Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

ആത്മസംതൃപ്തിയിലാണ് ഐശ്വര്യം

മുഹമ്മദുല്‍ ഗസ്സാലി / തര്‍ബിയത്ത്‌

ര്‍ത്തിയെയും അത് മനുഷ്യനിലുണ്ടാക്കുന്ന തെറ്റായ പ്രതിഫലനങ്ങളെയും സംബന്ധിച്ച് ധാരാളം പ്രവാചക വചനങ്ങളുണ്ട്. പ്രവാചകന്‍ പറഞ്ഞു: ''ആരെങ്കിലും ഒരൊറ്റ ചിന്തയുള്ളവനായാല്‍ ഐഹികമായ ചിന്തയില്‍ നിന്ന് അല്ലാഹു അവനെ കാത്തു രക്ഷിക്കും. ആരെങ്കിലും ചിന്തകള്‍ ചിതറിയവനായാല്‍ ഐഹികലോകത്ത് ഏതു താഴ്‌വരയിലായാലും അല്ലാഹു അവനെ ശ്രദ്ധിക്കുകയില്ല. അവന്‍ നശിച്ചതു തന്നെ'' (ഹാകിം). മറ്റൊരു നബിവചനം: ''ആരുടെയെങ്കിലും ഉദ്ദേശ്യം പാരത്രികമാണെങ്കില്‍ അല്ലാഹു അവന്റെ മനസ്സിന് ഐശ്വര്യമേകും. അവന്റെ കാര്യങ്ങള്‍ ഒരുമിച്ചു ചേര്‍ക്കും. ഐഹിക ലോകം സ്വയം അവനെ തേടിയെത്തും. ആരുടെയെങ്കിലും ഉദ്ദേശ്യം ഐഹിക ലോകമായാല്‍ അല്ലാഹു അവന് ദാരിദ്യമുണ്ടാക്കും. അവന്റെ കാര്യത്തില്‍ ഭിന്നിപ്പുണ്ടാക്കും. ഇഹലോകത്താകട്ടെ അവന് കണക്കാക്കിയതല്ലാതെ മറ്റൊന്നും ലഭിക്കുകയുമില്ല''(തിര്‍മിദി).
മറ്റൊരു പ്രവാചക വചനത്തിലുണ്ട്: ''ഐഹികമായ ചിന്തകളില്‍ നിന്നു കഴിയുന്നത്ര നിങ്ങള്‍ അകന്നുനില്‍ക്കുക. ആരുടെയെങ്കിലും മുഖ്യ ചിന്ത ഐഹിക ലോകമായാല്‍ അല്ലാഹു അവന്റെ കൃഷിയിടം നശിപ്പിച്ചിരിക്കുന്നു; അവന് ദാരിദ്യമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ആരുടെയെങ്കിലും മുഖ്യചിന്ത പാരത്രികമായാല്‍ അല്ലാഹു അവന്റെ കാര്യങ്ങള്‍ ഒരുമിച്ചുകൂട്ടും. അവന്റെ മനസ്സില്‍ ഐശ്വര്യമുണ്ടാക്കും. വിശ്വാസികളുടെ ഹൃദയം അല്ലാഹു സ്‌നേഹത്താലും കാരുണ്യത്താലും തീര്‍ത്തതാക്കും. നന്മയുമായി അവരിലേക്ക് അല്ലാഹു ഏറെ ധൃതികൂട്ടുകയും ചെയ്യും'' (ബൈഹഖി).
മനുഷ്യന് മാര്‍ഗദര്‍ശനമേകുന്ന, മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന ഇതുപോലുള്ള ധാരാളം വചനങ്ങള്‍ പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഐഹിക ജീവിതത്തിന് പിന്നിലുള്ള ഭ്രാന്തന്‍ നെട്ടോട്ടത്തെ തടയിടുകയാണിവ. ഐഹികലോകം വെട്ടിപിടിക്കാനുള്ള മത്സരം മനുഷ്യ ജീവിതത്തെ പ്രശ്‌നകലുഷിതമാക്കും. നന്മകളെയും ധര്‍മങ്ങളെയും അത് നിഷ്പ്രഭമാക്കും. മനുഷ്യനെ ഹിംസ്രജന്തുക്കളെ പോലെയാക്കും. ഒടുവില്‍ ഭൂമിയിലെ പലയിടങ്ങളും അങ്ങനെയുള്ള ഹിംസ്ര ജന്തുക്കളുടെ താവളമാകും. ഐഹികജീവിതത്തില്‍ വിരക്തിപൂണ്ട് കഴിയുന്ന ചിലര്‍ മുകളില്‍ കൊടുത്ത ഹദീസുകളെ തെറ്റായ രീതിയിലാണ് മനസ്സിലാക്കുന്നത്. ജീവിത സംസ്‌കരണത്തിന് പകരം ഐഹിക ലോകത്ത് മനുഷ്യനെ നിഷ്‌ക്രിയനാക്കുന്നതിനാണ് ഈ പ്രവാചക വചനങ്ങളെ അവര്‍ ഉപയോഗിക്കുന്നത്. അതിലൂടെ ഇഹവും പരവും ഒരുപോലെ അവര്‍ നശിപ്പിക്കുകയാണ്.
ഐഹിക ലോകത്ത് കര്‍മനിരതരാവുക നമ്മുടെ ബാധ്യതയാണ്. അതിന് സന്തോഷകരമായ ജീവിതം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ നേടി എടുക്കേണ്ടതുണ്ട്. ചിലപ്പോള്‍ ധാരാളം പ്രയാസവും ക്ലേശവും അവന് ഉണ്ടായേക്കാം. അതൊന്നും ബാധ്യതാ നിര്‍വഹണത്തിന് തടസ്സമായികൂടാ. ചെലവഴിക്കാനുള്ളതാണ് ധനം. സൂക്ഷിച്ചുവെക്കാനുള്ളതല്ല. ജീവിതം നിലനിര്‍ത്താനും നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുമുള്ളതാണ്.
സമ്പത്തിനോടുള്ള ആര്‍ത്തി മനസ്സിനെയും ശരീരത്തെയും അക്രമിക്കും. അതവനെ ദുര്‍ബലനും നിന്ദിതനുമാക്കും. സമ്പത്ത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അമേരിക്കന്‍ ചിന്തകന്‍ ഡേല്‍ കാര്‍നേഗ് പറഞ്ഞു: ''ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപിച്ച സംഖ്യയുടെ ലാഭവിഹിതം കുത്തനെ ഇടിയുമ്പോള്‍ നിക്ഷേപകരുടെ രക്തത്തിലും മൂത്രത്തിലുമുള്ള പഞ്ചസാരയുടെ അളവ് കൂടുന്നു.''
സമ്പത്ത് ഭംഗിയുള്ളതും കൊതിയൂറുന്നതുമായ പഴംപോലെയാണ്. അത്തരം പഴങ്ങളോട് കൊതിയുണ്ടാകല്‍ മനുഷ്യ പ്രകൃതമാണ്. ചിലര്‍ ദഹനകേടുണ്ടാകുംവരെ അത് ഭക്ഷിക്കും. മറ്റു ചിലരാകട്ടെ തനിക്ക് ലഭിച്ചതിനു പുറമെ മറ്റുള്ളവരുടെ പക്കലുള്ളതും തട്ടിയെടുക്കാന്‍ നോക്കും. ചിലരത് സൂക്ഷിച്ചുവെക്കും, എന്നിട്ട് വിശന്ന് വലയും. ചിലരാകട്ടെ അതു നഷ്ടപ്പെടുമെന്നോര്‍ത്ത് അസ്വസ്ഥരാകും. ചിലര്‍ കൂടുതല്‍ ആവശ്യപ്പെടും. എന്നാല്‍, ചിലര്‍ വിനയത്തോടെയും നന്ദിയോടെയും അത് ഭക്ഷിക്കും. ഇവരാണ് ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍. കിട്ടാത്തതില്‍ ദുഃഖിച്ചിരിക്കുന്നവരല്ല അവര്‍. ആര്‍ത്തിയില്‍ നിന്നും വ്യാമോഹങ്ങളില്‍ നിന്നും അവരുടെ മനസ്സ് ബഹുദൂരത്തില്‍ നിലകൊള്ളുന്നു.
പ്രവാചകന്‍ പറഞ്ഞു: ''അല്ലയോ ജനങ്ങളേ, ഐശ്വര്യം ജീവിത വിഭവങ്ങളുടെ സമൃദ്ധിയല്ല; ആത്മസംത്യപ്തിയാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ അടിമക്ക് താന്‍ തീരുമാനിച്ച വിഭവങ്ങള്‍ നല്‍കും. അതിനായുള്ള അന്വേഷണം നന്നാക്കുക. അനുവദനീയമായവ സ്വീകരിക്കുകയും നിഷിദ്ധമായത് വെടിയുകയും ചെയ്യുക.'' അനുവദനീയമായ ജീവിത വിഭവങ്ങള്‍ക്കായി ശ്രമങ്ങള്‍ നടത്തണമെന്നാണ് അന്വേഷണം നന്നാക്കുക എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്; ഒരു സ്ഥലത്ത് ചടഞ്ഞുകൂടലല്ല. ഇസ്‌ലാമിന്റെ കല്‍പനകള്‍ മുറുകെപിടിച്ചു ജീവിക്കുകയാണെങ്കില്‍ ദുഃഖങ്ങള്‍ ഇല്ലാതാവുകയും സംതൃപ്തിയും ശുഭാപ്തിവിശ്വാസവും കൈവരികയും ചെയ്യും. ''വിശ്വസിക്കുന്നവരും ദൈവ സ്മരണയാല്‍ മനശ്ശാന്തി പ്രാപിക്കുന്നവരും ഇങ്ങനെയുള്ളവര്‍ തന്നെയാകുന്നു. അറിഞ്ഞിരിക്കുവിന്‍, ദൈവസ്മരണയാല്‍ മാത്രമാകുന്നു ഹൃദയങ്ങള്‍ ശാന്തിയടയുന്നത്. സത്യപ്രബോധനം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരാരോ, അവര്‍ സൗഭാഗ്യമുള്ളവരാകുന്നു. അവര്‍ക്ക് നന്മയുറ്റ പര്യവസാനവുമുണ്ട്'' (അര്‍റഅ്ദ് 28-29).
സത്യവിശ്വാസമുള്‍കൊണ്ട് നേരെചൊവ്വെ നിലകൊള്ളുന്നവര്‍ സൗഭാഗ്യവാന്മാരാണ്. ''സമ്പാദ്യം നന്നാക്കിയവനും രഹസ്യ ജീവിതം വിശുദ്ധമാക്കിയവനും പരസ്യ ജീവിതം ആദരണീയമാക്കിയവനും ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ അകന്ന് നിന്നവന്നും സന്തോഷമുണ്ട്. ജ്ഞാനത്തിനനുസരിച്ച് കര്‍മത്തിലേര്‍പെട്ടവര്‍ക്കും അവശേഷിച്ച ധനത്തില്‍ നിന്ന് ചെലവഴിച്ചവര്‍ക്കും വാക്കുകളില്‍ നല്ലതിനെ മുറുകെ പിടിച്ചവര്‍ക്കും സന്തോഷമുണ്ട്'' (അത്തര്‍ഗീബ് വ തര്‍ഹീബ്). പാശ്ചാത്യ നാഗരികതയില്‍ അഭയംതേടുന്ന അധികമാളുകളും ഇങ്ങനെയുള്ള മനസ്സമാധാനം നഷ്ടപ്പെട്ടരാണ്. ഡേല്‍ കാര്‍നേഗ് പറയുന്നു: ''അമേരിക്കയിലെ ഒന്നാം നമ്പര്‍ കൊലയാളി അസ്വസ്ഥമായ മനസ്സാണ്.''
മാനസികാസ്വസ്ഥതകള്‍ മനുഷ്യ ശരീരത്തില്‍ കടുത്ത ഞെരുക്കമുണ്ടാക്കുന്നതായി ആധുനിക വൈദ്യശാസ്ത്രം ബോധ്യപ്പെടുത്തുന്നുണ്ട്. ദഹനപ്രക്രിയയെയും ആന്തരികാവയവങ്ങളെയും അത് സാരമായി ബാധിക്കുന്നു. മകന് വേണ്ടി യഅ്ഖൂബ് നബിയുടെ കരച്ചില്‍ കാരണം അവിടുത്തെ കാഴ്ച നഷ്ടപ്പെട്ടതും, അപവാദപ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ ദുഃഖം സഹിക്കാനാവാതെ 'ദുഃഖം എന്റെ കരളിനെ പിളര്‍ത്തിയോ?' എന്ന് ആഇശ (റ) ആശങ്കപ്പെട്ടതുമെല്ലാം നാം വായിച്ചിട്ടുണ്ട്.
ദുഃഖവും അതുണ്ടാക്കിതീര്‍ക്കുന്ന പ്രശ്‌നങ്ങളും സമൂഹത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാണ്. ജര്‍മനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംഘടന നിലവില്‍ വന്നിട്ടുണ്ട്. 'സന്തോഷത്തിലാണ് ശക്തി'യെന്നാണ് ആ സംഘടനയുടെ മുദ്രാവാക്യം. സമയവും സമ്പത്തും പ്രയോജനപ്പെടുത്തി ജീവിതത്തെ സന്തോഷത്തോടും പ്രതീക്ഷയോടും വരവേല്‍ക്കുന്ന സമൂഹത്തിലാണ് നന്മയുള്ളത്. അലസതയും നിരാശയും തണുപ്പന്‍ ചിന്താഗതികളും വെടിയേണ്ടതുണ്ട്. വിവേകശാലി പുഞ്ചിരിയെ വെറുക്കുമെന്നോ, സത്യവിശ്വാസി നിരാശപ്പെടുമെന്നോ അശുഭകരമായതിനെ പുല്‍കുമെന്നോ ഞാന്‍ വിചാരിക്കുന്നില്ല. ചിലപ്പോള്‍ അനിവാര്യഘട്ടങ്ങളുണ്ടാകും. മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടേക്കും. ആ സമയത്ത് വന്നു ഭവിച്ച പ്രയാസങ്ങളില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടല്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം അത് ജീവിതത്തെ ശിഥിലവും ദുര്‍ബലവുമാക്കും.
അതുകൊണ്ടാണ് വിപത്തുക്കളില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. അബൂ സഈദ് ഖുദ്‌രി (റ) പറഞ്ഞു: '' ഒരിക്കല്‍ പ്രവാചകന്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോഴതാ അബൂ ഉമാമ എന്ന് വിളിക്കുന്ന അന്‍സാറുകളില്‍പ്പെട്ട ഒരാള്‍ അവിടെ. പ്രവാചകന്‍ ചോദിച്ചു: അബൂ ഉമര്‍, നമസ്‌കാര സമയമല്ലാതിരിക്കെ താങ്കളെ പള്ളിയില്‍ കാണുന്നതെന്താണ്? അദ്ദേഹം പറഞ്ഞു: പ്രവാചകരേ, ദുഃഖവും കടങ്ങളുമാണ്. അവിടുന്ന് പറഞ്ഞു: താങ്കള്‍ക്ക് ചില വചനങ്ങള്‍ ഞാന്‍ പഠിപ്പിച്ചു തരട്ടയോ? അതു ഉരുവിട്ടാല്‍ അല്ലാഹു താങ്കളുടെ ദുഃഖവും കടവും ഇല്ലതാക്കും. അദ്ദേഹം പറഞ്ഞു: അതെ പ്രവാചകരേ. അവിടുന്ന് പറഞ്ഞു: പ്രഭാതത്തിലും പ്രദോഷത്തിലും നീ പറയുക. അല്ലാഹുവേ, സന്താപം, ദുഃഖം, ആലസ്യം, ഉദാസീനത, ഭീരുത്വം, പിശുക്ക്, കടഭാരം, ആളുകളുടെ സമ്മര്‍ദം എന്നിവയില്‍ നിന്ന് ഞാനിതാ നിന്നോട് ശരണംതേടുന്നു. അദ്ദേഹം പറഞ്ഞു: അതുപ്രകാരം ഞാന്‍ ഉരുവിട്ടു. അപ്പോള്‍ എന്റെ ദുഃഖവും കടങ്ങളും അല്ലാഹു ഇല്ലാതാക്കി.
ഇവിടെ പ്രവാചകന്‍ ഉരുവിടാന്‍ പറഞ്ഞ വചനങ്ങള്‍ നവജീവിതത്തിലേക്കുള്ള താക്കോലാണ്. അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ശരിയാംവണ്ണം നിലകൊള്ളുകയും ചെയ്താല്‍ അല്ലാഹുവിന്റെ സഹായം അവനിണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. പള്ളിയിലെ ആ മനുഷ്യന്റെ ഇരുത്തത്തില്‍ പ്രവാചകന്‍ ആശ്ചര്യപെട്ടതായി കാണാം. പിന്നീടയാളെ പ്രാര്‍ഥനാ മനസ്സുമായി, മാനസികവും ചിന്താപരവുമായ കുരുക്കുകളില്‍ നിന്നകറ്റി കര്‍മമേഖലയിലേക്ക് പ്രവാചകന്‍ പറഞ്ഞുവിടുകയാണ്. അതിലൂടെ അദ്ദേഹത്തിന് ആശ്വാസവും രക്ഷയും ലഭിക്കുന്നു. പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ മോചനവും രക്ഷയും തേടാന്‍ സഹായകമായ ധാരാളം പ്രാര്‍ഥനകള്‍ പ്രവാചകനില്‍ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.
ചിലയാളുകളുടെ കാഴ്ചപ്പാടില്‍ പ്രാര്‍ഥന ഫലശൂന്യമായ കര്‍മമാണ്. ആവശ്യങ്ങള്‍ അര്‍പ്പിക്കുകയും പിന്നീട് മറുപടിക്കായി കാത്തിരിക്കുകയും ചെയ്യുന്നൊരു ഏര്‍പ്പാടല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ആരെങ്കിലും ഈയൊരു കാഴ്ചപ്പാടോടെ പ്രാര്‍ഥനയെ കാണുന്നുവെങ്കില്‍ അതു കേവലം വാക്കുകള്‍ ഉരുവിടലാണ്. അങ്ങനെയുള്ള പ്രാര്‍ഥന ഫലശൂന്യവും അല്ലാഹുവിങ്കല്‍ യാതൊരു വിലയുമില്ലാത്തതുമാണ്. പ്രാര്‍ഥനക്ക് ലക്ഷ്യം വേണം. അല്ലാഹുവിലേക്കടുപ്പിക്കുന്ന കര്‍മങ്ങളില്‍ മുഴുകി മാതൃകാപരമായ ജീവിതം നയിക്കുമ്പോഴാണ് പ്രാര്‍ഥന അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുക. 'നാഥാ, എന്നെ മുറപ്രകാരം നമസ്‌ക്കാരം അനുഷ്ഠിക്കുന്നവനാക്കണമേ, (ഈ കര്‍മം നിര്‍വഹിക്കുന്നവരെ) എന്റെ സന്തതികളിലും വളര്‍ത്തണമേ, ഞങ്ങളുടെ പ്രാര്‍ഥന സ്വീകരിച്ചാലും' (ഇബ്‌റാഹീം 40) എന്ന് ഇബ്‌റാഹീം നബി പ്രാര്‍ഥിച്ചപ്പോള്‍ അദ്ദേഹം നമസ്‌കാരം നിലനിര്‍ത്തല്‍ ജീവിത ചര്യയാക്കിമാറ്റിയിരുന്നു. അപ്പോള്‍ നമസ്‌കാരം പ്രയാസമായി തോന്നുകയും അലസന്മാരായി അതു നിര്‍വഹിക്കുകയും ചെയ്യുന്നവരും അദ്ദേഹവും എവിടെ നില്‍ക്കുന്നു?
മറ്റൊരു ഹദീസിലുണ്ട്. ഒരാള്‍ അല്ലാഹുവിനോട് ക്ഷമക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പ്രവാചകന്‍ കേട്ടു. പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹുവിനോട് പരീക്ഷണത്തെയാണ് നീ ചോദിക്കുന്നത്. സുഖത്തിന് വേണ്ടി നീ പ്രാര്‍ഥിക്കുക' (തിര്‍മിദി). ദുര്‍ബോധനങ്ങളില്‍ നിന്ന് മനസ്സിനെ ശുദ്ധീകരിക്കുമ്പോഴേ സന്തോഷമുണ്ടാകൂ. മനസ്സമാധാനത്തിന്റെ അടിസ്ഥാനമാണിത്. മനസ്സമാധാനമാകട്ടെ സൃഷ്ടികള്‍ ഉടമപ്പെടുത്തുന്ന അനുഗ്രഹങ്ങളില്‍ വെച്ചേറ്റവും അമൂല്യമാണ്. പ്രവാചകന്‍ പറഞ്ഞു. ' അല്ലാഹു നിനക്ക് തീരുമാനിച്ച കാര്യത്തില്‍ നീ സംതൃപ്തി അടയുക. അപ്പോള്‍ നീ ജനങ്ങളില്‍വെച്ചേറ്റവും ഐശ്വര്യവാനാകും'. തൃപ്തിയടയലിനെ നിഷ്‌ക്രിയത്വത്തിലേക്കും അലസതയിലേക്കുമുള്ള മാര്‍ഗമാക്കരുത്. ഇന്നത്തെ ദിവസത്തെ തൃപ്തിപ്പെടുക, നാളെ സന്തോഷമുണ്ടാക്കുന്ന കാര്യത്തെ കൊതിക്കുക.

വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍