Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

സമാധാന സംഭാഷണ നാടകം വീണ്ടും

2010 സെപ്റ്റംബര്‍ മുതല്‍ സ്തംഭനത്തിലായ ഫലസ്ത്വീന്‍-ഇസ്രയേല്‍ സമാധാന സംഭാഷണം ഇക്കഴിഞ്ഞ ആഗസ്റ്റ് 14-ന് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. മുമ്പെന്ന പോലെ അമേരിക്കയാണ് ഇപ്പോഴും ഈ നാടകത്തിന്റെ സംവിധായകനും സൂത്രധാരനും. സംഭാഷണം ഔദ്യോഗികമായി തുടങ്ങിയോ, തീരുമാനങ്ങള്‍ വല്ലതും ഉണ്ടായോ എന്നൊന്നും വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഈ സംഭാഷണ പ്രക്രിയ എന്തെങ്കിലും ഫലങ്ങളുളവാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനും അതിന്റെ ആക്രാമകമായ വികസന ദാഹം വളര്‍ത്താനും പ്രതിജ്ഞാബദ്ധമാണ് അമേരിക്ക. അതോടൊപ്പം തങ്ങള്‍ മധ്യ പൗരസ്ത്യ ദേശത്ത് സമാധാനം സ്ഥാപിക്കുന്നതില്‍ അതീവ തല്‍പരരാണെന്ന് അവര്‍ക്ക് ലോകത്തെ ബോധ്യപ്പെടുത്തുകയും വേണം. അതിനുള്ള അഭ്യാസമാണ് ഇത്തരം സമാധാന സംഭാഷണങ്ങളെന്ന് ഏതാണ്ടെല്ലാവര്‍ക്കുമറിയാം. ഫലസ്ത്വീനിലെ ഏറ്റം ജനസ്വാധീനമുള്ള വിമോചന പ്രസ്ഥാനമാണ് ഹമാസ്. ഫലസ്ത്വീനികള്‍ തങ്ങളുടെ രാഷ്ട്രീയ നേതൃത്വമായി ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തതും അവരെയാണ്. ഹമാസ് പക്ഷേ, സമാധാന സംഭാഷണങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ക്ഷണിച്ചാലും ഈ നാടകത്തില്‍ വേഷം കെട്ടാന്‍ അവര്‍ സന്നദ്ധരാകുമോ എന്നത് മറ്റൊരു പ്രശ്‌നമാണ്. പി.എല്‍.ഒ നേതാവ് മഹ്മൂദ് അബ്ബാസിനെയാണ് ഇസ്രയേലും പാശ്ചാത്യ ശക്തികളും ഫലസ്ത്വീന്‍ അതോറിറ്റിയുടെ പ്രസിഡന്റായി വാഴിച്ചിരിക്കുന്നത്. ഫലസ്ത്വീന്റെ താല്‍പര്യത്തേക്കാള്‍ ഇസ്രയേല്‍-അമേരിക്കന്‍ താല്‍പര്യങ്ങള്‍ മാനിക്കുമെന്നതാണ് അദ്ദേഹത്തിന്റെ യോഗ്യത.
ജറൂസലം നഗരത്തിന്റെ ഭാവിയാണ് പുതിയ സംഭാഷണ പരമ്പരയിലെ പ്രഥമ ചര്‍ച്ച. കിഴക്കന്‍ ജറൂസലം ഫലസ്ത്വീന്‍ രാഷ്ട്രത്തിന്റെ ഭാവി തലസ്ഥാനമായിരിക്കണമെന്ന് ഫലസ്ത്വീനികള്‍ ആഗ്രഹിക്കുന്നു. അഖണ്ഡ ജറൂസലം ഇസ്രയേലിന്റെ തലസ്ഥാനമാണെന്നാണ് ജൂത നിലപാട്. ഫലസ്ത്വീന്‍ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ നടക്കുന്ന ജൂത കുടിയേറ്റമാണ് മറ്റൊരു പ്രധാന വിഷയം. ഇതവസാനിപ്പിക്കണമെന്നും 1967-ല്‍ നിലനിന്നിരുന്നതും യു.എന്‍.ഒ അംഗീകരിച്ചിട്ടുള്ളതുമായ അതിര്‍ത്തികള്‍ ഇസ്രയേല്‍ മാനിക്കണമെന്നും ഫലസ്ത്വീനികള്‍ ആവശ്യപ്പെടുന്നു. ഫലസ്ത്വീന്‍ മണ്ണില്‍ പുതിയ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിച്ച് സ്വന്തം രാജ്യം വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ് ഇസ്രയേല്‍. അഭയാര്‍ഥികളുടെ തിരിച്ചുവരവാണ് മറ്റൊരു വിഷയം. അഭയാര്‍ഥികളെ ജന്മദേശത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇരുകക്ഷികളുടെയും രാജ്യരക്ഷയും പ്രധാന സംഭാഷണ വിഷയമാണ്. ഗുരുതരാവസ്ഥ പരിഗണിക്കുമ്പോള്‍ എത്രയും പെട്ടെന്നു പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണിവ. കക്ഷികളും മധ്യസ്ഥരും നീതിബോധത്തോടെ ആത്മാര്‍ഥമായി സമീപിക്കുകയാണെങ്കില്‍ അത്രയൊന്നും നീണ്ട ചര്‍ച്ചകള്‍ അതിനാവശ്യമില്ല. പക്ഷേ, സംഭാഷണ പ്രക്രിയയുടെ ലക്ഷ്യം പ്രശ്‌നത്തിന് ന്യായമായ പരിഹാരം കാണുകയല്ല; പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോവുകയാണ്. അവസാനിക്കാത്ത ചര്‍ച്ചകളിലൂടെ ദുര്‍ബല പക്ഷത്തിന്റെ അവകാശങ്ങള്‍ ഒന്നൊന്നായി കൈയൊഴിപ്പിക്കാന്‍ പ്രബല പക്ഷത്തിനു കഴിയുന്നു. കാലക്രമത്തില്‍ ശക്തന്മാരുടെ അതിക്രമങ്ങളും അധിനിവേശങ്ങളും സാധൂകരിക്കപ്പെടുന്നു.
ഇസ്രയേല്‍ അന്യായമായി തടവിലാക്കിയ ഫലസ്ത്വീനികളെ വിട്ടയക്കണമെന്നത് സമാധാന സംഭാഷണത്തിന്റെ മുന്നുപാധിയായിരുന്നു. നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ ആ രാജ്യം ആദ്യം സമ്മതിച്ചതുമായിരുന്നു. പക്ഷേ മോചിപ്പിക്കപ്പെടുന്നവരുടെ പട്ടിക പുറത്തുവന്നപ്പോള്‍ 26 പേര്‍ മാത്രം. അതും വിധിക്കപ്പെട്ട ശിക്ഷാകാലം അടുത്ത നാളുകളില്‍ പൂര്‍ത്തിയാകാനിരിക്കുന്നവര്‍. അതോടൊപ്പം അധിനിവിഷ്ട ഭൂമിയില്‍ ഇസ്രയേല്‍ 1200 പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും വന്നു. 2010-ല്‍ സമാധാന സംഭാഷണ പ്രക്രിയ സ്തംഭിച്ചത് ഇത്തരമൊരു പാര്‍പ്പിട നിര്‍മാണ പ്രഖ്യാപനത്തിന്റെ പേരിലായിരുന്നുവെന്നത് അനുസ്മരണീയമാണ്. അടുത്തുതന്നെ ശിക്ഷാകാലം അവസാനിക്കാനിരിക്കുന്ന 26 ഫലസ്ത്വീനികളെ മോചിപ്പിക്കുന്നതിനുപകരം ഫലസ്ത്വീന്‍ പ്രദേശത്ത് 1200 പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചു ലക്ഷക്കണക്കില്‍ യഹൂദരെ കുടിയിരുത്തുന്നത് ഫലസ്ത്വീനികള്‍ അംഗീകരിച്ചുകൊള്ളണമെന്നര്‍ഥം.
ഇസ്രയേലിന്റെ ഈ പ്രഖ്യാപനം സമാധാന സംഭാഷണത്തെ അട്ടിമറിക്കലാണ്, നിര്‍ദിഷ്ട 'ദ്വിരാഷ്ട്ര പരിഹാര'ത്തെ തള്ളിക്കളയുന്ന നടപടിയാണ്, ഫലസ്ത്വീന്‍ മണ്ണിലേക്കുള്ള കടന്നുകയറ്റവും കൈയേറ്റവുമാണ് എന്നിങ്ങനെ സമാധാന സംഭാഷണത്തിനുള്ള ഫലസ്ത്വീന്‍ സംഘത്തിന്റെ തലവന്‍ മുഹമ്മദ് ഫത്വിയും സംഘാംഗം സ്വാഇബ് അരീഖാത്തും പി.എല്‍.ഒ നേതാവ് ഹനാന്‍ അശ്‌റാവിയുമൊക്കെ ആഗോള മാധ്യമങ്ങളിലൂടെ വിലപിച്ചുകൊണ്ടിരുന്നു. ഫലസ്ത്വീന്‍ പ്രദേശത്ത് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതില്‍നിന്ന് പിന്മാറുന്നില്ലെങ്കില്‍ തങ്ങള്‍ സമാധാന സംഭാഷണത്തിനില്ല എന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രസ്താവിച്ചു. പക്ഷേ, ഇസ്രയേല്‍ അതിന്റെ തീരുമാനത്തില്‍നിന്ന് കടുകിട പിന്മാറുന്നില്ല.
മഹ്മൂദ് അബ്ബാസിന്റെ 'അതോറിറ്റി' ഇസ്രയേലിനെതിരെ ഒരിക്കലും കടുത്ത തീരുമാനങ്ങളെടുക്കാറില്ല. സ്വീകരിച്ച തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാറുമില്ല. അമേരിക്കയുടെ സമ്മര്‍ദമുണ്ടായാല്‍ ഏതു തീരുമാനത്തില്‍ നിന്നും മഹ്മൂദ് അബ്ബാസ് പിന്നോട്ടു പോകും. പാര്‍പ്പിട നിര്‍മാണത്തിന്റെ പേരില്‍ സമാധാന സംഭാഷണം ബഹിഷ്‌കരിക്കരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കല്‍പിച്ചപ്പോള്‍ അദ്ദേഹം സ്വന്തം പ്രസ്താവന വിഴുങ്ങുകയായിരുന്നു. യു.എന്‍ നിയമത്തിനെതിരാണ് ഇസ്രയേലിന്റെ നീക്കമെന്ന് ജോണ്‍ കെറിയും സമ്മതിക്കും. എന്നിട്ടും അത്തരം നീക്കത്തിലൂടെ സമാധാന സംഭാഷണത്തെ അട്ടിമറിക്കരുതെന്ന് ഇസ്രയേലിനെ ഉപദേശിക്കാന്‍ അദ്ദേഹം തയാറായില്ല. അങ്ങനെ ഉപദേശിക്കണമെന്ന് അദ്ദേഹത്തോടാവശ്യപ്പെടാനുള്ള ആര്‍ജവം മഹ്മൂദ് അബ്ബാസിനും ഇല്ലാതെ പോയി. ഇസ്രയേലിന്റെ നീക്കം പ്രതീക്ഷിച്ചതു തന്നെയാണെന്നാണ് ജോണ്‍ കെറി പറഞ്ഞത്. സംഭാഷണ വേളയില്‍ ആ പ്രശ്‌നവും ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം ഫലസ്ത്വീനെ ആശ്വസിപ്പിക്കുകയും ചെയ്തു.
യുനസ്‌കോയിലും യു.എന്‍ ജനറല്‍ അസംബ്ലിയിലും ഫലസ്ത്വീന്റെ അംഗത്വത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ കൂട്ടാക്കാത്ത രാജ്യങ്ങളാണ് അമേരിക്കയും ഇസ്രയേലും. സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്ക അതിനെതിരെ വീറ്റോ പ്രയോഗിക്കുകയും ചെയ്തു. ഈ രാജ്യങ്ങളിലാണ് മഹ്മൂദ് അബ്ബാസും കൂട്ടരും വിശ്വാസമര്‍പ്പിക്കുന്നത്. സ്വന്തം ഭാഗധേയം സ്വയം തകര്‍ക്കുകയല്ലേ അവരിതുവഴി ചെയ്യുന്നത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍