പ്രവാചകന്റെ കാലത്തെ വിദ്യാഭ്യാസ രീതി
നിരക്ഷരനായ പ്രവാചകന് അവതരിച്ച ആദ്യ ദൈവവചനങ്ങള്‍ ഇങ്ങനെയാണ്: ''വായിക്കുക! നിന്നെ സൃഷ്ടിച്ചവനായ ദൈവത്തിന്റെ നാമത്തില്‍. മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചു. വായിക്കുക, താങ്കളുടെ നാഥന്‍ അത്യുദാരനാകുന്നു. മനുഷ്യനെ അവന്‍ പേന കൊണ്ട് പഠിപ്പിച്ചു. മനുഷ്യനെ അവനറിയാത്തത് പഠിപ്പിച്ചു'' (96:1-5). ഈ ആദ്യ വെളിപാടിന് ശേഷമുള്ള 23 വര്‍ഷങ്ങളില്‍ ജ്ഞാനത്തിന്റെ, അറിവിന്റെ പ്രാമുഖ്യവും പ്രാധാന്യവും ഊന്നിപ്പറയുന്ന ഒട്ടനവധി ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിക്കുകയുണ്ടായി. ''ജ്ഞാനം കുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ'' (17:85) എന്നൊരിടത്ത് പറയുമ്പോള്‍ തന്നെ ''ജ്ഞാനം വര്‍ധിപ്പിച്ച് തരണമേ'' (20:114) എന്ന് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട് മറ്റൊരിടത്ത്. 'അറിവ് നേടുക, തൊട്ടില്‍ മുതല്‍ ചുടല വരെ' എന്നൊരു പ്രയോഗമുണ്ടല്ലോ. ഇസ്‌ലാമിക പൈതൃകത്തില്‍ ഇടക്കിടെ ഉദ്ധരിക്കപ്പെടുന്ന ഒരു വാക്യമുണ്ട്: ''അറിവ് നേടുക, ചൈനയില്‍ പോയിട്ടെങ്കിലും.'' ഏറ്റവും കിഴക്കുള്ള നാടാണ് ചൈന. അറിവ് തേടിയുള്ള യാത്രക്ക് ദൂരം ഒരു പ്രശ്‌നമേ ആകരുതെന്നര്‍ഥം.
മദീനാ പലായനത്തിന് മുമ്പ് പ്രവാചകന്‍ മക്കയില്‍ വെച്ച് സ്വീകരിച്ചിരുന്ന വിദ്യാഭ്യാസ കാല്‍വെപ്പുകള്‍ എന്തൊക്കെയായിരുന്നു എന്ന് കൃത്യമായി നിര്‍ണയിക്കുക എളുപ്പമല്ല. മക്കയില്‍ അദ്ദേഹം കലാലയം സ്ഥാപിച്ചിരുന്നുവെന്നോ സ്ഥിരം അധ്യാപകരെ നിശ്ചയിച്ചിരുന്നുവെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. മിക്കവാറും അത്തരം സംവിധാനങ്ങളൊന്നും വന്നുകഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്ന് ഊഹിക്കാനാണ് ന്യായം. ഖുര്‍ആന്‍ ആധികാരികമായി പഠിപ്പിക്കാന്‍ ചിലരെ ചുമതലപ്പെടുത്തുക മാത്രമാണ് മക്കയില്‍ വെച്ച് ചെയ്തത്. അറബി കുറെക്കാലം വെറും സംസാര ഭാഷ മാത്രമായിരുന്നു എന്ന കാര്യവും നാമോര്‍ക്കണം. അതൊരു ലിഖിത ഭാഷ ആയിരുന്നില്ല. അബൂസുഫ്‌യാന്റെ പിതാവായ ഹര്‍ബിന്റെ കാലത്താണ് അതിന് എഴുത്ത് രൂപമുണ്ടാകുന്നത്. അന്ന് പ്രവാചകന്‍ വളരെ ചെറുപ്പമായിരുന്നു. പ്രവാചകന്റെ മുതിര്‍ന്ന അനുയായികള്‍ അറബിയുടെ എഴുത്ത് രൂപം അവരുടെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.
അറബിക്ക് എങ്ങനെ എഴുത്ത് രൂപമുണ്ടായി? അതിനുള്ള കാരണം ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഇറാഖിലെ ഹീറ എന്ന ദേശത്തുള്ള ഒരാള്‍ മക്കയില്‍ വന്നു; അയാള്‍ മക്കയിലെ പ്രമാണിയായ ഹര്‍ബിന്റെ മകളെ വിവാഹം ചെയ്തു. മറന്നുപോകാന്‍ ഇടയുള്ള വിവരങ്ങളൊക്കെ എഴുതി സൂക്ഷിക്കാമെന്ന വിദ്യ ഹര്‍ബിന് പറഞ്ഞുകൊടുക്കുന്നത് ഈ ഹീറക്കാരനാണ്. ഖുദാമതുബ്‌നു ജഅ്ഫറിന്റെ കിതാബുല്‍ ഖറാജ്, അല്‍ബലാദുരിയുടെ കിതാബുല്‍ ബുല്‍ദാന്‍ തുടങ്ങിയ പ്രശസ്ത കൃതികളില്‍ ഈ സംഭവം പരമാര്‍ശിച്ചിട്ടുണ്ട്. പ്രവാചകത്വത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മക്കക്കാര്‍ക്ക് എഴുത്തും വായനയും പരിചയപ്പെടുത്തപ്പെട്ടത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. പ്രവാചകത്വത്തിന്റെ തുടക്കത്തില്‍ മക്കയില്‍ എഴുത്തും വായനയും അറിയുന്നവര്‍ 17-ല്‍ കൂടുതലുണ്ടായിരുന്നില്ല എന്ന് ബലാദുരി പറയുന്നുണ്ട്. അതത്ര കൃത്യമാവണമെന്നില്ല. അല്ലെങ്കില്‍ ഒരു പ്രത്യേക കാലയളവിനെക്കുറിച്ച് മാത്രം പറഞ്ഞതായിരിക്കാം. പിന്നെ സാക്ഷരതയില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടാകാം. പ്രവാചകന്റെ ആഗമനത്തിന് മുമ്പുതന്നെ ചില സ്ത്രീകള്‍ക്ക് വരെ എഴുത്തും വായനയും വശമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, അബ്ദുല്ലയുടെ മകളും ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ബന്ധുവുമായ ശഫാദ് സാക്ഷരയായിരുന്നു. ഈയൊരു യോഗ്യതയുടെ പേരിലാണ് പില്‍ക്കാലത്ത് ഈ വനിതക്ക് മദീനയിലെ ഒരു കച്ചവട കേന്ദ്രത്തിന്റെ ചുമതല ലഭിച്ചത്. മദീനയിലെ വ്യാപാര തെരുവിന്റെ ചുമതലയായിരുന്നു അതെന്ന് ഇബ്‌നു ഹജര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷേ ചന്തയിലേക്ക് സ്ത്രീകള്‍ കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ചുമതലയായിരിക്കാം അത്.
എങ്ങനെയായിരുന്നാലും, പ്രവാചകത്വത്തിന്റെ തുടക്കകാലത്ത് എഴുത്തും വായനയും മക്കക്കാര്‍ക്ക് തീര്‍ത്തും പുതുമയുള്ള അനുഭവമായിരുന്നു. സാക്ഷരതയില്‍ വളരെ പുരോഗതിയൊന്നും അക്കാലത്ത് നേടിയിട്ടുമുണ്ടായിരുന്നില്ല. ഖുര്‍ആനാണ് അറബിയിലെ ആദ്യത്തെ ലിഖിത കൃതി എന്ന് പറയപ്പെടുന്നുണ്ട്. അതിന് മുമ്പ് പുസ്തക രൂപത്തില്‍ അറബിയില്‍ രചനകളൊന്നും ഉണ്ടായിരുന്നില്ല. കഅ്ബയില്‍ ഏതാനും കവിതകള്‍ എഴുതി തൂക്കിയിട്ടിരുന്നു. 'അല്‍ മുഅല്ലഖാത്തുസ്സബ്അ്' എന്നാണതിന് പറഞ്ഞിരുന്നത്. ചില കരാറുകളും മറ്റും എഴുതി സൂക്ഷിച്ചിട്ടുണ്ടാവാം. ഇബ്‌നുന്നദീം തന്റെ അല്‍ഫിഹ്‌രിസ്തില്‍ ഒരു സംഭവം പറയുന്നുണ്ട്. അബ്ബാസി ഖലീഫ മഅ്മൂന്റെ ഖജനാവില്‍ ഒരു കൈയെഴുത്ത് രേഖ-ഒരു കഷ്ണം കടലാസ്- ഉണ്ടായിരുന്നുവത്രെ. വളരെ മോശമായ കൈയെഴുത്താണ് അതിലുണ്ടായിരുന്നത്. അത് നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബ് എഴുതിയ കത്താണെന്ന് വിശ്വസിക്കപ്പെടുന്നു.
എഴുത്ത് വിദ്യ മക്കക്കാര്‍ക്ക് പുതുമയായിരുന്നെന്നും വലിയ പുരോഗതിയൊന്നും അക്കാലത്ത് അവര്‍ക്ക് നേടാനായില്ല എന്നും നാം കണ്ടു. അതിനൊരു കാരണം ഹീറയില്‍ നിന്ന് വന്നയാള്‍ പഠിപ്പിച്ച രീതി തന്നെയാവാം. ഹീറയില്‍ പ്രചാരത്തിലുള്ള ലിപിക്ക് 24 അക്ഷരങ്ങളാണുണ്ടായിരുന്നത്. അറബിക്കാകട്ടെ ഇരുപത്തി എട്ടുണ്ട്. അതിനാല്‍ അറബിശബ്ദങ്ങളെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ ഹീറാ ലിപിക്ക് കഴിയില്ല. അപ്പോള്‍ വിവിധ അറബി അക്ഷരങ്ങളെ വേര്‍തിരിക്കാനായി പുള്ളികള്‍ ഇടുകയല്ലാതെ നിവൃത്തിയില്ലാതെ വന്നു. ഇത്തരം ന്യൂനതകള്‍ പരിഹരിക്കാന്‍ പ്രവാചകന്‍ ചില അത്യാവശ്യ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ഖത്വീബുല്‍ ബഗ്ദാദി രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെയൊരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്: ഒരിക്കല്‍ ഉമവി ഖലീഫ മുആവിയ ഉബൈദ് ബ്‌നു ഗസ്സാനി എന്ന പകര്‍ത്തിയെഴുത്തുകാരനെ വിളിച്ചുവരുത്തി. താന്‍ പറയുന്നത് കേട്ടെഴുതാന്‍ ആവശ്യപ്പെട്ട ശേഷം അത് 'റഖ്ശ്' ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. എന്താണ് റഖ്ശ്? പകര്‍ത്തിയെഴുത്തുകാരന്‍ ചോദിച്ചു. മുആവിയ വിശദീകരിച്ചു- ഒരിക്കല്‍ പ്രവാചകന്‍ കേട്ട് എഴുതാനായി എന്നെ വിളിച്ചുവരുത്തി. കേട്ടത് എഴുതിയെടുത്ത ശേഷം 'റഖ്ശ്' ചെയ്യണമെന്നും ഉപദേശിച്ചു. ആവശ്യമുള്ളേടത്ത് പുള്ളി (ഡോട്ട്) ചേര്‍ക്കുന്നതിനെയാണ് റഖ്ശ് എന്ന് പയുന്നത്.
അപ്പോള്‍ അക്ഷങ്ങള്‍ക്ക് പുള്ളിയിടുന്നത് പ്രവാചകന്റെ കാലത്ത് തന്നെ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. പക്ഷേ അറബി ലിപി വിദഗ്ധരോ ചരിത്രകാരന്മാരോ ഒന്നും തന്നെ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഇപ്പോഴാകട്ടെ പുതിയ പല തെളിവുകളും കിട്ടിയിട്ടുണ്ട് താനും. ത്വാഇഫ് പ്രദേശത്ത് നിന്ന് ലിഖിതങ്ങള്‍ കണ്ടെടുക്കുകയുണ്ടായി അടുത്ത കാലത്ത്. മുആവിയയുടെ ഭരണകാലത്ത് ത്വാഇഫിലെ ഗവര്‍ണറായിരിക്കാം അത് കുറിച്ചിട്ടത്; ഹിജ്‌റ ഏകദേശം 50-ാം വര്‍ഷത്തില്‍. ഈ ലിഖിതങ്ങളിലെ അക്ഷരങ്ങളില്‍ ചിലേടത്ത് പുള്ളികള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് പഴയ കണ്ടെത്തലാണ്. ഇപ്പോഴാകട്ടെ പുതിയ വേറെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. ഈജിപ്തില്‍ നിന്ന് ഏതാനും തോല്‍കടലാസുകള്‍ (ുമൃരവാലിെേ) കണ്ടുകിട്ടുകയുണ്ടായി. ഉമര്‍(റ) ഖലീഫയായിരിക്കെ ഹിജ്‌റ 22-ല്‍ എഴുതിയതെന്ന് കരുതപ്പെടുന്ന രണ്ട് കത്തുകള്‍ അതിലുണ്ട്. അതിലെ അക്ഷരങ്ങള്‍ക്ക് പുള്ളികളുണ്ട്. അതിനര്‍ഥം ഉമറിന്റെ കാലത്ത് തന്നെ അക്ഷരങ്ങള്‍ക്ക് പുള്ളിയിടുന്ന സമ്പ്രദായം പ്രചാരത്തിലുണ്ടായിരുന്നു എന്നാണല്ലോ. ഹജ്ജാജ് ബ്‌നു യൂസുഫിന്റെ ഭരണകാലത്തോ അതിന് ശേഷമോ ആണ് പുള്ളിയിടുന്ന സമ്പ്രദായം തുടങ്ങിയത് എന്ന വാദം ശരിയാണെന്ന് തോന്നുന്നില്ല.
അങ്ങനെ അക്ഷരങ്ങള്‍ക്ക് പുള്ളിയിടുന്ന സമ്പ്രദായത്തിലൂടെ മൗലികമായ ഒരു പരിഷ്‌കരണമാണ് തുടങ്ങിവെച്ചത്. എഴുത്തിനെ സംബന്ധിച്ച് വേറെയും പല കാര്യങ്ങളും പറയേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന്, കത്തെഴുതിയ ഉടന്‍ അത് മടക്കിവെക്കരുതെന്ന പ്രവാചകന്റെ നിര്‍ദേശം (ഇതു സംബന്ധമായ ഹദീസ് ബുഖാരിയിലോ മുസ്‌ലിമിലോ വന്നിട്ടില്ല). എഴുതിയ ശേഷം മണലുകൊണ്ട് മഷിയുണക്കിയ ശേഷമാവണം കത്ത് മടക്കിവെക്കേണ്ടത്. കത്തെഴുതിയ ഉടനെ ത്തന്നെ മടക്കാന്‍ തുനിഞ്ഞാല്‍ മഷി പരന്ന് അക്ഷരങ്ങള്‍ അവ്യക്തമാവുമെന്ന് പ്രവാചകന്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ടാവണം. ഇബ്‌നുല്‍ അഥീര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ കൂടുതല്‍ കൗതുകകരമായ ഒരു നിരീക്ഷണമുണ്ട്. 'സീന്‍' എന്ന അക്ഷരമെഴുതുമ്പോള്‍ കുനിപ്പിടണം, വെറും വര മാത്രമാക്കരുതെന്നാണ് ആ പ്രവാചക നിര്‍ദേശത്തിലുള്ളത്. അല്ലാത്ത പക്ഷം ഏതാണ് അക്ഷരമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നത് കൊണ്ടാവാം ഇത്. ലിപിയുമായി ബന്ധപ്പെട്ട് വേറെയും ഹദീസുകള്‍ കാണാന്‍ കഴിഞ്ഞു. അങ്ങനെയുള്ള 40 ഹദീസുകള്‍ ഒരു തുര്‍ക്കി പണ്ഡിതന്‍ ശേഖരിച്ചിട്ടുണ്ട്.
പ്രവാചകന്റെ മക്കാ ജീവിതത്തില്‍ ഏതാനും ലിഖിത രേഖകള്‍ മാത്രമാണ് നമുക്ക് കണ്ടെത്താനാവുക. അതിലൊന്നാണ് കഅ്ബയില്‍ തൂക്കിയിട്ടിരുന്ന ഒരു രേഖ. പ്രവാചകനെയും കുടുംബത്തെയും ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. ഒരാളും പ്രവാചകന്റെ കുടുംബവുമായി വിവാഹബന്ധങ്ങള്‍ സ്ഥാപിക്കരുതെന്നും അവര്‍ക്ക് അവശ്യ സാധനങ്ങള്‍ കൈമാറരുതെന്നും അതില്‍ വിലക്കിയിരുന്നു. അവരുമായി സംസാരിക്കാന്‍ പോലും പാടില്ല. മക്കയിലെ എല്ലാവരും അത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. മക്കക്കാര്‍ക്ക് പുറമെ കനാന ഗോത്രക്കാര്‍ക്കും ബാധകമായിരുന്നു ആ പ്രഖ്യാപനം. കുറച്ച് കഴിഞ്ഞപ്പോള്‍ ആ രേഖ ചിതലുകള്‍ തിന്നു തീര്‍ത്തു, അതോടെ ആ ബഹിഷ്‌കരണ പ്രഖ്യാപനത്തിന്റെ കഥയും തീര്‍ന്നു.
മക്കാ കാലത്തെ മറ്റൊരു രേഖ തമീമുദ്ദാരി എന്നയാളുമായി ബന്ധപ്പെട്ടതാണ്. മദീനാ പലായനം നടക്കുന്നതിന് മുമ്പ് വിശ്വാസിയായ ഫലസ്ത്വീന്‍കാരനാണ് ഇദ്ദേഹം. സിറിയയില്‍ തനിക്ക് കുറച്ച് ഗ്രാമങ്ങള്‍ പതിച്ച് നല്‍കണമെന്നും അതിന്റെ ഔദ്യോഗിക രേഖകള്‍ പ്രവാചകന്‍ തന്നെ കൈമാറണമെന്നും അദ്ദേഹം പ്രവാചകനോട് അഭ്യര്‍ഥിച്ചു. പ്രവാചകന്‍ അങ്ങനെയൊരു രേഖ കൈമാറുകയും ചെയ്തു. പക്ഷേ, ഇപ്പോള്‍ ലഭ്യമായ രേഖ അത് തന്നെയോ എന്നുറപ്പിക്കാന്‍ വയ്യ. ഒരുപക്ഷേ തമീമുദ്ദാരിയുടെ പിന്‍മുറക്കാരിലാരോ കെട്ടിച്ചമച്ചുണ്ടാക്കിയതാവാം അത് . ഒരേ കത്തിന്റെ രണ്ട് വ്യത്യസ്ത കോപ്പികള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തൊക്കെയായാലും അബൂയൂസുഫ് തന്റെ കിതാബുല്‍ ഖറാജില്‍, ഏറ്റവും പഴയ രണ്ടാമത്തെ ലിഖിത രേഖ എന്നിതിനെ പരിചയപ്പെടുത്തുന്നുണ്ട്.
ഇസ്‌ലാമിന്റെ ആദ്യകാലത്തേതെന്ന് പറയപ്പെടുന്ന മറ്റൊരു രേഖയുണ്ട്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാ മധ്യേ പ്രവാചകനെ പിടികൂടാന്‍ ശ്രമിച്ച സുറാഖത്ത് ബ്‌നു മാലികിന് പ്രവാചകന്‍ മുദ്രവെച്ച് നല്‍കിയ, യാത്രാ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന രേഖയാണിത്. അബൂബക്‌റി(റ)ന്റെ അടിമയായ ആമിറുബ്‌നു ഫഹീറയാണ് പ്രവാചകന് വേണ്ടി അത് എഴുതിക്കൊടുത്തത്. ഹിജ്‌റ യാത്രയില്‍ പ്രവാചകനോടൊപ്പം ഉണ്ടായിരുന്നു ആമിര്‍. പ്രവാചകന്‍ യാത്രക്കൊരുങ്ങുമ്പോള്‍ അത്യാവശ്യം വേണ്ട പേന, മഷിക്കുപ്പി, കടലാസ് തുടങ്ങിയവ കരുതിയിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
(തുടരും)
Comments