Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

മൗലാനാ മിയാന്‍ ത്വുഫൈല്‍ മുഹമ്മദ്

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ / വ്യക്തിചിത്രം

മാഅത്തെ ഇസ്‌ലാമിയില്‍ സയ്യിദ് മൗദൂദിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് മൗലാനാ മിയാന്‍ ത്വുഫൈല്‍ മുഹമ്മദ്. അവിഭക്ത ഇന്ത്യയിലും പിന്നീട് പാകിസ്താനിലുമായി ജീവിച്ച അദ്ദേഹം മൗദൂദി ജീവിച്ചിരിക്കെയും അദ്ദേഹത്തിന്റെ വിയോഗാനന്തരവും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നായകനായിട്ടുണ്ട്. ഏറെ ലാളിത്യത്തോടെ, എന്നാല്‍ അപാരമായ ദൃഢമനസ്‌കതയോടെ ജീവിച്ച നേതാവാണ് മൗലാനാ ത്വുഫൈല്‍ മുഹമ്മദ്.
1913 നവംബറില്‍ കിഴക്കന്‍ പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള സ്വഫ്ദര്‍പൂര്‍ ഗ്രാമത്തിലാണ് ജനനം. മതബോധമുള്ള കര്‍ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അധ്യാപകവൃത്തിയും കൃഷിയും ഒന്നിച്ചു കൊണ്ടുപോയിരുന്ന പിതാവിന്റെ മൂത്തപുത്രനായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസാനന്തരം മെട്രിക് വിദ്യാഭ്യാസം കപൂര്‍ത്തല രന്ദീര്‍ ഹൈസ്‌കൂളില്‍നിന്ന് കരസ്ഥമാക്കി. അവിടെനിന്ന് പ്രീ എഞ്ചിനീയറിംഗ് കോഴ്‌സ് പാസായി ലാഹോര്‍ ഗവ. കോളേജില്‍നിന്ന് കായികത്തിലും ഫിസിക്‌സിലുമായി ബി.എസ്.സി നേടി. നിയമശാസ്ത്രത്തില്‍ കൂടുതല്‍ അഭിവാഞ്ഛ ഉണ്ടായിരുന്നതിനാല്‍ പഞ്ചാബ് യൂനിവേഴ്‌സിറ്റി ലോ കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ 1937-ല്‍ എല്‍.എല്‍.ബിയും കരസ്ഥമാക്കി. പില്‍കാലത്ത് പാകിസ്താന്‍ സുപ്രീംകോടതി ജഡ്ജിയായി മാറിയ ശൈഖ് മുഹമ്മദ് ശരീഫിനൊപ്പം ലാഹോറില്‍ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഒരു വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്കു മടങ്ങി അവിടെ വക്കീലായി ജോലി തുടര്‍ന്നു. കപൂര്‍ത്തലയിലെ പ്രഥമ എല്‍.എല്‍.ബി അഭിഭാഷകന്‍ ആയിരുന്നു മിയാന്‍ ത്വുഫൈല്‍.
അതിനിടെയാണ് സയ്യിദ് മൗദൂദിയെ സംബന്ധിച്ച് കേള്‍ക്കുന്നത്. അദ്ദേഹത്തെ പറ്റി അഭിപ്രായം ആരാഞ്ഞ് പ്രദേശത്തെ പണ്ഡിത ശ്രേഷ്ഠന്‍ സയ്യിദ് അത്വാഉല്ലാ ഷാ ബുഖാരിയെ ത്വുഫൈല്‍ സന്ദര്‍ശിച്ചു. ജീവിതത്തില്‍ വല്ലതും പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ലാഹോറില്‍ താമസിക്കുന്ന മൗദൂദിയുമായി ബന്ധപ്പെട്ടുകൊള്ളുക എന്ന ഉപദേശമാണ് ആ പണ്ഡിതനില്‍ നിന്ന് ലഭിച്ചത്. അപ്പോഴേക്കും തര്‍ജുമാനുല്‍ ഖുര്‍ആന്‍ കൃത്യമായി വായിക്കാനാരംഭിച്ചിരുന്നു.  1941-ല്‍ ജമാഅത്ത് രൂപീകരണത്തിന് വേണ്ടി സയ്യിദ് മൗദൂദി വിളിച്ചുചേര്‍ത്ത പ്രഥമയോഗത്തില്‍ മിയാന്‍ ത്വുഫൈലും പങ്കാളിയായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയാണെന്ന് അവിടെ വെച്ചുതന്നെ മിയാന്‍ ത്വുഫൈലും പ്രതിജ്ഞയെടുത്തു.
രൂപീകരണ സമ്മേളനത്തില്‍ രസകരമായ ഒരു അനുഭവമുണ്ടായി. ലാഹോറിലെ പ്രസ്തുത യോഗത്തിലേക്ക് മിയാന്‍ ത്വുഫൈല്‍ കടന്നുചെല്ലുമ്പോള്‍ സയ്യിദ് മൗദൂദി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി, മൗലാനാ മന്‍സൂര്‍ നുഅ്മാനി ഉള്‍പ്പെടെ പ്രഗത്ഭ പണ്ഡിതരുടെ ഒരു പടയാണ് അവിടെ. മിയാന്‍ ത്വുഫൈല്‍ മാത്രം സദസ്സില്‍ പ്രത്യേകവേഷത്തില്‍. കോട്ടും സ്യൂട്ടും ധരിച്ച് ടൈ കെട്ടി ക്ലീന്‍ഷേവായ ഒരാള്‍. കാഴ്ചയില്‍തന്നെ ഒരു വക്കീല്‍വേഷം. യോഗം സജീവമായപ്പോള്‍ പല അംഗങ്ങളും എഴുന്നേറ്റ് ജമാഅത്തില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു. അക്കാര്യം പ്രഖ്യാപിക്കാന്‍ അക്ഷമനായിരുന്ന ത്വുഫൈല്‍ തന്റെ ഊഴം വന്നപ്പോള്‍ എഴുന്നേറ്റത് പലര്‍ക്കും ദഹിച്ചില്ല. തന്റെ അതൃപ്തി പ്രകടിപ്പിച്ച് ഒരാള്‍ പറഞ്ഞതിങ്ങനെ: ''പാശ്ചാത്യ വേഷധാരിയായ ഇയാള്‍ക്ക് ജമാഅത്തില്‍ അംഗത്വം അനുവദിക്കാന്‍ പാടില്ല.'' എങ്കിലും ആറുമാസത്തെ ഇടനല്‍കി ത്വുഫൈലിന് അവിടെവെച്ചുതന്നെ അംഗത്വം ലഭിച്ചു; ആ കാലയളവില്‍ വക്കീല്‍പണി ഉപേക്ഷിക്കുക, വിമര്‍ശ വിധേയമായ മറ്റു കാര്യങ്ങള്‍ തിരുത്തുക എന്നീ നിബന്ധനകളോടെ. 1942 ജനുവരി 21-ന് വക്കീല്‍ ഉദ്യോഗം ഉപേക്ഷിച്ച് ഉപജീവനാര്‍ഥം കച്ചവടരംഗത്തേക്കു തിരിഞ്ഞ മിയാന്‍ ത്വുഫൈല്‍ പിന്നീട് ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ സജീവമായി.
1944 ഏപ്രില്‍ ഒന്നിന് അവിഭക്ത ഇന്ത്യയില്‍ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി മിയാന്‍ ത്വുഫൈല്‍ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനാ ചട്ടക്കൂട് ഭദ്രമാക്കുന്നതില്‍ ശ്രദ്ധയൂന്നിയ അദ്ദേഹം അതിനുവേണ്ടി രാജ്യത്തൊന്നാകെ സഞ്ചരിച്ച് അംഗങ്ങളും അനുഭാവികളുമായവരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരുന്നു. പിന്നീട് പാകിസ്താനിലെത്തി 1965 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1966 ജനുവരിയില്‍ പാക് ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് അമീറായി ചുമതലയേറ്റു. പശ്ചിമ പാകിസ്താന്‍ അമീറായിരുന്നു അതുവരെ അദ്ദേഹം. സയ്യിദ് മൗദൂദി വിദേശയാത്രക്ക് പുറപ്പെടുമ്പോഴെല്ലാം മിയാന്‍ ത്വുഫൈലിനെയാണ് നേതൃ സ്ഥാനത്ത് പകരം നിശ്ചയിച്ചിരുന്നത്. 1972-ല്‍ മൗദൂദി നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ പാക് ജമാഅത്ത് അമീറായി മിയാന്‍ ത്വുഫൈല്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജമാഅത്ത് പ്രവര്‍ത്തകരുടെ ആത്മീയ ശിക്ഷണത്തിനാണ് ഇക്കാലത്ത് അദ്ദേഹം ഊന്നല്‍ നല്‍കിയത്. അതിനുവേണ്ടി കേന്ദ്ര ഓഫീസില്‍ എല്ലാ മാസവും 10 ദിവസം നീണ്ടുനില്‍ക്കുന്ന ആത്മീയ ശിക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തൊട്ടാകെ മൂവായിരം ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളും സ്ഥാപിച്ചു.
1979 ഒക്‌ടോബറില്‍ ജമാഅത്ത് നേതൃ പദവിയില്‍നിന്ന് ഒഴിഞ്ഞശേഷം മന്‍സ്വൂറയിലെ മആരിഫെ ഇസ്‌ലാമിയ്യ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. ഗ്രന്ഥകാരന്‍ എന്ന നിലക്ക് പ്രശസ്തനല്ലെങ്കിലും ഇസ്‌ലാമിക പ്രബോധനത്തിന്റെ തേട്ടങ്ങള്‍; ഇസ്‌ലാമിക പ്രബോധനവും മുസ്‌ലിംകളുടെ ബാധ്യതയും ഉള്‍പ്പെടെ ചെറുതും വലുതുമായ രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. സയ്യിദ് അലി ഹുജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബിന്റെ ഉര്‍ദു വിവര്‍ത്തനം തയാറാക്കിയതും മൗലാനാ മിയാന്‍ ത്വുഫൈല്‍ ആയിരുന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ആത്മകഥാകുറിപ്പുകളും എഴുതുകയുണ്ടായി.
പാകിസ്താനില്‍ ജനാധിപത്യ പുനഃസ്ഥാപനത്തിന് തുടക്കംതൊട്ടേ പരിശ്രമിച്ച സംഘടനയാണ് ജമാഅത്ത്. ഇടക്ക് അധികാരം തട്ടിയെടുക്കുന്ന  പട്ടാള ജനറല്‍മാരുടെ ഭരണത്തിനെതിരെ മറ്റു മുസ്‌ലിം സംഘടനകളെ കൂടി പങ്കാളികളാക്കി ജമാഅത്ത് പ്രക്ഷോഭങ്ങള്‍ നടത്തി. 1965-ല്‍ ജനറല്‍ അയ്യൂബ് ഖാന്റെ കാലത്ത് ജമാഅത്ത് സംയുക്ത പ്രതിഷേധ കൂട്ടായ്മ(സി.ഒ.പി)ക്ക് തുടക്കം കുറിച്ചു. ഇതിന്റെ അമരത്തുണ്ടായിരുന്നത് മിയാന്‍ ത്വുഫൈല്‍ ആയിരുന്നു. ഇതാണ് അയ്യൂബ് ഖാന്നു വെല്ലുവിളിയായി മാറിയ ആദ്യ പ്രക്ഷോഭം. ശേഷം ഡമോക്രാറ്റിക് ആക്ഷന്‍ കമ്മിറ്റിക്കും ജമാഅത്ത് നാന്ദികുറിച്ചു. അതേ തുടര്‍ന്നാണ് 1969-ല്‍ അയ്യൂബ് ഖാന്‍ ഭരണം വിട്ടൊഴിഞ്ഞതും രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതും. 1973 മാര്‍ച്ചില്‍ പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന് യുനൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സ്(യു.ഡി.എഫ്)ന് രൂപം നല്‍കിയപ്പോഴും നേതൃസ്ഥാനത്ത് ത്വുഫൈല്‍ ഉണ്ടായിരുന്നു. 1977-ല്‍ പാകിസ്താന്‍ ഖൗമി ഇത്തിഹാദ്(പി.എന്‍.എ) രൂപീകരണത്തിലും പങ്കുവഹിച്ചതിലൂടെ ജനപക്ഷ രാഷ്ട്രീയത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയായിരുന്നു മിയാന്‍ ത്വുഫൈലിന്റെ നേതൃത്വത്തില്‍ പ്രസ്ഥാനം.
പല തവണ മിയാന്‍ ത്വുഫൈല്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948 ഒക്‌ടോബര്‍ 4-ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1950 മെയിലാണ് പുറത്തിറങ്ങിയത്. സയ്യിദ് മൗദൂദി, അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി എന്നിവര്‍ക്കൊപ്പമായിരുന്നു ജയില്‍വാസം. അവിടെ വെച്ചാണ് സയ്യിദ് മൗദൂദിയില്‍നിന്ന് സൂറത്ത് യൂസുഫ് മുതല്‍ സൂറഃ അന്നാസ് വരെയുള്ള ഖുര്‍ആന്‍ ഭാഗം അദ്ദേഹം പഠിച്ചത്. അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയില്‍നിന്ന് ഇമാം മാലികിന്റെ മുവത്വ പൂര്‍ണമായും പഠിച്ചെടുത്തു. ഇതേകാലത്ത് അറബിഭാഷയിലും അദ്ദേഹം അവഗാഹം നേടി. 2009 ജൂണ്‍ 25-നാണ് മൗലാനാ മിയാന്‍ ത്വുഫൈല്‍ മുഹമ്മദ് അല്ലാഹുവിലേക്ക് യാത്രയായത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍