Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

കുടുംബം തണലും ഫലവും നല്‍കും മരങ്ങള്‍

ഹമീദ് മലപ്പുറം

ഭൂമിയുടെ നിയോഗത്തെ അര്‍ഥപൂര്‍ണമാക്കുന്നത് അതിന്റെ പുറംതൊലിയില്‍ പറ്റിപ്പിടിച്ചു കഴിയുന്ന മനുഷ്യവാസമാണ്. എന്നാല്‍, മനുഷ്യവാസത്തിന്റെ നൈതികത അന്വര്‍ഥമാകുന്നത് ഭൂമിയുടെ വിഭവങ്ങള്‍ വിഹിതമായ വിധത്തില്‍ വിനിയോഗിക്കപ്പെടുകയും അവകാശബാധ്യതകള്‍ പരസ്പരം നിര്‍വഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. ജനജീവിതം ഈ നേര്‍വഴിയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ അവിടെ കുഴപ്പം (ഫസാദ്) കുടിയേറും. 'സംസ്‌കരണം നടന്നു കഴിഞ്ഞിരിക്കെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്' എന്ന ദൈവിക മുന്നറിയിപ്പിന്റെ പൊരുള്‍ ഇതാണ്. മനുഷ്യവംശത്തിന്റെ താളാത്മകവും നീതി പൂര്‍ണവുമായ സഹവര്‍ത്തിത്വ ജീവിതം തകിടം മറിഞ്ഞപ്പോഴൊക്കെ ഭൂമി തന്നില്‍ ജീവിക്കാന്‍ കൊള്ളാത്തവരെ പുറംതള്ളിയിട്ടുണ്ട.് ശക്തമായ പേമാരികൊണ്ടും അതിഗംഭീരമായ ഇടിനാദങ്ങള്‍ കൊണ്ടും ഭൂമിയില്‍ ഇടവേളകള്‍ വെച്ച് ശുദ്ധീകരണ പ്രക്രിയകള്‍ നടന്നിട്ടുണ്ട് എന്നതിനു ചരിത്രം സാക്ഷി.
ലോകമാകെ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന മനുഷ്യ മഹാപ്രസ്ഥാനത്തിനു അടിത്തറയിട്ടത് ആദിമ മനുഷ്യരായ ആദമും ഹവ്വയുമാണ്. ഈ രണ്ട് വ്യക്തികള്‍ കൊളുത്തിവെച്ച മനുഷ്യ ദീപശിഖയുടെ അനുസ്യൂതമായ പ്രയാണവും കൈമാറ്റവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നടേ പോയവര്‍ അവസാനിച്ചേടത്താണ് പിമ്പേ വന്നവര്‍ ജീവിതമാരംഭിക്കുന്നത്. ശാരീരികവും മാനസികവുമായ ചേരുവകളുടെ സ്വീകരണം മാത്രമല്ല, സാംസ്‌കാരികവും സാമൂഹികവുമായ പൈതൃകങ്ങളും അനന്തരമെടുത്താണ് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും മുന്നോട്ട് പോകുന്നത്. ഒരേസമയം ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമാണ്.
ഘടനയിലും ദൗത്യത്തിലും ഇതര ജീവജാലങ്ങളില്‍ നിന്ന് വിഭിന്നനാണ് മനുഷ്യന്‍. ജനനം മുതല്‍ മരണം വരെയുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പരസ്പരം ആശ്രയിച്ചും സഹകരിച്ചുമല്ലാതെ മനുഷ്യ ജീവിതം മുന്നോട്ട് കൊണ്ടുപോവുക സാധ്യമല്ല. ബാലാരിഷ്ടതകളുടെ ശൈശവം മാത്രമല്ല നിസ്സഹായതകളുടെ വാര്‍ധക്യവും അവശതകള്‍ നിറഞ്ഞതും പരസഹായം ആവശ്യപ്പെടുന്നതുമാണ.് ശാരീരിക മാനസിക ക്ഷമത സ്വയംപര്യാപ്തത നേടുന്ന യുവത്വത്തില്‍ പോലും പരിചരിക്കപ്പെടാനും തന്റെ വൈകാരികതകള്‍ ആശ്ലേഷിക്കപ്പെടാനും മനുഷ്യന്‍ കൊതിക്കുന്നു. ഇവയുടെ നിരാകരണങ്ങള്‍ മനുഷ്യരെ വിസ്‌ഫോടനങ്ങളിലേക്ക് തള്ളിവിടും.
എന്നാല്‍, മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന ശാരീരികവും വൈകാരികവുമായ ചോദനകളെ ശരിയായ ചാലുകളിലുടെ തിരിച്ചുവിടാനും അതുവഴി അവാച്യമായ അനുഭൂതി നുകരാനും സ്രഷ്ടാവ് തന്നെ പരിഹാരം കണ്ടിരിക്കുന്നു. ഉദാത്തമായ കുടുംബ സംവിധാനത്തിലൂടെ മനുഷ്യന്റെ വൈയക്തികവും സാമൂഹികപരവുമായ വളര്‍ച്ചയും പുരോഗതിയുമാണ് ഉറപ്പ് വരുത്തിയിരിക്കുന്നത്. സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രഭാവലയങ്ങളില്‍ ശാന്തിയും സമാധാനവും നുകരാനും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും കരവലയങ്ങളില്‍ സുരക്ഷിതത്വം അനുഭവിക്കാനും കുടുംബം രംഗവേദിയാകുന്നു. ഭൂമിയില്‍ മനുഷ്യന്റെ മേല്‍വിലാസം അവന്റെ കുടുംബമാണ്. ആ മേല്‍വിലാസത്തിന്റെ ബലത്തിലാണ് മനുഷ്യന്‍ തന്റെ ശക്തിയും സംഘബോധവും പ്രകടിപ്പിക്കുന്നത്. മഹത്തായ നാഗരികതയുടെ നിര്‍മിതിക്ക് ശരിയായ മനുഷ്യവിഭവം പ്രദാനം ചെയ്യുന്നതും ഉല്‍കൃഷ്ടമായ കുടുംബമാണ്.
ഓരോ മനുഷ്യനും മണ്ണില്‍ ഇറങ്ങുന്നതിനു മുമ്പ് താല്‍ക്കാലികവും ഹ്രസ്വവുമായ മറ്റൊരു മനുഷ്യ അറയില്‍ തങ്ങുന്നുണ്ട്. ഭദ്രവും സുരക്ഷിതവും ഗോളസമാനവുമായ സ്ര്തീയുദരത്തില്‍ ആറുമാസം മുതല്‍ ഒമ്പതു മാസം വരെ ചുരുണ്ടുകൂടി കിടക്കുന്ന അവന്‍/അവള്‍ പിന്നീട് പുറംലോകത്തേക്ക് ഊര്‍ന്നിറങ്ങുന്നത് ഏറെ ശ്രമകരമായിട്ടാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂല്‍പാല യാത്രയാണ് പ്രസവം. ഈ യാത്ര ചിലപ്പോഴെങ്കിലും മാതാക്കളുടെ അന്ത്യയാത്രയായി പരിണമിക്കാറുണ്ട്. ഒരു മനുഷ്യപുറപ്പാടിനു വേണ്ടി മറ്റൊരു മനുഷ്യന്‍ വിടവാങ്ങുന്ന ത്യാഗത്തിന്റെ നിസ്തുല രംഗമാണിത്. ജീവന്‍തുടിപ്പുകള്‍ പിച്ചവെക്കുന്ന തന്റെ ആദ്യനാളുകളില്‍ തനിക്കുവേണ്ടി കഷ്ടപ്പെടുന്ന മാതാവിനെ അനുഭവിച്ചറിയാതിരിക്കാന്‍ കുഞ്ഞിന് സാധ്യമല്ല. മാതാവിന്റെ അനിര്‍വചനീയമായ ഈ ക്ലേശത്തിനു മക്കള്‍ എങ്ങനെ പ്രത്യുപകാരം ചെയ്യണമെന്ന് നാഥന്‍ പഠിപ്പിക്കുന്നുണ്ട്. മാതാവിന്റെ കൂടെനിന്ന് സന്താനങ്ങള്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും സമാഹരിച്ചു നല്‍കുന്ന ഒരു പുരുഷനുമുണ്ട്. തന്റെ കൊച്ചുനയനങ്ങള്‍കൊണ്ട് കുഞ്ഞിനത് തുടക്കത്തില്‍ തന്നെ കണ്ടെത്താനാകും. പരുപരുത്ത കൈകളില്‍ ലാളിക്കപ്പെടുമ്പോഴും വിയര്‍പ്പിന്റെ ഗന്ധമുള്ള ചുടുചുംബനങ്ങളാല്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുമ്പോഴും തന്റെ അകം ഹര്‍ഷ പുളകിതമാകുന്നതും സുരക്ഷിതത്വത്തിന്റെ കുളിര് തനിക്കു ചുറ്റും രക്ഷാവലയം തീര്‍ക്കുന്നതും കുഞ്ഞിനു അനുഭവവേദ്യമാകുന്നു. പരിപാവനമായി കാത്തുസൂക്ഷിക്കേണ്ട മനുഷ്യബന്ധങ്ങളില്‍ രണ്ടാം സ്ഥാനം പിതാവിനു നല്‍കേണ്ടതില്‍ ഇനിയും ന്യായം ബോധിപ്പിക്കേണ്ടതില്ല. ഗര്‍ഭം ചുമക്കുന്നതും പ്രസവിക്കുന്നതും അനന്തരം മുലയൂട്ടുന്നതും മാതാവാണെങ്കില്‍ കൂടി മനുഷ്യ അസ്തിത്വത്തിന്റെ ആദ്യ കണികയില്‍ തന്നെ പിതാവിന്റെയും അംശമുണ്ടെന്ന വസ്തുത ഓരോ മനുഷ്യനിലും മാതാവും പിതാവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന പ്രാഥമിക സാമൂഹികപാഠമാണ് നല്‍കുന്നത്.
രണ്ട് വ്യക്തികള്‍ കൂടാതെ മൂന്നാമതൊരു വ്യക്തിയുണ്ടാകുന്നില്ല. മാതാവ്, പിതാവ്, കുഞ്ഞ് എന്നീ ത്രയങ്ങള്‍ കൂടിച്ചേര്‍ന്നതാണ് കുടുംബത്തിന്റെ ഒന്നാം കണ്ണി. ഒരേ സ്രോതസ്സില്‍ നിന്നുണ്ടാകുന്ന സന്താനങ്ങള്‍ ഒരേ മാലയിലെ വൈവിധ്യമാര്‍ന്ന മുത്തുകള്‍ പോലെ, കുടുംബ വൃത്തത്തെ വികസിപ്പിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. രക്തത്താലുള്ള അദൃശ്യമായ പാശത്താല്‍ ബന്ധിതമായ ഈ കണ്ണികള്‍ പൊട്ടിച്ചെറിയണമെന്ന ആവശ്യം മനുഷ്യവംശാവലിയുടെ നാഡീ ഞരമ്പുകളെ അറുത്ത് മാറ്റുന്നതിനു തുല്യമാണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമായ കുടുംബ ഘടനയെ പ്രായോഗികമായി തിരസ്‌കരിക്കാന്‍ 'കമ്യൂണ്‍' വാദികള്‍ക്കോ കുടുംബവ്യവസ്ഥിതിയെ നിരാകരിക്കുന്നവര്‍ക്കോ സാധ്യമല്ല.
കുഞ്ഞിന്റെ പിറവിയോടെയാണ് മാതൃത്വവും പിതൃത്വവും ഇതള്‍ വിരിയുന്നത്. എന്നാല്‍, സന്താനലബ്ധിക്ക് മുമ്പും പിമ്പും മാതാപിതാക്കള്‍ പരസ്പരം ഇണകളാണ്. ഇണചേരുന്നതിനും പ്രസവിക്കുന്നതിനും ഏത് ആണിനും പെണ്ണിനും സാധിച്ചേക്കാം. എന്നാല്‍, മാതാപിതാക്കളാവുക എന്നത് ശ്രമകരവും സുപ്രധാനവുമായ ദൗത്യമാണ്. നല്ല ദമ്പതികളാണ് നല്ല മാതാപിതാക്കളാകുന്നത്. നല്ല മാതാപിതാക്കളാണ് മക്കളെ നന്നായി വളര്‍ത്തുന്നതില്‍ വിജയിക്കുന്നത്. ഉത്തമരായ സന്താനങ്ങളാണ് ഉല്‍കൃഷ്ടരായ വ്യക്തിത്വങ്ങളാകുന്നത്. അവരാണ് പിന്നീട് സമൂഹത്തിന്റെ മൂലധനമാകുന്നത്. അതിനാല്‍ ദാമ്പത്യവും ദാമ്പത്യ ജീവിതത്തിലെ രണ്ട് വ്യക്തികളും സവിശേഷം പ്രാധാന്യമര്‍ഹിക്കുന്നു.
കുടുംബഘടനയില്‍ വ്യക്തികളുടെ മാതാപിതാക്കളും കൂടപ്പിറപ്പുകളും മറ്റു ബന്ധുമിത്രാദികളും സ്വാഭാവികമായി വന്നുചേരുന്നതാണെങ്കില്‍ ഇണയുടെ അവസ്ഥ അങ്ങനെയല്ല. ദാമ്പത്യത്തില്‍ തന്റെ പങ്കാളി ആരാകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആണിനും പെണ്ണിനും നല്‍കപ്പെട്ടത്, ചേരാവുന്നത് ചേര്‍ന്നാല്‍ മതി എന്ന വ്യക്തിഗത താല്‍പര്യത്തിനപ്പുറം ഭാവിതലമുറയുടെ നിര്‍മിതി ഒരു സ്വാഭാവിക പ്രക്രിയ ആകരുതെന്നും ബോധപൂര്‍വമായ പ്ലാനിംഗോടുകൂടിയേ അതാകാവൂ എന്ന പൊതുതാല്‍പര്യവും കൂടി പരിഗണിച്ചത് കൊണ്ടാണ്. സൗന്ദര്യം, തറവാടിത്തം, സമ്പത്ത് എന്നിവ ഇണയെ സ്വീകരിക്കുന്നതില്‍ സ്വാധീനിക്കാവുന്ന ആകര്‍ഷക ഘടകങ്ങളാണ്. എന്നാല്‍, ഉദാത്തമായ കുടുംബവ്യവസ്ഥക്ക് അവയേക്കാള്‍ അനിവാര്യമായത് ഇരുവരുടെയും ഉന്നതമായ മൂല്യങ്ങളും ധാര്‍മികനിലവാരവുമാണ.് വൈവാഹിക ജീവിതം സഫലമാകുന്നതും വിജയപ്രദമാകുന്നതും ധാര്‍മികമൂല്യങ്ങളുടെ മാനദണ്ഡത്തിലാണ്. മൂല്യബോധമില്ലെങ്കില്‍ ജന്തുസംസ്‌കാരവും മനുഷ്യസംസ്‌കാരവും തമ്മില്‍ വലിയ അന്തരമില്ല. ധാര്‍മിക ബോധമാണ് മനുഷ്യനെന്ന ഇരുകാലിയെ മൃഗമല്ലാതാക്കുന്നത്. ബോധങ്ങളുടെ മുഖ്യമായ പ്രസരണകേന്ദ്രം കുടുംബമാണ്.
ശൈശവവും ബാല്യവും കൗമാരവും പിന്നിട്ട് യുവത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതോടെയാണ് വ്യക്തികള്‍ വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നത്. കാലയളവ് പരിഗണിക്കുമ്പോള്‍ വിവാഹപൂര്‍വ ജീവിതത്തേക്കാള്‍ വിവാഹാനന്തര ജീവിതത്തിനാണ് ദൈര്‍ഘ്യം കൂടുതലുള്ളത്. ശരാശരി ആയുസ്സിന്റെ പകുതിയിലധികവും പങ്കാളിത്തജീവിതമാണ്. വിവാഹം, ദാമ്പത്യം, ലൈംഗികത, ഗര്‍ഭധാരണം, പ്രസവം, സന്താനപരിപാലനം, ആന്തരികവും ബാഹ്യവുമായ കുടുംബവ്യവഹാരങ്ങള്‍ തുടങ്ങി സുപ്രധാനവും വൈവിധ്യപൂര്‍ണവുമായ ഘട്ടങ്ങളാണ് വൈവാഹിക ജീവിതത്തിലൂടെ കടന്നു പോകുന്നത്. വസ്വിയ്യത്ത്, മരണാനന്തരകര്‍മങ്ങള്‍, ദായധനവിതരണം തുടങ്ങിയവയും കുടുംബമേഖലയില്‍ വരുന്ന കാര്യങ്ങളാണ്. ബഹുഭാര്യാത്വവും വിവാഹമോചനവും കുടുംബ വിഷയങ്ങള്‍ തന്നെയാണ.് എന്നാല്‍, ഏറെ ദുരുപയോഗം ചെയ്യപ്പെടുകയും പലപ്പോഴും വിവാദമാക്കപ്പെടുകയും സമൂഹഗാത്രത്തില്‍ ഇസ്‌ലാമിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന ഈ രണ്ട് കുടുംബ വ്യവഹാരങ്ങളെ സംബന്ധിച്ച് വേറെതന്നെ പ്രതിപാദിക്കേണ്ടതുണ്ട്.
അനാവശ്യമായതൊന്നും സ്രഷ്ടാവ് അനുവദനീയമാക്കില്ല എന്നതാണ് നിയമം. ബഹുഭാര്യാത്വം അനുവദിച്ചതിലും വിവാഹമോചനം നിയമവിധേയമാക്കിയതിലും സൂക്ഷ്മവിശകലനത്തില്‍ സാമൂഹികപരമായ ആവശ്യം പരിഗണിച്ചതായി കാണാം. ഒരുമിക്കേണ്ടതില്ലായിരുന്ന രണ്ട് വ്യക്തികള്‍ക്ക് മാന്യമായി വേര്‍പിരിയാനുള്ള യാത്രാ കവാടമാണ് വിവാഹമോചനം. മഹത്വവത്കരിക്കേണ്ടതില്ലാത്ത ഈ കര്‍മത്തെ കാണേണ്ടത് ജീവിതത്തില്‍ എല്ലാറ്റിനും പോംവഴി കാണിക്കുന്ന ജഗന്നിയന്താവ് ഇതിലും ഒരുവഴി കാണിച്ചു എന്ന നിലക്കാണ.് ബഹുഭാര്യാത്വത്തെയും പ്രശ്‌നമായല്ല കാണേണ്ടത്; പ്രത്യുത പ്രശ്‌നപരിഹാരമായാണ്. ശാരീരികവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ ചിലപ്പോഴത് ആവശ്യമാകാം.
കേരളീയ മുസ്‌ലിം സമൂഹം വിദ്യാഭ്യാസ സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ മുന്നേറുന്ന ആഹ്ലാദകരമായ കാഴ്ചകള്‍ ഒരു ഭാഗത്ത് നാം കാണുന്നു. എന്നാല്‍, ഈ പുരോഗതിയെ പിറകോട്ട് വലിക്കുന്ന ദൗര്‍ഭാഗ്യകരമായ അഭ്യന്തര സ്ഥിതിവിശേഷങ്ങള്‍ മറുഭാഗത്ത് ഉണ്ടായിക്കൊണ്ടിണ്ടിരിക്കുന്നുണ്ട്. ദിനേനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും അല്ലാത്തതുമായ സംഭവങ്ങള്‍ സമുദായത്തിന്റെ കുടുംബപ്രശ്‌നങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ്. കുടുംബകോട്ടയുടെ ഭിത്തികള്‍ക്ക് മാത്രമല്ല അടിത്തറയിലും വിള്ളലുകളും പൊത്തുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നേരത്തെ, വിവാഹമോചനവും ബഹുഭാര്യാത്വവും മാത്രമായിരുന്നു സമുദായത്തിന്റെ കുടുംബപ്രശ്‌നങ്ങളെങ്കില്‍ ഇപ്പോള്‍ മൊത്തം കുടുംബം തന്നെ പ്രശ്‌നമാണ്.
ഫാമിലി മാനേജ്‌മെന്റും ഓര്‍ഗനൈസിംഗും സമുദായം ഇനിയും പഠിക്കുകയോ ശീലിക്കുകയോ ചെയ്തിട്ടില്ല. നാളിതുവരെ വീട്ടാചാരങ്ങളില്‍ നിന്നും നാട്ടുനടപ്പുകളില്‍ നിന്നും കണ്ടും കേട്ടുമാണ് കുടുംബം പ്രയോഗവല്‍ക്കരിക്കപ്പെട്ടുപോന്നത്. അതിനപ്പുറം കുടുംബ വിഷയങ്ങളില്‍ സമുദായം എജുക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ല. ആചാരങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെ ഉല്‍പതിഷ്ണുക്കളും നവോത്ഥാന സംഘങ്ങളും രംഗത്ത് വന്നെങ്കിലും പലപ്പോഴും ആ യജ്ഞം സ്ര്തീധനവിരുദ്ധ വിളംബരങ്ങളിലും വിവാഹാഘോഷ ധൂര്‍ത്തിനെതിരെയുള്ള വചനപ്രഘോഷങ്ങളിലും പരിമിതപ്പെട്ടു. മൂര്‍ത്തമായ ഇസ്‌ലാമിക കുടുംബ സംവിധാനത്തെക്കുറിച്ച ബോധവല്‍ക്കരണവും വര്‍ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതില്‍ മതിയായ ശ്രദ്ധ ചെലുത്തിക്കാണുന്നില്ല.
കുട്ടികള്‍ ഇസ്‌ലാമിനെക്കുറിച്ച ഔദ്യോഗിക പ്രാഥമിക വിവരം നേടുന്നത് അഞ്ച് വയസ്സുമുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള മദ്‌റസാ പഠനത്തില്‍ നിന്നാണ്. പരിമിതമായ ഈ കാലയളവ് കാര്യമായും ഉപയോഗപ്പെടുത്തുന്നത് ഖുര്‍ആന്‍ തജ്‌വീദോടു കൂടിയ പാരായണത്തിനാണ്. ഇസ്‌ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും കര്‍മശാസ്ര്ത -നബിചരിത്രങ്ങളില്‍ നിന്ന് അല്‍പവും കൂടിയായാല്‍ മദ്‌റസാ സിലബസ് പൂര്‍ത്തിയായി. കുട്ടികള്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസില്‍ എത്തുന്നതോടേ എസ്.എസ്.എല്‍.സി പൊതുപരീക്ഷയുടെ ഒരുക്കങ്ങള്‍ക്കായി മദ്‌റസാ പഠനത്തോട് തീര്‍ത്തും വിടപറയുന്നു. മദ്‌റസാ തുടര്‍പഠനത്തിന് സംവിധാനങ്ങള്‍ ഉള്ളേടത്തുപോലും ഇതാണവസ്ഥ. പത്താം ക്ലാസ് കഴിയുന്നതോടെ ഉപജീവനത്തെക്കുറിച്ച ചിന്തയായി. തൊഴിലധിഷ്ഠിത മേഖലക്ക് വേണ്ടിയാണ് കാര്യമായ സമയവും ഊര്‍ജവും പിന്നീട് ചെലവഴിക്കുന്നത്. ഇതിനിടയില്‍ ഇസ്‌ലാമിനെക്കുറിച്ചോ ഇസ്‌ലാമിന്റെ സൗന്ദര്യപൂര്‍ണമായ ജീവിതത്തെക്കുറിച്ചോ സാധാരണഗതിയില്‍ കുട്ടികള്‍ക്ക് അറിയാനോ കേള്‍ക്കാനോ അവസരമില്ല.
അതുകൊണ്ട് തന്നെ വിവാഹം അരികെയെത്തിനില്‍ക്കുന്ന ആണിനും പെണ്ണിനും മുമ്പില്‍ ഇസ്‌ലാമിന്റെ അഴകാര്‍ന്ന കുടുംബ മാതൃകകള്‍ അത്യപൂര്‍വ കാഴ്ചകളായിരിക്കും. വഴിപാടുപോലെ നടക്കുന്ന വിവാഹത്തിന്റെ ബാഹ്യമോടികള്‍ നിശ്ചയിക്കുന്നത് മാമൂലുകളും തറവാട് സ്റ്റാറ്റസുമാണ്. വൈവാഹിക ജീവിതത്തിന്റെ ആന്തരിക വിഷയങ്ങളെ സംബന്ധിച്ച് ഇണകള്‍ക്കുണ്ടാകുന്ന സ്വാഭാവിക സന്ദേഹങ്ങള്‍ പലപ്പോഴും ശരിയായ സ്രോതസ്സുകളില്‍ നിന്നും ഉചിതമായി നിവാരണം ചെയ്യപ്പെടാറില്ല. സംശയനിവാരണത്തിനു അവലംബിക്കപ്പെടാറുള്ളത് വഴിവിട്ട കൂട്ടുകെട്ടും അശ്ലീല ഉല്‍പന്നങ്ങളുമാണ്. സെക്‌സ് ആശങ്കയുള്ളവരിലും ആസക്തിയുള്ളവരിലും പ്രീമാര്യേജ് ഇന്റര്‍കോഴ്‌സുകളെ അവലംബിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഭൗതിക കലാലയ പഠിതാക്കള്‍ക്കാണ് ഇത്തരം പച്ചയായ വ്യഭിചാരങ്ങളില്‍ ഏര്‍പ്പെടാന്‍ തുറന്ന സൗകര്യങ്ങളുള്ളത്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിവാഹപൂര്‍വ രതികളില്‍ ഏര്‍പ്പെടാനുള്ള അറപ്പും വെറുപ്പും ആണിന് മാത്രമല്ല പെണ്ണിനും ഇന്ന് ഇല്ലാതായിട്ടുണ്ട്.
ദാമ്പത്യത്തിന്റെ മാംസബദ്ധമായ ആദ്യനാളുകളില്‍ മാത്രമാണ് ദമ്പതികളുള്ളത്. പിന്നെയുള്ളത് സാങ്കേതികമായ ഭാര്യയും ഭര്‍ത്താവും. 'പെട്ടുപോയി' എന്ന തോന്നല്‍ രണ്ടുപേരുടെയും അന്തരാളങ്ങളിലും മന്ത്രിക്കുക മാത്രമല്ല അവസരങ്ങളിലും അനവസരങ്ങളിലും തേട്ടി പുറത്ത് ചാടുകയും തുറന്ന പോരിനു വഴിയൊരുക്കുകയും ചെയ്യുന്നു. വാക്പയറ്റുകള്‍ മെയ്യഭ്യാസങ്ങളിലേക്കും തുടര്‍ പീഡനങ്ങളിലേക്കും വഴിമാറും. നിനച്ചോ നിനക്കാതെയൊ കുട്ടികളുണ്ടായതാണ് ചിലര്‍ക്കെങ്കിലും പിരിയാനുള്ള തടസ്സം. മക്കളുടെ സുന്ദരഭാവിയോര്‍ത്ത് സ്വന്തം ഭാവി കുരുതികൊടുക്കുന്ന രകതസാക്ഷികളായാണ് പിന്നീടവരുടെ ജീവിതം! എന്നാല്‍, വിട്ടുവീഴ്ചകള്‍ പാടെ വറ്റിപ്പോയ മനസ്സുകള്‍ക്ക് വിവാഹമോചനമല്ലാതെ മറ്റുവഴികളില്ല. മോനേ/മോളേ നിനക്ക് വേണ്ടിയാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത് തുടങ്ങിയ സഹതാപ പറച്ചിലുകള്‍ മക്കളെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ളതാണ്. സ്വാര്‍ഥപരമായ ഇത്തരം വലിയ വര്‍ത്തമാനങ്ങള്‍ മക്കളില്‍ ഒരനുകമ്പയും ഉണ്ടാക്കില്ലെന്ന് മാത്രമല്ല ബാല്യത്തില്‍ തന്നെ ഞങ്ങള്‍ ബാധ്യതയായി എന്ന ചിന്ത അവരില്‍ അങ്കുരിപ്പിക്കുകയും ചെയ്യും. ഞാനെന്ന ഭാവം പത്തിവിടര്‍ത്തി നില്‍ക്കുന്ന ഈഗോ ക്ലാഷുകള്‍ക്കിടയില്‍ മക്കളുടെ ഭാവി ഞെരിഞ്ഞമരുന്നത് കാണാനും അന്ധത ബാധിച്ച മാതൃപിതൃ കണ്ണുകള്‍ക്കാകുന്നില്ല. ബാധ്യതകള്‍ വിസ്മരിച്ച് അവകാശങ്ങളെക്കുറിച്ച് മാത്രമാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ സംസാരിക്കുന്നത്.
പുറം ഭദ്രവും അകം ഉപദ്രവം നിറഞ്ഞതുമായ കുടുംബങ്ങളുണ്ട്. ആണ്‍/പെണ്‍ ആധിപത്യങ്ങള്‍ അരങ്ങുവാഴുന്ന ഇവിടങ്ങളില്‍ കല്‍പനകള്‍, താക്കീതുകള്‍, ഭീഷണിപ്പെടുത്തലുകള്‍, പീഡനങ്ങള്‍ എന്നിവയാണ് കുടുബവ്യവഹാരങ്ങളുടെ ഭാഷ്യങ്ങള്‍. താളവും സംഗീതവും അന്യം നില്‍ക്കുന്ന, അനുകമ്പയും ആര്‍ദ്രതയും പടികടന്ന ഊഷരമായ മണ്ണാണ് ഈ കുടുംബവീടുകളുടെ നിലമൊരുക്കിയിരിക്കുന്നത്. ഭയം ചൂഴ്ന്ന് നില്‍ക്കുന്ന ഇവിടത്തെ അന്തരീക്ഷത്തില്‍ സ്‌നേഹമസൃണമായ കൊഞ്ചലുകളോ ഒന്നിച്ചിരുന്നുള്ള തമാശ പറച്ചിലുകളോ കേള്‍ക്കാന്‍ സാധ്യമല്ല. മക്കള്‍ മാതാപിതാക്കള്‍ക്ക് തലവേദനകളാകുന്നു. മാതാപിതാക്കളാകട്ടെ മക്കള്‍ക്ക് വിലങ്ങുതടികളുമാണ്. പലപ്പോഴും ഇവര്‍ക്കിടയിലെ ശത്രുത രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ശത്രുതയേക്കാള്‍ ശക്തമാണ്. മക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ സര്‍ഗാത്മകമായി അംഗീകരിക്കാനും ഇണകളുടെ ജൈവികാവശ്യങ്ങളെയും വൈകാരികതകളെയും ധാര്‍മികമായി പരിരക്ഷിക്കാനുമുള്ള അവസരങ്ങള്‍ വളരെ വിരളം. കൗമാരം കലുഷിതമാക്കുന്നതിലും ഒളിച്ചോട്ടം അനിവാര്യമാക്കുന്നതിലും ഇത്തരം സാഹചര്യങ്ങള്‍ക്കുള്ള പങ്ക് വലുതാണ്.
ന്യൂജനറേഷന്‍ എന്നത് പുതിയ അവതാരമല്ല: പഴമയുടെ ലേറ്റസ്റ്റ് അപ്‌ഡൈറ്റഡ് വേര്‍ഷനാണ്. പക്ഷേ, വിവാദങ്ങളില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് പുതുതലമുറയാണ്. കുടുംബത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബോയ്/ഗേള്‍ ഫ്രന്റ്ഷിപ്പ്, ഡേറ്റിംഗ്, ഫ്രീ സെക്‌സ്, ലെസ്ബിയന്‍, ഗേ, ലിവിംഗ് ടുഗെതര്‍ (നിയമാനുസൃത ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നതോടൊപ്പം ഇരുവരുടെയും വ്യക്തിസ്വാതന്ത്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കുക) തുടങ്ങിയ ടെര്‍മിനോളജികള്‍ സമുദായത്തിനകത്തേക്ക് കൊണ്ടുവന്നിട്ടുള്ളത് ചെറുപ്പക്കാരായിരിക്കാം. സമുദായത്തിന്റെ സാംസ്‌കാരിക അടിത്തറ മാന്തുന്ന, കുടുംബനെഞ്ച് പിളര്‍ക്കുന്ന ഉപരിസൂചിത പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ മുമ്പേ സമുദായത്തിലുണ്ട്. പഴയ തലമുറ ഒളിഞ്ഞും മറഞ്ഞും ചെയ്യുന്ന കാര്യങ്ങള്‍ പുതുതലമുറ തെളിഞ്ഞും ഞെളിഞ്ഞും ചെയ്യുന്നു എന്നത് മാത്രമാണ് വ്യത്യാസം. പ്രേമം, വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയ മലയാളപദങ്ങളേക്കാള്‍ പുതുതലമുറക്ക് താല്‍പര്യം ആംഗലേയ പ്രയോഗങ്ങളാണ്. സിനിമാ കൊട്ടകകളിലെ അരണ്ട വെളിച്ചത്തില്‍ ഉച്ചപ്പടം കണ്ടിരുന്ന കാരണവന്മാരുടെ അനന്തരവന്മാരാണ് ഇപ്പോള്‍ ഉള്ളം കൈയിലെ മൊബൈലുകളില്‍ പഴയ 'പീസു'കളുടെ പുനരാവിഷ്‌കാരം കാണുന്നത്!
കാലം മാറുന്നു, ഉപകരണങ്ങളും. മാറാത്തത് സനാതന ധാര്‍മികമൂല്യങ്ങളാണ്. കാലത്തിനനുസൃതമായ ശൈലിയിലും രൂപത്തിലും ഭാഷയിലും മനുഷ്യനിലത് സന്നിവേശിപ്പിക്കുന്നിടത്താണ് സമുദായ നേതൃത്വം മിടുക്ക് കാണിക്കേണ്ടത്. മറ്റെല്ലാറ്റിലുമെന്നപോലെ, കുടുംബത്തിലും നല്ലതിന്റെയും നന്മയുടെയും മാനദണ്ഡം സര്‍വ നന്മകളുടെയും പേറ്റന്റ് ആര്‍ക്കാണോ ആ ആസ്തിക്യത്തിന്റെ അരുളപ്പാടുകളാണ്. പൂര്‍ണ മനുഷ്യന്റെ ജീവിതം ജീവിച്ചുകാണിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയാണ് ഇവിടെയും റോള്‍ മോഡല്‍. ജീവിതത്തിന്റെ വൈവിധ്യവും വ്യത്യസ്തവുമായ ഇടങ്ങളിലെ എല്ലാ ശരികളും ചേരുമ്പോഴാണ് ഇസ്‌ലാം സമഗ്രമായ ശരിയുടെ പേരാകുന്നത്. ഈ തിരിച്ചറിവുകളുടെ വിദ്യാഭ്യാസവും കര്‍മാവിഷ്‌കാരവുമാണ് വിജയത്തിന്റെ താക്കോല്‍.
ജീവിതമാസകലം പരീക്ഷണമാണെന്നിരിക്കെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കവരുന്ന കുടുംബജീവിതം അതില്‍ നിന്ന് മുക്തമാകാന്‍ ഒരു നിലക്കും തരമില്ല. ദൈവികമായതെന്തും പൈശാചികവിരുദ്ധമാണ്. അതുകൊണ്ടാണ് ദൈവികമായ കുടുംബവ്യവസ്ഥിതിയെ പിഴുതെറിയാന്‍ പതിനെട്ടടവും പിശാച് പയറ്റുന്നത്. അറിഞ്ഞ് ബിസിനസ്സിറക്കാന്‍ പിശാചിനെ ആരും പഠിപ്പിക്കേണ്ടതില്ല. ഒരു വലയെറിയലില്‍ അനേകം മീനുകള്‍ അകപ്പെടുന്നതുപോലെ, ഒരു കുടുംബ ടാര്‍ഗിറ്റിലൂടെ നിരവധി ഇരകളാണ് പിശാചിന്റെ പാളയത്തിലെത്തുന്നത്. സമുദായ നായകരുടെ അക്ഷന്തവ്യമായ മൗനവും നിലപാടില്ലായ്മയും അനുയായികളെ നിഷ്പ്രയാസം പൈശാചിക പാളയത്തിലെത്തിക്കും.
കുടുംബങ്ങളുടെ ഇസ്‌ലാമികവല്‍ക്കരണം മഹല്ലുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തന അജണ്ടകളില്‍ പ്രമുഖ സ്ഥാനത്ത് വരേണ്ടതുണ്ട്. താഴെ കൊടുത്ത 15 ഇന നിര്‍ദേശങ്ങള്‍ സമുദായ നേതൃത്വങ്ങളുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നു.
1. ഇസ്‌ലാമിക കുടുംബ വിദ്യാഭ്യാസം മഹല്ലുകളില്‍ സാര്‍വത്രികമാക്കുക. തല്‍സംബന്ധമായ സാമാന്യ വിവരം പൊതുജനങ്ങള്‍ക്കും സമഗ്ര വിവരം നേതൃത്വങ്ങള്‍ക്കും ലഭ്യമാകാനുള്ള സംവിധാനം മഹല്ലുകളില്‍ നടപ്പാക്കുക.
2. വിദ്യാഭ്യാസ മീഡിയത്തിലും ഉപകരണങ്ങളിലും കാലോചിതമായ മാറ്റം വരുത്തുക. 'വഅ്‌ളുകള്‍' (നേരിട്ടും സീഡികള്‍ മുഖേനയും), പുസ്തക വായനകളിലൂടെയുള്ള അറിവുകള്‍, സ്റ്റഡീ ക്ലാസുകള്‍ (മണിക്കൂറുകള്‍ നീളുന്ന ഏകപക്ഷീയമായ പ്രഭാഷണം തന്നെ) തുടങ്ങിയ ദീനീ വിദ്യാഭ്യസത്തിലെ പരമ്പരാഗത രീതികള്‍ സമൂഹത്തിലെ ചെറിയൊരു വിഭാഗത്തെ മാത്രമേ ആകര്‍ഷിക്കുന്നുള്ളൂ. ആധുനിക സങ്കേതങ്ങള്‍ (സിനിമകള്‍, ഡോക്യുമെന്ററികള്‍, പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍ എന്നിവ ഉദാഹരണം) ഉപയോഗപ്പെടുത്തി പുതുതലമുറക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ മഹല്ല് വിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കുക.
3. മനഃശാസ്ര്ത മേഖല ഏറെ വികസിച്ചിട്ടുള്ള ഇക്കാലത്ത് അവയുടെ സാധ്യതകള്‍ കൂടി കുടുംബ രംഗത്ത് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മനോവ്യവഹാരങ്ങളും മാനസികാവസ്ഥകളും ശാസ്ര്തീയമായും ഇസ്‌ലാമികമായും അപഗ്രഥിക്കാന്‍ കഴിയുന്ന കൗണ്‍സലര്‍മാരുടെ സാന്നിധ്യം കുടുംബ രംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായകമാകും.
4. വിവാഹ പ്രായത്തിലെത്തിനില്‍ക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വൈവാഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി തജ്ഹീസീ (തയാറെടുപ്പ്) കോഴ്‌സുകള്‍ നല്‍കുക. കുടുംബ ജീവിതത്തിന്റെ ആവശ്യവും പ്രാധാന്യവും, വൈവാഹികജീവിതം എങ്ങനെ വിജയകരമാക്കാം, ദാമ്പത്യം: സംശയങ്ങളും മറുപടിയും, കുടുംബവ്യവസ്ഥിതിയെ തകര്‍ക്കുന്ന ഘടകങ്ങള്‍ തുടങ്ങിയ വിഷയങ്ങളും കോഴ്‌സ് സിലബസ്സിന്റെ ഭാഗമാക്കുക.
5. ഇണകളെ അറിയുക, സന്താന പരിപാലനം, കൂട്ടുകുടുംബം, കുടുംബ ബജറ്റ് എന്നിവ വിഷയീഭവിക്കുന്ന പാരന്റിംഗ് വര്‍ക്‌ഷോപ്പുകള്‍ വിവാഹിതരായവര്‍ക്ക് നല്‍കുക.
6. സമീപസ്ഥരായ അഞ്ച് മുതല്‍ പത്ത് വരെ കുടുംബങ്ങളടങ്ങുന്ന ഫാമിലി ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് ഊഷ്മളമായ കുടുംബാന്തരീക്ഷവും നല്ല അയല്‍പക്കവും മഹല്ലില്‍ വ്യാപകമാക്കുക. പഠനങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും കൂട്ടായ ചെറിയ സാമ്പത്തിക സംരംഭങ്ങള്‍ക്കും ഇത്തരം ക്ലസ്റ്ററുകള്‍ ഉപയോഗപ്പെടുത്താം. പുറംജോലികളില്ലാത്ത കുടുംബിനികളുടെ സമയങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഇത്തരം ക്ലസ്റ്ററുകള്‍ പ്രയോജനപ്പെടും.
7. ഒരു വീട്ടിലെ എല്ലാ കുടുംബാംഗങ്ങളും ഒത്തുചേരുന്ന ഗൃഹയോഗം ഇടവേളകളിട്ട് സംഘടിപ്പിക്കുന്നത് കുടുംബബന്ധം ഊഷ്മളമാക്കുന്നതിന് സഹായകമാകും. പിതാവ്, മാതാവ്, മക്കള്‍ എന്നിവര്‍ കൂടിയിരുന്ന് കുടുംബ പുരോഗതി വിലയിരുത്താന്‍ ഏറ്റവും ഫലപ്രദമായ രീതിയാണിത്.
8. വിവാഹം, ബഹുഭാര്യാത്വം, വിവാഹമോചനം എന്നിവയില്‍ ഇസ്‌ലാം വെച്ച നിര്‍ദേശങ്ങളും വ്യവസ്ഥകളും മഹല്ലില്‍ നടപ്പാകുന്നു എന്നുറപ്പ് വരുത്തുക.
9. മഹല്ലില്‍ സമീപകാലത്ത് സംഭവിച്ച വിവാഹമോചനങ്ങളെ സംബന്ധിച്ച് വിശദമായി പഠിക്കുക. കുടുംബപ്രശ്‌നങ്ങള്‍ ബന്ധുക്കളുടെയും കൗണ്‍സലര്‍മാരുടെയും മധ്യസ്ഥതയില്‍ പരിഹരിക്കുകയും ചെയ്യുക.
10. ഉപജീവനാര്‍ഥം അകലങ്ങളില്‍ കഴിയുന്ന ദമ്പതികളും മക്കളുമുണ്ട്. ദീര്‍ഘകാലത്തെ അകന്ന ജീവിതം പരസ്പര സമ്മതത്തോടെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത്തരം കുടുംബങ്ങളുടെ ധാര്‍മിക പരിരക്ഷ മഹല്ലിലെ എല്ലാവരുടെയും ഉത്തരവാദിത്വമായിരിക്കണം.
11. വിവാഹമോചിതര്‍, വിധവകള്‍, അനാഥര്‍ എന്നിവരുടെ പുനരധിവാസത്തിലും പുനര്‍വിവാഹത്തിലും മഹല്ലിനു സാധ്യമായത് ചെയ്യുക. അനാരോഗ്യകരമായ ജീവിത ശൈലികള്‍ കുടുംബങ്ങളെ അകാലത്തില്‍ അനാഥരാക്കും. അതിനാല്‍ ആരോഗ്യകരമായ ജീവിതരീതിയെ സംബന്ധിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.
12. അവിവാഹിതരായി 'പുരനിറഞ്ഞു' നില്‍ക്കുന്നവരുടെ വിവാഹത്തിനു സംവിധാനം കാണുക. ദരിദ്രരുടെ പ്രശ്‌നപരിഹാരങ്ങള്‍ ധനവാന്മാരുടെ ബാധ്യതയാണെന്ന് സമൂഹത്തെ പഠിപ്പിക്കുക.
13. ഈദ് ദിനങ്ങളില്‍ മഹല്ലു കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുക. ഇസ്‌ലാമിലെ ആഘോഷങ്ങള്‍ക്ക് ശരിയായ മാനം നല്‍കാന്‍ അതുപകരിക്കും.
14. ബാലികാ ബാലന്മാര്‍ക്കും ടീന്‍സുകള്‍ക്കും സംഘടിക്കാനും സര്‍ഗാത്മകമായി വളരാനും വേദികള്‍ ഒരുക്കുക.
15. സ്വര്‍ഗം മാതാവിന്റെ പാദത്തിനു താഴെയാണെന്നും മാതാപിതാക്കളുടെ പൊരുത്തം കൂടാതെ സ്വര്‍ഗപ്രവേശം അസാധ്യമാണെന്നും ചെറുപ്പത്തിലേ കുട്ടികളെ ബോധവല്‍ക്കരിക്കുക. വൃദ്ധമാതാപിതാക്കള്‍ കുടുംബങ്ങളില്‍ പരിചരിക്കപ്പെടുന്നു എന്നുറപ്പ് വരുത്തുക.
മനുഷ്യനു തണലും ഫലവും നല്‍കുന്ന മരങ്ങളാണ് കുടുംബം. ജീവിതത്തിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നതും ഈ മരങ്ങളാണ്. ജീവിതം മൊട്ടക്കുന്നുകളാകാതിരിക്കാന്‍, കഠിന ചൂടും അതിശൈത്യവും പ്രവഹിക്കുന്ന മരുഭൂമിയാകാതിരിക്കാന്‍ കുടുംബമാകുന്ന മരങ്ങളെ വളരാനാവശ്യമായ വെള്ളവും വളവും നല്‍കി സംരക്ഷിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍