Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

മുഹ്‌യിദ്ദീന്‍ മാലയും കാലഗണനയും

സമീര്‍ ബിന്‍സി

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എം കുട്ടി അവതരിപ്പിച്ചതും (വാരാദ്യ മാധ്യമം 2008 ജനുവരി 13) ഇപ്പോള്‍ പ്രബോധനത്തില്‍ (ലക്കം 35, ഫെബ്രുവരി 7, 2014) ആവര്‍ത്തിച്ചതുമായ എഴുത്തുകളില്‍ ഉന്നയിച്ച, മുഹിയിദ്ദീന്‍മാലയെ കുറിച്ച ചില നിരീക്ഷണങ്ങള്‍ നിരൂപണാത്മകമായി വിലയിരുത്തുകയാണിവിടെ. വിമര്‍ശനങ്ങള്‍ സ്വീകരിച്ചതിന് ശേഷം തന്റെ വാദങ്ങള്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും ഇത്രയും വര്‍ഷത്തിനിടക്ക് വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതികരണങ്ങളെ അദ്ദേഹം പരിഗണിച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

രചയിതാവിനെ പറ്റി

''ഖാദിമുഹമ്മദതെന്നു പേരുള്ളോവര്‍
കോഴിക്കോട്ടെ തുറ തന്നില്‍
പിറന്നോവര്‍    
കോര്‍വ ഇതൊക്കെയും
നോക്കി എടുത്തോവര്‍''
എന്നീ വരികളെ മുന്‍നിര്‍ത്തിയാണ് വി.എം കുട്ടി മാഷിന്റെ നിരൂപണം.  കവി തന്നെകുറിച്ച് 'ഖാദിമുഹമ്മദ് എന്ന ഞാന്‍' എന്നു പറയാത്തതിനാല്‍ മാലയുടെ രചയിതാവ് ഖാദി മുഹമ്മദല്ല എന്നും ഇതിലേക്ക് വേണ്ട 'കോര്‍വ നോക്കിയെടുത്ത ആള്‍' മാത്രമാണ് അദ്ദേഹമെന്നും വി.എം കുട്ടി മാഷ് നിഗമനത്തിലെത്തുന്നു.  
'ഞാന്‍' എന്നു പറയാതെതന്നെ പ്രഥമ പുരുഷനില്‍ (Third Person) രചയിതാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന രീതി പഴയ കാവ്യങ്ങള്‍ പലതും പുലര്‍ത്തിയിട്ടുണ്ട്.  ഉര്‍ദു-പേര്‍ഷ്യന്‍ കവിതാ സമ്പ്രദായത്തിലും ഈ രീതി സമൃദ്ധമായി ഉപയോഗിക്കാറുണ്ട്.  ആഖ്യാതാവ് മാറിനിന്ന്, 'അവന്‍' എന്ന സത്വത്തില്‍, തന്നെ പരിചയപ്പെടുത്തുന്നതിന്റെ ആധ്യാത്മിക പൊരുളുകള്‍ സൂഫി വീജ്ഞാനീയം കൈകാര്യം ചെയ്യുന്നുണ്ട്.  ഉമറുല്‍ ഖാഹിരിയുടെ അലഫല്‍ അലിഫും ഉമര്‍ ഖാസിയുടെ സ്വലല്‍ ഇലാഹ്‌ബൈത്തും ഉദാഹരണങ്ങളാണ്.
''അവര്‍ ചൊന്ന ബൈത്തീന്നും ബഹ്ജകിത്താബീന്നും
അങ്ങനെ തക്മില തന്നീന്നും കണ്ടോവര്‍''
ഇവിടെ 'അവര്‍ ചൊന്ന' എന്നതിലെ 'അവര്‍' ഖാദിമുഹമ്മദാണെന്നും വി.എം. കുട്ടിമാഷ് നിരീക്ഷിക്കുന്നു. ഖാദിമുഹമ്മദിന്റെ 'ബൈത്തുകളും' ബഹ്ജ, തക്മില എന്നീ കിത്താബുകളും അവലംബിച്ച് 'മറ്റൊരു കവി' രചിച്ചതാണ് മുഹ്‌യിദ്ദീന്‍ മാല എന്നാണ് വി.എം കുട്ടി മാഷിന്റെ വാദം.  
യഥാര്‍ഥത്തില്‍ 'അവര്‍ ചൊന്ന ബൈത്ത്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാലയിലെ നായകനായ അബ്ദുല്‍ ഖാദിര്‍ ജീലാനി ചൊല്ലിയ ബൈത്തുകളാണ്. പ്രസ്തുത ബൈത്തുകളില്‍ നിന്നും ബഹ്ജ, തക്മില എന്നീ കിത്താബുകളില്‍ നിന്നുമാണ് ഈ മാലക്കുവേണ്ട വസ്തുതകള്‍ ശേഖരിച്ചത് എന്ന് സാരം.  അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ ബൈത്തുകള്‍ ഫുയൂളാതു റബ്ബാനിയ്യയിലും ഖസീദ  നൂനിയ്യ, ഖസീദ ബാഇയ്യ തുടങ്ങിയ പേരുകളില്‍ ഫുതൂഹുല്‍ ഗൈബിന്റെ അവസാനത്തിലും കാണാന്‍ സാധിക്കും. ബഹ്ജ എന്നുപറയുന്ന ബഹ്ജതുല്‍ അസ്‌റാര്‍, അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ രണ്ടാം ശിഷ്യപരമ്പരയിലെ ഇമാം ശത്‌നൂഫിയുടെ രചനയാണ്. അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ മകന്‍ അബ്ദുറസാഖ് പകര്‍ത്തി എഴുതിയതാണ് തക്മില (മാലയുടെ അവലംബ ഗ്രന്ഥങ്ങളുടെ ആധികാരികതയെ പറ്റിയുള്ള സംവാദമായിരുന്നെങ്കില്‍ ഈ ചര്‍ച്ച കൂടുതല്‍ പ്രസക്തമാകുമായിരുന്നു).
വി.എം കുട്ടി മാഷ് പറയുന്നതുപോലെ മുഹ്‌യിദ്ദീന്‍മാല ഖാദിമുഹമ്മദ് എന്നയാള്‍ പറഞ്ഞുകൊടുത്തതനുസരിച്ച് 'അജ്ഞാത കവി' എഴുതിയതാണെങ്കില്‍, ഖാദിമുഹമ്മദ് പറഞ്ഞുകൊടുത്ത 'ആ ബൈത്ത്' ഏതാണ്?  ഖാദിമുഹമ്മദിന്റെ മുഹ്‌യിദ്ദീന്‍ അപദാനം മുഹ്‌യിദ്ദീന്‍മാലയല്ലാതെ മറ്റൊന്നുണ്ടോ?

മാലയും നാടോടിക്കവിതകളും

മാല ഒരു നാടോടിക്കവിതയാണെന്നും അത് വാസ്തവികതയുടെ നിരപ്പില്‍ നിന്നും ദൂരെയായിരിക്കും എന്നും ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ ഉദ്ധരിച്ച്  പറയുന്ന വി.എം കുട്ടി മാഷെ സംബന്ധിച്ചേടത്തോളം മാലയുടെ അവലംബ ഗ്രന്ഥങ്ങളായ ബഹ്ജയും തക്മിലയും 'അവര്‍ ചൊന്ന ബൈത്തും' നാടോടി കൃതികളാണോ?  അവയില്‍ നിന്നാണല്ലോ മാല കോര്‍ത്തെടുത്തത്.  അപ്പോള്‍ മാലയിലെ 'അവാസ്തവികത' അവയിലും ഉണ്ടാവണമല്ലോ. വാസ്തവം/അവാസ്തവം എന്ന ദ്വന്ദത്തിന് വിവിധ ജ്ഞാനശാസ്ത്രങ്ങളില്‍ വിവിധ പരിപ്രേക്ഷ്യങ്ങളാണ് ഉള്ളതെന്ന് മറക്കരുതാത്തതാണ്.
നാടോടിപ്പാട്ടുകളില്‍നിന്നും വ്യത്യസ്തമായി മാപ്പിളപ്പാട്ടുകളിലാണ് രചയിതാവിന്റെ പേര്‍ ചേര്‍ക്കുന്ന രീതി ഉള്ളതെന്ന് വി.എം കുട്ടി മാഷിനറിയാം. അറബിത്തമിഴില്‍ രൂപപ്പെട്ടതും പിന്നീട് അറബിമലയാളത്തില്‍ വന്നതുമായ മാല സമ്പ്രദായത്തിനാകട്ടെ രചയിതാവിന്റെ പേര്‍ ചേര്‍ക്കുന്ന സമ്പ്രദായമോ, രചയിതാവിന്റെ പേരില്‍ അറിയപ്പെടുന്ന സമ്പ്രദായമോ ഉണ്ട്.

മുഹ്‌യിദ്ദീന്‍മാലയും കാലഗണനയും

ഇനി, മാലയുടെ രചനാകാലത്തെയും ഖാദിമുഹമ്മദിന്റെ മരണകാലത്തെയും  കുറിച്ച് വി.എം കുട്ടിമാഷ് അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളുടെ നിജസ്ഥിതി നോക്കാം.  അദ്ദേഹം പറയുന്നു: ''മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെടുന്നതിന്റെ ഒരു വര്‍ഷം മുമ്പേ ഖാദിമുഹമ്മദ് മരണപ്പെട്ടു എന്ന് പല ചരിത്ര ഗവേഷകരും രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ നിരീക്ഷണത്തില്‍ എത്തിച്ചേര്‍ന്നത്.''
ഒരു ചരിത്രകാരനും അദ്ദേഹം പറഞ്ഞപോലെ മാലയുടെ രചന നടക്കുന്നതിന് മുമ്പ് ഖാദിമുഹമ്മദ് മരണപ്പെട്ടു എന്ന് പറഞ്ഞിട്ടില്ല.  മറിച്ച് കവിയുടെ മരണത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ പറഞ്ഞ വര്‍ഷക്കണക്കുകളെ അവലംബിച്ച് വി.എം കുട്ടിമാഷ് ഇക്കാര്യം 'ഉരുത്തിരിച്ചെടുക്കുക'യാണ് ചെയ്യുന്നത്.   ഖാദിമുഹമ്മദിന്റെ മരണത്തെക്കുറിച്ച് വിവിധ ചരിത്രകാരന്മാരുടെ അഭിപ്രായം അദ്ദേഹം ഉദ്ധരിച്ചത് ഇങ്ങനെ:
ഹിജ്‌റ 1025 (കെ.കെ.എന്‍ കുറുപ്പ്, നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍, അബൂബക്കര്‍ കുഞ്ഞിമുസ്‌ലിയാര്‍)
ക്രി.വര്‍ഷം 1606 (പ്രഫ. കെ.എം മുഹമ്മദ്)
ക്രി. വര്‍ഷം 1607 (ഡോ. വി.പി മുഹമ്മദലി)
ഹിജ്‌റ 1025, കൊല്ലവര്‍ഷം 781 (മുസ്തഫല്‍ ഫൈസി)
ഇതില്‍ നിന്നും ഡോ. വി.പി മുഹമ്മദലിയുടെയും പ്രഫ. കെ.എം മുഹമ്മദിന്റെയും ക്രിസ്തു വര്‍ഷ സൂചനയാണ് വി.എം കുട്ടിമാഷിന് തുണയാകുന്നത്.  മുസ്തഫല്‍ ഫൈസിയാകട്ടെ, മറ്റൊരിടത്ത് മരണം 1026 (ഹി) ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍പറഞ്ഞ ചരിത്രകാരന്മാരൊക്കെ 'മുഹ്‌യിദ്ദീന്‍മാലയുടെ രചയിതാവായ ഖാദിമുഹമ്മദ്' മരണപ്പെട്ട വര്‍ഷമാണ് പറയുന്നത് എന്നത് ശ്രദ്ധേയമാണ്.  അതിനാല്‍ ''മാലയുടെ രചനയുടെ മുമ്പ് ഖാദി മുഹമ്മദ് മരണപ്പെട്ടു എന്ന് ചരിത്രകകാരന്മാര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു'' എന്ന വി.എം കുട്ടി മാഷിന്റെ വാദം ഇവിടെ അപ്രസക്തമാകുന്നു.
ഹിജ്‌റ 1025-ലാണ് ഖാദിയുടെ മരണം.  ആ കാര്യത്തില്‍ വി.എം. കുട്ടിമാഷ് സമര്‍പ്പിക്കുന്ന തെളിവുകള്‍ ശരിയാണ്.  എന്നാല്‍ ഇതിനെ ക്രിസ്തുവര്‍ഷമാക്കിയപ്പോള്‍ അദ്ദേഹത്തിന് തെറ്റ് സംഭവിച്ചിട്ടുണ്ട്. ഹിജ്‌റ വര്‍ഷവും ക്രിസ്തുവര്‍ഷവും തമ്മില്‍ 622 വര്‍ഷത്തെ വ്യത്യാസമുണ്ട്.  1025 നോട് 622 കൂട്ടുമ്പോള്‍ 1647 എന്ന് കിട്ടും.  അതോടൊപ്പം ഹിജ്‌റ വര്‍ഷത്തില്‍ 11 ദിവസത്തിന്റെ കുറവ് വരുന്ന കാര്യവും കാലഗണനയില്‍ പരിഗണിക്കണം.  ആ ദിവസങ്ങള്‍ കുറച്ചാല്‍ ഹിജ്‌റ 1025 ന്റെ ക്രിസ്തുവര്‍ഷം ലഭിക്കും.  1025ഃ11 = 11,275.  ഈ 11,275 ദിവസങ്ങളെ 360 (വര്‍ഷ ദിവസങ്ങള്‍) കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന 30.89 (30 വര്‍ഷത്തിലധികം) എന്ന സംഖ്യയെ, 1025ല്‍ നിന്ന് കുറച്ചാല്‍ കിട്ടുന്നതാണ് ഹിജ്‌റ 1025ന് സമാനമായ ക്രിസ്തുവര്‍ഷം. അത് 1616 ആണ്.
മാലയുടെ രചനാ കാലം 1607 (ക്രി.വ) ആണ് എന്ന് വി.എം കുട്ടിമാഷ് തന്നെ സമ്മതിക്കുന്നുണ്ട്.  മേല്‍പറഞ്ഞ കണക്ക് പ്രകാരം, രചനാകാലം ഹിജ്‌റ 1015 എന്ന് ഗണിച്ചാലേ അദ്ദേഹം തന്നെ സമ്മതിക്കുന്ന പ്രസ്തുത ക്രിസ്താബ്ദം (1607) ലഭിക്കൂ.  അങ്ങനെ വരുമ്പോള്‍ ക്രിസ്തു വര്‍ഷം1616ല്‍ മരണപ്പെട്ട ഖാദിമുഹമ്മദ് 1607ല്‍ (ഹി 1015) മുഹ്‌യിദ്ദീന്‍മാല രചിച്ചു എന്ന് കേരളീയ വായനാ സമൂഹം  വിശ്വസിച്ചു പോരുന്നതില്‍ അസാംഗത്യമില്ലെന്നര്‍ത്ഥം.  ഇക്കാലംവരെ പ്രമുഖരായ ആരുംതന്നെ മുഹ്‌യിദ്ദീന്‍മാല എഴുതിയത് ഖാദിമുഹമ്മദ് അല്ല എന്ന് പറഞ്ഞിട്ടില്ല.  എന്നുമാത്രമല്ല, വി.എം കുട്ടിമാഷ് തന്നെ തന്റെ ലേഖനത്തില്‍ ഉദ്ധരിക്കുന്ന പണ്ഡിതനും ഖാദി മുഹമ്മദിന്റെ പൗത്രനുമായ അബൂബക്കര്‍കുഞ്ഞി മുസ്‌ലിയാരെ പോലുള്ളവര്‍, മാലയുടെ കര്‍ത്താവ് ഖാദിമുഹമ്മദ് ആണെന്നാണ് പറഞ്ഞിട്ടുള്ളത്.  അദ്ദേഹം പറയുന്നു: ''..... ഖാദി മുഹമ്മദ്ബ്‌നുഅബ്ദുല്‍ അസീസ് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ക്രമത്തില്‍ മനാഖിബുകളെ ചേര്‍ത്ത് പാട്ടാക്കുകയും അതിന് 'മുഹ്‌യിദ്ദീന്‍മാല' എന്ന് പേര്‍ വിളിക്കുകയും ചെയ്തിരിക്കുന്നു'' (തുഹ്ഫത്തുല്‍ അവാം. സമ്പാ: സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ് തങ്ങള്‍, പേജ്. 122 - 123). ''ഖാദിമുഹമ്മതെന്ന് പേരുള്ളോവര്‍ എന്ന വരിയിലുള്ള ദുര്‍ബല പരാമര്‍ശമല്ലാതെ ഇതിന്റെ രചയിതാവ് ഖാദിമുഹമ്മദാണെന്ന് ഉറപ്പിച്ച് പറയാവുന്ന ഒരു വസ്തുതയും മുഹ്‌യിദ്ദീന്‍മാലയില്‍ ഇല്ല'' എന്ന വി.എം കുട്ടിമാഷിന്റെ നിരീക്ഷണം ശരിയല്ലെന്നും മേല്‍പറഞ്ഞ വിവിധ കാരണങ്ങളാല്‍, ആ വരിയിലുള്ളത് ദുര്‍ബല പരാമര്‍ശമല്ല, ബലപ്പെട്ട പരാമര്‍ശമാണ് എന്നും മനസ്സിലാക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍