Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

വിദേശ സഹായത്തിനു പിന്നിലെ അമേരിക്കന്‍ രാഷ്ട്രീയം

ഡോ. നസീര്‍ അയിരൂര്‍

ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് വിശിഷ്യ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വിദേശ സഹായമെന്ന പേരില്‍ (Foreign Aid) വിവിധ പദ്ധതികളിലൂടെ അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സൈനിക സഹായങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ അജണ്ടകള്‍ ഈയിടെ ഈജിപ്തില്‍ നടന്ന ഭരണ അട്ടിമറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയിലെ പ്രധാന വാര്‍ത്തയായിരുന്നു. രാജ്യങ്ങളില്‍ നേരിട്ട് ഇടപെടാനും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണാധികാരികളെ കൊണ്ടുവരാനും ലക്ഷ്യമിട്ട് യാങ്കീ ഭരണകൂടം കൃത്യമായ അജണ്ടകളോടെ രൂപകല്‍പന ചെയ്തതാണ് അമേരിക്കന്‍ വിദേശ സഹായ പദ്ധതികള്‍. ഈജിപ്ത് ഭരണ അട്ടിമറിയില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ അല്‍ ജസീറ ഈയിടെ പുറത്തുവിടുകയുണ്ടായി. മൂന്നാം ലോക രാജ്യങ്ങളില്‍ പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ ജനാധിപത്യവത്കരണത്തിനും വിവിധ നിര്‍മാണ പുരോഗമന സംരംഭങ്ങള്‍ക്കുമെന്ന പേരില്‍ 'വിദേശ സഹായ' മെന്ന ലേബലില്‍  ഈജിപ്തിലെ മുര്‍സിവിരുദ്ധ പ്രക്ഷോഭകര്‍ക്ക് ഒബാമ ഭരണകൂടം നല്‍കിയ സാമ്പത്തിക സഹായത്തിന്റെ രേഖകളാണ് അല്‍ ജസീറ പുറത്തുകൊണ്ടുവന്നത്. അമേരിക്കന്‍ ഇംഗിതത്തിനും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ഭരണത്തിലേറിയ മുര്‍സി ഭരണകൂടത്തെ താഴെയിറക്കാന്‍ രംഗത്തെത്തിയ പ്രമുഖ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അമേരിക്ക ധനസഹായം നല്‍കിയെന്ന വാര്‍ത്തകള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്.
നിനച്ചിരിക്കാതെ വിടര്‍ന്ന അറബ് വസന്തത്തിന്റെ കിരണങ്ങളെ ഊതിക്കെടുത്താന്‍ യാങ്കീ തടിമിടുക്ക് കൊണ്ട് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ യാങ്കികള്‍ ഈ പ്രഭക്ക് മങ്ങലേല്‍പിക്കാന്‍ തെരഞ്ഞെടുത്ത തന്ത്രം പണമൊഴുക്കി ഇത്തരം ഭരണകൂടങ്ങള്‍ക്കെതിരെയുള്ള ജനവികാരം തന്ത്രപരമായി ആളിക്കത്തിക്കുക എന്നതായിരുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി അല്‍ ജസീറ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ഈജിപ്തിലെ യു.എസ് അനുകൂല മതേതരവാദികള്‍ക്ക് നല്‍കി വന്നിരുന്ന നിര്‍ലോഭമായ പിന്തുണയും സഹായങ്ങളുമാണ്. ഈജിപ്തില്‍ ഇടത്-മതേതര വാദികളായ നാഷ്‌നല്‍ സാല്‍വേഷന്‍ ഫ്രണ്ടിനും ഇപ്പോള്‍ യു.എസില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിഞ്ഞുവരുന്ന കേണല്‍ ഉമര്‍ അഫീഫ് സുലൈമാനും ഇസ്‌റ അബ്ദുല്‍ ഫതഹിനും യു.എസ് നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങളും പിന്തുണയും ഈജിപ്തിലെ ജനാധിപത്യവത്കരണത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യവത്കരണത്തിനെന്ന പേരില്‍ ജോര്‍ജ് ബുഷിന്റെ കാലത്ത് രൂപവത്കരിച്ച 'ഡെമോക്രസി അസിസ്റ്റന്‍സ്' പദ്ധതി പ്രകാരം വിദേശ സഹായമെന്ന (ഫോറിന്‍ എയ്ഡ് പോളിസി) പേരില്‍ ലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
സെപ്റ്റംബര്‍ പതിനൊന്ന് സംഭവപരമ്പരകള്‍ക്ക് ശേഷം അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യവത്കരണത്തിന് സമ്മര്‍ദം ചെലുത്താനായി നിരവധി സന്നദ്ധ സംഘടനകള്‍ക്കും മറ്റു സര്‍ക്കാരിതര സംഘടനകള്‍ക്കും രൂപം നല്‍കിയിരുന്നു. നിലവില്‍ വന്ന അന്നുമുതല്‍ തന്നെ രൂക്ഷമായ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ വിദേശനയത്തിലെ ഏറ്റവും വിവാദമായി നില്‍ക്കുന്ന ഒന്നാണ് അമേരിക്കന്‍ വിദേശ സഹായ നയങ്ങള്‍. അമേരിക്കന്‍ പൗരന്മാരുടെ നികുതിപ്പണംകൊണ്ട് ജനാധിപത്യവത്കരണത്തിന്റെയും പുരോഗമന പദ്ധതികളുടെയും പേരില്‍ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തങ്ങളുടെ ഇഷ്ടക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്ന അമേരിക്കന്‍ ജനാധിപത്യവിരുദ്ധ നടപടികള്‍ രാജ്യത്തിനകത്ത് തന്നെ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്ന രക്ത പങ്കിലമായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ഈജിപ്തിന് നല്‍കിവരുന്ന സഹായം അടിയന്തരമായി നിര്‍ത്തണമെന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള അഭ്യര്‍ഥന പോലും ഒബാമ ഭരണകൂടം ചെവികൊള്ളാത്തത് ഈജിപ്തില്‍ എന്താണ് അമേരിക്ക ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിത്തരുന്നു. ജനാധിപത്യവത്കരണത്തെയും അത്തരം നടപടികളെയും സ്ഥാപിക്കാനും സഹായിക്കാനും നിലകൊള്ളേണ്ട അമേരിക്കന്‍ പദ്ധതികള്‍ ഏകാധിപത്യ പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സഹായിക്കുന്നുവെന്നതാണ് ഇതഃപര്യന്തമുള്ള ചരിത്രം.
ഇറാഖിലെയും അഫ്ഗാനിസ്താനിലെയും ഈജിപ്തിലെയും സംഭവവികാസങ്ങളില്‍ അമേരിക്കന്‍ പ്രത്യക്ഷ ഇടപെടലുകള്‍ വ്യക്തമാക്കുന്നത് ഈ യാഥാര്‍ഥ്യമാണ്. ലോക സമാധാനത്തിന് വന്‍ ഭീഷണിയായി നിലകൊള്ളുന്ന ഇസ്രയേലാണ് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ മൂന്നിലൊന്ന് പറ്റിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിക്കാന്‍ അമേരിക്ക നല്‍കുന്ന 8 ബില്യന്‍ ഡോളര്‍ വാര്‍ഷിക ധനസഹായം ഇസ്രയേലിന് എന്നും പിന്തുണയായിട്ടുണ്ട്. മറ്റൊരര്‍ഥത്തില്‍, അമേരിക്കന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടന്നുവരുന്ന ചെയ്തികളാണ് ഇസ്രയേലിന്റെ നരമേധങ്ങളും പിടിച്ചടക്കലിന്റെ രാഷ്ട്രീയവും. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളും ജനാധിപത്യ നിയമങ്ങളും ലംഘിക്കുന്ന ഭരണകൂടങ്ങള്‍ക്ക് അമേരിക്കന്‍ നിയമമനുസരിച്ച് അവരുടെ വിദേശസഹായം സ്വീകരിക്കാന്‍ അര്‍ഹതയില്ല. ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇസ്രയേല്‍ ചെയ്തികളെ പരസ്യമായി എതിര്‍ത്തിട്ട് പോലും അമേരിക്കയുടെ പ്രത്യക്ഷത്തിലുള്ള സാമ്പത്തിക-സൈനിക സഹായങ്ങള്‍ ഇസ്രയേലിലേക്ക് നിര്‍ലോഭം ഒഴുക്കുകയാണ്. വര്‍ധിച്ചുവരുന്ന അമേരിക്കന്‍ സഹായങ്ങള്‍ ഇസ്രയേലിനെ ഒരു അമേരിക്കന്‍ 'സാമന്ത രാഷ്ട്രമായി'(Client State) പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്.
ചൈനയേക്കാളും ഫ്രാന്‍സിനേക്കാളും ആണവായുധ ശേഷിയുള്ള ഇസ്രയേലിന് അമേരിക്കന്‍ സാമ്പത്തിക-സൈനിക-ആയുധ സഹായങ്ങള്‍ ആവശ്യമില്ലാതിരിക്കെ പാവപ്പെട്ട രാജ്യങ്ങളിലേക്ക് കൊടുക്കുന്നതിന് പകരം ഇസ്രയേലിലേക്ക് ഇത്തരം സഹായത്തിന്റെ മുഖ്യ പങ്കും വഴിമാറ്റുന്നതിലെ ഒളി അജണ്ടകള്‍ ലോകത്തിനു നന്നായറിയാം. 1970-കളുടെ മധ്യത്തില്‍ തന്നെ ഇസ്രയേല്‍ അമേരിക്കന്‍ സാമ്പത്തിക സഹായങ്ങള്‍ പലവിധത്തില്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഈജിപ്തിന് 1.5 ബില്യന്‍ ഡോളര്‍ സൈനിക-സാമ്പത്തിക സഹായമായി അമേരിക്ക നല്‍കിവരുന്നുണ്ട്. 2004 മുതല്‍ 2011 വരെ 11.8 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍ അമേരിക്ക ഈജിപ്തിന് നല്‍കിയിട്ടുണ്ട്.
രണ്ടാം ലോകയുദ്ധത്തിന് ശേഷം സോവിയറ്റ് കമ്യൂണിസത്തിന്റെ വ്യാപനത്തെയും സ്വാധീനത്തെയും പ്രതിരോധിക്കാന്‍ അമേരിക്ക യൂറോപ്പിലേക്കൊഴുക്കിയത് 12 ബില്യണ്‍ ഡോളറാണ്. പിന്നീട് അമേരിക്കന്‍ ഭരണകൂടം 'യൂറോപ്യന്‍ റിക്കവറി പ്ലാന്‍' (ERP) എന്നറിയപ്പെടുന്ന 'മാര്‍ഷല്‍ പദ്ധതി' പ്രകാരം ഇതേ ആവശ്യത്തിന് അടുത്ത 5 വര്‍ഷത്തേക്കായി വകയിരുത്തിയത് 13 ബില്യന്‍ ഡോളറാണ്. ശീതയുദ്ധകാലത്ത് വിദേശ സഹായ പദ്ധതി എന്നത് സോവിയറ്റ് കമ്യൂണിസത്തിന്റെ സ്വാധീനത്തില്‍ നിന്ന് മറ്റു രാജ്യങ്ങളെ അകറ്റിനിര്‍ത്താനുള്ള ഒരു തന്ത്രമായിരുന്നു. കാലം മാറിയപ്പോള്‍ ഈ തന്ത്രം മറ്റു മൂന്നാം ലോക രാജ്യങ്ങളെ ചൊല്‍പടിക്ക് നിര്‍ത്തുവാനും വളര്‍ന്നുവരുന്ന ഇസ്‌ലാമിക ശക്തികള്‍ക്കെതിരെ അമേരിക്കന്‍ പാവസര്‍ക്കാറുകളെ അവരോധിക്കാനുമാണ് തന്ത്രപരമായി ഉപയോഗിച്ചുവരുന്നത്. പേരിന് സൈനിക-സുരക്ഷാ സഹായവും സാമ്പത്തിക സഹായവുമൊക്കെ ആകുമെങ്കിലും ഫലത്തില്‍ അമേരിക്കയുടെ ലക്ഷ്യം മറ്റൊന്നാണ്.
അമേരിക്കയുടെ വിദേശ സഹായ പദ്ധതി മൂന്ന് തരത്തിലാണ് നടന്നുവരുന്നത്. സൈനിക-സുരക്ഷാ സഹായവും മാനുഷിക-ദുരന്ത നിവാരണവും സാമ്പത്തിക-വളര്‍ച്ചാ സഹായവും അടങ്ങുന്നതാണിത്. സൈനിക പരിശീലനം, ആയുധ കച്ചവടം തുടങ്ങിയവ ഒന്നാമത്തെയിനത്തില്‍പെടുന്നതാണ്. സൈനിക - സുരക്ഷാ സഹായ പദ്ധതിയുടെ ലേബലില്‍ കൂട്ട നശീകരണായുധങ്ങളുടെ പേരുപറഞ്ഞാണ് ഇറാഖ്, അഫ്ഗാനിസ്താന്‍ അധിനിവേശങ്ങള്‍ അമേരിക്ക ഒപ്പിച്ചെടുത്തത്. ഇസ്രയേലിനും ഈജിപ്തിനും പുറമെ സൈനിക സഹായത്തിന്റെ പേരില്‍ ഇറാഖിനും അഫ്ഗാനിസ്താനും അമേരിക്കന്‍ സാമ്പത്തിക സഹായം എത്തിയിരുന്നു. 2008- ലെ കണക്കനുസരിച്ച് 1.4 ബില്യന്‍ ഈജിപ്തിനും 7.4 ബില്യന്‍ ഇറാഖിനും 8.8 ബില്യന്‍ അഫ്ഗാനിസ്താനും സൈനിക സഹായ ഇനത്തില്‍ ലഭിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുകയും യാങ്കീ ചൊല്‍പ്പടിക്ക് കാതോര്‍ക്കുകയും ചെയ്യുന്ന സാമന്ത രാജ്യങ്ങളെയും ഭരണകര്‍ത്താക്കളെയും സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം പദ്ധതികള്‍കൊണ്ട് അമേരിക്ക ലക്ഷ്യമിടുന്നത്. 1980-ല്‍ അഫ്ഗാനിലെ സോവിയറ്റ് കടന്നാക്രമണത്തെ തടയാന്‍ ആയുധങ്ങള്‍ നല്‍കിയ അമേരിക്കക്ക് ഇപ്പോള്‍ ആധുനിക അധിനിവേശത്തില്‍ വിനയാകുന്നത് അതേ ആയുധങ്ങള്‍ തന്നെയെന്നത് ചരിത്രത്തിന്റെ വിരോധാഭാസം.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍