Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

മാവോയിസ്റ്റുകളുടെ മടയത്തം

ഇഹ്‌സാന്‍

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ, 27 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഭീകരാക്രമണമായി ആരും വിശേഷിപ്പിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കുക. മാവോയിസത്തെ 'ചുവന്ന ഭീകരത'യെന്ന് പരിചയപ്പെടുത്തുന്ന മാധ്യമങ്ങള്‍ പോലും ഈ ആക്രമണത്തെ ഭീകരാക്രമണമെന്നു വിളിക്കാന്‍ മടിച്ചുനില്‍ക്കുന്നതിന്റെ കാരണമെന്താവാം? എവിടെ നടന്നു എന്നതും ആരാണ് ആക്രമിക്കപ്പെട്ടത് എന്നതുമാണോ ഇതിലടങ്ങിയ മര്‍മം? ഈ ചോദ്യത്തിന് അത്ര പെട്ടെന്ന് ഉത്തരം കിട്ടാനിടയില്ല. ഭരണകൂടത്തിന്റെ ബഹുവിധ അജണ്ടകള്‍ക്കെതിരെ രാജ്യത്ത് സായുധരായി പോരാട്ട രംഗത്തുള്ളവര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതാദ്യമായാണ് രാഷ്ട്രീയ നേതാക്കള്‍ ഉന്നം വെക്കപ്പെട്ടത്. വല്ലപ്പോഴും സുരക്ഷാ സൈനികരും മിക്കപ്പോഴും പൊതുജനവുമായിരുന്നു 'ഭീകരത'യുടെ ഇരകള്‍. ഇന്ദിരയെയും രാജീവിനെയും മാറ്റി നിര്‍ത്തുക, അവ ചില രാഷ്ട്രീയ സംഭവങ്ങളോടുള്ള ഒറ്റപ്പെട്ടതും അക്രമാസക്തവുമായ പ്രതികരണങ്ങളായിരുന്നു. കശ്മീരിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പുറത്ത് കൃത്യമായ അജണ്ടയോടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഇത്തരമൊരു ആക്രമണം ഒരിക്കലും ഉണ്ടായിട്ടില്ല. ഭരണവര്‍ഗത്തോടുള്ള പ്രതികാരമായി അങ്ങാടിയിലും ട്രെയിനുകളിലും പൊതുജനത്തോടു 'പകരം വീട്ടിയ' ലക്ഷണംകെട്ട ഭീകരതയെ മാവോയിസ്റ്റുകള്‍ അടിസ്ഥാന തത്ത്വങ്ങളിലേക്ക് പുനര്‍നിര്‍വചിക്കുകയാണ് ചത്തീസ്ഗഢില്‍ ചെയ്തത്. പക്ഷേ അന്തിമവിശകലനത്തില്‍ അത് കേന്ദ്രസര്‍ക്കാറിനും കോണ്‍ഗ്രസിനും അനുകൂലമായി മാറിയെങ്കിലും.
ഒമ്പത് വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഭരണമാറ്റം ആസന്നമാണെന്ന തോന്നല്‍ ഉണ്ടായിരിക്കെയാണ് കോണ്‍ഗ്രസ്സിന്റെ ഭാവി മുഖ്യമന്ത്രിയും ഭാവി ആഭ്യന്തരമന്ത്രിയും വധിക്കപ്പെടുകയും മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രി കൂടിയായിരുന്ന മുതിര്‍ന്ന നേതാവ് ആക്രമിക്കപ്പെടുകയും ചെയ്തത്. സുഖ്മ ഏരിയയില്‍ 200-ഓളം മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നും ഈ ഭാഗങ്ങളില്‍ നിന്ന് പിന്‍വലിച്ച അര്‍ധസൈനിക വിഭാഗത്തെ ഉടനെ പുനര്‍ വിന്യസിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുള്ളത്. എന്നാല്‍, രമണ്‍സിംഗിന്റെ വികാസ് റാലിക്കു വേണ്ടി നേരത്തെ പിന്‍വലിച്ച സൈന്യത്തെ ചത്തീസ്ഗഢ് സര്‍ക്കാര്‍ തിരികെ ഡ്യൂട്ടിയില്‍ നിയോഗിച്ചില്ല. അതായിരുന്നു മാവോയിസ്റ്റുകള്‍ക്ക് 'ഓപ്പറേഷന്‍' എളുപ്പമാക്കിയത്. മുഖ്യമന്ത്രി രമണ്‍ സിംഗ് ഈ പാളിച്ച സമ്മതിക്കുകയും ചെയ്തു. ഇത് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂര്‍വമായ വീഴ്ചയേക്കാളേറെ അവരുടെ കഴിവുകേടോ അമിതമായ ആത്മവിശ്വാസമോ മാത്രമായിരുന്നു. ആദിവാസി മേഖലയിലെ പ്രതിപക്ഷത്തിന്റെ റാലി പരാജയപ്പെടുത്താനായിരുന്നു ഗവണ്‍മെന്റ് ശ്രമിച്ചത്. ഈ അബദ്ധം തിരിച്ചടിച്ചപ്പോള്‍ കര്‍ണാടകയുടെ പുറകെ മറ്റൊരു സംസ്ഥാനം കൂടി നഷ്ടമാവുന്നതിന്റെ ഭീതിയായിരുന്നു രാജ്‌നാഥ് സിംഗിന്. കോണ്‍ഗ്രസ്സിന്റെ അഴിമതിക്കെതിരെ ദേശീയതലത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ജയില്‍ നിറക്കല്‍ സമരം ഉപേക്ഷിക്കാന്‍ പോലും വഴിയൊരുക്കുമാറ് ബസ്തറിലെ സംഭവവികാസങ്ങള്‍ ബി.ജെ.പിയെ ഉലച്ചു. ചത്തീസ്ഗഢ് പി.സി.സി പ്രസിഡന്റ് നന്ദകുമാര്‍ പട്ടേലിനെയും മകനെയും കൊന്നതിലൂടെ മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസിനകത്തു തന്നെയുള്ള ആരുടെയോ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നുവെന്ന് പ്രചാരണം അഴിച്ചുവിട്ട് ദേശീയപത്രങ്ങള്‍ ബി.ജെ.പിയെ സഹായിച്ചെങ്കിലും ആ വഴിയിലൂടെ ആയിരുന്നില്ല കാര്യങ്ങള്‍ പോയിക്കൊണ്ടിരുന്നത്.
റൂട്ടിന്റെയും തീയതിയുടെയും കാര്യത്തില്‍ അവസാനഘട്ടത്തില്‍ 'അകത്തു നിന്ന്' എന്തെങ്കിലും അട്ടിമറി നടന്നോ എന്നത് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍മാരുടെയോ പോലീസ് സൂപ്രണ്ടിന്റെയോ ഓഫീസുവരെ പോകേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. റൂട്ട് മാറിയിട്ടില്ലെന്നു തന്നെയാണ് ആദ്യഘട്ടത്തില്‍ പോലീസ് സമ്മതിച്ചത്. മറ്റേതെങ്കിലും റൂട്ട് പോലീസ് നിര്‍ദേശിച്ചിരുന്നുമില്ല. പി.സി.സി അധ്യക്ഷനെ അകത്തു നിന്നും ഒറ്റിക്കൊടുത്ത് കസേരയില്‍ കയറിയിരിക്കാന്‍ ശ്രമം നടന്നുവെങ്കില്‍ അതാരാവുമെന്ന് ചത്തീസ്ഗഢില്‍ എല്ലാവര്‍ക്കുമറിയാം. ആ പേരിനെ ചൊല്ലി ഒരു വിവാദം സൃഷ്ടിച്ചുണ്ടാക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നില്ല. പക്ഷേ ഈ സാധ്യതകളെ ഏറ്റുപിടിക്കുന്നതിനേക്കാളേറെ ഇക്കാര്യത്തില്‍ മാവോയിസ്റ്റുകള്‍ നല്‍കിയ വിശദീകരണം വിശ്വസിക്കാനായിരുന്നു എളുപ്പം. മാവോയിസ്റ്റുകള്‍ക്കെതിരെ ഭരണകൂടം സൃഷ്ടിച്ച 'സല്‍വാ ജുദും' എന്ന ഭരണകൂട കാപാലിക സംഘത്തിന്റെ അണിയറ ശില്‍പ്പിയായിരുന്ന മഹേന്ദ്ര കര്‍മയെ വധിക്കുക അവരുടെ പത്തു വര്‍ഷക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായിരുന്നു. കര്‍മയെ അന്വേഷിച്ചു തന്നെയാണ് അവരെത്തിയത്. നന്ദകുമാര്‍ പട്ടേലിന്റെ കാര്യത്തില്‍ മാവോയിസ്റ്റുകള്‍ക്ക് പൂര്‍വ വൈരാഗ്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവും അവരുടെ പ്രസ്താവനയില്‍ ഉണ്ടായിരുന്നു. വി.സി ശുക്ലയെയും അവര്‍ ലക്ഷ്യമിട്ടതു തന്നെയായിരുന്നു. ശേഷിച്ച എല്ലാ കൊലപാതകങ്ങളെ ചൊല്ലിയും അവര്‍ മാപ്പു പറയുകയും ചെയ്തു. വെടിയേറ്റു വീണവര്‍ക്ക് മാവോയിസ്റ്റുകള്‍ വേദന സംഹാരികള്‍ കുത്തിവെച്ചു കൊടുക്കുകയും പരിക്കേറ്റവര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളവരുടെ വധം അവര്‍ വ്യക്തമായി തന്നെ ഏറ്റെടുത്തു. ഇതോടെ ആരെങ്കിലും ആരെയെങ്കിലും ബോധപൂര്‍വം കുടുക്കിയതാണെന്ന മാധ്യമക്കഥകള്‍ അസ്ഥാനത്താവുകയാണുണ്ടായത്.
മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, ഒറീസ, പശ്ചിമ ബംഗാള്‍ എന്നീ കോണ്‍ഗ്രസേതര സംസ്ഥാനങ്ങളിലെ ആദിവാസി മേഖലയില്‍ വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് വഴിയൊരുക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നത്. മാവോയിസ്റ്റ് വിഷയത്തില്‍ ഇത്രയും കാലം ബി.ജെ.പിയെ പിന്തുണച്ച കോണ്‍ഗ്രസില്‍ മാറ്റം വരുന്നതിെന്റ സൂചനകള്‍ കാണാനുണ്ടായിരുന്നു. എഹാഡ്‌സമേതാ കൂട്ടക്കൊലക്കുശേഷം ഇനിമുതല്‍ എത്ര മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടാലും ഒറ്റ ആദിവാസി പോലും കൊല്ലപ്പെടരുതെന്നാണ് പാര്‍ട്ടി നിലപാടെന്ന് സാക്ഷാല്‍ മഹേന്ദ്ര കര്‍മ പോലും വ്യക്തമാക്കിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ വലിയൊരു വിഭാഗം വോട്ടുബാങ്കിലേക്ക് വഴിതുറക്കുന്ന ഒരു ചര്‍ച്ചയാണ് ഇതെന്ന് കാണാതിരിക്കാനാവില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍