നന്മയുടെ നാമ്പുകള്‍
മുത്തശ്ശിമാരും മുത്തശ്ശിക്കഥകളൂം അന്യമായ ഒരു ലോകത്താണ് നമ്മുടെ കുട്ടികള്‍ ജീവിക്കുന്നത്. മാനവികതയുടെയും മൂല്യബോധത്തിന്റെയും കൊച്ചു കഥകള്‍ കേള്‍ക്കാത്ത ബാല്യം അവരുടേതായ ലോകത്തേക്ക് 'ലോഗോണ്‍' ചെയ്ത് സ്വസ്ഥരാവുന്നു. സഹാനുഭൂതിയുടെയും സാമൂഹിക ബോധത്തിന്റെയും അനുരണനങ്ങള്‍ അവര്‍ക്ക് വിധിക്കാത്ത അനുഭവങ്ങളാവുന്നു. ജീവിതത്തിന്റെ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് അവര്‍ നാടുകടത്തപ്പെടുന്നു.
കഥ പറഞ്ഞുതന്ന മുത്തശ്ശിമാര്‍ക്കും കഥ നഷ്ടപ്പെടുന്ന ആധുനിക ബാല്യത്തിനും സമര്‍പ്പിച്ചുകൊണ്ടുള്ള കുറച്ചു നല്ല കഥകളുടെ സമാഹാരമാണ് അബ്ദുറഹ്മാന്‍ ഹസനാരുടെ 'നന്മയുടെ നാമ്പുകള്‍' എന്ന പുസ്തകം. നല്ല ബാലസാഹിത്യകൃതികള്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക ചരിത്രത്തില്‍നിന്നുള്ള കുറെ സോദ്ദേശ്യ കഥകള്‍ സമാഹരിച്ചതാണ് ഖത്തറില്‍ നിന്നുള്ള പ്രവാസി എഴുത്തുകാരന്‍ അബ്ദുറഹ്മാന്‍ ഹസനാരുടെ ഈ പ്രഥമ ബാലസാഹിത്യ കൃതി.
വാഗ്മിയും മതപണ്ഡിതനുമായ അബ്ദുറഹ്മാന്റെ ഈ കഥാപുസ്തകം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നാണ്. മെഗാസീരിയലുകള്‍ പോലെ വലിച്ചുനീട്ടാതെ ആറ്റിക്കുറുക്കി സാരാംശത്തിലേക്കൊതുക്കി നിര്‍ത്താന്‍ ശ്രമിച്ചതുകൊണ്ടാകാം, കഥകള്‍ മിക്കതും ക്യാപ് സൂള്‍ പരുവത്തിലുള്ളതാണ്. അതുകൊണ്ടു തന്നെ ഒറ്റ ഇരുപ്പില്‍ വായിച്ചു പോകാവുന്ന ലാളിത്യം ഇതിന്നുണ്ട്.
നന്മ, തിന്മ, അനുബന്ധം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നാല്‍പതില്‍പരം കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജീര്‍ണത നമ്മുടെ വായനാ മുറികളിലേക്കും കടന്നുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പഞ്ചതന്ത്രകഥകള്‍ പോലെ കുട്ടികള്‍ക്ക് തെരഞ്ഞെടുത്തു കൊടുക്കാവുന്ന കാമ്പും കഴമ്പുമുള്ള നല്ലൊരു പുസ്തകമാണിത്. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള കഥകളായതുകൊണ്ട് ഒരേസമയം ഒന്നിലേറെ പുസ്തകങ്ങള്‍ വായിച്ച പ്രതീതിയാണ് ഉണ്ടാകുന്നത്. അതേസമയം ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വളരെ ലളിതമായ ശൈലിയില്‍ അത് അനുവാചകരിലെത്തിക്കാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിയുന്നുമുണ്ട്. വായിക്കാനറിയാത്തവര്‍ക്ക് വായിച്ചുകൊടുക്കുവാനും സ്വയം വായിക്കാനും പറ്റിയ പുസ്തകം.
മാപ് ഖത്തര്‍ പ്രസിദ്ധീകരിച്ച 'നന്മയുടെ നാമ്പുകള്‍'ക്ക് വാണിദാസ് എളയാവൂരാണ് മുഖമൊഴി എഴുതിയിരിക്കുന്നത്.
Comments