ഗുരുദക്ഷിണയായി ഒരു ഓര്‍മപ്പുസ്തകം
സമൂഹത്തിന്റെ വളര്‍ച്ചയില്‍ മഹത്തായ പങ്കുവഹിക്കുന്നവരാണല്ലോ അധ്യാപകര്‍. എന്നെന്നും ഓര്‍മിക്കപ്പെടേണ്ടതാണ് അവരുടെ കര്‍മങ്ങളും സേവനങ്ങളും. ദുഖഃകരമെന്ന് പറയട്ടെ, കാലത്തിന്റെ കുതിച്ചുപോക്കില്‍ പലപ്പോഴും നാം അവരെ ഓര്‍ക്കാന്‍ വിട്ടുപോകും. കേരളീയ കലാലയങ്ങളുടെ വാര്‍ഷിക പതിപ്പുകളും ഉപഹാരങ്ങളും സമൃദ്ധമായി പ്രസിദ്ധീകരിക്കപ്പെടാറുണ്ടെങ്കിലും അവയുടെ ഉള്ളടക്കത്തില്‍ പൂര്‍വകാല അധ്യാപകരെ കുറിച്ച ഓര്‍മകള്‍ വിരളമായേ കാണാറുള്ളൂ.
തീര്‍ച്ചയായും ഇതിനൊരു അപവാദമാണ് ശാന്തപുരം അല്‍ ജാമിഅയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തയാറാക്കിയ 'ശാന്തപുരം: ഗുരുവര്യന്മാരുടെ ഓര്‍മപ്പുസ്തകം' എന്ന കൃതി. 33 അധ്യാപകരെ കുറിച്ച ധന്യ സ്മൃതികളാണ് ഇതില്‍ അയവിറക്കുന്നത്. വിവിധ കാലങ്ങളില്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജിലും അല്‍ജാമിഅയിലും സേവനം ചെയ്ത് നമ്മെ വിട്ട്പിരിഞ്ഞ അധ്യാപകരെ കുറിച്ച ഓര്‍മകള്‍ കൈരളിക്ക് സമ്മാനിക്കുകയാണ് ഈ കൃതി.
ഒരു അധ്യാപകന്‍ നിര്‍വഹിക്കേണ്ട ധര്‍മങ്ങള്‍ എന്താണെന്ന് ഈ കൃതി ഓരോ അധ്യാപകനെയും തെര്യപ്പെടുത്തുന്നു. ഒരു വിദ്യാര്‍ഥി എന്തായിത്തീരണം എന്നതിലേക്കും വേണ്ടത്ര സൂചനകള്‍ നല്‍കുന്നുണ്ട്. അറിവും സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൃഷിയും കലയും കളിയും അങ്ങനെ ജീവിതം മൊത്തമായി സംയോജിപ്പിച്ച് കൊണ്ടുള്ള പഠന രീതിയായിരുന്നു ശാന്തപുരത്തിന്റെ പ്രത്യേകത. കുട്ടികളുടെ സര്‍ഗാത്മകതയെ ഏറെ പ്രോത്സാഹിപ്പിച്ച പ്രിന്‍സിപ്പലായിരുന്നു എ.കെയെങ്കില്‍, സേവന രംഗത്തെ വിസ്മയമായിരുന്നു ടി. മുഹമ്മദ് മൗലവി. ആ നിലക്ക് ശാന്തപുരവുമായി ഏതെങ്കിലും നിലക്ക് ബന്ധപ്പെട്ടവര്‍ക്ക് മാത്രമല്ല, മറ്റു എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമാണ് ഓരോ അധ്യാപകന്റെയും ജീവ ചരിത്ര വിവരണങ്ങള്‍.
ആമുഖത്തില്‍ അലുംനി പ്രസിഡന്റ് ഹൈദരലി ശാന്തപുരം സൂചിപ്പിക്കുന്നത് പോലെ, ഒരു മാസത്തിനകം ചെയ്തു തീര്‍ത്തതുകൊണ്ടുള്ള പോരായ്മകള്‍ ഇതിലുണ്ട്. എ.കെ, കെ. മൊയ്തു മൗലവി, പ്രഫ. എം.എ ഷൂക്കൂര്‍ സാഹിബ് ഈ മൂന്ന് മഹദ് വ്യക്തിത്വങ്ങളുടെ സാന്നിധ്യം ശാന്തപുരത്തെ എത്രമാത്രം പുഷ്‌കലമാക്കിയിരുന്നുവെന്ന് അതിന്റെ മാധുര്യം അനുഭവിച്ചവര്‍ക്കേ അറിയൂ. ആ അനുഭൂതിയുടെ ഓര്‍മകള്‍ ചേര്‍ക്കാന്‍ കഴിയാതെ പോയത് വലിയൊരു പരിമിതി തന്നെ. താല്‍ക്കാലിക അധ്യാപകനായിട്ടായിരുന്നു മൊയ്തു മൗലവിയും പ്രഫ. എം.എ ഷൂക്കൂര്‍ സാഹിബും അവിടെ സേവനമനുഷ്ഠിച്ചിരുന്നത് എന്ന പരാമര്‍ശവും വസ്തുതാപരമല്ല. വേറെയും ചില അധ്യാപകരുടെ പേരുകള്‍ വിട്ടുപോയിട്ടുണ്ടാവാം.
മലര്‍വാടി എന്ന കുട്ടികളുടെ മാസികയിലൂടെ കേരളീയ പൊതു സമൂഹത്തിന്റെ ഹൃദയത്തിലേക്ക് വാതായനങ്ങള്‍ തുറക്കേണ്ടത് എങ്ങനെ എന്ന് കാണിച്ചു തന്ന ശാന്തപുരത്തെ മറ്റൊരു ഗുരുവര്യനായിരുന്നു ഇ.വി അബ്ദു സാഹിബ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ സര്‍ഗശേഷി പൂര്‍ണമായും പ്രകടമാക്കാന്‍ അദ്ദേഹം രംഗത്ത് വന്നില്ല എന്ന പരാമര്‍ശം അനവസരത്തിലുള്ളതായിപ്പോയി.
സമയമെടുത്ത് അന്വേഷിച്ചിരുന്നുവെങ്കില്‍ സരസമായ ഒട്ടേറെ അനുഭവങ്ങള്‍ ശിഷ്യഗണങ്ങളില്‍ നിന്നും ജീവിച്ചിരിക്കുന്ന സഹ അധ്യാപകരില്‍ നിന്നും ശേഖരിക്കാന്‍ കഴിയുമായിരുന്നു. കാലാനുക്രമത്തില്‍ അധ്യാപകരുടെ ജീവ ചരിത്രം ക്രോഡീകരിക്കുന്നതായിരുന്നു കൂടുതല്‍ ശാസ്ത്രീയം എന്നും തോന്നി. ഗുരുവര്യന്മാരെ കുറിച്ച് പില്‍കാലത്തുള്ളവരുടെ ഓര്‍മ പുസ്തകമാണിത്. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ഗുരുവര്യന്മാരുടെ സ്വന്തം നിലക്കുള്ള ഓര്‍മകളല്ല ഇതിലെ പ്രതിപാദ്യം. ഇത്തരം ചില്ലറ നോട്ടക്കുറവുകള്‍ ഉണ്ടെങ്കിലും വലിയൊരു സേവനമാണ് അബൂദര്‍റ് എടയൂര്‍/ശമീം ചൂനൂര്‍ എന്നിവര്‍ എഡിറ്റിംഗ് നിര്‍വഹിച്ച് അലുംനി അല്‍ ജാമിഅ ചാപ്റ്റര്‍ പ്രസാധനം ചെയ്ത ഈ കൃതി എന്ന് നിസ്സംശയം പറയാം.
Comments