Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

'ഒട്രാന്റോ രക്തസാക്ഷികള്‍'ക്ക് പിന്നിലെ രാഷ്ട്രീയം

കെ.എം.എ / കുറിപ്പുകള്‍

കഴിഞ്ഞ മെയ് 12-ന് പോപ്പ് ഫ്രാന്‍സിസ് 813 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി. ഒട്രാന്റോ രക്തസാക്ഷികള്‍ എന്നാണ് ഇവരറിയപ്പെടുന്നത്. തെക്കന്‍ ഇറ്റലിയിലെ ഒട്രാന്റോ നഗരത്തിലെ നിവാസികളായിരുന്നു ഇവര്‍. ഗദിക് അഹമദ് പാഷയുടെ നേതൃത്വത്തിലുള്ള ഉസ്മാനി സൈന്യമാണ് 1480 ആഗസ്റ്റ് 14-ന് ഇവരെ പിടികൂടി വധിച്ചത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് മതം മാറാന്‍ കൂട്ടാക്കാതിരുന്നതുകൊണ്ട് ഇവരെ ഉസ്മാനി സൈന്യം നിര്‍ദയം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തമാണിത്. ലോകത്തുള്ള മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാര്‍ത്ത ആഘോഷപൂര്‍വം കൊണ്ടാടി. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലസ്‌കോനിയുടെ സഹോദരന്‍ നടത്തുന്ന പത്രം ഇവരെ 'ഇസ്‌ലാമിന്റെ ഇരകള്‍' എന്ന് വിശേഷിപ്പിച്ചു. ഇസ്‌ലാം പേടി ഉല്‍പാദിപ്പിക്കാന്‍ പരമാവധി ശ്രമിച്ച പത്രങ്ങളൊന്നും തന്നെ അഞ്ച് നൂറ്റാണ്ട് മുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ ഇപ്പോഴും താല്‍പ്പര്യം കാണിക്കുന്നില്ല.
യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം അറബ്-തുര്‍ക്കി രേഖകളില്‍ മാത്രമല്ല, യൂറോപ്യന്‍ ചരിത്ര കൃതികളിലും പരാമര്‍ശിക്കപ്പെടുന്നില്ല. ഏറ്റവും സഹിഷ്ണുതയുള്ള ഭരണാധികാരികളില്‍ ഒരാളായി അറിയപ്പെടുന്ന ഉസ്മാനി ഖലീഫ മുഹമ്മദ് ഫാതിഹിന്റെ ഭരണകാലത്താണല്ലോ അങ്ങനെയെങ്കില്‍ സംഭവം നടന്നിട്ടുണ്ടാവുക. മുഹമ്മദ് (രണ്ടാമന്‍) ഫാതിഹ് നല്ലൊരു ഇസ്‌ലാമിക പണ്ഡിതന്‍ കൂടിയായിരുന്നു. ഒരു കാരണവശാലും മതത്തില്‍ ബലപ്രയോഗമില്ല എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം അദ്ദേഹം അംഗീകരിച്ചിരുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? ഇനി തന്റെ സൈനിക തലവന്‍ അങ്ങനെയൊരു ഭീകരകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അയാളെ അദ്ദേഹം വിചാരണ ചെയ്യുമായിരുന്നു. വേണ്ടതിലധികം പേജുകള്‍ ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാര്‍ അതിനുവേണ്ടി നീക്കിവെക്കുകയും ചെയ്യുമായിരുന്നു. പകരം അവര്‍ എഴുതിവെച്ചത് അദ്ദേഹം എല്ലാ മതവിശ്വാസങ്ങളോടും സഹിഷ്ണുത പുലര്‍ത്തി എന്നാണ്.
ഇവിടെ ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും കൂടിപ്പിണഞ്ഞു കിടക്കുകയാണ്. കുരിശ് യുദ്ധം നടക്കുന്ന കാലമായതുകൊണ്ട് ഒട്രാന്റോയില്‍ ഉസ്മാനി സൈന്യം എത്തിയിരുന്നുവെന്നത് സത്യമാണ്. ചെറുത്തവരോട് യുദ്ധം ചെയ്യുകയും അവരില്‍ പലരും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ടാവാം. റോം കീഴടക്കാനാണ് ഉസ്മാനി സൈന്യം പുറപ്പെട്ടത് എന്നതും സത്യമാണ്. പക്ഷേ അവര്‍ക്ക് പിന്തിരിയേണ്ടിവന്നു. ഈ സൈനിക നീക്കങ്ങളില്‍ കൊല്ലപ്പെടുന്നവരെ 'ഇസ്‌ലാമിലേക്ക് മതം മാറാത്തതിന്റെ പേരില്‍ രക്തസാക്ഷികളായവരാ'യി ചിത്രീകരിക്കുന്നതാണ് പ്രശ്‌നം.
വിക്കിപീഡിയയിലും മറ്റും ഇതിന്റെ വിവരണം തുടങ്ങുന്നത് തന്നെ, ക്രിസ്ത്യന്‍ ചരിത്ര രചന (Historiography) യനുസരിച്ച് എന്ന മുഖവുരയോടെയാണ്. അര്‍ധ സത്യങ്ങളും ഐതിഹ്യങ്ങളും പരമത വിദ്വേഷവുമെല്ലാം സമാസമം ചേര്‍ത്ത് ഒരു ചരിത്രം കെട്ടിയുണ്ടാക്കുകയാണ്. യഥാര്‍ഥ ചരിത്രമല്ലെന്നര്‍ഥം. അത്ഭുതകഥകള്‍ നിറഞ്ഞ വിശുദ്ധന്മാരുടെയും മറ്റും വത്തിക്കാന്‍ ചരിത്രം മുഖ്യധാരാ ചരിത്രകാരന്മാര്‍ കാര്യമാക്കാറുമില്ല. 'ഒട്രാന്റോ രക്തസാക്ഷികളു'ടെ കാര്യം തന്നെ എടുക്കുക. ആരൊക്കെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല. രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ വര്‍ഷമൊന്ന് കഴിഞ്ഞിട്ടും കേട്കൂടാതെ കാണപ്പെട്ടുവെന്നും പിന്നെ അവരുടെ ഓര്‍മക്കായി ദേവാലയം പണിതുവെന്നും അവിടെ അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചുവെന്നും ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് അത്ഭുത രോഗശാന്തിയുണ്ടായെന്നും... ഇങ്ങനെയാണ് 'ചരിത്ര'ത്തിന്റെ പോക്ക്.
അഞ്ച് നൂറ്റാണ്ട് മുമ്പ് 'രക്തസാക്ഷികളാ'യവരെ ഇപ്പോള്‍ വിശുദ്ധന്മാരായി പ്രഖ്യാപിക്കുന്നതിന്റെ (അതിനിടക്ക് എത്ര പോപ്പുമാര്‍ കടന്നുപോയി!) രാഷ്ട്രീയം ആര്‍ക്കും അവ്യക്തമല്ല. അത് ചില തീവ്ര വലത്പക്ഷ ഇവാഞ്ചലിസ്റ്റുകള്‍ അവരുടെ ബ്ലോഗുകളില്‍ പച്ചയായി എഴുതിയിട്ടുമുണ്ട്. അന്യ മതസ്ഥരെ മാത്രമല്ല, തങ്ങളോട് ആശയപരമായി വിയോജിക്കുന്ന ക്രൈസ്തവ അവാന്തര വിഭാഗങ്ങളെപ്പോലും ക്രൂരമായി വേട്ടയാടിയ ചരിത്രമാണ് മധ്യകാല ചര്‍ച്ചിന്റേത്. അത് ചരിത്ര കൃതികളിലെമ്പാടും രേഖപ്പെട്ടു കിടക്കുന്നുമുന്നുമുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ക്കെതിരെയും ചില 'ചരിത്രങ്ങള്‍' ഉണ്ടാക്കുകയാണ് ഈ കള്ളപ്രചാരണങ്ങളിലൂടെ.
1980-ല്‍ തന്നെ അന്നത്തെ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ ഒട്രാന്റോ സന്ദര്‍ശിച്ച് 'അഞ്ഞൂറാം വാര്‍ഷിക'ത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നു. പിന്നെയത് 2007-ല്‍ പൊടിതട്ടിയെടുക്കുന്നത് സ്ഥാനത്യാഗം ചെയ്ത പോപ്പ് ബെനഡിക്റ്റ് പതിനാറാമനാണ്. ഇവര്‍ 'ഇസ്‌ലാമിലേക്ക് മതം മാറാത്തതിന്റെ പേരില്‍ രക്തസാക്ഷികളായവരാണ്' എന്ന് അംഗീകരിച്ചത് ഈ പോപ്പാണ്. ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയിരുന്നുവല്ലോ ബെനഡിക്റ്റ് പതിനാറാമന്‍. കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായിരുന്നു ആ നീക്കങ്ങളെല്ലാം തന്നെ. അതിലൊന്നാണ് ഇവരെ രക്തസാക്ഷികളായി അംഗീകരിച്ചതും. ബെനഡിക്റ്റ് പതിനാറാമന്‍ തുടങ്ങിവെച്ച പ്രക്രിയ പൂര്‍ത്തീകരിക്കുക മാത്രമാണ് പുതിയ പോപ്പ് ചെയ്തിരിക്കുന്നത്. സ്ഥാനത്യാഗ വേളയില്‍ ഈ പ്രക്രിയയില്‍നിന്ന് പിന്മാറരുതെന്ന് അദ്ദേഹം പുതിയ നേതൃത്വത്തെ പ്രത്യേകം ഓര്‍മിപ്പിച്ചതായും സംസാരമുണ്ട്.
ഇസ്‌ലാമിനെ ഭീകരതയുമായി സമീകരിച്ച് ബെനഡിക്റ്റ് പതിനാറാമന്‍ നടത്തിയ പരാമര്‍ശം മുസ്‌ലിം ലോകവുമായുള്ള ചര്‍ച്ചിന്റെ ബന്ധം അങ്ങേയറ്റം വഷളാക്കിയിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹം തിരുത്തുകയുണ്ടായില്ല. തന്നെ തെറ്റായി മനസ്സിലാക്കി എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. പുതിയ പോപ്പ് ഫ്രാന്‍സിസ് ഇതിനൊരു മാറ്റമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. ആ നിലക്കുള്ള പ്രസ്താവനകള്‍ അദ്ദേഹം തുടക്കത്തില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പഴയ രീതിയില്‍നിന്ന് വ്യതിചലിക്കാന്‍ പുതിയ പോപ്പിനും കഴിയുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ചില രാഷ്ട്രീയ അജണ്ടകള്‍ ഇതിന്റെയൊക്കെ പിന്നിലുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവുകയില്ല. ഒട്രാന്റോ നിവാസികളെ വിശുദ്ധരായി പ്രഖ്യാപിച്ചപ്പോള്‍ പോപ്പ് നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധിക്കുക: ''ഒട്രാന്റോ രക്തസാക്ഷികളെ ആദരിക്കുന്ന ഈ വേളയില്‍, നാം ജീവിക്കുന്ന കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ശേഷി നല്‍കേണമേ എന്ന് നാം ദൈവത്തോട് പ്രാര്‍ഥിക്കുക. തിന്മയെ നന്മ കൊണ്ട് നേരിടാനുള്ള ധൈര്യം അവര്‍ക്ക് നല്‍കണമേ എന്നും.'' പാശ്ചാത്യ നവയാഥാസ്ഥിതികര്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു കുപ്രചാരണമാണ് മധ്യപൗരസ്ത്യ ദേശത്തെയും ആഫ്രിക്കയിലെയും മുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ അവിടത്തെ ക്രൈസ്തവ ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുകയാണെന്നത്. 'നമ്മുടെ കാലത്ത് പീഡനം സഹിക്കുന്ന ക്രൈസ്തവര്‍' എന്ന പരാമര്‍ശം മുസ്‌ലിം നാടുകളിലെ ക്രൈസ്തവ ന്യൂനപക്ഷത്തെക്കുറിച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ആരോപണത്തിന് ഇന്ധനം പകരുകയാണ് 'ഒട്രാന്റോ രക്തസാക്ഷികളെ' അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് No-Fault Martyrdom? എന്ന ലേഖനത്തില്‍ ഫ്രാന്‍സിസ്. എക്‌സ് ക്ലൂനി എഴുതുന്നു (American magazine.org).

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍