മനുഷ്യവിഭവശേഷിയെ എങ്ങനെ പ്രയോജനപ്പെടുത്താം
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കരഗതമാക്കാനുള്ളത് ഒരു ഭൗതിക ലക്ഷ്യം കൂടിയാണ്. ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ ധാര്‍മികവല്‍ക്കരണം എന്നതാണത്. ഭൗതികമായ ഈ ലക്ഷ്യം നിറവേറ്റേണ്ടത് അഭൗതികമായ വിശ്വാസമുള്ളവരായിരിക്കണം എന്നതാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സവിശേഷത. പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തോടൊപ്പം തന്നെ ഭൗതികവും അഭൗതികവുമായ വ്യക്തിഗത ലക്ഷ്യങ്ങള്‍ കൂടിയുള്ളവരാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍. ഒരേ സമയം പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകന്റെയും ലക്ഷ്യവും മാര്‍ഗവും മനസ്സിലാക്കിയവരാണ് പ്രസ്ഥാനത്തില്‍ അണിചേരുന്നത്. തങ്ങള്‍ക്കാവശ്യമായ മനുഷ്യവിഭവത്തെ കമ്പനികള്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യുമ്പോള്‍ ആദര്‍ശം മനസിലാക്കി കടന്നുവരുന്ന, കഴിവുകളില്‍ വൈവിധ്യമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുകയാണ് പ്രസ്ഥാനം ചെയ്യുന്നത്. ലഭ്യമായ വിഭവങ്ങളാണ് പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നത്. സമര്‍പ്പണബോധവും ആത്മാര്‍ഥതയും മറ്റാരെക്കാളും പ്രവര്‍ത്തകരിലുള്ളതിനാല്‍ പരിശീലനങ്ങള്‍ നല്‍കി നിലവിലുള്ള വിഭവങ്ങള്‍ പരിപോഷിപ്പിക്കുവാനും അതുവഴി അനന്തമായ സാധ്യതകള്‍ വെട്ടിത്തുറക്കുവാനും പ്രസ്ഥാനത്തിന് കഴിയേണ്ടതാണ്.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ രൂപീകരണകാലം മുതല്‍ പഠന ക്ലാസുകളിലൂടെയും ക്യാമ്പുകളിലൂടെയും മറ്റും പ്രവര്‍ത്തകര്‍ക്ക് തര്‍ബിയത്ത് നല്‍കിവരുന്നുണ്ട്. ഇത്തരത്തിലുള്ള തര്‍ബിയത്ത് പ്രോഗ്രാമുകള്‍ സംസ്‌കരണ (തസ്‌കിയത്ത്) ത്തിലൂന്നിയുള്ളതാണ്. നിലനില്‍ക്കാനും നേതൃത്വം നല്‍കാനും വ്യക്തികളെ യോഗ്യരാക്കുന്ന പ്രക്രിയയത്രെ ഇസ്‌ലാമിലെ തര്‍ബിയത്ത്. അധികരിച്ചു, വളര്‍ന്നു, നന്നാക്കി, ഏറ്റെടുത്തു, പരിപാലിച്ചു, നയിച്ചു എന്നൊക്കെയാണതിന്റെ വാക്കര്‍ഥം. തര്‍ബിയത്തിന്റെ ആദ്യ പരിഗണന തന്നെയാണ് തസ്‌കിയത്ത്. അതില്‍ സംശയമൊന്നുമില്ല. പക്ഷേ അതുകൊണ്ടുമാത്രം തര്‍ബിയത്തിന്റെ യഥാര്‍ഥ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ല. തസ്‌കിയത്തും, ഇഹ്‌സാനിയത്തും (ചെയ്യുന്നത് മികവുറ്റ രീതിയിലാവുക) സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പൂര്‍ണ വികാസം (ടോട്ടല്‍ ഡെവലപ്‌മെന്റ്) തര്‍ബിയത്ത് വകുപ്പിന് കീഴില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ ആവശ്യമായ വിഭവങ്ങള്‍ ഇല്ലാത്തത് കൊണ്ടാവാം, തര്‍ബിയത്ത് വകുപ്പ് തസ്‌കിയത്തില്‍ മാത്രമായി ഊന്നിയതും ഇഹ്‌സാനിയത്തിനെ അഡ്രസ് ചെയ്യുന്നതിനായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അടുത്ത കാലത്തായി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (HRD) വകുപ്പ് പ്രത്യേകം രൂപീകരിച്ചതും.
കാലങ്ങളായി നേതൃത്വപരിശീലന വിദഗ്ധരുടെയും പണ്ഡിതന്മാരുടെയും ഇടയില്‍ സജീവ ചര്‍ച്ചാവിഷയമാണ്, ജന്മസിദ്ധമായ കഴിവുകളാലാണോ അതോ പഠന പരിശീലനങ്ങളിലൂടെയാണോ ഒരാള്‍ നേതാവാകുന്നത് എന്നത്. ഒറ്റനോട്ടത്തില്‍ ലഭിക്കുന്ന ഉത്തരം നേതൃപാടവം ജന്മസിദ്ധമായി ലഭിക്കുന്ന ഒന്നാണ് എന്നായിരിക്കും. എന്നാല്‍, 'സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് ലീഡര്‍ഷിപ്പ്' അമ്പത്തിമൂന്ന് രാജ്യങ്ങളില്‍നിന്നുള്ള ഉയര്‍ന്ന തസ്തികയിലുള്ള നേതാക്കളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനം തെളിയിക്കുന്നത്, 54% പഠന പരിശീലനങ്ങളാലും 19 ശതമാനം ജന്മസിദ്ധമായ കഴിവുകളാലും, ശേഷിക്കുന്ന 27% ജന്മസിദ്ധമായ കഴിവുകളാലും പഠന പരിശീലനങ്ങളാലും നേതാക്കളായി വിജയം വരിച്ചവരാണ് എന്നാണ്.
കഴിവുകള്‍ ജന്മസിദ്ധമല്ല, പഠിച്ചു പരിശീലിച്ചെടുക്കേണ്ടതാണ് എന്നതത്രെ ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അല്ലാഹു ആദിമ മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം പഠിപ്പിച്ചു തുടങ്ങുകയായിരുന്നു. ആദമിനെ സകല വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചു. പിന്നീട് ഭൂമിയില്‍ അല്ലാഹു സാഹചര്യത്തിനനുസരിച്ചുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി ആദം സന്തതികളെയും തുടര്‍ന്നുള്ള തലമുറകളെയും സ്വയം പഠിക്കുവാനും പരിശീലിക്കുവാനും പ്രേരിപ്പിച്ചു. അങ്ങനെ മനുഷ്യ സൃഷ്ടിയുടെ ഒന്നാം തീയതി മുതലുള്ള ഓരോ ദിനവും ലോകത്തിന് വൈവിധ്യങ്ങളായ പുതിയ അറിവും കണ്ടുപിടുത്തങ്ങളും സംഭാവന ചെയ്യുവാന്‍ അല്ലാഹു അവനെ പ്രാപ്തനാക്കി. എന്നിരുന്നാലും, മനുഷ്യരില്‍ ഭൂരിഭാഗവും തന്നില്‍ അന്തര്‍ലീനമായ വിഭവശേഷിയെ 'ടാപ്' ചെയ്ത് വികസിപ്പിച്ചെടുക്കുവാന്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വരാതെ നിലവിലുള്ള 'കംഫര്‍ട്ട് സോണി'ല്‍ തുടരുകയാണ് ചെയ്യാറുള്ളത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് സ്ഥാപനങ്ങളും സംഘടനകളും നേതൃത്വ പരിശീലനമടക്കമുള്ള വൈവിധ്യമാര്‍ന്ന വിഭവശേഷി ട്രെയ്‌നിംഗുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിക പ്രബോധനം മക്കയില്‍ ആരംഭിച്ച ആദ്യഘട്ടം മുതല്‍തന്നെ പ്രവാചകന്‍ തന്റെ അനുയായികളെ പരിശീലിപ്പിക്കുവാന്‍ തുടങ്ങി. തികച്ചും അപരിഷ്‌കൃതരായിരുന്ന സമൂഹത്തില്‍ നിന്ന് അങ്ങനെ പണ്ഡിതന്മാരെയും പ്രഭാഷകരെയും എഴുത്തുകാരെയും ഭരണാധികാരികളെയും സൈനിക തലവന്മാരെയും കച്ചവടക്കാരെയും കൃഷിക്കാരെയും ദീര്‍ഘദൃഷ്ടിയോടെ പ്രവാചകന്‍ വളര്‍ത്തിയെടുത്തു. ഗ്രാമീണനായ അബൂബക്കര്‍(റ) പ്രതിസന്ധികളെ ധീരതയോടെ തരണം ചെയ്യുന്ന അമീറാകുന്നതും, പരുഷസ്വഭാവക്കാരനും എടുത്തുചാട്ടക്കാരനുമായ ഉമര്‍(റ) ലോകത്തിന് മാതൃകയായ നേതാവാകുന്നതും, ദയാലുവും ലജ്ജാലുവുമായ ഉസ്മാനും(റ) ഭൗതിക വിരക്തനായ അലി(റ)യും ജനങ്ങളുടെ നായകരാകുന്നതും പ്രവാചകന്റെ അനുസ്യൂതമായ സഹവാസത്തിലൂടെയുള്ള പരിശീലനത്തിലൂടെയാണ്.
പരിശീലനത്തിന്റെ പ്രാധാന്യം
പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, ഓരോ നാല്‍പ്പത് വര്‍ഷത്തിനും ശേഷമുള്ള തലമുറ വിജ്ഞാനം സ്വായത്തമാക്കുന്നതിലും, ഗ്രഹണശേഷിയിലും, ടെക്‌നോളജിയുടെ ഉപയോഗത്തിലും കൈവരിക്കുന്ന വേഗത മുന്‍തലമുറയേക്കാള്‍ ഇരട്ടി കൂടുതലാണെന്നതാണ്. അതായത് ഇരുപത് വര്‍ഷങ്ങള്‍ക്കിടയിലുള്ള തലമുറകള്‍ തമ്മില്‍ മേല്‍പറഞ്ഞ കാര്യങ്ങളിലുള്ള വ്യത്യാസം ഏകദേശം 50%. മുതിര്‍ന്ന അടുത്ത തലമുറയിലെ അനുയായികള്‍ പഴയ തലമുറയിലെ നേതൃത്വത്തിന് കീഴില്‍ ഭൂരിപക്ഷമാകുമ്പോള്‍ പഠനങ്ങളിലുടെയും പരിശീലനങ്ങളിലൂടെയും ''അപ്ടുഡേറ്റ്'' ആവാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ അനുയായികളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുവാന്‍ കഴിയില്ല. കാലഘട്ടത്തിന്റെ തേട്ടത്തിനനുസരിച്ച് ഓരോ റോളില്‍നിന്നും പ്രസ്ഥാനം പ്രതീക്ഷിക്കുന്ന ഔട്ട്പുട്ടും റോള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ഡെലിവറിയിലുള്ള പ്രകടനവും വിലയിരുത്തിക്കൊണ്ടുള്ള ഗ്യാപ് അനാലിസിസിനെ അടിസ്ഥാനമാക്കി പ്രസ്ഥാനങ്ങളിലെ എച്ച്.ആര്‍.ഡി സെന്ററുകള്‍ ട്രെയ്‌നിംഗ് മോഡ്യൂളുകള്‍ തയാറാക്കി വ്യക്തികളെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇസ്‌ലാമിക ചരിത്രത്തിന്റെ താളുകള്‍ പരതുമ്പോള്‍ കാണുവാന്‍ കഴിയുക, ന്യൂനപക്ഷമായിരുന്നവര്‍ മനുഷ്യവിഭവശേഷിയുടെ മികച്ച വിനിയോഗത്തിലൂടെ ഭൂരിപക്ഷ സമൂഹങ്ങളെ അതിജയിക്കുന്നതാണ്.
വിവിധ ശ്രേണിയിലുള്ള നേതൃത്വങ്ങളെ, ദീര്‍ഘ വീക്ഷണത്തോട് കൂടി പുതുതലമുറകളെ അഭിസംബോധനം ചെയ്യുവാനും ആകര്‍ഷിക്കുവാനുമുതകുന്ന രീതിയില്‍ പ്രോജക്ടുകള്‍/പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്യുവാനും ഡെലിവറി ചെയ്യുവാനും പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. കേവലം 'ഏകദിന ശില്‍പശാല'കള്‍ക്കപ്പുറം, കൃത്യമായ ആസൂത്രണത്തോട്കൂടി പരിശീലനത്തിന് മുമ്പും പിമ്പും (Pre course & Post course) അസൈന്‍മെന്റ്‌സ് കൊടുത്തുകൊണ്ട്, പരിശീലിച്ച സംഗതികള്‍ ഉത്തരവാദിത്വങ്ങളില്‍/പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നു എന്നുറപ്പ് വരുത്തുമ്പോഴാണ് പരിശീലനം കൊണ്ടുദ്ദേശിച്ച ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. പ്രസ്ഥാനം അടുത്ത പത്ത് വര്‍ഷത്തേക്ക് 'റോഡ് മാപ്പില്‍' ടാര്‍ഗറ്റ് ചെയ്തിരിക്കുന്ന സംഗതികളുടെ കാര്യനിര്‍വഹണത്തിനായുള്ള വിഭവങ്ങളെ എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലൂടെ പരിശീലിപ്പിച്ച് തയാറാക്കുമ്പോഴാണ് കാലവിളംബം കൂടാതെ റോഡ് മാപ്പില്‍ ലക്ഷ്യം വെച്ച പ്രോജക്ടുകള്‍ വെളിച്ചം കാണുന്നത്.
പ്രവര്‍ത്തകരുടെ കഴിവുകള്‍ മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ചുമതലകളാണ് നല്‍കേണ്ടത് (Right Person on Right Job).. പ്രവാചകന്‍ ഇവിടെയും ഉത്തമ മാതൃകയാണ്. യുദ്ധതന്ത്രങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന ഖാലിദ്ബ്‌നുല്‍ വലീദി(റ)നെ, അദ്ദേഹത്തെക്കാള്‍ മുതിര്‍ന്ന സ്വഹാബികള്‍ ഉണ്ടായിരുന്നിട്ടുപോലും സേനാനായകനായും, കവിതയില്‍ അസാധാരണ മികവ് പുലര്‍ത്തിയിരുന്ന ഹസ്സാനുബ്‌നു സാബിതി(റ)നെ ആസ്ഥാന കവിയായും പ്രവാചകന്‍ നിയമിക്കുകയുണ്ടായി.
പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ ഇല്ലാത്ത, എന്നാല്‍ സഹയാത്രികരും ഔദ്യോഗിക മേഖലയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ ധാരാളം പ്രവര്‍ത്തകര്‍, വെല്ലുവിളി ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരായുണ്ട്. അത്തരത്തിലുള്ള വിഭവങ്ങളുടെ പൂള്‍/ഗ്രൂപ്പിന് രൂപം നല്‍കിക്കൊണ്ട് അതിലെ അംഗങ്ങളെ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍ തുടങ്ങിയ ടാസ്‌കുകള്‍ നിര്‍വഹിക്കുവാന്‍ ആവശ്യാനുസരണം ചുമതലപ്പെടുത്തേണ്ടതുണ്ട്. ഒരു പക്ഷേ പ്രസ്ഥാന പ്രവര്‍ത്തനം ആസ്വദിക്കുവാനും മുഖ്യധാരയിലേക്ക് കടന്നുവരാനും ഇക്കൂട്ടര്‍ക്ക് പ്രേരണയാകുന്നത് അവരുടെ കഴിവുകള്‍ പ്രസ്ഥാനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുമ്പോഴാണ്. ഉമര്‍(റ)നെ പോലുള്ള ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരണമെന്ന് പ്രവാചകന്‍ അതിയായി ആഗ്രഹിച്ചത് അത്മൂലം ഇസ്‌ലാമിനുണ്ടാകുന്ന മൈലേജ് കണക്കിലെടുത്തുകൊണ്ടാണ്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷിയുടെ കാതലായ നല്ലൊരു ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാവശ്യാര്‍ഥം പ്രവാസികളായി കഴിയുന്നവരായുണ്ട്. ബഹുരാഷ്ട്ര കമ്പനികളില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന ഇവരില്‍ വലിയൊരു വിഭാഗം 'കോമ്പിറ്റന്‍സി'യില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവരാണ്. ഇങ്ങനെയുള്ള ഇവര്‍ ആര്‍ജിച്ച കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളത് പ്രസ്ഥാനം ഇനിയും ഗൗരവമായി ചിന്തിച്ച് തുടങ്ങിയിട്ടില്ല. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികള്‍ ചെലവ് ചുരുക്കുവാനായി തങ്ങളുടെ ബിസിനസ് പ്രക്രിയകള്‍ ഇന്ത്യയിലെ മനുഷ്യവിഭവ ശേഷിയെ 'ഔട്ട് സോഴ്‌സ്' ചെയ്തുകൊണ്ട് വിജയകരമായി നടത്തുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്, തങ്ങളുടെ സമാന്തര സംവിധാനങ്ങള്‍ വിദേശത്തുള്ളപ്പോള്‍ പ്രവാസികളായ പ്രവര്‍ത്തകരെ ടെക്‌നോളജിയുടെ സഹായത്തോടെ ഉപയോഗപ്പെടുത്തി ചാലഞ്ചിംഗായിട്ടുള്ള ടാസ്‌കുകളുടെ കാര്യനിര്‍വഹണത്തിന് വിനിയോഗിക്കാവുന്നതാണ്.
Comments