Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

പോര്‍മുഖങ്ങളില്‍ പതറാത്ത കര്‍മയോഗി

അബൂസ്വാലിഹ / മുദ്രകള്‍

പോര്‍മുഖങ്ങളില്‍  പതറാത്ത കര്‍മയോഗി

            ബംഗ്ലാദേശിലെ ഹസീനാ ഭരണകൂടം അന്യായമായി തടവിലിട്ട ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവും ഉപാധ്യക്ഷനുമായ മൗലാനാ അബുല്‍ കലാം മുഹമ്മദ് യൂസുഫ് (88) അല്ലാഹുവിങ്കലേക്ക് യാത്രയായി. ജയിലിലായിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശൈഖ് മുജീബുര്‍റഹ്മാന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഫെബ്രുവരി 9-ന് അന്ത്യം സംഭവിച്ചു. പാകിസ്താനിലെയും തുടര്‍ന്ന് ബംഗ്ലാദേശിലെയും മുഴുവന്‍ ജനാധിപത്യ പോരാട്ടങ്ങളുടെയും നേതൃസ്ഥാനത്ത് മൗലാനാ മുഹമ്മദ് യൂസുഫ് ഉണ്ടായിരുന്നു. ബംഗ്ലാദേശിലെ അറിയപ്പെട്ട ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹം ഒന്നിലധികം തവണ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഒട്ടേറെ ജനസേവന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
2013 മെയ് 12-നാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദും ആക്ടിംഗ് സെക്രട്ടറി ജനറല്‍ ഡോ. ശഫീഖുര്‍റഹ്മാനും അനുശോചന സന്ദേശത്തില്‍ പറഞ്ഞത് പോലെ, വാര്‍ധക്യത്തിന്റെ അവശതകള്‍ ഒട്ടും പരിഗണിക്കാതെ വളരെ നിര്‍ദയമായാണ് ഹസീന ഭരണകൂടം അദ്ദേഹത്തോട് പെരുമാറിയത്. രോഗങ്ങള്‍ ഗുരുതരമാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിരവധി ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും അതൊക്കെയും നിരസിക്കപ്പെടുകയായിരുന്നു. മരണശേഷം, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതശരീരം തങ്ങള്‍ക്ക് നല്‍കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥനയും ജയിലധികൃതര്‍ തള്ളി.
ബഗര്‍ഹത്ത് ജില്ലയില്‍ രാജയീര്‍ ഗ്രാമത്തില്‍ 1926-ലാണ് മൗലാനാ എ.കെ.എം യൂസുഫിന്റെ ജനനം. ഗ്രാമത്തില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അറബി വ്യാകരണം, ഖുര്‍ആന്‍, ഹദീസ് എന്നിവയില്‍ വ്യുല്‍പത്തി നേടി. ഹദീസ് വിജ്ഞാനീയങ്ങളാണ് സവിശേഷമായി പഠിച്ചത്. 1950-ലെ ഫാസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് അദ്ദേഹത്തിനായിരുന്നു. പിന്നീടാണ് ഹദീസ് പഠനത്തില്‍ 'മുംതാസുല്‍ മുഹദ്ദിസീന്‍' എന്ന സവിശേഷ പദവി നേടുന്നത്. ബംഗ്ലാദേശില്‍ ഹദീസ് പണ്ഡിതന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്. ഖുല്‍നയിലെ ആലിയ മദ്‌റസ, ബാരിസാലിലെ സീനിയര്‍ മദ്‌റസ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നിട്ടുമുണ്ട്.
കാര്‍ഷിക രാജ്യമായ ബംഗ്ലാദേശില്‍ സാധാരണ കര്‍ഷകരുടെ നില അത്യന്തം ശോചനീയമായിരുന്നു. അവരെ സമുദ്ധരിക്കുന്നതിന് വേണ്ടി അദ്ദേഹം രൂപം കൊടുത്ത കര്‍ഷക പ്രസ്ഥാനമാണ് ബംഗ്ലാദേശ് പെസന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി (ബി.പി.ഡബ്ല്യു.എസ്). 1977-ല്‍ എന്‍.ജി.ഒ ആയാണ് ഇത് രജിസ്റ്റര്‍ ചെയ്തത്. തൃണമൂല തലത്തില്‍ കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് അതിന്റെ മുഖ്യ ലക്ഷ്യം. ഇന്നത് ബംഗ്ലാദേശിലെ മുന്‍നിര എന്‍.ജി.ഒകളിലൊന്നായി മാറിയിരിക്കുന്നു. ബംഗ്ലാദേശിലെ 64 ജില്ലകളിലും ഇന്നതിന് ചാപ്റ്ററുകളും സബ് ജില്ലകളില്‍ ഉപചാപ്റ്ററുകളും ഉണ്ട്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇന്നതിന്റെ ഗുണഭോക്താക്കളാണ്.
ബംഗ്ലാദേശ് വിഭജനത്തിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമി ഖുല്‍ന മേഖലയുടെ അമീറായിരുന്ന അദ്ദേഹം - 1956 മുതല്‍ 1958 വരെ. പാക് സൈനിക ഭരണകൂടം മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചതോടെ എല്ലാ കൂട്ടായ്മകളും നിരോധിക്കപ്പെട്ടു. ജനറല്‍ അയ്യൂബ് ഖാന്റെ സ്വേഛാധിപത്യത്തിനെതിരെയുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ അദ്ദേഹം ഭാഗഭാക്കായി. മാര്‍ഷല്‍ ലോ നീക്കം ചെയ്യപ്പെട്ടപ്പോള്‍ കിഴക്കന്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അസി. അമീറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമാവുന്നത് വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. മൗലാനാ മൗദൂദിയുടെ നേതൃത്വത്തിലുള്ള അവിഭക്ത പാക് ജമാഅത്തിന്റെ കേന്ദ്ര ശൂറയില്‍ തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം അംഗമായിട്ടുണ്ട്. പിന്നെ തുടര്‍ച്ചയായി മൂന്ന് തവണ ബംഗ്ലാദേശ്  ജമാഅത്തെ ഇസ്‌ലാമിയുടെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു. മരിക്കുന്നത് വരെ ബംഗ്ലാ ജമാഅത്തിന്റെ സീനിയര്‍ അസി. അമീറായിരുന്നു
രാഷ്ട്രീയ, സാമൂഹിക ഇടപെടലുകളുടെ 60 വര്‍ഷത്തെ ചടുലവും സംശുദ്ധവുമായ ജീവിതം പുതുതലമുറക്ക് മാതൃകയായി അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. 1962-ല്‍ 35-ാം വയസ്സില്‍ തന്നെ ജമാഅത്ത് പ്രതിനിധിയായി അദ്ദേഹം ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാകിസ്താന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം), ഡമോക്രാറ്റിക് ആക്ഷന്‍ കമ്മിറ്റി (ഡി.എ.സി) തുടങ്ങിയ അവിഭക്ത പാകിസ്താനിലെ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനം സജീവ പങ്കാളിത്തം വഹിച്ചിരുന്നതുകൊണ്ട് ശൈഖ് മുജീബുര്‍റഹ്മാന്‍, അതാഉര്‍റഹ്മാന്‍ ഖാന്‍, നവാബ്‌സാദ നസ്‌റുല്ല ഖാന്‍, ചൗധരി ഗുലാം മുഹമ്മദ് തുടങ്ങിയ പ്രമുഖരോടൊപ്പം മൗലാനാ മുഹമ്മദ് യൂസുഫും ആ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. അവിഭക്ത പാകിസ്താനില്‍ ദേശീയ അസംബ്ലി അംഗം മാത്രമല്ല, മന്ത്രിസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. അക്കാലയളവില്‍ കിഴക്കന്‍ പാകിസ്താനോട് കാണിക്കുന്ന അവഗണനക്കെതിരെ അദ്ദേഹം ശക്തമായി ശബ്ദമുയര്‍ത്തി.
1971-ലെ ബംഗ്ലാദേശ് വിമോചന സമരകാലത്ത് മുസ്‌ലിം ലീഗ്, നിസാമെ ഇസ്‌ലാമി, പി.ഡി.പി എന്ന ഒരു അവാമി ലീഗ് ഗ്രൂപ്പ്, ചൈനയെ പിന്തുണക്കുന്ന ഈസ്റ്റ് പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയ കക്ഷികളോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയും വിഭജനത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാക് സൈന്യം ചെയ്തു കൂട്ടിയ അതിക്രമങ്ങളിലൊന്നും ജമാഅത്തിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. അതിക്രമങ്ങള്‍ക്ക് ഇരകളാവുന്ന ബംഗാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് മൗലാനാ മുഹമ്മദ് യൂസുഫ് ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതൃത്വം രംഗത്ത് വരികയും ചെയ്തു. ആ ചരിത്ര വസ്തുതകള്‍ തമസ്‌കരിക്കപ്പെട്ട്, വ്യാജ യുദ്ധകുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ് ആ കര്‍മയോഗിക്ക് വിടവാങ്ങേണ്ടിവന്നത്.

ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്ന് അമേരിക്കന്‍ സ്റ്റഡീസ് അസോസിയേഷന്‍

                അമേരിക്കയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ അക്കാദമിക കൂട്ടായ്മയാണ് അമേരിക്കന്‍ സ്റ്റഡീസ് അസോസിയേഷന്‍ (എ.എസ്.എ). പലതരത്തിലുള്ള ഇസ്രയേല്‍ അതിക്രമങ്ങളാലും ഉപരോധങ്ങളാലും പൊറുതിമുട്ടുന്ന ഫലസ്ത്വീനികള്‍ക്ക് അപ്രതീക്ഷിതമായ ഒരു കൈത്താങ്ങ് നല്‍കി അവര്‍ ജൂതലോബിയെ ഞെട്ടിച്ചത് കഴിഞ്ഞ ഡിസംബര്‍ രണ്ടാം വാരത്തിലായിരുന്നു. മുഴുവന്‍ ഇസ്രയേലി അക്കാദമിക സ്ഥാപനങ്ങളെയും ബഹിഷ്‌കരിക്കാനുള്ള പ്രമേയം അയ്യായിരത്തിലധികം അംഗങ്ങളുള്ള എ.എസ്.എ വന്‍ ഭൂരിപക്ഷത്തിനാണ് പാസ്സാക്കിയത്. ഫലസ്ത്വീനികളോട് കടുത്ത വിവേചനം കാട്ടുന്ന ഇസ്രയേല്‍ ഭരണകൂടത്തെ പിന്തുണക്കുന്ന അമേരിക്കന്‍ നിലപാടിനെയും പ്രമേയത്തില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇതൊരു ധാര്‍മിക നിലപാടാണെന്നും അതിലേക്ക് എത്തിച്ചേരാന്‍ വളരെ വൈകിപ്പോയെന്നും പ്രമുഖ ആക്ടിവിസ്റ്റും എ.എസ്.എ അംഗവുമായ അഞ്ജല ഡേവിസ് പറഞ്ഞു.
ഈയിടെ പുറത്തിറങ്ങിയ യോട്ടാം വെല്‍ഡ്മാന്‍ സംവിധാനം ചെയ്ത ഠവല ഘമയ എന്ന ഡോക്യുമെന്ററി സിനിമ, ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങളിലെ നാല് മില്യന്‍ വരുന്ന ഫലസ്ത്വീനികളെ ജൂതഭരണകൂടം ഗിനിപ്പന്നികളെപ്പോലെ പരീക്ഷണ വസ്തുക്കളായി ഉപയോഗിക്കുകയാണെന്ന് വെളിപ്പെടുത്തുന്നു. പുതുതായി നിര്‍മിക്കുന്ന ആയുധങ്ങളുടെ 'കാര്യക്ഷമത' പരീക്ഷിക്കുന്നത് ഇവരെ ഉന്നം വെച്ചുകൊണ്ടാണത്രെ. ബെന്‍ഗൂറിയന്‍ യൂനിവേഴ്‌സിറ്റിയിലെ നെവ് ഗോര്‍സനും ഇത് ശരിവെക്കുന്നു. ആയുധക്കമ്പോളത്തില്‍ ഇസ്രയേലി ഭരണകൂടം വിതരണം ചെയ്യുന്ന ബ്രോഷറില്‍ 'പരീക്ഷിച്ച് വിജയിച്ചത്' എന്ന് എഴുതിച്ചേര്‍ക്കാനും അവര്‍ മടിക്കാറില്ല. 2008-'09 കാലയളവില്‍ ഗസ്സക്കെതിരെ ഇസ്രയേല്‍ നടത്തിയ 'ഓപ്പറേഷന്‍ കാസ്റ്റ് ലെഡ്' എന്ന ആക്രമണപരമ്പരകള്‍ക്ക് ശേഷമാണ് അവരുടെ ആയുധങ്ങള്‍ക്ക് വന്‍ മാര്‍ക്കറ്റുണ്ടായത് എന്ന കാര്യവും ഓര്‍ക്കുക.
ഇതുപോലെ അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ ക്രൂരതകളാണ് അക്കാദമിക സമൂഹത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം അമേരിക്കയുടെ സകല തുറകളിലും പിടിമുറുക്കിയ സയണിസ്റ്റ് ലോബി എ.എസ്.എക്കെതിരെ ഇറങ്ങിക്കളിക്കുന്നുണ്ട്. എ.എസ്.എയുമായി ബന്ധം വിഛേദിക്കാന്‍ അവര്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നു. രണ്ട് യൂനിവേഴ്‌സിറ്റികള്‍ ഇതിനകം എ.എസ്.എ അംഗത്വം റദ്ദാക്കിക്കഴിഞ്ഞു. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റും സയണിസ്റ്റ് പക്ഷപാതിയുമായ ലാറി സമ്മേഴ്‌സ് 'സെമിറ്റിക് വിരുദ്ധത' ആരോപിച്ച് അമേരിക്കന്‍ സ്റ്റഡീസ് അസോസിയേഷനെതിരെ രംഗത്തുണ്ട്. പക്ഷേ, പ്രചാരണങ്ങള്‍ അക്കാദമിക സമൂഹത്തില്‍ മുമ്പത്തെപ്പോലെ ഫലിക്കുന്നില്ലെന്നു മാത്രം.



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍