Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

പേര്‍ഷ്യന്‍ മഹാകവികള്‍

പുസ്തകം / ജമാല്‍ കടന്നപ്പള്ളി

പേര്‍ഷ്യയെന്ന് പറയുമ്പോള്‍ തന്നെ അകന്നുപോയ ഏതോ പൗരാണിക സംഗീതത്തിന്റെ ധ്വനിമാധുര്യമാണ് നമ്മിലുണരുന്നത്. ഒരു ഫാന്റസിയുടെ മനോഹാരിത ഉള്ളില്‍ പടര്‍ത്തുന്ന പേര്‍ഷ്യയില്‍നിന്നാണ് അനശ്വര പ്രണയിനി ലൈലയുടെ ഹൃദയതാളം തുളുമ്പുന്ന ശോകരാഗപ്പൂക്കളും അക്ഷരങ്ങളില്‍ അറിവിന്റെ വിസ്മയാവഹങ്ങളായ നക്ഷത്രക്കുഞ്ഞുങ്ങള്‍ ചിതറുന്ന റുബാഇയ്യാത്തും പിന്നെ ഷാഹ്‌നാമയും മസ്‌നവിയും മന്‍ത്വിഖുത്വയ്‌റും ഗുലിസ്താനും ഖുസ്‌റുവഷീരിനും ബുസ്താനുമൊക്കെ നമുക്ക് ലഭിച്ചത്... 'ശീറാസിലെ പൂങ്കുയില്‍' മഹാകവി ശൈഖ് സഅ്ദി ശീറാസിയും ഫിര്‍ദൗസിയും ഹാഫിസും അമീര്‍ ഖുസ്രുവും അല്ലാമാ ഇഖ്ബാലും ഉമര്‍ ഖയ്യാമും ഫരീദുദ്ദീന്‍ അത്വാറും ജലാലുദ്ദീന്‍ റൂമിയും അന്‍വരിയും മൗലാനാ ജാമിയുമൊക്കെ സുഗന്ധം പടര്‍ത്തിയ മണ്ണാണിത്...
വിശ്വസാഹിത്യത്തില്‍ അറബ്-പേര്‍ഷ്യന്‍ സങ്കരം വഹിച്ച പങ്കും സുവിദിതമാണ്. ഇംഗ്ലണ്ടിലെ ചോസറുടെ 'കാന്റര്‍ബറി' കഥകളിലും ഇറ്റലിയിലെ ബൊക്കാച്ചിയോയുടെ 'ഡിക്കാമറണ്‍' കഥകളിലും മാത്രമല്ല, മലയാളത്തിലേക്ക് വന്നാല്‍, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും മുതല്‍ കുമാരനാശാന്റെ മദനനും ലീലയും വരെ ഇതിനുള്ള സാക്ഷ്യങ്ങള്‍ നിരവധിയാണ്.
പറഞ്ഞുവരുന്നതിന്റെ ചുരുക്കം പേര്‍ഷ്യന്‍ കാവ്യശാഖയെ കുറിച്ച് പൊതുവേ നമ്മള്‍ ബോധവാന്മാരാണെങ്കിലും അവയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന കൃതികളോ അവ ലോകത്തിനു നല്‍കിയ മഹാകവികളെ കുറിച്ചുള്ള വിസ്തരിച്ച പഠനങ്ങളോ ഭാഷയില്‍ വേണ്ടത്രയില്ലായെന്നാണ്. ഈ ശൂന്യത നികത്താനുള്ള ഐ.പി.എച്ചിന്റെ (ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്) ശ്രമം തീര്‍ച്ചയായും കലവറയില്ലാതെ ശ്ലാഘിക്കപ്പെടേണ്ടതാണ്. കൃതഹസ്തനായ പോക്കര്‍ കടലുണ്ടി രചിച്ച, ഐ.പി.എച്ച് പുറത്തിറക്കിയ 'പേര്‍ഷ്യന്‍ മഹാകവികള്‍' എന്ന ഗ്രന്ഥം ഈ ദിശയിലേക്കുള്ള നല്ലൊരു ചുവടുവെപ്പത്രെ.
'പേര്‍ഷ്യന്‍ കാവ്യസാഹിത്യം' എന്ന ഈ കൃതിയുടെ ഒന്നാം അധ്യായത്തില്‍ പേര്‍ഷ്യന്‍ മഹാകവികളില്‍നിന്ന് പ്രചോദനം നേടാത്ത സാഹിത്യകാരന്മാര്‍ ലോകത്ത് നന്നേ ചുരുക്കമാണെന്ന് രചയിതാവ് പറയുന്നുണ്ട്. ഒപ്പം പേര്‍ഷ്യന്‍ ഭാഷയുടെ സവിശേഷതകളും പേര്‍ഷ്യന്‍ കാവ്യരചനാ രീതികളും ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയെ ജീവല്‍ ഭാഷയാക്കി മാറ്റിയത് അറബിയാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. അതാണ് ഈ അധ്യായത്തിന്റെ മര്‍മവും. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍: ''ഏതായാലും പേര്‍ഷ്യയില്‍ മുസ്‌ലിം ഭരണം ആരംഭിക്കുന്നതിനുമുമ്പ് ചൂണ്ടിക്കാണിക്കാവുന്ന യാതൊരു സാഹിത്യവും രൂപം പ്രാപിച്ചിരുന്നില്ലെന്നാണ് അനുമാനിക്കേണ്ടത്. 'പേര്‍ഷ്യയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ആക്രമണം സാഹിത്യരംഗത്ത് മഹത്തായ ഒരനുഗ്രഹമായിത്തീര്‍ന്നു' എന്നാണ് പ്രഫസര്‍ വൈസ്‌ലാല്‍ രേഖപ്പെടുത്തിയത്. ആ യുദ്ധ വീരന്മാര്‍ വിജ്ഞാനദാഹികളായിരുന്നു. അറബി ഭാഷ നബിയുടെ കാലം തൊട്ടേ പോഷിച്ചുവന്നു. പല വിദ്യകളും വിജ്ഞാനങ്ങളും അറബി ഭാഷയില്‍ രൂപംകൊണ്ടു. തന്മൂലം ആ ഭാഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മറ്റു ഭാഷകളിലും അത് സ്വാധീനം ചെലുത്തുകയുണ്ടായി. സംസ്‌കാര സമ്പന്നമായ ഒരുല്‍കൃഷ്ട ഭാഷ മറ്റൊരു ഭാഷയുമായി സംഗമിക്കുമ്പോള്‍ ഇരുഭാഷകളിലും വിപ്ലവകരമായ പരിവര്‍ത്തനങ്ങളുണ്ടാവും'' (പുറം:10).
ലോക പ്രശസ്തരായ പതിമൂന്ന് മഹാകവികളെയാണ് ഈ കൃതി സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നത്. ഒപ്പം ഒട്ടനവധി പേര്‍ഷ്യന്‍ കവികളെ വേറെയും പരാമര്‍ശിക്കുന്നുണ്ട്. ആദ്യമായി പരിചയപ്പെടുത്തുന്നത് മഹാകവി അന്‍വരിയെയാണ്. പേര്‍ഷ്യന്‍ ശോകകാവ്യത്തിന്റെ പിതാവാണ് അന്‍വരി. അര്‍ഥവത്തായ ഒരു പേര്‍ഷ്യന്‍ പ്രയോഗം കാണുക:
''കാവ്യലോകത്ത് രത്‌നങ്ങള്‍ മൂന്നാണ്.
ഇതിഹാസ കാവ്യത്തിന് ഫിര്‍ദൗസി,
ഗസലുകള്‍ക്ക് സഅ്ദി,
ഖസീദകള്‍ക്ക് അന്‍വരി!''
ആദ്യകാലത്ത് ഒരു കൊട്ടാരം കവി മാത്രമായിരുന്നുവത്രെ അന്‍വരി, പില്‍ക്കാലത്ത് ആ ഹീനതയെ കുറിച്ച് ബോധ്യമായപ്പോള്‍ മഹാകവി പശ്ചാത്തപിക്കുന്നു. അങ്ങനെ അദ്ദേഹം ജ്ഞാനമാര്‍ഗത്തില്‍ പ്രവേശിക്കുകയും അനാഡംബര ജീവിതം നയിച്ചുകൊണ്ട് രാജ്യസഞ്ചാരത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഗണിതം, തത്ത്വശാസ്ത്രം, പ്രകൃതി ശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം, സംഗീതം എന്നിങ്ങനെ വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ അഗ്രേസരനായിരുന്നു അന്‍വരി.
പേര്‍ഷ്യന്‍ സാഹിത്യവല്ലരിയിലെ ആദ്യ വസന്തമായി പ്രകീര്‍ത്തിക്കപ്പെടുന്ന 'ഷാഹ്‌നാമ'യുടെ കര്‍ത്താവ് മഹാകവി ഫിര്‍ദൗസിയുടെ ജീവിതമാണ് അടുത്ത അധ്യായത്തില്‍ ഇതള്‍ വിരിയുന്നത്. ഭാരതീയ സാഹിത്യത്തില്‍ 'രഘുവംശ'ത്തിനുള്ള സ്ഥാനമാണ് ഷാഹ്‌നാമക്ക് പേര്‍ഷ്യന്‍ സാഹിത്യത്തിലുള്ളതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മിക്ക ലോക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടുവെന്നതാണ് ഷാഹ്‌നാമയുടെ മറ്റൊരു സവിശേഷത. ''ചെങ്കല്‍ നിര്‍മിതമായ റോമാ നഗരം കണ്ടപ്പോള്‍ മാര്‍ബിള്‍ ശിലകളാല്‍ അഗസ്റ്റസ് അതിനെ പുതുക്കിപ്പണിതതുപോലെ ഫിര്‍ദൗസി, പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഒരു മഹല്‍കൃതിയുടെ അഭാവം മനസ്സിലാക്കി വിശ്വോത്തരമായ ഒരു മഹാകാവ്യം തന്നെ സൃഷ്ടിച്ചു മറഞ്ഞു'' എന്നത്രെ ഒരു പാശ്ചാത്യ ചിന്തകന്‍ ഷാഹ്‌നാമയെപറ്റി പറഞ്ഞത് (പുറം:33).
ഇനി മഹാകവി ഉമര്‍ ഖയ്യാം. കാലത്തെ അതിജയിച്ചു നില്‍ക്കുന്ന 'റുബാഇയ്യാത്തി'ന്റെ കര്‍ത്താവ്. മറ്റുപല പേര്‍ഷ്യന്‍ മഹാകവികളെയുംപോലെ ഉമര്‍ ഖയ്യാമും ഒരു കവി മാത്രമായിരുന്നില്ല. പ്രഗത്ഭനായ പണ്ഡിതന്‍, ഗണിത ശാസ്ത്രജ്ഞന്‍, വാനശാസ്ത്രജ്ഞന്‍, ഭിഷഗ്വരന്‍, തത്ത്വജ്ഞാനി....ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കവിയാണ് ഉമര്‍ ഖയ്യാം എന്നു പറയേണ്ടതില്ല. എന്നാല്‍ അപവാദങ്ങളുടെ ഇത്തരം പുകമറകള്‍ വകഞ്ഞുമാറ്റി ചരിത്രത്തിന്റെ തെളിവെളിച്ചത്തില്‍ കവിയെ അവതരിപ്പിക്കുന്നതില്‍ പോക്കര്‍ കടലുണ്ടി വിജയിച്ചിട്ടുണ്ട്.
'പ്രണയ കാവ്യങ്ങളുടെ ചക്രവര്‍ത്തി'യെന്ന് ലോകം വായിക്കുന്ന മഹാകവി നിസാമി ഗന്‍ജമിയാണ് മറ്റൊരാള്‍. ''പഴയ ആകാശത്തിനു ചുവടെ നിസാമിയുടെ ഗാനങ്ങള്‍ക്കു തുല്യം യാതൊന്നുമില്ല'' എന്നത്രെ ഖാജാ ഹാഫിസുശ്ശീറാസി നിസാമിയെ കുറിച്ചു പറഞ്ഞത്. പണ്ഡിതനും ഭക്തനുമാണ് നിസാമി. അങ്ങനെയുള്ള ഒരാളില്‍ നിന്നാണ് ''ലൈലാ വ മജ്‌നൂന്‍'' എന്ന അനശ്വര പ്രേമകാവ്യം പിറന്നതെന്ന വസ്തുത പലരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. പൗരാണിക അറേബ്യന്‍ നാടോടിക്കഥയിലെ രണ്ട് കഥാപാത്രങ്ങള്‍ (ലൈല, ഖൈസ്) യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നവര്‍ തന്നെയാണെന്ന് പലരും കരുതുന്നുണ്ട്. ഹിജ്‌റ എഴുപതിലാണ് ഖൈസ് മരണപ്പെട്ടതെന്ന് ചില ഗവേഷകര്‍ വിശ്വസിക്കുന്നു. ഇ.ജി ബ്രൗണ്‍ അവരില്‍ ഒരാളത്രെ. നിസാമിയുടെ പഞ്ചകാവ്യങ്ങളില്‍ ഒന്നുമാത്രമാണ് ലൈലാ വ മജ്‌നൂന്‍. 'ഖുസുറുവഷിരീന്‍' പോലെ ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ അദ്ദേഹത്തിന്റെ മറ്റു രചനകളെപറ്റി നമുക്ക് വേണ്ടത്ര അറിയാമെന്ന് തോന്നുന്നില്ല. ഗ്രന്ഥകാരനെ ഉദ്ധരിക്കട്ടെ: ''കാമുകനായ ഫര്‍ഹത് തന്റെ പ്രാണസഖിക്കുവേണ്ടി എങ്ങനെ പ്രണയത്യാഗം ചെയ്തു. ഇതാണ് ഖുസ്‌റുവഷിരീന്‍ എന്ന ഉജ്വല പ്രേമകാവ്യത്തിലെ പ്രമേയം. ഏഴായിരം വരികള്‍ ഉള്‍ക്കൊള്ളുന്ന നിസാമിയുടെ ഈ പ്രണയമഹാകാവ്യത്തിന് അദ്ദേഹത്തിന്റെതന്നെ ലൈലാവമജ്‌നൂന്‍ എന്ന പ്രേമകാവ്യത്തോളം സാര്‍വദേശീയവും സാര്‍വകാലികവുമായ ഊഷ്മള വികാരം ഉണര്‍ത്തിവിടാന്‍ ഒത്തിട്ടില്ല എന്നത് ഒരു പരമാര്‍ഥമാണ്. എങ്കിലും പഞ്ചകാവ്യങ്ങളിലെ ശ്രദ്ധേയമായ ഒന്നാണ് ഖുസുറുവശിരീന്‍. ഈ പ്രണയകാവ്യം വായിച്ച അസര്‍ബൈജാനിലെ അതാബെക് രാജാവ് കിസില്‍ അല്‍ അര്‍സലാന്‍ നിസാമിയെ മുക്തകണ്ഠം പ്രശംസിക്കുകയും രണ്ടു ഗ്രാമങ്ങള്‍ കവിക്ക് പാരിതോഷികമായി നല്‍കുകയും ചെയ്തു. നിസാമിക്ക് ജീവിക്കാനുള്ള വരുമാനം ഈ ഗ്രാമങ്ങളില്‍ നിന്നു ലഭിച്ചു'' (പേജ്:93).
ഇനി മഹാകവി ജലാലുദ്ദീന്‍ റൂമിയെപറ്റി. 'കിതാബുല്‍ മസ്‌നവി, 'ദിവാനെ ശംസേതബ്‌രീസ്, 'ഫീഹിമാഫീഹി' തുടങ്ങിയ കൃതികളിലൂടെ പേര്‍ഷ്യന്‍ സാഹിത്യത്തെ അതിന്റെ സുവര്‍ണ കാലഘട്ടത്തിലെത്തിച്ച അനശ്വര പ്രതിഭയത്രെ റൂമി എന്ന പേരില്‍ വിഖ്യാതനായ ജലാലൂദ്ദീന്‍ റൂമി. സൂഫിവര്യനായ റൂമിയുടെ ആത്മീയ പ്രകാശം പൊഴിക്കുന്ന അര്‍ഥഗര്‍ഭങ്ങളായ കവിതാ ശകലങ്ങള്‍ വിശ്വസാഹിത്യത്തിലുടനീളം ചിതറിയ മുത്തുകളായി ഇന്നും ചിന്താശീലരെ കൊതിപ്പിക്കുന്നു!...
ഫരീദുദ്ദീന്‍ അത്വാര്‍ ആണ് മറ്റൊരു മഹാകവി. ''അത്വാര്‍ എന്റെ ജീവന്‍; സനാഇ എന്റെ കണ്ണുകള്‍, സനാഇക്കും അത്വാറിനും ശേഷം വന്നവന്‍ ഞാന്‍'' എന്നത്രെ ജലാലുദ്ദീന്‍ റൂമി പാടിയത്. ജ്ഞാനമാര്‍ഗത്തില്‍ റൂമിയോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള സൂഫീ ദാര്‍ശനികധിഷണയാണ് ഫരീദുദ്ദീന്‍ അത്വാര്‍. ദീര്‍ഘമായ സാഹിതീ സപര്യയിലൂടെ അത്വാര്‍ പേര്‍ഷ്യന്‍ സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി. വിശുദ്ധ ഖുര്‍ആനില്‍ എത്ര അധ്യായങ്ങളുണ്ടോ അത്രയും കൃതികള്‍ (114) അത്വാര്‍ രചിച്ചിട്ടുണ്ടെന്ന് ഖാദി നൂറുല്ലാഹ് ഷുസ്തരി രേഖപ്പെടുത്തുന്നു. 'മന്‍ത്വിഖുത്വയ്ര്‍' ആണ് കൂട്ടത്തില്‍ ഏറെ പ്രശസ്തം.
ഈ കൃതി പരിചയപ്പെടുത്തുന്ന ഓരോ മഹാകവികളും അതുല്യപ്രതിഭകളത്രെ. മഹാകവി ഹാഫിസ്, ജാമി, അമീര്‍ഖുസ്രു, ശൈഖ് ഫൈസി, ഹകീം സനാഇ, ഖാഖാനി, ശൈഖ് സഅദി ശീറാസി....
രചയിതാവ് പോക്കര്‍ കടലുണ്ടി പേര്‍ഷ്യന്‍ ഭാഷയില്‍ പ്രാവീണ്യമുള്ള ആളാണെന്നത് ഈ ഗ്രന്ഥത്തെ കൂടുതല്‍ ആധികാരികമാക്കുന്നുണ്ട്. ഭാഷ ലളിതമാണ്. നാസര്‍ എരമംഗലത്തിന്റെ കവര്‍ ചിത്രം ചേതോഹരം. വിജ്ഞാനസ്‌നേഹികള്‍ക്ക് വായിച്ചാസ്വദിക്കാനും, സൂക്ഷിക്കാനുമുള്ള ഒരപൂര്‍വ ഗ്രന്ഥമാണ് 'പേര്‍ഷ്യന്‍ മഹാകവികള്‍' എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍