Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

അമേരിക്കന്‍ പ്രസിഡന്റിന്റെ കുമ്പസാരം വിരല്‍ ചൂണ്ടുന്നത്

ഡോ. നസീര്‍ അയിരൂര്‍

അമേരിക്കന്‍ മധ്യപൗരസ്ത്യനയങ്ങള്‍ വന്‍പരാജയത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഈയിടെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചെയ്ത വാര്‍ഷിക പ്രഭാഷണത്തില്‍ നടത്തിയ അഭിപ്രായ പ്രകടനം ലോകമാധ്യമങ്ങളും രാഷ്ട്രീയ വിദഗ്ധരും ഗൗരവത്തോടെ ചര്‍ച്ച ചെയ്യുകയുണ്ടായി. പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ നയനിലപാടുകളിലെ മാറ്റവും ഇറാന്‍ പോലുള്ള സ്ഥിരം ശത്രുരാജ്യങ്ങളോടുള്ള കാഴ്ചപ്പാടിലെ വ്യതിരിക്തതയും കൊണ്ട് ശ്രദ്ധേയമായിരുന്നു ഒബാമയുടെ പ്രഭാഷണം. മധ്യപൗരസ്ത്യ ദേശത്ത് കൈവെക്കുകയും ഇടപെടുകയും ചെയ്തിടത്തെല്ലാം പണി പാളിയ അമേരിക്കന്‍ വിദേശനയത്തിന്റെ പശ്ചാത്തലത്തിലും ഒബാമയുടെ അഭിപ്രായപ്രകടനം ഏറെ മാധ്യമശ്രദ്ധ നേടുകയുണ്ടായി. സൈനിക നടപടികള്‍ക്കോ രഹസ്യാന്വേഷണ നടപടികള്‍ക്കോ ഭീകരതയെ പ്രായോഗികമായി പ്രതിരോധിക്കുവാന്‍ കഴിയില്ലെന്നും, നയതന്ത്രജ്ഞതയിലൂടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ വകവെച്ച്  നല്‍കിയുമായിരിക്കണം ഭീകരതയെ ചെറുക്കേണ്ടതെന്നാണ് പ്രഭാഷണത്തിലെ മുഖ്യ ഇതിവൃത്തം.
ഭീകരതയെ നേരിടുന്നതിനായി രൂപംകൊടുത്ത കടന്നാക്രമണ നയത്തി(Counter Insurgency Policy)ലൂടെ ഇറാഖില്‍ നിന്നും അഫ്ഗാനില്‍ നിന്നും ഒന്നും നേടാനാകാതെ വന്നതും, സിറിയയിലും ഈജിപ്തിലും നേരിട്ടും അല്ലാതെയും ഇടപെട്ട് രക്തക്കറകള്‍ മാത്രം സ്വന്തം അക്കൗണ്ടില്‍ വരവ് വെച്ചതുമായ ചരിത്രമുള്ള അമേരിക്കയുടെ ഈ പുതിയ ചുവട് മാറ്റം പുതിയ വര്‍ഷത്തിലെ മുഖം മിനുക്കലാണോ, അതോ ചെയ്ത കുറ്റങ്ങളിലുള്ള കുമ്പസാരമാണോ എന്നതിലും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമുണ്ട്. കാരണം ഒന്നുകില്‍ അമേരിക്കക്കൊപ്പം അല്ലെങ്കില്‍ ഭീകരതയോടൊപ്പം എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുമുള്ള ഒരു തെന്നിമാറ്റം ലോകത്തിന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് അനുഭവസാക്ഷ്യം.
എന്തൊക്കെയായാലും ചെയ്തുകൂട്ടിയ ക്രൂരതകളില്‍ അല്‍പം മനസ്സാക്ഷിക്കുത്ത് ഒബാമക്കും കൂട്ടര്‍ക്കും തോന്നുന്നുവെന്ന് വേണം കരുതാന്‍. പ്രഭാഷണത്തില്‍ ഊന്നല്‍ നല്‍കിയ മറ്റു മേഖലകള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാവും. 2001 ഒക്‌ടോബറില്‍ ആരംഭിച്ച അമേരിക്കന്‍ സഖ്യസേനയുടെ അഫ്ഗാന്‍ അധിനിവേശം ഉടനെ അവസാനിപ്പിക്കുമെന്നും ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്നും ഇറാനെതിരെ പുതിയ ഒരു ഉപരോധവും അടിച്ചേല്‍പിക്കില്ലെന്നും ഒബാമ പറഞ്ഞത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍, മേഖലയില്‍ പുലരുന്നത് സമാധാനത്തിന്റെ പുതിയ അന്തരീക്ഷമായിരിക്കും. ഇറാന്‍ ആണവ പ്രശ്‌നത്തില്‍ രൂപം കൊണ്ട പുതിയ ധാരണകളെ കുറിച്ച് പറഞ്ഞത്, പുതിയ ഉപരോധങ്ങളെ വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ക്കുമെന്നാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇറാന്‍ ആണവ വിഷയത്തില്‍ ആക്രമണത്തിനപ്പുറമൊന്നും കാണാത്ത ഇസ്രയേല്‍ നയങ്ങള്‍ക്കെതിരെയുള്ള പരസ്യമായ എതിര്‍പ്പുകൂടിയായിരിക്കും ഒബാമയുടെ ഈ പ്രഖ്യാപനം. പക്ഷേ പേര്‍ത്തും പേര്‍ത്തും ഇസ്രയേല്‍ നയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മൗന സമ്മതം നല്‍കുന്ന ഇരട്ടത്താപ്പ് നയം രാഷ്ടീയ നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നു.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും 'വിലയേറിയ യുദ്ധങ്ങ'ളായ (Mtso Expensiv-e Wars) ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങള്‍ക്ക് മാത്രമായി ഇതിനകം 6 ട്രില്യണ്‍ ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. കൂടാതെ യുദ്ധക്കടത്തിലേക്കായി 260 ബില്യണ്‍ ഡോളര്‍ നല്‍കിയതായി വാള്‍സ്ട്രീറ്റ് ജര്‍ണല്‍ വ്യക്തമാക്കുന്നു. ഈ വിജയസാധ്യതയില്ലാത്ത യുദ്ധങ്ങള്‍ക്കായി ഇനിയും മില്യന്‍ കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതിലെ വിഡ്ഢിത്തം കണ്ടറിഞ്ഞുള്ള ചുവടുമാറ്റമായി പുതിയ നയമാറ്റത്തെ വിലയിരുത്തുന്നവരുണ്ട്. പക്ഷേ അധിനിവേശം നടത്തി കച്ചവട സാധ്യതകള്‍ പൊലിപ്പിക്കുന്ന അമേരിക്കക്ക് സ്വന്തം നിലപാടുകളെ തിരുത്തുക പ്രയാസമായിരിക്കും. അത് ജോര്‍ജ് ബുഷായാലും ഒബാമയായാലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെടുക്കുന്നു എന്ന് മാത്രം.
ഭീകരതയെ നേരിടാന്‍ എന്ന പേരില്‍ കാട്ടിക്കൂട്ടിയ അധിനിവേശ ക്രൂരതകള്‍ അന്തിമ വിശകലനത്തില്‍ ഒന്നും നേടിയെടുക്കാന്‍ പര്യാപ്തമായിരുന്നില്ല എന്ന തുറന്നു സമ്മതിക്കലാണ് യുദ്ധം ഭീകരതക്ക് പരിഹാരമല്ല എന്ന ഒബാമയുടെ അഭിപ്രായത്തിലൂടെ പുറത്ത് വരുന്നത്. കൂട്ട നശീകരണായുധങ്ങളുടെയും അല്‍ഖാഇദയുടെയും വേര് തേടി അഫ്ഗാനിലും ഇറാഖിലും അധിനിവേശം നടത്തി 330,000-ലധികം നിരപരാധികള്‍ക്ക് മേല്‍ ബുള്‍ഡോസറുകള്‍ കയറ്റി വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരം ഒരു തിരിച്ചറിവിലെത്തിയതിന്റെ 'ഭാവിരാഷ്ട്രീയം' എന്താണ് എന്നതിലും സംശയങ്ങള്‍ ഉണ്ട്. ആദ്യമായി അധികാരമേല്‍ക്കുമ്പോള്‍ ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്നും അഫ്ഗാനിലെ യു.എസ് സൈനിക സാന്നിധ്യം കുറക്കുമെന്നും ഒബാമ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിന്റെ അവസാനയാമങ്ങളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി എന്ന് വരുത്താനാകും ഈ രണ്ട് പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചക്ക് വിധേയമാക്കുന്നത്.
അല്‍ ഖാഇദയെ ഇറാഖില്‍ നിന്ന് തുടച്ച് മാറ്റാനായി പടനയിച്ച അമേരിക്കന്‍ സഖ്യസേന, ഫല്ലൂജയിലും റമാദിയിലും അല്‍ ഖാഇദയുടെ മുന്നേറ്റം കണ്ട് അവസാനം അവരുമായി പരസ്യ സംഭാഷണത്തിന് പോലും മുതിരേണ്ടിവന്നു എന്നാണ് വാര്‍ത്ത. ഇത് അമേരിക്കയുടെ മാത്രം പരാജയമല്ല. മറിച്ച്, പാശ്ചാത്യരുടെ മൊത്തത്തിലുള്ള പരാജയമാണ് (Wtse's Cattsarophic Defeat). ഇവിടെ വിലയിരുത്തപ്പെടേണ്ടത് അമേരിക്കന്‍ വിദേശ നയത്തിന്റെ പാളിച്ചയാണ്. ഇത്തരം പരാജയങ്ങള്‍, ഫ്രഞ്ച് എഴുത്തുകാരന്‍ ഡോമിനിക് മുസി  അഭിപ്രായപ്പെട്ടതുപോലെ, മൂന്ന് പ്രധാന ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. ദുരഹങ്കാരം (Arrogance), അജ്ഞത (Ignorance) അലക്ഷ്യം (Indifference) തുടങ്ങിയ മൂന്ന് ഘടകങ്ങള്‍ അമേരിക്കന്‍ നയങ്ങളില്‍ പ്രകടമാണ്. ഒന്നാമത്തേത്, സ്വന്തം ശക്തിയെക്കുറിച്ച അഹങ്കാരവും ശത്രുവിന്റെ ശക്തിയെക്കുറിച്ച അവമതിയും. ഇറാഖിലും അഫ്ഗാനിലും വിജയം വരിക്കാന്‍ കഴിയാത്തതും അപ്രതീക്ഷിതമായി നേരിട്ട ചെറുത്തുനില്‍പ്പും ഈ ദുരഹങ്കാരത്തിന്റെ തിരിച്ചടിയാണ്. ഈ ദുരഹങ്കാരത്തിന്റെ ഉപോല്‍പന്നമാണ് രണ്ടാമത്തെ ഘടകമായ അജ്ഞത. അധിനിവേശം നടത്തിയ രാജ്യങ്ങളുടെ സംസ്‌കാരത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ഭൂമിശാസ്ത്രപരമായ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ അടിസ്ഥാനവിവരം പോലും അമേരിക്കന്‍ 'തിങ്ക് ടാങ്കിന്' ഉണ്ടായിരുന്നില്ല. വളരെ അലക്ഷ്യമായാണ് ഇറാന്‍-ഇറാഖ് വൈരത്തെ അമേരിക്ക കൈകാര്യം ചെയ്തത് എന്നും കാണാന്‍ കഴിയും. ഇത് അമേരിക്കക്ക് താല്‍ക്കാലിക ഗുണം ചെയ്‌തെങ്കിലും അന്തിമവിശകലനത്തില്‍ ഇറാഖിലെ ചെറുത്തുനില്‍പിന് ഊര്‍ജ്ജവും വീര്യവും പകര്‍ന്നു നല്‍കുന്നതായി മാറി എന്നതാണ് യാഥാര്‍ഥ്യം.  ഇത്തരം പരാജയങ്ങളില്‍ നിന്ന് ലഭിച്ച തിരിച്ചറിവുകളാവാം ഒബാമയുടെ പ്രസംഗത്തില്‍ പ്രകടമായത്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍