Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

സിറിയ; രാസായുധ പ്രയോഗവും പാശ്ചാത്യരുടെ ഒളിച്ചുകളിയും

മൂസക്കുട്ടി വെട്ടിക്കാട്ടിരി

സിറിയയില്‍ രാസായുധം പ്രയോഗിച്ചത് സിറിയന്‍ ഭരണകൂടമോ അമേരിക്കന്‍ ഏജന്റുമാരോ മറ്റു ബാഹ്യശക്തികളോ തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇരകളോടുള്ള നിലപാടുകള്‍ രൂപപ്പെടുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്. ആരാണെങ്കിലും അതിന്റെ ഗുണഭോക്താവ് സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദാണെന്നുറപ്പ്. സിറിയന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം രാസായുധം തുടര്‍ച്ചയായി മരണം വിതച്ചുകൊണ്ടിരിക്കുന്നു. എത്ര ആയിരങ്ങള്‍ കൊല്ലപ്പെട്ടുവെന്നതിന് വ്യക്തമായ കണക്കില്ല. അതിന്റെ കണക്ക് കിട്ടുക പ്രയാസവുമാണ്. രാസമഴ ഒരു ജനതയെ അനുദിനം നിശ്ശബ്ദ മരണത്തിലേക്ക് തള്ളിവിടുന്ന അതിദാരുണമായ കാഴ്ചയാണ് സിറിയയില്‍ കാണുന്നത്. രാസായുധ പ്രയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം നില നില്‍ക്കുമെന്നു കൂടി ഓര്‍ക്കുക. രാസായുധ പ്രയോഗങ്ങളുടെ ഇരകളായി മരിച്ചുവീണവരുടെ   ദയനീയ ചിത്രങ്ങള്‍ ദൃശ്യ മാധ്യമങ്ങളിലും പ്രിന്റ് മീഡിയയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇരകളിലധികവും പതിവുപോലെ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളുമാണ്.
അറബ് വസന്തം തിരിഞ്ഞു നടക്കുന്നുവെന്നും മുല്ലപ്പൂക്കള്‍ വാടിത്തുടങ്ങിയെന്നുമൊക്കെ ഇസ്‌ലാം വിരുദ്ധര്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ഇസ്‌ലാമിക ഉയിര്‍പ്പിനെ മുളയിലേ നുള്ളിക്കെടുത്താന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വ്യഗ്രത കാട്ടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം ബശ്ശാറുല്‍ അസദ് ശരിക്കും മുതലാക്കുകയാണ്. ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതില്‍ ഇസ്രയേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ബശ്ശാര്‍ ആയിരിക്കും. സിറിയന്‍ പ്രതിസന്ധി മുതലെടുക്കുന്നതിനുപകരം, നിരപരാധികളായ ജനതയെ കൊന്നൊടുക്കുന്നതില്‍നിന്ന് സിറിയന്‍ ഏകാധിപതിയെ തടയാന്‍ മുര്‍സിയുടെ ഈജിപ്ത് ശക്തമായ പിന്തുണയാണ് നല്‍കി വന്നത്. മുര്‍സിയെ പുറത്താക്കിയ പട്ടാളത്തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി സിറിയന്‍ അനുകൂല നിലപാടുമായി രംഗത്ത്‌വന്നത് ഇതോടൊപ്പം കൂട്ടിവായിക്കുക.
അന്താരാഷ്ട്ര തലത്തില്‍ തന്നെ സിറിയന്‍ വിഷയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കാന്‍ പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇസ്‌ലാം പേടിതന്നെ. ബശ്ശാറുല്‍ അസദ് ഭരണം വിട്ടൊഴിയണമെന്ന് പറയുമ്പോഴും പകരം ജനാധിപത്യ രീതിയില്‍ ഇസ്‌ലാം ഭരണ രംഗത്ത് തിരിച്ചുവന്നേക്കാമെന്ന 'ഭയം' വന്‍രാഷ്ട്രങ്ങളും മറ്റും വെച്ചുപുലര്‍ത്തുന്നുണ്ട്.
സിറിയ എന്ന സമ്പന്നമായ അറബ് മുസ്‌ലിം രാജ്യത്തെ സ്വന്തം ഭരണാധികാരിതന്നെ നശിപ്പിക്കുന്ന 'ഹൃദയഹാരിയായ' കാഴ്ച കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അമേരിക്ക കളിക്കളത്തിലിറങ്ങാനുള്ള തീരുമാനത്തിന്റെ പിന്നിലെ പ്രചോദനമെന്തായിരിക്കും? സിറിയയില്‍ കലാപം പടര്‍ന്നു പിടിക്കുമ്പാള്‍ ചുറ്റുമുള്ള സാമ്രാജ്യത്വ താല്‍പര്യങ്ങളെ സംരക്ഷിക്കുക മാത്രമാണ് അമേരിക്ക ചെയ്യുന്നത്. പ്രത്യേകിച്ചും ഇസ്രയേലിന് കേട്പറ്റുന്ന ഒരു കളിയും അമേരിക്ക അനുവദിക്കില്ല.
സിറിയയില്‍ അമേരിക്ക ഇടപെടുന്നതിനെ പല കാരണങ്ങളാല്‍ അമേരിക്കന്‍ ജനത ഇഷ്ടപ്പെടുന്നില്ല. ബശ്ശാറിനെ എതിര്‍ക്കുന്നവര്‍ അമേരിക്കയുടെ മിത്രങ്ങളല്ലെന്ന് അമേരിക്കന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ Martin Dempsey പറഞ്ഞത് ഓര്‍ക്കുക. അതുകൊണ്ട് മേഖലയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തുക എന്നതിലപ്പുറം സിറിയന്‍ ജനതയെ രക്ഷിച്ചെടുക്കുക അമേരിക്കയുടെ അജണ്ടയേ അല്ല.
അറബ് വസന്തം ഈജിപ്തില്‍ തിരിഞ്ഞു നടന്നാലും അതിന്റെ അലയൊലികള്‍ പോലും ബശ്ശാറിനെ പേടിപ്പെടുത്തുന്നുണ്ട്. ജനകീയ പോരാട്ടത്തെ ചോരയില്‍ മുക്കി പിടിച്ചു നില്‍ക്കാമെന്ന വ്യാമോഹമൊന്നും അദ്ദേഹത്തിനില്ല. സിറിയയെ വിഭജിക്കുക രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും അസാധ്യമാണെന്ന് നന്നായറിയാവുന്ന ബശ്ശാര്‍ ശീഈ വിഭാഗത്തിന്റേതായ ഒരു സ്വയം ഭരണ പ്രദേശം തട്ടിക്കൂട്ടുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ചില അറബ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്. കാര്യങ്ങളുടെ ഗതി ഇത്തരം നിരീക്ഷണങ്ങളെ ശരിവെക്കുന്നു. നിലവിലെ യുദ്ധത്തിലൂടെ അതാണ് സാധിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. സിറിയക്ക് ഒരു ഇറാഖെങ്കിലും ആകാമെന്ന് ബശ്ശാര്‍ കണക്ക് കൂട്ടുന്നുണ്ടാവും. സദ്ദാമിന്റെ ഗതി വരാതെ സൂക്ഷിക്കണമെന്ന അത്യന്തം ശ്രമകരമായ ഉത്തരവാദിത്വമുണ്ടെങ്കിലും.
അമേരിക്കയുടെ ഇടപെടല്‍ സിറിയയിലെ ഭൂരിഭാഗം വരുന്ന സുന്നി വിഭാഗത്തെ തീവ്രവാദത്തിലേക്ക് തള്ളിവിടാന്‍ സഹായകമാകും. അതോടെ  ജനാധിപത്യ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് തീവ്രവാദ വിരുദ്ധ യുദ്ധം തുടങ്ങി സിറിയന്‍ ഭീഷണിയില്‍നിന്ന് ഇസ്രയേലിനെ രക്ഷിച്ചെടുക്കാമെന്നും സാമ്രാജ്യത്വം കണക്കുകൂട്ടുന്നു. അമേരിക്ക തീവ്രവാദം തുടച്ചുനീക്കി ജനാധിപത്യം കൊണ്ടുവരാന്‍ യുദ്ധം നയിച്ച ഇറാഖ്, യമന്‍ തുടങ്ങിയ നാടുകളിലെ നിലവിലെ ഗതിതന്നെ മികച്ച ഉദാഹരണം.
രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക നിരന്തരം ഭീഷണി മുഴക്കിയിരുന്നു. രാസായുധ പ്രയോഗത്തിന്റെ പ്രത്യാഘാതം അറിയാത്ത ആളല്ല സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ്. എന്നിട്ടും എന്തുകൊണ്ടാണ് ബശ്ശാര്‍ ഇത്തരം ക്രൂരതകള്‍ യാതൊരു കൂസലുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ഇസ്‌ലാം വിരുദ്ധ കൂട്ടുകെട്ടുകള്‍ തമ്മിലെ കള്ളക്കളി ബോധ്യമാവുക അപ്പോഴാണ്.
എന്നാല്‍, ഇറാഖില്‍ നിന്ന് അസദ് ഒരു പാഠവും പഠിച്ചില്ല എന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അലട്ടുന്നത്. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇറാനെതിരെ രാസായുധ പ്രയോഗത്തിന് ഇറാഖിനെ അമേരിക്ക സഹായിച്ചതായ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങള്‍തന്നെയാണ് പുറത്തുവിട്ടത്. സദ്ദാമിനോട് കളിച്ച കളി അമേരിക്ക അസദിനോട് കളിക്കാന്‍ എന്തിന് മടിക്കണമെന്നാണ് നിരീക്ഷകര്‍ ചോദിക്കുന്നത്.
സിറിയയില്‍ രാസ വര്‍ഷത്തിനുശേഷം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് അല്‍മുഅല്ലിമുമായി ദമസ്‌ക്കസില്‍ വന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്താണ് സംസാരിച്ചതെന്നതിനെക്കുറിച്ച് ലോക മാധ്യങ്ങള്‍ പലതാണ് പറഞ്ഞത്. എന്നാല്‍  രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാഖിന്റെ കുവൈത്ത് ആക്രമണ കാലത്ത് അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബെക്കര്‍ ഇറാഖി വിദേശ കാര്യ മന്ത്രി താരിഖ് അസീസുമായി നടത്തിയ കൂടിക്കാഴ്ചയെയാണ് പ്രസ്തുത സംഭവം ഓര്‍മ്മപ്പെടുത്തുന്നത്. അന്നും മാധ്യമങ്ങള്‍ പലതും പ്രചരിപ്പിച്ചു. പക്ഷെ പിന്നീട് നടന്നത് ചരിത്രം. എന്നാല്‍ ഏകാധിപതികള്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാറില്ലല്ലോ. സിറിയയുടെ ഗതി ഇറാഖിനു സമാനമായിരിക്കുമെന്നാണ് മിഡിലീസ്റ്റിലെ മിക്ക രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഒന്നുറപ്പാണ്. നിലവിലെ നില തുടര്‍ന്നാല്‍ പ്രതിപക്ഷ സേനയെ പരാജയപ്പെടുത്താന്‍ ബശ്ശാറിന് അധികനാള്‍ വേണ്ടിവരില്ല.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍