ടിസ്സിലെ ശിരോവസ്ത്രം തുറന്ന ജനാധിപത്യ കാമ്പസുകള്‍
ഉത്തരേന്ത്യന്‍ കാമ്പസുകളിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ പഠനം, ഉയര്‍ന്നുവരുന്ന സ്ത്രീപക്ഷ സാന്നിധ്യമായും പുരോഗമനാത്മക രാഷ്ട്രീയ ചിന്തയായും വിലയിരുത്തപ്പെടുമ്പോള്‍ എന്നെപ്പോലുള്ള മലബാറിലെ പെണ്‍കുട്ടികള്‍ മാറിചിന്തിച്ചത് ഏറെ പരാധീനതകള്‍ക്ക് മുകളിലാണ്. നല്ല കോഴ്‌സുകളോ നല്ല കോളേജുകളോ ഉണ്ടായിരുന്നില്ല. യാത്രാദുരിതങ്ങള്‍ പുതിയ പൈങ്കിളി കഥകള്‍ മെനഞ്ഞുകൊണ്ടിരുന്നു. ഒരു തരം രക്ഷപ്പെടലായിരുന്നു അത്.
കണ്ണിനും മനസ്സിനും കാമ്പസ് ചിത്രങ്ങളാണ് ഇന്നലെകളിലേതെന്ന് സാംസ്‌കാരിക നായകന്മാര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍ വാദിച്ചു. പെണ്ണുങ്ങള്‍ ജെന്‍ഡര്‍ സ്‌പേസിനെ കുറിച്ച് മാത്രം വാചാലമായി. എല്ലാവര്‍ക്കും കയറിവരാവുന്ന ഒരു ഇടം, വ്യത്യസ്ത മത-ജാതി-ലിംഗ വിഭാഗങ്ങളില്‍ പെട്ടയാളുകള്‍ കാമ്പസിനെ ഒന്നാക്കുന്ന പ്രതിഭാസം. സണ്‍ഡേ കോളങ്ങളിലും ചേതന്‍ ഭഗതിന്റെ രചനകളിലുമാണ് ഈ Sharing/Caring കാമ്പസുകളെ നാം ശ്രദ്ധിച്ചത്. അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു ലളിതവത്കൃത പ്രത്യയശാസ്ത്രമായി ഇവിടെ കാമ്പസിനെ കാണാം.
കാമ്പസിന്റെ 'മേല്‍ക്കോയ്മ'കളെ കുറിച്ചാണ് എന്റെ വര്‍ത്തമാനങ്ങള്‍. കാമ്പസിനുള്ളില്‍ ഒരു വ്യക്തിയുടെ സ്വത്വം അടയാളപ്പെടുത്തുന്നത് belongings, friends, groups, opinions, discussion forums, social networking sites എന്നിവയുമായി ഉരുത്തിരിഞ്ഞാണ്. കാമ്പസിന്റെ വാര്‍പ്പുമാതൃകകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അരാഷ്ട്രീയവത്കരിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. കാമ്പസിന്റെ മതേതരത ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണ്. ഇതിനെതിരെ വിരല്‍ ചൂണ്ടിയവര്‍ സ്വത്വവാദിയായോ മതവാദിയായോ അരാജകവാദിയായോ ആയി മുദ്രകുത്തപ്പെടുന്നു.
പൊതുമണ്ഡലത്തിന്റെ സ്വഭാവ സങ്കീര്‍ണതകള്‍ ഉള്‍ക്കൊള്ളുന്ന കാമ്പസാണ് ടിസ്സി (Tiss) ന്റേതും. മതേതരത്വത്തിന്റെ സ്വീകാര്യമായ അധീശത്വ പ്രവണതകള്‍ വളരെ പ്രകടമാണ് കാമ്പസില്‍. മികവിലൂടെ വന്നവര്‍, സംവരണത്തിലൂടെ വന്നവര്‍ എന്നിങ്ങനെ തരംതിരിവുണ്ട്. എന്‍ട്രന്‍സ്-സെമസ്റ്റര്‍ പരീക്ഷകളില്‍ റിസല്‍റ്റ് എത്ര ഉയര്‍ന്നതാണെങ്കിലും 'സംവരണം' ഒരു പാകപ്പിഴയാണ്.
കാമ്പസില്‍ തലമറക്കുന്ന ഒരേയൊരു വിദ്യാര്‍ഥിനിയാണ് ഞാന്‍. രണ്ടായിരത്തോളം വിദ്യാര്‍ഥികളില്‍ ഇരുപതോളം വരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ (റമദാനിലെ നോമ്പുതുറ കണക്കനുസരിച്ച്) വിദേശ വിദ്യാര്‍ഥികളെ കാണുന്നതിലേറെ കൗതുകത്തോടെ എന്നെ വീക്ഷിച്ചുകൊണ്ടിരുന്നു. ക്ലാസിലെ പലരും മുസ്‌ലിംസഹപാഠിയോടൊപ്പമിരിക്കുന്നത് ജീവിതത്തിലാദ്യം. 'മഫ്ത' എന്റെ രാഷ്ട്രീയ ബോധം എന്നതിനേക്കാളുപരി പ്രചരിപ്പിക്കപ്പെട്ടത് 'യാഥാസ്ഥിതികത'യുടെ ചിഹ്നമായിട്ടാണ്. ഓരോ ഇവന്റുകളിലും മതേതരത്വം എന്റെ വിശ്വാസത്തെ കുറിച്ച് ആധിപൂണ്ടു. ഹാഫ് ടീഷര്‍ട്ട്, സ്‌കേര്‍ട്ട്‌സ് ഇവയിലെല്ലാം ഞാനൊരു തീവ്രമതവാദിയായി. കാമ്പസിലെ മറ്റു മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സിഗരറ്റ് വലിക്കുമ്പോള്‍, എന്റെ മതത്തെ വ്യാഖ്യാനിക്കാന്‍ സവര്‍ണ മതേതരത്വം വ്യഗ്രത കാണിച്ചു.
കാമ്പസിന്റെ ജാതി
ജാതി പുറത്തുപറയാന്‍ കൊള്ളില്ല, എന്നാല്‍ പ്രാവര്‍ത്തികമാക്കേണ്ട ഒന്നാണ്. ക്ലാസ് മുറികളിലെത്തുമ്പോള്‍ തന്നെ നമ്മുടെ ജാതി നിശ്ചയിക്കപ്പെട്ടിരിക്കും. കേരളത്തെയപേക്ഷിച്ച് തൊട്ടടുത്ത ആളിന്റെ ജാതി അറിയുക എന്നത് ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. ദല്‍ഹിയിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ എന്റെ രണ്ടാംപേരായ 'നാസ്' ഏതു ജാതിയിലാണ് ഉള്‍പ്പെടുന്നതെന്ന് തിരക്കിയപ്പോള്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം ജാതിയാണെന്ന് ഞാന്‍ മറുപടി നല്‍കി. ക്ലാസില്‍ അലസമായി വസ്ത്രം ധരിച്ചു വരുന്നവരെ 'ബട്‌ല ഹൗസ് ബോയ്‌സ്' എന്ന് കളിയാക്കാറുണ്ടായിരുന്നു (*Delhi Campus).
പൊതുവെ യു.പി, ബീഹാറികള്‍ക്ക് ഭോജ്പൂരി-പാന്‍മസാല ടാഗ് ഉത്തരേന്ത്യക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന ജാതിക്കാര്‍ ഈ പരിഹാസങ്ങള്‍ക്കിരയാവാറില്ല. ഭാഷാശീലങ്ങളും ശരീരഭാഷയും വരേണ്യ അക്കാദമിക് ഇടങ്ങളില്‍ പരിഹാസത്തിനു വിധേയരാക്കാന്‍ എളുപ്പം സാധ്യതയുണ്ട്. എന്റെ ക്ലാസിലെ '...........കുമാര്‍' ബീഹാറില്‍നിന്ന് മുംബൈയിലെത്തുമ്പോള്‍ വളരെ ആത്മവിശ്വാസമുള്ളവനായിരുന്നു. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുമായിരുന്നു. ഇറുകിയ തുന്നലുകളോടെയുള്ള പാന്റ്‌സും കൂളിംഗ് ഗ്ലാസും സ്ഥിരവേഷം. ഇത്തരത്തിലുള്ള അവന്റെ നടപ്പുരീതികള്‍ക്ക് മേല്‍ജാതിക്കാര്‍ 'ബീഹാരി ബാബു' എന്ന സ്ഥാനപ്പേര് നല്‍കി. ക്ലാസില്‍ അവനെന്തുപറഞ്ഞാലും ഇംഗ്ലീഷിന് ആംഗലേയ ചേരുവകളില്ലാത്തതിനാല്‍ തരംതാഴ്ത്തപ്പെട്ടു. ആദ്യമൊക്കെ അവനുതോന്നിയത് അവന്റെ ചേഷ്ടകളും സംസാരങ്ങളും മറ്റുള്ളവരെ രസിപ്പിക്കുന്നുണ്ടെന്നായിരുന്നു. ഇടക്കെപ്പോഴോ അവന്‍ ക്ലാസില്‍ വരാതായി, പരീക്ഷകള്‍ പാസ്സാവാതായി, ക്ലാസില്‍ സംസാരിക്കാതെ ഇരുന്നു. ഇതൊരു തരം രാഷ്ട്രീയ നീരസമാണ്. Educational modernity ആരാകണമെന്ന് 'അവര്‍' ആണ് തീരുമാനിക്കുന്നത്. ഇടവേളകളില്‍ യൂട്യൂബിലെ ഭോജ്പൂരി സംഗീതമായിരുന്നു ഞങ്ങളുടെ ആസ്വാദനത്തിന് കൊഴുപ്പേകിയിരുന്നത്. ഈയൊരു പ്രവണതയെ എതിര്‍ത്തവര്‍ ഒറ്റപ്പെട്ടു. അതവരുടെ വ്യക്തിപരമായ വൈകാരിക വിസ്‌ഫോടങ്ങളായി. ഈ 'മേല്‍ക്കോയ്മ'കള്‍ നിരന്തരം ശല്യപ്പെടുത്തുന്നതിനാല്‍ 'സംവരണ'ക്കാര്‍ സവര്‍ണരെപ്പോലെ നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും ചിരിക്കാനും കിടക്കാനും മൂത്രമൊഴിക്കാനുംവരെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരെയും ഒന്നാംകിട പൗരന്മാരാക്കുന്ന മേല്‍ജാതി ഹിന്ദുത്വമാണ് ക്യാമ്പസിനെ താങ്ങി നിര്‍ത്തുന്നത്.
കാമ്പസിലെ സൗഹൃദങ്ങള്‍/ഇടപെടലുകള്‍
കൂട്ടായ്മ, സഹകരണം, പങ്കുവെക്കല്‍, സഹചാരിബോധം തുടങ്ങിയ, സൗഹൃദത്തെ രൂപപ്പെടുത്തുന്ന ചില അടിസ്ഥാന സ്വഭാവങ്ങള്‍ എല്ലാ കാമ്പസിനുമുണ്ട്. എനിക്കൊരു ദലിത് സുഹൃത്തുണ്ട് അല്ലെങ്കില്‍ മുസ്‌ലിം സുഹൃത്തുണ്ട് എന്നുപറയുന്നതില്‍ സുഹൃത്തുക്കള്‍ വളരെയധികം താല്‍പര്യം പ്രകടിപ്പിക്കുന്നു. കുറഞ്ഞ പക്ഷം ഫേസ്ബുക്ക് സ്റ്റാറ്റസുകളില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ സാന്നിധ്യം ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്! എല്ലാ Discussion Forum ങ്ങളിലും ബോധപൂര്‍വമായി സംസാരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്.
നമ്മുടെ ആശയങ്ങളും സംവാദങ്ങളും അവരുള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു എന്നല്ല ഇതിനര്‍ഥം, മറിച്ച് നമ്മളെക്കൂടി ഉള്‍ക്കൊള്ളാന്‍ അവര്‍ കാണിച്ച 'വിശാല മനസ്‌കത'യാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഇങ്ങനെ പ്രത്യക്ഷമായ സ്‌നേഹപ്രകടനങ്ങളിലൂടെ/ഇടപെടലുകളിലൂടെ നമ്മളെ നിശബ്ദരാക്കുന്നു. പലരും പുറത്താക്കലിന് വിധേയരാകാതെ ഈ സൗഹൃദ വലയങ്ങളില്‍ നിന്ന് സ്വയം പുറത്താവുകയാണ് പതിവ്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളായതിനാല്‍ ഇന്റേണ്‍ഷിപ്പുകളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും ഞങ്ങള്‍ക്കനിവാര്യമാണ്. ഒറ്റക്കും കൂട്ടായും ഇന്ത്യയുടെ പല ഭാഗത്തേക്കും യാത്ര ചെയ്തു. അത്തരത്തിലുള്ള ഒന്നായിരുന്നു അസമിലെ കലാപഭൂമിയിലേക്കുള്ള യാത്ര. ഞാനുള്‍പ്പെടെ ഏഴുപേരെ ആയിരുന്നു സെലക്ട് ചെയ്തത്. ഗുവാഹതിയില്‍ എത്തിയപ്പോളറിഞ്ഞു ഞങ്ങളുടെ ടാക്‌സി ഡ്രൈവറും കുക്കും ബോഡോകളാണെന്ന്. 'മഫ്ത' എന്ന ഐഡന്റിറ്റി ഭീഷണിയായതിനാല്‍ ''ഒന്നുകില്‍ തിരിച്ചുപോകാം അല്ലെങ്കില്‍ അതഴിച്ചുമാറ്റേണ്ടതുണ്ട്.'' കലാപഭൂമിയിലെ അനുഭവങ്ങള്‍ വിലപ്പെട്ടതായിരുന്നു. ബോഡോകളുമായും എനിക്ക് സംവദിക്കേണ്ടതുണ്ട്. പിന്നീടങ്ങോട്ട് 20 ദിവസത്തേക്ക്, തിരിച്ച് എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ ഞാനൊരു 'കാപ്' ധരിച്ചു. അതോടെ സഹപാഠികള്‍ക്കിടയില്‍ ഞാന്‍ തികച്ചും 'ലിബറല്‍' ആയി. അഴിച്ചുവെച്ച മഫ്ത എനിക്കൊരു സെക്യുലര്‍ ലിബറല്‍ മാനം നേടിത്തന്നു. കാമ്പസിന്റെ മതേതരത്വം എന്റെ രക്ഷാധികാരിയുടെ റോളണിഞ്ഞു.
ടിസ്സിന് പിന്നിലെ ഫാം റോഡില്‍ ആര്‍.എസ്.എസ് യൂനിറ്റ് തുടങ്ങിയതും, മെയിന്‍ കാമ്പസിനു മുമ്പിലെ ജംഗ്ഷനില്‍ ആല്‍മരത്തിനു താഴെ മാര്‍ബിളില്‍ കൊത്തിയ വിഗ്രഹം പ്രത്യക്ഷപ്പെട്ടതും ഈ രണ്ട് വര്‍ഷക്കാലയളവിലാണ്. ആര്‍.എസ്.എസ് സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ കാമ്പസില്‍ നല്ലൊരളവിലുണ്ട്. സംഘ്പരിവാറുകള്‍ക്ക് തുണയാകുന്നതും കാമ്പസിന്റെ മതേതര മുഖഛായ തന്നെ. ഒരു ഹിന്ദുവായിരിക്കുക എന്നതിനേക്കാള്‍ പ്രയാസമാണ് മതേതര കാമ്പസുകളില്‍ മുസ്‌ലിമായിരിക്കുക എന്നത്. അതിലേറെ കഷ്ടമാണ് മുസ്‌ലിം വിദ്യാര്‍ഥിനിയായിരിക്കുക എന്നത്.
(ലേഖിക മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടി(TISS)ലെ
വിദ്യാര്‍ഥിനിയാണ്)
Comments