Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

ടി. ആലിക്കോയ

ടി. കെ ഹുസൈന്‍


ടിയന്തരാവസ്ഥാ കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച സമയം. അര്‍ധരാത്രിയിലാണ്  കക്കോടിയിലെ ടി. ആലിക്കോയ സാഹിബിനെ പോലീസ് അറസ്റ്റ്‌ചെയ്യാനെത്തിയത്. അസമയത്ത് വീടുവളഞ്ഞ പോലീസിനെ കണ്ട് പേടിക്കുന്നതിനുപകരം യാതൊരു ഭാവഭേദവുമില്ലാതെ സന്തോഷത്തോടെ ഭാര്യയെ സമാശ്വസിപ്പിച്ച് പോലീസുകാരോടൊപ്പം വീട്ടില്‍ നിന്നിറങ്ങി. കെ.സി.അബ്ദുല്ല മൗലവി, കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍ തുടങ്ങിയ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതാക്കളോടൊപ്പം ജയിലില്‍ കിടക്കാനവസരം ലഭിച്ച അനുഭവം പ്രസ്ഥാനമാര്‍ഗത്തില്‍ ജിവിതത്തില്‍ ലഭിച്ച ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടത്.
കോഴിക്കോട് ജില്ലയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളാണ് ആലിക്കോയ സാഹിബ്. കക്കോടിയിലും പരിസരപ്രദേശങ്ങളിലും പ്രസ്ഥാന വളര്‍ച്ചയില്‍ കാര്യമായി പ്രയത്‌നിച്ചിട്ടുണ്ട്. കക്കോടിയിലെ ദീനീപ്രവര്‍ത്തനങ്ങളിലും മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയിലും പൊതുപ്രവര്‍ത്തനങ്ങളിലും മരിക്കുന്നതുവരെ വ്യാപൃതനായിരുന്നു. 39 വര്‍ഷം കക്കോടിയിലെ മസാലിഹുല്‍ മുസ്‌ലിമീന്‍ സംഘം സെക്രട്ടറി, 19 വര്‍ഷം കക്കോടി മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയില്‍ സംഭാവന നല്‍കി. സംഘടനാപക്ഷഭേദമില്ലാതെ മുസ്‌ലിം സമൂഹം ഒരുമിച്ച് നടത്തുന്ന പള്ളി-മദ്രസ കമ്മിറ്റികളുടെ സാരഥ്യം വഹിച്ചുപോന്നതിലൂടെ മുസ്‌ലിം ഐക്യത്തിനു എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് മുന്നോട്ട് പോകണം എന്ന സന്ദേശമാണ് അദ്ദേഹം പകര്‍ന്ന് നല്‍കിയത്. മോരിക്കര ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗമായും ജമാഅത്ത് നാസിമായും പ്രവര്‍ത്തിച്ചിരുന്നു.
തന്റെ സുഹൃത്ത് ടി.പി മമ്മു സാഹിബ് നല്‍കിയ ഖുത്ബാത്ത് വായിച്ചാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുന്നത്. ബീഡി തെറുപ്പിലൂടെ ഉപജീവനം തുടങ്ങിയ ആലിക്കോയ സാഹിബ് സ്വപ്രയത്‌നത്തിലൂടെ കുന്ദമംഗലം, താമരശ്ശേരി കോടതികളില്‍ വക്കീല്‍ ഗുമസ്തനായി ജോലി നോക്കി. ജോലിക്കിടയിലും പ്രബോധനപ്രവര്‍ത്തനത്തിന് പ്രത്യേകം ശ്രദ്ധനല്‍കിയിരുന്നു.
നിയമപരമായ ഏറെ അറിവ് നേടിയത് സമൂഹത്തിന് ഉപകാരപ്പെടുത്താനും സമയം കണ്ടെത്തി. പ്രദേശത്തെ ഒട്ടനവധി കുടുംബപ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിച്ച് കൂട്ടിയിണക്കി മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു. താന്‍ ജോലിചെയ്യുന്ന കോടതികളില്‍ എത്തുന്ന സങ്കീര്‍ണമായ കുടുംബവഴക്കുകള്‍ ന്യായാധിപന്മാര്‍ക്കു മുമ്പിലെത്തുന്നതിനു മുമ്പായിത്തന്നെ ബന്ധപ്പെട്ട കക്ഷികളുടെ വീട്ടില്‍പോയി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമായിരുന്നു.

ആരിഫാ ബീവി

കൊല്ലം ജില്ലയിലെ മുതയില്‍ വനിതാ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയായിരുന്നു  ആരിഫാ ബീവി (64). പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സഹോദരന്മാരിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ മനസ്സിലാക്കിയ അവര്‍ കര്‍ക്കശമായ ദീനീനിഷ്ഠ പുലര്‍ത്തി. ഹിറാ നഗര്‍ ഉള്‍പ്പെടെയുള്ള സമ്മേളനങ്ങളിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വിവിധ അസുഖങ്ങളാല്‍ ശാരീരിക ബുദ്ധിമുട്ടുകളനുഭവിച്ചിരുന്നെങ്കിലും പെരുമാറ്റത്തില്‍ അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഒട്ടും പ്രകടിപ്പിച്ചിരുന്നില്ല. ഹല്‍ഖയുടെ കീഴില്‍ ഖുര്‍ആന്‍ ക്ലാസ്സുകളും പൊതുക്ലാസ്സുകളും സംഘടിപ്പിക്കുന്നതിലും ആളുകളെ അതിലേക്ക് ക്ഷണിക്കുന്നതിലും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും അവരെന്നും മുന്നിലായിരുന്നു.
പ്രദേശത്തും ചുറ്റുവട്ടങ്ങളിലും വനിതകളുടെ മയ്യിത്ത് പരിപാലനം ചെറുപ്പകാലം മുതലേ ആരിഫാബീവിയായിരുന്നു നിര്‍വഹിച്ചുപോന്നിരുന്നത്. ഇസ്‌ലാമിലെ അതിഥി സല്‍ക്കാരത്തിന്റെ ഉത്തമമാതൃകയായിരുന്നു അവര്‍. നാല് മക്കളും ഭര്‍ത്താവുമടങ്ങുന്നതാണ് അവരുടെ കുടുംബം. സംസ്ഥാന മുന്‍ അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എം.എസ് മൗലവി സഹോദരനാണ്.
-എസ്.എസ്.കെ.കെ.ജി കൊല്ലം

പി.എം ബാവു

പി.എം ബാവു സാഹിബ് മാഞ്ഞാലി ജമാഅത്തെ ഇസ്‌ലാമി ഹല്‍ഖയിലെ ആദ്യകാല പ്രവര്‍ത്തകനും മുന്‍ നാസിമുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നുവെങ്കിലും സമൂഹത്തില്‍ വ്യാപിച്ചിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് യുക്തിപൂര്‍വം പ്രവര്‍ത്തിച്ചു. മാഞ്ഞാലി ജമാഅത്തു പള്ളിയുടെ ആഭിമുഖ്യത്തില്‍ 101 വര്‍ഷമായി നടത്തിവന്നിരുന്ന 'ചന്ദനക്കുടം' എന്ന അനാചാരം പൊതുജനങ്ങളുടെ സഹകരണത്തോടെ അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പ്രദേശത്തെ വിദ്യാര്‍ഥികളെ ആലിയ അറബി കോളേജില്‍ അയച്ചു പഠിപ്പിക്കാന്‍ ബാവു സാഹിബ് മുന്‍കൈയെടുത്തു. മാഞ്ഞാലിയിലെ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ കീഴിലെ അല്‍ഹിദായ മദ്‌റസയും പള്ളിയും നിര്‍മിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
എ.എം അബൂബക്കര്‍



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍