Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

യുവ വസന്തം പാടിയതും പറഞ്ഞതും

ടി. മുഹമ്മദ് വേളം / അവലോകനം

മൂന്നുദിവസം കേരളത്തിലെ സര്‍ഗാത്മക യൗവനം അവരുടെ രാഷ്ട്രീയത്തെയും ധാര്‍മികതയെയും പാടുകയായിരുന്നു. ഇസ്‌ലാമിന്റെ സാധ്യതയെയും സൗന്ദര്യത്തെയും പ്രകടമാക്കുകയായിരുന്നു. സോളിഡാരിറ്റിയുള്ള കേരളത്തിന് പത്തുവയസ്സായതിന്റെ ആഘോഷോത്സവമായിരുന്നു യൂത്ത്‌സ്പ്രിംഗ്. യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്ന കാലത്ത് യാഥാര്‍ഥ്യത്തിന്റെ ആഘോഷമായിരുന്നു യൂത്ത്‌സ്പ്രിംഗ്. പാട്ടുപാടുന്നവരോട് സോളിഡാരിറ്റി പറഞ്ഞത,് ചരിത്രത്തിന് പുറംതിരിഞ്ഞ് നിന്ന് പാടരുതെന്നാണ്. നമുക്ക് ചരിത്രത്തിനഭിമുഖമായി പാടാം എന്നാണ്. യൗവനത്തെ അരാഷ്ട്രീയവത്കരിക്കാനുള്ള ഉപകരണമായി ആഘോഷത്തെ ഉപയോഗിക്കുന്ന കാലത്ത് സോളിഡാരിറ്റി ആഘോഷത്തെ രാഷ്ട്രീയമായി ആവിഷ്‌കരിക്കുകയായിരുന്നു, പോരാട്ടത്തിന് പാട്ടുണ്ടെന്ന്, പാട്ടില്‍ പോരാട്ടമുണ്ടെന്ന് ഉറക്കെ പാടുകയായിരുന്നു. ചരിത്രത്തിന്റെ സംഗീതത്തെ, പോരാട്ടത്തിന്റെ താളത്തെ കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു.
യൗവനം അരാഷ്ട്രീയവത്കരിക്കപ്പെടുകയാണെന്ന ഇടതുപക്ഷത്തിന്റെ പതിവ് പരാതി സോളിഡാരിറ്റിക്കില്ല. സമകാലിക യൗവനത്തിന്റെ ചലനാത്മകതയില്‍ അത് വിശ്വസിക്കുന്നു. യൗവനത്തില്‍ വിശ്വസിക്കുന്ന യുവജനപ്രസ്ഥാനമാണ് സോളിഡാരിറ്റി. ചെറുപ്പക്കാരുടെ സര്‍ഗസുഗന്ധങ്ങളെ മണക്കാന്‍ നാസാരന്ധ്രങ്ങളില്ല എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രശ്‌നം. അതുകൊണ്ട് യൗവനത്തെ പിരാകലാണ് ഏറ്റവും വലിയ യുവജന പ്രവര്‍ത്തനമെന്ന പരാജയത്തിലേക്കവര്‍ എത്തിച്ചേരുന്നു. യൗവനം അതിന്റെ രാഷ്ട്രീയവും നൈതികതയും പ്രകാശിപ്പിക്കുന്നത് ഏതെങ്കിലും ഇടത് യുവജന സംഘടനയില്‍ നാലണ മെമ്പര്‍ഷിപ്പ് എടുത്തിട്ടല്ല. സംരംഭകരായ ചെറുപ്പക്കാരില്‍ വലിയ ഒരു വിഭാഗം സംരംഭകത്വത്തിന്റെ ധാര്‍മികതയും രാഷ്ട്രീയവും തിരിച്ചറിഞ്ഞാണ് അവരുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുന്നത്. ഇടപെടുന്നവരും സേവനപ്രതിഭകളും സിനിമ പിടിക്കുന്നവരും കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരുമെല്ലാം ഇങ്ങനെത്തന്നെയാണ.് സോളിഡാരിറ്റി അതിന്റെ ധാര്‍മികതയിലും രാഷ്ട്രീയത്തിലും നിന്നുകൊണ്ട് അവയെയെല്ലാം സമാഹരിക്കാനാണ് യുവവസന്ത പരിപാടിയിലൂടെ ശ്രമിച്ചത്. ഈ സമാഹരണശേഷിയാണ് ഇസ്‌ലാമിനെ എന്നും ചരിത്രത്തിന്റെ നെടുനായകത്വത്തിലേക്ക് സജ്ജമാക്കിയത്. ഈ ഉജ്വലമായ തിരിച്ചറിവ് സമുദായത്തിന് നഷ്ടപ്പെടുമ്പോഴെല്ലാമാണ് അവര്‍ ശത്രുവിന്റെ ഇര മാത്രമായി സ്വയം സ്ഥാനപ്പെടുത്തിയത്. അവരുടെ അജണ്ട അതിജീവനം മാത്രമായത്. ഒരുകാലത്തിന്റെ അത്യുജ്ജ്വലാവിഷ്‌കാരമായിരുന്ന ബുര്‍ദ ചരിത്രനിരപേക്ഷമായ വേദരൂപമാകുന്നത്. അന്നത്തെ സര്‍ഗാത്മകതയും ഇസ്‌ലാമുമായുള്ള സംലയനമായിരുന്നു ബുര്‍ദ. പ്രവാചകന്റെ പ്രശംസാകാവ്യങ്ങള്‍ മാത്രമല്ല അത്യുജ്ജ്വലങ്ങളായ സമരഗീതങ്ങളും ഇസ്‌ലാമിന്റെ സാംസ്‌കാരിക സഞ്ചയത്തിലുണ്ട്.
മറ്റു പല മതങ്ങളില്‍ നിന്നും വ്യത്യസ്തമായി പാട്ടിനെ അനുഷ്ഠാനക്രമത്തിന്റെ നാലയലത്ത് അടുപ്പിക്കാത്ത മതമാണിസ്‌ലാം. അനുഷ്ഠാനത്തിനു പുറത്തുള്ള അതിന്റെ വിശാലമായ മണ്ഡലം ഒരു ചട്ടക്കൂടില്‍ നിന്നുകൊണ്ട് പാട്ടും കഥയും ഉള്‍പ്പെട്ട മനുഷ്യന്റെ എല്ലാ സര്‍ഗ ചേതനകളെയും സ്വീകരിക്കുന്നു. ബുര്‍ദയിലോ തഹ്‌രീളിലോ സ്തംഭിക്കലാണ് നവോത്ഥാനമെന്ന് ശഠിക്കുന്നവര്‍ക്ക് ഇസ്‌ലാമിനെ ഒരു മ്യൂസിയം പീസാക്കാമെന്നല്ലാതെ മനുഷ്യന്റെ ചലനാത്മകമായ ചരിത്രത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ല. ചരിത്രത്തിന് കെടുകാഴ്ചകളെ ഭക്ഷിച്ച് ജീവിക്കാന്‍ കഴിയില്ല. കവിതയുടെ ഇസ്‌ലാമികാവിഷ്‌കാരമായ ബുര്‍ദ ഇസ്‌ലാമികാവിഷ്‌കാരമാണെങ്കില്‍ ഹിപ്പ്‌ഹോപ്പിന്റെ ഇസ്‌ലാമികാവിഷ്‌കാരമായ നാറ്റീവ് ബാപ്പയും ഇസ്‌ലാമികമാണ്. രണ്ടിനെയും അനുഷ്ഠാനവത്കരിക്കാത്ത, ചരിത്രത്തിന്റെ ഭാഗമായി കാണുന്ന സമീപനത്തെയാണ് യുവവസന്തം ശ്രുതിമധുരമായി പാടിയത്. സ്തംഭനമാണ് നവോത്ഥാനം എന്ന സിദ്ധാന്തമുയര്‍ത്തി സോളിഡാരിറ്റിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരോട് അതേ ധാരയിലെ എതിര്‍വിഭാഗം ഉയര്‍ത്തിയ ചോദ്യം പ്രസക്തമാണ്. ''പാരമ്പര്യ ഇസ്‌ലാമിന്റെ അടയാളമുദ്രകളെല്ലാം തനി പ്രാദേശികമാണെന്നും പ്രമാണങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും ആരോപണമുയര്‍ന്നപ്പോള്‍ ആഗോള ഇസ്‌ലാമിന്റെ ആളുകളാകാനുള്ള വെപ്രാളവും ബദ്ധപ്പാടുമാണ് ഈ വിഭാഗത്തില്‍ നിന്നുണ്ടായത്. മതത്തിനെല്ലായിടത്തും പ്രാദേശികമായ വകഭേദങ്ങളുണ്ടെന്നും അത് മതം അനുവദിച്ചുതന്ന ആനൂകൂല്യമാണെന്നും ആ ആനുകൂല്യം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഞങ്ങളാണെന്നും സാഭിമാനം തലയുര്‍ത്തി പറയേണ്ടവര്‍ ആഗോള ഇസ്‌ലാമിന്റെ കൂടെ കൂടാനാണ് തിടുക്കം കാണിച്ചത്. അതുകൊണ്ടാണവര്‍ക്ക് മന്‍ഖൂസ് മൗലിദിന്റെ മഖ്ദൂമീ ഈണം മാറ്റി നിര്‍ത്തപ്പെടേണ്ടതും സാമീ യൂസുഫിന്റെയും എ.ആര്‍ റഹ്മാന്റെയും ഈണം നിര്‍ബന്ധമായും സ്വീകരിക്കപ്പെടേണ്ടതുമായത്'' (എസ്.എസ്.എഫിന്റെ സമരമാണ് ജീവിതം സമ്മേളനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുഖപത്രം സത്യധാര 2013 മെയ് 16-31)
പ്രാദേശികതയെ സ്വീകരിക്കാന്‍ മതം നല്‍കുന്ന സാധ്യത തന്നെയാണ് മതവിരുദ്ധമല്ലാത്ത എല്ലാറ്റിനെയും സ്വീകരിക്കാനും അവയെ സ്വന്തം ഛായയില്‍ അവതരിപ്പിക്കാനുമുള്ള സാധ്യത എന്നു തിരിച്ചറിയാതിരിക്കുമ്പോള്‍ പ്രാദേശിക പാരമ്പര്യം ഒരു ഖുര്‍ആനോ സുന്നത്തോ ആവുകയാണ്. പ്രാദേശികതനിമ നിശ്ചലവും നവീകരണ ശേഷിയില്ലാത്തതും അടഞ്ഞ മുറിയുമാണെന്ന ധാരണക്ക് വസ്തുതയുമായി ഒരു ബന്ധവുമില്ല.
മതത്തെ അടച്ചിടാനുള്ള പൂട്ട് ചിലര്‍ക്ക് പ്രാദേശിക പാരമ്പര്യമാണെങ്കില്‍ വേറെ ചിലര്‍ക്ക് പ്രമാണങ്ങളാണ്. പ്രമാണത്തിന്റെ അക്ഷരം മാത്രമാണ് മതം എന്നു തീരുമാനിച്ചപ്പോള്‍ വിജന പ്രദേശം നവോത്ഥാനത്തിന്റെ മുഖ്യ ഇതിവൃത്തമായി. അങ്ങനെയാണ് നവോത്ഥാനത്തെ ഭൂതം പിടികൂടിയത്, പാരമ്പര്യത്തില്‍ സ്തംഭിച്ചുപോയവരുടെ സാധ്യതപോലും നവോത്ഥാനവാദികള്‍ക്കില്ലാതെ പോയത്. ജിന്നുബാധിക്കുന്ന ഒരു സമുദായത്തെ പാട്ടുപാടി ജിന്നൊഴിപ്പിക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനം കൂടിയായിരുന്നു യുത്ത്‌സ്പ്രിംഗ്. സുസ്ഥിരമായ അടിത്തറകളില്‍ ഉറച്ചുനിന്ന് കൃത്യമായ രാഷ്ട്രീയ ബോധത്തോടെ കാലത്തിലേക്കും ലോകത്തിലേക്കും ജനലും വാതിലും തുറന്നിട്ട ഇസ്‌ലാമിന്റെ ആഘോഷമായിരുന്നു യൂത്ത്‌സ്പ്രിംഗ്.
ലോകം വിപ്ലവത്തിന്റെ തീക്കാറ്റില്‍ നിന്ന് വിപ്ലവത്തിന്റെ വസന്തത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ വസന്തത്തെ സാധ്യമാക്കിയത് പ്രധാനമായും രണ്ട് സാമൂഹിക ശക്തികളാണ്. എല്ലാ ആദര്‍ശ വിശ്വാസങ്ങളിലുമുള്ള പുതിയ തലമുറ, ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇവയാണവ. വിപ്ലവത്തിന്റെ വ്യാകരണം മാറ്റിയെഴുതുകയാണ് അറബ് വസന്തം ചെയ്തത്. വിപ്ലവം തോക്കിന്‍ കുഴലിലൂടെയല്ല ഓടക്കുഴലിലൂടെയാണെന്ന് വിജയകരമായി പാടുകയായിരുന്നു അറബ് വസന്തം. ഇത് ലോകവ്യാപകമായി ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും യുവജന പ്രസ്ഥാനങ്ങള്‍ക്കും നല്‍കിയ ഗതികോര്‍ജം കൂടിയാണ് യുവ വസന്തത്തെ സാധ്യമാക്കിയത്. അറബ് വസന്തത്തിന്റെ സമാധാനത്തെയും സര്‍ഗാത്മകതയെയും ലോകത്തിന്റെ എല്ലാ തെരുവുകളിലേക്കും വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.
ആത്മീയത ഒരിക്കല്‍ക്കൂടി വിജയകരമായി അതിന്റെ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കുകയാണ്. ഇതിന്റെ സന്തോഷോത്സവം കൂടിയായിരുന്നു യൂത്ത്‌സ്പ്രിംഗ്. മധുരമായി പകരം ചോദിക്കുക എന്ന ഒരു പ്രയോഗം ഭാഷയിലുണ്ട്. പക്ഷേ അതിന്റെ അര്‍ഥം പ്രതികാരം ചെയ്യുന്നവന് അത് മധുരോദാരമായിരുന്നു എന്നാണ്. ചെയ്യപ്പെടുന്നവന്റെ കയ്പിന്റെ കാഠിന്യത്തെക്കൂടി ആ മധുരപ്രയോഗം ധ്വനിപ്പിക്കുന്നുണ്ട്. പക്ഷേ ഇസ്‌ലാമിസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാരങ്ങള്‍ ശരിക്കും മധുരമായ പ്രതികാരങ്ങളാണ്. ചെയ്യുന്നവന്‍ മാത്രമല്ല ചെയ്യപ്പെടുന്നവനും അതിന്റെ മനോഹാരിത ആസ്വദിച്ചുപോവും. അതങ്ങനെയാണ്. യൂറോപ്പിലെ രോഗിയായിരുന്ന തുര്‍ക്കി തങ്ങളുടെ അഴിമതിക്കാരായ മതരഹിതരായ ഭരണാധികാരികള്‍ ലോകത്തിലെ ഏറ്റവും വലിയ 'മുത്തൂറ്റാ'യ ഐ.എം.എഫില്‍ നിന്നെടുത്ത മുഴുവന്‍ കടവും തിരിച്ചടച്ച് ആ ജന്മിയോട് 'നിങ്ങള്‍ക്ക് വല്ല സാമ്പത്തികാവശ്യവുമുണ്ടങ്കില്‍ ഫണ്ട് തരാന്‍ ഞങ്ങള്‍ സന്നദ്ധമാണെന്ന'റിയിച്ചത്. ലോകസാഹിത്യത്തിലെ ശുഭപര്യവസായിയായ ഏത് ഇതിഹാസകഥയെയും വെല്ലുന്ന ചേതോഹരമായ യാഥാര്‍ഥ്യമാണെന്നത് കഥയേക്കാള്‍ സൗന്ദര്യമുള്ള യാഥാര്‍ഥ്യം. ഇസ്‌ലാമിസ്റ്റുകള്‍ ഇപ്പോള്‍ കണക്കുതീര്‍ക്കുകയാണ്. അത് കമ്യൂണിസ്റ്റുകളും നക്‌സലൈറ്റുകളും കണക്ക് തീര്‍ത്ത പോലെ ശത്രുവിന്റെ കഴുത്തറുത്തുവെട്ടി ബീഭത്സമായല്ല. ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്തവര്‍ പോലും ആസ്വാദിച്ചുപോകുന്ന ലാവണ്യത്തോടെയാണ്. സമകാലിക ഇസ്‌ലാമിന്റെ ഈ ലാവണ്യഭാവത്തെയാണ,് ഈ സൗന്ദര്യാംശത്തെയാണ് യുവവസന്തം പ്രതിനിധാനം ചെയ്തത്. ഇസ്‌ലാമിസ്റ്റുകളുടെ ഈ വിജയത്തിന്റെയും വികാസത്തിന്റെയും ഏറ്റവും നല്ല ആഗോള പ്രതിനിധിയായിരുന്നു യൂത്ത് സ്പ്രിംഗ്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബ്രിട്ടനിലെ യുവ ഇസ്‌ലാമിസ്റ്റ് ആക്റ്റിവിസ്റ്റ് സല്‍മാ യാഖൂബ.് മൗദൂദി സ്‌കൂളിന്റെ സന്തതിയും ബ്രിട്ടനിലെ അറിയപ്പെടുന്ന യുദ്ധവിരുദ്ധ പ്രവര്‍ത്തകയും രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് ഈ ചെറുപ്പക്കാരി.
''ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, സോളിഡാരിറ്റി തുടങ്ങിയവയാണല്ലോ ഇപ്പോള്‍ കേരളത്തിലെ മുഖ്യധാരാ യുവജന സംഘടനകള്‍ (യൂത്ത് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും സൗകര്യപൂര്‍വം ഒഴിവാക്കുന്നു. കാരണം അവര്‍ക്കുതന്നെ അറിയാമല്ലോ). മേല്‍പ്പറഞ്ഞ മൂന്നുകൂട്ടരുടെയും സംസ്ഥാന സമ്മേളനങ്ങള്‍ ഈയിടെയാണ് കഴിഞ്ഞത്. യോഗ്യജീവിതം നയിക്കുന്ന ഡി.വൈ.എഫ്.ഐയും എ.വൈ.എഫ്.ഐയും വിവസ്ത്രരുടെ സമര സ്ഥലികളിലേക്ക് പോയിട്ട് കാലമേറെയായി. എന്നാല്‍ എവിടെ വിവസ്ത്രരുടെ സമരമുഖങ്ങളുണ്ടോ അവിടെയെല്ലാം ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്ന മട്ടില്‍ ഓടിയെത്തുന്ന സോൡഡാരിറ്റിയുടെ വിവസ്ത്രജനതാ പ്രേമം എത്രമാത്രം ആത്മാര്‍ഥമാണെന്നും ഒട്ടും വിവസ്ത്രമല്ലാത്ത അവരുടെ അജണ്ടകള്‍ എന്താണെന്നും ആദ്യം പരിശോധിക്കാം'' എന്നു പറഞ്ഞാരംഭിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സോളിഡാരിറ്റി വിമര്‍ശന ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്: ''ഇടതുപക്ഷ യുവജന സംഘടനകളുട ഇടപെടലുകളുടെ അഭാവത്തിലാണ് സോളിഡാരിറ്റി കേരളത്തിന്റെ സംവാദ ഇടങ്ങളില്‍ മേല്‍ക്കൈ നേടുന്നത്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജൂണ്‍ 2). എന്തുകൊണ്ടാണ് ഇടതുയുവജന സംഘടനകള്‍ക്ക് അടിച്ചമര്‍ത്തപ്പെട്ടവരുടെ അണിയിലോ അമരത്തോ പങ്ക് ചേരാന്‍ കഴിയാതെ പോകുന്നതെന്നായിരുന്നു വിശകലന ശേഷിയുണ്ടായിരുന്നെങ്കില്‍ ലേഖകന്‍ വിശകലനം ചെയ്യേണ്ടിയിരുന്നത്. അങ്ങനെ നടത്തിയിരുന്നെങ്കില്‍ കേവല ഭൗതികതയുടെ ഒഴിവാക്കാനാവാത്ത പരാജയത്തിന്റെയും ആത്മീയ രാഷ്ട്രീയത്തിന്റെ സ്വാഭാവികമായ വിജയത്തിന്റെയും നിരവധി ഉത്തരങ്ങള്‍ തുറന്നുകിട്ടുമായിരുന്നു. ഈ ഉത്തരങ്ങളെ ഭയപ്പെടുന്നതു കൊണ്ടാണ് ഉത്തരങ്ങളില്‍ എത്തിച്ചേരാതെ മഹാവിലാപങ്ങളില്‍ ലേഖനം അവസാനിപ്പിക്കേണ്ടിവരുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍