Prabodhanm Weekly

Pages

Search

2013 ജൂണ്‍ 7

കേരള മുസ്‌ലിം പൈതൃക പഠനം വേറിട്ട ചരിത്രാന്വേഷണങ്ങള്‍ക്ക് ഒരാമുഖം

ശിഹാബ് പൂക്കോട്ടൂര്‍ / സാംസ്‌കാരികം

കേരള മുസ്‌ലിം പൈതൃക പഠനത്തിന്റെ ആഭിമുഖ്യത്തില്‍ കേരള മുസ്‌ലിം പഠന കോണ്‍ഫറന്‍സ് 2013 ഡിസംബര്‍ 22,23,24 തീയതികളില്‍ കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍വെച്ച് നടത്തുന്നു. കേരളത്തിലെ മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട ചരിത്രം, രാഷ്ട്രീയം, സംസ്‌കാരം, മതം, ഭാഷ, വിജ്ഞാനം, കല, നവോത്ഥാന സംരംഭങ്ങള്‍, മത-രാഷ്ട്രീയ സംഘടനകള്‍, വിദ്യാഭ്യാസം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പ്രബന്ധാവതരണങ്ങള്‍ ഈ കോണ്‍ഫറന്‍സില്‍ നടക്കും. കേരള ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട ഏടുകള്‍ ക്രോഡീകരിക്കുക, പുതിയ കാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവണതകളെ രേഖപ്പെടുത്തുക എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. വ്യത്യസ്ത ചിന്താധാരകളിലുള്ള ഗവേഷകരും പണ്ഡിതരും ഒത്തുചേരുന്ന സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഈ കോണ്‍ഫറന്‍സ് വേദിയൊരുക്കുന്നത്.
ഇന്ത്യയിലെ ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളില്‍ നിന്ന് നിരവധി ഘടകങ്ങളാല്‍ സവിശേഷമാണ് കേരളത്തിലെ മുസ്‌ലിംകള്‍. കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു ന്യൂനപക്ഷമാണെന്നതോടൊപ്പം തന്നെ സമ്പന്നമായ ഒരു ചരിത്രവും സംസ്‌കാരവും പാരമ്പര്യവുമവര്‍ക്കുണ്ട്. ബഹുസ്വരമായ കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതിലും വളര്‍ത്തി വികസിപ്പിക്കുന്നതിലും അവ സുപ്രധാനമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭാഷ, സാഹിത്യം, സംസ്‌കാരം, കല, ജീവിത രീതി, ഭക്ഷണം, പാര്‍പ്പിടം, ആചാരങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുസ്‌ലിം സംസ്‌കാരത്തിന്റെ സ്വാധീനം മുദ്രിതമാണ്. പക്ഷേ, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഇപ്പോഴും മുസ്‌ലിംകള്‍ അസന്നിഹിതമാക്കപ്പെടുകയോ അപരവത്കരിക്കപ്പെടുകയോ ചെയ്ത ജനവിഭാഗമായി തുടരുകയാണ്. കൊളോണിയല്‍ ചരിത്രമെഴുത്തും ദേശീയ ചരിത്രമെഴുത്തും യൂറോ കേന്ദ്രീകൃതമായ ഇടതുപക്ഷ ചരിത്ര വായനകളും കേരളീയ പൊതുമണ്ഡലത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ബോധപൂര്‍വം ഉല്‍പാദിപ്പിച്ച മുന്‍വിധികളാണ് ഇതിന് പ്രധാന കാരണം. കേരള മുസ്‌ലിംകളുടെ ചരിത്രപരവും സാംസ്‌കാരികവുമായ ഈടുവെപ്പുകളില്‍ പലതും ക്രോഡീകരിക്കപ്പെടാതെ പോയതും ഇതിനു ആക്കം കൂട്ടിയിട്ടുണ്ട്. ഇതുമൂലം മുസ്‌ലിംകള്‍ക്കെതിരെ ബോധപൂര്‍വം ഉല്‍പാദിപ്പിക്കപ്പെട്ട മുന്‍വിധികള്‍ ചരിത്രമായിത്തീരുകയും അവയെ അനുവര്‍ത്തിച്ച് കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെടുകയും ചെയ്തു. മലബാറിലെ കാര്‍ഷിക, വിദ്യാഭ്യാസ, പൊതുമരാമത്ത് വികസനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജാതി വിവേചനങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്ത ടിപ്പുസുല്‍ത്താന്‍ വര്‍ഗീയ വാദിയും, അയിത്തജാതിക്കാരും മാപ്പിളമാരും ഒരുമിച്ചു പോരാടിയ മലബാര്‍ സമരങ്ങള്‍ വര്‍ഗീയ ലഹളകളായും ക്രോഡീകരിക്കപ്പെട്ടത് ഈ മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ എഴുതിയതിന്റെ പകര്‍പ്പുകളാണ് ഇപ്പോഴും അപ്രമാദിത്വമുള്ള ചരിത്ര രേഖകള്‍. ഇതിനെ അവലംബിച്ചുള്ള ഗവേഷണങ്ങളാണ് മുസ്‌ലിം ചരിത്ര പഠനങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില ഒറ്റപ്പെട്ട അന്വേഷണങ്ങളും പഠനങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്‌ലിംകളുടെ ഭാഗത്ത് നിന്നും പുറത്തു വന്ന പഠനങ്ങളില്‍ പോലും തെറ്റായ മുന്‍വിധികള്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.
അതിനാല്‍ കേരള മുസ്‌ലിംകളുടെ ചരിത്രവും വര്‍ത്തമാനവും ആഴത്തില്‍ അന്വേഷണ വിധേയമാക്കുന്ന വേദിക്ക് കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ തുടക്കം കുറിക്കുകയാണ്. കേരള മുസ്‌ലിം പൈതൃക പഠനം എന്ന പേരില്‍ ഒരു ചരിത്ര കോണ്‍ഫറന്‍സാണ് ഡിസംബറില്‍ നടക്കുന്നത്. കേരളം: ദേശം, നിര്‍മിതി, ചെറുത്തുനില്‍പുകളും പോരാട്ടങ്ങളും, കേരള മുസ്‌ലിംകളും കൊളോണിയല്‍ ആധുനികതയും, കേരള വികസനവും മുസ്‌ലിംകളും, കേരളീയ പൊതുമണ്ഡലവും മുസ്‌ലിംകളും എന്നീ അഞ്ച് തലക്കെട്ടുകളില്‍ കേരള മുസ്‌ലിംകളുടെ ചരിത്രവും സംസ്‌കാരവും സാഹിത്യവും രാഷ്ട്രീയവും സമഗ്രമായി വിശകലനം ചെയ്യുന്ന നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. മൂന്നു ദിവസങ്ങളിലായി പതിനാറ് സെഷനുകളിലായിട്ടാണ് വിവിധയിനം പേപ്പറുകള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്മാര്‍, എഴുത്തുകാര്‍, ഗവേഷകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, രാഷ്ട്രീയ - സാമൂഹിക -മതനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ചരിത്രകാരന്മാരും വ്യത്യസ്ത വിഭാഗങ്ങളിലുള്ള മത നേതാക്കളും അക്കാദമിക വിദഗ്ധരടങ്ങുന്ന ഉപദേശക സമിതിയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരടങ്ങിയ ഡയറക്ടര്‍ ബോര്‍ഡുമാണ് ഈ കോണ്‍ഫറന്‍സിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
പ്രധാന തലക്കെട്ടുകള്‍ക്ക് പുറമെ കേരള രൂപീകരണവും മുസ്‌ലിംകളും, ബ്രിട്ടീഷ് അധിനിവേശവും മുസ്‌ലിംകളും, 1921-ലെ മലബാര്‍ സമരം, ദേശം, ദേശീയത, സാര്‍വ ദേശീയത, സമര സാഹിത്യം, കേരളത്തിലെ മൈസൂര്‍ ഭരണം, വിദ്യാഭ്യാസവും നവോത്ഥാനവും, പ്രധാന വ്യക്തിത്വങ്ങള്‍, വൈജ്ഞാനിക ഉല്‍പാദനം, വൈജ്ഞാനിക സാഹിത്യം, സാഹിത്യചരിത്രം, സാഹിത്യകാരന്മാര്‍, അറബി മലയാളം, ആചാരങ്ങള്‍, ഭക്ഷണരീതികള്‍, നവോത്ഥാന സംരംഭങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, കലകള്‍, പത്രപ്രവര്‍ത്തനം, മുസ്‌ലിം സ്ത്രീ, ടിപ്പുസുല്‍ത്താനും ഭൂപരിഷ്‌കരണവും, ജന്മിത്വവിരുദ്ധ സമരങ്ങളും മുസ്‌ലിംകളും, മമ്പുറം തങ്ങന്മാര്‍, കേരളത്തിലെ സൂഫി പാരമ്പര്യം, മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്ര പശ്ചാത്തലം, മുസ്‌ലിം രാജവംശം, മുസ്‌ലിം രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം, പ്രവാസം, കച്ചവടം, വ്യവസായം, ഖുര്‍ആന്‍ പരിഭാഷകള്‍, വ്യാഖ്യാനങ്ങള്‍, കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍, മദ്‌റസ പ്രസ്ഥാനം, പള്ളിദര്‍സുകള്‍ തുടങ്ങി വിവിധയിനം മേഖലകളിലൂന്നിയാണ് ചരിത്ര കോണ്‍ഫറന്‍സില്‍ പേപ്പറുകള്‍ അവതരിപ്പിക്കുക. കേരളത്തിലെ മുസ്‌ലിം ചരിത്രത്തില്‍ പഠനം നടത്തുന്നവര്‍ക്കും ഗവേഷണം ചെയ്യുന്നവര്‍ക്കും താല്‍പര്യമുള്ളവര്‍ക്കും ഈ ചരിത്രാന്വേഷണ സംഗമത്തില്‍ പങ്കാളികളാകാം. അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പേപ്പറുകള്‍ [email protected] എന്ന മെയിലിലേക്കോ, കണ്‍വീനര്‍, കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, ഹിറാ സെന്റര്‍, 673001, കോഴിക്കോട് എന്ന വിലാസത്തിലേക്കോ അയക്കുക. വിശദവിവരങ്ങള്‍ക്ക് muslimheritage.in സന്ദര്‍ശിക്കുക.
(കേരള മുസ്‌ലിം പൈതൃക പഠനം
കണ്‍വീനറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് / 61-65
എ.വൈ.ആര്‍