Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

ന്യൂനപക്ഷ കര്‍മശാസ്ത്രം പുതിയ വായനകള്‍

ഡോ. കെ. അഹ്മദ് അന്‍വര്‍

പ്രബോധനം 2815-ല്‍ 'മുസ്‌ലിം ന്യൂനപക്ഷ കര്‍മശാസ്ത്രം' എന്ന യൂസുഫുല്‍ ഖറദാവിയുടെ വിവര്‍ത്തിത ഗ്രന്ഥത്തെ വളരെ സാരഗര്‍ഭവും പ്രസക്തവും ചിന്തനീയവുമായ നിരീക്ഷണങ്ങളിലൂടെ പരിചയപ്പെടുത്തിയ ഹഫീദ് നദ്‌വിയുടെ ലേഖനം ശ്രദ്ധേയമായി. 'കിതാബോതാത്തവര്‍ക്ക്' വഴങ്ങുന്നതായ ഒരു സമാന പഠനം ഡോ. സ്വലാഹ് സുല്‍ത്താന്റേതായുണ്ടെന്നത് ലേഖകന്‍ സൂചിപ്പിക്കുന്നു. അത് വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ഓര്‍മ പങ്കുവെക്കുന്നു.

Towards a Fiqh for Minorities എന്ന പേരില്‍ 2003-ല്‍ IIIT(International Institute of Islamic Thought) പ്രസിദ്ധീകരിച്ച ത്വാഹാ ജാബിര്‍ അല്‍ അല്‍വാനിയുടെ നിബന്ധം ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. വെള്ളത്തിലെ ഉപ്പിനെ പോലെയോ മണ്ണെണ്ണയെപ്പോലെയോ അല്ല, പാലിലെ വെണ്‍മ പോലെയായിരിക്കണം ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകള്‍ വര്‍ത്തിക്കേണ്ടത്. ശരീഅഃ നിയമാവലിയുടെ പരിമിത വൃത്തത്തില്‍ ഒതുങ്ങാനാവാത്ത വിധം ഇന്ന് മുസ്‌ലിം സമൂഹം വ്യാപകമാണ്; അവരഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അനുഭവങ്ങളും സാധ്യതകളും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും സാമൂഹിക സാമ്പത്തിക രംഗങ്ങളിലുണ്ടായ മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ പുതിയ ഇജ്തിഹാദ് തന്നെ വേണം. നിരൂപകന്‍ പറഞ്ഞതുപോലെ പ്രമാണങ്ങളുടെ അക്ഷരപൂജകര്‍ക്ക് പക്ഷേ ഈ ചിന്ത പോലും അസഹനീയമായേക്കും.

ഉന്നത വിദ്യാഭ്യാസ രംഗം
കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുമ്പോള്‍

ഇന്ത്യയുടെ ഭാവി ക്ലാസ്മുറികളിലാണ് രൂപകല്‍പന ചെയ്യപ്പെടുന്നത്. കോത്താരി കമീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദേശീയ ലക്ഷ്യം എന്തായിരിക്കണമെന്ന് അടിവരയിടുന്നതാണ് ഈ വാചകം. വൈദേശിക ഭരണത്തില്‍നിന്ന് മോചനം കിട്ടിയതിന്റെ 66-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ ഭാവി ആഗോള കോര്‍പ്പറേറ്റുകളാണ് തീരുമാനിക്കുക എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്.
മനശ്ശാസ്ത്രപഠനത്തിലധിഷ്ഠമായ നിരവധി വിദ്യാഭ്യാസ സിദ്ധാന്തങ്ങളും കാലാകാലങ്ങളില്‍ വിവിധ വിദ്യാഭ്യാസ കമീഷനുകള്‍ ശിപാര്‍ശ ചെയ്ത നിര്‍ദേശങ്ങളും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗാന്ധിജി വിഭാവന ചെയ്ത അടിസ്ഥാന വിദ്യാഭ്യാസ വീക്ഷണവും ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. ഇന്ത്യയുടെ ഭാവി എന്തായിരിക്കണമെന്ന പരമമായ ലക്ഷ്യത്തിലൂന്നിക്കൊണ്ടാണ് നാളിതുവരെയുള്ള വിദ്യാഭ്യാസ കമീഷനുകള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ രൂപരേഖയെ പറ്റി പഠനം നടത്തിയത്. ഇത്തരം പഠനങ്ങളും അവയില്‍ നിന്നുരിത്തിരിഞ്ഞുവന്ന വിദ്യാഭ്യാസ നയങ്ങളും വൃഥാവിലായെന്ന നിഗമനമാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പുതുതായി ഉന്നത വിദ്യാഭ്യാസ രംഗം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളാണ് ഇത്തരത്തിലുള്ള ആശങ്കകള്‍ക്ക് ഇടം നല്‍കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും ഐ.ഐ.എം, ഐ.ഐ.ടി പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ പങ്കാളിത്തം അനുവദിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതിന്റെ പ്രായോഗിക രൂപങ്ങള്‍ തയാറാക്കുന്നതിന് മൂന്ന് ദൗത്യസംഘങ്ങളും രൂപീകരിച്ചുകഴിഞ്ഞു. ഈ സംഘങ്ങളുടെ ശിപാര്‍ശകളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ക്ക് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നിര്‍ബാധം കടന്നുവരാന്‍ കഴിയും. സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സാമ്പത്തിക സ്രോതസ്സ് ഓഹരികള്‍ വഴിയും ബോണ്ടു വഴിയും കണ്ടെത്താനും അവസരം ലഭിക്കും.
നാളിതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുന്നതിന് സര്‍ക്കാര്‍ പാലിച്ചിരുന്ന നിബന്ധനകളില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ രംഗപ്രവേശം ചെയ്യുന്നതോടെ മാറ്റം വരും. സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് മാത്രമാണ് ഇപ്പോള്‍ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദമുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭേഛ ആയിരിക്കരുതെന്നും പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. അഡ്മിഷന്‍, ഫീസ്, സീറ്റ് തുടങ്ങിയവയിലും പ്രത്യേക നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. എന്നാല്‍, എന്‍.ആര്‍ നാരായണ മൂര്‍ത്തി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിക്കപ്പെടുന്നതോടെ ഇത്തരം നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിലവില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ശക്തമായ നിയന്ത്രണങ്ങളുണ്ടെങ്കിലും രാജ്യത്ത് വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെടുന്നു എന്ന ആക്ഷേപം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള കോര്‍പ്പറേറ്റുകള്‍ രംഗത്ത് വരുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭക്കൊയ്ത്തിനുള്ള ഉറവിടങ്ങളായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവുകയില്ല. ഇനി ആഗോള കോര്‍പ്പറേറ്റുകള്‍ ലാഭേഛയോടെ തുടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടതാകുമെന്ന് സമ്മതിച്ചാല്‍ തന്നെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇത്തരം സ്ഥാപനങ്ങളുടെ നാലയലത്ത് പോലും എത്താന്‍ സാധിക്കുകയില്ല. വിദ്യാഭ്യാസ മേഖലയില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അസന്തുലിതാവസ്ഥ വര്‍ധിക്കുകയായിരിക്കും ഫലം.
കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ മുതലാളിത്ത രാജ്യങ്ങള്‍ സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയിലും നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ശില്‍പശാല പച്ചക്കൊടി കാട്ടുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കുള്ള സ്വയം ഭരണാവകാശമാണ് ഇതില്‍ പ്രധാനം. സാമ്പത്തിക-സാമൂഹിക വൈവിധ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ സംവിധാനത്തിനാണ് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ പ്രസക്തി. ഈ യാഥാര്‍ഥ്യം പരിഗണിക്കാതെ രാജ്യത്തിന്റെ റവന്യൂ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നല്‍കുന്നതോടെ പിന്നാക്ക- അവശ വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടാനിടയാകും.
ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ഏജന്‍സികളുടെ മാനദണ്ഡമനുസരിച്ച് അംഗീകാരം നല്‍കാനുള്ള സ്വാതന്ത്ര്യവും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക മേധാവിത്വമുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഈ നിര്‍ദേശം ഉപകാരപ്രദമാവുകയുള്ളൂ. ഇപ്പോള്‍ തന്നെ അക്രഡിറ്റേഷന്‍, അധ്യാപക പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജുക്കേഷന്‍ (സി.ബി.എസ്.ഇ) മുന്നോട്ടുവെക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വളരെയധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിലും ഇതുതന്നെയായിരിക്കും ഫലം. പിന്നാക്ക വിഭാഗങ്ങള്‍ക്കും ധനസ്ഥിതി മോശമായവര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കൊപ്പം ചലിക്കാന്‍ സ്‌കോളര്‍ഷിപ്പുകളോ ധനസഹായങ്ങളോ സര്‍ക്കാറുകള്‍ നല്‍കുന്നതിനെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

പി.എ.എം അബ്ദുല്‍ ഖാദര്‍, തിരൂര്‍ക്കാട്

 

പ്രബോധനം കാമ്പയിന്‍
വളപട്ടണം ഘടകത്തിന് ഒന്നാം സ്ഥാനം

കോഴിക്കോട്: 2012-13 ലെ പ്രബോധനം ക്യാമ്പയിനില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ജമാഅത്തെ ഇസ്്‌ലാമി ഘടകത്തിലുള്ള ഒന്നാം സമ്മാനം കണ്ണൂര്‍ ജില്ലയിലെ വളപ്പട്ടണം ഘടകത്തിന്. എറണാകുളം ജില്ലയിലെ മാഞ്ഞാലി, തിരുവനന്തപുരം ജില്ലയിലെ മണക്കാട് എന്നീ ഘടകങ്ങള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. താന(കണ്ണൂര്‍), ഡാണാപ്പടി(ആലപ്പുഴ), പരപ്പനങ്ങാടി (ടൗണ്‍) മലപ്പുറം, ഹരിപ്പാട്(ആലപ്പുഴ) ഓച്ചിറ വെസ്റ്റ്(കൊല്ലം), കരിച്ചാറ(തിരുവനന്തപുരം) എന്നീ ഘടകങ്ങള്‍ കൂടുതല്‍ വരിചേര്‍ത്ത് പ്രോല്‍സാഹന സമ്മാനത്തിനര്‍ഹരായി.

 


ചരിത്രത്തില്‍ തുല്യതയില്ലാത്ത പച്ചയായ ജനാധിപത്യ ധ്വംസനമാണ് ഈജിപ്തില്‍ അരങ്ങേറുന്നത്. മുര്‍സി ഭരണം തിരിച്ചുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധസമരം നടത്തുന്ന സ്വന്തം പൗരന്മാരെ കൊന്നൊടുക്കിക്കൊണ്ടാണോ സൈന്യം ജനാധിപത്യ പുനഃസ്ഥാപനം നടത്തുന്നത്? ഇത്തരം ക്രൂര കൃത്യങ്ങളില്‍ എവിടെയാണ് ജനാധിപത്യമുള്ളത്? ഹുസ്‌നി മുബാറക്കിന്റെ കാട്ടാള ഭരണകാലത്ത് ബ്രദര്‍ഹുഡ് പോരാളികളോടൊപ്പം തടവില്‍ കഴിഞ്ഞ് അങ്ങേയറ്റം മര്‍ദനമുറകള്‍ ഏറ്റുവാങ്ങിയ ഇടതുപക്ഷവും ഇപ്പോള്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇസ്‌ലാമോഫോബിയയുടെ തുടര്‍ച്ചയായി വേണം ഈ അവിശുദ്ധ കൂട്ടുകെട്ടിനെയും അട്ടിമറിയെയും മനസ്സിലാക്കാന്‍..

-വി. ലദീദ ഫര്‍സാന ചിറക്കല്‍ കുളം, കണ്ണൂര്‍ 

ഒരു നാട്ടിലെ മുസ്‌ലിം പൊതുസമൂഹത്തിന്റെ സര്‍വ പുരോഗതിക്കും മാര്‍ഗദര്‍ശകമാകാന്‍ സാധിക്കുന്ന വിധം നമ്മുടെ മഹല്ല് സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു. സാംസ്‌കാരികമായ വളര്‍ച്ചക്കും വിദ്യാഭ്യാസ ഭൗതിക പുരോഗതിക്കുമെല്ലാം മേല്‍നോട്ടം വഹിക്കാന്‍ മഹല്ലിന് സാധിക്കും. അതിന് പക്ഷേ, ഇന്ന് മിക്കയിടങ്ങളിലും കാണുന്ന മഹല്ല് കമ്മിറ്റികളിലെ ചില നാട്ടുകാരണവന്മാരുടെ കുത്തകാധിപത്യം അപ്രമാധിത്യം അവസാനിപ്പിച്ച് ശൂറാ സിസ്റ്റം മഹല്ലുകളില്‍ നിലവില്‍ വരേണ്ടതുണ്ട്. വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയ പുതിയ കാലത്തും പണ്ടെന്നോ തുടങ്ങിയ ഈ കുത്തക ഭരണരീതികള്‍ ഇനിയും തുടര്‍ന്നാല്‍ നഷ്ടം മുസ്‌ലിം സമൂഹത്തിന് ഒന്നടങ്കമായിരിക്കും.

-അബ്ദുല്‍ മജീദ് അഹ്മദ് മാടാച്ചിറ

'കാവിയണിയുന്ന മതേതരത്വം'

ഔദ്യോഗിക ചടങ്ങുകള്‍ ഹൈന്ദവാചാരങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്നതിന് ഉദാഹരണങ്ങള്‍ തേടി ഉത്തരേന്ത്യയിലേക്കൊന്നും പോകേണ്ടതില്ല. ഇടതുപക്ഷത്തിന് വേരുറപ്പുള്ള സാക്ഷാല്‍ മതേതര കേരളത്തില്‍ തന്നെ ഉദാഹരണങ്ങള്‍ ധാരാളം. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാണല്ലോ പ്രസിദ്ധമായ കൊച്ചി മെട്രോയുടെ പണിയാരംഭിച്ചിട്ടുള്ളത്. സന്യാസിമാരുടെ കാര്‍മികത്വത്തില്‍ ഭൂമിപൂജയും ആചാരങ്ങളും നടത്തിക്കൊണ്ടായിരുന്നു പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. അതും പ്രമുഖരുടെയെല്ലാം സാന്നിധ്യത്തില്‍.

-മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അബൂദബി 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍