Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

സമരപോരാട്ടങ്ങളുടെ പത്തു വര്‍ഷങ്ങള്‍

രേഷ്മ കൊട്ടക്കാട്ട്

പത്തുവര്‍ഷം മുമ്പ് സോളിഡാരിറ്റിയുടെ രൂപീകരണ സമയത്ത് സോളിഡാരിറ്റിയെന്ന ആശയത്തിന്റെ ചരിത്ര പശ്ചാത്തലമറിയാന്‍ ശ്രമിച്ചിരുന്നു. 1980കളില്‍ പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പൊതുജനങ്ങള്‍ പോപ്പിന്റെ മുന്‍കൈയില്‍ രൂപം നല്‍കിയ സോളിഡാരിറ്റിയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജവ സംഘടനയായി കേരളത്തില്‍ സോളിഡാരിറ്റി രൂപീകരിക്കപ്പെട്ടപ്പോള്‍  കൂടുതലൊന്നും സംഘടനയെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. പിന്നിട്ട പത്ത് വര്‍ഷങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിച്ചിരുന്നെങ്കിലും ഗൗരവപൂര്‍വമായ നിരീക്ഷണത്തിനോ പഠനത്തിനോ ശ്രമിച്ചില്ല. 2013 ഡിസംബറില്‍ കോഴിക്കോട് നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ വെച്ച് സോളിഡാരിറ്റി സുഹൃത്തുക്കള്‍ നല്‍കിയ, മുസ്തഫ ദേശമംഗലം സംവിധാനം ചെയ്ത  'പോരാട്ടങ്ങളുടെ  പത്തുവര്‍ഷം' എന്ന ഡോക്യുമെന്ററിയാണ് ഈ കുറിപ്പിന് ആധാരം. സോളിഡാരിറ്റിയുടെ രൂപീകരണവും പ്രവര്‍ത്തനങ്ങളും പ്രഗല്‍ഭരുടെ നിരീക്ഷണങ്ങളിലൂടെ പ്രേക്ഷക സമക്ഷം സമര്‍പ്പിക്കുന്ന ഡോക്യുമെന്ററി സംഘടനയുടെ പിന്നിട്ട കാലങ്ങളിലേക്കുള്ള നിഷ്പക്ഷമായ തിരിഞ്ഞു നോട്ടമാണ്.
സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ ഇന്ത്യന്‍ മുസ്‌ലിംകളുടെ പോരാട്ടങ്ങളുടെ ചരിത്രം അനുസ്മരിച്ചുകൊണ്ട് ആരംഭിക്കുന്ന ഡോക്യുമെന്ററി, സോളിഡാരിറ്റി അതിന്റെ തുടര്‍ച്ചയുടെ അനിവാര്യതയാണെന്ന് സ്ഥാപിക്കുന്നു. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അടക്കമുള്ളവരുടെ നിരീക്ഷണങ്ങളിലൂടെ സോളിഡാരിറ്റിയുടെ രൂപീകരണ പശ്ചാത്തലത്തെക്കുറിച്ച വൈവിധ്യപൂര്‍ണമായ വായനകള്‍ പങ്കുവെക്കുകയാണ് തുടര്‍ന്ന്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യയില്‍ സംഭവിച്ച വര്‍ഗ്ഗീയ ധ്രുവീകരണം, വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ ആക്രമണാനന്തരം ലോക വ്യാപകമായി ഉയര്‍ന്ന് വന്ന ഇസ്‌ലാം ഭീതി, മുതലാളിത്ത മൂലധന ശക്തികളുടെ വര്‍ദ്ധിതമായ ചൂഷണം, അവക്കെതിരായി  ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പ്രതിരോധം ഇതെല്ലാമാണ് 2003ല്‍ സോളിഡാരിറ്റിയുടെ രൂപീകരണത്തിന് നിമിത്തമായത്.
ആദ്യകാലത്ത് സോളിഡാരിറ്റി  പല വിധത്തിലും വിലയിരുത്തപ്പെട്ടിട്ടുണ്ട്. സോളിഡാരിറ്റി ഡി.വൈ.എഫ്.ഐയെ അനുകരിക്കുകയാണെന്ന് സംശയിച്ചവരുണ്ടായിരുന്നു. എന്റെ നിലപാടും മറിച്ചായിരുന്നില്ല.  കാരണം ഡി.വൈ.എഫ്.ഐക്കും ഇത്തരം ഒരു പ്രവര്‍ത്തന ചരിത്രമുണ്ടായിരുന്നു. സോളിഡാരിറ്റി മാര്‍ക്‌സിസവും ഇസ്‌ലാമും കൂടിചേര്‍ന്ന ഒരു വിമോചന പ്രസ്ഥാനമാണെന്ന് വിലയിരുത്തിയവരുണ്ട്. ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച സംഘടനയാകയാല്‍ സോളിഡാരിറ്റി വര്‍ഗ്ഗീയവും അരാഷ്ട്രീയവുമായ സംഘമാണെന്ന് ചിലര്‍ വിലയിരുത്തി. യഥാര്‍ഥത്തില്‍ സോളിഡാരിറ്റി ഇസ്‌ലാമിന്റെ വിമോചന ദര്‍ശനത്തെ പ്രയോഗവത്കരിച്ച സംഘടനയാണ്. ഇത് തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് കഴിയാത്തവണ്ണം മതത്തിന്റെ വിമോചനപരമായ ഉള്ളടക്കത്തെ പ്രതിനിധീകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയാതെ പോയിട്ടുണ്ട്.
കാലങ്ങളായി മുസ്‌ലിം ജനപദങ്ങള്‍ക്ക് വിമോചന ഇസ്‌ലാമിക ദൈവശാസ്ത്രത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോയത് തന്നെയാണ്, ഇസ്‌ലാമിന്റെ പേരില്‍ ഉയര്‍ന്നു വരുന്ന രാഷ്ട്രീയവും സാമൂഹികവുമായ ശബ്ദങ്ങളെ അവിശ്വസിക്കാന്‍ ഇതരവിഭാഗങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് എന്റെ പക്ഷം.  ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് നീതി, സ്വാതന്ത്ര്യം, നന്മ എന്നീ മൂല്യങ്ങളാണ്. ഇത് നടപ്പിലാക്കലാണ് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത. എന്നാല്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിനെ ആചാരവത്കരിക്കുകയും ചിഹ്നങ്ങളില്‍ തളച്ചിടുകയുമായിരുന്നു. ആത്മാവ് കെട്ട ആചാരങ്ങളിലേക്കും ചിഹ്നങ്ങളിലേക്കും മുസ്‌ലിംകള്‍ ചുരുങ്ങിയതോടെ ഇസ്‌ലാമിന്റെ ആദര്‍ശം അവര്‍ക്ക് തന്നെ മനസ്സിലാവാതെ പോവുകയായിരുന്നു. പിന്നെ എങ്ങനെയാണ് ഇതര വിഭാഗങ്ങളെ അവര്‍ക്ക് കുറ്റപ്പെടുത്താന്‍ കഴിയുക? സിവിക് ചന്ദ്രനും ടോമി മാത്യുവും അത്തരം തെറ്റായ ധാരണകള്‍ ഇസ്‌ലാമിനെക്കുറിച്ച് പുലര്‍ത്തുന്നവരാണെന്ന് ഡോക്യുമെന്ററി ബോധ്യപ്പെടുത്തുന്നുണ്ട്.
എന്നാല്‍, ഇത്തരം ഒരു സാമൂഹിക സ്ഥിതിയിലും സോളിഡാരിറ്റിക്ക് കേരളത്തില്‍ ഒരിടമുണ്ട്. അവഗണിക്കാനാവാത്ത ഒരു സമ്മര്‍ദ ഗ്രൂപ്പിനെ സൃഷ്ടിക്കാനും അതിനു കഴിയും. സംഘടന ഏറ്റെടുത്ത ജനകീയ സമരങ്ങളും നയിച്ച പ്രക്ഷോഭങ്ങളും അതിനുള്ള തെളിവാണ്. ഡോ. സെബാസ്റ്റിയന്‍ പോള്‍, സി.ആര്‍ നീലകണ്ഠന്‍, ടി.ടി. ശ്രീകുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ സോളിഡാരിറ്റി അനുഭവങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും അത് വ്യക്തമാവുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ, കൂടംകുളം, കാതിക്കുടം, എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ തുടങ്ങിയ നിരവധി സാമൂഹിക വിഷയങ്ങളില്‍ സോളിഡാരിറ്റി എങ്ങനെയാണ് നീതിയുടെ പക്ഷത്ത് നിലകൊണ്ടതെന്നും സമരങ്ങളെ വിജയത്തിലേക്കെത്തിച്ചതെന്നും ഇരകളുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുതന്നെയാണ് ഒരു സംഘടനക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും.
സമരത്തിന്റെ മാത്രമല്ല, സേവനത്തിന്റെയും സഹാനുഭൂതിയുടെയും ഒരു പ്രതലം സോളിഡാരിറ്റി വികസിപ്പിച്ചെടുത്തു. നിരവധി സേവന മാതൃകകള്‍ സോളിഡാരിറ്റി കേരളത്തിന് സമര്‍പ്പിച്ചു. അതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പശ്ചിമ കൊച്ചിയുടെ 'സണ്‍റൈസ് പദ്ധതി.' ഇപ്പോള്‍ രാഷ്ട്രീയ ഭരണനയങ്ങളെ  രൂപപ്പെടുത്തുന്നത് കോര്‍പ്പറേറ്റുകളുടെയും മൂലധന ശക്തികളുടെയും താല്‍പര്യങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളാക്കപ്പെടുന്നവരുടെ രോദനങ്ങള്‍ കേട്ടില്ലെന്ന് നടിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കും. എതിര്‍പ്പിന്റെ ശബ്ദം ഇരകളില്‍ മാത്രം ചുരുങ്ങിയപ്പോള്‍ സോളിഡാരിറ്റിയുടെ ഇടപെടല്‍ ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ജനകീയമായതിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഓരോ ലോക്കല്‍ ഘടകവും പ്രദേശത്തെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞിരുന്നു എന്ന് കാണാം. സേവനം മുഖമുദ്രയായ നേതാക്കള്‍ വേതനം ലക്ഷ്യമായി സ്വീകരിച്ചതോടെ അനിവാര്യമായ പതനം ഈ പ്രസ്ഥാനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി പീഡിത സമൂഹത്തിന് തണലായി നില്‍ക്കേണ്ടതുണ്ട്. ബിനായക്‌സെന്‍, അബ്ദുന്നാസര്‍ മഅ്ദനി, കെ.കെ ഷാഹിന, സക്കരിയ്യ അടക്കമുള്ള ഭരണകൂട ഭീകരതയുടെ ഇരകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സോളിഡാരിറ്റി കാണിച്ച ആര്‍ജവം അഭിനന്ദനാര്‍ഹമാണ്. ഇത്തരം വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി വിശാലമായ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താന്‍ സോളിഡാരിറ്റിക്ക് സാധിച്ചതും മാതൃകാപരമാണ്.

ശാസ്ത്ര സാഹിത്യ പരിഷത്തും ഡി.വൈ.എഫ്.ഐയും ഇല്ലാത്ത തെരുവുകളില്‍ സോളിഡാരിറ്റി ഭീഷണിയാണെന്നാണ് സിവിക് ചന്ദ്രന്‍ പറയുന്നത്. ഇസ്‌ലാമിന്റെ വിമോചന ഉള്ളടക്കം അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും ഉള്‍ക്കൊള്ളാനാകാത്തതുകൊണ്ടോ ആണ് ഇത്തരമൊരു അഭിപ്രായ പ്രകടനം. സോളിഡാരിറ്റി സാമ്രാജ്യത്തിന് ഭീഷണിയാണ്. കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ താല്‍പര്യത്തിനൊത്ത് നില്‍ക്കുന്ന ഭരണകൂടത്തിനും ഭീഷണിയാണ്. വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കും മൂലധന മാഫിയകള്‍ക്കും ഭീഷണിയാണ്. അത്തരം ഒരു ശുഭ പ്രതീക്ഷ പ്രേക്ഷകരില്‍ ജനിപ്പിക്കുന്നതില്‍ ഡോക്യുമെന്ററി വിജയമാണ്. സോളിഡാരിറ്റി സമരങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്ന ഹമീദ് ചേന്ദമംഗല്ലൂരിന്റെ ജല്‍പനങ്ങളെ ഡോക്യുമെന്ററി ഖണ്ഡിക്കുന്നു.

മറ്റൊരു പ്രശ്‌നം സോളിഡാരിറ്റിയില്‍ സ്ത്രീകളില്ല എന്നതാണ്. കെ.കെ ഷാഹിനയും എം. ജിഷയും രേഖരാജും അത് പറയുന്നുണ്ട്. സോളിഡാരിറ്റിയെ ചോദ്യം ചെയ്യുന്നുമുണ്ട്. ജനകീയ-സാമൂഹിക വിഷയങ്ങളില്‍ താല്‍പര്യമുള്ള നിലപാടുകളുള്ള സ്ത്രീകള്‍ സോളിഡാരിറ്റിയില്‍ വേണമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ മേല്‍പറഞ്ഞവരൊക്കെ സോളിഡാരിറ്റിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നവരാണെന്ന തുറന്നു പറച്ചിലില്‍ സോളിഡാരിറ്റി സ്ത്രീ വിരുദ്ധമല്ലെന്നും വനിതാ സാന്നിധ്യമുള്ള സംഘടനയാണെന്നും വരുന്നു. ഡോക്യുമെന്ററിയുടെ അവസാനത്തില്‍ കെ.കെ ഷാഹിന പറയുന്ന പ്രസക്തമായ വാക്കുകളിലൂടെ നമുക്ക് സോളിഡാരിറ്റിയെ വിലയിരുത്താം. സോളിഡാരിറ്റിയെ നമുക്ക് വിമര്‍ശിക്കാം. പക്ഷേ, അവഗണിക്കാന്‍ പറ്റില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍