Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

മുസ്‌ലിം സമുദായം ശാക്തീകരണത്തിന് സ്വയം വേദികളൊരുക്കണം

ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ / ശിഹാബ് പൂക്കോട്ടൂര്‍, ബഷീര്‍ തൃപ്പനച്ചി

                       മില്ലിഗസറ്റ് എഡിറ്റര്‍, മുസ്‌ലിം പ്രശ്‌നങ്ങളില്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയും അവ പഠനവിധേയമാക്കുകയും ചെയ്യുന്ന എഴുത്തുകാരന്‍ എന്നീ നിലകളില്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഇനിയും വികസിച്ചുവരേണ്ട മീഡിയാ ആക്ടിവിസത്തിന്റെ സാധ്യതയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഇന്ത്യാ വിഭജനത്തിന് മുമ്പ് ഇംഗ്ലീഷിലടക്കം മുസ്‌ലിം മാനേജ്‌മെന്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയമായ പത്രപ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു. വിഭജനാനന്തരം അവ നിലച്ചുപോവുകയോ പാകിസ്താനിലേക്ക് മാറുകയോ ആണ് ചെയ്തത്. ഉയര്‍ന്ന നിലവാരവും ജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുണ്ടായിരുന്ന അത്തരം പത്രപ്രസിദ്ധീകരണങ്ങളൊന്നും മുസ്‌ലിംകള്‍ക്ക് കീഴില്‍ പിന്നീട് ഇന്ത്യയിലുണ്ടായില്ല. അതിന്റെ ഭവിഷ്യത്തുകള്‍ വിഭജനകാലം തൊട്ടേ മുസ്‌ലിംകള്‍ അനുഭവിച്ചു പോരുന്നു. ഇന്ത്യയില്‍ മുസ്‌ലിംകളെ കുറിച്ച് ഒരു നിര്‍മിതി മാധ്യമങ്ങളൊരുക്കിയിട്ടുണ്ട്. ഈ നിര്‍മിതിക്കകത്തു നിന്നുകൊണ്ടു മാത്രമാണ് മുസ്‌ലിം വാര്‍ത്തകളെ അവര്‍ കൈകാര്യം ചെയ്യുന്നത്. മുസ്‌ലിംകളെ ശല്യക്കാരായ വിഭാഗമായി ഒരു സാധാരണ ഹിന്ദു പോലും കാണുന്ന രീതിയില്‍ ഭീകരമായാണ് 'മതേതര' മീഡിയയുടെ ഹിംസാത്മകത പ്രവര്‍ത്തനക്ഷമമാവുന്നത്. വ്യാജമായ മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ മുഖ്യധാരാ പത്രപ്രസിദ്ധീകരണങ്ങളിലടക്കം നിരന്തരം പ്രത്യക്ഷപ്പെട്ടപ്പോഴും അതിന് ഒരു തിരുത്ത് കൊടുക്കാന്‍ പോലും സമുദായത്തിന് സാധിച്ചില്ല. ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിം സമുദായത്തെക്കുറിച്ച് വിദ്യാസമ്പന്നരില്‍ ആഴത്തില്‍ തെറ്റിദ്ധാരണകളുടെ വിത്തുകള്‍ പാകി എന്നതായിരുന്നു അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം. വിഭജന ശേഷമുള്ള ആദ്യ പത്തു വര്‍ഷത്തെ ഒന്നുമില്ലായ്മയുടെ പരിതാവസ്ഥയില്‍ നിന്ന് മുസ്‌ലിം മീഡിയാ രംഗം മുന്നോട്ടുപോയിട്ടുണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന വിധത്തില്‍ മീഡിയാ സംവിധാനം ഇന്നും ദേശീയാടിസ്ഥാനത്തില്‍ വികസിച്ച് വന്നിട്ടില്ല. അതിന്റെ ദുരന്തം സമുദായം നിത്യവും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
വ്യാജ ഏറ്റുമുട്ടലുകളടക്കമുള്ള തീവ്രവാദ സ്വഭാവമുള്ള വാര്‍ത്തകള്‍ ഇന്നും ഏകപക്ഷീയമായാണ് ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന പോലും മീഡിയാ സൃഷ്ടിയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഭരണകൂടത്തിന് പോലും സാധിക്കുന്നില്ല. അത്തരം വ്യാജനിര്‍മിതികളെ തിരുത്താന്‍ ശേഷിയുള്ള പത്രമാധ്യമങ്ങളോ മീഡിയാ ആക്ടിവിസമോ സമുദായം ഇനിയും വികസിപ്പിച്ചെടുത്തിട്ട് വേണം. കേരളം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് മാധ്യമരംഗത്ത് ആശാവഹമായ സാന്നിധ്യമുള്ളത്. അതിന്റെ നല്ല ഫലങ്ങള്‍ ആ സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹം അനുഭവിക്കുന്നുമുണ്ട്. കേരളത്തിലെ മാധ്യമം ദിനപത്രം തന്നെയാണ് ഈ രംഗത്തെ മികച്ച മാതൃക. ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയാ വണ്‍ ചാനലും ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നു. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ പത്രങ്ങളും ചാനലുകളും ഉണ്ടെങ്കില്‍ മാത്രമേ സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ യഥാവിധി സമൂഹത്തെ അറിയിക്കാനാകൂ. അതോടൊപ്പം വ്യാജമായി നിര്‍മിക്കപ്പെടുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഈ മീഡിയ വഴി തെളിവ് സഹിതം തുറന്ന് കാണിക്കാനും സാധിക്കും. അത് മറ്റു പത്രമാധ്യമങ്ങളെ സ്വാധീനിക്കുകയും മുസ്‌ലിം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യും. കേരളത്തിലെയും കര്‍ണാടകയിലെയും മുഖ്യധാരാ മാധ്യമങ്ങളില്‍ ഏറെക്കുറെ ഈ ജാഗ്രത കാണുന്നത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലെ പത്രങ്ങളുടെ സാന്നിധ്യം കാരണമാണ്. ദേശീയ മാധ്യമരംഗത്ത് പ്രത്യേകിച്ച് ഇംഗ്ലീഷ് മീഡിയയില്‍ ഈ മുസ്‌ലിം സാന്നിധ്യം ഒട്ടുമില്ലാത്തതിനാല്‍ സമുദായവുമായി ബന്ധപ്പെട്ട ഒട്ടേറെ വ്യാജവാര്‍ത്തകളാണ് അവയില്‍ വന്നുകൊണ്ടിരിക്കുന്നത്.
ഈയടുത്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവായി വന്ന ഒരു വാര്‍ത്ത 'ഇന്ത്യന്‍ മുജാഹിദീന്‍ ന്യൂക്ലിയര്‍ ആയുധം വികസിപ്പിക്കുന്നു' എന്നായിരുന്നു. എന്തൊരു മണ്ടത്തരമാണ് ഈ വാര്‍ത്ത! നമ്മുടെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന മെറ്റീരിയലുകള്‍ വികസിപ്പിച്ചാല്‍ ന്യൂക്ലിയര്‍ ആയുധമുണ്ടാക്കാന്‍ സാധിക്കില്ലെന്ന പ്രാഥമിക വിവരം ആ പത്രത്തിന്റെ എഡിറ്റര്‍ക്ക് ഇല്ലാതെ പോവുന്നു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട തീവ്രവാദ വാര്‍ത്തകളില്‍ പലതും ഇങ്ങനെ സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്തതാണ്. പക്ഷേ, ഇംഗ്ലീഷ് മീഡിയ അതിപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷിലടക്കം ദേശീയമായും പ്രാദേശികമായും പത്രപ്രസിദ്ധീകരണങ്ങളും ചാനലുകളും ആരംഭിച്ചാലേ ഈ രംഗത്ത് അല്‍പമെങ്കിലും മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. അതിനാദ്യം മുസ്‌ലിം സംഘടനകളുടെ  മുന്‍ഗണനാക്രമങ്ങളില്‍ മീഡിയാ ആക്ടിവിസം സ്ഥാനം പിടിക്കണം. മുസ്‌ലിം സമുദായത്തിലെ ധാരാളമാളുകള്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നുണ്ട്. ദേശീയ തലത്തില്‍ സ്വീകാര്യതയുള്ള ഒരു മീഡിയ നെറ്റ്‌വര്‍ക്ക് അവര്‍ വികസിപ്പിക്കേണ്ടതുണ്ട്. കഴിവും സാഹസികതയുമുള്ള പുതിയ ചെറുപ്പത്തെ ഇതിനുപയോഗിക്കാന്‍ സാധിച്ചാല്‍ വലിയ മാധ്യമ ശാക്തീകരണം സാധ്യമാകും. ബിസിനസ് രംഗത്തുള്ള സമുദായ സ്‌നേഹികള്‍ അതിനുള്ള മൂലധനവും മറ്റും കണ്ടെത്താന്‍ സഹായിക്കണം. മികച്ച പ്രോജക്ടുകളുമായി സമീപിച്ചാല്‍ സഹകരിക്കാന്‍ തയാറുള്ള ഒട്ടേറെ പേര്‍ സമുദായത്തിലുണ്ട്.

മുസ്‌ലിം വാര്‍ത്തകളില്‍ ഏകപക്ഷീയത പുലര്‍ത്തുമ്പോള്‍ തന്നെ, മോഡിയെ പോലുള്ള ഒരു ഫാഷിസ്റ്റിനെ സ്‌പെഷ്യല്‍ ഫീച്ചറുകളും പരസ്യങ്ങളും നല്‍കി പ്രമോട്ട് ചെയ്യാനും 'സെക്യുലര്‍' എന്ന ലേബലൊട്ടിച്ച മീഡിയ തയാറാവുന്നു.
മീഡിയയുടെ ബിസിനസ് സാധ്യത വളറെയേറെ വികസിച്ച കാലമാണിത്. പല വമ്പന്‍ ബിസിനസ് ഗ്രൂപ്പുകളും സ്വന്തമായി ചാനലും പത്രവും തുടങ്ങുന്നു. നിലവിലുള്ള ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അവര്‍ വലിയ ഷെയറുകള്‍ എടുക്കുന്നു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ മീഡിയ മികച്ച സഹായിയാണെന്ന് ആദ്യം തിരിച്ചറിവുണ്ടായത് മള്‍ട്ടി നാഷ്‌നല്‍ കമ്പനികള്‍ക്കാണ്. പരസ്യങ്ങള്‍ക്ക് പകരം ഫീച്ചറുകള്‍ തന്നെ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് അങ്ങനെയാണ്. പെയ്ഡ് ന്യൂസ് യാഥാര്‍ഥ്യമായിട്ട് കുറച്ചുനാളായി. ബിസിനസ്സുകാര്‍ പയറ്റി വിജയിച്ച ഈ ഫോര്‍മുലയാണ് ഇപ്പോള്‍ മോഡിയും പരീക്ഷിക്കുന്നത്. കോടികളാണ് മീഡിയാ പ്രചാരണത്തിന് മോഡി നീക്കിവെക്കുന്നത്. ആ പണം ലഭിക്കുന്ന മാധ്യമങ്ങളില്‍ മോഡിയുടെ വികസനത്തെക്കുറിച്ച് ഫീച്ചറുകളും ലേഖനങ്ങളും വരിക സ്വാഭാവികം. നിങ്ങള്‍ പണം മുടക്കാന്‍ തയാറുണ്ടോ എങ്കില്‍ നിങ്ങളെക്കുറിച്ചും ഫീച്ചറുകളെഴുതാന്‍ മീഡിയ തയാറാണ്. ആദര്‍ശവും നിലപാടുകളുമല്ല, പണമാണ് മീഡിയയെ നിയന്ത്രിക്കുന്നത്. അതില്‍ സെക്യുലറെന്നോ മുഖ്യധാരയെന്നോ വ്യത്യാസമില്ല. മോഡി പണമിറക്കുന്നു; മീഡിയ അയാള്‍ക്ക് പിന്നാലെ പോകുന്നു. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസുമെല്ലാം ഇന്ന് ആ വഴിയിലാണ്. പരസ്യത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ അനേകമടങ്ങ് കോടികളാണ് ഈ ഫീച്ചറുകളും ലേഖനങ്ങളും വഴി പത്രങ്ങള്‍ സമ്പാദിക്കുന്നത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികളെല്ലാം പത്രങ്ങളും ചാനലുകളും തുടങ്ങിയിട്ടുണ്ട്. ചാനലുകള്‍ കോര്‍പ്പറേറ്റുകളുടെ പരസ്യ ഫിലിമുകളും, പത്രങ്ങള്‍ അവയുടെ ബ്രോഷറുകളുമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മന്‍മോഹന്‍ സിംഗിനെക്കാള്‍ നല്ല ബ്രാന്‍ഡ് അംബാസഡറായി ഇവര്‍ മോഡിയെ കാണുന്നു. മതകീയ ഛായയും മറ്റുമുള്ള മോഡി മുഖേന സാധ്യമാകുന്ന ലാഭങ്ങളിലാണ് അവരുടെ കണ്ണ്.

മില്ലി ഗസറ്റ് തുടങ്ങാനുള്ള പ്രചോദനം?
മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും മുഖ്യധാരയില്‍ പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയില്‍ വരാത്ത  സന്ദര്‍ഭത്തിലാണ് മില്ലി ഗസറ്റ് എന്ന  ചെറുസംരംഭത്തിന്റെ തുടക്കം. സമുദായത്തെക്കുറിച്ച് വല്ല വാര്‍ത്തയും ഇംഗ്ലീഷ് പത്രങ്ങളില്‍ വായിക്കാന്‍ സാധിച്ചുവെങ്കില്‍ അത് ചില മുല്ലമാരുടെ യാഥാസ്ഥിതിക ഫത്‌വകള്‍ മാത്രമായിരുന്നു. മുസ്‌ലിം സമുദായത്തെ നിരക്ഷരരായ യാഥാസഥിതികരായി ചുരുക്കുകയായിരുന്നു ഈ വാര്‍ത്തകളുടെ ഉദ്ദേശ്യം. അതല്ലാതെ സമുദായമനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളിലൊന്നുപോലും മീഡിയക്ക് വിഷയമായിരുന്നില്ല. സമുദായത്തിന്റ പോസിറ്റീവായ ചിത്രങ്ങളൊന്നും ഈ പത്രങ്ങളില്‍ വെളിച്ചം കണ്ടില്ല. അഭ്യസ്തവിദ്യരും രാജ്യത്തിന് മികച്ച സേവനം ചെയ്യുന്നവരുമായ ഒട്ടേറെ മുസ്‌ലിം പ്രതിഭകള്‍ ഉണ്ടായിരിക്കെ അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും മീഡിയയില്‍ സ്ഥാനം പിടിച്ചില്ല. അത്തരമൊരു സന്ദര്‍ഭത്തിലാണ് സമുദായത്തിന്റെ ചലനങ്ങളും പ്രശ്‌നങ്ങളും പങ്കുവെക്കാന്‍ ഇംഗ്ലീഷില്‍ മില്ലി ഗസറ്റ് ആരംഭിച്ചത്. ഇന്ത്യയെന്ന വലിയൊരു രാജ്യത്ത് അതിന് കാര്യമായ സ്വാധീനമൊന്നും ചെലുത്താന്‍ സാധിച്ചിട്ടില്ലെന്നറിയാം. എങ്കിലും സാധ്യമാവുന്ന ഒരു തുടക്കമിടുക മാത്രമാണ് ചെയ്തിട്ടുള്ളത്. വലിയ പ്രോജക്ടുകള്‍ ഈ രംഗത്ത് ഉണ്ടാവേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ മുതല്‍മുടക്കില്ലാതെ തുടങ്ങാവുന്ന സംരഭങ്ങള്‍ ഇപ്പോള്‍ വികസിച്ചുവന്നിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകളും മറ്റ് പ്രാദേശിക ഭാഷകളിലെ മീഡിയാ നെറ്റ്‌വര്‍ക്കുകളും തയാറാക്കാന്‍ നമുക്ക് സാധിക്കണം. ടു സര്‍ക്കിള്‍ പോലെ ചില നല്ല മാതൃകകള്‍ ഈ മേഖലയിലുണ്ടെന്നത് പ്രത്യാശാജനകമാണ്. സോഷ്യല്‍ മീഡിയയിലും നവമാധ്യമ രംഗങ്ങളിലും ഒട്ടേറെ സേവനങ്ങള്‍ ചെയ്യുന്ന പുതുതലമുറ വിദ്യാര്‍ഥികള്‍ മുസ്‌ലിം സമുദായത്തിലുണ്ട്. അവരെ കോഡിനേറ്റ് ചെയ്യാനും അവരുടെ സേവനങ്ങള്‍ മുസ്‌ലിം സമൂഹത്തിനും രാജ്യത്തിനും ലഭ്യമാക്കാനുമുള്ള സംവിധാനങ്ങള്‍ മുസ്‌ലിം സംഘടനകള്‍ വികസിപ്പിക്കണം. കേവലം സംഘടനാ പ്രചാരണങ്ങള്‍ക്കപ്പുറം സമുദായത്തിന്റെ ആവശ്യങ്ങള്‍ ഒരുമിച്ച് നേടിയെടുക്കാനുള്ള നവമാധ്യമ രൂപം ഇനിയും വികസിച്ചുവരേണ്ടതുണ്ട്. പ്രിന്റ് വിഷ്വല്‍ മീഡിയയേക്കാള്‍ പുതിയ തലമുറയെ കൂടുതല്‍ സ്വാധീനിക്കുന്നത് നവമാധ്യമങ്ങളാണ്.

അടുത്ത കാലത്ത് ഇന്ത്യയില്‍ മുസ്‌ലിം സമുദായം അനുഭവിച്ച വലിയ പ്രതിസന്ധികളിലൊന്നായിരുന്നു തീവ്രവാദാരോപണവും അതിന്റെ പേരിലുള്ള വേട്ടയും. യു.എ.പി.എ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളായ ഒട്ടേറെ ചെറുപ്പക്കാര്‍ ഇന്നും ജയിലറകളിലാണ്. രാഷ്ട്രീയ കാലാവസ്ഥകള്‍ മാറിയിട്ടും സ്ഥിതിഗതികളില്‍ ഒരു മാറ്റവും വരാത്തത് എന്തുകൊണ്ടാണ്?
തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും കോടിക്കണക്കിന് ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. രാജ്യസുരക്ഷയുടെ പേരിലുള്ള ഫണ്ടുകള്‍ വേറെയും. സകല എയര്‍പോര്‍ട്ടുകളിലും പ്രധാന കേന്ദ്രങ്ങളിലും കാമറകളും നിരീക്ഷണ സംവിധാനങ്ങളുമൊരുക്കുന്നത് ഇതിന്റെ ഭാഗമാണ്. രാജ്യസുരക്ഷയുടെ ഭാഗമായതിനാല്‍ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള ഈ നുഴഞ്ഞു കയറ്റം ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. പല രാഷ്ട്രങ്ങളില്‍നിന്നും ലഭിക്കുന്ന ഇത്തരം ഫണ്ടുകള്‍ തുടരണമെങ്കില്‍ ഇടക്കിടക്ക് തീവ്രവാദ വേട്ടകള്‍ അനിവാര്യമാണ്. അത് ചിലപ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നു. അതിന് അവസരമൊത്തില്ലെങ്കില്‍ കൃത്രിമമായി സംഘടിപ്പിക്കപ്പെടുന്നു. അപ്പോള്‍ തീവ്രവാദ വേട്ടയെന്നത് കോടികള്‍ മറിയുന്ന ബിസിനസാണ്. ഫണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ശ്രമിക്കുന്നു. അങ്ങനെ പുതിയ തീവ്രവാദ കഥകളുണ്ടാവുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുന്നു. പലരെയും യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്നു. ഇങ്ങനെ ജയിലിലടക്കപ്പെട്ടവര്‍ക്ക് രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം പോലും നിഷേധിക്കപ്പെടുന്നു. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമെല്ലാം കണ്ടിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ പരിമിതികളുണ്ടെന്ന മറുപടിയാണ് അവരില്‍നിന്ന് ലഭിച്ചത്. കരിനിയമങ്ങള്‍ക്കൊപ്പം തീവ്രവാദ വേട്ടകള്‍ക്ക് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ തുടരുന്നേടത്തോളം കാലം വ്യാജ ഏറ്റുമുട്ടലുകളും നിരപരാധികളുടെ അറസ്റ്റുകളും തുടരാനാണ് സാധ്യത. കരിനിയമങ്ങള്‍ തുടച്ച് നീക്കാനുള്ള ആര്‍ജവം ജനാധിപത്യ ഭരണകൂടങ്ങള്‍ കാണിക്കേണ്ടതുണ്ട്. കരിനിയമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടക്കണം. കൂട്ടായ പ്രതിഷേധമുയരണം. എങ്കിലേ ഭരണകൂടം ഇതിന് തയാറാവൂ. കൂടുതല്‍ കരിനിയമങ്ങള്‍ ചുട്ടെടുക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന സമീപനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും സ്വീകരിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏതെങ്കിലുമൊന്നിനെ പിന്തുണക്കുകയെന്നതാണ് പൊതുവെ ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ നിലപാട്. ഇപ്പോള്‍ ചില ബദല്‍ രാഷ്ട്രീയ പാര്‍ട്ടികളിലും അവര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച്?
മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോ ബദല്‍ രാഷ്ട്രീയ വേദികളോ മുന്‍കൈയെടുക്കുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. കഴിഞ്ഞ അറുപത് വര്‍ഷത്തെ രാഷ്ട്രീയ ഇന്ത്യയുടെ ചരിത്രം തന്നെ അതിന് മികച്ച തെളിവ്. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടു ബാങ്കിന് വേണ്ടി മുസ്‌ലിം പ്രീണനം നടത്തുമെന്നല്ലാതെ ഒരു പാര്‍ട്ടിയും ആത്മാര്‍ഥമായി മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ ശ്രമിച്ചിട്ടില്ല. സമുദായത്തിന്റെ പ്രശ്‌നങ്ങളവതരിപ്പിക്കാന്‍ സ്വന്തമായ രാഷ്ട്രീയ വേദികള്‍ ഉണ്ടാക്കുകയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടത്. അതല്ലാതെ മുഖ്യധാരാ പാര്‍ട്ടികള്‍, അത് കോണ്‍ഗ്രസോ സമാജ്‌വാദി പാര്‍ട്ടിയോ ബി.എസ്.പിയോ സി.പി.എമ്മോ ആയാലും അതിന് മുന്‍കൈയെടുക്കുമെന്ന് കരുതുന്നില്ല. ഇനി മുഖ്യധാരാ പാര്‍ട്ടികളെയോ മറ്റോ പ്രതിനിധീകരിച്ച് വല്ല മുസ്‌ലിം വ്യക്തികളും നിയമസഭയിലോ പാര്‍ലമെന്റിലോ എത്തിയാല്‍ പോലും സമുദായത്തിന്റെ മൗലിക പ്രശ്‌നങ്ങളിലിടപെടാന്‍ അവര്‍ക്കാവില്ല. കാരണം അവരെ നിയന്ത്രിക്കുന്നത് അവരുടെ പാര്‍ട്ടി അജണ്ടകളായിരിക്കും. അതുകൊണ്ട് സമുദായം തന്നെ അജണ്ടയാവുന്ന പാര്‍ട്ടിയുടെ പ്രതിനിധികളായി ഇത്തരം വേദികളിലെത്താന്‍ സാധിക്കണം. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒട്ടേറെ നിയസഭാ മണ്ഡലങ്ങളും പാര്‍ലമെന്റ് മണ്ഡലങ്ങളും ഇന്ത്യയിലുണ്ട്. അവിടങ്ങളിലെല്ലാം രാഷ്ട്രീയ ശക്തിയാവാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇങ്ങനെ സ്വയം സംഘടിച്ച് രാഷ്ട്രീയ വിലപേശല്‍ നടത്താന്‍ കരുത്ത് നേടിയാല്‍ ഏത് മതേതര പാര്‍ട്ടിയും മുസ്‌ലിംകളെ അംഗീകരിക്കും. അപ്പോള്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഭരണാധികാരികള്‍ക്ക് ചെവി കൊടുക്കേണ്ടി വരും. രാഷ്ട്രീയമായി സ്വയം സംഘടിക്കുകയല്ലാതെ മറ്റു രാഷ്ട്രീയ ബദലുകള്‍ സമുദായത്തെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. അധികാര പങ്കാളിത്തത്തിനു വേണ്ടിയുള്ള സംഘടിതവും ജനാധിപത്യപരവുമായ മുന്നേറ്റങ്ങള്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടാവണം. ഓരോ സമുദായത്തിനും അധികാര പങ്കാളിത്തം ഭരണഘടന വാഗ്ദാനം ചെയ്തതാണ്.

ആം ആദ്മിയെ പ്രതീക്ഷ നല്‍കുന്ന രാഷ്ട്രീയ സാധ്യതയായിട്ടാണ് പൊതുവെ മീഡിയ പരിചയപ്പെടുത്തുന്നത്. ജീര്‍ണത ബാധിച്ച മുഖ്യധാരാ രാഷ്ട്രീയത്തിന് ബദലാവാന്‍ 'ആപി'ന് കഴിയുമെന്ന പ്രത്യാശയും പലരും പങ്കുവെക്കുന്നു.
കോണ്‍ഗ്രസ്സും ബി.ജെ.പിയുമെന്ന രണ്ട് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ജീര്‍ണതയും പിടിപ്പുകേടുമാണ് ദല്‍ഹിയില്‍ ആം ആദ്മിയെ ഭരണത്തിലെത്തിച്ചത്. അഴിമതിയില്‍ രണ്ട് ദേശീയ പാര്‍ട്ടികളും സമാസമമായപ്പോള്‍ മനംമടുത്ത ജനം കിട്ടിയ പകരക്കാരെ വിജയിപ്പിച്ചതിന്റെ നേര്‍ സാക്ഷ്യമാണ് ദല്‍ഹി അനുഭവം. അഴിമതിക്കൊപ്പം ദല്‍ഹിയില്‍ മാത്രം നിലനിന്നിരുന്ന പ്രത്യേക സാഹചര്യങ്ങളും മറ്റു ഘടകങ്ങളും ആപിന്റെ വിജയത്തിന് പിന്നിലുണ്ട്. അത് പക്ഷേ, യഥാര്‍ഥ വിജയമാണെന്ന് തെളിയേണ്ടത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്. നിലവില്‍ ഭരണരംഗത്ത് ഒട്ടേറെ പ്രതിസന്ധികള്‍ ആം ആദ്മി നേരിടുന്നുണ്ട്. ഭരണരംഗത്തുള്ള പരിചയക്കുറവാണ് ഇതില്‍ മുഖ്യം. ജനം അവരില്‍ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. അത് തകരാതെ സൂക്ഷിക്കണമെങ്കില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടിവരും. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയും വേണം.
വലിയ സങ്കീര്‍ണതകളില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ കേവല അഴിമതി വിരുദ്ധ മുദ്രാവാക്യത്തില്‍ മാത്രം പിടിച്ച് നില്‍ക്കാന്‍ സാധ്യമല്ല. മുസ്‌ലിം വിഷയങ്ങളിലടക്കം രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ അവര്‍ക്കിനിയും നിലപാടുണ്ടായിട്ട് വേണം. കരിനിയമങ്ങള്‍, വ്യാജഏറ്റുമുട്ടലുകള്‍, സംവരണം, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയവയിലൊന്നും ആംആദ്മിക്ക് സാമൂഹികമായ ഒരു വിശകലനമോ നിലപാടോ ഇല്ല.  കോര്‍പ്പറേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട അവരുടെ നിലപാട് കോണ്‍ഗ്രസ്സില്‍നിന്നും ബി.ജെ.പിയില്‍ നിന്നും വ്യത്യസ്തമല്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു സ്വതന്ത്ര നയം രൂപീകരിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ആം ആദ്മിയെ ഒരു ബദല്‍ രാഷ്ട്രീയ വേദിയായി പരിഗണിക്കാന്‍ സാധിക്കില്ല. രാജ്യം നേരിടുന്ന മൗലിക പ്രതിസന്ധികളിലൊന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭിന്നമായി ബദല്‍ നിര്‍ദേശങ്ങളൊന്നും ആപ് ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. അത്തരം മുദ്രാവാക്യങ്ങളും അവര്‍ മുഴക്കിയിട്ടില്ല. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത മൗലികമായ കാഴ്ചപ്പാടുണ്ടാവുന്നതിനെയാണ് ബദല്‍ രാഷ്ട്രീയമെന്ന് പറയുന്നത്. അഴിമതി ഗ്രസിച്ച രാഷ്ട്രീയ ജീര്‍ണതയെ തുറന്നു കാണിക്കാനും അത് വോട്ട് ബാങ്കാക്കാനും ആപിന് സാധിച്ചുവെന്നുമാത്രം. ആ വിജയം തന്നെ ദല്‍ഹിയെന്ന ഒരു ചെറിയ സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നു. യു.പിയും ബംഗാളുമെല്ലാമടങ്ങുന്ന ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ. അത്തരം സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നത്. അവിടങ്ങളില്‍ ശക്തി തെളിയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ പ്രതീക്ഷ നല്‍കുന്ന രാഷ്ട്രീയ സാന്നിധ്യമായി  ആം ആദ്മിയെ പരിഗണിക്കാനാവൂ.

കേരളമടക്കമുള്ള ദക്ഷിണേന്ത്യയില്‍ സാമൂഹിക ഇടപെടലുകളില്‍ മുസ്‌ലിംകള്‍ സജീവമാണെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സാമൂഹിക ഇടപെടലുകളില്‍ മുസ്‌ലിംകള്‍ സജീവ സാന്നിധ്യമാണ്. കേരളം പ്രത്യേകിച്ചും ഈ രംഗത്ത് ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും മാതൃകയാണ്. ഇത് പറയുമ്പോള്‍ ഉത്തരേന്ത്യ എന്തുകൊണ്ട് ഈ രംഗത്ത് പിന്നാക്കം പോയി എന്നും വിശദീകരിക്കേണ്ടതുണ്ട്. വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഒട്ടും പോറലേല്‍പ്പിക്കാത്ത സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലുള്ളത്. ഉത്തരേന്ത്യയുടെ ചരിത്രമതല്ല. വിദ്യാഭ്യാസ  സാമൂഹിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന പ്രമുഖ മുസ്‌ലിം വ്യക്തിത്വങ്ങളെല്ലാം വിഭജനത്തോടെ പാകിസ്താനിലേക്ക് പോയി. പത്രപ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും വാണിജ്യ പ്രമുഖരും സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരുമെല്ലാം ഇതില്‍ പെടും. അവശേഷിച്ച മുസ്‌ലിംകള്‍ക്ക് ഈ രംഗങ്ങളിലെല്ലാം ദിശാബോധം നല്‍കാന്‍ കെല്‍പുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായി. ആയിരക്കണക്കിന് വിദ്യാര്‍ഥികളുണ്ടായിരുന്ന അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ അമ്പതില്‍ താഴെ പഠിതാക്കള്‍ മാത്രമാണ് വിഭജനശേഷം അവശേഷിച്ചത്. വിദ്യാര്‍ഥികളില്ലാതെ സര്‍ക്കാറിന് അലീഗഢ് യൂനിവേഴ്‌സിറ്റി അടച്ചിടേണ്ട സന്ദര്‍ഭം വരെയുണ്ടായി. മറ്റു ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. വിഭജനമേല്‍പ്പിച്ച സാമൂഹികാഘാതങ്ങളില്‍ നിന്ന് മുക്തമാകുവാന്‍ ധാരാളം സമയം വേണ്ടിവന്നു. നിരവധി പേരുടെ പലായനം, വധം, മാനഭംഗം, അനാഥരായ കുട്ടികള്‍ എന്നിങ്ങനെയുള്ള  ബീഭത്സ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് മോചിതരാവുന്നതിന് പതിറ്റാണ്ടുകളുടെ ശ്രമം വേണ്ടിവന്നിട്ടുണ്ട്. സാമൂഹികമായ ഒരു ഉള്‍വലിയല്‍ വലിയൊരളവോളം ഉത്തരേന്ത്യന്‍ മുസ്‌ലിംകളില്‍ പ്രകടമാണ്.
മുസ്‌ലിംകള്‍ ധാരാളമുള്ള സംസ്ഥാനങ്ങളായ യു.പിയും ബീഹാറുമൊക്കെ ഇപ്പോഴും പിന്നാക്കാവസ്ഥ മറികടന്നിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് അവര്‍ ഇപ്പോഴും വളരെ പിന്നിലാണ്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ വിഭജനാനന്തരമുള്ള ഈ പ്രതിസന്ധി വല്ലാതെ ബാധിച്ചില്ല. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാമൂഹികാവസ്ഥ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വിദ്യാഭ്യാസപരമായി വളരെയേറെ മുന്നേറാന്‍ ഇവിടങ്ങളിലെ മുസ്‌ലിംകള്‍ക്ക് സാധിച്ചു. സ്വാഭാവികമായും മീഡിയ അടക്കമുള്ള സാമൂഹിക ഇടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് കാര്യമായി ഇടപെടാനും സാധിച്ചു. അതിന്റെ നല്ല ഫലങ്ങളാണ് ഇപ്പോള്‍ ഈ സംസ്ഥാനങ്ങളിലുള്ളവര്‍ അനുഭവിക്കുന്നത്. രാജ്യത്തെ മൊത്തം മുസ്‌ലിംകള്‍ക്ക് ഉപകാരപ്പെടുംവിധം ഈ സംരംഭങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ഉത്തരവാദിത്വം കൂടി കേരളത്തിലടക്കമുള്ളവര്‍ ഏറ്റെടുക്കേണ്ടതുണ്ട്.

മുസ്‌ലിം ശാക്തീകരണത്തിന് ഉപയോഗിക്കാവുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ പൈതൃക ശേഷിപ്പാണല്ലോ വഖ്ഫ് സ്വത്തുക്കള്‍. വഖ്ഫുകളില്‍ വലിയൊരു പങ്കും ഗവണ്‍മെന്റോ സ്വകാര്യ വ്യക്തികളോ കൈയേറിയിട്ടും അവ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാത്തതെന്തുകൊണ്ടാണ്?
രാജ്യത്തുടനീളം മുസ്‌ലിം സമുദായത്തിന് വഖ്ഫ് സ്വത്തുക്കളുണ്ട്. അവയില്‍ ഏറെയും അന്യാധീനപ്പെടുകയോ സംരക്ഷിക്കാനാളില്ലാതെ അവഗണിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. സര്‍ക്കാറിനൊപ്പം സമുദായവും ഇതില്‍ കുറ്റക്കാരാണ്. തങ്ങള്‍ക്ക് പൈതൃകമായി ലഭിച്ച വഖ്ഫുകള്‍ സംരക്ഷിക്കാനോ ക്രിയാത്മകമായി അതിനെ ഉപയോഗപ്പെടുത്തുന്ന പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യാനോ സമുദായത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും വഖഫ് ഉപയോഗരഹിതമായി കിടക്കുകയാണ്. സമുദായത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്കോ മറ്റോ അവയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. നഷ്ടപ്പെട്ടുപോയവ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി തിരിച്ചുപിടിക്കണം. സര്‍ക്കാരടക്കം ഉപയോഗിക്കുന്ന വഖ്ഫ് വഹകള്‍ ഒന്നുകില്‍ വിട്ടുതരികയോ അല്ലെങ്കില്‍ നിലവിലെ വാടക ആ പ്രോപര്‍ട്ടിക്ക് നല്‍കുകയോ വേണം. വഖ്ഫ് സ്വത്തുക്കളുടെ കൃത്യമായ കണക്കെടുത്ത് അവയുടെ സ്വഭാവം നിര്‍ണയിക്കുകയും സ്വകാര്യ വ്യക്തികളടക്കം കൈയേറിയത് തിരിച്ച് പിടിക്കുകയും വേണം. നിലവിലുള്ള നിയമങ്ങള്‍ തന്നെ വഖഫ് പ്രോപര്‍ട്ടികള്‍ സംരക്ഷിക്കാനും സമുദായ പുരോഗതിക്ക് പ്രയോജനപ്പെടുത്താനും മതിയായതാണ്. സമുദായത്തിന് ആര്‍ജവമുള്ള നിലപാടുകളും പ്രോജക്ടുകളുമാണ് ഇനിയുണ്ടാവേണ്ടത്. ഇന്ത്യയില്‍ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ മാത്രം തിരിച്ചുപിടിച്ചാല്‍ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ അതുവഴി ഗവണ്‍മെന്റിന് സാധിക്കും. അത്രക്കും ഭീമമാണ് കൈയേറ്റം ചെയ്യപ്പെട്ട വഖ്ഫ് സ്വത്തുക്കളുടെ ഔദ്യോഗിക കണക്കുകള്‍. ഇന്ത്യയിലെ ഒട്ടുമിക്ക പൊതുസംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഖ്ഫിന്റെ ഗുണഭോക്താക്കളാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍