Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

പ്രശ്‌നവും വീക്ഷണവും

ഇ.എന്‍ ഇബ്‌റാഹീം മൗലവി

ഖബ്‌റിനടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ലെന്നും അത് സുന്നത്തിന് വിരുദ്ധമാണെന്നും അതിനാല്‍ ബിദ്അത്താണെന്നും ചിലര്‍ പറയുന്നു. ഖബ്‌റിനടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും 'ഖതം' തീര്‍ക്കുന്നതും പ്രമാണത്തിന്റെ പിന്‍ബലമുള്ള സല്‍ക്കര്‍മമാണെന്നും അതിനെ തള്ളിപ്പറയുന്നവര്‍ അഹ്‌ലുസ്സുന്നത്തിന്റെ വൃത്തത്തിന് പുറത്താണെന്നും വേറെ ചിലരും പറയുന്നു. എന്താണ് വസ്തുത?

ആദ്യമായി ഈ വിഷയം സംബന്ധമായ ചില ഹദീസുകളും പണ്ഡിതാഭിപ്രായങ്ങളും കാണുക. ഇമാം ബൈഹഖി 'ശുഅ്ബുല്‍ ഈമാനി'ല്‍ ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെയാണ്. ഇബ്‌നു ഉമര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞതായി ഞാന്‍ കേട്ടു: ''നിങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ അയാളെ തടഞ്ഞുവെക്കരുത്. അയാളെ എത്രയും പെട്ടെന്ന് അയാളുടെ ഖബ്‌റിലെത്തിക്കുക. അയാളുടെ ഖബ്‌റില്‍ തലയുടെ ഭാഗത്തുവെച്ച് ഫാതിഹതുല്‍ കിതാബും-ഹൈഥമിയുടെ മജ്മഉസ്സവാഇദില്‍ അല്‍ബഖറയുടെ തുടക്കം എന്നാണുള്ളത്-ബഖറയുടെ അവസാന ഭാഗവും ഓതുക.'' ബൈഹഖി(8854)യിലും, മജ്മഉസ്സവാഇദി(3:4)ലും ദാറുഖുത്‌നി കബീറി (14/444) ലും ഇതുദ്ധരിച്ചതായി ഹൈഥമി പറയുന്നുണ്ട്. അതിന്റെ പരമ്പര ദുര്‍ബലമാണെന്നും ഹൈഥമി വ്യക്തമാക്കുന്നു. ഈ ഹദീസിന്റെ പരമ്പരയില്‍ യഹ്‌യബ്‌നു അബ്ദില്ലാഹില്‍ ബാബൂലുതി എന്നൊരാളുണ്ടെന്നും അയാള്‍ ദുര്‍ബലനാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ പരമ്പരയില്‍ മൂന്നാം കണ്ണിയിലുള്ള അയ്യൂബുബ്‌നു നുഹൈകുല്‍ ഹലബിയും ദുര്‍ബലനും അംഗീകാരമില്ലാത്തവനു (മുന്‍കറുല്‍ ഹദീസ്) മാണ്.
ഹദീസ് ശാസ്ത്ര പ്രകാരം നിരാകരിക്കപ്പെടുന്ന ഹദീസുകളാണ് പലപ്പോഴും ഇത്തരം ആചാരങ്ങള്‍ക്ക് തെളിവായി സ്വീകരിക്കാറുള്ളത്.
ഇനി അത് അംഗീകാര യോഗ്യമാണെന്ന് വന്നാല്‍ തന്നെ മേല്‍ ഖുര്‍ആനിക ഭാഗം പാരായണം ചെയ്യാന്‍ പറഞ്ഞ സമയം ഏതാണ്? ഹൈഥമി തന്നെ മജ്മഉസ്സവാഇദില്‍ ത്വബ്‌റാനിയുടെ അല്‍കബീറില്‍ നിന്നെടുത്ത് കൊടുത്ത ഒരു ഹദീസില്‍ നിന്ന് വ്യക്തമാവുന്നത്, മയ്യിത്തിനെ അടക്കം ചെയ്യുമ്പോള്‍ ചൊല്ലാനാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. 'മയ്യിത്തിനെ ഖബ്‌റില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചൊല്ലേണ്ടത്' എന്ന അധ്യായത്തില്‍ അദ്ദേഹം ഉദ്ധരിക്കുന്നു.
''അബ്ദുര്‍റഹ്മാനുബ്‌നുല്‍ അലാഉബ്‌നുല്ലജാഹി (അസ്ല്‍ കോപ്പിയില്‍ അല്‍അഹ്‌ലാഹ്് എന്നാണുള്ളത്) ല്‍ നിന്ന്: അദ്ദേഹം പറഞ്ഞു; എന്റെ പിതാവ് എന്നോട് പറഞ്ഞു: മോനേ, ഞാന്‍ മരിച്ചാല്‍ എനിക്ക് വേണ്ടി കുഴി ഒരുക്കുക. എന്നെ കുഴിയില്‍ വെച്ചാല്‍ 'ബിസ്മില്ലാഹി വഅലാ മില്ലത്തി റസൂലില്ലാഹ്' എന്ന് പറയുക. പിന്നെ മൃദുലമായി എനിക്കു മേല്‍ മണ്ണ് വാരിയിടുക. പിന്നെ എന്റെ തലയുടെ ഭാഗത്ത് വെച്ച് അല്‍ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും ഓതുക. അല്ലാഹുവിന്റെ ദൂതര്‍ അപ്രകാരം പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.''
ഇതിന്റെ നിവേദകര്‍ വിശ്വസ്തരാണെന്ന് പറയുന്നുണ്ട് ഹൈഥമി. അപ്പോള്‍ ദാറുഖുത്‌നി ഉദ്ധരിച്ച ഹദീസനുസരിച്ച് മയ്യിത്തിനെ അടക്കം ചെയ്യുമ്പോള്‍ ചൊല്ലേണ്ടതാണ് ഖുര്‍ആനിലെ പ്രസ്തുത ഭാഗം. ഖബ്‌റിനടുത്തുവെച്ച് മറ്റു സമയങ്ങളില്‍ ഓതേണ്ടതല്ല. ഹദീസില്‍ പറഞ്ഞ 'ബിസ്മില്ലാഹി' എന്നു തുടങ്ങുന്ന ഭാഗം മറ്റു സമയങ്ങളില്‍ ആരും അവിടെ ഉരുവിടാറില്ല. അപ്പോള്‍ പ്രസ്തുത ഹദീസ്, ഏതു കാലത്തും ഖബറിനടുത്ത് ഖുര്‍ആന്‍ പാരായണം ചെയ്യാമെന്നതിന് തെളിവായുദ്ധരിക്കുന്നത് ശരിയല്ലെന്ന് വ്യക്തം. അതിനാല്‍ തന്നെ പൗരാണിക പണ്ഡിതന്മാര്‍ അത്തരമൊരാചാരത്തിന് അത് തെളിവായുദ്ധരിച്ച് കാണുന്നില്ല. അവരുടെ തെളിവ് ഖിയാസാണ്. അത് ഇങ്ങനെയാണ്.
''ഒരിക്കല്‍ നബി(സ) രണ്ടു ഖബ്‌റുകള്‍ക്കരികിലൂടെ കടന്നുപോകാനിടയായി. അവിടുന്ന് പറഞ്ഞു: ഈ രണ്ടു ഖബ്‌റിലും അടക്കം ചെയ്യപ്പെട്ടവര്‍ ശിക്ഷിക്കപ്പെടുകയാണ്. ഗൗരവതരമെന്ന് തോന്നാവുന്ന പ്രശ്‌നത്തിന്റെ പേരിലല്ല ഇരുവരും ശിക്ഷിക്കപ്പെടുന്നത്.... തുടര്‍ന്ന് നബി(സ) ഒരു ഈത്തപ്പന മടല്‍ കൊണ്ടുവരാന്‍ കല്‍പ്പിച്ചു. നബി(സ) അത് രണ്ടായി പകുത്തു. രണ്ടു ഖബ്‌റുകള്‍ക്കും മുകളിലായി അവ ഓരോന്നും നാട്ടി. അതു ഉണങ്ങുംവരേയും അവയുടെ തസ്ബീഹിന്റെ ബര്‍കത്ത് ഈ ഖബ്‌റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും എന്നുപറയുകയും ചെയ്തു.''
പ്രസ്തുത ഹദീസിലെ പരാമര്‍ശത്തെ അടിസ്ഥാനപ്പെടുത്തി ചില പണ്ഡിതന്മാര്‍ ഊഹിച്ചു: ഒരു കാരക്കമടലിന്റെ തസ്ബീഹിന്റെ ഫലമായി ഖബ്‌റില്‍ കിടക്കുന്ന ആള്‍ക്ക് ശിക്ഷയില്‍ ലഘൂകരണം ലഭിക്കുമെങ്കില്‍ മനുഷ്യന്റെ ഖുര്‍ആന്‍ പാരായണം വഴി എന്തുമാത്രം ലഘൂകരണം ലഭിക്കുമായിരിക്കും! ഇമാം നവവി പറയുന്നു:
''ഈ ഹദീസിനെ അടിസ്ഥാനപ്പെടുത്തി ഖബ്‌റിനടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അഭികാമ്യമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, മടലിന്റെ തസ്ബീഹ് വഴി ഖബ്ര്‍ ശിക്ഷക്ക് ലഘൂകരണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ പാരായണം അതിന് കൂടുതല്‍ അര്‍ഹമാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍'' (ശറഹുസ്വഹീഹി മുസ്‌ലിം 2:204).
ഇമാം നവവി മേല്‍ പരാമര്‍ശത്തില്‍ പണ്ഡിതന്മാര്‍ എന്ന്പറഞ്ഞതുകൊണ്ട് മുഴുവന്‍ പണ്ഡിതന്മാരും എന്നര്‍ഥമില്ല. ചില പണ്ഡിതന്മാര്‍ക്ക് അങ്ങനെ അഭിപ്രായമുണ്ട് എന്നേ ഉള്ളൂ. കാരണം, അദ്ദേഹം ഇതേ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ''ശാഫിഈയുടെ പ്രസിദ്ധാഭിപ്രായമനുസരിച്ച്, ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം പരേതന്ന് ലഭിക്കുകയില്ലെന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ അനുചരന്മാരില്‍ ചിലര്‍ പറഞ്ഞു: അതിന്റെ പ്രതിഫലം പരേതന്ന് ലഭിക്കും.''
''മുഴുവന്‍ ഇബാദത്തുകളുടെയും പ്രതിഫലം പരേതന്ന് ലഭിക്കുമെന്നും പണ്ഡിതന്മാരില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം തുടങ്ങി എല്ലാറ്റിന്റെയും. നേര്‍ച്ച ബാധ്യതയുണ്ടായിരിക്കെ മരിച്ച ആളെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായത്തില്‍ ബുഖാരിയുടെ സ്വഹീഹില്‍ ഇപ്രകാരമുണ്ട്: ''നമസ്‌കാരം ബാധ്യതയുണ്ടായിരിക്കെ മാതാവ് മരണപ്പെട്ട ആളോട്, അവര്‍ക്ക്‌വേണ്ടി നമസ്‌കാരം നിര്‍വഹിക്കാന്‍ ഇബ്‌നു ഉമര്‍ നിര്‍ദേശിച്ചു. പരേതന്ന് വേണ്ടി നമസ്‌കരിക്കുന്നത് സംഗതമാണെന്ന് അതാഉബ്‌നു അബീറബാഹും ഇസ്ഹാഖുബ്‌നുറാഹവൈഹിയും പറഞ്ഞതായി അല്‍ഹാഖി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ പില്‍ക്കാല പണ്ഡിതന്മാരില്‍പെട്ട ശൈഖ് അബുസഅ്ദ് അബ്ദുല്ലാഹിബ്‌നു മുഹമ്മദുബ്‌നു ഹിബതുല്ലാഹിബ്‌നു അബീഅസ്‌റുന്‍ തന്റെ അല്‍ഇന്‍തിസാര്‍ എന്ന ഗ്രന്ഥത്തില്‍ ഈ അഭിപ്രായത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഓരോ നമസ്‌കാരത്തിനും പകരം ഭക്ഷണം പ്രായശ്ചിത്തം നല്‍കിയാലും മതിയാവുമെന്ന് നമ്മുടെ പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂ മുഹമ്മദ് അല്‍ബഹവി തന്റെ തഹ്ദീബ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായങ്ങളത്രയും ദുര്‍ബലമാണ്. പ്രാര്‍ഥന, ദാനം, ഹജ്ജ് എന്നിവയോട് തുലനം ചെയ്യുക എന്നതാണ് അവരുടെ തെളിവ്. അവയുടെ പ്രതിഫലം പരേതന്ന് ലഭിക്കുമെന്നത് ഏകകണ്ഠാഭിപ്രായമാണ്. ശാഫിഈയുടെയും അനുകൂലികളുടെയും തെളിവ്, ''താന്‍ നേടിയതല്ലാതെ മറ്റൊന്നും മനുഷ്യന്ന് ലഭ്യമല്ല'' എന്നുള്ള അല്ലാഹുവിന്റെ വചനവും മനുഷ്യന്‍ മരിച്ചാല്‍ സ്ഥായിയായ ദാനവും പ്രയോജനപ്രദമായ വിജ്ഞാനവും തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന നല്ലവനായ സന്താനവുമൊഴിച്ചുള്ളതെല്ലാം അറ്റുപോവുമെന്നുള്ള നബി(സ)യുടെ വചനവുമാണ്'' (സ്വഹീഹുമുസ്‌ലിമിന്റെ ശര്‍ഹ് പേജ്: 90).
ഇമാം നവവിയുടേതായി മുകളില്‍ കൊടുത്ത ഉദ്ധരണിയുടെ ഉള്ളടക്കം ഇപ്രകാരം സംഗ്രഹിക്കാം:
1) ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്മാരുടെ അഭിപ്രായം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം പരേതന്ന് ലഭിക്കും എന്നതാണ്.
2) ഏത് ഇബാദത്തിന്റെ പ്രതിഫലവും പരേതന്ന് ലഭിക്കാം എന്ന് ചിലര്‍ പറയുന്നുണ്ട്.
3) നമസ്‌കാരം ബാധ്യതയുണ്ടായിരിക്കെ മരിച്ചുപോയ വ്യക്തിക്ക് വേണ്ടി ഓരോ നമസ്‌കാരത്തിനും പകരം ഭക്ഷണം പ്രായശ്ചിത്തമായി നല്‍കിയാല്‍ അതും മതിയായിക്കൂടായ്കയില്ലെന്ന് അഭിപ്രായമുള്ളവരും പണ്ഡിതന്മാരുടെ കൂട്ടത്തിലുണ്ട്.
4) ഈ അഭിപ്രായങ്ങളുടെയൊക്കെ തെളിവ് പ്രാര്‍ഥന, ദാനം, ഹജ്ജ് എന്നിവയുടെ പ്രതിഫലം പരേതന്ന് ലഭിക്കുമെന്ന സര്‍വസമ്മതമായ സംഗതിയോട് ഇതിനെ ഖിയാസാക്കുക എന്നതാണ്. മറ്റു തെളിവുകളുടെ പിന്‍ബലം യാതൊന്നും ഈ അഭിപ്രായങ്ങള്‍ക്കില്ല. അതിനാല്‍ ഈ അഭിപ്രായങ്ങളത്രയും ദുര്‍ബലങ്ങളാണ്.
5) എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം പരേതന്ന് ലഭിക്കുകയില്ലെന്നാണ് ഇമാം ശാഫിഈയുടെ പ്രസിദ്ധാഭിപ്രായം. അതിന് തെളിവ് ഖുര്‍ആനും ഹദീസുമാണ്.
നമ്മുടെ ചില പണ്ഡിതന്മാര്‍ ശുഅ്ബുല്‍ ഈമാനില്‍ നിന്നും മറ്റുമായി കണ്ടെടുത്ത് അവതരിപ്പിക്കുന്ന നടേപറഞ്ഞതുപോലുള്ള ഹദീസുകള്‍, മുന്‍ചൊന്ന പണ്ഡിതന്മാരാരും തന്നെ ഇത്യാദി ആചാരങ്ങള്‍ക്ക് തെളിവായുദ്ധരിച്ചില്ല എന്നത് പ്രസ്താവ്യമാണ്. ഇവിടെ രണ്ടുകാര്യം ശ്രദ്ധാര്‍ഹമാണെന്ന് തോന്നുന്നു:
ഒന്ന്: മേല്‍ ചൊന്നത് പോലുള്ള ഹദീസുകള്‍ തെളിവായുദ്ധരിക്കുന്ന നമ്മുടെ പണ്ഡിതന്മാര്‍ സ്വയം അവകാശപ്പെടാറുള്ളത് തങ്ങള്‍ മുഖല്ലിദുകളാണെന്നത്രെ. അവര്‍ തന്നെ അംഗീകരിക്കുന്ന തത്ത്വമനുസരിച്ച് മുഖല്ലിദിന് തെളിവ് പരതാന്‍ അവകാശമില്ല. താന്‍ ആരെ തഖ്‌ലീദ് ചെയ്യുന്നുവോ ആ പണ്ഡിതന്റെ അഭിപ്രായം ചോദ്യം ചെയ്യാതെ അംഗീകരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്.
രണ്ട്: ഒരുകാര്യം പ്രതിഫലാര്‍ഹമാണോ അല്ലേ എന്നത്, ഏതെങ്കിലും പണ്ഡിതന്റെ ഇജ്തിഹാദ് വഴി തീരുമാനിക്കാവുന്ന കാര്യമല്ല. ഖിയാസാക്കുമ്പോള്‍ അത്തരമൊരു ഇജ്തിഹാദാണ് നടക്കുന്നത്. പ്രതിഫലമുണ്ടോ ഇല്ലേ എന്നത് വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മാത്രം പറയാന്‍ കഴിയുന്ന കാര്യമാണ്. ഖിയാസു വഴി സാധിക്കുന്നത് പുതുതായി ഉടലെടുത്ത ഒരു കാര്യത്തിന്റെ അനുവദനീയത സംബന്ധിച്ചുള്ള വിധി കണ്ടെത്തുക മാത്രമാണ്. ഇബാദത്തുകളില്‍ ഖിയാസില്ല എന്നത് സര്‍വാംഗീകൃതമാണ്താനും. അതിനാല്‍ തന്നെ അത്തരം ഖിയാസുകള്‍ക്ക് നിലനില്‍പ്പില്ല. അതാണ് ഇമാം നവവി ശറഹുമുസ്‌ലിമിന്റെ ആമുഖത്തില്‍ അപ്രകാരം പറയാന്‍ കാരണം.
ശ്രദ്ധേയമായ മറ്റൊരു കാര്യമുള്ളത് ഇതാണ്: എന്തുതന്നെയായാലും ഇത്തരം വിഷയങ്ങളില്‍ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിലെ, ശാഫിഈ മദ്ഹബിലെപ്പോലും പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല എന്നതാണത്. ഒരേ പണ്ഡിതന് പോലും വ്യത്യസ്താഭിപ്രായങ്ങള്‍ ഇത്തരം വിഷയങ്ങളിലുണ്ടാവാം. അതാവുമല്ലോ ഇമാം ശാഫിഈയുടെ പ്രസിദ്ധാഭിപ്രായം എന്നുപറയാന്‍ കാരണം.
ബിദ്അത്തുകള്‍ക്കെതിരില്‍ ശക്തമായ സമീപനം സ്വീകരിച്ച ആളായിരുന്നുവല്ലോ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ. അദ്ദേഹത്തിന്റെ പോലും ഈ വിഷയകമായുള്ള കാഴ്ചപ്പാട് മറിച്ചാണ്. ഖുര്‍ആന്‍ പാരായണം മാത്രമല്ല, 'ലാഇലാഹഇല്ലല്ലാഹു' എന്ന് ചൊല്ലി ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലവും പരേതന്ന് ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മജ്മൂഉഫതാവാ 24:323 കാണുക.
കൂലിപ്പണിയുടെ ഒരു പ്രശ്‌നം കൂടി ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. ഖുര്‍ആന്‍ പാരായണത്തിന് കൂലിക്കാരെ നിശ്ചയിക്കുന്ന കാര്യമാണത്.
ഇബ്‌നുഹജറുല്‍ ഹൈതമി തന്റെ 'തുഹ്ഫതുല്‍ മുഹ്താജി'ല്‍ (2:452), കൂലിക്ക് ആളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെടുത്തി ഈ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്: ''ഖബ്‌റിന്നടുത്തുവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കൂലിക്ക് ആളെ വിളിക്കാം. തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന് തുല്യമായതെന്നോ മറ്റോ പറഞ്ഞ് അയാള്‍ക്ക് പരേതന്ന് വേണ്ടി പ്രാര്‍ഥിക്കാം. പ്രാര്‍ഥനയില്ലാതെ, 'പ്രതിഫലം പരേതന്ന്' എന്ന് കരുതുന്നത് കൊണ്ട് കാര്യമില്ല. അതുകൊണ്ട് പരേതന്ന് പ്രതിഫലം ലഭിക്കണമെന്നില്ല. അതിലും അഭിപ്രായാന്തരമുണ്ട്. സുബുക്കിക്ക് മറിച്ചാണ് അഭിപ്രായമുള്ളത്. എന്റെ ഖുര്‍ആന്‍ പാരായണം അല്ലെങ്കില്‍ അതിന്റെ പ്രതിഫലം ഞാന്‍ ഹദ്‌യ നല്‍കി എന്നുപറയാം. ആ ഹദ്‌യ നബി(സ)ക്ക് വേണ്ടിയുമാവാം. അതിലുമുണ്ട് അഭിപ്രായാന്തരം. നബി(സ)ക്കുവേണ്ടി അപ്രകാരം ഹദ്‌യ ചെയ്യുന്നത് നബി(സ)യുടെ മഹത്വത്തിന് ചേര്‍ന്നതല്ല എന്നും പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. അതു ഊഹം മാത്രമാണ്...'' അങ്ങനെ നീണ്ടുപോവുന്നു ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ ഇതുസംബന്ധിച്ചുള്ള ചര്‍ച്ച.
അദ്ദേഹം ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം ഇതാണ്: ഖുര്‍ആന്‍ പാരായണത്തിന് ആളെ കൂലിക്ക് വെച്ചാല്‍ കൂലിക്ക് വിളിച്ചയാള്‍, ഓതുന്ന ആള്‍ക്ക് ജമാഅത്ത് നമസ്‌കാരത്തിന് പള്ളിയില്‍ പോവാന്‍ സൗകര്യം ചെയ്തുകൊടുക്കണമോ? വേണ്ടതില്ല. ജുമുഅക്ക് മാത്രം മതി ആ സൗകര്യം. ജമാഅത്ത് നമസ്‌കാരത്തിനും സൗകര്യം ചെയ്തുകൊടുക്കണമെന്ന് പറയുന്ന പണ്ഡിതന്മാരുമുണ്ട്.
അല്‍പ്പം മനസ്സിരുത്തി പഠിച്ചാല്‍ ബോധ്യമാവുന്ന സംഗതി ഇതാണ്: മനുഷ്യന്റെ ഭൗതിക വ്യവഹാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിക്കുന്ന ഒരു വിജ്ഞാന ശാഖയാണ് ഫിഖ്ഹ്. അതിനാല്‍ അതിനുമുമ്പില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ടുള്ള ന്യായങ്ങള്‍ നോക്കി തീര്‍പ്പുകല്‍പ്പിക്കാനേ സാധ്യമാവൂ. പ്രശ്‌നത്തിന്റെ മറ്റു വശങ്ങള്‍ യഥാര്‍ഥത്തില്‍ ഫിഖ്ഹിന്റെ പരിധിയില്‍ വരുന്നില്ല. അതിനാല്‍, അതിന്റെ അദ്ധ്യാത്മികവും പരലോക സംബന്ധിയുമായ വശങ്ങള്‍ ഫിഖ്ഹിന്റെ കൈപ്പിടിയിലൊതുങ്ങുന്നതല്ല. ഒരു കൂലിപ്പണിക്കാരന്‍ എന്ന നിലക്ക് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ആള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്നത് മാത്രമാണ് ഫിഖ്ഹിന്റെ പരിധിയില്‍ വരുന്നത്.
എന്നാല്‍ പ്രശ്‌നത്തിന്റെ മറ്റു രണ്ടുവശം മറ്റു രീതിയില്‍ ചര്‍ച്ചക്ക് വരേണ്ടതുണ്ട്. ഖുര്‍ആന്‍ പോലെയുള്ള ഒരു സാന്മാര്‍ഗിക ഗ്രന്ഥം കൂലിക്ക് ആളെ നിറുത്തി പാരായണം ചെയ്യിക്കുന്നതിലടങ്ങിയ അനൗചിത്യമാണ് ഒന്ന്. ഖുര്‍ആന്‍ പാരായണം ഒരു തൊഴിലായി പരിണമിക്കുകയും ആ തൊഴില്‍ ചെയ്യാന്‍ ആളെ ഏല്‍പ്പിക്കുകയും ചെയ്യുക വഴി ഖുര്‍ആനിന് നാം നല്‍കുന്ന സ്ഥാനമെന്ത് എന്നതാണ് ചിന്തിക്കേണ്ട മറ്റൊരു വിഷയം. ഓതുന്നവന്റെ മനോഗതവും, ഓതിക്കുന്നവന്റെ മനോഗതവും ചര്‍ച്ചാവിഷയമാണ്.
നബി(സ)യും സ്വഹാബിമാരും എന്തുകൊണ്ട് ഖുര്‍ആന്‍ പാരായണം ഒരു കൂലിപ്പണിയായി കണ്ടില്ല? അവരാരും എന്തുകൊണ്ട് ഖുര്‍ആന്‍ പാരായണം നടത്തി പരേതാത്മാക്കള്‍ക്ക് ഹദ്‌യ ചെയ്തില്ല? അതൊരു പുണ്യകരമായ കാര്യമായിരുന്നെങ്കില്‍ നബി(സ) അത് നിര്‍ദേശിക്കാതെയും പ്രവര്‍ത്തിക്കാതെയും വിട്ടുകളയാന്‍ കാരണമെന്താണ്? സാഹചര്യം ഇല്ലായിരുന്നു എന്നുപറയാന്‍ യാതൊരു പഴുതുമില്ല. ഒരു കാരക്ക മടല്‍ പകുത്തു രണ്ടു ഖബ്‌റിലും കുത്തിനാട്ടുന്നതിന് പകരം രണ്ടാളുകളെ വിളിച്ച് ആ രണ്ട് ഖബ്‌റിനടുത്തും ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ നബി(സ)ക്ക് ഉപദേശിക്കാമായിരുന്നു. ഈ കാര്യങ്ങളത്രയും ചര്‍ച്ച ചെയ്യേണ്ടിവരുന്നത് ഇത്തരം ഒരു കൂലിപ്പണി നബി(സ)യുടെയോ സ്വഹാബിമാരുടെയോ കാലത്ത് ഇല്ലാതിരുന്നത് കൊണ്ടാണല്ലോ.


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍