സ്വര്‍ഗവും നരകവും
നരകസ്വര്ഗങ്ങളെപ്പറ്റി ചിലത് കുറിക്കുകയാണ്. ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഈ വിഷയത്തില്‍ അവരുടേതായ സങ്കല്‍പങ്ങളുണ്ട്. ജീവിതം എന്ന ഈ ഉണ്മയുടെ യാഥാര്‍ഥ്യം തുടക്കം മുതല്‍ ഒടുക്കം വരെ ഒരു കുമിളക്ക് സമാനമാണ് എന്നവര്‍ പറയുന്നു. തിരമാലയിലെന്ന പോലെ അത് നിമിഷാര്‍ധത്തില്‍ പ്രത്യക്ഷമാവുകയും ഉടന്‍ തന്നെ കടലിലേക്ക് പിന്‍വാങ്ങുകയും ചെയ്യുന്നു. ആത്മാവിന്റെ കൂടു മാറ്റത്തെ (transmigration)ക്കുറിച്ചുള്ള അവരുടെ ധാരണകള്‍ ശിക്ഷയും പ്രതിഫലവും എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടുള്ളതാണ്. ചെയ്ത കുറ്റത്തിനനുസരിച്ചായിരിക്കും ശിക്ഷ കിട്ടുക. ഉദാഹരണത്തിന്, ഒരു രാജാവ് അത്ര ഗുരുതരമല്ലാത്ത ഒരു തെറ്റു ചെയ്തു എന്നു കരുതുക. എങ്കില്‍ അയാള്‍ മരണശേഷം ഒരു അടിമയായാണ് പുനര്‍ജനിക്കുക. ചെയ്ത കുറ്റകൃത്യം ഭീകരമാണെങ്കില്‍ രാജാവിന്റെ പുനര്‍ജന്മം പൂച്ചയോ നായയോ ഒക്കെ ആയിട്ടായിരിക്കും. കുറ്റകൃത്യം ഇനിയും ബീഭത്സമാണെങ്കില്‍ മരമായോ കല്ലായോ പുനര്‍ജനിക്കും.
ഖനിജങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ -ഇതൊക്കെയും പരിണാമത്തിന്റെ രൂപഭേദങ്ങള്‍. ഒരാള്‍ കല്ലായി പുനര്‍ജനിക്കാനാണ് ശപിക്കപ്പെടുന്നതെങ്കില്‍ നൂറ്റാണ്ടുകളെടുക്കും അയാള്‍ ഒരു മരമായി പുനര്‍ജനിക്കാന്‍. മരം അതിന്റെ ജീവിതകാലത്ത് നന്മയെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അടുത്ത ജന്മത്തിലത് ഒരു മൃഗമായി സ്ഥാനക്കയറ്റം നേടും. മനുഷ്യരിലെ ഏറ്റവും താഴെക്കിടയിലുള്ളവനും തൊട്ടുകൂടാത്തവനുമായ ശൂദ്രനായിട്ടാണ് മൃഗത്തിന്റെ ആദ്യ പരിണാമം നടക്കുക. തീണ്ടാപ്പാടകലെ നിര്‍ത്തപ്പെട്ട ശൂദ്രന്‍ നല്ല നിലയില്‍ ജീവിച്ചാല്‍ അടുത്ത ഘട്ടത്തില്‍ വൈശ്യനായി പുനര്‍ജനി നേടാം; പിന്നെ ക്ഷത്രിയനും ഒടുവില്‍ ബ്രാഹ്മണനുമായി രൂപാന്തരപ്പെടാം. ഇനിയൊരു ബ്രാഹ്മണന്‍ വളരെ നല്ല നിലയിലാണ് ജീവിക്കുന്നതെങ്കില്‍ അയാള്‍ പരമേശ്വരനില്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുക; കുമിള നദിയില്‍ എന്ന പോലെ. ഇനി ബ്രാഹ്മണന്‍ വഴിതെറ്റിയാണ് സഞ്ചരിക്കുന്നതെങ്കില്‍ അയാളൊരു മൃഗമായി പുനര്‍ജനിക്കും.
പുനര്‍ജന്മത്തെക്കുറിച്ച ഹൈന്ദവ സങ്കല്‍പമാണിത്. സ്വര്‍ഗ നരകങ്ങളെ കേന്ദ്രീകരിച്ചാണ് ഇത് സംബന്ധമായ മുസ്‌ലിം വിശ്വാസ ക്രമങ്ങള്‍. സ്വര്‍ഗത്തില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം കൊണ്ട് വിഭവങ്ങള്‍ ഒരുക്കപ്പെടുമെന്നും തേനിന്റെയും മദ്യത്തിന്റെയും പാലിന്റെയും നദികള്‍ സ്വര്‍ഗത്തിലൂടെ ഒഴുകുമെന്നും വിശുദ്ധ ഖുര്‍ആനിലും തിരുചര്യയിലും വ്യക്തമായി പരാമര്‍ശിക്കപ്പെട്ടതാണ്. മനുഷ്യ ഭാവനയുടെയും സങ്കല്‍പങ്ങളുടെയും പരിമിതി നാമിവിടെ കണക്കിലെടുക്കണം. സ്വര്‍ഗീയ സുഖാനുഭൂതി ഒരിക്കലും പൂര്‍ണമായി മനുഷ്യ ധിഷണക്ക് മനസ്സിലാക്കാനാവില്ല എന്നതാണ് വസ്തുത. ഒരാളും കാണാത്തത്, ഒരാളും കേള്‍ക്കാത്തത്, മനുഷ്യ ബുദ്ധിക്ക് സങ്കല്‍പിക്കാനാവാത്തത് എന്ന് സ്വര്‍ഗത്തെക്കുറിച്ച് ഹദീസില്‍ വിവരിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്നതെന്തും സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. സ്വര്‍ഗത്തിലെ ഒരുക്കങ്ങള്‍ ഒരാള്‍ക്കും സങ്കല്‍പിക്കാനാവില്ലെന്ന് ഒരു നബിവചനത്തിലും വന്നിരിക്കുന്നു. ഇപ്പറഞ്ഞതൊന്നും തമ്മില്‍ വൈരുധ്യമില്ലെന്ന് മനസ്സിലാക്കണം.
നന്മയും തിന്മയും ദൈവത്തില്‍ നിന്ന് എന്ന വിശ്വാസം സങ്കീര്‍ണമായ ഒന്നാണ്. ഇതുകൊണ്ടാവാം, സൊരാഷ്ട്രിയന്മാര്‍ നന്മക്ക് ഒരു ദൈവത്തെയും തിന്മക്ക് വേറൊരു ദൈവത്തെയും സങ്കല്‍പിച്ചത്. ഈ സങ്കല്‍പത്തില്‍ യുക്തിക്ക് നിരക്കാത്ത ഒരു വശമുണ്ട്. ചിലപ്പോള്‍ നന്മയുടെ ശക്തികള്‍ തോല്‍പിക്കപ്പെടാറുണ്ടല്ലോ. അതിനര്‍ഥം, ഈ സങ്കല്‍പപ്രകാരം, നന്മയുടെ ദൈവം തോല്‍പിക്കപ്പെട്ടു എന്നാണ്. അങ്ങനെയെങ്കില്‍ നന്മയുടെ ദൈവത്തില്‍ തുടര്‍ന്നും നമുക്കെങ്ങനെയാണ് വിശ്വാസമര്‍പ്പിക്കാന്‍ കഴിയുക? എന്നാല്‍ ഇസ്‌ലാം പറയുന്നത് ആത്യന്തികമായി നന്മയും തിന്മയും ദൈവത്തിങ്കല്‍നിന്ന് എന്നാണ്. അപ്പോള്‍ ചോദ്യം ഉയരുന്നു: എങ്കില്‍ എന്തിനാണ് നമ്മെ ശിക്ഷിക്കുന്നത്? 'ഇഛാ സ്വാതന്ത്ര്യവും നിര്‍ണയ വാദവും' (Freedom & Determinism) വളരെ സങ്കീര്‍ണമായ ഒരു വിഷയമാണെന്നര്‍ഥം. എല്ലാ മതങ്ങളും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്, നൂറ്റാണ്ടുകളോളം. എന്നിട്ടും ഒരു തീര്‍പ്പില്‍ എത്തിയിട്ടില്ല. ദൈവം കാലേക്കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍ ചെയ്യാന്‍ ഒരാള്‍ ബാധ്യതപ്പെടുകയാണ് എന്ന് വന്നാല്‍ ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉയരും. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനെന്ന് സങ്കല്‍പിച്ചാലും ചില ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടിവരും. തടസ്സവാദങ്ങള്‍ ഇരു വാദഗതികളിലും ഉന്നയിക്കാമെന്ന് സാരം. ഇത്തരം അറ്റമില്ലാത്തതും അര്‍ഥശൂന്യവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടരുതെന്ന് പ്രവാചകന്‍ കര്‍ശനമായി വിലക്കിയത് അതുകൊണ്ടാണ്.
വിഷയം കൂടുതലായി ചര്‍ച്ച ചെയ്യാന്‍ നാമിവിടെ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു യന്ത്രം അതിന്റെ നിര്‍മാതാവ് ഉദ്ദേശിച്ച പണികള്‍ യാന്ത്രികമായി ചെയ്യുന്നത് പോലെയാണ് മനുഷ്യന്റെ നിലയെങ്കില്‍, പിന്നെ തിന്മ ചെയ്തതിന്റെ പേരില്‍ ആ മനുഷ്യനെ ശിക്ഷിക്കുന്നതില്‍ അര്‍ഥമില്ല. സല്‍ക്കര്‍മങ്ങള്‍ക്ക് സ്വര്‍ഗം നല്‍കുന്നതിന്റെ ന്യായവും അതോടെ ഇല്ലാതാകും. കാരണം, ആ നിഗമന പ്രകാരം മനുഷ്യന്റെ ഓരോ പ്രവൃത്തിയും യാന്ത്രികമാണല്ലോ, സ്വാഭീഷ്ട പ്രകാരം ചെയ്യുന്നതല്ലല്ലോ.
ഇനി, നമ്മള്‍ ചെയ്യുന്നതൊക്കെ പൂര്‍ണമായും നമ്മുടെ കഴിവില്‍ പെട്ടതാണെന്നും നമ്മുടെ പ്രവൃത്തികളെ ആകമാനം നിയന്ത്രിക്കുന്നത് നമ്മള്‍ തന്നെയാണെന്നും വന്നാല്‍, എല്ലാം അറിയുന്ന ദൈവത്തിന് നമ്മുടെ പ്രവൃത്തികളെക്കുറിച്ച് ഒരറിവുമില്ലെന്നും നമ്മുടെ തീരുമാനങ്ങള്‍ നമ്മള്‍ മാത്രമായി എടുക്കുന്നതാണെന്നും വരും. ഇതൊരു വലിയ സമസ്യ തന്നെയാണ്. ഈ കുരുക്ക് അഴിക്കാനുള്ള വഴി, രണ്ട് സങ്കല്‍പങ്ങളും തീര്‍ത്തും വ്യത്യസ്തമായ പ്രതലങ്ങളിലാണ് നിലകൊള്ളുന്നത് എന്ന് മനസ്സിലാക്കലാണ്. മനുഷ്യന്റെ ഉത്തരവാദിത്വം, കണക്ക് ബോധിപ്പിക്കല്‍ തുടങ്ങിയവ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അല്ലാഹുവിന്റെ പരമമായ അറിവ് എന്നത് സകലതിനെയും ചൂഴ്ന്ന് നില്‍ക്കുന്ന അപാരമായ ഒരു പ്രതലത്തിലാണ് നിലകൊള്ളുന്നത്. അപ്പോള്‍ ഭൗമികമായ മാനം വെച്ച് പറയുകയാണെങ്കില്‍, മനുഷ്യന്‍ അവന്റെ എല്ലാ പ്രവൃത്തികള്‍ക്കും കണക്ക് ബോധിപ്പിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് വരും. അതേസമയം, അഭൗമികവും പ്രാപഞ്ചികവും പ്രപഞ്ചാതീതവുമായ ഒരു പ്രതലത്തില്‍ നോക്കുമ്പോള്‍ സകലതും ദൈവത്തില്‍ നിന്ന് ഉത്ഭൂതമാവുന്നതാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. രണ്ടും തമ്മില്‍ വൈരുധ്യമുണ്ടാവേണ്ട കാര്യവുമില്ല.
വിശ്വാസവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ മറ്റൊരു ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായത്? ദൈവത്തിന്റെ തന്നിഷ്ടപ്രകാരമുള്ള ഒരു തീരുമാനമായിരുന്നോ അത്? ഈ ഉത്തരവാദിത്വം ഏല്‍ക്കാന്‍ ആകാശഭൂമികളോടും പര്‍വതങ്ങളോടും ദൈവം ആവശ്യപ്പെട്ടുവെന്നും ആ ഉത്തരവാദിത്വം താങ്ങാന്‍ അവ വിസമ്മതിച്ചുവെന്നും മനുഷ്യര്‍ മാത്രമാണ് അതിന് സമ്മതിച്ചതെന്നും ഖുര്‍ആന്‍ (33:72) വ്യക്തമാക്കുന്നുണ്ട്. അധികാരം മുഴുവന്‍ ദൈവത്തിനും, ഉത്തരവാദിത്വം മുഴുവന്‍ മനുഷ്യനുമായ ഒരു പ്രാതിനിധ്യ വ്യവസ്ഥ മനുഷ്യന്‍ അംഗീകരിച്ചത് അവന്റെ ബുദ്ധിശൂന്യത കാരണമായാണോ? യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിലെ മറ്റുള്ള ചരാചരങ്ങള്‍ ഇത് സ്വീകരിക്കാതിരുന്നത് ഭയന്നിട്ടാണ്. എന്നാല്‍ മനുഷ്യന്‍ ആ ചുമതല സ്വീകരിച്ചതാകട്ടെ, ദൈവം ഒരിക്കലും അനീതി കാട്ടില്ലെന്നും താന്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ താന്‍ ശിക്ഷിക്കപ്പെടില്ലെന്നും ഉറപ്പ് ഉള്ളതുകൊണ്ടും. പരമാധികാരം ദൈവത്തിന് തന്നെ എന്ന ഉറച്ച വിശ്വാസമുള്ളതോടൊപ്പം തന്നെയാണ് ഈ ചുമതല ഏറ്റത് എന്നതിനാല്‍ ദൈവാധികാരത്തിന് പരിധികള്‍ നിശ്ചയിക്കാന്‍ മനുഷ്യന് അവകാശമില്ല; ഒരു പ്രത്യേക പ്രവൃത്തിയുടെ പേരില്‍ താന്‍ എന്തിന് ശിക്ഷിക്കപ്പെടുന്നു എന്ന് ചോദിക്കാനുമില്ല അവകാശം. ദൈവത്തിന്റെ അപാരവും അപരിമേയവുമായ കാരുണ്യത്തിലും നന്മയിലും മനുഷ്യന്‍ വിശ്വാസമര്‍പ്പിച്ചാല്‍ മാത്രം മതിയാകുമല്ലോ.
(തുടരും)
Comments