Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

സാമൂഹിക പ്രവര്‍ത്തകരെ കുടുംബം വിളിക്കുന്നു

ടി. മുഹമ്മദ് വേളം

കഴിഞ്ഞ റമദാനിന്റെ നിറം കെടുത്തിക്കളഞ്ഞത് മലപ്പുറം ജില്ലയിലെ അരീക്കോട് ഉഗ്രപുരത്തെ ശരീഫായിരുന്നു. സ്വന്തം സഹധര്‍മിണിയെയും രണ്ടു പിഞ്ചു പൈതങ്ങളെയും വളരെ ആലോചിച്ചാസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കൊടുംപാപി. ഇടുക്കിയിലെ ഷഫിയെന്ന പിഞ്ചുബാലനെ കുറിച്ച വാര്‍ത്തയും തൃശൂരിലെ ബഷീര്‍ നടത്തിയ ഉഗ്രപുരം മോഡല്‍ കൊലപാതകവും കഴിഞ്ഞ റമദാനില്‍ തന്നെയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ മുസ്‌ലിം സമുദായം വളരെ ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്ന സൂചകം ഈ പൈശാചിക സംഭവങ്ങളിലെല്ലാമുണ്ട്. വാര്‍ത്താ പ്രാധാന്യം നേടാന്‍ മാത്രം ബീഭത്സത നിറഞ്ഞതുകൊണ്ടാണ് ഇവ നാടാകെ അറിഞ്ഞത്. ഇത്ര അളവില്‍ പൊതുജനം അറിയാതെ പോവുന്ന, ഓരോ പ്രദേശങ്ങള്‍ മാത്രമറിയുന്ന എത്രയോ സംഭവങ്ങള്‍ ഇതിനു മുമ്പും പിമ്പുമൊക്കെയായി ഉണ്ടാവുന്നുണ്ട്. ചെറിയ പ്രദേശങ്ങളുടെ ചെവിയില്‍ പോലും പെടാത്ത, കുടുംബവൃത്തങ്ങളില്‍ നീറിപ്പുകയുന്ന, വീടകങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന വിള്ളലുകളും ശ്രുതിഭംഗങ്ങളും ധാരാളമുണ്ട്. 
ഒരേ വീട്ടില്‍ താമസിക്കുകയും എന്നാല്‍ ഒന്നിച്ചുള്ള ജീവിതയാത്രയില്‍ എവിടെയോ വെച്ച് പിണങ്ങി ദാമ്പത്യബന്ധമറ്റ് ജീവിക്കുന്ന മതനിഷ്ഠയുള്ള, മതപ്രവര്‍ത്തകരായ ദമ്പതികളെക്കുറിച്ച് കേട്ടിട്ടുണ്ട്. 'പുറമെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം, അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം' എന്ന പാട്ടുവാക്യത്തെ ശരിവെക്കുന്ന ഒരുപാട് മണിമാളികകള്‍ നമുക്കിടയിലുണ്ട്. ഇത് മണിമാളികയോ ചെറ്റകുടിലോ എന്ന വ്യത്യാസമൊന്നുമില്ലാതെ നമുക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നമാണ്.
സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ ഫലമായുണ്ടാവുന്ന 'അറബികല്ല്യാണങ്ങള്‍' മുതല്‍ മുന്നോക്കാവസ്ഥയിലുള്ള നവദമ്പതിമാരുടെ 'വ്യക്തിത്വഘനം' മൂലം തകരുന്ന ദാമ്പത്യങ്ങള്‍ വരെ ഈ ഇനത്തില്‍ സമുദായത്തിലുണ്ട്.
ഈ പ്രശ്‌നങ്ങളെ സദാചാരത്തിന്റെ വിശകലന സാമഗ്രികള്‍ മാത്രമുപയോഗിച്ച് അപഗ്രഥിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും സദാചാരത്തിന്റെയും ധാര്‍മികതയുടെയും ഒരു തലം ഈ പ്രശ്‌നങ്ങള്‍ക്കുണ്ട്. പുതിയ മുതലാളിത്തം പണമുതലാളിത്തം മാത്രമല്ല, അത് ലൈംഗിക മുതലാളിത്തം കൂടിയാണ്. അതിന്റെ ഒന്നാമത്തെ മൂലധനം പണമല്ല, മനുഷ്യന്റെ ലൈംഗികതയാണ്. സ്ത്രീകള്‍ക്കെതിരായി ഇത്രവലിയ അതിക്രമങ്ങള്‍ നടന്നിട്ടും ടൂറിസത്തിന്റെയും കലയുടെയും വിനോദവ്യവസായത്തിന്റെയും മേല്‍വിലാസങ്ങളില്‍ നടന്നുവരുന്ന ആഭാസങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോവുന്നതിന്റെ കാരണം സമൂഹത്തെ നിയന്ത്രിക്കുന്നത് മുതലാളിത്ത താല്‍പര്യങ്ങളാണ് എന്നതാണ്. നമ്മുടെ സാംസ്‌കാരിക മണ്ഡലമടക്കം മൂലധനതാല്‍പര്യത്തിനു വിധേയമായതുകൊണ്ടാണ് ഈ വശം ചൂണ്ടിക്കാണിക്കപ്പെടുക പോലും ചെയ്യാതിരിക്കുന്നത്. ഓരോ അശ്ലീല ചിത്രീകരണവും പെണ്ണിനെതിരായ ആക്രമണമാണ്. ആക്രമണത്തിനപ്പുറമുള്ള ആഹ്വാനമാണ്. വിജ്ഞാനവിസ്‌ഫോടനത്തിന്റെ മറുവശം ലൈംഗിക വിസ്‌ഫോടനമാണ്. വിവരവിനിമയ വിപ്ലവം ലൈംഗിക വിനിമയ വിപ്ലവം കൂടിയാണ്. ആദ്യകാല മുതലാളിത്ത നവോത്ഥാനത്തിന്റെ കാമുകന്‍ രമണനെക്കൊണ്ട് കവി പറയിക്കുന്നത് ''പാടില്ലാ പാടില്ലാ നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തു കൂടാ'' എന്നാണ്. എന്നാല്‍ പില്‍ക്കാല മുതലാളിത്തം പറയുന്നത് നമുക്ക് പാടില്ലാത്തതോ സാധ്യമല്ലാത്തതോ ആയി ഒന്നുമില്ലെന്നും അതെല്ലാം സാധിച്ചുതരാന്‍ വിപണി സജ്ജമാണെന്നുമാണ്. കാല്‍പനികത വ്യവസായമായപ്പോള്‍ ധാര്‍മികതയുടെ മുഴുവന്‍ അതിര്‍വരമ്പുകളെയും അത് ലംഘിക്കുകയായിരുന്നു.
ധാര്‍മികതയുടെയും അതിന്റെ രാഷ്ട്രീയത്തിന്റെയും മാനദണ്ഡം ഉപയോഗിച്ച് മാത്രം ഈ വിഷയത്തെ വിശകലനം ചെയ്യാനാവില്ല. പലതരത്തിലുള്ള സാമൂഹിക മാറ്റങ്ങള്‍ സങ്കീര്‍ണമായ രീതിയില്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തി അപ്രധാനമായ ഗോത്രഘടനയില്‍ നിന്ന് വ്യക്തി പ്രധാനമായ ഘടനകളിലേക്കുള്ള സമൂഹത്തിന്റെ മാറ്റം പോലുള്ള നിരവധി ഘടകങ്ങള്‍ ഇതിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിലെ പലതരം മാറ്റങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യക്തി തീര്‍ത്തും അപ്രധാനമായ പാരമ്പര്യവും ഗോത്രശീലങ്ങളും മാത്രം പ്രധാനമായ പഴയ മൂല്യങ്ങള്‍ക്കും വ്യക്തി മാത്രം പരമപ്രധാനമാവുന്ന പുതിയ മനോഭാവത്തിനുമിടയില്‍ ഒരു സന്തുലിത ബിന്ദു കണ്ടെത്താന്‍ സമുദായത്തിന് കഴിയേണ്ടതുണ്ട്. പഴയ ശീലങ്ങള്‍ മാത്രം ഉപയോഗിച്ച് പുതിയ ബോധങ്ങളെ നേരിടാന്‍ ശ്രമിക്കുന്നത് പരാജയത്തിലാണ് ചെന്നു കലാശിക്കുക. ഇസ്‌ലാം ഒരു ഫ്യൂഡല്‍ സാമൂഹിക വ്യവസ്ഥയെയോ മുതലാളിത്ത സാമൂഹിക ക്രമത്തെയോ അല്ല മുന്നോട്ടുവെക്കുന്നത്. വ്യക്തി, സമൂഹം എന്നിവക്കിടയില്‍ സന്തുലിതത്വത്തിന്റെ സമ്മോഹനത സൃഷ്ടിക്കുന്ന സൗന്ദര്യത്തിന്റെ പേരാണ് ഇസ്‌ലാം.
സാമൂഹിക പ്രവര്‍ത്തനം സ്ഥൂലതലത്തില്‍ നിന്ന് സൂക്ഷ്മ തലത്തിലേക്കുകൂടി മാറേണ്ട കാലമാണിത്. അതല്ലെങ്കില്‍ പൊതുവില്‍ അങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ചരിത്ര സന്ദര്‍ഭമാണിത്. ഈ സൂക്ഷ്മ തലത്തില്‍, വളരെ പ്രധാനമായ ഒന്നാണ് കുടുംബരംഗം. കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ അജണ്ടയിലെ പ്രധാനമായ ഒരിനമായി അത് മാറേണ്ടതുണ്ട്. ബന്ധങ്ങളെക്കുറിച്ച് തനത് ഇസ്‌ലാമികാധ്യാപനങ്ങളും നവീന മനശ്ശാസ്ത്ര സങ്കേതങ്ങളും കാലത്തിന്റെ ഭാവുകത്വത്തില്‍ വന്ന മാറ്റങ്ങളും ഉള്‍ക്കൊണ്ട് ഒരു സമീകൃതാഹാരം തയ്യാര്‍ ചെയ്യാന്‍ സമുദായത്തിന് സാധിക്കണം. സമുദായത്തിലെ സംഘടനകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഗുണപരമായ ഒരു മത്സരം നടന്നാല്‍ പോലും സമൂഹത്തിന് അത് ഗുണപരമായിത്തീരുകയാണ് ചെയ്യുക.
കുടുംബവിഷയങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്താല്‍ പരിഹരിക്കാനും വിജയിപ്പിക്കാനും കഴിയും എന്നതിന്റെ നല്ല മാതൃകയും കേരളത്തിലുണ്ട്. ലോകത്ത് തന്നെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം ഏറ്റവും അധികം വിജയിച്ച സ്ഥലമാണ് കേരളം. അതില്‍ മുസ്‌ലിം സമുദായത്തിന്റെ സംഭാവന വളരെ വലുതാണ്. ഇതുപോലെ ഇനി നമുക്കിടയില്‍ ജനകീയമായിത്തീരേണ്ട പ്രവര്‍ത്തനമാണ് കുടുംബപ്രശ്‌നങ്ങളുടെ പരിഹാരമെന്നത്. ഡോക്ടര്‍മാരും മനശ്ശാസ്ത്രവിദഗ്ധരും പ്രഫഷണല്‍ കൗണ്‍സിലര്‍മാരുമാണ് ഇപ്പോള്‍ ഈ രംഗത്ത് ഔപചാരികമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. രോഗപരിചരണത്തിന്റെയും സാന്ത്വനത്തിന്റെയും രംഗവും നേരത്തെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍സ്റ്റാഫും പ്രഫഷണലായി മാത്രം കൈകാര്യം ചെയ്തുപോന്നിരുന്ന രംഗമായിരുന്നു. അതിനെ പിന്നീട് ലഘുവായ പരിശീലനങ്ങള്‍ ലഭിച്ച സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ജനകീയവത്കരിക്കുകയായിരുന്നു. ഈ രണ്ട് മേഖലകളിലും കുടുംബം ഇടപെട്ട് പോന്നിട്ടുണ്ട്. പക്ഷേ അവരുടെ മാത്രം പരിചരണങ്ങള്‍ മതിയാവാത്ത തരത്തിലേക്ക് പല കാരണങ്ങളാല്‍ ഈ രണ്ടു രംഗങ്ങളും മാറിയിരിക്കുന്നു. കൗണ്‍സലിംഗിലും പ്രശ്‌നപരിഹാരങ്ങളിലും പ്രാഥമിക പരിശീലനം ലഭിച്ച സാമൂഹിക പ്രവര്‍ത്തകരെ സൃഷ്ടിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമുണ്ടായാല്‍, പ്രസ്ഥാനങ്ങളുണ്ടായാല്‍ ഈ രംഗത്തെയും ജനകീയവത്കരിക്കാന്‍ കഴിയും. കേരളത്തിലെ സാമൂഹിക പ്രവര്‍ത്തന രംഗത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട രംഗമായി കുടുംബ ജീവിതവും കുടുംബപ്രശ്‌നങ്ങളും മാറിയിട്ട് കാലമേറെയായി. ഗുണമേന്മയുള്ള കുടുംബജീവിതമെന്നത് ഒരു സമൂഹത്തിന്റെ വികസനത്തിന്റെ വളരെ സുപ്രധാനമായ സൂചകമാണ്. വീടകങ്ങളില്‍ രോഗസാന്ത്വന പ്രസ്ഥാനങ്ങള്‍ വിജയിച്ച കേരളത്തില്‍ മറ്റൊരു ജനകീയ സാന്ത്വന പ്രസ്ഥാനത്തിന് ആരെങ്കിലും മുന്‍കൈയെടുത്തേ പറ്റൂ. എത്ര പഴുത്തുപോയ മുറിവും വീടുകളില്‍ ചെന്ന് നമ്മുടെ സാന്ത്വനപരിചരണ പ്രവര്‍ത്തകര്‍ മരുന്നുപുരട്ടി ചികിത്സിച്ചിട്ടുണ്ട്. ബന്ധങ്ങളിലെ മുറിവുകളും പരിക്കുകളും തുന്നിക്കെട്ടാനും അതില്‍ സ്‌നേഹത്തിന്റെ ലേപനങ്ങള്‍ പുരട്ടാനും മറ്റൊരു വലിയ ജനകീയ മുന്‍കൈ നമ്മുടെ വീടുകള്‍ വലിയ അളവില്‍ ആവശ്യപ്പെടുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍