അവയില്‍നിന്ന് വിട്ടുനില്‍ക്കാമല്ലോ.
എം.എം ഇന്‍സാഫ്

മുഹ്‌യിദ്ദീന്‍ മാലയുടെ രചനകാലം

         പ്രബോധനം ലക്കം 2837-ല്‍ വി.എം കുട്ടിയുടേതായിവന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ലേഖനത്തില്‍ ഉദ്ധരിച്ച കണക്കുകള്‍ വസ്തുതക്ക് നിരക്കാത്തതും ഗണിത ശാസ്ത്രത്തിന് പരിചയമില്ലാത്ത സങ്കലന സൂത്രം പരിചയപ്പെടുത്തുന്നതുമായിരുന്നു. മുമ്പ് വാരാദ്യമാധ്യമത്തില്‍ ഈ വിഷയം വന്നപ്പോള്‍ തന്നെ ഇത് കേരളത്തില്‍ വിവാദമായിരുന്നു. അന്ന് വിവാദമായ കാര്യങ്ങള്‍ അതുപോലെ ഉദ്ധരിച്ചു കൊണ്ട് വി.എം കുട്ടി ഇപ്പോള്‍ വീണ്ടും ലേഖനമെഴുതിയിരിക്കുന്നു. ലേഖനത്തില്‍ പറയുന്നത് ഖാദി മുഹമ്മദ് മരിച്ചത് ഹിജ്‌റ വര്‍ഷം 1025-ലും ക്രിസ്തുവര്‍ഷം 1606-ലുമാണെന്നാണ്. എന്നാല്‍ രചന നടന്നത് ക്രിസ്താബ്ദം 1607-ലും. അപ്പോള്‍ മാലയുടെ രചന നടക്കുന്നത് ഖാദി മുഹമ്മദ് മരിച്ചതിനു ശേഷമാണെന്നു വരുന്നു. എന്നാല്‍ ഹിജ്‌റ 1025 നെ ക്രിസ്തു വര്‍ഷത്തിലേക്ക് മാറ്റുമ്പോള്‍ 1606 ലഭിക്കുന്നതെങ്ങനെയെന്ന് ലേഖകന്‍ വിശദീകരിക്കേണ്ടതുണ്ട്. എങ്ങനെ പരിശോധിച്ചാലും 1616 എന്നേ ലഭിക്കൂ. 2008-ല്‍ വി.എം കുട്ടിയുടെ ലേഖനത്തില്‍ ഖാദി മുഹമ്മദ് മരിച്ചത് ഹിജ്‌റ 1597 ല്‍ എന്നാണെഴുതിയിരുന്നത്. പ്രബോധനത്തിലെത്തിയപ്പോള്‍ അത് 1606 ആയി. രചന നടന്നത് ഹിജ്‌റ 1206-ല്‍ ആണ് എന്ന് മുസ്തഫ ഫൈസി പറയുന്നുവെന്ന് ലേഖകന്‍ ആരോപിക്കുന്നു. എന്നാല്‍ ഫൈസിയുടെ പുസ്തകത്തിന്റെ പുതിയ പതിപ്പിലുള്ളത് രചന നടന്നത് 1015-ലാണെന്നാണ്.
 മുഹമ്മദ് നിശാദ് രണ്ടത്താണി

ഡിസംബര്‍ 18 മറ്റൊരു ദിനം കൂടിയായിരുന്നില്ലേ?

            ലക്കം 2834-ലെ മുഖക്കുറിപ്പാണ് ഈ കുറിപ്പിന്നാധാരം. ഡിസംബര്‍ 18 അന്താരാഷ്ട്ര ന്യൂനപക്ഷ അവകാശ ദിനം മാത്രമായിരുന്നില്ല. ലോക ഭാഷാ സ്‌നേഹികളെ സംബന്ധിച്ചേടത്തോളം പൊതുവെയും മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം വിശേഷിച്ചും സന്തോഷം പകരേണ്ട ലോക അറബി ഭാഷാ ദിനം കൂടിയായിരുന്നു. യു.എന്‍ അംഗീകരിച്ച ഭാഷകളിലൊന്നായ അറബിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന എന്ത് ഇടപെടലുകളാണ് കഴിഞ്ഞ ഡിസംബര്‍ 18-ന് ശേഷം മാധ്യമങ്ങള്‍ നടത്തിയത്? അറബി ഭാഷയെക്കുറിച്ച് മുഖ്യധാരയോട് സംവദിക്കാന്‍ പോന്ന പഠനങ്ങളും ലോക തലത്തില്‍ പ്രസ്തുത ഭാഷക്ക് വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആലോചനകളും പ്രബോധനത്തിന്റെ വരും ലക്കങ്ങളില്‍ പ്രതീക്ഷിക്കുന്നു.
 സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

സൈന്യത്തിന്റെ 'ജനാധിപത്യം' അറിഞ്ഞുതുടങ്ങി

          മൂസക്കുട്ടി വെട്ടിക്കാട്ടിരിയുടെ 'പട്ടാളം ജനാധിപത്യം നടപ്പാക്കുമ്പോള്‍' എന്ന ലേഖനം (ലക്കം 2836) വായിച്ചു. മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈന്യത്തോടൊപ്പം നിന്ന പല ഗ്രൂപ്പുകളും ഇപ്പോള്‍ മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നുവെന്നതാണ് പുതിയ വിശേഷം. മുര്‍സിവിരുദ്ധ ആക്രമണങ്ങളില്‍ സൈന്യത്തോടൊപ്പം സജീവമായിരുന്ന 'ഏപ്രില്‍ 6' യുവജന പ്രസ്ഥാനം എന്ന ഇടത് അനുകൂല സംഘടനയുടെ നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. അവരടക്കം മുര്‍സിക്കെതിരെ സൈന്യത്തോടൊപ്പം നിലകൊണ്ട പലരും പുതിയ സര്‍ക്കാറിന്റെ 'ജനാധിപത്യ'ത്തിന്റെ രുചി അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്
റഹീം .കെ, പറവന്നൂര്‍

              വിദ്യാര്‍ഥികളുടെ നിലവിലെ അവസ്ഥയും പ്രയാണ ദിശയിലെ വൈകല്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രചോദിപ്പിക്കുന്നതാണ് അമീന്‍ അഹ്‌സന്‍ കൂട്ടിലങ്ങാടിയുടെ 'എ.ബി.സി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി' (ലക്കം 2836) എന്ന കവിത. ശൈലി സുഭഗതയിലും ആശയഗരിമയിലും നിലവാരം പുലര്‍ത്തുന്നതാണ് പ്രബോധനത്തിലെ കവിതകള്‍.
ടി. അര്‍ഷാദ് കാരക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍