Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍ / അഡ്വ. കെ.ഒ ആയിഷാബായ്-രണ്ട്‌ / രാഷ്ട്രീയ രംഗത്ത്‌

സദ്‌റുദ്ദീന്‍ വാഴക്കാട് / ഫീച്ചര്‍

സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനം ആയിഷാബായിയുടെ രക്തത്തില്‍ പാരമ്പര്യമായിത്തന്നെ ഉള്‍ച്ചേര്‍ന്നിരുന്നു. 1947-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിലെ പങ്കാളിത്തത്തോടെ അവരുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കം കുറിച്ചുവെന്ന് പറയാം. എറണാകുളം ലോ കോളേജില്‍ പഠിക്കുന്ന കാലത്താകട്ടെ, ഇടതുപക്ഷ രാഷ്ട്രീയത്തോട് കൃത്യമായ ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു.
1957-ലെ ചരിത്രപ്രസിദ്ധമായ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് ആയിഷാബായ് സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കായംകുളം നിയോജക മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സരോജിനി ബാനുവിനെ 13000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആയിഷാബായിയുടെ സ്ഥാനാര്‍ഥിത്വം അന്ന് സജീവ ചര്‍ച്ചാ വിഷയമായിരുന്നു. തലമറച്ച്, പ്രൗഢമായി പ്രസംഗിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ പൊതുജനങ്ങളെ അത്ഭുതപ്പെടുത്തി. മുസ്‌ലിം സമൂഹത്തിലെ ചില യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ക്ക് സ്വാഭാവികമായും അത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും ശക്തമായ പിന്തുണയോടെ മത്സരിച്ച് ആയിഷാബായി ജയിച്ചുകയറിയത് ചരിത്രത്തിലേക്കായിരുന്നു. ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലിരുന്ന നിയമസഭയില്‍, ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ആയിഷാബായി അവരോധിക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം സ്ത്രീയായിരുന്നു അവര്‍. 1957 മെയ് 6-നു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ആയിഷാ ബായ് 1959 ജൂലൈ 31 വരെ പദവിയില്‍ തുടര്‍ന്നു. വിമോചന സമരത്തെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടതോടെയാണ് അവര്‍ സ്ഥാനമൊഴിഞ്ഞത്.
1960-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍നിന്ന് ആയിഷാബായി വീണ്ടും മത്സരിച്ചു. കോണ്‍ഗ്രസ്സിലെ ഹേമചന്ദ്രനെ പരാജയപ്പെടുത്തി എം.എല്‍.എ ആയി. 1961-63 കാലത്ത് ഗവണ്‍മെന്റ് അഷ്വറന്‍സ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു; സി.പി.ഐ (എം) നിലവില്‍വന്നു. ആദ്യം നിഷ്പക്ഷമായി നിന്നെങ്കിലും ആയിഷാബായി വൈകാതെ സി.പി.എമ്മില്‍ ചേര്‍ന്നു. 1965 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി കരുനാഗപ്പള്ളി മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാര്‍ട്ടി പിളര്‍ന്നതോടെ വോട്ടുകള്‍ ഭിന്നിച്ചതായിരുന്നു കാരണം. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ അത്തവണ പക്ഷേ, അസംബ്ലി ചേരുകയുണ്ടായില്ല. പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്ന അവര്‍, പല കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തിലും പഴയതു പോലെ ഉണ്ടായില്ല. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി മെമ്പറായിരുന്ന അവര്‍ മഹിളാ സംഘടന കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പാര്‍ട്ടിയില്‍ നിന്നുണ്ടായ സുഖകരമല്ലാത്ത ചില അനുഭവങ്ങള്‍, അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് സി.പി.ഐയില്‍ ചേര്‍ന്നെങ്കിലും ഏറെയൊന്നും മുന്നോട്ടു പോകാനായില്ല. കുടുംബത്തിന്റെ ബിസിനസും മറ്റുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുടെ പേരില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. കുടുംബത്തില്‍ നിന്നുണ്ടായ പിന്തുണക്കുറവും പാര്‍ട്ടിക്കകത്തു നിന്നുണ്ടായ ദുരനുഭവങ്ങളും അവരെ രാഷ്ട്രീയ രംഗത്തുനിന്ന് ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കേന്ദ്ര-സംസ്ഥാന സമിതിയംഗം, സ്റ്റേറ്റ് വാച്ച് ഡോഗ് കമ്മിറ്റി ഓണ്‍ പ്രിസണ്‍സ് അംഗം, കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ച ആയിഷാബായി കഴിവുറ്റ സംഘാടകയായിരുന്നു. കായംകുളം പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി സഹകരണ സ്ഥാപനത്തിന്റെ രൂപീകരണത്തിലും പുരോഗതിയിലും അവര്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. എം.എല്‍.എ ആയിരുന്നപ്പോള്‍ കായംകുളത്തിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കാനും അവര്‍ക്ക് സാധിച്ചു. കായംകുളം ഗവണ്‍മെന്റ് ആശുപത്രി, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ്, കോടതി സമുച്ചയം, കൃഷ്ണപുരം പോളിടെക്‌നിക്, സസ്യമാര്‍ക്കറ്റ് തുടങ്ങിയവയുടെ വികസനത്തിന് ഭൂമി ലഭ്യമാക്കിയതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്, 1957-ല്‍ ആയിഷാബായി എം.എല്‍.എ ആയിരുന്നപ്പോഴാണെന്ന്, ഒരു അനുസ്മരണ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് (ആയിഷാബായ്; അവിസ്മരണീയ സേവനം, കേരള ശബ്ദം, 2007 നവംബര്‍-18).
സ്വന്തം കഴിവുകള്‍ കൊണ്ട് ഉയര്‍ന്നുവന്ന നേതാവായിരുന്നു ആയിഷാബായ്. ഇന്നു കാണുന്ന പോലെ പുരുഷന്റെ റബ്ബര്‍ സ്റ്റാമ്പായ ജനപ്രതിനിധിയായിരുന്നില്ല അവര്‍. സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലത്തില്‍ ആരെങ്കിലും നിര്‍ബന്ധിച്ച് മത്സരിപ്പിച്ച് എം.എല്‍.എ ആക്കിയതുമായിരുന്നില്ല. അവര്‍ സ്വയം തന്നെ ഒരു പ്രതിഭയായിരുന്നു. പക്ഷേ, 'ആ ശബ്ദത്തെ പിന്നീട് തളര്‍ത്തിയത് പക്ഷാഘാതം മാത്രമായിരുന്നില്ല; സ്‌നേഹിച്ച പ്രസ്ഥാനം കൂടിയായിരുന്നു' എന്ന നിരീക്ഷണം അര്‍ഥഗര്‍ഭമാണ്. ഒരു പാട് ഉയരത്തില്‍ എത്താന്‍ സാധ്യതയുള്ള വ്യക്തിത്വമായിരുന്നു ആയിഷാബായിയുടേത്. പക്ഷേ, പാര്‍ട്ടിയില്‍ നിന്നുണ്ടായ ചില ദുരനുഭവങ്ങളും ചില സ്വകാര്യ ദുഃഖങ്ങളും അവര്‍ക്കു മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുകയായിരുന്നു.

പ്രൗഢ പ്രഭാഷക
അതിശയോക്തിയില്ലാതെ ആയിഷാബായിക്ക് നല്‍കാവുന്ന അനുയോജ്യമായ വിശേഷണം പ്രൗഢോജ്വല പ്രഭാഷക എന്നതാണ്. സദസിനെ പിടിച്ചിരുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന, ആശയ ഗാംഭീര്യമുള്ള പ്രസംഗപാടവം അവര്‍ക്ക് കൈമുതലായിരുന്നു. ലോകോളേജിലെ സംവാദ വേളകളും രാഷ്ട്രീയ വേദികളും നിയമസഭയും ആ പ്രഭാഷണത്തിന്റെ വശ്യതയില്‍ മുഴുകിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
സ്‌കൂള്‍ സാഹിത്യ സമാജങ്ങളിലൂടെയാണ് ആയിഷാബായിയിലെ പ്രഭാഷക പ്രതിഭ വളര്‍ന്നുവന്നത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍തന്നെ നന്നായി പ്രസംഗിക്കുമായിരുന്നു അവര്‍. അത് സ്‌കൂളില്‍ നല്ല പരിവേഷവും സമാജം സെക്രട്ടറി സ്ഥാനവും അവര്‍ക്ക് നേടിക്കൊടുത്തു. ക്ലാപ്പന ആലുപീടികയില്‍ നടന്ന ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ 12-ാം വയസ്സില്‍ അവര്‍ പ്രസംഗിച്ചിട്ടുണ്ട്. പിതാവ് ഉസ്മാന്‍ സാഹിബ് തന്നെയാണ് അവരെ പ്രസംഗിക്കാന്‍ കൊണ്ടുപോയിരുന്നത്. 'പര്‍ദ'യണിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയുടെ രാഷ്ട്രീയ വേദിയിലെ പ്രസംഗം അക്കാലത്ത് വിസ്മയമായിരുന്നു. ലോ കോളേജിലെ സംവാദ വേദിയില്‍ അവരുടെ പ്രതിഭയുടെ അരങ്ങേറ്റത്തെക്കുറിച്ച് ജസ്റ്റിസ് സുകുമാരന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
ഇടതുപക്ഷ രാഷ്ട്രീയ വേദികളില്‍ ഒരു പ്രഭാഷകയെന്ന നിലക്ക് ആയിഷാബായി നിറഞ്ഞുനിന്നിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത് കേരളത്തിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും അവര്‍ പ്രസംഗിച്ചിട്ടുണ്ട്. ആയിഷാബായി പ്രസംഗിക്കാന്‍ വരുന്നുവെന്നറിഞ്ഞാല്‍ നട്ടുച്ചക്കും പാതിരാത്രിയിലും ജനം കാത്തുനില്‍ക്കുമായിരുന്നുവത്രെ. 1957-ലെ തെരഞ്ഞെടുപ്പ് കാലത്ത് വെളിയം ഭാര്‍ഗവന്‍ മത്സരിച്ച മണ്ഡലത്തില്‍ ആയിഷാബായി പ്രസംഗിക്കാനെത്തിയത് രാത്രി ഒരു മണിക്കുശേഷം; ജനം പക്ഷേ അപ്പോഴും നിറഞ്ഞുനില്‍ക്കുകയായിരുന്നു. മലബാറില്‍ ആയിഷാബായി പ്രസംഗിക്കുന്നതിന്റെ ഒരു ഫോട്ടോ ആരോ ഫ്രെയിം ചെയ്ത് അയച്ചുകൊടുത്തിരുന്നത് കുടുംബാംഗങ്ങളുടെ ഓര്‍മയിലുണ്ട്.
നിയമസഭയില്‍ ആയിഷാബായ് നടത്തിയ പ്രസംഗങ്ങളെ കുറിച്ച് അവരുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ എഴുതിയിട്ടുണ്ട്. ''1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഇന്ത്യയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കുമ്പോള്‍ ആയിഷാബായിയുടെ പ്രായം 30. അന്നവരുടെ നികാഹ് കഴിഞ്ഞിട്ടില്ല. ആ നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിയായിരുന്ന വി.ആര്‍ കൃഷ്ണയ്യര്‍ സ്ത്രീധന നിരോധന ബില്‍ അവതരിപ്പിച്ചത്. സ്ത്രീസമൂഹം നേരിടുന്ന സ്ത്രീധനത്തിന്റെ വെല്ലുവിളികള്‍ ആയിഷാബീവിയുടെ മനസില്‍ എന്നും കനലായിരുന്നു. അതുകൊണ്ടുതന്നെ ബില്ലിനെ അനുകൂലിച്ചുകൊണ്ട് അവര്‍ നിയമസഭയില്‍ കത്തിക്കയറി. അതേപറ്റി ആയിഷാബായി പറഞ്ഞതിങ്ങനെ; 'ഘോരഘോരം ഞാന്‍ പ്രസംഗിച്ചെന്നാണ് എല്ലാവരും പറയുന്നത്. ശരിയാണ് വളരെ ആവേശത്തോടുകൂടിയാണ് ഞാന്‍ പ്രസംഗിച്ചത്, അത് കേള്‍ക്കാന്‍ സഭ നിശബ്ദമായിരുന്നു.' പ്രസംഗം തീര്‍ന്നപ്പോള്‍ പിന്നിലെ ബെഞ്ചില്‍നിന്ന് മുഴക്കമുള്ള ഒരു ശബ്ദം; 'ഈ ബില്ലങ്ങു പാസാക്കി തന്നാല്‍ നിങ്ങള്‍ കല്യാണം കഴിക്കുമോ?' നിയമസഭയിലെ വിദൂഷകന്‍ എന്നറിയപ്പെട്ടിരുന്ന, ഫലിത പ്രിയനായ തോമസ് ചാഴിക്കാടനായിരുന്നു സഭയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് മര്‍മത്തു കൊള്ളുന്ന ചോദ്യവുമായി ചാടിയെഴുന്നേറ്റത്. 'സത്യത്തില്‍ ഒരു നിമിഷം ഞാന്‍ സ്തബ്ധയായി നിന്നുപോയി. ഞാന്‍ കല്യാണം കഴിച്ചിട്ടില്ലെന്ന ഓര്‍മ അപ്പോഴാണ് എനിക്കുണ്ടായത്. ഞാന്‍ പറഞ്ഞു; എന്റെ കല്യാണമല്ല പ്രശ്‌നം. ഇതൊരു നീറുന്ന സാമൂഹിക വിഷയമായതുകൊണ്ടാണ് പറഞ്ഞത്. ഞാന്‍ എപ്പോള്‍ വേണമെങ്കിലും കല്യാണം കഴിച്ചുകൊള്ളാം.' സഭ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തോമസ് ചാഴിക്കാടന്‍ അടുത്ത് വന്ന ആയിഷാബായിയോട് പറഞ്ഞു; 'ഈ സഭയില്‍ ഞാന്‍ കേട്ട ഏറ്റവും നല്ല പ്രസംഗമായിരുന്നു ആയിഷയുടേത്, ഗംഭീരമായി....' (ആയിഷാബായിയെ ഓര്‍ക്കുമ്പോള്‍, കെ. സുന്ദരേശന്‍, കേരള കൗമുദി 2005 ഒക്‌ടോബര്‍-30).

കുടുംബം
ഏഴു സഹോദരങ്ങളാണ് ആയിഷാബായിക്ക്. ഒന്നാമത്തേത്, നേരത്തെ പരാമര്‍ശിച്ച ഉമ്മുകുല്‍സൂംബായ്. രണ്ട്, കെ.ഒ ഷംസുദ്ദീന്‍ (1924-2012). പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, നിഘണ്ടു രചയിതാവ്, പ്രാചീന ലിപി വിദഗ്ധന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഉസ്മാന്‍ സാഹിബിന്റെ മൂന്നാമത്തെ മകളാണ് ആയിഷാബായ്. അടുത്തത് സഹോദരി സൈനാബായ്. കണ്ണൂര്‍ കേയി കുടുംബത്തിലേക്ക് വിവാഹം കഴിച്ചു. ഭര്‍ത്താവ് ടി.പി.പി ഉസ്മാന്‍. മുന്‍സിഫ് കോടതിയില്‍ ക്ലര്‍ക്കായിരുന്നു സൈനാബായി. അഞ്ചാമത്തേത്, കെ.ഒ മുഹമ്മദ് താജുദ്ദീന്‍ സാഹിബ്, ഡി.വൈ.എസ്.പിയായിരുന്നു. ആറ്, കെ.ഒ അബ്ദുല്‍ ഖാദിര്‍. അധ്യാപകനായി റിട്ടയര്‍ ചെയ്തു. ഏഴ്, കെ.ഒ അബ്ദുശൂകൂര്‍, സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം. എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. എട്ടാമത്തെയാള്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് റിട്ടയേര്‍ഡ് എഞ്ചിനീയറും സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളുമായ കെ.ഒ ഹബീബ്. പാര്‍ട്ടി പ്രവര്‍ത്തനത്തനുവേണ്ടി പ്രമോഷന്‍ വേണ്ടെന്നുവെച്ചതുകൊണ്ടാണ് വിരമിക്കുമ്പോഴും അദ്ദേഹം ജൂനിയര്‍ എഞ്ചിനീയര്‍ തന്നെയായിരുന്നത്.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍, പുരാതനമായ കണ്ടങ്കേരില്‍ കുടുംബത്തിലെ അഡ്വ. കെ. അബ്ദുര്‍റസാഖുമായി ആയിഷാബായിയുടെ വിവാഹം നടന്നത്1958-ലാണ്. ആയിഷാബായിയുടെ സീനിയറായി അദ്ദേഹം എറണാകുളം ലോ കോളേജില്‍ പഠിച്ചിരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന കെ.എ റസാഖ് ട്രേഡ്‌യൂനിയന്‍ രംഗത്ത് സജീവമായിരുന്നു. കെ.സി.റ്റിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. കെ.സി.റ്റിയുടെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നെ. പിന്നീട് പാര്‍ട്ടി മാത്രമല്ല, മാര്‍ക്‌സിസ്റ്റ് ആഭിമുഖ്യം തന്നെ ഉപേക്ഷിച്ച അദ്ദേഹം, കടുത്ത മതാഭിമുഖ്യം പുലര്‍ത്തി. തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം, ദര്‍ഗകള്‍ സന്ദര്‍ശിക്കുകയും വീട്ടില്‍ ദിക്ര്‍-സ്വലാത്ത് ചടങ്ങുകള്‍ നടത്തുകയും ചെയ്യുമായിരുന്നു. 1981 മാര്‍ച്ചില്‍ അദ്ദേഹം മരണപ്പെട്ടു. അധ്യാപികയായ ഫാത്വിമ റസാഖ്,ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് ലക്ചറര്‍ സാജിദ, ബിസിനസ്സുകാരായ മുഹമ്മദ് സജാദ്, അബ്ദുസ്സലാം എന്നിവരാണ് മക്കള്‍. കൊല്ലം ചിന്നക്കടയിലെ ശങ്കര്‍ നഗറില്‍ സിന്‍സിലെ വീട്ടിലായിരുന്നു ആയിഷാബായിയുടെ അവസാന കാലം. 2005 ഒക്‌ടോബര്‍ 28-നാണ് ആ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്.
[email protected]
അടുത്ത ലക്കം:
അഡ്വ. എ നഫീസത്ത് ബീവി

അവലംബം
1. ആയിഷാബായിയുടെ സഹോദരന്‍ കൊട്ടക്കാട്ട് അബ്ദുല്‍ ഖാദര്‍ മാസ്റ്ററുമായി നടത്തിയ സംഭാഷണം.
2. കനല്‍ വഴി നടന്നവര്‍ - കെ.നാരായണന്‍, ആയിഷാബായിയെ കുറിച്ച ലേഖനം, പേജ്-111, പ്രതിഭ ബുക്‌സ് മാവേലിക്കര-6, ആഗസ്റ്റ്-2011.
3. കേരള നിയമസഭ-ഡെപ്യൂട്ടി സ്പീക്കര്‍മാരുടെ ചരിത്രം.
4. കൊല്ലം ഹാന്റ് ബുക്, പേജ്-430.
5. ആയിഷാബായി മരണപ്പെട്ട സമയത്തെ പത്രവാര്‍ത്തകള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍