തുര്‍ക്കിയില്‍ ഖുര്‍ആന്‍ പഠനത്തിന് പ്രിയമേറുന്നു
തുര്‍ക്കിയില്‍ പതിറ്റാണ്ടുകളായി സെക്യുലര്‍ വിദ്യാഭ്യാസരീതിക്കു കീഴില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ഖുര്‍ആന്‍ പഠനം വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ മതകാര്യ വിഭാഗം സംഘടിപ്പിച്ച ഖുര്‍ആന്‍ പഠന കോഴ്‌സില്‍ 30 ലക്ഷത്തിലധികം കുട്ടികള്‍ ചേര്‍ന്നതായി മതകാര്യ വിഭാഗം മേധാവി അലി എര്‍ബ(Ali Erba) വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. 5 ലക്ഷം ഖുര്‍ആന്‍ കോപ്പികളും അനേകം ഇസ്‌ലാമിക ഗ്രന്ഥങ്ങളും കുട്ടികള്‍ക്ക് വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് നിലനിന്നിരുന്ന നിയന്ത്രണം നീക്കിയതോടെയാണ് ഖുര്‍ആന്‍ പഠനത്തിന് സ്വീകാര്യത ലഭിച്ചത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കാന്‍ മുന്നോട്ട്‌വരുന്നുണ്ടെന്നും അലി എര്‍ബ പറഞ്ഞു.
പ്രവാചക പഠനത്തിന് ഇ-ബുക്ക്
പ്രവാചക പഠനത്തിന് സഹായകമാകുന്ന ഇ-ബുക്ക് OnIslam.net ല്‍. പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ജീവിത പരിസരം ഹ്രസ്വവും ആകര്‍ഷകവുമായി ചിത്രീകരിക്കുന്ന 65 പേജുള്ള ഇ-ബുക്ക് OnIslam.net ല്‍ നിന്ന് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. അഞ്ച് ചാപ്റ്ററുകളില്‍ വിവിധ തലക്കെട്ടുകളിലായി ലളിതമായ ഇംഗ്ലീഷിലുള്ള ഇ-ബുക്ക് Muhammed: The Wise Leader (Peace Be Upon Him) മുഖ്യമായും പടിഞ്ഞാറന്‍ സമൂഹത്തെ മുന്നില്‍ക്കണ്ട് തയാറാക്കിയതാണ്. മുസ്‌ലിം-അമുസ്‌ലിം സഹോദരങ്ങള്‍ക്ക് ഒരുപോലെ പ്രവാചകനെ അറിയാന്‍ പുസ്തകം സഹായകമാകുമെന്ന് ആമുഖത്തില്‍ പറയുന്നു. വായനക്കപ്പുറം OnIslam.net website ല്‍നിന്ന് രേഖാമൂലമുള്ള അനുമതിയോട് കൂടിയല്ലാതെ ഇ-ബുക്ക് കോപ്പിചെയ്യുകയോ മറ്റോ അനുവദനീയമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റോഹിങ്ക്യകളുടെ ദുരിതം തീരുന്നില്ല
മ്യാന്മറില്‍ ബുദ്ധതീവ്രവാദികളുടെ മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍നിന്ന് ഒളിച്ചോടി തായ്‌ലാന്റില്‍ അഭയം തേടുന്ന റോഹിങ്ക്യ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണെന്ന് റിപ്പോര്‍ട്ടുകള്‍. എല്ലാം നഷ്ടപ്പെട്ട് തായ്‌ലാന്റില്‍ അഭയം തേടിയെത്തുന്ന പലരും പോലീസ് പിടിയിലായി ജയിലുകളില്‍ നരകയാതന അനുഭവിക്കുമ്പോള്‍ ചിലര്‍ ഗതിയില്ലാതെ അലഞ്ഞുതിരിയുകയാണ്. തായ്‌ലാന്റിലെ താല്‍ക്കാലിക അഭയ കേന്ദ്രങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെട്ടു. റോഹിങ്ക്യകള്‍ക്കായി അനിശ്ചിത കാലത്തേക്ക് അഭയാര്‍ഥി ക്യാമ്പുകളൊരുക്കാനോ അവരെ പോറ്റാനോ കഴിയില്ലെന്നാണ് തായ്‌ലാന്റ് സര്‍ക്കാറിന്റെ നിലപാട്. കലാപങ്ങള്‍ തുടര്‍ക്കഥയായ മ്യാന്മറില്‍നിന്ന് റോഹിങ്ക്യകളുടെ കൂട്ടപലായനം തുടരുമ്പോഴും പുനരധിവാസത്തെകുറിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് വ്യക്തമായ പദ്ധതികളോ ആസൂത്രണങ്ങളോ ഇല്ല.
റിബേറിക്ക് പ്രശംസയുമായി ഫ്രഞ്ച് മുസ്‌ലിംകള്‍
2012-13 സീസണില്‍ യൂറോപ്യന്‍ ബെസ്റ്റ് ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത യൂറോപ്യന്‍ മുസ്‌ലിം ഫുട്‌ബോള്‍ താരം ബിലാല്‍ ഫ്രാങ്ക് റിബേറിക്ക് (Bilal Franck Ribery) പ്രശംസയുമായി ഫ്രഞ്ച് മുസ്‌ലിംകള്‍. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെയും റയല്‍ മഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ബയേണ്‍ മ്യൂണിച്ച് താരമായ റിബേറി യൂറോപ്യന്‍ ബെസ്റ്റ് ഫുട്‌ബോളര്‍ പട്ടം നേടിയത്. റിബേറിയുടെ ഇസ്‌ലാം ആശ്ലേഷം യൂറോപ്യന്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. 30 കാരനായ റിബേറി 2006 ലാണ് ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാമിനെക്കുറിച്ച് അധികമൊന്നും സംസാരിക്കാറില്ലാത്ത റിബേറി താന്‍ ഇസ്‌ലാമില്‍ സുരക്ഷിതനാണെന്ന് Le Paris Match മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തുന്നവര്‍ മുഖമില്ലാത്തവരെന്ന് ഖറദാവി
സൈനിക കേന്ദ്രങ്ങള്‍ ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നതുകൊണ്ടും പട്ടാളം ജനങ്ങളുമായി ഇടപഴകുകയോ ജനകീയ പ്രശ്‌നങ്ങളെ തൊട്ടറിയുകയോ ചെയ്യാത്തതുകൊണ്ടും അവര്‍ക്ക് സാധാരണ ഗതിയില്‍ ജനങ്ങളെ ഭരിക്കാന്‍ കഴിയുകയില്ലെന്ന് ആഗോള മുസ്‌ലിം പണ്ഡിതസഭാ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെയോ പൊതു ബൈഅത്തിലൂടെയോ അധികാരത്തില്‍ വരുന്നവരെ പോലെയല്ല ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സൈനിക ഭരണാധികാരികള്‍. ഇക്കൂട്ടരുടെ കാര്യം യാദൃശ്ചികതയാണ്. ചിലപ്പോള്‍ നല്ലവരാകും. മറ്റു ചിലപ്പോള്‍ ജനങ്ങള്‍ക്ക് ഭാരമാകുന്ന തരത്തില്‍ ചീത്തയാളുകളുമാവും. പട്ടാള അട്ടിമറികളിലൂടെ അധികാരത്തിലെത്തുന്നവര്‍ മിക്കവാറും ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാത്തവരായിരിക്കും. അവര്‍ക്ക് ചരിത്രത്തില്‍ ഇടമോ മുന്‍കാല പ്രവര്‍ത്തന റിക്കാര്‍ഡോ ഉണ്ടാകണമെന്നില്ല. ഇരുട്ടില്‍നിന്ന് ഒരു സുപ്രഭാതത്തില്‍ വെളിച്ചത്ത്‌വരും. മുഖമില്ലാത്ത’ഇത്തരക്കാരെ ജനങ്ങള്‍ എല്ലാനിലക്കും സഹിക്കേണ്ടിവരുമെന്നതാണ് പട്ടാള അട്ടിമറികളുടെ പരിണതിയെന്നും ഖറദാവി തന്റെ ഫേസ്ബുകില്‍ കുറിച്ചിട്ട വരികളില്‍ വ്യക്തമാക്കി.
അസദിന്റെ കൈവശം ആയിരം ടണ്‍ രാസവിഷമുണ്ടെന്ന് ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം
സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ് ആയിരം ടണ്‍ രാസ വസ്തുക്കള്‍ കൈവശംവെച്ചിട്ടുള്ളതായി ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി. സ്വന്തം ജനതയുടെ നേരെ രാസായുധം പ്രയോഗിക്കുന്ന ബശ്ശാര്‍ രാസായുധങ്ങളുടെ വന്‍ശേഖരം കൈവശം വെക്കുന്നതായി ഫ്രഞ്ച് പത്രം Le Journal du Dimancheവും പുറത്തുവിട്ടു. ബശ്ശാറുല്‍ അസദിന്റെ രാസായുധ ശേഖരവുമായി ബന്ധപ്പെട്ട് പുറത്ത്‌വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ആഭ്യന്തര കലാപങ്ങള്‍ വിട്ടുമാറാതെ ദാഗിസ്ഥാന്‍ റിപ്പബ്ലിക്
മുന്‍ സോവിയറ്റ് യൂണിയനില്‍നിന്ന് നേരിട്ട നിരന്തരമായ അവഗണനകള്‍ക്കുശേഷമാണ് ദാഗിസ്ഥാന്‍ (The Republic of Dagestan) ഇസ്‌ലാമിക് റിപ്പബ്ലിക് രൂപം കൊണ്ടത്. ചെച്‌നിയ റിപ്പബ്ലിക്കുമായി അതിര്‍ത്തി പങ്കിടുന്ന ദാഗിസ്ഥാന്‍ ഇന്ന് വിട്ടുമാറാത്ത ആഭ്യന്തര കലാപങ്ങളാല്‍ വീര്‍പ്പ് മുട്ടുകയാണ്. ബാഹ്യ ശക്തികള്‍ രാജ്യത്ത് നുഴഞ്ഞു കയറിയാണ് കലാപങ്ങള്‍ രൂപപ്പെടുത്തുന്നതെന്ന് ആരോപിക്കപ്പെടുന്നു. ദാഗിസ്ഥാന്‍ സമൂഹത്തില്‍ ഛിദ്രതയുടെ വിത്തെറിയാന്‍ നിഗൂഢ താല്‍പര്യങ്ങളുമായെത്തിയവര്‍ വിജയിച്ചു. റഷ്യയില്‍ സ്റ്റാലിന്റെ വ്യവസായവല്‍ക്കരണ നയം സാമ്പത്തികമായി ദാഗിസ്ഥാന്റെ നട്ടെല്ലൊടിച്ചിരുന്നു. അങ്ങനെ മേഖലയിലെ ഏറ്റവും ദരിദ്രമായ പ്രദേശമായി ദാഗിസ്ഥാന്‍ മാറി. സാധാരണക്കാര്‍ മാത്രമല്ല മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പോലീസ് മേധാവികളുമടക്കം നിരവധി പ്രമുഖരാണ് ആഭ്യന്തര കലാപങ്ങളില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തര കലാപങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തെ ഉലക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും മുഖ്യഘടകങ്ങളാണ്. സാമൂഹിക അസമത്വവും ഭരണരംഗത്തെ അഴിമതിയുമെല്ലാം യുവാക്കളെ വഴിവിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. മേഖലയിലെ ഇസ്‌ലാമിക കേന്ദ്രമായി വര്‍ത്തിക്കേണ്ട ദാഗിസ്ഥാനില്‍ കലാപം അഴിച്ചുവിടുന്നവരെ കണ്ടെത്തി ഒറ്റപ്പെടുത്താന്‍ പ്രാപ്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നതെന്ന് മുന്‍ സോവിയറ്റ് യൂനിയന്‍ ഇസ്‌ലാമികകാര്യ ഗവേഷകനായ ഡോ. അഹ്മദ് അബ്ദുല്ല നിരീക്ഷിക്കുന്നു. 30 ലക്ഷത്തോളം വരുന്ന ദാഗിസ്ഥാന്‍ ജനസംഖ്യയുടെ 85 ശതമാനം മുസ്‌ലിംകളാണ്.
40 രാജ്യങ്ങളില്‍ ആറായിരത്തിലധികം കിണറുകള്‍ കുഴിച്ചു
മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ കീഴിലുള്ള ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍ (IIRO) കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 40 ഓളം രാജ്യങ്ങളിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ 6,145 കിണറുകള്‍ കുഴിച്ച് നല്‍കി. നീണ്ടകാലങ്ങളായി കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്ന രാഷ്ട്രങ്ങളിലാണ് കിണറുകള്‍ പണികഴിപ്പിച്ചത്. രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ കുടിവെള്ള പദ്ധതി ഉപയോഗപ്പെടുത്തിയതായും ഐ.ഐ.ആര്‍.ഒ വെളിപ്പെടുത്തി. കുടിവെള്ളത്തിനുപുറമെ വരള്‍ച്ച ബാധിച്ച് കൃഷിനാശം സംഭവിച്ചിരുന്ന പ്രദേശങ്ങളില്‍ കൃഷിയിറക്കാനും ഈ പദ്ധതി പ്രയോജനപ്പെട്ടു.
Comments