Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

ഈജിപ്തില്‍ ഇത് ഇലപൊഴിയും കാലം

ടി.കെ.എം ഇഖ്ബാല്‍

           ഫിര്‍ഔനും ഹാമാനും കിങ്കരന്മാരും ചേര്‍ന്ന് മൂസാ പ്രവാചകനെയും അനുയായികളെയും വേട്ടയാടിയതും ഒടുക്കം കടലിന്റെ അഗാധതയില്‍ മുങ്ങിയൊടുങ്ങിയതുമായ ചരിത്ര സംഭവം എത്ര മിഴിവോടെയാണ് ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്! ഫിര്‍ഔന്‍ മര്‍ദക, സ്വേഛാധിപത്യത്തിന്റെയും ഹാമാന്‍ അധികാരത്തിന്റെ അരിക് പറ്റി നിലനില്‍ക്കുന്ന എല്ലാ നിക്ഷിപ്ത താല്‍പര്യങ്ങളുടെയും പ്രതീകമാണ്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ചരിത്രം വഴിമാറിനടന്ന ഒരു ചെറിയ ഇടവേളക്ക് ശേഷം, ഈജിപ്തില്‍ ഫിര്‍ഔനും ഹാമാനും പുനര്‍ജനിക്കുകയാണ്. തന്റെ അധികാരത്തിന് വെല്ലുവിളിയുയര്‍ത്താന്‍ ഒരു 'ഭീകരവാദി' പിറക്കാന്‍ പോകുന്നുവെന്ന് കേട്ട് ഇസ്രയേല്‍ വംശത്തിലെ മുഴുവന്‍ ആണ്‍ ജന്മങ്ങളെയും കൊന്നൊടുക്കാന്‍ ഉത്തരവിട്ട റംസിസ് രണ്ടാമന്റെ ഉന്മൂലന പദ്ധതിയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
സൈന്യം, ഇന്റലിജന്‍സ് സര്‍വീസ്, വന്‍കിട മുതലാളിമാര്‍, മീഡിയ, ജുഡീഷ്യറി, ബ്യൂറോക്രസി ഇതെല്ലാം ഉള്‍പ്പെടെ ഈജിപ്ഷ്യന്‍ ഡീപ് സ്റ്റേറ്റിന്റെ തണലില്‍ സെക്യുലര്‍, ലിബറല്‍, ഇടതുപക്ഷ കക്ഷികളും അല്‍ അസ്ഹറും കോപ്റ്റിക് ചര്‍ച്ചും പ്രതിനിധീകരിക്കുന്ന പരമ്പരാഗത മതനേതൃത്വവും സലഫികളില്‍ ഒരു പ്രബല വിഭാഗവും ചേര്‍ന്ന ഒരു അവിശുദ്ധ മുന്നണി ഈജിപ്തിനെ അതിന്റെ കരാള ദിനങ്ങളിലേക്ക് തിരിച്ചു നടത്തുകയാണ്. ഈജിപ്ഷ്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യം, ജനുവരി 25 വിപ്ലവത്തിന് മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പ്, മുബാറകിന്റെ പിണിയാളുകള്‍ക്ക് അടിയറവ് വെച്ചതിന് ചരിത്രം ഇവര്‍ക്ക് മാപ്പു നല്‍കുകയില്ലെന്ന് തീര്‍ച്ച.
നുണകളിലും കാപട്യത്തിലും ക്രൂരതയിലും കെട്ടിപ്പൊക്കിയ സ്ഫടിക ഗോപുരത്തിലിരുന്നാണ് ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി അധികാരം വാഴുന്നത്. ഈ ചില്ലുകൊട്ടാരത്തിന് എത്ര ആയുസ്സുണ്ടെന്ന് ചരിത്രം തീരുമാനിക്കും. മുഖ്യധാരാ മീഡിയ തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന ക്രൂരതകളുടെ യഥാര്‍ഥ ചിത്രം ലോകം അറിഞ്ഞിരുന്നെങ്കില്‍ ജനറല്‍ സീസിയെ വീരനായകനായി കൊണ്ടുനടക്കുന്ന പലരും പശ്ചാത്തപിച്ചു മടങ്ങിയേനെ. 2013 ആഗസ്റ്റ് 12-ന് റാബിഅ അല്‍ അദവിയ്യയിലും അന്നഹ്ദാ സ്‌ക്വയറിലും പട്ടാളം നടത്തിയ കൂട്ടക്കുരുതിയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതിന് കൃത്യമായ കണക്കില്ല. നരമേധത്തിന് ശേഷം ശവശരീരങ്ങളടക്കം ചുട്ടുചാമ്പലാക്കിയത് കൊണ്ട് ആ കണക്ക് ലോകം ഒരിക്കലും അറിയാനും പോകുന്നില്ല. ആ ഒരു ദിവസം മാത്രം ഈജിപ്തിലെ പല ഭാഗങ്ങളിലായി മൂവായിരത്തോളം ആളുകള്‍ പോലീസിന്റെയും സൈന്യത്തിന്റെയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് ബ്രദര്‍ഹുഡ് പറയുന്നു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ പട്ടാള അട്ടിമറിയില്‍ തന്റെ റോള്‍ ഭംഗിയായി അഭിനയിച്ചുതീര്‍ത്ത ശേഷം ഇടക്കാല വൈസ് പ്രസിഡന്റായി അവരോധിതനായ മുഹമ്മദ് അല്‍ ബറാദഈ രായ്ക്കുരാമാനം രാജിവെച്ചൊഴിഞ്ഞത് മനസ്സാക്ഷിക്കുത്തുകൊണ്ട് മാത്രമാവാന്‍ വഴിയില്ല. യുദ്ധക്കുറ്റത്തിന് ചരിത്രത്തിന്റെ വിചാരണ നേരിടേണ്ടിവരുമോ എന്ന ഭയം ഉള്ളിലെവിടെയോ തങ്ങിനില്‍ക്കുന്നത് കൊണ്ടു കൂടിയാവണം.

അരങ്ങും അണിയറയും
മുഹമ്മദ് മുര്‍സിയുടെ ഭരണത്തില്‍ സഹികെട്ട് ജനം തെരുവിലിറങ്ങിയപ്പോള്‍ ഈജിപ്തിനെ രക്ഷിക്കാന്‍ പട്ടാളം ഇടപെട്ടുവെന്നാണല്ലോ മുഖ്യധാരാ മാധ്യമങ്ങള്‍ ലോകത്തെ ധരിപ്പിച്ചിരിക്കുന്നത്. അട്ടിമറിയുടെ തിരക്കഥ പ്രക്ഷോഭം ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ തയാറാക്കപ്പെട്ടിരുന്നുവെന്നതിന്റെ ധാരാളം തെളിവുകള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. അഹ്മദ് ശഫീഖ് മുതല്‍ അല്‍ബറാദഈ വരെ ഉള്‍പ്പെട്ട ഗൂഢാലോചനയുടെ വേരുകള്‍ പല വിദേശ തലസ്ഥാനങ്ങളിലേക്കും നീളുന്നുവെന്നാണ് വിശ്വസനീയമായ വിവരങ്ങള്‍.
സൈനിക അട്ടിമറിയുടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള പദ്ധതിയെക്കുറിച്ച് സൈന്യത്തിലെ ഒരു ഉയര്‍ന്ന ഓഫീസര്‍ സഹ സൈനികനോട് നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോ ഫൂട്ടേജ്, മുര്‍സിക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നിഗൂഢമാംവിധം ശൂന്യതയില്‍ നിന്ന് ഉയര്‍ന്നുവന്ന 'തമര്‍റുദ്' പ്രസ്ഥാനത്തിന്റെ ഒരു നേതാവ് തന്റെ ഗ്രൂപ്പ് മുബാറക്ക് അനുകൂല സൈനിക ഓഫീസര്‍മാരുമായി ഉണ്ടാക്കിയ രഹസ്യ ധാരണ തുറന്ന് പറഞ്ഞുകൊണ്ട് നടത്തിയ കുറ്റസമ്മതത്തിന്റെ ഓഡിയോ ടേപ്പ് (ഇവയില്‍ പലതും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും) എന്നിവ ഗൂഢാലോചനയുടെ സാക്ഷ്യങ്ങളാണ്. ഇതില്‍ കണ്ണിയായ ഒരു പ്രമുഖ വനിതാ കോപ്റ്റിക് നേതാവിന്റെ വെളിപ്പെടുത്തല്‍ യൂട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്. മുനാ മക്‌റം ഉബൈദ് എന്ന ഈ രാഷ്ട്രീയക്കാരി, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി മുബാറക് ഭരണകൂടത്തിലും പിന്നീട് മുര്‍സി ഭരണകൂടത്തിലും പങ്കുവഹിച്ചിട്ടുണ്ട്. മുര്‍സി നിയമിച്ച ഭരണഘടനാ നിര്‍മാണ സമിതിയിലും അംഗമായിരുന്നു അവര്‍- 2012 നവംബറില്‍ അതിലെ സെക്യുലര്‍ മെമ്പര്‍മാര്‍ കൂട്ട രാജിവെച്ച് ഒഴിയുന്നത് വരെ. ജൂലൈ 3-ന് പട്ടാള അട്ടിമറി നടന്ന് കൃത്യം ഒരാഴ്ചക്ക് ശേഷം ജുലൈ 11-ന് കയ്‌റോയിലെ മിഡിലീസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ അട്ടിമറിയിലേക്ക് നയിച്ച സംഭവങ്ങള്‍ ആവേശപൂര്‍വം വിവരിക്കവെ, മുനാ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങനെ: ജൂണ്‍ 30-ന് രാവിലെ അട്ടിമറിയുടെ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്, മുബാറക്കിന്റെ വിശ്വസ്തനും ഭവന വകുപ്പ് മന്ത്രിയുമായിരുന്ന ഹസബുല്ലാ അല്‍ കഫ്‌റാവിയുടെ കൊട്ടാര സദൃശമായ വീട്ടിലേക്ക് ഒരു കൂടിയാലോചനക്ക് താന്‍ ക്ഷണിക്കപ്പെട്ടു. കഫ്‌റാവിയുടെ തൊട്ടടുത്ത് ഈജിപ്ഷ്യന്‍ ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ മുന്‍ ഡെപ്യൂട്ടി ചീഫും കടുത്ത ബ്രദര്‍ഹുഡ് വിരുദ്ധനുമായ റിട്ടയേര്‍ഡ് ജനറല്‍ ഫുആദ് അല്ലാം ഇരിപ്പുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം ഈജിപ്തിലെ മത ഗ്രൂപ്പുകളെ നിരീക്ഷിക്കുന്ന ചുമതലയുണ്ടായിരുന്ന അല്ലാം ലോകത്തിലെ കുപ്രസിദ്ധരായ 'ഉരുട്ടല്‍' വിദഗ്ധന്മാരില്‍ ഒരാളാണ്. ഇവര്‍ക്ക് പുറമെ രണ്ട് ഡസന്‍ സെക്യുലരിസ്റ്റ് പത്രപ്രവര്‍ത്തകരും അക്കാദമിക്കുകളും മുര്‍സി വിരുദ്ധ പ്രതിപക്ഷമുന്നണിയിലെ പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു ആ സദസ്സില്‍. സൈന്യം, കോപ്റ്റിക് ചര്‍ച്ച്, അല്‍ അസ്ഹര്‍ ഇവരുമായി താന്‍ ബന്ധപ്പെട്ടുവരികയാണെന്നും സൈന്യം ഇടപെടണമെങ്കില്‍ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള രേഖാമൂലമായ ഒരു അഭ്യര്‍ഥന പ്രതിപക്ഷത്തില്‍ നിന്ന് കിട്ടണമെന്ന് ജനറല്‍ സീസി സ്വകാര്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഫ്‌റാവി യോഗത്തെ അറിയിച്ചു. അന്നുച്ചക്ക് മൂന്ന് മണിക്ക് സൈനിക ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് അന്‍പത് പ്രതിപക്ഷ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട ഒരു കത്ത് സൈന്യത്തിന് കൈമാറി. തഹ്‌രീര്‍ സ്‌ക്വയറിലെ പ്രക്ഷോഭം അന്ന് വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുമെന്നാണ് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. അതിന് മുമ്പ് തന്നെ പ്രതിപക്ഷത്തിന്റെ അഭ്യര്‍ഥന പ്രകാരമുള്ള സൈനിക ഇടപെടല്‍ തീരുമാനിക്കപ്പെട്ടിരുന്നുവെന്നര്‍ഥം.
അട്ടിമറിക്ക് ശേഷം ബ്രദര്‍ഹുഡിന്റെ ചരമക്കുറിപ്പെഴുതാന്‍ തിടുക്കം കാട്ടിയ പല പാശ്ചാത്യ മാധ്യമങ്ങള്‍ക്കും മിലിറ്ററി ജണ്ടയുടെ അത്യാചാരങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ വയ്യാതായിരിക്കുന്നു.  ബ്രദര്‍ഹുഡും അതിന്റെ എല്ലാ പോഷക സംഘടനകളും നിരോധിക്കപ്പെട്ടിരിക്കുന്നു. ഭീകരകുറ്റം ചുമത്തി ബ്രദര്‍ഹുഡുമായി വിദൂര ബന്ധമുള്ള ആളുകളെയും ക്രൂരമായി പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തിന്റെ എല്ലാ മുന്‍നിര, മധ്യനിര നേതാക്കളും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും തടവറയിലാണ്. ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും സൈന്യവും വന്‍കിട ബിസിനസ്സുകാരും നിയന്ത്രിക്കുന്ന സ്റ്റേറ്റ്, സ്വകാര്യ മീഡിയ സംഘടനക്കെതിരെ പ്രചണ്ഡമായ നുണ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊക്കെയായിട്ടും തെരുവില്‍ പ്രക്ഷോഭങ്ങള്‍ അടങ്ങുന്നില്ല. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ദിനേനെ ആളുകള്‍ കൊല്ലപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ നിയമസാധുതയെ നിശിതമായി ചോദ്യം ചെയ്യുന്ന മുര്‍സിയുടെ നിശ്ചയദാര്‍ഢ്യം സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. മുര്‍സിയല്ല, സൈന്യമാണ് കോടതിയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത്  എന്ന് നിഷ്പക്ഷ നിരീക്ഷകരും അഭിപ്രായപ്പെടുകയുണ്ടായി. ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ ഉള്‍പ്പെടെയുള്ള ലോക മനുഷ്യാവകാശ സംഘടനകള്‍ പട്ടാള ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രതിഷേധം വന്ന ഉടനെയാണ് അല്‍ജസീറയുടെ കാമറാമാന്‍ ഉള്‍പ്പെടെ ബ്രദര്‍ഹുഡിനെ പിന്തുണച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അറുപതിലധികം ആളുകളെ ഒരു കീഴ്‌ക്കോടതി വെറുതെ വിട്ടത്.
ഭരണഘടനാ റഫറണ്ടത്തിലെ 98 ശതമാനത്തിലധികം വരുന്ന അനുകൂല വോട്ട് അശ്ലീലമാം വിധം മുബാറക്ക് യുഗത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ വന്‍കിട പത്രങ്ങള്‍ തുറന്നെഴുതി. 38.6 ശതമാനം ആളുകള്‍ വോട്ടിംഗില്‍ പങ്കെടുത്തുവെന്ന സൈന്യത്തിന്റെ കണക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ ചോദ്യം കൂടാതെ ഏറ്റെടുത്തുവെങ്കിലും, റഫറണ്ടത്തിലെ വ്യാപകമായ ക്രമക്കേടുകളും ചെറുപ്പക്കാരുടെ അര്‍ഥപൂര്‍ണമായ അസാന്നിധ്യവും പലരും ചൂണ്ടിക്കാട്ടി. റഫറണ്ടത്തിനെതിരായ ചെറു ശബ്ദങ്ങളെപ്പോലും നിശ്ശബ്ദമാക്കിയിട്ടും അനുകൂല വോട്ടിന് വേണ്ടി പ്രചണ്ഡമായ കാമ്പയിന്‍ നടത്തിയിട്ടും ജനം എന്തുകൊണ്ട് പോളിംഗ് ബൂത്തിലേക്ക് പ്രതീക്ഷിച്ചപോലെ ഒഴുകിയില്ല എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. ഭരണഘടനയിലെ ഇസ്‌ലാമികമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും സൈന്യത്തിന് ഏകപക്ഷീയമായ അധികാരങ്ങള്‍ നല്‍കുന്ന പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്താനും കൂട്ടുനിന്ന സലഫിസ്റ്റ് അന്നൂര്‍ പാര്‍ട്ടിയുടെ കാപട്യത്തെ പലരും തുറന്നുകാട്ടി. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് തെന്നിമാറാന്‍ ബ്രദര്‍ഹുഡിനേക്കാള്‍ സാധ്യതയുള്ളത് സലഫികളായതുകൊണ്ട് അന്നൂര്‍ പാര്‍ട്ടിയുടെ ഭരണ അനുകൂല നിലപാട് ശുഭകരമാണെന്നായിരുന്നു കൗതുകകരമായ ഒരു വിലയിരുത്തല്‍. പക്ഷേ, റഫറണ്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം അന്നൂര്‍ പാര്‍ട്ടിയിലെ ശക്തികേന്ദ്രങ്ങളിലായിരുന്നു എന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്.

ജനാധിപത്യത്തിന് തിരുത്ത്
തെരുവില്‍ ആളെ കൂട്ടിയാല്‍, സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു ഭരണകൂടത്തെ സൈന്യത്തെ ഉപയോഗിച്ച് അട്ടിമറിക്കാമെന്ന പുതിയ ജനാധിപത്യ പാഠമാണ് അട്ടിമറിയെ അട്ടിമറിയെന്ന് വിളിക്കാന്‍ ഇപ്പോഴും സന്നദ്ധമാവാത്ത അമേരിക്കയുള്‍പ്പെടെയുള്ള ശക്തികള്‍ നല്‍കുന്നത്. ഇസ്‌ലാമിസ്റ്റുകളുടെ കാര്യമാവുമ്പോള്‍ ജനാധിപത്യമര്യാദകള്‍ക്ക് പ്രസക്തിയില്ല എന്ന നടപ്പുരീതി തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത്. സെക്യുലര്‍, ലിബറല്‍, ഇടതുപക്ഷ കാപട്യങ്ങളുടെ വൃത്തികെട്ട രംഗവേദിയായി മാറിയിരിക്കുകയാണ് ഈജിപ്ത്. ബ്രദര്‍ഹുഡ് വേട്ടയാണ് സൈന്യത്തിന്റെ ആളായി ചമയാനുള്ള എളുപ്പവഴി. മുര്‍സി ഭര്‍ത്സനത്തില്‍ നിന്ന് തുടങ്ങി സീസി കീര്‍ത്തനത്തില്‍ അവസാനിക്കുന്ന ലേഖനങ്ങളുടെയും ചാനല്‍ പരിപാടികളുടെയും പ്രളയത്തില്‍ മുങ്ങിച്ചാവുകയാണ് ഈജിപ്ഷ്യന്‍ മീഡിയ. ഭരണകൂട സേവ ഇത്രയും നെറികെട്ട രീതിയില്‍ നിര്‍വഹിക്കുന്ന ഒരു മീഡിയ വേറൊരു രാജ്യത്തും കാണാന്‍ സാധ്യമല്ലെന്നാണ് നിരീക്ഷകമതം. ക്‌സനോഫോബിയ (തലിീുവീയശമ) തലക്കുപിടിച്ച ഒരു പത്രാധിപര്‍ പറഞ്ഞുപറഞ്ഞ് അമേരിക്കയാണ് ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നതെന്ന് വരെ പറഞ്ഞുകളഞ്ഞു. പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് പേര് കേട്ട മുസ്ത്വഫാ ബക്‌രിയാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ അമേരിക്ക ജനറല്‍ സീസിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും ഈ നിലപാട് തുടര്‍ന്നാല്‍ 'അമേരിക്കക്കാരെ ജനങ്ങള്‍ തെരുവില്‍ തല്ലിക്കൊല്ലു'മെന്നും പ്രസ്താവിച്ചു കളഞ്ഞത്. സംഭവം വിവാദമായപ്പോള്‍ ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രാലയം പത്രാധിപരെക്കൊണ്ട് പ്രസ്താവന തിരുത്തിച്ചു. താന്‍ ഉദ്ദേശിച്ചത് ഈജിപ്തിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരവാദികളെയാണെന്നായിരുന്നു ബക്‌രിയുടെ തിരുത്ത്!
ബ്രദര്‍ഹുഡിനെതിരെ ജനവികാരം ഇളക്കിവിടാനുള്ള പ്രചാരണ തന്ത്രങ്ങളുടെ ഭാഗമാണ് അമേരിക്കന്‍ - ബ്രദര്‍ഹുഡ് ബാന്ധവത്തെക്കുറിച്ച നുണക്കഥകള്‍. സൈനിക അട്ടിമറിയില്‍ അമേരിക്കയുടെ റോള്‍ ഇതിനകം വെളിച്ചത്ത് വന്നിട്ടുണ്ട്. അമേരിക്കന്‍ നേതൃത്വം അറിയാതെ ഈജിപ്തില്‍ ഇങ്ങനെയൊരു ഭരണമാറ്റം സാധ്യമല്ലെന്ന് മിഡിലീസ്റ്റ് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്കൊക്കെ മനസ്സിലാവും. ഗൂഢാലോചന തിടം വെച്ച നാളുകളില്‍ ചുരുങ്ങിയത് അഞ്ചു തവണ ജനറല്‍ സീസി അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി ഹേഗലുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കു ശേഷം ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വില്യന്‍ ബേണ്‍സ് ഈജിപ്തിലെത്തി അട്ടിമറിയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഒരു ഘട്ടത്തില്‍ ബ്രദര്‍ഹുഡുമായി 'എന്‍ഗേജ്' ചെയ്യാന്‍ ശ്രമം നടത്തിയ അമേരിക്ക, സന്ദര്‍ഭം വന്നപ്പോള്‍ തനിനിറം പുറത്തെടുത്തു. ജൂലൈ ഒന്നിന് ജനറല്‍ സീസി പ്രസിഡന്റ് മുര്‍സിക്ക് അധികാരമൊഴിയാന്‍ അന്ത്യശാസനം നല്‍കിയപ്പോള്‍ അമേരിക്കയുടെ നാഷ്‌നല്‍ സെക്യൂരിറ്റി അഡൈ്വസര്‍ സൂസന്‍ റൈസ്, മുര്‍സിയുടെ വിദേശനയ ഉപദേഷ്ടാവ് ഇസാം ഹദ്ദാദിനെ വിളിച്ച്, മുര്‍സി ഒന്നുകില്‍ രാജിവെച്ചൊഴിയണം, അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടും എന്നറിയിച്ചു. മുര്‍സി ഉപദേശം നിരസിച്ചു. റൈസിന്റെ 22 മിനിറ്റ് സംസാരം സ്മാര്‍ട്ട് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു. ഒരു മണിക്കൂറിനകം മുര്‍സി അറസ്റ്റ് ചെയ്യപ്പെട്ടു. ഇതാണ് അമേരിക്കന്‍ ബാന്ധവത്തിന്റെ പുറത്ത് വരുന്ന യഥാര്‍ഥ കഥ.
അമേരിക്കന്‍ മിഡിലീസ്റ്റ് നയത്തിന്റെ ആണിക്കല്ല് ഇസ്രയേലാണെന്ന് അറിയാത്തവരില്ല. ജനറല്‍ സീസിയുടെ അമ്മ മൊറോക്കോയില്‍ നിന്ന് ഈജിപ്തില്‍ കുടിയേറിയ ഒരു ജൂത വനിതയാണെന്നും, അവരുടെ സഹോദരന്‍ (സീസിയുടെ അമ്മാവന്‍) ഇസ്രയേല്‍ സൈന്യത്തിലും ഭരണകൂടത്തിലും ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണെന്നുമുള്ള വിവരങ്ങള്‍ വിശദാംശങ്ങളോടൊപ്പം ഒരു അള്‍ജീരിയന്‍ പത്രം പുറത്തുവിടുകയുണ്ടായി. ഇത് സത്യമാണെങ്കില്‍ തന്നെ, ഒരു യാദൃഛികതയായി വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷേ, ജനറല്‍ സീസി ഇസ്രയേലിന്റെ നാഷനല്‍ ഹീറോ ആണെന്ന് ഈജിപ്തിലെ ഇസ്രയേല്‍ അംബാസഡര്‍ ഒരു ഇസ്രയേലീ റേഡിയോവിനോട് പറഞ്ഞത് അവഗണിക്കാവുന്ന കാര്യമല്ല. ബ്രദര്‍ഹുഡിനെ ഒതുക്കിയതിന് ശേഷം ഹമാസിനെതിരെ തിരിയാനാണ് സീസിയുടെ പ്ലാന്‍ എന്ന് ഈജിപ്ഷ്യന്‍ സൈന്യത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കാവുന്നതാണ്.

ബ്രദര്‍ഹുഡിന് പിഴച്ചുവോ?
മുര്‍സിക്കെതിരായ ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചന അദ്ദേഹം അധികാരത്തിലേറിയ അന്നു മുതല്‍ തുടങ്ങിയതാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോള്‍, ബ്രദര്‍ഹുഡിന്റെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് അട്ടിമറിയെ ന്യായീകരിക്കുന്നതിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടും. ഗൂഢാലോചന യഥാസമയം തിരിച്ചറിയാനും നിര്‍വീര്യമാക്കാനും മുര്‍സിക്ക് കഴിഞ്ഞില്ല എന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഈ കഴിവ്‌കേട് ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അടിസ്ഥാനപരമായ ഒരു ദൗര്‍ബല്യത്തില്‍ നിന്നുണ്ടായതാണ്. സൈന്യം, പോലീസ്, ജുഡീഷ്യറി, മീഡിയ, ബ്യൂറോക്രസി ഈ സ്ഥാപനങ്ങളൊക്കെയും ഡീപ് സ്റ്റേറ്റിന്റെ സേവകരായി തുടരുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരം ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട ഒരു വ്യക്തിക്ക്, ഇതിലപ്പുറം എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു.
ഇത്തരം ഒരു പ്രതികൂല സാഹചര്യം നേരത്തെ തിരിച്ചറിഞ്ഞുകൊണ്ട് ബ്രദര്‍ഹുഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായിരുന്നു എന്നാണ് കഴമ്പുള്ള മറ്റൊരു വിമര്‍ശനം. സംഘടനയുടെ ഒരു പ്രമുഖ നേതാവിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയാണെങ്കില്‍, മൂന്ന് ദിവസം നീണ്ട മാരത്തോണ്‍ ചര്‍ച്ചക്ക് ശേഷമാണ് ബ്രദര്‍ഹുഡിന്റെ ഉന്നത കൂടിയാലോചന സമിതി മുര്‍സിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുന്നത്. കടുത്ത അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മൂന്നോ നാലോ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തീരുമാനം അംഗീകരിക്കപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളധികവും എതിര്‍ത്തപ്പോള്‍, യുവ നിരയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത്. ഒരു ബ്രദര്‍ഹുഡ് ഭരണത്തെ ഉള്‍ക്കൊള്ളാന്‍ ഈജിപ്ത് പാകമായിട്ടില്ല എന്നായിരുന്നു പലരുടെയും നിലപാട്. മുര്‍സി കരഞ്ഞുകൊണ്ടാണ് യോഗം കഴിഞ്ഞ് തിരിച്ചുപോയത് എന്നും അദ്ദേഹം അനുസ്മരിക്കുന്നു.
ചെറിയ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത സ്ഥാനാര്‍ഥി, മുബാറകിന്റെ മുന്‍ പ്രധാനമന്ത്രി അഹ്മദ് ശഫീഖിനെ മുര്‍സി പരാജയപ്പെടുത്തിയത്. ബ്രദര്‍ഹുഡ് മത്സരിച്ചില്ലായിരുന്നെങ്കില്‍ അഹ്മദ് ശഫീഖ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും അതിന്റെ പഴി സംഘടന കേള്‍ക്കേണ്ടിവരികയും ചെയ്‌തേനെ. ഒരു അപൂര്‍ണ വിപ്ലവം സമ്മാനിച്ച വിഷമകരമായ ഒരു ചരിത്രസന്ധിയില്‍ ബ്രദര്‍ഹുഡിന്റെ മുമ്പില്‍ വഴികള്‍ ഇടുങ്ങിയതായിരുന്നുവെന്നും അവധാനതയോടെ കാര്യങ്ങള്‍ കൊണ്ടുപോകാനുള്ള ഒരു അവസരവും ഉപജാപകവൃന്ദം മുര്‍സിക്ക് നല്‍കിയില്ല എന്നതുമാണ് യാഥാര്‍ഥ്യം. ഇതിനെയെല്ലാം മറികടന്ന് മുന്നോട്ടുപോകാന്‍ മാത്രമുള്ള നയചാതുരി, നിശ്ചയദാര്‍ഢ്യം വേണ്ടുവോളമുള്ള മുര്‍സിക്ക് ഒരു പക്ഷേ ഇല്ലാതെ പോയിരിക്കാം.
തെരഞ്ഞെടുപ്പില്‍  ലഭിച്ച ഭൂരിപക്ഷം തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കുള്ള പൊതു അംഗീകാരമായി ബ്രദര്‍ഹുഡ് തെറ്റിദ്ധരിച്ചുവെന്നും, ഈജിപ്ഷ്യന്‍ ജനതയില്‍ വലിയ ഒരു വിഭാഗം പ്രത്യേകിച്ചും വരേണ്യ മധ്യവര്‍ഗം ബ്രദര്‍ഹുഡിന്റെ 'ഇസ്‌ലാമിസ്റ്റ്' രാഷ്ട്രീയത്തെ ഭയാശങ്കകളോടെയാണ് വീക്ഷിക്കുന്നതെന്ന യാഥാര്‍ഥ്യം പല ഘട്ടത്തിലും നേതൃത്വം വിസ്മരിച്ചുവെന്നുമുള്ള വിമര്‍ശനത്തിലും സത്യത്തിന്റെ അംശങ്ങളുണ്ട്. വിപ്ലവത്തിന് നേതൃത്വം നല്‍കിയ യുവനിരയെ വിശ്വാസത്തിലെടുക്കാനും കൂടെ നിര്‍ത്താനും, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്ന തോന്നലെങ്കിലും ഉളവാക്കാനും സംഘടനക്ക് കഴിയാതെ പോയി എന്നതും ഒരു പരിധിവരെ ശരിയാണ്. പക്ഷേ മറുപക്ഷത്ത് നുണകള്‍ എഴുന്നെള്ളിച്ച് ഭരണത്തിനെതിരെ ജനവികാരം ഇളക്കിവിടാനും, തെരുവില്‍ നിന്ന് പോലീസിനെ പിന്‍വലിച്ച് ഗുണ്ടകള്‍ക്ക് വിളയാടാന്‍ അവസരമൊരുക്കി ക്രമസമാധാനനില വഷളാക്കാനും, കൃത്രിമ പവര്‍കട്ടും ഇന്ധനക്ഷാമവും സൃഷ്ടിച്ച് ജനജീവിതം പൊറുതിമുട്ടിക്കാനും 'ഡീപ് സ്റ്റേറ്റ്' വിജയകരമായ പദ്ധതി മെനയുകയായിരുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്.
അനുരഞ്ജനത്തിന്റെ എല്ലാ കവാടങ്ങളും കൊട്ടിയടച്ച് ബ്രദര്‍ഹുഡിന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയായിരുന്നു ജനപിന്തുണ തീരെയില്ലാത്ത പ്രതിപക്ഷ കക്ഷികള്‍. സൈനിക അട്ടിമറിയില്‍ പങ്കുചേര്‍ന്ന എല്ലാ കക്ഷികളെയും ഒരുമിച്ചു നിര്‍ത്തിയ ഒരു പൊതു അജണ്ടയുണ്ടായിരുന്നു: ഈജിപ്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുക. കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലര്‍ ലിബറല്‍, ഇടതുപക്ഷ മൂല്യങ്ങള്‍ 'സ്വേഛാധിപത്യ'ത്തിന്റെ പ്രതിലോമ താല്‍പര്യങ്ങളുമായി ഈ മിനിമം അജണ്ടയില്‍ ഇഴുകിച്ചേരുന്നതിന്റെ തെളിവാണ്, എത്ര മനോഹരമായി ജനറല്‍ സീസിയെ മഹത്വവത്കരിക്കാന്‍ കേരളത്തില്‍ പോലും ആളുകളുണ്ടാവുന്നു എന്നത്.

ഈജിപ്തിന്റെ ഭാവി
ബ്രദര്‍ഹുഡിന്റെ ഭാവിയെക്കുറിച്ച ചര്‍ച്ചകളും ലോക മീഡിയയില്‍ സജീവമാണ്. 85 വര്‍ഷം നിരന്തരമായി പീഡനങ്ങളിലൂടെ കടന്നുവന്ന പ്രസ്ഥാനം പുതിയ പീഡന പര്‍വത്തെയും അതിജീവിക്കുമെന്നാണ് ഒരു വിലയിരുത്തല്‍. പ്രസിഡന്റ് അബ്ദുന്നാസിറിന്റെ കാലത്തെ മര്‍ദനമുറകളോടാണ് ഇപ്പോഴത്തെ സംഭവങ്ങളെ പലരും താരതമ്യം ചെയ്യുന്നത്. ബ്രദര്‍ഹുഡിനെ നിരോധിച്ച് ഏതാനും ആഴ്ചകള്‍ക്കു ശേഷം നാസിറിനെതിരെ നടന്ന ദുരൂഹമായ വധശ്രമത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ഭരണകൂടം തടവിലാക്കുകയും ആറു പേരെ വധശിക്ഷക്ക് ഇരയാക്കുകയും ചെയ്തു. 1950-കളുടെ അവസാന പകുതിയിലും 1960-കള്‍ മുഴുവനും പ്രസ്ഥാനം ഫലത്തില്‍ നിശ്ശബ്ദമാക്കപ്പെട്ടു. പക്ഷേ, നീണ്ട ജയില്‍വാസവും പീഡനങ്ങളും പ്രസ്ഥാനത്തെ ശിഥിലമാക്കുകയല്ല, കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ നേതൃത്വത്തെയും അണികളെയും പ്രാപ്തരാക്കുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നാസിറിന്റെ മര്‍ദനങ്ങളെത്തുടര്‍ന്നാണ് സംഘടനയില്‍ തീവ്രവാദ പ്രവണതകള്‍ മുള പൊട്ടിയതെന്നും കൂടുതല്‍ വ്യാപകവും ആസൂത്രിതവുമായ ഇപ്പോഴത്തെ ബ്രദര്‍ഹുഡ് വേട്ട അത്തരം പ്രവണതകള്‍ക്ക് ഇനിയും കരുത്തേകുമെന്നും വിശ്വസിക്കുന്ന ധാരാളം നിരീക്ഷകരുണ്ട്. സായുധമായ ഏറ്റുമുട്ടലിലേക്ക് സംഘടനയുടെ അണികളെ തള്ളിവിടുകയാണ് സൈന്യത്തിന്റെ ആവശ്യം. പക്ഷേ, തീവ്രവാദത്തെ ചെറുത്തുനില്‍ക്കാനുള്ള ജനകീയമായ ഒരു പരിശീലനം ബ്രദര്‍ഹുഡ് അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുവെന്നും അത്തരം ചിന്താഗതികള്‍ വെച്ചുപുലര്‍ത്തിയവരൊക്കെ പ്രസ്ഥാനത്തില്‍ നിന്ന് പുറത്ത് പോയതാണ് കഴിഞ്ഞകാല അനുഭവമെന്നും അതിന് മറുപടിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈജിപ്ഷ്യന്‍ സമൂഹത്തിലുടനീളം വേരൂന്നിയ ത്യാഗസന്നദ്ധരായ വലിയ അനുയായിവൃന്ദം സ്വന്തമായുള്ള ഒരു പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യുക ക്ഷിപ്രസാധ്യമല്ലെന്നും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രസ്ഥാനം തിരിച്ചുവരുമെന്നും ഈ വാദമുന്നയിക്കുന്നവര്‍ കരുതുന്നു. ബ്രദര്‍ഹുഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അണികള്‍ക്ക് കാര്യമായ നിര്‍ദേശങ്ങള്‍ ദിനേനെ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കുറേക്കൂടി ബഹുസ്വരമായ ഒരു പുതിയ പ്രസ്ഥാനം ഉരുത്തിരിഞ്ഞുവരുമെന്നാണ് ശ്രദ്ധേയമായ മറ്റൊരു നിഗമനം.
ഈജിപ്തിന്റെ സാമൂഹിക, രാഷ്ട്രീയ, ഭരണ, സാമ്പത്തിക ഘടനകളുടെ ദൗര്‍ബല്യം പച്ചയായി അനാവരണം ചെയ്യുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ജനകീയ വിപ്ലവം ഇത്രവേഗം അട്ടിമറിക്കപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി അതിലുണ്ട്. ഈജിപ്ഷ്യന്‍ ജനത ഇത്രയധികം വിഭജിതരായ മറ്റൊരു ഘട്ടം സമീപ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സ്വേഛാധിപത്യത്തിനെതിരായ പൊതു വികാരം പോലും അവര്‍ക്ക് നഷ്ടമായിരിക്കുന്നു. ബ്രദര്‍ഹുഡ് വിരോധം കൊണ്ട് അന്ധരായിത്തീര്‍ന്ന ഒരു ജനവിരുദ്ധ മുന്നണിയുടെ കൊടിയ സ്വാര്‍ഥതയാണ്, സൈന്യത്തിന് രാജ്യത്തിന്റെ അധികാരം തിരിച്ചുനല്‍കിയിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വം ബ്രദര്‍ഹുഡിന്റെ തന്നെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നുകില്‍ അട്ടിമറിയുടെ അണിയറ നാടകങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ശുദ്ധഗതിക്കാരാണ്. അല്ലെങ്കില്‍, സ്വാതന്ത്ര്യവും ജനാധിപത്യവും ബലികഴിച്ചും ഇസ്‌ലാമിസ്റ്റുകളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സ്വയം വിശ്വസിക്കുകയോ അങ്ങനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ആഗോള ലോബിയുടെ പ്രചാരണ തന്ത്രങ്ങളില്‍ വീണുപോയവരോ ആണ്. ഈജിപ്തിന്റെ ഭാവി തീരുമാനിക്കേണ്ടത് നമ്മളാരുമല്ല, ഈജിപ്ഷ്യന്‍ ജനതയാണ്. അറബ് ലോകത്ത് ജനങ്ങള്‍ അവരുടെ ഭാഗധേയം സ്വയം നിര്‍ണയിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് അറബ് വസന്തത്തില്‍ നാം കണ്ടത്. ചരിത്രം അവസാനിച്ചുപോയിട്ടില്ല. ശിശിരത്തിന് ശേഷം ഇനിയും എത്രയോ വസന്തങ്ങള്‍ വരാനിരിക്കുന്നു. കാലത്തിന്റെ കാവ്യനീതിയില്‍ നിന്ന് ഒരു ഫറോവക്കും മോചനമില്ലെന്ന് നമുക്കുറപ്പിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍