Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

ശാന്തിവിളയുന്ന വീടിനു വേണ്ടി

ശൈഖ് മുഹമ്മദ് കാരകുന്ന്‌

മുസ്ത്വഫാ കമാല്‍ തുര്‍ക്കിയില്‍നിന്ന് ഇസ്‌ലാമിന്റെ അവസാനത്തെ അടയാളവും തുടച്ചുമാറ്റി. അറബിയില്‍ ബാങ്ക് വിളിക്കുന്നത് വിലക്കി. അറബി ലിപി ഉപയോഗിക്കുന്നത് പോലും നിരോധിച്ചു. പള്ളികളും മതപാഠശാലകളും അടച്ചുപൂട്ടി. പെണ്‍കുട്ടികള്‍ തലമറക്കുന്നതും മുട്ടിനു താഴെ വസ്ത്രം ധരിക്കുന്നതും നിയമവിരുദ്ധമാക്കി. ഇസ്‌ലാമിനെ സംബന്ധിച്ച് പരസ്യമായി സംസാരിക്കുന്നത് ശിക്ഷാര്‍ഹമാക്കി. അങ്ങനെ ഇസ്‌ലാമിന്റെ ചര്യകളും ചിഹ്നങ്ങളും തീരെ കാണപ്പെടാത്ത അവസ്ഥ ഉണ്ടായി. തുര്‍ക്കിയില്‍ നിന്ന് ഇസ്‌ലാം അപ്രത്യക്ഷമായെന്നു വരെ പൊതുവെ കരുതപ്പെട്ടു. അഞ്ചു പതിറ്റാണ്ടോളം ഈ അവസ്ഥ തുടര്‍ന്നു.
എന്നാല്‍, സ്വാതന്ത്ര്യം കിട്ടിയതോടെ സ്ഥിതിയാകെ മാറി. വളരെ പെട്ടെന്നു തന്നെ ഇസ്‌ലാം തിരിച്ചുവന്നു. കുട്ടികളും യുവാക്കളുമുള്‍പ്പെടെ എല്ലാവരും ഇസ്‌ലാമിക ജീവിതം നയിക്കാന്‍ തുടങ്ങി. മതപാഠശാലകളും പള്ളികളും ധാരാളമായി നിലവില്‍ വന്നു. കിട്ടിയ ആദ്യ അവസരമുപയോഗിച്ച് സഹോദരിമാര്‍ ശിരോവസ്ത്രം ധരിക്കാന്‍ തുടങ്ങി. ഈ മഹാ വിസ്മയം എങ്ങനെ സാധിച്ചുവെന്നതിന് എല്ലാവരും നല്‍കുന്ന മറുപടി ഒന്നുതന്നെ. കുടുംബമെന്ന മഹദ് സ്ഥാപനം പതിറ്റാണ്ടുകളോളം ഇസ്‌ലാമിനെ വീടകങ്ങളില്‍ സംരക്ഷിക്കുകയായിരുന്നു. തലമുറകളിലേക്കത് പകര്‍ന്നു നല്‍കുകയായിരുന്നു.
മനുഷ്യന് എല്ലാം നല്‍കുന്നത് കുടുംബമാണ്. ജനനവും മരണവും കുടുംബത്തില്‍ വെച്ചാണ്. സ്‌നേഹവും കാരുണ്യവും ലാളനയും വാത്സല്യവും കിട്ടുന്നത് അവിടെ നിന്നാണ്. തീനും കുടിയും ഉറക്കവും ഉണര്‍ച്ചയും അവിടെത്തന്നെ. വസ്ത്രം ധരിക്കുന്നതും അഴിക്കുന്നതും അവിടെ വെച്ചാണ്. ഇരിക്കാനും നടക്കാനും പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. കുളിയും കളിയും ചിരിയും കരച്ചിലും ശീലിക്കുന്നത് അവിടെ വെച്ചാണ്. ഭാഷയും സംസ്‌കാരവും സ്വീകരിക്കുന്നതും അവിടെ നിന്നുതന്നെ. സ്വഭാവവും പെരുമാറ്റവും ശീലിക്കുന്നതും അങ്ങനെത്തന്നെ. അതുകൊണ്ടുതന്നെ കുടുംബം ഒരു മഹാത്ഭുതമാണ്. ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹം. ലോകത്തിലെ അതുല്യമായ ആകര്‍ഷണകേന്ദ്രവും അതുതന്നെ. അതിനാല്‍ ഏവരും എവിടെ പോയാലും അവിടെ തിരിച്ചെത്താനാഗ്രഹിക്കുന്നു. എത്ര അനുഭവിച്ചാലും ആസ്വദിച്ചാലും മതിവരാത്ത ഒന്നാണത്. സംസ്‌കാരം രൂപം കൊള്ളുന്നത് കുടുംബത്തില്‍ നിന്നാണ്. നാഗരികത പിറവിയെടുക്കുന്നതും അവിടെനിന്നു തന്നെ.
ഇസ്‌ലാമിലെ അതിപ്രധാനമായ ആരാധനാകര്‍മങ്ങളുടെ വിശദാംശങ്ങളില്ലാത്ത ഖുര്‍ആനില്‍ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ടിരിക്കുന്നു. വിവാഹം, അത് അനുവദിക്കപ്പെട്ടവര്‍, നിരോധിക്കപ്പെട്ടവര്‍, ദാമ്പത്യ ജീവിതം, അതിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍, അവക്കുള്ള പരിഹാരങ്ങള്‍, വിവാഹമോചനം, അതൊഴിവാക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, വിവാഹമോചനത്തിന്റെ ക്രമം, ഇദ്ദ, മുലകുടിബന്ധം, കുട്ടികളുടെ സംരക്ഷണം, ബഹുഭാര്യാത്വം, അനന്തരാവകാശ നിയമങ്ങള്‍ പോലുള്ളവയെല്ലാം പരിശുദ്ധ ഖുര്‍ആന്‍ തന്നെ സൂക്ഷ്മമായി പഠിപ്പിക്കുന്നു.
കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളും ബാധ്യതകളും ഇസ്‌ലാം സൂക്ഷ്മമായി പഠിപ്പിക്കുന്നു. അങ്ങനെ കുടുംബജീവിതത്തെ ഭദ്രവും ആരോഗ്യകരവുമാക്കുന്നു. അതിലൂടെ മാത്രമേ സുരക്ഷിതമായ സമൂഹം രൂപം കൊള്ളുകയുള്ളൂ. സ്‌നേഹം, കാരുണ്യം, വിനയം, വിട്ടുവീഴ്ച, സഹനം, സേവനം, ഉദാരത, ത്യാഗം,സമര്‍പ്പണം,സഹിഷ്ണുത തുടങ്ങിയ മഹദ് ഗുണങ്ങള്‍ രൂപപ്പെടേണ്ടത് കുടുംബത്തില്‍ നിന്നാണ്. കുടുംബത്തെ ഭദ്രവും മനോഹരവുമാക്കുന്നതും അവ തന്നെ.
മൂന്നു ദുരന്തങ്ങള്‍ കഴിഞ്ഞ റമദാന്റെ ശോഭകെടുത്തി. മുസ്‌ലിം സമുദായത്തെ അങ്ങേയറ്റം അപമാനിതമാക്കി. പൊതുസമൂഹത്തെ വളരെയേറെ അലോസരപ്പെടുത്തുകയും ചെയ്തു. ദക്ഷിണ കേരളത്തില്‍ ശഫീഖ് എന്ന കൊച്ചു കുട്ടിയെ സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മാരകമായി പരിക്കേല്‍പിച്ചു. ഡോക്ടര്‍മാരുടെ കഠിന യത്‌നം അവന്റെ ജീവന്‍ സംരക്ഷിക്കാന്‍ അനിവാര്യമായി വന്നു. ദിവസങ്ങളോളം കേരളം അവന്റെ ജീവനെ സംബന്ധിച്ച ആധിയിലായിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഉഗ്രപുരത്ത് മധ്യവയസ്‌കന്‍ സ്വന്തം ഭാര്യയെയും രണ്ടു മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് അതിക്രൂരമായി കൊലപ്പെടുത്തി. തൃശൂര്‍ ജില്ലയില്‍ അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭര്‍തൃമതി സ്വന്തം ബന്ധുവിനാല്‍ വധിക്കപ്പെട്ടു.
മൂന്നു സംഭവങ്ങളും കുടുംബം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെയും തകര്‍ച്ചയുടെയും സൂചകങ്ങളാണ്. ഇതര ജനവിഭാഗങ്ങളുടേതു പോലെ മുസ്‌ലിം കുടുംബങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. വിവാഹം വേണ്ടെന്നു വെക്കുന്നവര്‍, ദാമ്പത്യത്തെ ശപിക്കുന്ന വിവാഹിതര്‍, മക്കള്‍ ശാപവും ശല്യവുമായിത്തീര്‍ന്ന മാതാപിതാക്കള്‍, മാതാപിതാക്കളെ ഭാരവും ബാധ്യതയുമായി കാണുന്ന മക്കള്‍, മക്കളും പേരമക്കളുമുണ്ടായിരിക്കെ തനിച്ചു കഴിയേണ്ടിവരുന്ന വൃദ്ധദമ്പതികള്‍, ഇളം പൈതലുകളെ പോലും ഡേ കെയറുകള്‍ക്കെറിഞ്ഞു കൊടുക്കുന്ന മാതാക്കള്‍, മാതാപിതാക്കളെ സംരക്ഷിക്കാന്‍ ഹോം നഴ്‌സുമാരെ ഏല്‍പിച്ചു സുഖം തേടിപ്പോകുന്ന സന്താനങ്ങള്‍, പരസ്പരം കടിച്ചുകീറുന്ന സഹോദരങ്ങള്‍, പണത്തിനു വേണ്ടി അടുത്തവരെ പോലും അകറ്റിനിര്‍ത്തുന്ന കുടുംബക്കാര്‍... നമ്മുടെ കുടുംബഘടന താറുമാറായിരിക്കുന്നു.
കുടുംബമെന്ന മഹത്തായ സ്ഥാപനം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈയൊരു പശ്ചാത്തലത്തിലാണ് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സെപ്റ്റംബര്‍ ഏഴു മുതല്‍ ഒക്‌ടോബര്‍ ഏഴു വരെ നീണ്ടുനില്‍ക്കുന്ന ഒരു മാസത്തെ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇത് ബഹളമയമായ കാമ്പയിനല്ല. ഉദ്ഘാടന, സമാപന സമ്മേളനങ്ങളോ സെമിനാറുകളോ വലിയ പൊതുയോഗങ്ങളോ ഒന്നുമില്ല. എല്ലാ ശ്രദ്ധയും ശ്രമവും കേന്ദ്രീകരിക്കുന്നത് വ്യക്തിപരമായ ബന്ധത്തിലൂടെയും ബോധവത്കരണത്തിലൂടെയും കുടുംബങ്ങളുടെ സംസ്‌കരണത്തിലും ഇസ്‌ലാമീകരണത്തിലുമാണ്.
കുടുംബത്തെ സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട്, ഇസ്‌ലാം അതിനു നല്‍കുന്ന പ്രാധാന്യവും പരിഗണനയും, ഇസ്‌ലാമിക കുടുംബത്തിന്റെ ആദര്‍ശപരമായ അടിത്തറ, വിവാഹത്തിന്റെ പ്രാധാന്യവും അനിവാര്യതയും, ദമ്പതികള്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളും പെരുമാറ്റ രീതികളും, ദാമ്പത്യം ഭദ്രവും സംതൃപ്തവുമാകാന്‍ ഇണകള്‍ സ്വീകരിക്കേണ്ട സമീപനം, മക്കളെ വളര്‍ത്തേണ്ടതെങ്ങനെ, മാതാപിതാക്കളോടു സ്വീകരിക്കേണ്ട സമീപനം, വിശാലമായ കുടുംബ സംവിധാനം, കുടുംബത്തകര്‍ച്ചക്ക് കാരണമാകുന്ന പുതിയ പ്രവണതകള്‍, വഴിവിട്ട സ്ത്രീ-പുരുഷ ബന്ധങ്ങള്‍, ധൂര്‍ത്തും ദുര്‍വ്യയവും പോലുള്ള വിവാഹത്തിലെ അനാചാരങ്ങള്‍, സ്ത്രീധനം വരുത്തുന്ന വിപത്ത്, കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്നുനല്‍കേണ്ടതിന്റെ അനിവാര്യത, കുടുംബത്തിന്റെ ജനാധിപത്യവത്കരണം, പരിഗണന നല്‍കപ്പെടേണ്ട സ്ത്രീയുടെ വ്യക്തിത്വം, സ്വത്വബോധം പരിധിവിടുന്നത് മൂലമുണ്ടാകുന്ന ദാമ്പത്യത്തകര്‍ച്ച, ടി.വി-ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ദുരന്തങ്ങള്‍, സ്വാര്‍ഥതയില്‍ നിന്ന് മോചനം നേടേണ്ടതിന്റെ അനിവാര്യത, കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ പ്രാധാന്യവും മുറിക്കുന്നതിന്റെ അപകടവും, കുടുംബഭദ്രതക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഈ കാമ്പയിനില്‍ ഊന്നല്‍ നല്‍കുന്നത്.
വ്യക്തിബന്ധങ്ങളിലൂടെയും കുടുംബസദസ്സുകളിലൂടെയും മേല്‍ പറഞ്ഞ വിഷയങ്ങളെ സംബന്ധിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ ഉതകുന്നതായിരിക്കും ഈ കാമ്പയിന്‍. ഓരോ പ്രദേശത്തും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് അവിടത്തെ മുഴുവന്‍ മത സംഘടനകളുടെയും പള്ളി മഹല്ല് ഭാരവാഹികളുടെയും ഖാദി-ഖത്വീബുമാരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാകാന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കാമ്പയിനോടനുബന്ധിച്ച് സാധ്യമാകുന്നത്ര കൗണ്‍സലിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതാണ്. കുടുംബവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും സി.ഡികളും ബോധവത്കരണത്തിന് ധാരാളമായി ഉപയോഗപ്പെടുത്തും.
തുടക്കം സ്വന്തത്തില്‍നിന്ന്
ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ കുടുംബം മാതൃകാപരമാക്കി മാറ്റുകയെന്നത് കാമ്പയിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. നമ്മുടെ കുടുംബങ്ങളില്‍ ഊഷ്മളമായ പരസ്പര ബന്ധത്തിന്റെ പശിമയും പരിമളവുമുണ്ടാകണം. പരിശുദ്ധ ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അധ്യാപനങ്ങള്‍ക്കനുസൃതമായിരിക്കണം നമ്മുടെ കുടുംബം സംവിധാനിക്കപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് നന്മയുടെ വെളിച്ചം പകര്‍ന്നു നല്‍കുന്ന ഉത്തമ മാതൃകകള്‍ നമ്മുടെ കുടുംബജീവിതത്തിലുണ്ടാവണം.
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് നമ്മുടെ കുടുംബത്തില്‍തന്നെ തിരുത്തപ്പെടേണ്ട പോരായ്മകളും വീഴ്ചകളുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. ഭൗതികാസക്തിയില്‍ കെട്ടിപ്പടുത്ത മുതലാളിത്ത ജീവിതശൈലിയുടെ കടന്നുകയറ്റം നമ്മെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. ലാഭ-നഷ്ടങ്ങളുടെ കണക്ക് നോക്കി മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന പുതിയ കാലത്ത് നാമും അതിനു വിധേയമായിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം.
ഇവ്വിധം പ്രസ്ഥാന പ്രവര്‍ത്തകര്‍ ആത്മപരിശോധനയിലൂടെ സ്വന്തം കുടുംബത്തെ പരമാവധി സംസ്‌കരിച്ചും ശുദ്ധീകരിച്ചും മാതൃകാപരവും ഭദ്രവുമാക്കിയാവണം കാമ്പയിന്റെ സന്ദേശവുമായി സമൂഹത്തിലേക്കിറങ്ങേണ്ടത്. കുടുംബത്തെ ഇസ്‌ലാമിലേക്ക് തിരിച്ചുകൊണ്ടുവന്ന്, അതിലൂടെ വീടുകളെ മാതൃകാപരമായ ശാന്തികേന്ദ്രങ്ങളാക്കുകയെന്ന കാമ്പയിന്‍ ലക്ഷ്യം നേടാന്‍ കഴിയുന്നതിനനുസരിച്ചാണ് സമൂഹത്തില്‍ നന്മയും സമാധാനവും സുരക്ഷിതത്വവും സന്തോഷവും സംതൃപ്തിയും സംജാതമാവുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍