Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

പാഠം രക്ഷിതാക്കള്‍ ഒന്ന്

റസിയ ചാലക്കല്‍

ക്ഷാകര്‍തൃത്വം അഥവാ പാരന്റിംഗ് ഒരു കലയാണ്. ആസ്വദിച്ചു ചെയ്യേണ്ട ഒരു കര്‍മം. മുന്‍കാല രക്ഷിതാക്കള്‍ ഈയര്‍ഥത്തില്‍ മികവുറ്റ കലാകാരന്മാരായിരുന്നു. പാട്ടുപാടിയും കഥകള്‍ പറഞ്ഞും കൂടെ കളിച്ചും പാരന്റിംഗിനെ ആസ്വാദ്യകരമാക്കിയ മികച്ച കലാകാരന്മാര്‍. എന്നാല്‍, സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ അതിസങ്കീര്‍ണമായ ഒരു പ്രക്രിയയായി പാരന്റിംഗ് അനുഭവപ്പെടാന്‍ കാരണമെന്ത്? കണ്ണും കാതും തുറന്നുവെച്ച് നേടിയ തിരിച്ചറിവുകൊണ്ടാണ് പഴയകാല രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തിയത്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളോ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിന്‍ബലമോ അന്നുണ്ടായിരുന്നില്ല. ഇവയൊക്കെ ആവശ്യത്തിലേറെ ഉണ്ടായിട്ടും പുതിയ കാലത്തെ രക്ഷിതാക്കള്‍ പലപ്പോഴും മക്കളുടെ മുന്നില്‍ നിസ്സഹായരും പരാജിതരുമാകുന്നതെന്തുകൊണ്ട്?
പഴയകാലത്ത് കുട്ടികള്‍ 'വളരുക'യായിരുന്നു. ഇന്ന് നാമവരെ 'വളര്‍ത്തു'കയാണ്. നമ്മുടെ താല്‍പര്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമനുസരിച്ച് അവരെ പാകപ്പെടുത്തുകയാണ്. പാടത്തും തൊടിയിലും തോട്ടിലും പുഴയിലും കുട്ടികള്‍ ഉണ്ടാക്കിയ സൗഹൃദങ്ങള്‍... ഉണ്ണാനും ഉടുക്കാനും പഠിക്കാനും വളരാനും അവര്‍ നേടിയ സ്വയം പര്യാപ്തത... കൊണ്ടും കൊടുത്തും പങ്കുവെച്ചും അവര്‍ നേടിയ സാമൂഹിക പ്രതിബദ്ധത... പഴയകാല ശൈശവങ്ങള്‍ക്ക് പറയാനുള്ള ജീവിത പാഠങ്ങള്‍ അനവധിയാണ്. ഭക്ഷണം വാരിക്കൊടുത്ത്, ഷൂ കെട്ടികൊടുത്ത്, ബസ് സ്റ്റോപ്പ് വരെ ബാഗ് ചുമന്ന്, ശേഷം ബസ്സിന്റെ പടവുകളിലേക്ക് എടുത്തുകയറ്റി നിര്‍ത്തി റ്റാ റ്റാ പറഞ്ഞ് പോരുന്ന രക്ഷിതാക്കള്‍ അറിയുന്നുണ്ടോ, മക്കളുടെ സ്വയംപര്യാപ്തതയെയും ആത്മവിശ്വാസത്തെയും തകര്‍ക്കുകയാണ് തങ്ങളെന്ന്? കരുതലുകള്‍ ഏറെയുണ്ടായിട്ടും സൗകര്യങ്ങള്‍ അനവധിയായിട്ടും പുതിയ തലമുറ അനിയന്ത്രിതമായ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതിന്റെ കാരണക്കാര്‍ തങ്ങള്‍ തന്നെയാണെന്ന്?
പ്രകൃതിപരമായ ഒരു ശാരീരിക പ്രക്രിയയായിട്ടാണ് പാരന്റിംഗിനെ നാം കാണുന്നത്. അതിനാവശ്യമായ മാനസിക-വൈകാരിക തയാറെടുപ്പുകളെക്കുറിച്ച് പലരും ആലോചിക്കാറില്ല. അല്ലാഹു കനിഞ്ഞരുളിയ അമാനത്തും അനുഗ്രഹവുമാണ് മക്കള്‍. അവരുടെ ജീവിതം സംശുദ്ധമാക്കുന്നതിലൂടെ ഇഹ-പര മോക്ഷം കരഗതമാക്കാനാവശ്യമായ കൃത്യമായ പ്രിപറേഷന്‍ നടത്തണമെന്ന് ഇസ്്‌ലാം അനുശാസിക്കുന്നത് പ്രസ്തുത ഉത്തരവാദിത്വത്തിന്റെ ഗൗരവമാണ് സൂചിപ്പിക്കുന്നത്.
നല്ല ഭക്ഷണം, മുന്തിയ വസ്ത്രം, ഉയര്‍ന്ന ഗാര്‍ഹിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ നല്‍കി തൃപ്തിപ്പെടുന്നതിനപ്പുറം ഇഹത്തിലും പരത്തിലും മക്കള്‍ ഗുണകരമായി ഭവിക്കണമെങ്കില്‍ പാരന്റിംഗ് ശ്രമകരവും ആസൂത്രിതവുമായ ഒരു ജോലിയായി ഏറ്റെടുക്കേണ്ടതുണ്ട്. ഓര്‍ക്കുക, നമ്മുടെ രക്ഷാ-ശിക്ഷകള്‍ നിര്‍ണയിക്കപ്പെടുന്നതില്‍ മക്കള്‍ ഒരു പ്രധാന ഘടകം തന്നെയാണ്.
Parenting is the process of promoting and supporting the physical, emotional, social and intellectual development of a child from infancy to adulthood.
ശൈശവത്തില്‍ നിന്ന് മുതിര്‍ന്ന പൗരനിലേക്കുള്ള വളര്‍ച്ചയുടെ വഴിയില്‍ ശാരീരിക- മാനസിക-ബൗദ്ധിക-വൈകാരിക വികാസത്തിനു വേണ്ടിയുള്ള പിന്തുണയും പ്രചോദനവും നല്‍കുന്ന തുടര്‍ പ്രക്രിയയാണ് പാരന്റിംഗ് അഥവാ രക്ഷാകര്‍തൃത്വം. ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പിക്കലല്ല, സഹായിയായും വഴികാട്ടിയായും കൂടെ നിന്ന് പിന്തുണക്കലാണ് പാരന്റിംഗ്. കുഞ്ഞുങ്ങളുടെ ശാരീരിക-ബൗദ്ധിക വളര്‍ച്ചയില്‍ മാത്രമാണ് മിക്ക രക്ഷിതാക്കളുടെയും ശ്രദ്ധയും അധ്വാനവും. വ്യക്തിത്വ രൂപീകരണ പ്രക്രിയയെ സമ്പൂര്‍ണതയിലെത്തിക്കുന്ന വൈകാരിക-സാമൂഹിക വികാസത്തെക്കുറിച്ച് ഭൂരിഭാഗം രക്ഷിതാക്കളും ബോധവാന്മാരല്ല. അതുകൊണ്ടുതന്നെ കുടുംബാന്തരീക്ഷത്തില്‍ പരസ്പര സഹവാസത്തിലൂടെയും ആരോഗ്യകരമായ സമീപനത്തിലൂടെയും മാത്രം ലഭ്യമാകുന്ന പ്രസ്തുത വികാസങ്ങളെ പാരന്റിംഗിന്റെ ഭാഗമായി കാണാന്‍ പലര്‍ക്കും കഴിയുന്നില്ല.
സങ്കല്‍പിക്കാവുന്നതിലും അപ്പുറമാണ് നമ്മുടെ മക്കള്‍ കടന്നുചെല്ലുന്ന മേഖലകള്‍. ഈയവസ്ഥയില്‍ അവരുടെ ശിക്ഷണവും സംരക്ഷണവും അതീവ ശ്രദ്ധയോടെ നടത്തേണ്ട ഒരു ദൗത്യമായി മാറുന്നു. ചൊല്ലിപ്പഠിക്കുന്ന അറിവിനോടൊപ്പം കൃത്യവും വ്യക്തവുമായ ജീവിതാനുഭവങ്ങള്‍ കൂടി ചേര്‍ത്തു വെക്കുമ്പോഴാണ് ഉന്നതമായ വ്യക്തിത്വങ്ങള്‍ രൂപം പ്രാപിക്കുക. അതാകട്ടെ, രക്ഷിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സഹവാസത്തില്‍ നിന്നും സമീപനത്തില്‍നിന്നുമാണ് ലഭിക്കേണ്ടത്.
അതിനാല്‍ പുതുതലമുറക്ക് ദിശ കാണിക്കാന്‍ പര്യാപ്തമായ വിവരവും വിവേകവും മാതാപിതാക്കള്‍ക്കുണ്ടായിരിക്കണം. അത്യാധുനിക സൗകര്യങ്ങള്‍ മക്കള്‍ക്ക് ഒരുക്കികൊടുക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് മുന്‍കരുതലുകള്‍ എടുക്കാനുള്ള പരിജ്ഞാനം ഇരു കൂട്ടര്‍ക്കുമുണ്ടാകണം. എല്ലാം ഉമ്മയെ ഏല്‍പിച്ച് തിരക്കിന്റെ ലോകത്തേക്ക് ഓടിമറയുന്ന ഉപ്പയും ഉപ്പയെ പഴിചാരി നിസ്സഹായത ഏറ്റുപറയുന്ന ഉമ്മയും ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകുമ്പോള്‍ മക്കള്‍ അതിവിദഗ്ധമായി ഇരുകൂട്ടരെയും വിഡ്ഢികളാക്കുന്നത് പലരും തിരിച്ചറിയുന്നത് വളരെ വൈകിയാണ്. പാരന്റിംഗ് ഒരു കൂട്ടായ യജ്ഞമായി ഏറ്റെടുക്കുന്നതിലുള്ള വിമുഖതയോ അറിവില്ലായ്മയോ ആണിതിനു കാരണം. ഭര്‍ത്താവിന്റെ അഭാവത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മിക്ക കുടുംബിനികള്‍ക്കും സാധിക്കാത്തത് അതുകൊണ്ടാണ്.

രക്ഷിതാക്കളറിയാന്‍:
* ജീവിതത്തില്‍ അടുക്കും ചിട്ടയും ശീലിക്കുക. കൃത്യനിഷ്ഠയുള്ള രക്ഷിതാക്കളില്‍ നിന്നേ മക്കള്‍ ചിട്ടയും ക്രമവും പഠിക്കൂ.
* മക്കളുടെ ആവശ്യങ്ങള്‍ കണ്ടറിയുക. അനാവശ്യമായ ആവശ്യങ്ങളെ യുക്തിപൂര്‍വം നിരാകരിക്കുക. അനാവശ്യ ചെലവുകളും ആര്‍ഭാട ജീവിതവും ശീലിച്ച മാതാപിതാക്കളുടെ മക്കളില്‍ ഒരിക്കലും സൂക്ഷ്മത ദര്‍ശിക്കാനാവില്ല.
* മക്കളെ സ്‌നേഹിക്കുക. സ്‌നേഹവും കാരുണ്യവും കൊണ്ട് നാം മക്കളില്‍ ഉണ്ടാക്കിയെടുക്കുന്ന ഹൃദയബന്ധത്തെ മുറിച്ചു മാറ്റാന്‍ അവര്‍ക്ക് കഴിയില്ല. പ്രവാചകനോട് ഒരാള്‍ പറഞ്ഞു: ''എനിക്ക് പത്ത് മക്കളുണ്ട്. ഞാന്‍ അവരില്‍ ആരെയും ചുംബിക്കാറില്ല.'' പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹു താങ്കളുടെ ഹൃദയത്തില്‍ കാരുണ്യം നിക്ഷേപിച്ചിട്ടില്ല.''
ഹൃദയത്തില്‍ കരുണയുള്ളവര്‍ക്കേ സ്‌നേഹിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും കഴിയൂ. മക്കളെ, അവരെത്ര പ്രായമായാലും അണച്ചു പിടിച്ച് ചുംബിക്കാന്‍ കഴിയണം. മാതാപിതാക്കള്‍ക്ക് അതിലൂടെയുണ്ടാകുന്ന ഇമോഷനല്‍ ബോണ്ട് വളരെ ശക്തവും ഭദ്രവുമായിരിക്കും.
* സദാസമയവും കുറ്റം കണ്ടെത്തുന്നതിനു പകരം അവരിലെ നന്മയെ കാണുക, അംഗീകരിക്കുക, പ്രശംസിക്കുക. ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക.
* ജോലി ഭാരം കുറക്കുകയും ജോലി സമയം ക്രമീകരിക്കുകയും ചെയ്തുകൊണ്ട് കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ ഒഴിവുസമയം കണ്ടെത്തുക. ഒരു നേരമെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. അവിടെ വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളും പങ്കുവെക്കുക. പള്ളിയിലേക്ക് മക്കളെ കൂടെ കൂട്ടാനും അങ്ങാടിയിലൂടെ അവരോടൊപ്പം വൈകുന്നേരങ്ങള്‍ ചെലവഴിക്കാനുമായാല്‍ അനാവശ്യമായ സൗഹൃദങ്ങളില്‍നിന്ന് അവരെ തടയാനും ശരിയായ സാമൂഹിക ബന്ധങ്ങള്‍ക്ക് കളമൊരുക്കാനും കഴിയും. തിരക്കുപിടിച്ച ഓട്ടത്തിനൊടുവില്‍ രാത്രി വളരെ വൈകി രക്ഷിതാക്കള്‍ വീടണയുമ്പോഴേക്കും മക്കള്‍ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും സ്വകാര്യതയിലേക്ക് ഉള്‍വലിയുന്നത് സ്വാഭാവികം. ശേഷം അതുണ്ടാകുന്ന അബദ്ധങ്ങളില്‍ നാം പരിതപിച്ചിട്ട് കാര്യമില്ല.
* ഒഴിവു ദിവസങ്ങളില്‍ അധിക ജോലികള്‍ ഏറ്റെടുക്കാതിരിക്കുക. മക്കളോടൊപ്പമുള്ള വീക്കെന്റ് ആസ്വാദ്യകരമാക്കുക.
* നെഗറ്റീവ് കല്‍പനകള്‍ക്ക് പകരം പോസീറ്റീവ് ആജ്ഞകള്‍ ആകാം. 'പൂച്ചയെ അടിക്കരുത്' എന്ന് കൊച്ചു കുട്ടിയോട് പറയുന്നതിനു പകരം 'പൂച്ച ഒരു മിണ്ടാപ്രാണിയാണ്. സഹജീവികളെ സ്‌നേഹിക്കുക എന്നത് മനുഷ്യധര്‍മവും ദൈവികാധ്യാപനത്തിന്റെ ഭാഗവുമാണ്. സമസൃഷ്ടികളോട് സ്‌നേഹവും കരുണയും കാണിക്കുന്നവരോട് അല്ലാഹു കരുണ കാണിക്കും' എന്ന് പറയാന്‍ കഴിഞ്ഞാല്‍ അത് കുട്ടികളില്‍ ഉണ്ടാക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്.
* വികാരങ്ങളെ നിയന്ത്രിക്കുക. നാം പലപ്പോഴും ദേഷ്യം തീര്‍ക്കുന്നത് മക്കളോടാണ്. ഉറഞ്ഞുതുള്ളുന്ന വാപ്പയെ കണ്ടിട്ടായിരിക്കാം മക്കള്‍ കോപിക്കാന്‍ പഠിക്കുന്നത്. സ്വന്തം വിധിയെ പഴിക്കുന്ന ഉമ്മയെ കണ്ടായിരിക്കാം കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നത്. നമ്മുടെ വാക്കും പ്രവൃത്തിയും അംഗചലനങ്ങളും വരെ കുട്ടിയുടെ സ്വഭാവ രൂപീകരണത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു.
* അനാവശ്യമായി മക്കളോട് ദേഷ്യപ്പെടേണ്ടിവന്നാല്‍ പോലും അത് തിരിച്ചറിയുന്ന മുറക്ക് അവരോട് സോറി പറയാനും ഖേദം പ്രകടിപ്പിക്കാനും കഴിഞ്ഞാല്‍ അതിലൂടെ നാം ചെറുതാവുകയല്ല, വലുതാവുകയാണ്. 'തെറ്റുകള്‍ മനുഷ്യ സഹജമാണ്, അത് തിരുത്തുന്നതിലാണ് മാന്യത' എന്ന വലിയ പാഠം മക്കള്‍ പഠിക്കുന്നു.
കുട്ടികളില്‍ കാണുന്ന സ്വഭാവ വൈകൃതങ്ങള്‍ക്ക് പ്രധാന കാരണം രക്ഷിതാക്കളോ അവര്‍ വളര്‍ന്ന സാഹചര്യമോ ആണ്. 'എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്' എന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ പത്തുവയസ്സുകാരനായ മകന്‍. പകലിലെ ഔദ്യോഗിക തിരക്കുകള്‍ക്കു ശേഷം വൈകി വീട്ടിലെത്തുന്ന അവര്‍ക്ക് രണ്ടു പേര്‍ക്കും മകനെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തികഞ്ഞ ഇസ്്‌ലാമിക ശിക്ഷണം ഉറപ്പു നല്‍കുന്ന അകലെയുള്ള ഒരു സ്ഥാപനത്തിലെ ഹോസ്റ്റലിലാക്കി അവര്‍ സമാധാനത്തോടെ തിരിച്ചുപോന്നു. ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷം സ്‌കൂളിലെ ഒരു മോഷണക്കേസില്‍ മകന്‍ പിടിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് അവരെ തേടിയെത്തിയത്.
കുറ്റം സ്ഥാപനത്തിന്റെയോ പള്ളിയുടെയോ പ്രസ്ഥാനത്തിന്റേയോ അല്ല.കുട്ടിക്ക് കിട്ടേണ്ട അവകാശമാണ് മാതാപിതാക്കളുടെ സ്‌നേഹവും സഹവാസവും. രക്ഷിതാക്കളുടെ കൂടെ കളിച്ചും ചിരിച്ചും ഉണ്ടും ഉറങ്ങിയും അവന്‍ പഠിക്കേണ്ടുന്ന പാഠങ്ങളാണ് ജീവിതവിശുദ്ധിയുടെ ആദ്യ പാഠങ്ങള്‍. മനസ്സുറക്കാത്ത പ്രായത്തില്‍ അവനു കിട്ടേണ്ടത് ഗുണപാഠമുള്ള കഥകളും പാട്ടുകളുമാണ്. ഇളംമനസ്സുകളെ ഇളക്കിമറിക്കാന്‍ അത്തരം സഹവാസങ്ങള്‍ക്ക് കഴിയും.
കൗമാരക്കാരെ കുട്ടികളായിട്ടല്ല, മുതിര്‍ന്നവരായിട്ടാണ് പരിഗണിക്കേണ്ടത്. വീട്ടിലെ ദൈനംദിന കാര്യങ്ങളില്‍ അവരുടെ സേവനം ഉറപ്പാക്കുക. അഭിപ്രായങ്ങള്‍ ചോദിക്കുക. ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുക. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി നേര്‍ക്കുനേരെ മനസ്സു തുറന്ന് സംസാരിക്കുക. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അവഹേളിക്കാതിരിക്കുക. അവരുടെ വ്യക്തിത്വത്തെ മാനിക്കുക.
കൗമാരത്തിന്റെ പാരന്റ് അല്ല, പാര്‍ട്ട്‌നര്‍ ആണ് നിങ്ങള്‍. പര്‍ച്ചേഴ്‌സിന് ഉമ്മയോടൊപ്പം പോകാനും കുടുംബബജറ്റ് തയാറാക്കാനും ഇളയ കുട്ടികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാനും അവരെ ഏല്‍പിക്കുക. ഇപ്രകാരം അവരെ അംഗീകരിക്കുക.
ചുരുക്കത്തില്‍ parents are the first teachers
കുട്ടികളുടെ ആദ്യത്തെ അധ്യാപകരാണ് രക്ഷിതാക്കള്‍. അവര്‍ പഠിക്കുന്ന ഒന്നാമത്തെ പാഠം മാതാപിതാക്കളുടെ ജീവിതമാണ്. സ്വന്തം ജീവിതത്തിനു നേരെ തിരിച്ചുവെച്ച കണ്ണാടിയാണ് കുട്ടികള്‍ക്കു മുമ്പില്‍ നമുക്ക് വെക്കാനുള്ളത്. വിശ്വാസത്തിന്റെയും സൂക്ഷ്മതയുടെയും കിരണങ്ങളാണ് അതില്‍ പതിക്കേണ്ടത്. അതില്‍ തെളിയുന്ന പ്രതിബിംബമാണ് കുട്ടികളുടെ റോള്‍ മോഡല്‍. ആ കണ്ണാടിയില്‍ വീഴുന്ന കറുത്ത പാടുകള്‍ ആ പ്രതിബിംബത്തെ എത്രമാത്രം വികലവും വികൃതവുമാക്കുമെന്ന് നാം ചിന്തിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍