Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

ഭീകരവേട്ട കാലത്തെ സാഹിതഇസ്‌ലാമും്യവും

കെ. അശ്‌റഫ്‌ / ലേഖനം

ജെഫ്രി നാഷിന്റെ 'റൈറ്റിംഗ് മുസ്‌ലിം ഐഡന്റിറ്റി' എന്ന പുസ്തകം എഡ്വേര്‍ഡ് സൈദൊക്കെ പറയുന്ന രീതിയില്‍, ഇസ്‌ലാം ഒരു മതം എന്ന നിലയില്‍ ഇന്നത്തെ ലോകത്ത് 'സാംസ്‌കാരിക സംഘര്‍ഷത്തിനു' വിധേയമാകുന്നു എന്ന ഒരു  നിഗമനത്തിലാണ് തുടങ്ങുന്നത്. ദി ആംഗ്ലോ അറബ് എന്‍കൗണ്ടര്‍, ഫ്രം എംപയര്‍ ടു ഓറിയന്റ് തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയ ജെഫ്രി നാഷ്  ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ക്ക് ശേഷം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിക പശ്ചാത്തലത്തിലുള്ള  നോവലുകള്‍, ആത്മകഥകള്‍, യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരങ്ങള്‍ എന്നിവയൊക്കെയാണ് പഠിക്കുന്നത്.
ജെഫ്രി നാഷിന്റെ  പഠനത്തില്‍ നാല് ധാരണകള്‍  പ്രാഥമിക വായനയില്‍നിന്ന്  ഉരുത്തിരിച്ചെടുക്കാം.
ഒന്ന്) മുസ്‌ലിംകള്‍ സമകാലിക ഇംഗ്ലീഷ് സാഹിത്യത്തില്‍ ഹിംസാത്മകമായാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഇങ്ങനെയുള്ള സാഹിത്യമെഴുത്തിന്റെയും പ്രതിനിധാനത്തിന്റെയും  മേഖല കൊളോണിയലിസത്തോളം പഴക്കമുള്ളതാണ്. രണ്ട്) ഈ സാഹിത്യമെഴുത്തിന്റെ പ്രത്യേകതയായി കാണുന്നത് 'സ്വദേശി വിവരണക്കാര്‍' (native informants) എന്ന വിഭാഗത്തിന്റെ സാന്നിധ്യമാണ്. അവര്‍ ഓറിയന്റലിസ്റ്റുകളില്‍ നിന്നൊക്കെ വ്യത്യസ്തമായി, മുസ്‌ലിം സമൂഹത്തില്‍ നിന്ന് തന്നെ ഉള്ള 'ആധികാരിക' ശബ്ദങ്ങളാണ്. അതിലൂടെ അവര്‍ രാഷ്ട്രീയപരമായി പാശ്ചാത്യം, പൗരസ്ത്യം തുടങ്ങിയ കൊളോണിയല്‍ വിഭജനങ്ങളെ മറികടക്കുകയും മുസ്‌ലിംകളെ കുറിച്ച് സംസാരിക്കാനുള്ള അവകാശം സ്വയം നേടിയെടുക്കുകയും  ചെയ്തിട്ടുണ്ട്. മൂന്ന്) എണ്‍പതുകളിലെ റുഷ്ദി വിവാദം, ശീതയുദ്ധത്തിന്റെ അവസാനം, ഗള്‍ഫ് യുദ്ധങ്ങള്‍, സെപ്റ്റംബര്‍ പതിനൊന്ന്, ഇറാഖ് -അഫ്ഗാന്‍ അധിനിവേശം  ഇവയുടെ പശ്ചാത്തലത്തിലാണ് സാഹിത്യത്തിലെ  പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങളും സ്വദേശി വിവരണക്കാരും പഠിക്കപ്പെടുന്ന പുതിയ രാഷ്ട്രീയ സാഹചര്യം. നാല്) പൊതുവെ മുസ്‌ലിം പ്രതിനിധാനത്തെ കുറിച്ച് പഠിക്കുമ്പോള്‍ അവരെ ഒരു ന്യൂനപക്ഷ വിഭാഗം ആയോ, വംശീയ സമൂഹം  ആയോ, കുടിയേറ്റ സമുദായം ആയോ മൂന്നാം ലോക പ്രതിനിധികളായോ കാണുമ്പോള്‍ തന്നെ മുസ്‌ലിംകളുടെ വിശ്വാസപരമായ ഒരു പ്രത്യേകത അവഗണിക്കപ്പെടാറുണ്ട്. ജെഫ്രി നാഷ് ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് തന്റെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ആമുഖത്തില്‍ സൂചിപ്പിക്കുന്നു .
രണ്ട് പ്രധാന മാറ്റങ്ങള്‍ കൂടി ഈ പുസ്തകത്തിന്റെ സാഹചര്യത്തില്‍ ശ്രദ്ധിക്കുന്നത് നന്നാവും. ഇസ്‌ലാമുമായി ബന്ധപ്പെട്ട സാഹിത്യമോ സിനിമയോ ചര്‍ച്ച ചെയ്യുന്നത്  ഒന്നുകില്‍ സാഹിത്യമെഴുതുന്നയാളുടെ  വീക്ഷണത്തിലൂടെയോ അല്ലെങ്കില്‍ പ്രത്യേക രീതിയില്‍ അത് വായിക്കാന്‍ പരിശീലിക്കപ്പെട്ട നിരൂപകരിലൂടെയോ മാത്രം ആയിരിക്കണം. എന്നാല്‍, അതിനു പുറത്തേക്ക് സാമൂഹിക അധികാര ഘടനയുടെ പ്രശ്‌നം എന്ന നിലയില്‍ മറ്റു തരത്തിലുള്ള സാഹിത്യേതര പ്രശ്‌നങ്ങളുമായി തട്ടിച്ചു വായിക്കേണ്ടതുണ്ട്  എന്ന് വാദിക്കുകയാണ് ജെഫ്രി നാഷ്. ശീത യുദ്ധാനന്തര ലോക രാഷ്ട്രീയം, സെപ്റ്റംബര്‍ പതിനൊന്ന്, വാര്‍ ഓണ്‍ ടെറര്‍ തുടങ്ങിയ നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സമകാലിക സാഹിത്യത്തില്‍ മുസ്‌ലിംകളെ കുറിച്ചുള്ള ഭാവനകളെ മുന്‍കൂര്‍ നിര്‍ണയിക്കുന്നുണ്ട്. ഇത് മാത്രമല്ല, കഴിഞ്ഞ കുറെ വര്‍ഷമായി  പുതിയ ഒരു അതി വരേണ്യ എഴുത്ത്/വായന സമൂഹം മുസ്‌ലിം സമൂഹങ്ങളില്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഈ വായന സമൂഹം എല്ലായിടത്തും കാണുന്ന, കൊച്ചു തുരുത്തുകളില്‍ ജീവിക്കുന്ന ഒരു ആഗോള ന്യൂനപക്ഷമാണെങ്കിലും ഇസ്‌ലാമിനെ കുറിച്ചുള്ള അവരുടെ ആശങ്കകള്‍, സന്ദേഹങ്ങള്‍ ഒക്കെ വളരെ ശക്തമായി തന്നെ അവര്‍ പ്രകടിപ്പിക്കുന്നു. ഇംഗ്ലീഷ് എന്നത് പല കാരണങ്ങള്‍ കൊണ്ട് ലോക ഭാഷ ആയതുകൊണ്ടും ഈ ഉപരി  വര്‍ഗ വായന മുഖ്യമായും നടക്കുന്നത് ഇംഗ്ലീഷിലാണ്. അതുകൊണ്ട് തന്നെ പുതിയ പുസ്തക വിപണി ഇവരുടെ കൂടി അഭിപ്രായ രൂപീകരണത്തെ പരിഗണിച്ചും, അവരിലൂടെ ഒരു പ്രത്യേക ഇസ്‌ലാമിനെ ലക്ഷ്യമിട്ടുമാണ് രൂപപ്പെടുന്നത്. ഇവരുടെ  അഭി രുചികള്‍ രൂപപ്പെടുത്തുന്നതില്‍ ഈ പുസ്തക വിപണി വലിയ പങ്കുവഹിക്കുന്നു. നഗര മധ്യത്തിലെ ഒരു മുന്തിയ ഷോപ്പിംഗ് മാളില്‍ അടുക്കി വെച്ചിരിക്കുന്ന, ഇസ്‌ലാമുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നവരെ കുറിച്ചുള്ള ലളിതമായ ഒരു അന്ത്രോപോളൊജിക്കല്‍ അന്വേഷണം ഇത് വളരെ വേഗം വ്യക്തമാകാന്‍ ഉപകരിക്കും. ഇങ്ങനെയുള്ള ഒരു വരേണ്യ വായന സമൂഹം പോപ്‌കോണിനോടൊപ്പം  ഉപയോഗിച്ചു തീര്‍ക്കുന്നത് ഒന്നാന്തരം ഇസ്‌ലാംവിരുദ്ധ  പ്രോപഗണ്ട സാഹിത്യം ആണ്. ഈ ഒരു സാഹചര്യത്തിലാണ് ജെഫ്രി നാഷിന്റെ പുസ്തകം ഒരു പാഠവിമര്‍ശന ഗ്രന്ഥം എന്ന നിലയില്‍  പ്രധാനമാവുന്നത്.
നാല് ഭാഗമായി തിരിച്ചാണ് ഈ വിമര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാമത്തെ ഭാഗത്ത് ബ്രിട്ടീഷ് മുസ്‌ലിം കുടിയേറ്റ എഴുത്തുകാരുടെ രചനകളാണ് പരിശോധിക്കുന്നത്.  രണ്ടാമത്തെ ഭാഗത്ത് മുസ്‌ലിം ആണത്തം/മുസ്‌ലിം സ്ത്രീയുടെ രക്ഷ തുടങ്ങിയ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുള്ള എഴുത്തുകാരുടെ രചനകളാണ് . മൂന്നാമത്തെ ഭാഗത്ത് മുസ്‌ലിം ആധുനികതയെ പറ്റി എഴുതുന്നവരുടെ രചനകളെ പരിശോധിക്കുന്നു. നാലാമത്തെ ഭാഗത്ത് 'ഇസ്‌ലാമിക ഭീകരവാദം' പ്രമേയമായ കൃതികള്‍ പരിശോധിക്കുന്നു.
 ബ്രിട്ടീഷ് മുസ്‌ലിം കുടിയേറ്റ എഴുത്തുകാരുടെ രചനകളായി കണക്കാക്കിയിരിക്കുന്നത് ഫര്‍ഹാന ഷെയ്ഖ്, ഹനീഫ് ഖുറൈഷി,  മോണിക അലി, നദീം അസ്‌ലം, ലൈല അബുലൈല എന്നിവരുടേതാണ്.  ഇങ്ങനെയുള്ള എഴുത്തുകാരില്‍ ഒരു വിഭാഗം മോണിക അലി, ഹനീഫ് ഖുറൈഷി, നദീം അസ്‌ലം  മുസ്‌ലിം സമുദായവുമായി ബന്ധം പുലര്‍ത്തുന്നുവെങ്കിലും അവര്‍ തങ്ങളുടെ രചനകളിലൂടെ മുസ്‌ലിംകളെ നിര്‍മിക്കുന്നത് ഓറിയന്റലിസ്റ്റ് ഭാവനലോകങ്ങളില്‍ കൂടിയാണ്. മുസ്‌ലിംകളെ മതഭ്രാന്തന്മാര്‍, സ്ത്രീവിരോധികള്‍, അക്രമപരത കൂടുതലുള്ളവര്‍ ഒക്കെ ആയി ഇവരുടെ എഴുത്തുകള്‍ ശ്രദ്ധാപൂര്‍വം പ്രതിനിധീകരിക്കുന്നു. ഇതിലൂടെ ബ്രിട്ടീഷ് സംസ്‌കാരത്തെ ഉയര്‍ത്തി കാണിക്കുന്ന, ബ്രിട്ടീഷുകാരുടെ  മനോവേദനകള്‍ അകറ്റാന്‍ നിരന്തരം സാഹിത്യ തെറാപി നടത്തുന്ന 'ബ്രൗണ്‍ സാഹിബുമാര്‍' (ആശിഷ് നന്ദി ആണ് ഈ പരികല്‍പന വികസിപ്പിച്ചത്) ആയി ഇവര്‍ മാറുന്നുവെന്ന് ജെഫ്രി നാഷ് പറയുന്നു. മാത്രമല്ല സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം അങ്ങേയറ്റം ഇസ്‌ലാംഭയം പുലര്‍ത്തുന്ന എഴുത്തുകാരായ മാര്‍ടിന്‍ അമിസ്, ജാനെറ്റ് വിനെറ്റ്‌ഴ്‌സന്‍ എന്നിവരുടെയൊക്കെ പ്രത്യേക സ്‌നേഹത്തിനു പാത്രമാകാനും  അവരുടെ നല്ല നിരൂപണത്തിന് പാത്രമാകാനും ഈ ബ്രൗണ്‍ സാഹിബുമാര്‍ക്ക് കഴിയുന്നു.
ഉദാഹരണത്തിന് ഹനീഫ് ഖുറൈഷി എണ്‍പതുകളില്‍ വളരെ വ്യത്യസ്തമായി എഴുതിയിരുന്ന ആളാണ്. വംശീയമായ പ്രൊഫിലിങ്ങ് ഒക്കെ പ്രശ്‌നവത്കരിച്ച 'ബുദ്ധ ഓഫ് സബര്‍ബിയ'  പോലുള്ള കൃതികള്‍ ഇതിനു ഉദാഹരണമാണ്.  പിന്നീടു സല്‍മാന്‍ റുഷ്ദി വിവാദത്തിനു ശേഷമാണ് ഖുറൈഷി ഇസ്‌ലാമിക മൗലികവാദം / ബ്രിട്ടീഷ് ലിബറലിസം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള സംവാദത്തില്‍ വളരെ അപകടം കുറഞ്ഞ ഒരു ലിബറല്‍ പക്ഷത്തേക്ക് കൂടു മാറിയത്.  ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പിടിച്ചുനില്‍ക്കാന്‍ വംശീയത, ന്യൂനപക്ഷം തുടങ്ങിയവയെ പ്രശ്‌നവത്കരിക്കുന്ന എഴുത്തുകളില്‍ നിന്ന് അകന്നുനില്‍ക്കാനും മുസ്‌ലിംകള്‍ക്ക് 'മതം' എന്നത് മാത്രം ഒരു പ്രശ്‌നം എന്ന നിലയില്‍ കാണാനും ഹനീഫ് ഖുറൈഷിക്ക് പ്രേരണ ആയിരിക്കാം എന്ന് ജെഫ്രി നാഷ് കരുതുന്നു. മറ്റൊരു നോവലിസ്റ്റായ നദീം അസ്‌ലമിന്റെ  'മാപ്‌സ് ഫോര്‍ ലോസ്റ്റ് ലവേഴ്‌സ്' ഒരിക്കലും സ്‌നേഹിക്കാന്‍ കഴിയാത്ത പാകിസ്താനീ മതജീവിതത്തെയാണ് ചിത്രീകരിക്കുന്നത്. ബംഗ്ലാദേശീ ജീവിതവും കുടിയേറ്റവും പ്രമേയമാവുന്ന മോണിക അലിയുടെ 'ബ്രിക്ക് ലയിന്‍' എന്ന  നോവലും ഏഷ്യന്‍ മുസ്‌ലിംകളുടെ ചരിത്ര വിധിയെ തന്നെയാണ്, അല്ലാതെ കൊളോണിയലിസം അടക്കമുള്ള രാഷ്ട്രീയ പ്രശ്‌നം അല്ല, അവരുടെ പതനത്തിനു കാരണം ആയി പറയുന്നത്.
എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എഴുതുന്ന സ്ത്രീ എഴുത്തുകാര്‍  ഫര്‍ഹാന ശൈഖ് (ദ റെഡ് ബോക്‌സ് എന്ന നോവല്‍ കാണുക), ലൈല അബൂലൈല (ദ ട്രാന്‍സ്‌ലേറ്റര്‍ എന്ന നോവല്‍ കാണുക) ആണ്. അവര്‍ മുസ്‌ലിം വിശ്വാസത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു വിശ്വാസിയുടെ വീക്ഷണ കോണില്‍നിന്ന് കാണുന്നു. മാത്രമല്ല പൊതുവെ മുസ്‌ലിം സ്ത്രീ എഴുതുമ്പോള്‍ സമുദായത്തെ ആണ്‍കോയ്മയുടെ മാത്രം പ്രശ്‌നം ഉള്ള ഒരു ഇടമായി ചുരുക്കുന്ന ലിബറല്‍ സാഹിത്യത്തോട് അവര്‍ ഒട്ടും ആഭിമുഖ്യം പുലര്‍ത്തുന്നില്ല. ബ്രിട്ടന്റെ ഒരു സാഹചര്യത്തില്‍ വംശീയത, കോളനികളില്‍ നിന്നുള്ള കുടിയേറ്റം, വ്യത്യസ്ത വംശീയ സാഹചര്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ തമ്മിലുള്ള അധികാരത്തിന്റെ വ്യത്യാസം, ആണ്‍കോയ്മയുടെ വ്യത്യാസങ്ങള്‍ ഒക്കെ ഇവരുടെ നോവലുകള്‍ കാണിക്കുന്നു. ലൈല അബൂ ലൈല തന്റെ വിശ്വാസത്തെ, പാരമ്പര്യത്തെ, ആധുനികതയെ വിട്ടൊഴിയാനല്ല, മറിച്ച് അതിലൂടെ സംഘര്‍ഷപ്പെട്ടു മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത് എന്ന് ജെഫ്രി നാഷ് പറയുന്നു.  ഫര്‍ഹാന്‍ ശൈഖ് ഇവര്‍ക്കൊക്കെ ഇടയില്‍ കുറച്ചു കൂടി സൂക്ഷ്മതയുള്ള 'ന്യൂട്രല്‍' സമീപനം പുലര്‍ത്തുന്നുവെന്നും കാണാം. സല്‍മാന്‍ റുശ്ദിയില്‍ തുടങ്ങിയ ബ്രിട്ടീഷ് മുസ്‌ലിം കുടിയേറ്റ സാഹിത്യം ഇപ്പോള്‍ എത്തിനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന സാഹചര്യത്തെ ജെഫ്രി നാഷ് കാണിക്കുന്നു. മാത്രമല്ല എഴുത്ത് എന്നത് സമകാലിക അധികാരത്താല്‍ എത്രത്തോളം നിയന്ത്രിതം ആണെന്നും ജെഫ്രി നാഷ് വിലയിരുത്തുന്നു.
അടുത്ത ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത് മുസ്‌ലിം സമുദായങ്ങളിലെ സ്ത്രീയെയും പുരുഷനെയും പ്രത്യേകമായി ഫോകസ് ചെയ്യുന്ന സാഹിത്യങ്ങളാണ്.
ഈ സെക്ഷനില്‍ വിവരിക്കുന്ന എഴുത്തുകാര്‍ അസര്‍ നഫീസി (റീഡിംഗ് ലോലിത ഇന്‍ ടെഹ്‌റാന്‍), അസ്‌നെ സെയിര്‍സ്താദ് (ബുക്ക് സെല്ലര്‍ ഓഫ് കാബൂള്‍), ഇര്‍ശാദ് മാഞ്ചി (ദ ട്രബിള്‍ വിത്ത് ഇസ്‌ലാം ടുഡേ), അയാന്‍ ഹിര്‍സി അലി (ഇന്‍ഫിഡല്‍) തുടങ്ങിയവരാണ്. പാശ്ചാത്യ ജനാധിപത്യ ആശയങ്ങളാണ് മുസ്‌ലിം സമൂഹം സ്വീകരിക്കേണ്ടതെന്നും അങ്ങനെ മാത്രമേ മുസ്‌ലിം സമൂഹത്തിനു 'പൂര്‍വാധുനിക/മധ്യകാലത്ത്' നിന്ന് മോചിതമാവാന്‍ കഴിയൂവെന്നും ഇവര്‍ വാദിക്കുന്നു. ഈ ഒരു സംഘം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാമിദ് ദബാഷി, സബ മഹ്മൂദ്, ലൈല അഹ്മദ്, താരിഖ് റമദാന്‍ (ലിസ്റ്റ് അപൂര്‍ണം) തുടങ്ങിയവരാല്‍ രൂക്ഷ വിമര്‍ശത്തിന് വിധേയമായിരുന്നു. എന്നാല്‍ മേല്‍ പറഞ്ഞ പഠനങ്ങളില്‍ നിന്ന് ജെഫ്രി നാഷിന്റെ ഇടപെടലിനെ  വ്യത്യസ്തമാക്കുന്നത്, ഇവരുടെ എഴുത്തിലൂടെ മുസ്‌ലിം പുരുഷന്മാര്‍ എങ്ങനെ ആണ് 'അമിത' ആണത്തം ഉള്ളവരായി പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്നതിനെ കുറിച്ചുള്ള നിരീക്ഷണത്താല്‍ ആണ്. അതുവഴി നാം അബൂ ഗരീബില്‍ നിന്നുള്ള ഫോട്ടോഗ്രാഫില്‍ കണ്ടതുപോലെ, വെളുത്ത പുരുഷന്മാരുടെയും  സ്ത്രീകളുടെയും പീഡനത്തിനു തവിട്ടു നിറമുള്ള മുസ്‌ലിം ആണുങ്ങളെ വിധേയമാക്കുന്നുണ്ടെന്നതിനുള്ള സാംസ്‌കാരിക അനുമതിയാണ് ഇര്‍ശാദ് മഞ്ചിയുടെയും അയാന്‍ ഹിര്‍സി അലിയുടെയും എഴുത്തുകള്‍ നിര്‍മിക്കുന്നത്. സാംസ്‌കാരികമായി 'പരിഷ്‌കരിക്കപെട്ട  മുസ്‌ലിം ആണ്‍' നല്‍കുന്നതിനേക്കാള്‍ അധിനിവേശത്തിനും പീഡനത്തിനുമുള്ള പൊതു സമ്മതി മറ്റു വിശ്വാസങ്ങളിലുള്ളവരില്‍ സൃഷ്ടിക്കാന്‍ ഈ 'പരിഷ്‌കൃത സ്ത്രീ'കള്‍ക്ക് കഴിയുന്നുണ്ടത്രേ.
ഈ സെക്ഷനില്‍ ഇസ്‌ലാമും ആധുനികതയും തമ്മിലുള്ള സംഘര്‍ഷത്തെ പ്രമേയമാക്കുന്ന നാല് എഴുത്തുകാരെ കുറിച്ച് വായിക്കാം. നജീബ് മഹ്ഫൂസ്, വി.എസ് നയ്‌പോള്‍, ജമാല്‍ മഹ്ജൂബ്, ശഹ്ര്‍നൂഷ് പാര്‍സിപൂര്‍. ഇതില്‍ തന്നെ ഏറെ ശ്രദ്ധേയമായത് ശഹ്ര്‍നൂഷ് പാര്‍സിപൂരിനെ കുറിച്ചുള്ള പഠനമാണ്. ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ട് അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ശഹ്ര്‍നൂഷ് പാര്‍സിപൂര്‍. ഇരുപതാം നൂറ്റാണ്ടിലെ ഇറാന്‍ സ്ത്രീ ജീവിതം പറയുന്ന തൗബ ആന്റ് ദ മീനിംഗ് ഓഫ് നൈറ്റ് എന്ന അവരുടെ നോവലാണ് ജെഫ്രി നാഷ് ചര്‍ച്ച ചെയ്യുന്നത് . ഇറാനില്‍  ദേശീയവാദികള്‍ ഭരിച്ചപ്പോഴും പാശ്ചാത്യ കൊളോണിയല്‍ രാഷ്ട്രീയ പിന്തുണയുള്ള ഷാ ഭരിച്ചപ്പോഴും പിന്നീടു ഇസ്‌ലാമിക റിപ്പബ്ലിക് വന്നപ്പോഴും സ്ത്രീ ശരീരത്തിന് മേലെ സ്ഥാപിതമാവുന്ന നിയന്ത്രണങ്ങളുടെയും അതിനോട് സ്ത്രീകള്‍ സ്വീകരിക്കുന്ന സമീപനങ്ങളുടെയും  ഒരു ആഖ്യാനം ആണ് പാര്‍സിപൂരിന്റെ നോവല്‍. ഇത് നേരത്തെ സൂചിപ്പിച്ച അസര്‍ നഫീസിയുടെ 'റീഡിംഗ് ലോലിത ഇന്‍ തെഹ്‌റാന്‍' കാണിക്കുന്ന, ഇസ്‌ലാമിക റിപ്പബ്ലിക്കിനെ മാത്രം ആണ്‍കോയ്മയുടെ ഭാരം പേറുന്ന ഒരു ചരിത്ര ഘട്ടം ആയി ചിത്രീകരിക്കുന്ന സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ്. മാറുന്ന ഓരോ സാമൂഹിക ഘടനയിലും സ്ത്രീ ശരീരത്തിനു മേലെ വരുന്ന അധികാരങ്ങള്‍ വ്യത്യസ്തമാണ് എന്നും, അതിനോട് സ്വന്തം മത സാംസ്‌കാരിക അവസ്ഥയില്‍ നിന്ന് തന്നെ ഇറാനിലെ മുസ്‌ലിം സ്ത്രീകള്‍ പ്രതികരിക്കുന്നുവെന്നും ശഹ്ര്‍നൂഷ് പാര്‍സിപൂര്‍ കാണിച്ചു തരുന്നു. ആണ്‍കോയ്മയെ വിമര്‍ശിക്കുമ്പോള്‍ തന്നെ അസര്‍ നഫീസിയൊക്കെ വെറും  ഇരയായി മാത്രം പ്രതിനിധാനം ചെയ്ത  ഇറാനിയന്‍ സ്ത്രീകളുടെ സാമൂഹിക നിര്‍വാഹകത്വത്തെ പാര്‍സിപൂര്‍ വളരെ ഭംഗിയായി ആവിഷ്‌കരിക്കുന്നു. ഇത് പാശ്ചാത്യ സാഹിത്യം വായിച്ചു 'വിമോചിക്കപ്പെടുന്ന' അസര്‍ നഫീസിയുടെ മുസ്‌ലിം സ്ത്രീ കഥാ പാത്രങ്ങളുടെ ഒരു വിമര്‍ശനം സാധ്യമാക്കുന്നു. മാത്രമല്ല കൊളോണിയലിസം, ദേശീയത, ഇസ്‌ലാമിക പ്രത്യയശാസ്ത്രം ഇവയോടൊക്കെ വിമര്‍ശനപരമായി സമീപിക്കുന്ന ശഹ്ര്‍നൂഷ് പാര്‍സിപൂര്‍ ബഹു ഭൂരിപക്ഷം വരുന്ന  ഇറാനിയന്‍ സ്ത്രീകളുടെ ജീവിത ലോകത്തെ  മത / മതേതര  അധികാര ഘടനയെ  വിമര്‍ശിച്ചുകൊണ്ട് തന്നെ വെളിച്ചത്തു കൊണ്ടുവരുന്നു.
നാലാമത്തെ സെക്ഷന്‍ ഇയാന്‍ മാക് ഈവാന്‍, ഡോണ്‍ ടെലീലിയോ, ജോണ്‍ അപ്ഡയിക്, മുഹ്‌സിന ഹാമിദ്, ലൈല ഹലബി എന്നിവരുടെ കൃതികളില്‍ 'ഇസ്‌ലാമിക ഭീകരവാദം' കാണിക്കപ്പെടുന്ന വഴികള്‍ ആണ്. പാകിസ്താന്‍ വംശജനായ മുഹ്‌സിന്‍ ഹാമിദിന്റെ 'റെലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്' എന്ന നോവല്‍ അതിന്റെ പേരിലെ  അട്ടിമറി സ്വഭാവം കൊണ്ട് ഏറെ വായനക്കാരെ ആകര്‍ഷിച്ചിരുന്നു. ചന്‍ഗീസ് എന്ന പാകിസ്താനീ മുസ്‌ലിം, ഹാവാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുകയും ഉയര്‍ന്ന ജീവിത സൗകര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ പതിനൊന്നോടെ ചെന്‍ഗീസിന്റെ ജീവിതം ആകെ മാറി മറിയുന്നു. അയാള്‍ അമേരിക്കന്‍ സമൂഹത്തിലെ താഴെക്കിടയില്‍ ജീവിക്കുന്ന ആഫ്രോഅമേരിക്കന്‍ സമൂഹവുമായി ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങുന്നു. അയാള്‍ പിന്നീട് പാകിസ്താനിലേക്ക് മടങ്ങുന്നു. എന്നാല്‍, നദീം അസ്‌ലം പറയുന്ന പോലെ പാകിസ്താനികളുടെ  സ്‌നേഹരഹിതമായ ലോകമല്ല മുഹ്‌സിന്‍ ചന്‍ഗീസിലൂടെ കാണിക്കുന്നത്. ന്യൂയോര്‍ക്കിനോളം ജനം താമസിക്കുന്ന ഒരു നഗരമാണ് അവന് ലാഹോര്‍. അവിടത്തെ പോലെ ഇവിടെയും മനുഷ്യരാണ് എന്ന് മുഹ്‌സിന്‍ ഹാമിദ് പറയുന്നു. മുഹ്‌സിന്‍ ഹാമിദ് മത മൗലിക വാദത്തെ കാണുന്നത് ഇസ്‌ലാമിന്റെ മാത്രം പ്രത്യേകത ആയല്ല, മറിച്ചു താന്‍ കൂടി ഭാഗമായിരുന്ന ഒരു കോര്‍പറേറ്റ് കള്‍ച്ചര്‍ മൗലികവാദം ചന്‍ഗീസിലൂടെ മുഹ്‌സിന്‍ ഹാമിദിനു കാണാന്‍  കഴിയുന്നുണ്ട്. ഒരിക്കലും എവിടെയും തന്നെ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയാതെ ജീവിക്കുന്ന ചന്‍ഗീസ് ഒരിക്കലും ആര്‍ക്കും സ്വാംശീകരിക്കാന്‍ കഴിയാത്ത ഒരു ജനാധിപത്യ ബോധത്തെ പ്രദാനം ചെയ്യുന്നുവെന്ന് ജെഫ്രി നാഷ് പറയുന്നു. എന്നാല്‍ മാര്‍ടിന്‍ അമിസ്, ജോണ്‍ അപ്‌ഡൈക്, ഡോണ്‍ ദെലിലിയോ, ഇയാന്‍ മാക് ഇവാന്‍ എന്നിവര്‍ സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമുള്ള ലോകത്ത് മുസ്‌ലിംകളെ അകലെ നിന്ന് മാത്രം കാണുന്ന സാഹിത്യകാരന്മാര്‍ ആണെന്ന പങ്കജ് മിശ്രയുടെ വിമര്‍ശനം ജെഫ്രി നാഷ് തന്റെ പഠനത്തിലൂടെ പങ്കുവെക്കുന്നു.
ഈ പുസ്തകം മുസ്‌ലിംകളെ കുറിച്ചുള്ള സാഹിത്യ വായനയുടെയും ചില രീതിയിലുള്ള സാഹിത്യേതര വായനയുടെയും രാഷ്ട്രീയത്തെ കുറിച്ചുള്ള സംവാദമാണ്. ഇസ്‌ലാമോഫോബിയ ഒരു രാഷ്ട്രീയപ്രശ്‌നം  മാത്രമല്ലെന്നും ഒരു സാഹിത്യ പ്രശ്‌നം കൂടി ആണെന്നും ഈ പുസ്തകം കാണിച്ചു തരുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍