ഉന്നത വിദ്യാഭ്യാസത്തിനായി ബംഗളുരുവിലേക്ക് വണ്ടി കയറുന്നവരോട്
വിദ്യാഭ്യാസത്തിനു പൊതുവെ മുന്‍ഗണന കൊടുക്കുന്ന കേരളീയര്‍ക്കിടയില്‍ ഉന്നത വിദ്യ കരസ്ഥമാക്കാന്‍ കേരളത്തിന് പുറത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം താരതമ്യേന കൂടിക്കൊണ്ടിരിക്കുന്നു. ബംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, ദല്‍ഹി, പോണ്ടിച്ചേരി, സേലം തുടങ്ങിയ നഗരങ്ങളിലേക്കാണ് കൂടുതല്‍ ഒഴുക്കും. കേരളത്തിനേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ഗുണനിലവാരമുള്ള യൂനിവേഴ്‌സിറ്റികളുമാണ് വിദ്യാര്‍ഥികളെ ഇതിനു പ്രേരിപ്പിക്കുന്നത്. വ്യക്തിസ്വഭാവ രൂപീകരണത്തിലും നമ്മുടെ നാടിന്റെ സാംസ്‌കാരിക നിര്‍മിതിയിലും പ്രധാന പങ്കുതന്നെ വഹിക്കുന്നുണ്ട് ഈ വിദ്യാഭ്യാസ പ്രക്രിയ. നല്ലതു തന്നെ. ഈ കാര്യത്തില്‍ മലയാളികള്‍ ഒരുപടി മുന്നില്‍ തന്നെയാണ് എന്ന് നമുക്ക് അഭിമാനത്തോടെ പറയാം. മലയാളി വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം ഈ നഗരങ്ങളിലെ ഉന്നത കലാലയങ്ങളിലും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലും പഠിക്കുന്നുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ പൊതുബോധം ആ അര്‍ഥത്തില്‍ സന്തോഷകരമാണ്, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പക്ഷേ, പലപ്പോഴും നാടിനെയും നാട്ടുകാരെയും വിട്ട്, യാത്രാ ദുരിതവും പേറി, അക്കാദമിക പുരോഗതിക്കനിവാര്യമായ ഭാഷാ പരിജ്ഞാനത്തിന്റെ പരിമിതികളും മറികടന്ന് ഇവിടങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെപ്പറ്റി ഞെട്ടിക്കുന്ന കഥകളാണ് പലര്‍ക്കും പറയാനുള്ളത്. രക്ഷിതാക്കള്‍ കടമെടുത്തും അല്ലാതെയും പഠിക്കാനയക്കുന്ന കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന കിടങ്ങ് എത്ര വലുതാണെന്ന് മനസ്സിലാക്കണമെങ്കില്‍ കണ്ണ് തുറന്നു പിടിച്ചേ മതിയാവൂ. സദാചാരത്തെയും ധാര്‍മികതയെയും കടലു കടത്തും വിധത്തില്‍ ജീവിതം ആഘോഷമാക്കുന്ന ഒരുപാട് വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ പലപ്പോഴും പുറത്തറിയാറില്ല. ലൈംഗിക അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും അടിമകളായിക്കൊണ്ടിരിക്കുന്ന ബംഗളുരു വിദ്യാര്‍ഥി സമൂഹത്തിന്റെ ഈ ഇരുണ്ട മുഖത്തെക്കുറിച്ച് പറയാതെ നിര്‍വാഹമില്ല.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ആലസ്യത്തില്‍ ജീവിതം അടിച്ചുപൊളിക്കുന്ന വിദ്യാര്‍ഥികള്‍ ഒരുപക്ഷേ നാട്ടില്‍ പൂച്ചക്കുട്ടികളായിരിക്കും. നാട്ടില്‍ അറിയപ്പെടുന്ന, സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് സദാചാര വിഷയങ്ങളില്‍ ഇടപെടുന്ന ഒരു നല്ല മനുഷ്യന്റെ മകന്‍ മുഴുകുടിയന്‍ ആയ കഥ സുഹൃത്തില്‍നിന്ന് കേട്ടത് ഏറെ പുതുമയില്ലാതെയാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അപകടകരമായ സുഹൃദ് ബന്ധങ്ങളുണ്ടായിരിക്കും. അത്തരം ബന്ധങ്ങള്‍ വരുത്തിവെക്കുന്ന വിനകള്‍ അനിയന്ത്രിതമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ജീവിതം ആഘോഷിക്കാനുള്ളതാണെന്ന അബദ്ധധാരണ പലപ്പോഴും മതിമറന്നുള്ള ആഘോഷങ്ങളിലേക്ക് എത്തിക്കുന്നു. ഇങ്ങനെ നല്ല സുഹൃദ്ബന്ധത്തിന്റെയും നിയന്ത്രണത്തിന്റെയും അഭാവവും ധൂര്‍ത്തുമെല്ലാം ഇത്തരം ധാര്‍മിക തകര്‍ച്ചയുടെ മൂലകാരണങ്ങളില്‍ ചിലത് മാത്രം.
വീടും പറമ്പും പണയപ്പെടുത്തിയെങ്കിലും സ്വന്തം മക്കളെ പഠിപ്പിക്കാന്‍ പെടാപാട് പെടുന്ന രക്ഷിതാക്കളുള്ള കേരളത്തിന്റെ ചിത്രം നമുക്കറിയാം. മക്കളുടെ പഠനാവശ്യം പൂര്‍ത്തീകരിക്കാന്‍ സ്വന്തം പ്രയാസംപോലും മറന്ന് പണിയെടുക്കുന്ന രക്ഷിതാക്കള്‍ അധികപേരും പലപ്പോഴും ബംഗളുരുവിലെ ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ച് അജ്ഞരാണ്. കേരളത്തിന് പുറത്തേക്ക് പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കാത്തത് പല വിദ്യാര്‍ഥികളും മുതലെടുക്കാറാണ് പതിവ്. ഇങ്ങനെ പഠനത്തിനായി പറഞ്ഞയക്കുന്ന വിദ്യാര്‍ഥികളെ യാത്രയയക്കുന്നതിന് മുമ്പ് അവരുടെ സൗഹൃദ വലയങ്ങളെക്കുറിച്ചും വിദ്യാഭ്യാസ അന്തരീക്ഷത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. രക്ഷിതാക്കളുടെ ചിന്തയിലേക്ക് ഈയൊരു വിഷയം കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ബംഗളുരു പോലുള്ള നഗരങ്ങളിലെ വിദ്യാഭ്യാസപരവും സാംസ്‌കാരികമായ ഗുണവിശേഷങ്ങളെ കുറച്ച് കാണിക്കാനല്ല ഈ എഴുത്ത്. തീര്‍ച്ചയായും അത്തരം സവിശേഷതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് ബംഗളുരു പോലെയുള്ള നഗരങ്ങളില്‍ പഠനം നടത്തേണ്ടിവരുന്നത് പുതിയ കാലഘട്ടത്തിന്റെ തേട്ടമാണ്. വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് അതനിവാര്യമാണ് താനും. നമ്മുടെ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതുണ്ട്. പക്ഷേ, അത് ധാര്‍മിക നിലവാരം തൂത്തെറിഞ്ഞു കൊണ്ടാവരുത്. മലയാളികള്‍ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഒരു കൂട്ടം വിദ്യാര്‍ഥി സഹോദരങ്ങളെ ബംഗളുരുവില്‍ നമുക്ക് കാണാന്‍ സാധിക്കും. സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരുപാട് മലയാളി വിദ്യാര്‍ഥി സുഹൃത്തുക്കളും ഈ ഗാര്‍ഡന്‍ സിറ്റിയില്‍ ഉണ്ടെന്ന യാഥാര്‍ഥ്യം അനുഭവ സാക്ഷ്യമാണ്.
എസ്.എസ്.എഫ്, എസ്.ഐ.ഒ, മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പോലെയുള്ള സംഘടനകളുടെ ഹോസ്റ്റല്‍ സംവിധാനങ്ങളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ വിദ്യാര്‍ഥി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഇത്തരം വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ബംഗളുരുവിലെ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ സംഘടനകളുടെയും കൂട്ടായ്മകളുടെയും ക്രിയാത്കമായ ഇടപെടല്‍ ഈ അര്‍ഥത്തില്‍ പ്രശംസനീയമാണ്. മക്കളെ ഉന്നത പഠനത്തിനായി ബംഗളുരുവിലേക്ക് അയക്കുമ്പോള്‍ ഈ കൂട്ടായ്മയുമായി ബന്ധപ്പെടുത്താന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കുന്നതും മക്കളുടെ ഭാവിക്ക് നന്നായിരിക്കും.
എം.എം ഇല്യാസ് വാടാനപ്പള്ളി, ദുബൈ /
തകരേണ്ടത് വിഭാഗീയതയുടെ
ഈ കരിങ്കല്‍ വേലികള്‍
ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ കൂടെ താമസിക്കുന്ന സുഹൃത്തിന്റെ ചോദ്യം, 'എവിടെയാണ് കൈ കെട്ടുന്നത്' എന്ന്. ഒരു തര്‍ക്കത്തിന് അദ്ദേഹം തുടക്കമിടുകയായിരുന്നു. ഞാന്‍ പറഞ്ഞു: 'കൈ കെട്ടിയതിനു ശേഷം അഴിച്ചിടുന്നതിനു വിരോധമില്ല... പക്ഷേ തലയില്‍ കെട്ടരുത്, പിറകിലും കെട്ടരുത്. അത് പാടില്ല' പിന്നെ കൂടുതല്‍ സംസാരത്തിന് അദ്ദേഹം നിന്നില്ല. ദുനിയാവിലെ മുഴുവന്‍ ചിന്തകളും മാറ്റിവെച്ച് പ്രപഞ്ച നാഥനോട് ചെയ്യുന്ന നേരിട്ടുള്ള പ്രാര്‍ഥനയാണ് നമസ്‌കാരം. അവിടെയും അപരന്റെ തെറ്റുകള്‍ പരതുന്ന ഒരു തലമുറയെ കേരളത്തിലെ മത സംഘടനകള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു.
വെള്ളക്കാരും എണ്ണയില്‍ കുതിര്‍ന്ന കറുത്തലുവ പോലുള്ള ഉഗാണ്ടന്‍ വംശജരും ദുബൈയിലെ ചുവന്നു തുടുത്ത അറബികളും എന്നല്ല ലോകം മൊത്തം ഇവിടെയുണ്ട്. വര്‍ണ വര്‍ഗ ദേശ ഭാഷ വ്യത്യാസമില്ലാതെ ഈ വിഭാഗങ്ങളെല്ലാം തോളോട് തോള്‍ ചേര്‍ന്ന് ഒരു ഇമാമിന് കീഴില്‍ ഒരു ദിശയിലേക്ക് തിരിഞ്ഞ് ഏകനായ സ്രഷ്ടാവിന് സാഷ്ടാംഗം ചെയ്യുന്നു. വിവിധ രാജ്യക്കാരായ ഈ മനുഷ്യരെല്ലാം ഒരു വീട്ടില്‍ ഒരു കുടുംബത്തെ പോലെ ഒരുമിക്കുന്നു. വിശുദ്ധ ഇസ്‌ലാമിന്റെ മുഴുവന്‍ ആരാധനാ കര്‍മത്തിലും നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ഈ ഐക്യത്തിന്റെയും മാനവിക മൂല്യങ്ങളുടെയും ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. പക്ഷേ, തര്‍ക്ക വിതര്‍ക്കങ്ങളില്‍ മുഴുകിയ സംഘടനകള്‍ അനുയായികളെ അത് പഠിപ്പിക്കുന്നതില്‍ നിന്ന് പിറകോട്ട് പോവുകയും മസ്അലകളില്‍ തളച്ചിടുകയും ചെയ്യുന്ന നിലപാട് ഇപ്പോഴും തുടരുകയാണ്. വിഭാഗീയതയുടെയും അനൈക്യത്തിന്റെയും മതിലുകള്‍ തകര്‍ത്ത് ഐക്യപ്പെടാന്‍ മത സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം നമുക്ക്...
ഒ.സി മുഹമ്മദ് കാരശ്ശേരി /
ദക്ഷിണ കേരളത്തില്‍ നിന്ന് മലബാറുകാര്‍ക്ക് പഠിക്കാനുണ്ട്
1985-ലാണ് യാത്രാപ്രിയരായ ഞങ്ങള്‍ അധ്യാപകരുടെ സംഘം ആദ്യമായി ദക്ഷിണ കേരളത്തിലെ ഗ്രാമങ്ങളും പട്ടണങ്ങളും സന്ദര്‍ശിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ദക്ഷിണ കേരളത്തിലെ അധ്യാപകരുടെയും മറ്റു സഹപ്രവര്‍ത്തകരുടെയും വിവാഹങ്ങളിലും മറ്റും പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം. കൂട്ടത്തില്‍ അവിടത്തെ ദീനീ പശ്ചാത്തലവും മലബാറിലെ ദീനീ പശ്ചാത്തലവും താരതമ്യം ചെയ്യാനും ഞങ്ങള്‍ ശ്രദ്ധിച്ചു. തികച്ചും നിരാശാജനകമായിരുന്നു അന്നത്തെ ദക്ഷിണ കേരളത്തിലെ ദീനീ അവസ്ഥ. അധിക സ്ത്രീകളുടെയും വസ്ത്രധാരണം ഇസ്‌ലാമിക ചിട്ടയിലായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക മതപഠനം പോലും ലഭിച്ചിരുന്നില്ല. അന്നത്തെ മലബാര്‍ ഗ്രാമങ്ങളില്‍നിന്ന് വ്യത്യസ്തമായി ചാരായം കുടിക്കുന്ന ധാരാളം മുസ്‌ലിംകളെ ഗ്രാമപ്രദേശത്ത് കാണാന്‍ കഴിഞ്ഞു.
2013-ല്‍ വീണ്ടും അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കേരളത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും വളരെ ഉള്ളിലേക്കു ഇറങ്ങിച്ചെന്ന് സന്ദര്‍ശിക്കാന്‍ സാധിച്ചു. എല്ലാ മഹല്ലുകളിലും മദ്‌റസകളും മതപഠനവും സജീവമായി നടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. മലബാറിലെ പള്ളികളില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ദര്‍സുകള്‍ ധാരാളം കാണാന്‍ കഴിഞ്ഞു. മലബാറില്‍ നിന്ന് വ്യത്യസ്തമായി നാട്ടുകാരായ ധാരാളം കുട്ടികളും മറുനാടന്‍ കുട്ടികളോടൊപ്പം രാത്രികളിലും അവധി ദിവസങ്ങളിലും മത പഠനത്തിന് എത്തുന്നുണ്ട്. മതവിദ്യാഭ്യാസത്തിനും പ്രബോധന പ്രവര്‍ത്തനത്തിനും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ദക്ഷിണ കേരളത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
കേന്ദ്രീകൃത പ്രവര്‍ത്തനമുള്ള മുസ്‌ലിം ജമാഅത്തുകളുടെ സജീവ ഐക്യം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍, തബ്‌ലീഗ് ജമാഅത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമസ്തയുടെയും മുജാഹിദ് സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ എന്നിവ ദക്ഷിണ കേരളത്തിലെ ഈ ഉണര്‍വിന് സഹായകമായിട്ടുണ്ട്.
മലബാറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും അവരുടെ ഗ്രൂപ്പുകളും ദക്ഷിണ കേരളത്തില്‍ ഉണ്ടെങ്കിലും മലബാറില്‍ നിന്നും വ്യത്യസ്തമായി അവിടെ അവര്‍ കുതര്‍ക്കികളല്ലെന്ന് മാത്രമല്ല, വളരെ സൗഹാര്‍ദത്തിലുമാണ്. ഇപ്പോള്‍ മലബാറുകാര്‍ ദക്ഷിണ കേരളത്തില്‍ നിന്നാണ് പാഠം ഉള്‍ക്കൊള്ളേണ്ടത്.
ആചാരി തിരുവത്ര /
മെയ് 17 ലക്കം ഭീകരവാദത്തെക്കുറിച്ചുള്ള കവര്‍സ്റ്റോറി സമാധാന പ്രിയര്‍ കാംക്ഷിക്കുന്ന ഒന്നായി. ഭീകരവാദത്തെയും ഭീകരതക്കെതിരെ എന്ന പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ഇള്‌ലായ്മ ചെയ്യാന്‍ കഴിഞ്ഞാല്‍ ഭീകരത എന്ന ശാപം ഇല്ലാതാകും. പലപ്പോഴും സര്‍ക്കാറുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഛിദ്രശക്തികളുടെ കടന്നാക്രമണങ്ങളുടെ ഫലമായിട്ടാണ് ഭീകരത സൃഷ്ടിക്കപ്പെടുന്നത്. ഭീകരതയെ ചെറുത്ത്‌തോല്‍പിക്കാനും ഇനിയൊരു യുദ്ധം വേണ്ട എന്ന് പ്രഖ്യാപിക്കാനുമുള്ള ഒരു സമവായമാണ് ഇന്ന് അഭികാമ്യം.
Comments