Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാകുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം സ്ത്രീ / തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍-7 -7-----

സദ്‌റുദ്ദീന്‍ വാഴക്കാട് / ഫീച്ചര്‍

ചങ്ങനാശേരിയിലെ 'ഹാജിയാരുടെ വീട്ടില്‍' പിറന്ന്, ചരിത്രത്തിലേക്ക് നടന്നുകയറി സ്ഥാനമുറപ്പിച്ച വ്യക്തിത്വമാണ് ഡോ. എം. ഷരീഫാ ബീവി. അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി വളര്‍ന്നുവരികയും വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഇന്റര്‍നാഷ്ണല്‍ സയന്‍സ് അക്കാദമിയില്‍നിന്ന് ഫെലോഷിപ്പും (FIMSA) നേടുകയും കഠിനാധ്വാനത്തിലൂടെ മികവ് തെളിയിച്ച് അര്‍ഹതപ്പെട്ട സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ഡോ. ഷരീഫാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാകുന്ന ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതയാണ്. എം.ജി യൂനിവേഴ്‌സിറ്റിയിലെ മോഡേണ്‍ മെഡിസിന്‍ ഫാക്കല്‍റ്റി ഡീന്‍, സെനറ്റ് മെമ്പര്‍, അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍, പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ച ഡോ. ഷരീഫാ ബീവി, താന്‍ പഠിച്ച ഗുരുകുലത്തില്‍തന്നെ ഗുരുനാഥയും സ്ഥാപന മേധാവിയുമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് വിരമിച്ചശേഷം ഗുജറാത്തിലെ എം.പി ഷാ മെഡിക്കല്‍ കോളേജ് പ്രഫസര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ ഡയറക്ടര്‍ തുടങ്ങിയ തസ്തികകളിലും അവര്‍ പ്രവര്‍ത്തിച്ചു. മുപ്പത് വര്‍ഷത്തിലേറെ നീണ്ട അധ്യാപന ജീവിതത്തിലൂടെ നിരവധി ശിഷ്യരെ സമ്പാദിക്കാനും ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാനും കഴിഞ്ഞ അവര്‍ മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെ മികച്ച മാതൃകയാണ്. അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് മുക്തമായ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന ഷരീഫാ ബീവി, പുരോഗമന കാഴ്ചപ്പാടുള്ള ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.


കുടുംബം
ചങ്ങനാശേരിയിലെ പുഴവാത് പ്രദേശത്ത് പ്രസിദ്ധമായ പാടപറമ്പില്‍ കുടുംബത്തില്‍, മുഹമ്മദ് കുഞ്ഞ് - സാറാ ഉമ്മ ദമ്പതികളുടെ പത്തുമക്കളില്‍ അഞ്ചാമത്തവളായി 1944 ജനുവരി 28-നാണ് ഷരീഫാബീവിയുടെ ജനനം. ഭൂരിപക്ഷം വരുന്ന നായര്‍ സമുദായാംഗങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ കുറച്ച് മുസ്‌ലിം കുടുംബങ്ങളാണ് അന്ന് ചങ്ങനാശേരിയിലുണ്ടായിരുന്നത്. അമ്പലവും ക്രിസ്ത്യന്‍ പള്ളിയും ചന്ദനക്കുടം നേര്‍ച്ച നടക്കുന്ന മുസ്‌ലിം പള്ളിയും പരിസരത്തുണ്ട്. സാമൂഹികാന്തരീക്ഷം പൊതുവെ ഇസ്‌ലാമികമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പക്ഷേ, പുരാതനമായ പാടപറമ്പില്‍ കുടുംബം ഇസ്‌ലാമിക ബോധവും പുരോഗമന കാഴ്ചപ്പാടും പുലര്‍ത്തിയിരുന്നു. പ്രദേശത്തുനിന്ന് ആദ്യം ഹജ്ജിനുപോയത് ഷരീഫാബീവിയുടെ വാപ്പയുടെ വാപ്പ മൈതീന്‍ കുഞ്ഞാണ്. അതിനാല്‍ തറവാട്, 'ഹാജിയാരുടെ വീട്' എന്ന് അറിയപ്പെട്ടു. ആരാധനകളില്‍ നിഷ്ഠയും മറ്റു മതചിട്ടകളും ഉള്ള പാടപറമ്പില്‍വീട് പരിസരത്തെ മുസ്‌ലിം കുടുംബങ്ങളില്‍ പൊതുവെ നടപ്പുള്ള അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്ന് തീര്‍ത്തും മുക്തമായിരുന്നു. മൗലൂദ്, റാത്തീബ്, നേര്‍ച്ച, ഉറുക്ക്, മന്ത്രം, ഏലസ് തുടങ്ങിയ അനാചാരങ്ങള്‍ക്ക് വീട്ടില്‍ ഇടമുണ്ടായിരുന്നില്ല. ഒരു അനാചാരത്തെയും പാടപറമ്പില്‍വീട് അനുകൂലിച്ചിരുന്നില്ല. ഈ പുരോഗമന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് മുഹമ്മദ്കുഞ്ഞ് പത്തുമക്കളെയും വളര്‍ത്തിയത്. പരലോക ജീവിതം ലക്ഷ്യമിട്ട് മക്കളെ വളര്‍ത്തിയതില്‍ രക്ഷിതാക്കള്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് മക്കളുടെ ജീവിത രീതി.
നല്ല സാമ്പത്തിക ശേഷിയുള്ള പാടപറമ്പില്‍ കുടുംബത്തിന്, ധാരാളം ഭൂസ്വത്തും കൃഷിയും കടകളും ഉണ്ടായിരുന്നു. വാപ്പയുടെ വാപ്പ മൈതീന്‍ കുഞ്ഞ് ഹജ്ജിന് പോയപ്പോള്‍ സ്വത്തെല്ലാം നോക്കി നടത്തേണ്ട ഉത്തരവാദിത്വം മകന്‍ മുഹമ്മദ് കുഞ്ഞിന്റേതായി. അതോടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഇന്റര്‍മീഡിയറ്റില്‍വെച്ച് മുടങ്ങി. പഠനത്തില്‍ അതീവ തല്‍പരനായിരുന്ന മുഹമ്മദ് കുഞ്ഞ് തനിക്ക് നേടാന്‍ കഴിയാതെ പോയ വിദ്യാഭ്യാസം മക്കള്‍ക്ക് ലഭ്യമാക്കണം എന്ന് ദൃഢനിശ്ചയം ചെയ്തു. പാരമ്പര്യമായി ലഭിച്ച സാമ്പത്തിക സുസ്ഥിതി അതിന് വലിയ അളവില്‍ സഹായകമാവുകയും ചെയ്തു.
അബ്ദുര്‍റഹ്മാന്‍കുട്ടി (റിട്ട. ചീഫ് എഞ്ചിനീയര്‍), അബ്ദുല്‍ അസീസ് (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍), മര്‍ഹൂം അബ്ദുറഷീദ്, മര്‍ഹൂമ റുഖിയാബീവി, ആയിഷാബീവി, ഡോ. സുഹ്‌റാ ബീവി (റിട്ട. ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസ്), ഡോ. ലൈലാബീവി (കരുണാ മെഡിക്കല്‍ കോളേജ്, പാലക്കാട്), സഫിയാബീവി (അഡി. സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), സീനാബീവി (റിട്ട. ഫീല്‍ഡ് ഓഫീസര്‍, റബര്‍ ബോര്‍ഡ്) എന്നിവരാണ് ഷരീഫാ ബീവിയുടെ സഹോദരങ്ങള്‍.

വിദ്യാഭ്യാസം
വീട്ടിലെ ഇസ്‌ലാമികാന്തരീക്ഷത്തില്‍നിന്നു തന്നെയാണ് ഷരീഫാബീവിയും സഹോദരങ്ങളും ഇസ്‌ലാമികമായ അറിവു നേടിയതും മതചിട്ടകള്‍ അഭ്യസിച്ചതും. താച്ചിയുമ്മ എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന വാപ്പയുടെ ഉമ്മയും പിതാവ് മുഹമ്മദ് കുഞ്ഞുമാണ് ഷരീഫാ ബീവിയുടെ വ്യക്തിത്വരൂപീകരണത്തെയും വിദ്യാഭ്യാസ വളര്‍ച്ചയെയും ഏറ്റവുമധികം സ്വാധീനിച്ചത്. ഷരീഫാ ബീവിയും സഹോദരങ്ങളും ഓത്തുപള്ളിയില്‍ പോയി ഓതിയിട്ടില്ല. സ്‌കൂളിലെ 'അറബി സാര്‍' വീട്ടില്‍വന്ന് ഓതിച്ചിട്ടുണ്ട്. വാപ്പുമ്മയില്‍ നിന്നാണ് മക്കളെല്ലാം ഇസ്‌ലാമിക പാഠങ്ങള്‍ ഏറെയും പഠിച്ചത്. വീട്ടില്‍ രാവിലെയും വൈകുന്നേരവും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കാര്യത്തില്‍ കണിശതയുണ്ടായിരുന്നു. പാരമ്പര്യമായി ലഭിച്ച അറിവുവെച്ച് വാപ്പുമ്മ നബിചരിത്രം പഠിപ്പിക്കുമായിരുന്നു. ചങ്ങനാശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു ഒന്നു മുതല്‍ പത്താം ക്ലാസുവരെ ഷരീഫാ ബീവിയുടെ പഠനം. ബ്രില്യന്റ് ആയിരുന്ന അവര്‍ക്ക് എല്ലാ വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്നു. ഗണിതശാസ്ത്രമായിരുന്നു ഇഷ്ടവിഷയം. വിദ്യാഭ്യാസത്തില്‍ അതീവ തല്‍പരനായിരുന്ന പിതാവിന്റെ ശ്രദ്ധ ഷരീഫാ ബീവിയുടെയും സഹോദരങ്ങളുടെയും പഠന നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വീട്ടില്‍, പഠിക്കാനായി പ്രത്യേക റൂം ഏര്‍പ്പാട് ചെയ്തിരുന്നു. ഹോംവര്‍ക്ക് ചെയ്ത് കൃത്യമായി വാപ്പയെ കാണിക്കണം. പരീക്ഷ കഴിയുമ്പോള്‍ സ്‌കൂള്‍ ഗെയ്റ്റില്‍ പിതാവ് കാത്ത് നില്‍ക്കും. അവിടെ വെച്ചുതന്നെ ചോദ്യപേപ്പര്‍ വിലയിരുത്തും. ഉയര്‍ന്ന ക്ലാസുകളിലെത്തിയപ്പോള്‍ പരീക്ഷാ കാലത്ത് പഠിക്കാന്‍ ഉമ്മ ഉറക്കമിളച്ച് കൂട്ടിരിക്കുമായിരുന്നു. ഹാജിയാരുടെ വീട്ടിലെ മിടുക്കിയായ ഈ പെണ്‍കുട്ടിയോട് പലരും വലിയ താല്‍പര്യം കാണിച്ചപ്പോള്‍, ചിലരെങ്കിലും വിവേചനവും പ്രകടിപ്പിക്കാതിരുന്നില്ല. സ്‌കൂള്‍ പഠന കാലത്തുതന്നെ വിവേചനപരമായ പെരുമാറ്റങ്ങളും നിരുത്സാഹപ്പെടുത്തലുകളും നേരിടേണ്ടിവന്നതായി ഷരീഫാ ബീവി ഓര്‍ക്കുന്നു. പത്താം ക്ലാസ് വിജയിച്ച് എസ്.എസ്.എല്‍.സി ബുക്ക് വാങ്ങി ഷരീഫാബീവിയും മറ്റൊരു സമുദായത്തില്‍പെട്ട പെണ്‍കുട്ടിയും ഒന്നിച്ചുവരുമ്പോള്‍ ക്ലാസ് ടീച്ചറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ഇങ്ങനെ. ''ശരീഫയെ ഉടന്‍ കെട്ടിച്ചുവിടില്ലേ, കല്യാണം കഴിഞ്ഞ്, കുട്ടികളുമൊത്താകും നിന്റെ ജീവിതം....'' മുസ്‌ലിം പെണ്‍കുട്ടി വേഗം കല്യാണം കഴിഞ്ഞ് പോകും മറ്റുള്ളവരൊക്കെ പഠിച്ച് വലിയവരാകും എന്ന മുന്‍ധാരണയോടെയായിരുന്നു ടീച്ചറുടെ പരിഹാസം. പക്ഷേ, ഷരീഫാ ബീവി പഠിച്ചു, അത്തരം പരിഹാസങ്ങള്‍ക്കും സമുദായ വിലക്കുകള്‍ക്കുമൊക്കെ സ്വജീവിതം കൊണ്ട് മറുപടി പറയുകയും ചെയ്തു.
ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലായിരുന്നു ഒരു വര്‍ഷത്തെ പ്രീ യൂനിവേഴ്‌സിറ്റി പഠനം. ആ ബാച്ചിലെ ഏക മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു ഷരീഫാ ബീവി. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷ പാസായി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാത്തമാറ്റിക്‌സില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതിനാല്‍ എഞ്ചിനീയറാകും എന്നായിരുന്നു പ്രതീക്ഷയും മോഹവും. എന്നാല്‍, എഞ്ചിനീയറിംഗ്, പെണ്‍കുട്ടികള്‍ക്ക് പറ്റിയ മേഖലയല്ലെന്ന് പലരും ഉപദേശിച്ചു. നേരത്തെ മെഡിക്കല്‍ ഫീല്‍ഡിലെത്തിയ ജ്യേഷ്ഠ സഹോദരി ഡോ. സുഹ്‌റയുടെ മാതൃകയും കൂടി മുമ്പില്‍വെച്ച്, സയന്‍സ് വിഷയങ്ങളില്‍ നല്ല മാര്‍ക്കുണ്ടായിരുന്ന ഷരീഫാ ബീവി എം.ബി.ബി.എസിന് ചേരാന്‍ തീരുമാനിച്ചു. അതിന് മുന്നോടിയായി ചങ്ങനാശേരി എസ്.ബി കോളേജില്‍നിന്ന് പ്രീപ്രഫഷനല്‍ കോഴ്‌സും പൂര്‍ത്തീകരിച്ചു.

മെഡിസിന്‍ പഠനം
1963 ബാച്ചില്‍ ഷരീഫാ ബീവി കോട്ടയം മെഡിക്കല്‍കോളേജില്‍ എം.ബി.ബി.എസ് പ്രവേശനം നേടി. 50 കുട്ടികളുള്ള ബാച്ചില്‍ മൂന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍; അതില്‍ ഒരേ ഒരു പെണ്‍കുട്ടിയായിരുന്നു ഷരീഫാ ബീവി. അതിനുതൊട്ടു മുകളിലുള്ള ബാച്ചില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി പോലുമില്ല. മൂന്നാമത്തെ ബാച്ചില്‍ രണ്ടു മുസ്‌ലിം വിദ്യാര്‍ഥിനികള്‍; സാറാബീവിയും ഹസന്‍ബീവിയും. അഞ്ചു വര്‍ഷത്തെ മെഡിക്കല്‍ വിദ്യാഭ്യാസം. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പുറത്തിറങ്ങുന്നത് 1969-ല്‍. പറയത്തക്ക പ്രയാസങ്ങളൊന്നും ഇല്ലാത്തതായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി ജീവിതം. റൂമില്‍വെച്ച് നമസ്‌കാരം മുടങ്ങാതെ നിര്‍വഹിക്കും, നോമ്പെടുക്കും. നോമ്പിന് പ്രത്യേക ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ചുടുവെള്ളവും ഏത്തപ്പഴവുമായിരുന്നു അത്താഴം. രാത്രിയിലേക്കുള്ള ഹോസ്റ്റല്‍ ഭക്ഷണമുപയോഗിച്ചായിരുന്നു ഇഫ്ത്വാര്‍.............................

ജോലിയിലേക്ക്
കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടന്‍ കോഴഞ്ചേരി സണ്ണി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചുരുങ്ങിയ കാലം പ്രാക്ടീസ് ചെയ്തു. വൈകാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ ട്യൂട്ടറായി നിയമിക്കപ്പെട്ടു. പിന്നീട് മൈക്രോബയോളജിയിലേക്ക് മാറി. രോഗികളെ ചികിത്സിക്കുന്നതിനല്ല, ഗവേഷണത്തിനാണ് മൈക്രോബയോളജിയില്‍ പ്രാധാന്യം. ഇത് പുതിയൊരു മേഖലയിലേക്കുള്ള പ്രവേശനത്തിന് കാരണമായി. പരിശോധനയും ചികിത്സയുമൊക്കെ ഏറെക്കുറെ വിട്ട് ഗവേഷണവും അധ്യാപനവുമായി കര്‍മമണ്ഡലം. മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദ പഠനം കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു (1972-75).
മൈക്രോളജി ട്യൂട്ടര്‍ (1925-'26), അസി. പ്രഫസര്‍ (1976-'82), അസോ. പ്രഫസര്‍ (1982-'83), പ്രഫസര്‍ (1983-'96) എന്നീ തസ്തികകളില്‍ കോഴിക്കോട്, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചു. 1996 ജനുവരി 15-നാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വൈസ്പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടത്.
1998 സെപ്തംബര്‍ 11 നു ചരിത്രപ്രധാനമായ പദവി ഡോ. ഷരീഫാ ബീവിയെ തേടിയെത്തി. താന്‍ പഠിച്ച ഗുരുകുലത്തിന്റെ പ്രധാന ഗുരുനാഥയായി അവര്‍ നിയമിക്കപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലിം സ്ത്രീ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഉപവിഷ്ടയായി. ആരാധനാ കര്‍മങ്ങളില്‍ നിഷ്ഠയുള്ള ഷരീഫാ ബീവി, ഇസ്‌ലാമിക വേഷവിധാനങ്ങളോടെ പ്രിന്‍സിപ്പല്‍ കസേരയിലിരുന്നത് പലര്‍ക്കും വിസ്മയമായിരുന്നു. മഫ്ത ധരിച്ചെത്തിയ പ്രിന്‍സിപ്പലെ കണ്ട്, 'നിങ്ങള്‍ ഹജ്ജ് കഴിഞ്ഞ് വന്നതാണോ' എന്ന് ചിലര്‍ ആശ്ചര്യത്തോടെ ചോദിക്കുകയുണ്ടായി. ഹജ്ജ് ചെയ്ത സ്ത്രീകളാണ് മഫ്ത ധരിക്കുക എന്നായിരുന്നു അവരുടെ ധാരണ. ഒരു വര്‍ഷത്തെ സേവനത്തിനുശേഷം 1999 ഏപ്രില്‍ മുപ്പതിനാണ് പ്രിന്‍സിപ്പല്‍ പദവിയില്‍നിന്ന് ഷരീഫാ ബീവി വിരമിച്ചത്.
ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും രോഗികളെ ചികിത്സിക്കാനും സാധിച്ചില്ലെങ്കിലും ഏതാണ്ട് മൂന്നു പതിറ്റാണ്ട്‌നീണ്ട അധ്യാപന ജീവിതത്തിലൂടെ നിരവധി ശിഷ്യഗണങ്ങളെ സമ്പാദിക്കാനും കഴിവുറ്റ ഡോക്ടര്‍മാരുടെ വളര്‍ച്ചയില്‍ പങ്കാളിയാകാനും ഡോ. ഷരീഫാ ബീവിക്ക് സാധിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും ഡോക്ടറുടെ ശിഷ്യരെ കാണാം.
ഗുജറാത്തിലെ ജാംനഗറില്‍ എം.പി ഷാ മെഡിക്കല്‍ കോളേജില്‍ ഒരുവര്‍ഷം (1999-2001) അധ്യാപികയായി ജോലി ചെയ്യാനും ഡോ. ഷരീഫാ ബീവിക്ക് അവസരമുണ്ടായി. മകന്‍ ഡോ. റജീബ് മുഹമ്മദ് അവിടെ എം.ഡി ക്ക് പഠിക്കുമ്പോഴായിരുന്നു അത്. ഗുജറാത്തിലെ മുസ്‌ലിം ജീവിതം നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അതുവഴി സന്ദര്‍ഭം ലഭിച്ചു. ''വളരെയേറെ ശോചനീയമാണ് ഗുജറാത്തിലെ മുസ്‌ലിംകളുടെ അവസ്ഥ. അങ്ങേയറ്റത്തെ ദാരിദ്ര്യം. വിദ്യാഭ്യാസം ഒട്ടുമില്ല. മുസ്‌ലിംകളുള്ളതുകൊണ്ട് തങ്ങള്‍ക്ക് വീട്ടുജോലിക്ക് ആളെക്കിട്ടാന്‍ പ്രയാസമില്ലെന്ന് മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. മുസ്‌ലിം സ്ത്രീകളില്‍ വലിയൊരു പങ്ക് തുഛമായ വരുമാനത്തിന് വീട്ടുജോലിയും മറ്റും ചെയ്യുന്നവരാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ പഠിക്കാന്‍ പോകേണ്ടതിനുപകരം ജോലി ചെയ്ത് ജീവിതമാര്‍ഗം കണ്ടെത്തുന്നു. നല്ലൊരു കുടുംബജീവിതമില്ല. ഇരുപതു വയസുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ ആറ്/ഏഴ് വീടുകളില്‍ കഴുകാനും തുടക്കാനും പോകുന്നു. ഗുജറാത്തികള്‍ക്ക് കൊടുക്കുന്നതിന്റെ നാലില്‍ ഒന്നാണ് മുസ്‌ലിംകള്‍ക്ക് കൊടുക്കുന്ന കൂലി. ഇതൊക്കെ കാണുമ്പോള്‍ നമുക്ക് സങ്കടം വരും. താനൊരു മുസ്‌ലിമാണെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു. ഒരു മുസ്‌ലിം സ്ത്രീ ഇത്രയൊക്കെ പഠിച്ച് ഉയര്‍ന്നുവരികയെന്നത് അവര്‍ക്ക് പൊതുവെ ചിന്തിക്കാന്‍ പ്രയാസമായിരുന്നു''-ഡോ. ഷരീഫാബീവി പറയുന്നു.
2004 മുതല്‍ 2009 വരെ പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി ജോലി ചെയ്തു. തുടര്‍ന്ന് ഇതുവരെ സ്ഥാപനത്തിന്റെ മെഡിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

കുടുംബജീവിതം
1970 ഫെബ്രുവരി 22-നായിരുന്നു ഷരീഫാ ബീവിയുടെ വിവാഹം. ഭര്‍ത്താവ് കായംകുളം സ്വദേശി ഡോ. മുഹമ്മദ് കുഞ്ഞ് മൃഗസംരക്ഷണ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്തു. ഷരീഫാ ബീവിയുടെ ബിരുദാനന്തര പഠനത്തിലും സേവനരംഗത്തും ഏറ്റവും വലിയ പിന്തുണയും പ്രചോദനവുമായി നിന്നത് ഡോ. മുഹമ്മദ്കുഞ്ഞാണ്. ''ഒരു പുരുഷന്റെ വിജയത്തിന് പിന്നില്‍ സ്ത്രീയുണ്ടെന്ന് പറയുന്നതുപോലെ സ്ത്രീയുടെ വിജയത്തിനുപിന്നിലും പുരുഷന്റെ ശക്തിയുണ്ട്. കാരണം സ്ത്രീക്ക് കുടുംബത്തിന്റെ സ്‌നേഹവും സഹകരണവും ലഭിച്ചാലേ സമൂഹത്തില്‍ ശോഭിക്കാനാകൂ. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹവും ഭര്‍ത്താവിന്റെ പിന്തുണയും കൊണ്ടാണ്''-ഡോ. ഷരീഫാബീവി പറയുന്നു.
മകന്‍ ഡോ. റജീബ് മുഹമ്മദ് എം.ബി.ബി.എസ്, എം.ഡി. 1984-ല്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മുസ്‌ലിം വിദ്യാര്‍ഥിയായി എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. മന്നാനം കെ.ഇ കോളേജില്‍നിന്ന് ഡിസ്റ്റിംഗ്ഷനോടെ പി.ഡി.സി പാസായി, ബെസ്റ്റ്ഔട്ട് ഗോയിംഗ് വിദ്യാര്‍ഥിക്കുള്ള ഫാദര്‍ വില്യം സ്മാരക ഗോള്‍ഡ് മെഡല്‍ നേടി. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ എം.ബി.ബി.എസ് കരസ്ഥമാക്കി. അവിടെ ഉമ്മയുടെ വിദ്യാര്‍ഥിയായിരിക്കാനും ഡോ. റജീബിന് ഭാഗ്യം ലഭിച്ചു. ഇപ്പോള്‍ ഭാരത് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായി ജോലി ചെയ്യുന്നു. മകള്‍ ജീനാ മുഹമ്മദ്. മരുമകള്‍ ഡോ. ഷീജ എം.ബി.ബി.എസ്, എം.ഡി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പാത്തോളജി അസി. പ്രഫസറായി സേവനമനുഷ്ഠിക്കുന്നു.
2001-ല്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ച ഷരീഫാ ബീവി ദീനീചിട്ടകളെല്ലാം കണിശമായി മുറുകെ പിടിക്കുന്നു. പുരോഗമന കാഴ്ചപ്പാടു പുലര്‍ത്തി വളര്‍ന്നുവന്ന ഡോക്ടര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരയാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ നിരവധി പരിപാടികളില്‍ പ്രസംഗകയായി പങ്കെടുത്തിട്ടുള്ള അവര്‍ സംഘടനാ നേതൃത്വത്തില്‍ ഇല്ലെങ്കിലും നേതാക്കന്മാരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍