Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

അഭിമുഖം / മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി

സദ്‌റുദ്ദീന്‍ വാഴക്കാട്

''അല്ലാഹു നിശ്ചയിച്ച കാലം വരെ ഇവിടെ കിടക്കണം. അതില്‍ നമ്മുടെ അഭിപ്രായത്തിന് ഇടമില്ലല്ലോ. ജീവിതത്തില്‍ സംതൃപ്തിയുണ്ട്. ഖുര്‍ആന്‍ പറഞ്ഞത് ഓര്‍മയില്ലേ; 'സമാധാനം പ്രാപിച്ച ആത്മാവേ, നിന്റെ റബ്ബിലേക്ക് നീ മടങ്ങിവരൂ. തൃപ്തിപ്പെട്ട്, തൃപ്തിഭാജനമായി. എന്റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിക്കൂ. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ.' സ്വര്‍ഗത്തെ കുറിച്ച് ഖുര്‍ആന്‍ ധാരാളം, പറഞ്ഞിട്ടുണ്ടെങ്കിലും 'എന്റെ സ്വര്‍ഗം' എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ഇവിടെ മാത്രമാണ്.''
നാലു മാസങ്ങള്‍ക്കുമുമ്പ്, കായംകുളത്തിനടുത്ത് കട്ടച്ചിറയിലെ മകളുടെ വീട്ടില്‍വെച്ച് മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവിയെ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം സംഭാഷണം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. രോഗവും പ്രായവും ശരീരത്തെ അല്‍പം തളര്‍ത്തിയെങ്കിലും ഓര്‍മകളും ചിന്തയും സജീവം. പക്ഷേ, ഒരു വിടവാങ്ങലിന്റെ സ്വരം സംസാരത്തിലുടനീളമുണ്ടായിരുന്നു. 2009-ല്‍, പ്രബോധനം 60-ാം വാര്‍ഷികപ്പതിപ്പിലേക്ക് അഭിമുഖം തയാറാക്കാനാണ് അദ്ദേഹത്തെ ആദ്യമായി സന്ദര്‍ശിച്ചത്. ഒരു മുഴു ദിവസം നീണ്ട അന്നത്തെ സംഭാഷണത്തില്‍ അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പരപ്പും മാത്രമല്ല, ചരിത്രത്തെയും വര്‍ത്തമാനത്തെയും നിരീക്ഷിക്കുന്നതിലുള്ള പാടവവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. സന്ദര്‍ശനങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളുമായി പിന്നീട് സൗഹൃദം തുടര്‍ന്നു. ദക്ഷിണ കേരളത്തിലെ ഇസ്‌ലാം-മുസ്‌ലിം ചരിത്രരചനയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് നാല് മാസം മുമ്പ് മൗലവിയെ അവസാനമായി കാണുന്നത്. രണ്ട് മണിക്കൂറോളം അന്നദ്ദേഹം സംസാരിച്ചു. ഔപചാരികതകളോടെ ചോദ്യോത്തര രൂപത്തിലുള്ള ഒരു അഭിമുഖമായിരുന്നില്ല അത്. ആ സംഭാഷണത്തിലെ ചില പ്രധാന ഭാഗങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇവിടെ പകര്‍ത്തുന്നുള്ളൂ.

പുതിയ ഇസ്‌ലാം വായനകള്‍
ഞാന്‍ ചോദിച്ചു, എന്താണ് ഇപ്പോഴത്തെ അവസ്ഥ, പുതിയ രചനകളെന്തെങ്കിലും? അദ്ദേഹം പറഞ്ഞുതുടങ്ങി.....
ഇസ്‌ലാമിനെ കുറിച്ച് ആധുനിക കാഴ്ചപ്പാടില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്, ഒരുപാട് എഴുതാനുണ്ട്. അതിന് വേണ്ടത്ര ആശയങ്ങള്‍ ഖുര്‍ആന്‍ തരുന്നുണ്ട്. പക്ഷേ, അത് അന്വേഷിച്ചു പോകാന്‍ നമുക്ക് സമയമില്ല. പരസ്പരമുള്ള തര്‍ക്കങ്ങളിലാണ് ആളുകള്‍ സമയം പാഴാക്കുന്നത്. എന്താണ് ഇന്നത്തെ കാലത്ത് ഖുര്‍ആന്‍ തരുന്ന ആശയം എന്നൊന്നും പലരും ചിന്തിക്കുന്നില്ല. ഖുര്‍ആനെയു ശാസ്ത്രത്തെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.
ബ്രാഹ്മണരായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മദ്രാസില്‍നിന്ന് ഇവിടെ വന്നിരുന്നു. എന്നെക്കുറിച്ച് എവിടെനിന്നോ കേട്ടറിഞ്ഞ് വന്നതാണ്! എന്താണ് ഈ ജീവിതത്തിന്റെ അര്‍ഥം? ഇതായിരുന്നു അവരുടെ പ്രധാന ചോദ്യം. നല്ല ചോദ്യം, എനിക്കിഷ്ടപ്പെട്ടു. കാരണം, എനിക്കിതിന് നല്ലൊരു മറുപടിയുണ്ട്. യഥാര്‍ഥത്തില്‍, ഈ ചോദ്യത്തിന്റെ ഉത്തരമായാണ് വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത്. നബി ഈ ചോദ്യം മനസ്സില്‍ ചോദിച്ചിരുന്നതായി ഖുര്‍ആനിന്റെ മറുപടിയില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. 'വായിക്ക്, നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്ക്'-ഇതാണ് ഈ ചോദ്യത്തിനുള്ള മറുപടി. റബ്ബ് എന്ന പദമാണതിന്റെ താക്കോല്‍. ഒരു വസ്തുവിനെ ഏറ്റവും പ്രാഥമിക പടിയില്‍ നിന്ന് പോറ്റി വളര്‍ത്തി പൂര്‍ണതയില്‍ എത്തിക്കുന്നവന്‍ എന്നാണ് റബ്ബിന്റെ അര്‍ഥം. സൃഷ്ടിക്കുന്നവന്‍ എന്ന് അതിന് അര്‍ഥമില്ല. രക്തക്കട്ടയില്‍ നിന്ന് മനുഷ്യനെ ഉണ്ടാക്കിയെടുത്തത് ഇതിന്റെ നല്ലൊരു ഉദാഹരണമാണ്. രക്തക്കട്ടയെന്നാല്‍ 23 കോടി ക്രോമോസോം മാത്രമാണ്. അത് ഒരു കുട്ടിയായി രൂപപ്പെട്ട്, പ്രസവിക്കപ്പെട്ട്, വളര്‍ന്ന്, പൂര്‍ണതയിലെത്തുന്നു. ചിലര്‍ മന്ത്രിയാകുന്നു, ചിലര്‍ കര്‍ഷകര്‍, ചിലര്‍ ഉദ്യോഗസ്ഥര്‍, ചിലര്‍ കച്ചവടക്കാര്‍... എത്ര ശ്രമിച്ചിട്ടും പിടിച്ചുനില്‍ക്കാനാകാതെ ഒരുനാള്‍ ജീവന്‍ പോകുന്നു. ശേഷം, മണ്ണില്‍ കുഴിച്ചിടുന്നു, ചിലര്‍ തീയിലിട്ട് ചുടുന്നു, ചിലര്‍ വെള്ളത്തില്‍ ഒഴുക്കുന്നു, ചിലര്‍ പറവകള്‍ക്ക് ഇട്ടുകൊടുക്കുന്നു. എന്താണിതിനര്‍ഥം? ഇതിനാണോ മനുഷ്യന്‍ ജനിച്ചത്? ഇങ്ങനെ അവസാനിക്കാനാണ് മനുഷ്യന്‍ പിറന്നതെങ്കില്‍ ഈ ജീവിതത്തിന് എന്താണ് അര്‍ഥമുള്ളത്? ഒരു അര്‍ഥവുമില്ലെന്ന് ചിലര്‍ ചിന്തിക്കുന്നു. എന്നാല്‍ അങ്ങനെയല്ല. ജീവിതത്തിന് അര്‍ഥമുണ്ട്. അതറിയാന്‍, നീ വായിക്കണം, നിന്റെ ഉള്‍ക്കണ്ണുകൊണ്ട് വായിക്കണം. പ്രപഞ്ചത്തിലുള്ളതെല്ലാം തകര്‍ന്ന് തരിപ്പണമാകും. നീയും നശിക്കും. പക്ഷേ, നിന്നെ ഞാന്‍ വീണ്ടും സൃഷ്ടിക്കും. നിനക്ക് നിത്യമായ ഒരു ജീവിതം ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഇതാണ് അല്ലാഹു പറഞ്ഞത്. അതിന് വലിയ ചെലവൊന്നുമില്ല. ഒരു ആശയം നീ ഉള്‍ക്കൊള്ളണമെന്നു മാത്രം. അതിന് വേണ്ടത് ജ്ഞാനമാണ്. ശാശ്വത ജീവിതത്തിനുവേണ്ടി നിനക്ക് എന്തുചെയ്യാന്‍ കഴിയും എന്ന് മനസ്സിലാക്കിത്തരുന്ന ജ്ഞാനം. ആ ജ്ഞാനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സന്ദേശം.
ഞാന്‍ അവരോട് പറഞ്ഞു; നിങ്ങള്‍ മെഡിസിന് പഠിക്കുന്നവരാണ്. ശാസ്ത്രം അറിയുന്നവരാണ്. ഈ ചോദ്യത്തിന്, എന്ത് മറുപടിയാണ് ശാസ്ത്രത്തിന് പറയാനുള്ളത്? ശാസ്ത്രത്തിന്റെ ഭാഷയില്‍ ഈ ജീവിതത്തിന്റെ അര്‍ഥമെന്താണ്? 3 കോടി വര്‍ഷമെടുത്തു ശാസ്ത്രം മനുഷ്യനെ ഇന്നത്തെ നിലയിലെത്തിക്കാന്‍. പ്രകൃതിയാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ശാസ്ത്രം പറയുന്നു. അങ്ങനെ പ്രകൃതിയിലൂടെ മനുഷ്യന്‍ ഘട്ടം ഘട്ടമായി വളര്‍ന്ന് സുന്ദരനായി. പിന്നെ അവനെ കൊണ്ടുപോയി മണ്ണില്‍ വെക്കുന്നു. ഇതാണോ മനുഷ്യന്റെ പൂര്‍ണത? ഇതിനാണോ ഇത്രയും വര്‍ഷമെടുത്ത് ശാസ്ത്രം മനുഷ്യനെ വളര്‍ത്തിയത്? യഥാര്‍ഥത്തില്‍ ഒരിക്കലും അവസാനിക്കാത്ത ജീവിതമല്ലേ മനുഷ്യന്റെ പൂര്‍ണത. അതാണ് ഖുര്‍ആന്‍ പറയുന്നത്; മരണമില്ലാത്ത ജീവിതം. അതാണ് പൂര്‍ണത. നിന്റെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്ന ജീവിതമാണ് ഇതിലൂടെ അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ശാസ്ത്രം മനുഷ്യന് വാഗ്ദാനം ചെയ്യുന്നതെന്താണ്? മനുഷ്യനെ മണ്ണില്‍ കൊണ്ടുവെച്ചിട്ട്, തീയിലിട്ട് ചുട്ടെരിച്ചിട്ട് ശാസ്ത്രം എന്തിന് ഒളിച്ചോടി? നിങ്ങള്‍ ഇപ്പോള്‍ മറുപടി പറയേണ്ട, മദ്രാസില്‍ ചെന്ന് നിങ്ങളുടെ പ്രഫസര്‍മാരോട് ചോദിച്ചിട്ട് അറിയിച്ചാല്‍ മതിയെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ പോയി, ഇതുവരെ മറുപടിയൊന്നും വന്നില്ല. ഇറ്റലിയില്‍ നിന്ന് വന്ന കത്തോലിക്കനായ ഒരു സായിപ്പും എന്നോട് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിനും ഇതേ മറുപടിയാണ് ഞാന്‍ നല്‍കിയത്.

മദ്ഹബുകളുടെ ബൗദ്ധിക നിലവാരം
എന്റെ ഒരു ഗുരുനാഥന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു, നീ ഹനഫീ മദ്ഹബ് സ്വീകരിച്ചോളൂ, നിനക്ക് അതാണ് നല്ലത്. ലളിതമാണ് ഹനഫീ മദ്ഹബ്. ബൗദ്ധിക നിലവാരമുള്ളതാണത്. മാലികീ മദ്ഹബിന് ആ ഗുണമുണ്ട്. സിംപ്ലിസിറ്റി ഇസ്‌ലാമിന്റെ ജീവനാണ്. ശാഫിഈ മദ്ഹബിലെത്തുമ്പോള്‍ ആ സിംപ്ലിസിറ്റി ഇല്ലാതാകുന്നു. ഭൗതികവും ബൗദ്ധികവുമായ വളര്‍ച്ചക്ക് മാലികീ മദ്ഹബ് വളരെയേറെ പ്രചോദനം നല്‍കിയിട്ടുണ്ട്. സ്‌പെയിനില്‍ മഹത്തായൊരു സംസ്‌കാരം കെട്ടിപ്പടുക്കാന്‍ സാധിച്ചതിന്റെ കാരണങ്ങളിലൊന്ന് മാലികീ മദ്ഹബാണ്. ഇബ്‌നുഖല്‍ദൂനെ പോലൊരു വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള ശക്തി ശാഫിഈ മദ്ഹബിനില്ല. ഇബ്‌നുഖല്‍ദൂന്റെ നിലവാരമുള്ള, അത്ര അറിവുള്ള എത്ര പേരെ മറ്റു മദ്ഹബുകള്‍ക്ക് സൃഷ്ടിക്കാനായിട്ടുണ്ട്. അതിനൊരു ഉദാഹരണം പറയാം. 'പ്രവാചകന്‍ വിശുദ്ധമായ ഏടുകള്‍ ഓതുന്നു' എന്ന, സൂറത്തുല്‍ ബയ്യിനയിലെ ആയത്തിന് ഇബ്‌നുഖല്‍ദൂന്‍ നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്. നബിയുടെ ജ്ഞാനത്തെ സംബന്ധിച്ചാണത്. പ്രവാചകന് ഓതാന്‍ കഴിയുന്ന ഒരു പ്രത്യേക ഏടുണ്ട്. ഇമാം ഗസ്സാലി ഇഹ്‌യയില്‍ പറഞ്ഞത്, നമുക്കുള്ള മഹല്ലുല്‍ ഇല്‍മ് തന്നെയാണ് പ്രവാചകന്മാര്‍ക്കും ഉള്ളത് എന്നതാണ്. പക്ഷേ, ഇബ്‌നുഖല്‍ദൂന്‍ പറഞ്ഞത് അങ്ങനെയല്ല. നാല് ബോധതലങ്ങള്‍ ഉണ്ട്. ഉണര്‍ന്ന ബോധതലം, സ്വപ്നബോധ തലം, മരണാനന്തര ബോധതലം, പ്രവാചകത്വ ബോധതലം. പ്രൊഫറ്റിക് കോണ്‍ഷ്യസ്‌നസില്‍ എഴുതുന്നത് ലൈവായാണ്. അതെപ്പോഴും പ്രവാചകന്റെ മുമ്പില്‍ സജീവമായി നില്‍ക്കുകയാണ്. അത് ഇമാം ഗസാലിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍, അല്ലാമാ ഇഖ്ബാല്‍ ഇബ്‌നുഖല്‍ദൂന്റെ ഈ ചിന്ത മനസ്സിലാക്കിയിട്ടുണ്ട്. യൂറോപ്പിലെ പ്രമുഖ മനഃശാസ്ത്രജ്ഞര്‍ക്ക് ആശയങ്ങള്‍ നല്‍കിയത് ഇബ്‌നുഖല്‍ദൂനാണെന്ന് ഇഖ്ബാല്‍ പറഞ്ഞിട്ടുണ്ട്. 'നിന്നെ ഞാന്‍ ഓതിക്കും, അപ്പോള്‍ നീ മറക്കുകയില്ല' എന്ന് അല്ലാഹു പ്രവാചകനോട് പറയുന്നുണ്ട്. ആ ഓതലല്ല നമ്മുടെ ഓത്ത്. പ്രവാചകന്റെ ഓത്ത് മറക്കില്ല, ഹൃദയത്തില്‍ തങ്ങി നില്‍ക്കും. ഹൃദയത്തിലെ ഏടുകള്‍ എങ്ങനെയാണ് ലൈവായി നില്‍ക്കുന്നതെന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഒരാള്‍ നബിയോട് ചോദിച്ചു; പ്രവാചകരേ താങ്കള്‍ ഉറങ്ങുകയാണോ? നബി പറഞ്ഞു: എന്റെ രണ്ട് കണ്ണുകള്‍ ഉറങ്ങുന്നു, പക്ഷേ, ഹൃദയം ഉറങ്ങുകയില്ല. അവിടെയും ബോധതലം ലൈവ് ആണ്. ഒരു പ്രവാചകന് ഏത് സമയത്തും അല്ലാഹുവിനെ അഭിമുഖീകരിക്കണം. വഹ്‌യ് സ്വീകരിക്കണം. അതുകൊണ്ട് അവരുടെ ഹൃദയം എപ്പോഴും സജീവമായി നില്‍ക്കണം.
ഇബ്‌നു റുശ്ദ് സ്‌പെയിന്‍കാരനാണ്, ഖാദിയായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട്, 'അല്ലാഹു അവനെ മാത്രമേ അറിയൂ.' എന്തൊരു സ്റ്റേറ്റ്‌മെന്റാണിത്! തന്നെക്കുറിച്ചല്ലാതെ ഒന്നും അല്ലാഹു അറിയില്ല. അവനില്‍ നിന്ന് അന്യമായി ഒന്നുമില്ല. വന്ന സൃഷ്ടികളെല്ലാം അവനില്‍നിന്ന്. ഇനി വരാനിരിക്കുന്നതും അവനില്‍നിന്ന്. മുഹ്‌യിദ്ദീനുബ്‌നു അറബി, പ്രസിദ്ധനായ സൂഫി, സ്‌പെയിന്‍കാരനായിരുന്നു. ഉനുഖാഅ്മുഗ്‌രിബ് എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്; 'ഈ സമുദ്രത്തിന്റെ അപ്പുറത്ത് ഒരു വന്‍കര ഞാന്‍ കാണുന്നു.' അദ്ദേഹത്തിന്റെ മറ്റൊരു വാക്യം: അല്‍ ഖല്‍ഖു മഅ്ഖൂലുന്‍- ലോകം ഒരു ആശയമാണ്, വല്‍ ഹഖ്ഖു മഹ്‌സൂസുന്‍ മശ്ഹൂദുന്‍- ദൈവം നേരിട്ടുള്ള അനുഭവമാണ്. ഇങ്ങനെ പറയാന്‍ മറ്റാര് ധൈര്യം കാണിക്കും?

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍
1951-ല്‍ യു.എന്‍ ദേബാര്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റായി, ഇവിടെ വന്നിരുന്നു. അന്ന് എന്നെ കോണ്‍ഗ്രസിന്റെ കായംകുളം മണ്ഡലം പ്രസിഡന്റാക്കി. ആറ് പേരാണ് ആ തെരഞ്ഞെടുപ്പിന് വന്നത്. മണ്ഡലം രണ്ടായി വിഭജിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അപ്രകാരം വിഭജിക്കുകയും 24 കമ്മിറ്റികള്‍ ഉണ്ടാക്കുകയും ചെയ്തു. 1959-ല്‍ വിമോചനസമരം നടന്നു. പനമ്പിള്ളി ഗോവിന്ദമേനോനെ കൊണ്ടുവന്ന് കായംകുളത്തും മുതുകുളത്തും ഞാന്‍ യോഗം നടത്തി. കെ.പി.സി.സിയുടെ വക്താവ് ഉദയഭാനുവും ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് കെ.പി.എ ഷരീഫും ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നു. നല്ല പാട്ടുകാരനായിരുന്നു ഷരീഫ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്തുനിന്ന് നിങ്ങള്‍ മത്സരിക്കണമെന്ന് അവര്‍ പറഞ്ഞു. അഡ്വ. കെ.ഒ ഐഷാബായ് ആണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. നമുക്ക് അവരെ എളുപ്പത്തില്‍ തോല്‍പിക്കാം. ഞാന്‍ അകത്തുപോയി, ബറാഅത്ത് സൂറ വരെ എഴുതി പൂര്‍ത്തിയാക്കിയ എന്റെ ഖുര്‍ആന്‍ പരിഭാഷയുടെ കൈയെഴുത്ത് കോപ്പിയെടുത്ത് കൊണ്ടുവന്ന് ഷരീഫിന്റെ കൈയില്‍ കൊടുത്തു. ഷരീഫ് അത് വായിച്ചു. 'ഇതാണ് എന്റെ ലക്ഷ്യം, ഇതിലാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ചാല്‍ ഞാന്‍ രാജിവെക്കും'- ഞാന്‍ പറഞ്ഞു. അതോടെ അവര്‍ മറ്റൊരാളെ തേടി പോവുകയും ചെയ്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മറ്റും ഇറങ്ങിക്കളിക്കുകയല്ല മതപണ്ഡിതര്‍ ചെയ്യേണ്ടത്. അവര്‍ ഇസ്‌ലാമിക പ്രബോധന മേഖലയില്‍ കേന്ദ്രീകരിച്ചു നില്‍ക്കണം. ഭൂരിപക്ഷ സമുദായത്തിന് മേധാവിത്വമുള്ള ഇവിടത്തെ സാമൂഹികാന്തരീക്ഷത്തില്‍ കോണ്‍ഗ്രസ്സിന്റെ പക്ഷത്തു നില്‍ക്കാന്‍ അന്ന് നിര്‍ബന്ധിതരായിരുന്നു. ആന്റി കോണ്‍ഗ്രസ് മനോഭാവത്തില്‍ മുന്നോട്ടുപോയാല്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ലീഗിന്റെ പക്ഷത്തു നിന്നാല്‍ വര്‍ഗീയവാദിയായി മുദ്രകുത്തപ്പെടുന്ന അവസ്ഥയായിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസ്സിന്റെ പക്ഷത്തു നിന്നു. എന്റെ ജ്യേഷ്ഠ സഹോദരന്‍ തന്ന ഉപദേശമായിരുന്നു അത്. അവര്‍ കോണ്‍ഗ്രസ് പ്രസിഡന്റായി നിശ്ചയിച്ചപ്പോള്‍ അത് സമ്മതിച്ചതും അദ്ദേഹത്തിന്റെ പ്രേരണ കൊണ്ടാണ്.
ഞാന്‍ ഖുര്‍ആന്‍ പരിഭാഷയുമായി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ കാണാന്‍ ചെന്നത് ഖദര്‍ ഇട്ടാണ്. ബാഫഖി തങ്ങളാണ് എന്നെ ഖാഇദെ മില്ലത്തിന് പരിചയപ്പെടുത്തിയത്. എം.എല്‍.എ കോര്‍ട്ടേഴ്‌സിലായിരുന്നു കൂടിക്കാഴ്ച. ടി.പി കുട്ട്യമ്മു സാഹിബും ഉണ്ടായിരുന്നു. ഞാന്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന് സലാം പറഞ്ഞു; അസ്സലാമു അലൈക്കും. അദ്ദേഹം തലയുയര്‍ത്തി എന്നെ നോക്കി; വ അലൈക്കുമുസ്സലാം. പിന്നെ ഒന്നും മിണ്ടുന്നില്ല. രണ്ടു മൂന്നു പ്രാവശ്യം ഞാന്‍ ധരിച്ച ഖദറിലേക്ക് നോക്കി. പിന്നെ മിണ്ടിയില്ല. ഖദറിട്ട കോണ്‍ഗ്രസ്സുകാരെ ഇസ്മാഈല്‍ സാഹിബിന് ഇഷ്ടമായിരുന്നില്ല. കോയാ കുട്ടിയെ മാത്രമേ ഞങ്ങള്‍ ടോളറേറ്റ് ചെയ്തിട്ടുള്ളൂവെന്ന് കുട്ട്യമ്മു സാഹിബ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം കാരണം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ഖദര്‍ ഉപേക്ഷിച്ചു. 1965-ല്‍ ഞാന്‍ കോണ്‍ഗ്രസ് വിട്ടു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഭരണം കോണ്‍ഗ്രസ്സിന് കിട്ടി. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നല്ലോ ആദ്യത്തെ പ്രധാനമന്ത്രി. 1947-ല്‍ ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ നെഹ്‌റുവിന്റെ കൈയില്‍ തിബത്തിന്റെ അധികാരം കൊടുത്തു. അവിടെ 3000 പട്ടാളക്കാരുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇന്ത്യക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നെഹ്‌റു എന്ത് ചെയ്തു? 1963-ല്‍ ഒരു മുദ്രാവാക്യം ഉയര്‍ന്നുവന്നു. 'ഇന്ത്യാ ചീന ഭായി ഭായി'. 1962-'63ല്‍ ചൗവന്‍ ലായ് ഇന്ത്യയില്‍ വന്നു കൃഷ്ണമേനോന്റെ മധ്യസ്ഥതയില്‍ കരാര്‍ ഉണ്ടാക്കി. അതിനനുസരിച്ച് 3000 സൈനികരെ പിന്‍വലിച്ച് ചൈനക്ക് അധികാരം വിട്ടുകൊടുത്തു. രാജ്യരക്ഷയും കൃഷ്ണമേനോന്റെ സ്വാധീനത്തിലായിരുന്നു. തിബത്തിനെ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയതുപോലെയുള്ള രാഷ്ട്രീയ പാപ്പരത്തം വേറെയില്ല. തിബത്ത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ്. നമ്മുടെ രാജ്യത്തിന്റെ കൊടി അവിടെ ഇരുന്നാല്‍ എന്താണ് തെറ്റ്? തിബത്ത് സ്വതന്ത്രമായ ശേഷം ചൈന എന്തു ചെയ്തു? ഇന്ത്യയുടെ മണ്ണ് കൂടി അവര്‍ കൈയടക്കി. 'ഇന്ത്യാ ചീന ഭായി ഭായി' വിളിച്ചവര്‍ ഇന്ത്യയെ ആക്രമിച്ച് 63000 ചതുരശ്ര മൈല്‍ ഇന്ത്യന്‍ ഭൂമി പിടിച്ചെടുത്തു. ഇപ്പോള്‍ അരുണാചല്‍ പ്രദേശത്തിന്റെ ഭാഗം തങ്ങളുടേതാണെന്ന് അവര്‍ അവകാശപ്പെടുകയാണ്. ഇത് പഴയതിന്റെ തുടര്‍ച്ചയാണ്. 'ഇന്ത്യാ ചീന ഭായി ഭായി' മുദ്രാവാക്യം രാഷ്ട്രീയമായി പ്രായോഗികമല്ല. അവനവന്റെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നതാണ് രാജ്യഭരണത്തിന്റെ അടിത്തറ.
നെഹ്‌റു ഫാമിലിക്ക് ഒരു അരിസ്‌റ്റോക്രാറ്റിസം ഉണ്ടായിരുന്നു. നെഹ്‌റു ഭരിക്കുന്ന കാലത്ത് മുസ്‌ലിംകള്‍ക്ക് പാസ്‌പോര്‍ട്ട് കൊടുക്കില്ലായിരുന്നു. ശേഷം, ഇന്ദിരാഗാന്ധി വന്നപ്പോഴും ആദ്യം ഇതുതന്നെ സ്ഥിതി. ഒരു കലക്ടര്‍ ഉദ്യോഗം കിട്ടുന്നതിനേക്കാള്‍ പ്രയാസമായിരുന്നു പാസ്‌പോര്‍ട്ട് കിട്ടാന്‍. ഇന്ദിരാഗാന്ധിയും അഞ്ചു വര്‍ഷം നെഹ്‌റുവിന്റെ സമീപനം തുടര്‍ന്നു. പിന്നെയാണ് മാറ്റം വന്നത്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ നിന്ന് ബോംബെയില്‍ പോകും. അവിടെ നിന്ന് ഗുജറാത്തിലേക്ക്, പിന്നെ കറാച്ചിയിലേക്ക്. അവിടെ നിന്നാണ് ദുബൈയിലേക്ക് പോവുക. ഇങ്ങനെയാണ് ആദ്യകാലത്ത് വിദേശത്ത് പോയത്. ദുബൈയില്‍ ചെന്ന് അറബികളുടെ ഔദാര്യത്തില്‍ ജോലി നേടും. അറബികളെപ്പോലെ ഹോസ്പിറ്റാലിറ്റിയുള്ള വേറൊരു ജനതയില്ല ലോകത്ത്. അതുകൊണ്ടാണ് നാം രക്ഷപ്പെട്ടത്. വിദേശപണം വന്നില്ലായിരുന്നെങ്കില്‍ നമ്മുടെ സമൂഹം യത്തീമായി പോകുമായിരുന്നു.

ദക്ഷിണ കേരളത്തിലെ മുസ്‌ലിംകള്‍
ദക്ഷിണ കേരളമെന്നാല്‍ തിരുവിതാംകൂറും കൊച്ചിയും ചേരുന്നതാണ്. കഴിഞ്ഞ തലമുറയില്‍ ഇവിടെ ആകെ അഞ്ച് ലക്ഷം മുസ്‌ലിംകളാണ് ഉണ്ടായിരുന്നത്. മൂന്നരലക്ഷം തിരുവിതാംകൂറിലും ഒന്നര ലക്ഷം കൊച്ചിയിലും. കുന്നത്തൂര്‍ താലൂക്കായിരുന്നു തിരുവിതാംകൂറിന്റെ അതിര്‍ത്തി. അത് കൊച്ചി രാജാവില്‍നിന്ന് യുദ്ധം ചെയ്ത് പിടിച്ചെടുത്തതാണ്. മുസ്‌ലിംകള്‍ ഇവിടെ തീരെ ന്യൂനപക്ഷമായിരുന്നു, മേല്‍ക്കൈയില്ലാതെ, അവഗണിക്കപ്പെട്ട് വലിയ വിഷമത്തിലാണ് കഴിഞ്ഞിരുന്നത്. മലബാറുമായി അടുത്ത ബന്ധവും ഇല്ലായിരുന്നു. അതേസമയം, ദീനീ പഠനത്തില്‍ ചില വ്യക്തികള്‍ നല്ല മിടുക്ക് കാണിച്ചിട്ടുണ്ട്. ഒരുപക്ഷേ, മലബാറിനെക്കാള്‍ ഉയര്‍ന്ന നിലവാരം തെക്കുള്ള പണ്ഡിതന്മാര്‍ പുലര്‍ത്തിയിരുന്നു. വക്കം മൗലവിയാണ് അതില്‍ ഒന്നാമന്‍. വക്കം മൗലവി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. എന്റെ വലിയ ജ്യേഷ്ഠനായിരുന്നു കൊണ്ടുവന്നത്, ഒരു നബിദിനയോഗത്തില്‍ പ്രസംഗിക്കാന്‍. 'നബിദിനത്തിന്റെ അന്ന് പരിപാടി വേണ്ട, ഒരാഴ്ച കഴിഞ്ഞ് മതി, കാരണം അടുത്ത തലമുറ ഇതിനെ ദുരുപയോഗം ചെയ്യും' എന്നായിരുന്നു വക്കം മൗലവി ജ്യേഷ്ഠനോട് പറഞ്ഞത്. നബിദിനത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് പരിപാടി നടന്നത്. അദ്ദേഹത്തോളം നിലവാരമുള്ള, മലയാള ഭാഷയില്‍ പ്രാവീണ്യമുള്ള ഒരു പണ്ഡിതന്‍ മലബാറിലും ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. 'റഹീം' എന്ന പദത്തെ 'കരുണാനിധി' എന്ന് വിവര്‍ത്തനം ചെയ്തത് വക്കം മൗലവിയാണ്. ഈജിപ്തിലെ അല്‍മനാര്‍ പത്രത്തിന് അദ്ദേഹമെഴുതിയ കത്ത്, 'ശിക്‌വല്‍മനാരി ഇലല്‍മനാരി'-ഉസ്താദ് ഉമര്‍കുട്ടി മൗലവിയുടെ അടുത്ത്‌നിന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ആ കത്ത്, അല്‍മനാറിന്റെ ഒന്നാം പേജിലാണ് അച്ചടിച്ചുവന്നത്.
എന്നാല്‍, വക്കം മൗലവി എടുത്ത ഒരു സ്റ്റെപ്പ് തെറ്റിപ്പോയി. അദ്ദേഹം വലിയ വീടും പറമ്പും വിറ്റ് പ്രസ്സ് വാങ്ങി പത്രം തുടങ്ങി. അത് രാമകൃഷ്ണപിള്ളക്ക് ഏല്‍പിച്ചുകൊടുത്തു. അത് പാടില്ലായിരുന്നു. അന്തപുര രഹസ്യങ്ങള്‍ എഴുതിയും കൊട്ടാരത്തെ വിമര്‍ശിച്ചുമാണ് രാമകൃഷ്ണ പിള്ള പത്രം മുന്നോട്ടു കൊണ്ടുപോയത്. അവസാനം പ്രസ് കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ നാടുകടത്തി. വക്കം മൗലവിയെ വലിയ മഹാനായാണ് തിരുവിതാംകൂര്‍ കൊട്ടാരം കണ്ടിരുന്നത്. അതിനാല്‍ അദ്ദേഹത്തെ നടപടിയില്‍ നിന്ന് ഒഴിവാക്കി. അനാവശ്യമായ രാഷ്ട്രീയ ഇടപെടലായിരുന്നു ആ പത്രം നടത്തിയത്. ലോകത്തിലെ ഏതു കൊട്ടാരത്തിലാണ് വൃത്തികേടില്ലാത്തത്? എല്ലായിടത്തുമുണ്ട്. അതിനെ വിമര്‍ശിക്കലായിരുന്നില്ല വക്കം മൗലവിയുടെ പത്രം ചെയ്യേണ്ടിയിരുന്നത്. അത്തരമൊരു രാഷ്ട്രീയ നീക്കം മൗലവി നടത്താന്‍ പാടില്ലായിരുന്നു. അദ്ദേഹം ദീനീ പ്രബോധനത്തില്‍ കേന്ദ്രീകരിക്കേണ്ടിയിരുന്നു. വക്കം മൗലവിയുടെ അടുത്ത തലമുറക്കൊന്നും അദ്ദേഹത്തിന്റെ പാരമ്പര്യം കിട്ടിയില്ല. കാരണം രാഷ്ട്രീയത്തില്‍ പെട്ടുപോയതായിരുന്നു. മക്കളൊക്കെ ആ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങി. ആ പാരമ്പര്യത്തില്‍ വലിയ പണ്ഡിതരുണ്ടായില്ല.
തെക്കന്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മറ്റൊരു പ്രത്യേകത ആധുനിക വിദ്യാഭ്യാസ രംഗത്ത് നേടിയമുന്നേറ്റമാണ്. മലബാറില്‍ പല കാരണങ്ങളാല്‍ ആദ്യ ഘട്ടത്തില്‍ അതുണ്ടായിട്ടില്ല. എന്നാല്‍, വലിയ പ്രസ്ഥാനങ്ങളൊന്നും ഇവിടെ നിലവില്‍ വന്നില്ല. അതിനു പറ്റിയ തലയെടുപ്പുള്ള നേതാക്കളൊന്നും ഇവിടെ ഉണ്ടായതുമില്ല. സീതി സാഹിബും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും ഈ ഭാഗത്തൊക്കെ വരികയുണ്ടായി. 1925-ല്‍ സീതി സാഹിബ് ഇവിടെ വന്നിരുന്നു. ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്. പ്രസംഗത്തില്‍ Water water everywhere, not a drop to drink എന്ന കവിത ഉദ്ധരിച്ചു ഗാന്ധിജി. ഉടന്‍ സീതി സാഹിബ് അത് പരിഭാഷപ്പെടുത്തി. 'വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലത്രെ.' പ്രസംഗം കഴിഞ്ഞ ഗാന്ധിജി സീതി സാഹിബിനെ കെട്ടിപിടിച്ചു. ഗാന്ധി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു സദസ്സിന്റെ കൈയടി. സീതി സാഹിബ് വലിയ പ്രഭാഷകനായിരുന്നു. ധീരനായിരുന്നു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. അദ്ദേഹത്തെ പോലൊരാള്‍ തെക്ക് ഭാഗത്ത് ഉണ്ടായിരുന്നെങ്കില്‍ വലിയ ഗുണം കിട്ടിയേനെ. ഗാന്ധിജിയുടെ മുന്നില്‍ ചെന്നാല്‍ പായ വലിച്ചിട്ട് ഇരിക്കാന്‍ ധൈര്യം കാണിച്ചിരുന്ന ഒരേയൊരു നേതാവാണ് അദ്ദേഹം. അത്രക്ക് വലിയ പേഴ്‌സണാലിറ്റിയായിരുന്നു സാഹിബിന്. ദീനും വ്യക്തിത്വവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ വ്യക്തിവൈഭവമുള്ള ഒരു നേതാവ് വേറെയില്ല. ഇസ്‌ലാമിന്റെ തനി ഗുണമായിരുന്നു അത്. അദ്ദേഹം കാഫിറാണെന്ന് അഞ്ചാറ് മുസ്‌ലിയാക്കന്മാര്‍ ഫത്‌വയിറക്കിയില്ലേ. തഹജ്ജുദ് നമസ്‌കാരവും സുന്നത്ത് നോമ്പും വരെ ഉള്ള അദ്ദേഹത്തെയാണ് അവര്‍ കാഫിറാക്കിയത്! ആ ഫത്‌വയിറക്കിയവരില്‍ മൂന്ന് മുസ്‌ലിയാക്കന്മാര്‍ക്ക് ഭ്രാന്ത് ബാധിച്ചു എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ആകസ്മികമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആ മരണം മുസ്‌ലിംകള്‍ക്ക് വലിയൊരു നഷ്ടമായിരുന്നു.

 

മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി
(1926-2013)

കായംകുളം കൊറ്റുകുളങ്കര മുട്ടാണിശ്ശേരില്‍ എം. മുഹമ്മദ് കുഞ്ഞിന്റെയും അവുകാദര്‍ ഉമ്മയുടെയും മകനായി 1926 ആഗസ്റ്റ് 14-ന് ജനനം. കായംകുളം ബോയ്‌സ് സ്‌കൂള്‍, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ്, കൊല്ലം എസ്.എന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഫിസിക്‌സില്‍ ബിരുദം. ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ സ്വപ്രയത്‌നത്താല്‍ വ്യുല്‍പത്തി നേടി. 1958-ല്‍ തുടങ്ങി 1965-ല്‍ മൗലവി പൂര്‍ത്തിയാക്കിയ ഖുര്‍ആന്‍ വിവര്‍ത്തനമാണ് മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഖുര്‍ആനിലെ ശാസ്ത്ര വിഷയങ്ങളായിരുന്നു കൂടുതല്‍ കൈകാര്യം ചെയ്തിരുന്നത്. ഇമാം ഗസാലിയുടെ മിശ്കാത്തുല്‍ അന്‍വാറും പരിഭാഷപ്പെടുത്തി. ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയുടെ ഭാഷാന്തരം 1984-ല്‍ മാതൃഭൂമി ബുക്‌സിലൂടെ പുറത്തുവന്നു. ഇസ്‌ലാം ഒരു വിശകലന പഠനം, ഖുര്‍ആനിലെ ഉപമകള്‍, ഖുര്‍ആന്‍ പഠനത്തിന് ഒരു പുതിയ മാതൃക, സയന്‍സ് ബിഹൈന്‍ഡ് ദ മിറക്ള്‍, ദ ചലഞ്ച്, ദ മെതേഡ് ഇന്‍ദ ഖുര്‍ആന്‍, ശാസ്ത്ര വേദ സംഗമം, യേശു ക്രൂശിക്കപ്പെട്ടുവോ, പ്രകാശങ്ങളുടെ ദിവ്യനാളം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഒമാന്‍ ഒബ്‌സെര്‍വര്‍ ദിനപത്രത്തില്‍ ഒന്നര വര്‍ഷം കോളമിസ്റ്റായിരുന്നു.
1967-ല്‍ ഖുര്‍ആന്‍ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ മികച്ച തര്‍ജമക്കുള്ള അവാര്‍ഡ് ലഭിച്ചു. 2008-ല്‍ സി.എന്‍ അഹ്മദ് മൗലവി അവാര്‍ഡും 2009-ല്‍ കുട്ട്യമ്മു സാഹിബ് സ്മാരക അവാര്‍ഡും നേടി. ഭാര്യ നഫീസാ ബീവി. മക്കള്‍ നസീമാ ബീവി, ആമിനാ ബീവി, താഹാ ഹുസൈന്‍, ഷാദിയ, മഖ്ബൂല്‍ ഹുസൈന്‍.

 

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍