ആപത്കരമായ തീക്കളി
സമുദായ സൗഹാര്‍ദത്തിനും മത സഹിഷ്ണുതക്കും പേരുകേട്ട സംസ്ഥാനമാണ് കേരളം. ജാതി മത ഭേദം മറന്നുള്ള മൈത്രിയും സഹകരണവും ഇവിടത്തെ സമാധാനാന്തരീക്ഷത്തിന്റെയും സൈ്വരജീവിതത്തിന്റെയും ഈടുവെപ്പാണ്. വര്‍ഗീയ രാഷ്ട്രീയത്തിന് സംസ്ഥാന നിയമസഭയില്‍ ഇതുവരെ അക്കൗണ്ട് തുറക്കാനാവാത്തതും അതുകൊണ്ടുതന്നെ. ഭൂരിപക്ഷ മനസ്സുകളില്‍ ന്യൂനപക്ഷ വിരോധം വളര്‍ത്താതെ കേരളത്തില്‍ തങ്ങള്‍ക്ക് ഇടം കിട്ടില്ലെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. അതിനുവേണ്ടി കാലങ്ങളായി നടത്തപ്പെടുന്ന പ്രയത്‌നങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. എന്നാല്‍, 1970-ലെ തലശ്ശേരി കലാപം മുതല്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള പല സംഘട്ടനങ്ങളും ആ ശ്രമം തീരെ നിഷ്ഫലമായിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്. അവയൊന്നും വന്‍ കലാപങ്ങളായി കത്തിപ്പടരാതെ പ്രാദേശികതലത്തില്‍ കെട്ടടങ്ങിയത് പൊതു മനസ്സിന്റെ സമാധാനവാഞ്ഛ കൊണ്ടും മതേതരത്വ പ്രതിബദ്ധത കൊണ്ടുമാണ്. ഈ മനസ്സ് ശക്തിപ്പെടുത്തുകയാണ് മത-രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മകളെല്ലാം ചെയ്യേണ്ടത്. മനസ്സുകളില്‍ എളുപ്പത്തില്‍ വിദ്വേഷാഗ്നി ജ്വലിപ്പിക്കാന്‍ പറ്റിയ ഇന്ധനമാണ് വര്‍ഗീയതയും മതതീവ്രതയും. അത് തീപ്പൊരി ചിതറാതിരിക്കാനും ചിതറുന്നിടത്ത് തല്ലിക്കെടുത്താനും എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
മതാഘോഷ യാത്രകള്‍ക്ക് നേരെ കല്ലേറുണ്ടാവുക, ക്ഷേത്രമുറ്റത്ത് പശുവിന്റെയും പള്ളിമുറ്റത്ത് പന്നിയുടെയും ശവങ്ങള്‍ പ്രത്യക്ഷപ്പെടുക, മറ്റേ മതക്കാര്‍ ഈ മതത്തെ നിന്ദിക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്തതായി പ്രചരിപ്പിക്കുക ഇതൊക്കെയാണ് ഉത്തരേന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്താന്‍ അവലംബിക്കപ്പെടുന്ന തന്ത്രങ്ങള്‍. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന, നരേന്ദ്രമോഡിയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ്സിനു നേരെ ഓച്ചിറയില്‍ വെച്ച് ആരോ കല്ലെറിഞ്ഞു. ബസ്സിലുണ്ടായിരുന്നവര്‍ അടുത്തുള്ള കുളങ്കര ജുമാ മസ്ജിദ് ആക്രമിച്ച് വിളക്കുകളും കൊടിമരവും തകര്‍ത്തു. ആണ്ട് നേര്‍ച്ചക്കു വേണ്ടി തയാറാക്കിവെച്ചിരുന്ന മാംസത്തില്‍ മണ്ണ് വാരി എറിയുകയും ചെയ്തു. സാധാരണഗതിയില്‍ വലിയൊരു കലാപമുണ്ടാവാന്‍ അത് മതിയായിരുന്നു. സംഭവം അര്‍ധരാത്രിയായതുകൊണ്ടും പുലരും മുമ്പ് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കഴിഞ്ഞതുകൊണ്ടും തല്‍ക്കാലം അതൊഴിവായിക്കിട്ടി. എന്നാല്‍, ബസ്സിന് കല്ലെറിഞ്ഞവരെയും മസ്ജിദ് ആക്രമിച്ചവരെയും കണ്ടെത്തി നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തിച്ചുകൂടാ. സാമുദായിക സംഘട്ടനത്തിനിടയാക്കുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. അവരെ നിലക്ക് നിര്‍ത്തിയേ തീരൂ. കലാപം സൃഷ്ടിക്കുന്ന വിധ്വംസക നടപടികള്‍ സ്വയം നടത്തി അതിന്റെ ഉത്തരവാദിത്വവും കൂടി എതിര്‍ സമുദായത്തില്‍ ആരോപിക്കുന്ന തന്ത്രവും സാധാരണമാണ്. ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനം, അജ്മീര്‍ സ്‌ഫോടനം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ അതിനുണ്ട്. ഇത്തരം കുത്സിത തന്ത്രങ്ങളുടെ ചെറിയ പതിപ്പുകള്‍ കേരളത്തിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. അതിന്റെ പിറകില്‍ ചില മതേതര രാഷ്ട്രീയ കക്ഷികളുമുണ്ട് എന്നത് ഏറെ അപലപനിയമാകുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും വിവേചനപരമായി പെരുമാറുന്നതുമൊക്കെ സാധാരണമാണ്. വര്‍ഗീയ വികാരം ഇളക്കിവിട്ട് കലാപം സൃഷ്ടിച്ച് വോട്ട് സമാഹരിക്കുന്ന തന്ത്രം വര്‍ഗീയ ഫാഷിസ്റ്റ് കക്ഷികള്‍ മാത്രമേ അവലംബിക്കാറുള്ളൂ. ഏറ്റം വലിയ മതേതര വാദികളായി കണക്കാക്കപ്പെടുന്ന കക്ഷിയാണ് സി.പി.എം. അധഃസ്ഥിതരുടെയും അധ്വാനിക്കുന്നവരുടെയും ന്യൂനപക്ഷങ്ങളുടെയും യഥാര്‍ഥ രക്ഷകര്‍ത്താക്കളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. പണ്ട് തലശ്ശേരി കലാപത്തില്‍ അവരത് തെളിയിച്ചിട്ടുമുണ്ട്. ഇന്ന് കാലം മാറി. സി.പി.എമ്മിന്റെ മതേതരത്വ പ്രതിബദ്ധതയിലും ന്യൂനപക്ഷാനുഭാവത്തിലും മാറ്റം വന്നിരിക്കുന്നു. ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കുന്നതിലാണ് ഇപ്പോഴവര്‍ക്ക് കൂടുതല്‍ താല്‍പര്യം. വര്‍ഗീയ വിദ്വേഷം ഇളക്കിവിടുന്നത് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുപകരിക്കുമെങ്കില്‍ അതും പ്രയോജനപ്പെടുത്താം. ഫെബ്രുവരി 4-ന് വടകരയിലെ മേമുണ്ടയില്‍, നരേന്ദ്രമോഡിയുടെ പടമുള്ള ബി.ജെ.പി ഫ്‌ളക്‌സ് ബോര്‍ഡ് വലിച്ചുകീറി സ്ഥലത്തെ ബാഫഖി തങ്ങള്‍ സ്മാരക മദ്‌റസയില്‍ കൊണ്ടിടുകയുണ്ടായി. പ്രതികളിലൊരാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി. മുപ്പതോളം പേര്‍ ബോംബും മറ്റായുധങ്ങളുമായി വന്ന് അയാളെ ബലാല്‍ക്കാരം മോചിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. പിടികൂടപ്പെട്ടയാളും അയാളെ മോചിപ്പിച്ചവരുമെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് പോലീസും നാട്ടുകാരും പറയുന്നു. പ്രതികളെ നാട്ടുകാര്‍ നേരില്‍ കണ്ടിരുന്നില്ലെങ്കില്‍ ആ സംഭവത്തിന് എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാകുമായിരുന്നുവെന്നോര്‍ത്തു നോക്കുക. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, ചന്ദ്രശേഖരന് ഒരു മുസ്‌ലിം സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നതില്‍ രോഷം പൂണ്ട മുസ്‌ലിം തീവ്രവാദികളാണത് ചെയ്തതെന്ന് പ്രചരിപ്പിക്കാന്‍ ചില സി.പി.എം കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായി. കൊലയാളികള്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസില്‍ 'മാശാ അല്ലാഹ്' എന്ന അറബി കാലിഗ്രഫി ഒട്ടിച്ചുവെച്ചത് അന്വേഷണം ആ വഴിക്ക് തിരിക്കാനുള്ള തന്ത്രമായിരുന്നു. പോലീസ് പക്ഷേ, ആ കെണിയില്‍ വീണില്ല. തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തിന് പിന്നിലും വര്‍ഗീയ കലാപത്തിനുള്ള ഗൂഢാലോചനയുണ്ടായിരുന്നതായി പ്രസ്താവമുണ്ട്. കൊലയാളികള്‍ 'ഓം കാളി, ജയ് കാളി' എന്നു വിളിച്ചാണ് തിരിച്ചുപോയതെന്നും ത്രിശൂലം കണ്ടെടുത്തുവെന്നുമൊക്കെയുള്ള പ്രചാരണം അതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നിലപാട് കേരളത്തെ ഏറെ ആപത്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഇതൊന്നും പാര്‍ട്ടി പരിപാടിയല്ല, നയമല്ല എന്നു പറഞ്ഞേക്കാം. ചന്ദ്രശേഖരവധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നു പറയുന്നതുപോലെ മാത്രമേ ജനങ്ങള്‍ക്ക് അത് കേള്‍ക്കാനാകൂ. സംഘ്പരിവാര്‍ സംഘടനകളും സി.പി.എമ്മും ഒരേ രേഖയില്‍ സഞ്ചരിക്കുന്നത് കേരള രാഷ്ട്രീയത്തെ മാത്രമല്ല, സമൂഹത്തെ മുഴുവന്‍ സംഘര്‍ഷഭരിതമാക്കും. ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍ഭടന്മാര്‍ എന്നഭിമാനിക്കുന്ന തങ്ങള്‍ ഇപ്പോള്‍ ഏതു ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എമ്മിലെ വിവേകശാലികള്‍ സഗൗരവം പരിശോധിക്കുന്നത് നന്ന്. ഇതര രാഷ്ട്രീയ, മത, സാംസ്‌കാരിക നേതൃത്വങ്ങളും ഈ തീക്കളിയുടെ അപകടകാരിത തിരിച്ചറിയേണ്ടതുണ്ട്.
Comments