Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

മുജാഹിദ് സമ്മേളനത്തിലെ മാതൃകാ പാഠങ്ങള്‍

അബൂബുഷൈര്‍ / കുറിപ്പുകള്‍

                   പതിവ് മുജാഹിദ് സമ്മേളനങ്ങളില്‍ നിന്ന് രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായിരുന്നു മലപ്പുറം ജില്ലയിലെ ഏടരിക്കോട് നാലു ദിവസമായി നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം. 'മതം, മാനവികത, നവോത്ഥാനം' എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം സംഘടനക്കകത്തും പുറത്തുമുള്ളവര്‍ക്കുമായി ഒട്ടേറെ നല്ല സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയാണ് സമാപിച്ചത്. അമിതമായ സംഘടനാ പക്ഷപാതിത്വത്തിന്റെ ഭൂതകാലത്തില്‍നിന്ന്, ഉള്‍ക്കൊള്ളലിന്റെ വര്‍ത്തമാന അനിവാര്യതയിലേക്ക് പ്രവേശിക്കാന്‍ സ്വന്തം അണികള്‍ക്ക് മാര്‍ഗനിര്‍ദേശവും കൃത്യമായ സൂചനകളും സന്ദേശങ്ങളും നല്‍കുന്നതായിരുന്നു സമ്മേളനവേദിയില്‍ വ്യത്യസ്ത പ്രഭാഷകര്‍ നടത്തിയ സംസാരങ്ങള്‍. നവോത്ഥാനമെന്നത് ഒരു തുടര്‍പ്രക്രിയ ആണെന്നും ഇസ്വ്‌ലാഹി സംഘടനകളടക്കമുള്ളവര്‍ ആരംഭിച്ച നവോത്ഥാനം വിവിധ സംഘടനകളും കൂട്ടായ്മകളും വ്യത്യസ്ത മേഖലകളിലായി മുന്നോട്ട് കൊണ്ടുപോവുന്നുണ്ടെന്നുമുള്ള വര്‍ത്തമാന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നതായിരുന്നു സമ്മേളന നഗരിയിലെ  ദൃശ്യങ്ങളും സംഘടനാ നേതാക്കളടക്കമുള്ളവരുടെ തുറന്നു പറച്ചിലുകളും.
ഉല്‍പതിഷ്ണുക്കള്‍ പണ്ട് വികസിപ്പിച്ചെടുത്ത പുരോഗമനം/യാഥാസ്ഥിതികം എന്ന ദ്വന്ദത്തെക്കുറിച്ച് വരെ നവോത്ഥാന വര്‍ത്തമാനം വിശദീകരണങ്ങളാവശ്യപ്പെടുന്നുണ്ട്. വിശ്വാസ ആചാര വിഷയങ്ങളില്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നവര്‍ പോലും വിദ്യാഭ്യാസ-സാമൂഹിക നവോത്ഥാന രംഗത്ത് ഏറെ മുന്നേറിയ കാലമാണിത്. അത്തരം മേഖലകളിലെ നവോത്ഥാനത്തിന്റെ വര്‍ത്തമാന അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ആ കൂട്ടായ്മകളുടെ സാന്നിധ്യം അനിവാര്യമാണിന്ന്. കേരള മുസ്‌ലിംകളുടെ നവോത്ഥാന ഭാവി ചര്‍ച്ച ചെയ്യുന്നിടത്ത് ഒരു മുസ്‌ലിം സംഘടനയെയും മാറ്റിനിര്‍ത്താനിന്ന് സാധ്യമല്ല. വിയോജിപ്പുള്ള മേഖലകളില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ തുടരുമ്പോള്‍ തന്നെ മറ്റ് മേഖലകളില്‍ പരസ്പര സഹകരണത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മാതൃകയാണ് വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തിന്റെ മുന്നോട്ട് പോക്കിനാവശ്യം. നവോത്ഥാനത്തിന്റെ അവകാശവാദികളില്‍ ഒരു വിഭാഗം തന്നെ നവയാഥാസ്ഥിതികരെന്ന് പരിചയപ്പെടുത്തപ്പെടുംവിധം നവോത്ഥാന ദൗത്യത്തില്‍ നിന്ന് പിന്നാക്കം പോയ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. ഈയൊരു വര്‍ത്തമാന യാഥാര്‍ഥ്യത്തെ സംഘടനാ പരിമിതിയില്‍ നിന്ന് സാധ്യമാവുംവിധം ഉള്‍ക്കൊണ്ടുവെന്നതാണ് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രസക്തി.
വ്യത്യസ്ത കൂട്ടായ്മകളുടെ പ്രസിദ്ധീകരണാലയങ്ങള്‍ക്കെല്ലാം സമ്മേളന നഗരിയില്‍ ഔദ്യോഗികമായിത്തന്നെ ഇടം ലഭിച്ചതും, ചില സെഷനില്‍ സംഘടനാതീതമായി വിഷയത്തില്‍ അവഗാഹമുള്ളവര്‍ക്ക് അവസരം ലഭിച്ചതും, സംഘടനാ നേതാക്കളുടെ പ്രഭാഷണങ്ങളില്‍ പ്രതിഫലിച്ച മിതഭാഷയുമെല്ലാം പുതിയ കാലത്തെ കുറിച്ച സംഘാടകരുടെ കൃത്യമായ തിരിച്ചറിവിനെ അടയാളപ്പെടുത്തുന്നതായിരുന്നു. മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂരിന്റെ പ്രഭാഷണം പുതിയ കാലത്ത് മുസ്‌ലിം സംഘടനകള്‍ സ്വീകരിക്കേണ്ട പരസ്പര മര്യാദകളിലൂന്നുന്നതായിരുന്നു. ഒരു സംഘടനയും അതിന്റെ അണികളും ഇതര സംഘടനകളെ അവര്‍ക്കിഷ്ടമില്ലാത്ത പേരില്‍ അഭിസംബോധന ചെയ്യരുതെന്നും ഖുബൂരികള്‍, ബിദ്ഇകള്‍ തുടങ്ങിയ കടുത്ത വാക്കുകള്‍ കൊണ്ട് പരസ്പരം അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യദാര്‍ഢ്യ സെഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പാണക്കാട് കുടുംബത്തിലെ പ്രമുഖാംഗത്തെ ക്ഷണിക്കുന്നതിന് പോലും സംഘാടകര്‍ തയാറായി. ഇസ്വ്‌ലാഹി ധാരയിലെ ഇതര കൂട്ടായ്മകളിലെ നേതാക്കളെ താന്‍ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന ഡോ. ഹുസൈന്‍ മടവൂരിന്റെ വെളിപ്പെടുത്തല്‍ ആ വിഷയത്തില്‍ സ്വന്തം അണികളടക്കമുള്ളവര്‍ വരും കാലത്ത് പാഠഭേദമായി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം. സംഘടനയിലെ പിളര്‍പ്പ് ഒരു യാഥാര്‍ഥ്യമാണെന്നും പുതിയ കാലത്ത് നിര്‍വഹിക്കേണ്ട ദൗത്യം വിസ്മരിച്ച് പരസ്പരം കലഹിച്ച് ഊര്‍ജം പാഴാക്കുന്നത് ഭാവിയിലെ സ്വന്തം ഇടമാണ് അപ്രസക്തമാക്കുകയെന്നും ഇസ്‌ലാഹി ധാരയിലെ മുഴുവന്‍ സംഘങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരമൊരു തിരിച്ചറിവിന്റെ നല്ല പാഠങ്ങള്‍ സ്വന്തം അണികള്‍ക്കും മുസ്‌ലിം സമുദായത്തിനും പകര്‍ന്ന് നല്‍കാന്‍ സമ്മേളന സംഘാടകരും അതിന് പിന്നിലെ സംഘടനയും നിര്‍വഹിച്ച ശ്രമങ്ങളുടെ പേരിലാവും എട്ടാം മുജാഹിദ് സമ്മേളനം ചരിത്രത്തിലിടം പിടിക്കുക. സമ്മേളന പ്രമേയം, സംഘടനാ പക്ഷഭേദങ്ങള്‍ക്കതീതമായി മുസ്‌ലിംകളുടെ പൊതുദൗത്യമായ ദഅ്‌വത്തിന് നല്‍കിയ ഊന്നല്‍, സെഷനുകളിലെ വിഷയ വൈവിധ്യം, വലിയ തോതിലുള്ള വനിതാ സാന്നിധ്യം, കുട്ടികളെയും വിദ്യാര്‍ഥികളെയും പരിഗണിച്ച് പ്രത്യേക അജണ്ടകളും വേദികളും, അന്യസംസ്ഥാന തൊഴിലാളികളുടെയും ബധിരമൂകരുടെയും ഒരുമിച്ച് കൂടല്‍, സംഘാടന മികവ്, ആസൂത്രണം എന്നിവ എടുത്ത് പറയേണ്ട മറ്റ് സവിശേഷതകളാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍